യുവജനങ്ങൾ ചോദിക്കുന്നു
സൃഷ്ടിയോ പരിണാമമോ?—ഭാഗം 2: പരിണാമം ചോദ്യം ചെയ്യപ്പെടേണ്ടത് എന്തുകൊണ്ട്?
അലക്സ് ആകെ ചിന്താക്കുഴപ്പത്തിലാണ്. അവൻ ദൈവത്തിലും സൃഷ്ടിയിലും വിശ്വസിച്ചിരുന്ന ആളാണ്. എന്നാൽ പരിണാമം ഒരു വസ്തുതയാണെന്നു ജീവശാസ്ത്രക്ലാസിലെ അധ്യാപകൻ ശക്തമായി വാദിച്ചു. അത് വിശ്വസനീയമായ ശാസ്ത്രീയഗവേഷണങ്ങളുടെ അടിസ്ഥാനത്തിലുള്ളതാണെന്ന് അദ്ദേഹം തറപ്പിച്ചുപറഞ്ഞു. ഏതായാലും മറ്റുള്ളവർ തന്നെ ഒരു വിഡ്ഢിയായി കാണാൻ അലക്സ് ആഗ്രഹിക്കുന്നില്ല. ‘അല്ല, പരിണാമം സത്യമാണെന്നു ശാസ്ത്രജ്ഞന്മാർ തെളിയിച്ചതാണെങ്കിൽപ്പിന്നെ അതു ചോദ്യം ചെയ്യാൻ ഞാൻ ആരാണ്,’ അലക്സ് മനസ്സിൽ പറഞ്ഞു.
ഇങ്ങനെയൊരു സാഹചര്യം നിങ്ങൾക്ക് എപ്പോഴെങ്കിലും ഉണ്ടായിട്ടുണ്ടോ? ബൈബിളിൽ പറഞ്ഞിരിക്കുന്നതുപോലെ “ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു” എന്നായിരിക്കാം നിങ്ങൾ ഇത്രയും നാൾ വിശ്വസിച്ചിരുന്നത്. (ഉൽപത്തി 1:1) പക്ഷേ, സൃഷ്ടി എന്നത് ഒരു സങ്കൽപ്പം മാത്രമാണെന്നും പരിണാമമാണ് സത്യം എന്നും ഇപ്പോൾ ആളുകൾ നിങ്ങളെ ബോധ്യപ്പെടുത്താൻ ശ്രമിക്കുന്നു. അതു നിങ്ങൾ വിശ്വസിക്കണോ? പരിണാമം ചോദ്യം ചെയ്യപ്പെടേണ്ടത് എന്തുകൊണ്ട്?
പരിണാമം ചോദ്യം ചെയ്യപ്പെടേണ്ടതിന്റെ രണ്ട് കാരണങ്ങൾ
പരിണാമത്തിന്റെ കാര്യത്തിൽ ശാസ്ത്രജ്ഞർക്കിടയിൽത്തന്നെ യോജിപ്പില്ല. ദശാബ്ദങ്ങളായി ഗവേഷണങ്ങൾ നടത്തിയിട്ടും, പരിണാമത്തെക്കുറിച്ച് അവർക്ക് എല്ലാവർക്കും യോജിക്കാനാകുന്ന ഒരു വിശദീകരണത്തിൽ എത്താൻ ഇപ്പോഴും കഴിഞ്ഞിട്ടില്ല.
ചിന്തിക്കാൻ: വിദഗ്ധരെന്നു പറയപ്പെടുന്ന ശാസ്ത്രജ്ഞർക്കുപോലും യോജിക്കാൻ കഴിയാത്ത പരിണാമസിദ്ധാന്തത്തെ നമുക്ക് എന്തുകൊണ്ട് ചോദ്യം ചെയ്തുകൂടാ?—സങ്കീർത്തനം 10:4.
