യുവജനങ്ങൾ ചോദിക്കുന്നു
സൃഷ്ടിയോ പരിണാമമോ?—ഭാഗം 3: സൃഷ്ടിയിൽ വിശ്വസിക്കേണ്ടത് എന്തുകൊണ്ട്?
“സൃഷ്ടിയിൽ വിശ്വസിച്ചാൽ നിങ്ങൾ വിവരമില്ലാത്തയാളാണെന്നോ അച്ഛനും അമ്മയും പഠിപ്പിച്ചത് ഏറ്റുപാടുന്നയാളാണെന്നോ അല്ലെങ്കിൽ മതം നിങ്ങളെ പറഞ്ഞുപറ്റിച്ചിരിക്കുകയാണെന്നോ ഒക്കെ മറ്റുള്ളവർ ചിന്തിച്ചേക്കാം.”—ജാനറ്റ്.
ജാനറ്റിനെപ്പോലെയാണോ നിങ്ങളും ചിന്തിക്കുന്നത്? സൃഷ്ടിയിലുള്ള നിങ്ങളുടെ വിശ്വാസത്തിന് ഇളക്കം തട്ടിയിട്ടുണ്ടോ? എന്തായാലും, വിവരമില്ലാത്തയാളായി അറിയപ്പെടാൻ ആരും ഇഷ്ടപ്പെടില്ലല്ലോ! എന്താണ് പരിഹാരം?
വിശ്വസിക്കാനുള്ള തടസ്സങ്ങൾ
1. സൃഷ്ടിയിൽ വിശ്വസിച്ചാൽ നിങ്ങൾ ശാസ്ത്രത്തിന് എതിരാണെന്ന് ആളുകൾ കരുതും.
“എന്റെ ടീച്ചർ പറഞ്ഞത്, ലോകത്ത് നടക്കുന്ന കാര്യങ്ങൾ വിശദീകരിക്കാൻ കഴിയാത്ത മടിയന്മാരാണ് സൃഷ്ടിയിൽ വിശ്വസിക്കുന്നത് എന്നാണ്.”—മരിയ.
നിങ്ങൾ അറിഞ്ഞിരിക്കേണ്ടത്: വസ്തുതകൾ മനസ്സിലാക്കാത്തവരാണ് അങ്ങനെയൊക്കെ പറയുന്നത്. പ്രശസ്ത ശാസ്ത്രജ്ഞന്മാരായ ഗലീലിയോ, ഐസക് ന്യൂട്ടൺ എന്നിവരെപ്പോലെയുള്ളവർ ഒരു സ്രഷ്ടാവിൽ വിശ്വസിച്ചിരുന്നു. അവരുടെ വിശ്വാസം ശാസ്ത്രത്തോടുള്ള അവരുടെ സ്നേഹത്തിന് എതിരായിരുന്നില്ല. ഇന്നും ചില ശാസ്ത്രജ്ഞന്മാർക്ക് ശാസ്ത്രവും സൃഷ്ടിയിലുള്ള വിശ്വാസവും തമ്മിൽ ഒരു വൈരുധ്യവും കാണാനാകുന്നില്ല.
ശ്രമിച്ചുനോക്കൂ: വാച്ച്ടവർ ഓൺലൈൻ ലൈബ്രറിയിലെ “തിരയുക”എന്ന കോളത്തിൽ “തന്റെ വിശ്വാസത്തെപ്പറ്റി വിവരിക്കുന്നു” എന്ന് (ഉദ്ധരണിചിഹ്നം ഉൾപ്പെടെ) ടൈപ്പു ചെയ്യുക. സൃഷ്ടിയിൽ വിശ്വസിക്കുന്ന, വൈദ്യശാസ്ത്രരംഗത്തും ശാസ്ത്രീയരംഗത്തും ഉള്ളവരുടെ അനുഭവങ്ങൾ അവിടെ കാണാം. അവർ അങ്ങനെ വിശ്വസിക്കാനുള്ള കാരണങ്ങൾ വായിച്ചുമനസ്സിലാക്കുക.
ചുരുക്കിപ്പറഞ്ഞാൽ: സൃഷ്ടിയിൽ വിശ്വസിക്കുന്നതുകൊണ്ട് നിങ്ങൾ ശാസ്ത്രത്തിന് എതിരാണെന്ന് അർഥമില്ല. ശരിക്കും പറഞ്ഞാൽ പ്രകൃതിയെക്കുറിച്ച് കൂടുതൽ പഠിക്കുന്നത് സൃഷ്ടിയിലുള്ള നിങ്ങളുടെ വിശ്വാസം ശക്തമാക്കും.—റോമർ 1:20.
2. സൃഷ്ടിയെക്കുറിച്ച് ബൈബിളിൽ പറയുന്ന കാര്യങ്ങൾ വിശ്വസിക്കുന്നെങ്കിൽ, നിങ്ങൾ ഒരു മതഭ്രാന്തനാണെന്ന് ആളുകൾ വിചാരിക്കും.
