വിവരങ്ങള്‍ കാണിക്കുക

യുവജനങ്ങൾ ചോദി​ക്കു​ന്നു

മാതാ​വോ പിതാ​വോ രോഗി​യാ​ണെ​ങ്കിൽ

മാതാ​വോ പിതാ​വോ രോഗി​യാ​ണെ​ങ്കിൽ

 പല യുവപ്രായക്കാർക്കും മാതാ​പി​താ​ക്ക​ളെ പരിച​രി​ക്കു​ന്നത്‌ ഒരു പ്രശ്‌ന​മേ അല്ല. കാരണം മാതാ​പി​താ​ക്കൾ കിടപ്പി​ലാ​കു​ന്ന അവസ്ഥയി​ലെ​ത്താൻ ഇനിയും അനേകം വർഷങ്ങൾ എടുക്കു​മ​ല്ലോ.

 പക്ഷേ നിങ്ങളു​ടെ ചെറു​പ്രാ​യ​ത്തിൽത്ത​ന്നെ മാതാ​പി​താ​ക്കൾ കിടപ്പി​ലാ​കു​ക​യാ​ണെ​ങ്കിൽ എന്തു ചെയ്യും? അങ്ങനെ​യു​ള്ള ഒരു പ്രശ്‌നം നേരിട്ട രണ്ടു ചെറു​പ്പ​ക്കാ​രെ നമുക്ക്‌ പരിച​യ​പ്പെ​ടാം.

 എമ​ലൈ​ന്റെ അനുഭ​വ​കഥ

 എന്റെ അമ്മയ്‌ക്ക്‌ ഗുരു​ത​ര​മാ​യ ഒരു രോഗം ബാധിച്ചു. സന്ധി, ത്വക്ക്‌, രക്തധമ​നി​കൾ എന്നിവയെ ബാധി​ക്കു​ന്ന വേദനാ​ക​ര​മാ​യ ഒരു രോഗ​മാ​യി​രു​ന്നു [Ehlers-Danlos syndrome (EDS)] അത്‌.

 ഈ രോഗ​ത്തിന്‌ ചികി​ത്സ​യി​ല്ലെ​ന്നു മാത്രമല്ല, കഴിഞ്ഞ പത്തു വർഷത്തി​നി​ട​യ്‌ക്ക്‌ അമ്മയുടെ നില കൂടുതൽ വഷളാ​കു​ക​യും ചെയ്‌തു. ജീവൻത​ന്നെ അപകട​ത്തി​ലാ​കു​ന്ന വിധത്തിൽ രക്തത്തിന്റെ അളവ്‌ തീരെ കുറഞ്ഞു​പോ​യി. വേദന അതിക​ഠി​ന​മാ​യി​രു​ന്ന ആ സമയങ്ങ​ളിൽ ഇനി ജീവി​ക്കേ​ണ്ടെ​ന്നു​പോ​ലും അമ്മയ്‌ക്ക്‌ തോന്നി.

 ഞങ്ങൾ എല്ലാവ​രും യഹോ​വ​യു​ടെ സാക്ഷി​ക​ളാണ്‌. സഭയി​ലു​ള്ള​വർ ഞങ്ങൾക്കു വലി​യൊ​രു ആശ്വാ​സം​ത​ന്നെ​യാ​യി​രു​ന്നു. ഉദാഹ​ര​ണ​ത്തിന്‌, അടുത്തി​ടെ എന്റെ പ്രായ​ത്തി​ലു​ള്ള ഒരു പെൺകു​ട്ടി ഞങ്ങൾക്ക്‌ ഒരു കാർഡ്‌ അയച്ചു​ത​ന്നു. അവളുടെ സ്‌നേ​ഹ​വും അവൾ ഞങ്ങളോ​ടൊ​പ്പ​മു​ണ്ടെ​ന്നുള്ള ഉറപ്പും ഞങ്ങൾക്കു ധൈര്യം പകർന്നു. അവളെ​പ്പോ​ലെ ഒരു സുഹൃത്ത്‌ ഉണ്ടായി​രി​ക്കു​ന്നത്‌ എത്ര ആശ്വാ​സ​ക​ര​മാണ്‌!

