യുവജനങ്ങൾ ചോദിക്കുന്നു
സെക്സ് മെസേജുകളെക്കുറിച്ച് എന്തെല്ലാം അറിഞ്ഞിരിക്കണം?
എന്താണ് സെക്സ് മെസേജുകൾ?
നഗ്നപടങ്ങളോ അർദ്ധനഗ്നപടങ്ങളോ ലൈംഗികച്ചുവയുളള സന്ദേശങ്ങളോ വീഡിയോകളോ ഒക്കെ ഫോൺ വഴി അയയ്ക്കുന്നതാണ് സെക്സ് മെസേജുകൾ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. “ഇക്കാലത്ത് ഇത് വളരെ സാധാരണമായ ഒരു കാര്യമാണ്” എന്നാണ് ഒരാൾ പറഞ്ഞത്. “ആദ്യമൊക്കെ അങ്ങോട്ടുമിങ്ങോട്ടും മെസേജുകൾ അയയ്ക്കും. പിന്നെ പതിയെപ്പതിയെ ‘ചൂടൻ’ ഫോട്ടോകൾ കൈമാറാൻ തുടങ്ങും” എന്ന് അയാൾ പറയുന്നു.
എന്തിനാണ് ആളുകൾ ഇങ്ങനെ ചെയ്യുന്നത്? ഒരു സീനിയർ അഭിഭാഷകൻ ഒരു പ്രമുഖ അമേരിക്കൻ ദിനപ്പത്രത്തിനു നൽകിയ അഭിമുഖത്തിൽ ഇങ്ങനെ പറഞ്ഞു: “അത് ഒരുതരം ഇലക്ട്രോണിക് ‘അടയാളമാണ്.’ കാമുകന്റെയോ കാമുകിയുടെയോ നഗ്നചിത്രം ഫോണിലുണ്ടായിരിക്കുന്നത് തങ്ങൾ സെക്സിൽ ഏർപ്പെടാറുണ്ടെന്നു പരസ്യപ്പെടുത്താനുള്ള ഒരു മാർഗമായാണ്” പല ചെറുപ്പക്കാരും കാണുന്നത്. “സുരക്ഷിതമായ സെക്സ്” എന്നാണ് ഒരു കൗമാരക്കാരി അതിനെ വിളിച്ചത്! “എന്തായാലും അതിലൂടെ ഗർഭിണിയാവില്ല, ലൈംഗികരോഗങ്ങൾ പകരുകയുമില്ല” എന്നായിരുന്നു അവളുടെ അഭിപ്രായം!
ചെറുപ്പക്കാർ സെക്സ് മെസേജുകൾ അയയ്ക്കുന്നതിന്റെ മറ്റു ചില കാരണങ്ങളാണ് താഴെ പറയുന്നത്:
താൻ പ്രേമിക്കാൻ ആഗ്രഹിക്കുന്ന ഒരാളുമായി ശൃംഗരിക്കാൻ.
ഒരാൾ തനിക്ക് സെക്സ് മെസേജ് അയയ്ക്കുമ്പോൾ അതിന് ‘പ്രത്യുപകാരമായി’ തന്റെയും ഒരു ഫോട്ടോ അയയ്ക്കാൻ നിർബന്ധിതനാകുന്നു.
സെക്സ് മെസേജുകൾ കൈമാറുന്നതിന്റെ അപകടങ്ങൾ എന്തെല്ലാം?
ഫോട്ടോ ഒരിക്കൽ ഫോണിൽനിന്ന് അയച്ചാൽ അതുപിന്നെ നിങ്ങളുടെ നിയന്ത്രണത്തിലല്ല. അത് എങ്ങനെയൊക്കെ ആളുകൾ ഉപയോഗിക്കുമെന്നോ നിങ്ങളുടെ സത്പേരിനെ എങ്ങനെയെല്ലാം ബാധിക്കുമെന്നോ ആർക്കും പറയാനാവില്ല. “തെറ്റുകളും കുറ്റങ്ങളും മുമ്പൊരുകാലത്തും ഇത്ര എളുപ്പത്തിൽ അയയ്ക്കാനും സൂക്ഷിച്ചുവെക്കാനും മറ്റുള്ളവരെ കാണിക്കാനും കഴിഞ്ഞിരുന്നില്ല” എന്ന് സെക്സ് മെസേജുകളെക്കുറിച്ച് ഒരു റിപ്പോർട്ട് എഴുതിയ ഗവേഷകയായ അമാൻഡ ലെൻഹർട്ട് പറയുന്നു.