എന്തു വിശ്വസിക്കുന്നു എന്നതു പ്രധാനമാണ്. “ജീവൻ ആകസ്കമികമായി ഉണ്ടായതാണെങ്കിൽ നമ്മുടെ ജീവിതത്തിനും പ്രപഞ്ചത്തിലുള്ള ഒന്നിനും ഒരു അർഥവും ഇല്ലെന്നുവരും” എന്നു സെഖരി എന്ന ചെറുപ്പക്കാരൻ പറയുന്നു. സെഖരി പറഞ്ഞതിൽ കാര്യമുണ്ട്. പരിണാമം സത്യമാണെങ്കിൽ, ജീവിതത്തിനു നിലനിൽക്കുന്ന ഒരു ഉദ്ദേശ്യവും ഇല്ലെന്നുവരും. (1 കൊരിന്ത്യർ 15:32) നേരെ മറിച്ച്, എല്ലാം സൃഷ്ടിക്കപ്പെട്ടതാണെങ്കിൽ ജീവിതത്തിന്റെ ഉദ്ദേശ്യത്തെക്കുറിച്ചും ഭാവിയെക്കുറിച്ചും ഉള്ള ചോദ്യങ്ങൾക്കു തൃപ്തികരമായ ഉത്തരം കണ്ടെത്താനാകും.—യിരെമ്യ 29:11.
ചിന്തിക്കാൻ: പരിണാമത്തെയും സൃഷ്ടിയെയും കുറിച്ചുള്ള സത്യം അറിയുന്നത് നിങ്ങളുടെ ജീവിതത്തിൽ എന്തു മാറ്റമാണു വരുത്തുന്നത്?—എബ്രായർ 11:1.
ചിന്തിക്കേണ്ട ചില ചോദ്യങ്ങൾ
അവകാശവാദം: ‘പ്രപഞ്ചത്തിലുള്ള എല്ലാം യാദൃച്ഛികമായ ഒരു മഹാസ്ഫോടനത്തിലൂടെ ഉണ്ടായതാണ്.’
ഈ മഹാസ്ഫോടനം എങ്ങനെ ഉണ്ടായി, ആരായിരുന്നു അതിനു പിന്നിൽ?
ഒന്നുമില്ലായ്മയിൽനിന്ന് എല്ലാം ഉണ്ടായി എന്നു പറയുന്നതാണോ അതോ എല്ലാം ഉണ്ടായതിനുപിന്നിൽ ആരെങ്കിലും ഉണ്ട് എന്നു പറയുന്നതാണോ ബുദ്ധിക്കും യുക്തിക്കും നിരക്കുന്നത്?
അവകാശവാദം: ‘മനുഷ്യൻ മൃഗങ്ങളിൽനിന്ന് പരിണമിച്ച് ഉണ്ടായതാണ്.’
മനുഷ്യർ മൃഗത്തിൽനിന്ന്, ഉദാഹരണത്തിന് ആൾക്കുരങ്ങിൽനിന്ന്, പരിണമിച്ച് ഉണ്ടായതാണെങ്കിൽപ്പിന്നെ ബുദ്ധിപരമായ കഴിവുകളുടെ കാര്യത്തിൽ മനുഷ്യരും ആൾക്കുരങ്ങുകളും തമ്മിൽ ഇത്ര വലിയ വ്യത്യാസം വന്നത് എങ്ങനെയാണ്? a
ഏറ്റവും “അടിസ്ഥാന” ജീവരൂപങ്ങൾ എന്നു പറയുന്നവപോലും അതിശയിപ്പിക്കുന്ന വിധത്തിൽ ഇത്ര സങ്കീർണമായിരിക്കുന്നത് എന്തുകൊണ്ട്? b
അവകാശവാദം: ‘പരിണാമം തെളിയിക്കപ്പെട്ട ഒരു വസ്തുതയാണ്.’
ഇങ്ങനെ വാദിക്കുന്ന വ്യക്തി അതിനുള്ള തെളിവുകൾ സ്വയം പരിശോധിച്ച് നോക്കിയിട്ടുണ്ടോ?
ബുദ്ധിശാലികളായ ആളുകളെല്ലാം പരിണാമത്തിലാണ് വിശ്വസിക്കുന്നത് എന്ന് പറഞ്ഞുകേട്ടതുകൊണ്ടുമാത്രം പരിണാമത്തിൽ വിശ്വസിക്കുന്ന എത്രയോ ആളുകളുണ്ട്.
a മനുഷ്യരുടെ തലച്ചോർ കുരങ്ങുകളുടേതിനെക്കാൾ വലുതായതുകൊണ്ടാണ് മനുഷ്യർക്കു കൂടുതൽ ബുദ്ധിയുള്ളതെന്നു ചിലർ അവകാശപ്പെടാറുണ്ട്. ആ വാദത്തിൽ കഴമ്പില്ലാത്തതിന്റെ കാരണങ്ങൾ അറിയാൻ ജീവന്റെ ഉത്ഭവം—പ്രസക്തമായ അഞ്ചു ചോദ്യങ്ങൾ എന്ന ലഘുപത്രികയുടെ 28-ാം പേജ് കാണുക.