 ബൈബി​ളാണ്‌ എനിക്കുള്ള മറ്റൊരു വലി​യ സഹായം. ഉദാഹ​ര​ണ​ത്തിന്‌ “യഹോവ ഹൃദയം തകർന്ന​വ​രു​ടെ അരികി​ലുണ്ട്‌”എന്ന സങ്കീർത്ത​നം 34:18 എനിക്ക്‌ ഇഷ്ടപ്പെട്ട വാക്യ​ങ്ങ​ളിൽ ഒന്നാണ്‌. “യഹോവ എന്നെ സഹായിക്കും. ഞാൻ പേടി​ക്കി​ല്ല” എന്ന എബ്രായർ 13:6-ാണ്‌ മറ്റൊരു വാക്യം.

 എബ്രായർ 13:6 എനിക്കു വളരെ അർഥവ​ത്താ​യി തോന്നി. അമ്മയെ എനിക്കു നഷ്ടമാ​കു​മോ എന്നതാണ്‌ എന്റെ ഏറ്റവും വലിയ പേടി. അമ്മയെ എനിക്ക്‌ ഒരുപാട്‌ ഇഷ്ടമാണ്‌, അമ്മയോ​ടൊ​പ്പ​മു​ള്ള ഓരോ ദിവസ​ത്തി​നും ഞാൻ ദൈവ​ത്തോട്‌ നന്ദി പറയുന്നു. നാളെ എന്തുതന്നെ വന്നാലും അതി​നെ​യെ​ല്ലാം ധൈര്യ​ത്തോ​ടെ നേരി​ടാൻ എനിക്കു കഴിയു​മെ​ന്നു മനസ്സി​ലാ​ക്കാൻ ആ വാക്യം എന്നെ സഹായി​ച്ചു.

 എങ്കിലും എന്നെ അലട്ടുന്ന മറ്റൊരു കാര്യ​മുണ്ട്‌. EDS എന്നത്‌ ഒരു പാരമ്പ​ര്യ​രോ​ഗ​മാണ്‌. അമ്മൂമ്മ​യിൽനിന്ന്‌ അമ്മയ്‌ക്കും അമ്മയിൽനിന്ന്‌ എനിക്കും അതു കൈമാ​റി​ക്കി​ട്ടി. ഇപ്പോൾ എനിക്കും അതേ രോഗ​മുണ്ട്‌. ഈ സാഹച​ര്യ​ത്തിൽ “യഹോവ എന്നെ സഹായി​ക്കും” എന്ന എബ്രായർ 13:6-ാം വാക്യം പ്രശ്‌നം തരണം ചെയ്യാൻ എന്നെ സഹായി​ക്കു​ന്നു.

 ഞാൻ ഇന്നലെക​ളിൽ ജീവി​ക്കു​ന്നി​ല്ല. നാളെ എന്താകു​മെന്ന ആകുല​ത​യു​മി​ല്ല. ഇപ്പോ​ഴു​ള്ള​തിൽ സംതൃ​പ്‌തി കണ്ടെത്താൻ ഞാൻ പഠിച്ചി​രി​ക്കു​ന്നു. എന്നിരു​ന്നാ​ലും മുമ്പ്‌ ചെയ്‌തി​രു​ന്ന പലകാ​ര്യ​ങ്ങ​ളും അമ്മയ്‌ക്ക്‌ ഇപ്പോൾ ചെയ്യാൻ കഴിയു​ന്നി​ല്ല​ല്ലോ എന്ന്‌ ആലോ​ചി​ക്കു​മ്പോൾ എനിക്ക്‌ നിരാശ തോന്നാ​റുണ്ട്‌. പക്ഷേ രോഗ​മി​ല്ലാ​തെ നിത്യം ജീവി​ക്കാ​നു​ള്ള ഭാവി​പ്ര​ത്യാ​ശ​യോട്‌ താരത​മ്യ​പ്പെ​ടു​ത്തു​മ്പോൾ ഇപ്പോൾ നമ്മൾ നേരി​ടു​ന്ന ഏതൊരു പരി​ശോ​ധ​ന​യും “ക്ഷണിക​വും നിസ്സാ​ര​വും” ആണെന്ന്‌ ബൈബിൾ പറയു​ന്നത്‌ എന്നെ ആശ്വസി​പ്പി​ക്കു​ന്നു.—2 കൊരി​ന്ത്യർ 4:17; വെളി​പാട്‌ 21:1-4.