ചിലപ്പോൾ
നഗ്നചിത്രം കൂട്ടുകാർക്കൊക്കെ കാണാൻവേണ്ടി അവർക്കെല്ലാം അയയ്ക്കും.
വഞ്ചിച്ച കാമുകിയോടു പ്രതികാരം ചെയ്യാൻ ചില ആളുകൾ ഇങ്ങനെയുള്ള നഗ്നചിത്രങ്ങൾ ഉപയോഗിക്കാറുണ്ട്.
നിങ്ങൾക്ക് അറിയാമോ? പല കേസുകളിലും, നഗ്നചിത്രങ്ങൾ മെസേജുകളായി അയയ്ക്കുന്നത് ബാലപീഡനമായോ ബാലലൈംഗികചിത്രീകരണമായോ ആണ് കണക്കാക്കിയിട്ടുള്ളത്. സെക്സ് മെസേജുകൾ അയച്ച പ്രായപൂർത്തിയാകാത്ത വ്യക്തികളെയും ലൈംഗികകുറ്റവാളികളായിത്തന്നെയാണ് കണക്കാക്കിയത്.
ബൈബിളിന് എന്താണ് പറയാനുള്ളത്?
വിവാഹിതരായവർ തമ്മിലുള്ള ലൈംഗികബന്ധത്തെ ബൈബിൾ അംഗീകരിക്കുന്നു. (സുഭാഷിതങ്ങൾ 5:18) എന്നാൽ, വിവാഹം കഴിക്കാത്തവർ തമ്മിലുള്ള ലൈംഗികതയെ ബൈബിൾ ശക്തമായി കുറ്റംവിധിക്കുന്നു. താഴെ കൊടുത്തിരിക്കുന്ന ബൈബിൾവാക്യങ്ങൾ നോക്കുക:
“ലൈംഗിക അധാർമികത, എതെങ്കിലും തരം അശുദ്ധി, അത്യാഗ്രഹം എന്നിവ നിങ്ങളുടെ ഇടയിൽ പറഞ്ഞുകേൾക്കാൻപോലും പാടില്ല. . . . നാണംകെട്ട പെരുമാറ്റം, മൗഢ്യസംസാരം, അശ്ലീലഫലിതം ഇങ്ങനെ നിങ്ങൾക്കു ചേരാത്തതൊന്നും പാടില്ല.”—എഫെസ്യർ 5:3, 4.
“ലൈംഗിക അധാർമികത, അശുദ്ധി, അനിയന്ത്രിതമായ കാമാവേശം, ദുഷിച്ച മോഹങ്ങൾ, അത്യാഗ്രഹമെന്ന വിഗ്രഹാരാധന എന്നിങ്ങനെയുള്ള കാര്യങ്ങളിൽ നിങ്ങളുടെ ഭൗമികാവയവങ്ങളെ കൊന്നുകളയുക.”—കൊലോസ്യർ 3:5.
ഈ വാക്യങ്ങൾ ‘ലൈംഗിക അധാർമികതയെ’ (വിവാഹത്തിനു പുറത്തുള്ള ലൈംഗികബന്ധങ്ങളെ) മാത്രമല്ല കുറ്റംവിധിക്കുന്നത്. “അശുദ്ധി,” (എല്ലാത്തരം അസാന്മാർഗിക പ്രവൃത്തികളെയും സൂചിപ്പിക്കുന്ന പദം) “കാമാവേശം” (വിവാഹിതർക്കിടയിലെ സ്വാഭാവികമായ പ്രണയവികാരങ്ങളെയല്ല, പകരം അസാന്മാർഗികമായ പ്രവൃത്തികളിലേക്കു നയിക്കുന്ന തരത്തിലുള്ള കാമവികാരങ്ങളെയാണ് ഈ പദം സൂചിപ്പിക്കുന്നത്) എന്നിങ്ങനെയുള്ള കാര്യങ്ങൾക്കെതിരെയും ഈ വാക്യങ്ങൾ മുന്നറിയിപ്പു തരുന്നുണ്ട്.