“സൃഷ്ടിയിലുള്ള വിശ്വാസത്തെ ഒരു തമാശയായിട്ടാണ് പലരും കാണുന്നത്. ഉൽപത്തി പുസ്തകത്തിലെ വിവരണം വെറുമൊരു കഥയാണെന്ന് അവർ പറയുന്നു.”—ജാസ്മിൻ.
നിങ്ങൾ അറിഞ്ഞിരിക്കേണ്ടത്: സൃഷ്ടിയെക്കുറിച്ച് ബൈബിൾ പറയുന്ന കാര്യങ്ങളിൽ പലർക്കും തെറ്റിദ്ധാരണകളുണ്ട്. ഉദാഹരണത്തിന്, ചില സൃഷ്ടിവാദികൾ അവകാശപ്പെടുന്നത്, ഭൂമിയെ അടുത്തകാലത്താണ് സൃഷ്ടിച്ചതെന്നും 24 മണിക്കൂറുള്ള ആറു ദിവസങ്ങൾക്കൊണ്ടാണ് ജീവജാലങ്ങളെ സൃഷ്ടിച്ചതെന്നും ഒക്കെയാണ്. ഇതൊന്നും ബൈബിൾ പറയുന്ന കാര്യങ്ങളല്ല.
ഉൽപത്തി 1:1 പറയുന്നത് ഇങ്ങനെയാണ്: “ആരംഭത്തിൽ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു.” ഭൂമിക്ക് കോടിക്കണക്കിനു വർഷം പ്രായം ഉണ്ടെന്ന ശാസ്ത്രീയതെളിവിന് എതിരല്ല ഇത്.
ഉൽപത്തിയിൽ പറഞ്ഞിരിക്കുന്ന “ദിവസം” ദീർഘമായ കാലഘട്ടത്തെ അർഥമാക്കുന്നു. വാസ്തവത്തിൽ, ഉൽപത്തി 2:4-ൽ പറഞ്ഞിരിക്കുന്ന “ദിവസം” എന്ന പദം സൃഷ്ടി നടത്തിയ ആറ് ദിവസങ്ങളെയും സൂചിപ്പിക്കുന്നു.
ചുരുക്കിപ്പറഞ്ഞാൽ: സൃഷ്ടിയെക്കുറിച്ച് ബൈബിളിൽ പറഞ്ഞിരിക്കുന്നത് ശാസ്ത്രീയസത്യങ്ങളുമായി യോജിപ്പിലാണ്.
നിങ്ങളുടെ വിശ്വാസങ്ങളെക്കുറിച്ച് ചിന്തിക്കുക
സൃഷ്ടിയിലുള്ള വിശ്വാസം “അന്ധമായ വിശ്വാസം” അല്ല. അതിന് ഈടുറ്റ തെളിവുകളുണ്ട്. ഇത് ചിന്തിക്കുക:
രൂപസംവിധാനം എവിടെയുണ്ടോ അവിടെ ഒരു രൂപസംവിധായകൻ ഉണ്ടെന്നു വ്യക്തമാണ്. ജീവിതത്തിൽ കാണുന്ന എല്ലാ കാര്യങ്ങളിൽനിന്നും നമുക്ക് ഇതു മനസ്സിലാക്കാം. ഒരു ക്യാമറയോ വിമാനമോ വീടോ കാണുമ്പോൾ അതെല്ലാം ആരോ രൂപസംവിധാനം ചെയ്തതാണെന്നു നമ്മൾ മനസ്സിലാക്കുന്നു. അങ്ങനെയെങ്കിൽ, മനുഷ്യന്റെ കണ്ണ്, ആകാശത്ത് പറക്കുന്ന പക്ഷി, നമ്മുടെ വീടായ ഭൂമി എന്നിവയുടെ കാര്യത്തിൽ മാത്രം ആ യുക്തി അവഗണിക്കുന്നത് എന്തിനാണ്?
ചിന്തിക്കാൻ: തങ്ങളുടെ കണ്ടുപിടുത്തങ്ങൾ മെച്ചപ്പെടുത്താനായി പ്രകൃതിയിൽ കാണുന്ന പല രൂപമാതൃകകളും എഞ്ചിനീയർമാർ പകർത്താറുണ്ട്. തങ്ങളുടെ കണ്ടുപിടുത്തങ്ങളെ മറ്റുള്ളവർ അംഗീകരിക്കാൻ അവർ ആഗ്രഹിക്കുന്നു. മനുഷ്യന്റെ കണ്ടുപിടുത്തങ്ങളെയും അതു കണ്ടുപിടിച്ചവരെയും അംഗീകരിക്കുന്നവർക്ക് എന്തുകൊണ്ടാണ് ഒരു സ്രഷ്ടാവിനെയും സ്രഷ്ടാവിന്റെ അതിശ്രേഷ്ഠമായ രൂപസംവിധാനത്തെയും അംഗീകരിക്കാൻ കഴിയാതെപോകുന്നത്?