 ചിന്തി​ക്കാൻ: ശുഭാ​പ്‌തി​വി​ശ്വാ​സ​ത്തോ​ടെ മുന്നോട്ട്‌ പോകാൻ എമ​ലൈ​നെ സഹായി​ച്ചത്‌ എന്താണ്‌? ക്ലേശങ്ങൾ നേരി​ടു​മ്പോൾ നിങ്ങൾക്ക്‌ എങ്ങനെ സമനില കാത്തു​സൂ​ക്ഷി​ക്കാൻ കഴിയും?

 എമിലി​യു​ടെ അനുഭ​വ​കഥ

 ഞാൻ ഹൈസ്‌ക്കൂ​ളിൽ പഠിക്കു​മ്പോ​ഴാണ്‌ ഡാഡി വിഷാ​ദ​രോ​ഗ​ത്തിന്‌ അടിമ​യാ​കു​ന്നത്‌. എന്റെ പഴയ ഡാഡി ഇന്നില്ല, മറ്റൊ​രാൾ ആ സ്ഥാനത്ത്‌ വന്നതു​പോ​ലെ​യാണ്‌ എനിക്കു തോന്നു​ന്നത്‌. ആ രോഗം ബാധി​ച്ച​തു​മു​തൽ അനാവ​ശ്യ​മാ​യ ദുഃഖ​വും ഭയവും ഉത്‌ക​ണ്‌ഠ​യും ഡാഡിയെ വേട്ടയാ​ടാൻ തുടങ്ങി. ഇപ്പോൾ പതിനഞ്ചു വർഷം പിന്നി​ട്ടി​രി​ക്കു​ന്നു. ന്യായ​മാ​യ ഒരു കാരണ​വും കൂടാതെ ദുഃഖ​ഭാ​ര​ത്താൽ മനസ്സ്‌ തളർന്നു​പോ​കു​മ്പോൾ, അദ്ദേഹ​ത്തിന്‌ അനുഭ​വി​ക്കേ​ണ്ടി​വ​രു​ന്ന വേദന എത്ര വലുതാ​യി​രി​ക്കും!

 ഞങ്ങൾ യഹോ​വ​യു​ടെ സാക്ഷി​ക​ളാണ്‌. ഞങ്ങളുടെ സഭ ഡാഡി​യു​ടെ കാര്യ​ത്തിൽ വലിയ താത്‌പ​ര്യ​മെ​ടു​ക്കു​ന്നുണ്ട്‌. എന്റെ ഡാഡി സഭയ്‌ക്ക്‌ വേണ്ടപ്പെട്ട ആളാ​ണെന്ന്‌ തോന്നുന്ന വിധത്തിൽ ദയയോ​ടെ​യും സമാനു​ഭാ​വ​ത്തോ​ടെ​യും ആണ്‌ സഹോ​ദ​ര​ന്മാർ പെരു​മാ​റു​ന്നത്‌. ഇത്രയ​ധി​കം ബുദ്ധി​മു​ട്ടു​കൾ ഉണ്ടായി​ട്ടും അതെല്ലാം സഹിച്ചു​നിൽക്കു​ന്നത്‌ കാണു​മ്പോൾ ഡാഡി​യോ​ടു​ള്ള എന്റെ സ്‌നേഹം കൂടു​ക​യാ​ണു ചെയ്യു​ന്നത്‌.