നിങ്ങളോടുതന്നെ ചോദിക്കുക:
നഗ്നചിത്രങ്ങൾ അടങ്ങിയ സെക്സ് മെസേജുകൾ അയയ്ക്കുന്നത് ഒരുതരം “അശുദ്ധി” ആയിരിക്കുന്നത് എങ്ങനെ?
അത് എങ്ങനെയെല്ലാമാണ് “കാമാവേശത്തിനു” തിരികൊളുത്തുന്നത്?
നഗ്നചിത്രങ്ങൾ കാണാനോ പ്രചരിപ്പിക്കാനോ ഉള്ള ആഗ്രഹം ‘ദുഷിച്ചതായിരിക്കുന്നത്’ എന്തുകൊണ്ടാണ്?
സെക്സ് മെസേജുകൾ അയയ്ക്കുന്നത് നിറുത്തേണ്ടതിന്റെ ഏറ്റവും പ്രധാനപ്പെട്ട കാരണം താഴെ പറയുന്ന ബൈബിൾവാക്യങ്ങൾ വ്യക്തമാക്കുന്നു:
“ലജ്ജിക്കാൻ കാരണമില്ലാത്ത പണിക്കാരനായി, ദൈവാംഗീകാരത്തോടെ തിരുസന്നിധിയിൽ നിൽക്കാൻ നിന്റെ കഴിവിന്റെ പരമാവധി ശ്രമിക്കുക.”—2 തിമൊഥെയൊസ് 2:15.
“വിശുദ്ധമായ പെരുമാറ്റരീതികളിലും ഭക്തിപൂർണമായ പ്രവൃത്തികൾ ചെയ്യുന്നതിലും നിങ്ങൾ എങ്ങനെയുള്ളവരായിരിക്കണമെന്നു ചിന്തിച്ചുകൊള്ളുക!”—2 പത്രോസ് 3:11.
ധാർമികമായി വിശുദ്ധിയുള്ളവരായിരിക്കുന്നതിന്റെ ഗുണങ്ങളെക്കുറിച്ചാണ് ഈ വാക്യങ്ങൾ വിശദീകരിക്കുന്നത്. നിങ്ങൾ മോശമായതൊന്നും ചെയ്യുന്നില്ലെങ്കിൽ ആരെയും പേടിക്കാതെ ഒന്നിനെക്കുറിച്ചും ഓർത്ത് വിഷമിക്കാതെ സ്വസ്ഥമായിരിക്കാൻ നിങ്ങൾക്കു കഴിയും.—ഗലാത്യർ 6:7.
നിങ്ങളോടുതന്നെ ചോദിക്കുക:
ഞാൻ എങ്ങനെയുള്ള ആളാണ്?
മറ്റുള്ളവരുടെ സത്പേരിനെക്കുറിച്ച് എനിക്ക് വിചാരമുണ്ടോ?
മറ്റൊരാളെ ദ്രോഹിക്കുന്ന എന്തെങ്കിലും കണ്ട് ആസ്വദിക്കുന്നതു ശരിയാണോ?
സെക്സ് മെസേജുകൾ അയയ്ക്കുന്നത് എന്റെ സത്പേരിനെ എങ്ങനെ ബാധിക്കും?
സെക്സ് മെസേജുകൾ അയയ്ക്കുന്നത് മാതാപിതാക്കൾക്ക് എന്നിലുള്ള വിശ്വാസത്തെ എങ്ങനെ ബാധിക്കും?
