യുവജനങ്ങൾ ചോദിക്കുന്നു
മറ്റുള്ളവർ എന്താ എന്നെ കൂട്ടത്തിൽക്കൂട്ടാത്തത്?
“മറ്റുള്ളവരുടെകൂടെ കൂടിയില്ലെങ്കിൽ നമ്മൾ ഒറ്റപ്പെടും. കൂട്ടുകാരും കാണില്ല, നമ്മുടെ ഭാവിയും നശിക്കും. നിങ്ങളെക്കുറിച്ച് ആർക്കും ഒരു ചിന്തയും ഉണ്ടാവില്ല.”—കാൾ.
ഇത് കുറച്ച് പെരുപ്പിച്ച് പറയുന്നതല്ലേ? അങ്ങനെ തോന്നിയേക്കാം. എന്നാൽ കാളിനുണ്ടായപോലൊരു അനുഭവം പല യുവജനങ്ങൾക്കും ഉണ്ടായിട്ടുണ്ട്. അങ്ങനെ സംഭവിക്കാതിരിക്കാൻ അവർ എന്തും ചെയ്യും. നിങ്ങളുടെ കാര്യം എങ്ങനെയാണ്? ഈ ലേഖനം നിങ്ങളെ ഒരുപാട് സഹായിക്കും.
എന്തുകൊണ്ടാണ് ആളുകൾ ‘കൂട്ടത്തിൽക്കൂടാൻ’ ആഗ്രഹിക്കുന്നത്?
ആരും ഒറ്റപ്പെടാൻ ആഗ്രഹിക്കുന്നില്ല. “എന്നെ കൂട്ടാതെ കൂട്ടുകാർ എവിടെയെങ്കിലും പോയതിന്റെയോ എന്തെങ്കിലും ചെയ്തതിന്റെയോ ചിത്രങ്ങൾ സമൂഹമാധ്യമത്തിൽ ഇടാറുണ്ട്. അതു കാണുമ്പോൾ എനിക്കു തോന്നും ‘എനിക്കെന്താ കുഴപ്പം’ ‘എന്നെ അവരുടെ കൂട്ടത്തിൽക്കൂട്ടാൻ അവർക്ക് ഇഷ്ടമില്ലായിരിക്കും.’”—നഥാലി.
ചിന്തിക്കാനായി: ആരെങ്കിലും നിങ്ങളെ ഒഴിവാക്കുന്നതായി തോന്നിയിട്ടുണ്ടോ? എന്തു ചെയ്താൽ അവർ നിങ്ങളെ കൂട്ടത്തിൽക്കൂട്ടും?
വ്യത്യസ്തരായി നിൽക്കാൻ ആഗ്രഹിക്കുന്നില്ല. “അച്ഛനും അമ്മയും എനിക്കു മൊബൈൽ വാങ്ങിത്തരില്ല. കൂട്ടുകാർ എന്റെ ഫോൺ നമ്പർ ചോദിക്കുമ്പോൾ, ‘എനിക്ക് ഫോണില്ല’ എന്നു പറയേണ്ടിവരും. അപ്പോൾ അവർ ചോദിക്കും: ‘ഇല്ലേ? നിനക്ക് വയസ്സ് എത്രയായി.’ ‘13’ എന്നു ഞാൻ പറയുമ്പോൾ, അവർ എന്നെ സഹതാപത്തോടുകൂടി ഒന്നു നോക്കും.”—മേരി.
ചിന്തിക്കാനായി: മാതാപിതാക്കളുടെ ഏതു നിയമങ്ങളാണു നിങ്ങളെ മറ്റുള്ളവരിൽനിന്ന് വ്യത്യസ്തരാക്കി നിറുത്തുന്നത്? നിങ്ങൾ എങ്ങനെയാണ് ഈ നിയമങ്ങളുമായി ഒത്തുപോകുന്നത്?