 ഉത്‌ക​ണ്‌ഠ​യും വേദന​യും ഇല്ലാതെ സന്തോ​ഷ​വാ​നാ​യി​രു​ന്ന ആ പഴയ ഡാഡിയെ എനിക്ക്‌ എന്നേക്കു​മാ​യി നഷ്ടപ്പെട്ടു. തന്റെ മനസ്സിൽ കുടി​യേ​റി​യി​രി​ക്കുന്ന ശത്രു​വി​നോട്‌ ഡാഡി ദിവസേന പോരാ​ടു​ന്നത്‌ കാണു​മ്പോൾ എനിക്കു സങ്കടം സഹിക്കാൻ കഴിയു​ന്നി​ല്ല.

 എങ്കിലും ഒരു ശുഭവീ​ക്ഷ​ണം നിലനി​റു​ത്താൻ ഡാഡി കഠിന​മാ​യി പരി​ശ്ര​മി​ക്കു​ന്നു. ഇയ്യടുത്ത്‌ വിഷാദം അതിക​ഠി​ന​മാ​യി​രു​ന്ന ചില സമയങ്ങ​ളിൽ ദിവസ​വും ബൈബിൾ വായി​ക്കാൻ, അതു ഒന്നോ രണ്ടോ വാക്യ​ങ്ങ​ളാ​ണെ​ങ്കിൽപോ​ലും ഡാഡി ശ്രമി​ച്ചി​രു​ന്നു. നിസ്സാ​ര​മെ​ന്നു തോന്നി​യേ​ക്കാ​വു​ന്ന ആ കാര്യം അദ്ദേഹത്തെ ശക്തി​പ്പെ​ടു​ത്തി. എന്റെ ഡാഡി​യെ​പ്ര​തി അഭിമാ​നം തോന്നിയ മറ്റൊരു സന്ദർഭം എനിക്ക്‌ ഉണ്ടായി​രു​ന്നി​ട്ടി​ല്ല.

 “യഹോ​വ​യിൽനി​ന്നു​ള്ള സന്തോ​ഷ​മാ​ണു നിങ്ങളു​ടെ രക്ഷാ​കേ​ന്ദ്രം” എന്ന നെഹമ്യ 8:10-ാം വാക്യം എനിക്കു ഏറെ ഇഷ്ടമാണ്‌. ദുഃഖ​ത്താൽ എന്റെ ഹൃദയം ശൂന്യ​മാ​യി​രി​ക്കു​മ്പോ​ഴും യോഗ​ങ്ങൾക്കു വരുന്ന​തും അതിൽ പൂർണ​മാ​യി പങ്കുപ​റ്റു​ന്ന​തും നഷ്ടപ്പെട്ട സന്തോഷം വീണ്ടെ​ടു​ക്കാൻ എന്നെ സഹായി​ക്കു​ന്നു. ഒരു ദിവസം മുഴുവൻ പ്രസന്ന​ഭാ​വ​ത്തോ​ടെ നിലനിൽക്കാൻ വേണ്ട ഊർജം അത്‌ എനിക്ക്‌ പകർന്നു​ത​രു​ന്നു. എന്തൊക്കെ പ്രയാ​സ​ങ്ങൾ നേരി​ട്ടാ​ലും നമ്മെ സഹായി​ക്കാൻ യഹോവ കൂടെ​യു​ണ്ടാ​കും എന്ന്‌ ഡാഡി​യി​ലൂ​ടെ ഞാൻ പഠിച്ചു.

 ചിന്തി​ക്കാൻ: രോഗാ​വ​സ്ഥ​യി​ലാ​യി​രി​ക്കുന്ന ഡാഡിയെ എമിലി പിന്തു​ണ​ച്ചത്‌ എങ്ങനെ? വിഷാ​ദ​ത്തിന്‌ അടി​പ്പെ​ട്ടി​രി​ക്കു​ന്ന ഒരാളെ നിങ്ങൾക്ക്‌ എങ്ങനെ സഹായി​ക്കാ​നാ​കും?