ജീവിതകഥ “എന്റെ ഒരു കൂട്ടുകാരിക്ക് ഒരു ചെറുപ്പക്കാരനുമായി രഹസ്യബന്ധമുണ്ടായിരുന്നു. അവൾ സ്വന്തം നഗ്നചിത്രം അവന് അയച്ചു, അവനും അവന്റെ നഗ്നചിത്രം അവൾക്ക് അയച്ചു. 48 മണിക്കൂറുപോലുമായില്ല, അവളുടെ അച്ഛൻ അവളുടെ ഫോണെടുത്ത് നോക്കി. ആ മെസേജുകൾ കണ്ട് അദ്ദേഹം തകർന്നുപോയി! അദ്ദേഹം അവളോട് അതെക്കുറിച്ച് ചോദിച്ചു. അവളെല്ലാം തുറന്നുപറഞ്ഞു. താൻ ചെയ്തതോർത്ത് അവൾക്ക് കുറ്റബോധമുണ്ട്. പക്ഷേ പറഞ്ഞിട്ട് എന്തുകാര്യം! അവളുടെ അച്ഛനും അമ്മയ്ക്കും അതു വലിയ ഒരു ഷോക്കായിരുന്നു. അവളെ പഴയതുപോലെ വിശ്വസിക്കാൻ പിന്നെ അവർക്കു കഴിഞ്ഞിട്ടില്ല.”
ജീവിതയാഥാർഥ്യം: സെക്സ് മെസേജുകൾ അത് അയയ്ക്കുന്നയാളെയും സ്വീകരിക്കുന്നയാളെയും കളങ്കപ്പെടുത്തും. കാമുകന്റെ നിർബന്ധത്തിനു വഴങ്ങി നഗ്നചിത്രങ്ങൾ അയച്ച ഒരു പെൺകുട്ടി പറഞ്ഞത്, “എനിക്ക് എന്നോടുതന്നെ വെറുപ്പും നിരാശയും തോന്നി” എന്നാണ്.
സെക്സ് മെസേജുകൾ അയയ്ക്കുന്നതിലെ ധാർമികവും സദാചാരപരവും നിയമപരവും ആയ പ്രശ്നങ്ങൾ കണക്കിലെടുത്താൽ, ബൈബിളിന്റെ ഉപദേശം സ്വീകരിക്കുന്നതായിരിക്കും ഏറ്റവും ഉചിതം:
‘യൗവനത്തിന്റേതായ മോഹങ്ങൾ വിട്ടോടുക.’—2 തിമൊഥെയൊസ് 2:22.
“ഒരു ഗുണവുമില്ലാത്ത കാര്യങ്ങൾ കാണാതിരിക്കാൻ എന്റെ നോട്ടം തിരിച്ചുവിടേണമേ.”—സങ്കീർത്തനം 119:37.
നിങ്ങൾ എന്തു ചെയ്യും?
സ്വന്തം ജീവിതത്തിൽ ഇങ്ങനെയൊരു സാഹചര്യം വന്നാൽ ബൈബിളിന്റെ ഉപദേശം അനുസരിക്കുക. ജാനറ്റ് പറയുന്നത് വായിക്കുക. താഴെ കൊടുത്തിരിക്കുന്നതിൽ ഏതാണ് നിങ്ങളുടെ അഭിപ്രായത്തിൽ, ഏറ്റവും നല്ല തീരുമാനം?
“ഒരിക്കൽ ഞാൻ ഒരു ചെറുപ്പക്കാരനെ പരിചയപ്പെട്ടു. ഞങ്ങൾ പരസ്പരം ഫോൺ നമ്പരുകൾ കൈമാറി. ഒരാഴ്ചയായില്ല, അയാൾ എന്നോട് ഒരു ഫോട്ടോ അയയ്ക്കാൻ ആവശ്യപ്പെട്ടു, അടിവസ്ത്രം മാത്രം ധരിച്ച ഒരു ഫോട്ടോ.”—ജാനറ്റ്.
നിങ്ങൾക്ക് എന്തു തോന്നുന്നു? ജാനറ്റ് എന്താണ് ചെയ്യേണ്ടിയിരുന്നത്? നിങ്ങളായിരുന്നെങ്കിൽ എന്തു ചെയ്തേനേ?