കളിയാക്കൽ ഇഷ്ടപ്പെടുന്നില്ല. “വ്യത്യസ്തമായി കാര്യങ്ങൾ ചെയ്യുന്ന, വ്യത്യസ്തമായി സംസാരിക്കുന്ന, വ്യത്യസ്തമായി ആരാധിക്കുന്ന കുട്ടികളെ സ്കൂളിലെ മറ്റു കുട്ടികൾക്ക് ഇഷ്ടമല്ല. നമ്മൾ അവരുടെ കൂട്ടത്തിൽക്കൂടിയില്ലെങ്കിൽ അവർ നമ്മളെ കളിയാക്കി കൊല്ലും.”—ഒലീവിയ
ചിന്തിക്കാനായി: നിങ്ങൾക്ക് എപ്പോഴെങ്കിലും ഇങ്ങനെ ഒരു അനുഭവമുണ്ടായിട്ടുണ്ടോ? അപ്പോൾ നിങ്ങൾ എന്താണ് ചെയ്തത്?
കൂട്ടുകാരെ നഷ്ടപ്പെടാൻ ആഗ്രഹിക്കുന്നില്ല. “ആരുടെ ഒപ്പം നിൽക്കുന്നോ ഞാൻ അവരെപ്പോലെയങ്ങാകും. അവരെപ്പോലെ സംസാരിക്കും. ചിരിക്കാൻ ഒന്നുമില്ലാത്ത തമാശയ്ക്കുപോലും ചിരിച്ചുകൊടുക്കും. മറ്റൊരു കുട്ടിയെ കളിയാക്കുമ്പോൾ ആ കുട്ടിക്ക് വിഷമം തോന്നുന്നുണ്ട് എന്ന് അറിയാമെങ്കിലും ഞാനും കളിയാക്കുന്നവരുടെകൂടെ കൂടും.”—റെയ്ച്ചെൽ
ചിന്തിക്കാനായി: കൂട്ടുകാരുടെ പ്രീതി പിടിച്ചുപറ്റുന്നതിനു നിങ്ങൾ എത്ര പ്രാധാന്യം കൊടുക്കുന്നുണ്ട്? കൂട്ടത്തിൽക്കൂടാൻവേണ്ടി, കൂട്ടുകാർ വർത്തമാനം പറയുന്നതുപോലെ പറയാനും അവർ ചെയ്യുന്നതുപോലെ ചെയ്യാനും നിങ്ങൾ ശ്രമിക്കാറുണ്ടോ?
നിങ്ങൾ അറിഞ്ഞിരിക്കേണ്ടത്
നിങ്ങൾ നിങ്ങളായിരിക്കുക. എന്തുകൊണ്ട്? നിങ്ങൾ ആരെയെങ്കിലും പകർത്താൻ ശ്രമിച്ചാൽ നിങ്ങൾ ചെയ്യുന്നത് വെറും അഭിനയമാണെന്നു മറ്റുള്ളവർക്കു മനസ്സിലാകും. “ഞാൻ മറ്റൊരാളെ അനുകരിച്ച് കാര്യങ്ങൾ ചെയ്യുമ്പോൾ എന്റെ സഹപാഠികൾ എന്നെ ഒഴിവാക്കും. നമ്മൾ നമ്മളായിരിക്കുന്നതാണ് നല്ലത്. അല്ലെങ്കിൽ അവർ നമ്മളെ വിശ്വസിക്കില്ല” എന്ന് 20 വയസ്സുള്ള ബ്രയാൻ പറയുന്നു.
പരിഹാരം? ശരിക്കും നിങ്ങൾക്ക് എന്താണ് പ്രധാനം എന്ന് ചിന്തിക്കുക. ബൈബിൾ പറയുന്നു: ‘കൂടുതൽ പ്രാധാന്യമുള്ള കാര്യങ്ങൾ ഏതെന്ന് ഉറപ്പുവരുത്തുക.’ (ഫിലിപ്പിയർ 1:10) സ്വയം ചോദിക്കുക: “‘ഏതാണ് പ്രധാനം? എന്റെ മൂല്യങ്ങൾക്കു വില കല്പിക്കാത്തവരുടെ കൂട്ടത്തിൽക്കൂടണോ അതോ ഒറ്റയ്ക്ക് നിൽക്കണോ?’”