തെളിവുകൾ പരിശോധിക്കാൻ സഹായിക്കുന്ന കാര്യങ്ങൾ
പ്രകൃതിയിൽ കാണുന്ന തെളിവ് പരിശോധിച്ചാൽ സൃഷ്ടിയിലുള്ള നിങ്ങളുടെ ബോധ്യം ശക്തമാകും.
ശ്രമിച്ചുനോക്കൂ: വാച്ച്ടവർ ഓൺലൈൻ ലൈബ്രറിയിലെ “തിരയുക”എന്ന കോളത്തിൽ “ആരുടെ കരവിരുത്” എന്ന് (ഉദ്ധരണിചിഹ്നം ഉൾപ്പെടെ) ടൈപ്പു ചെയ്യുക. ഉണരുക!–യിലെ “ആരുടെ കരവിരുത്?” എന്ന പരമ്പരയിൽനിന്ന് നിങ്ങൾക്ക് ഇഷ്ടമുള്ള വിഷയങ്ങൾ തിരഞ്ഞെടുക്കുക. ഓരോ ലേഖനത്തിലും പറഞ്ഞിരിക്കുന്ന പ്രകൃതിയിലെ എടുത്തുപറയത്തക്ക സവിശേഷത കണ്ടുപിടിക്കുക. ഒരു രൂപസംവിധായകനുണ്ടെന്ന് അതു നിങ്ങളെ എങ്ങനെയാണു ബോധ്യപ്പെടുത്തുന്നത്?
ആഴത്തിൽ കുഴിക്കുക: താഴെ പറയുന്ന ലഘുപത്രികകൾ ഉപയോഗിച്ച് സൃഷ്ടിയെക്കുറിച്ച് കൂടുതൽ തെളിവുകൾ മനസ്സിലാക്കുക.
ജീവൻ സൃഷ്ടിക്കപ്പെട്ടതോ? (ഇംഗ്ലീഷ്)
ജീവൻ നിലനിറുത്താൻ പറ്റിയ വിധത്തിലാണ് ഭൂമിയുടെ സ്ഥാനം ക്രമീകരിച്ചിരിക്കുന്നത്. ജീവൻ നിലനിറുത്താൻ വേണ്ടതെല്ലാം ഭൂമിയിലുണ്ട്.— 4-10 വരെ പേജുകൾ കാണുക.
രൂപകല്പനയുടെ തെളിവുകൾ പ്രകൃതിയിൽ കാണാം.—11-17 വരെയുള്ള പേജുകൾ കാണുക.
സൃഷ്ടിയെക്കുറിച്ചുള്ള ഉൽപത്തിയിലെ വിവരണം ശാസ്ത്രവുമായി യോജിപ്പിലാണ്.—24-28 വരെയുള്ള പേജുകൾ കാണുക.
ജീവന്റെ ഉത്ഭവം—പ്രസക്തമായ അഞ്ചു ചോദ്യങ്ങൾ
ജീവനില്ലാത്ത വസ്തുക്കളിൽനിന്ന് ആകസ്മികമായി ഉണ്ടായതല്ല ജീവൻ.— 4-7 വരെയുള്ള പേജുകൾ കാണുക.
അതിസങ്കീർണമായ ഘടനയാണു ജീവികളുടേത്. അത് ആകസ്മികമായി, ആസൂത്രണമില്ലാതെ ഉളവാകില്ല.—8-12 വരെയുള്ള പേജുകൾ കാണുക.
ജീനുകളിലെ വിവരസംഭരണശേഷി, ആധുനികസാങ്കേതിക വിദ്യയെ കവച്ചുവെക്കുന്നതാണ്.— 13-21 വരെയുള്ള പേജുകൾ കാണുക.
എല്ലാ ജീവികളും ഒരു പൊതുപൂർവികനിൽനിന്ന് ഉളവായതല്ല. ഫോസിൽരേഖകളനുസരിച്ച് പല തരം മൃഗങ്ങളും പടിപടിയായിട്ടല്ല, പെട്ടെന്ന് ഉണ്ടായതായി കാണുന്നു.—22-29 വരെയുള്ള പേജുകൾ കാണുക.
“ദൈവമുണ്ടെന്ന് പ്രകൃതി എന്നെ ബോധ്യപ്പെടുത്തിയിരിക്കുന്നു. ഭൂമിയിലുള്ള ജീവജാലങ്ങളും, പ്രപഞ്ചവും അതിൽക്കാണുന്ന ക്രമവും അതാണു തെളിയിക്കുന്നത്.”—തോമസ്.