എ. ഇങ്ങനെ ചിന്തിക്കും: ‘ഇതിലെന്താ കുഴപ്പം! ഞങ്ങൾ ബീച്ചിൽ പോയാൽ എന്നെ അവൻ ആ വേഷത്തിൽ കാണില്ലേ?’
ബി. ഇങ്ങനെ ചിന്തിക്കും: ‘ഇവൻ എന്താണ് ഉദ്ദേശിക്കുന്നതെന്നു മനസ്സിലാവുന്നില്ലല്ലോ. ഏതായാലും അവൻ ആവശ്യപ്പെട്ടതുപോലുള്ള ഫോട്ടോ അയയ്ക്കേണ്ടാ. ശരീരഭാഗങ്ങൾ അത്രയ്ക്കു കാണാത്ത തരത്തിലുള്ള ഒരു ഫോട്ടോ തത്കാലം അയച്ചുകൊടുക്കാം. എന്നിട്ട്, അവൻ എന്താണു പറയുന്നതെന്നു നോക്കാം.’
സി. ഇങ്ങനെ ചിന്തിക്കും: ‘ഇവന്റെ ഉദ്ദേശ്യം അത്ര നല്ലതല്ല. ഞാൻ ഈ മെസേജ് ഡിലീറ്റ് ചെയ്യും.’
മൂന്നാമത്തെ മാർഗമാണ് ഏറ്റവും നല്ലത്. അല്ലേ? ബൈബിൾ ഇങ്ങനെ പറയുന്നു: “വിവേകമുള്ളവൻ ആപത്തു കണ്ട് ഒളിക്കുന്നു; എന്നാൽ അനുഭവജ്ഞാനമില്ലാത്തവൻ നേരെ അതിൽ ചെന്ന് ചാടി ഭവിഷ്യത്തുകൾ അനുഭവിക്കുന്നു.”—സുഭാഷിതങ്ങൾ 22:3.
സെക്സ് മെസേജുകൾ അയയ്ക്കുന്നതുൾപ്പെടെയുള്ള മോശമായ പ്രവൃത്തികളുടെയെല്ലാം അടിത്തട്ടിൽ ഒളിഞ്ഞുകിടക്കുന്ന അടിസ്ഥാനപ്രശ്നത്തെയാണ് ഈ അഭ്യാസം ഇപ്പോൾ പുറത്തുകൊണ്ടുവന്നത്: കൂട്ടുകാരെ തിരഞ്ഞെടുക്കുന്ന കാര്യത്തിൽ നിങ്ങൾ ശ്രദ്ധിക്കാറുണ്ടോ? (സുഭാഷിതങ്ങൾ 13:20) സാറ എന്ന ചെറുപ്പക്കാരി പറയുന്നു: “ശരിയല്ലാത്ത ഒരു പെരുമാറ്റവും വെച്ചുപൊറുപ്പിക്കാത്ത ആളുകളുമായി മാത്രം കൂട്ടുകൂടുക.” ഡെല്യ എന്ന പെൺകുട്ടിക്കും അതേ അഭിപ്രായമാണ്. അവൾ പറയുന്നു: “കൂട്ടുകാരാണെന്നു പറയുന്ന ചിലർ ധാർമികനിലവാരങ്ങൾ അനുസരിക്കാൻ സഹായിക്കുകയല്ല, അവ ലംഘിക്കാൻ പ്രേരിപ്പിക്കുകയാണു ചെയ്യുന്നത്. ദൈവത്തിന്റെ നിയമങ്ങൾക്കു വിപരീതമാണ് അവരുടെ പ്രവൃത്തികളെങ്കിൽ, സദാചാരനിലവാരങ്ങൾ മുറുകെപ്പിടിക്കാനുള്ള നിങ്ങളുടെ നിശ്ചയത്തെ തകർക്കാനായിരിക്കും അവർ എപ്പോഴും ശ്രമിക്കുന്നത്. അതാണോ ശരിക്കും നിങ്ങൾക്കു വേണ്ടത്?”