“മറ്റുള്ളവരെപ്പോലെയാകാൻ ശ്രമിക്കുന്നതു ശുദ്ധമണ്ടത്തരമാണ്. അതുകൊണ്ടൊന്നും ആളുകൾ നിങ്ങളെ കൂടുതൽ ഇഷ്ടപ്പെടില്ല. അത് നിങ്ങളെ ഒരു നല്ല വ്യക്തിയാക്കുകയുമില്ല.”—ജയിംസ്.
നിങ്ങളുടെ വ്യക്തിത്വം നഷ്ടമാകും. “എല്ലാവരെയും പ്രീതിപ്പെടുത്താൻ” ശ്രമിക്കുന്നയാൾ എന്ന ഒരു പേര് നിങ്ങൾക്കു കിട്ടും. നിങ്ങൾ ആരായിരിക്കണമെന്ന കാര്യം തീരുമാനിക്കുന്നതു മറ്റുള്ളവരായിരിക്കും. ചെറുപ്പക്കാരനായ ജെറെമി പറയുന്നു: “കൂട്ടത്തിൽക്കൂടാൻവേണ്ടി ഞാൻ എന്റെ നല്ല പേര് കളഞ്ഞുകുളിച്ചിട്ടുണ്ട്. മറ്റുള്ളവർ ചരടുവലിക്കുന്നിടത്തു നിൽക്കുന്ന ഒരു കളിപ്പാവയെപ്പോലെയായിരുന്നു ഞാൻ.”
പരിഹാരം? മൂല്യങ്ങൾ മനസ്സിലാക്കി അതിനു ചേർച്ചയിൽ ജീവിക്കുക. ഓന്തിനെപ്പോലെ സാഹചര്യത്തിനനുസരിച്ച് നിറം മാറരുത്. ബൈബിൾ അതുകൊണ്ടാണ് ഇങ്ങനെ പറയുന്നത്: “ബഹുജനത്തിനു പിന്നാലെ പോയി തിന്മ ചെയ്യരുത്.”—പുറപ്പാട് 23:2.
“മറ്റുള്ളവർ ഇഷ്ടപ്പെടുന്ന സംഗീതം, കളി, വസ്ത്രം, സിനിമ, മേക്കപ്പ് എന്നിവയെല്ലാം ഇഷ്ടപ്പെടാൻ ഞാൻ ശ്രമിച്ചു. അങ്ങനെ ഞാനും അവരെപ്പോലെ ആകാൻ നോക്കി. അവരെ അനുകരിക്കാൻ ശ്രമിക്കുന്നത് അവർക്കു മനസ്സിലാകുന്നുണ്ടെന്നു ഞാൻ കരുതി. എനിക്കാകെ നിരാശയും ഒറ്റപ്പെടലും തോന്നി. ഞാൻ ആളാകെ മാറിപ്പോയി. എനിക്ക് വ്യക്തിത്വം നഷ്ടപ്പെട്ടതുപോലെയായി. നമ്മൾ കാണുന്ന എല്ലാവരുടെയും കൂട്ടത്തിൽക്കൂടാൻ നമുക്ക് പറ്റില്ല. അവർക്കെല്ലാം നമ്മളെ ഇഷ്ടമായെന്നും വരില്ല. അതിനർഥം നിങ്ങൾ കൂട്ടുകാരെ സമ്പാദിക്കാൻ നോക്കരുത് എന്നല്ല. കൂട്ടുകാരെ നേടാനും പക്വത പ്രാപിക്കാനും സമയമെടുക്കും എന്ന കാര്യം മനസ്സിലാക്കുക.”—മെലിൻഡ.
നിങ്ങളുടെ സ്വഭാവം മാറും. ക്രിസ് എന്ന യുവാവ് തന്റെ ബന്ധുവിനു സംഭവിച്ച ഒരു കാര്യം പറയുന്നു: “കൂട്ടുകാരുടെ കൂട്ടത്തിൽക്കൂടാൻവേണ്ടി എന്റെ ബന്ധു മയക്കുമരുന്ന് ഉപയോഗിക്കാൻ തുടങ്ങി. അവസാനം അതിന് അടിമയായി, ജീവിതം നശിപ്പിച്ചു.”
പരിഹാരം? മാന്യതയില്ലാതെ സംസാരിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നവരെ കൂട്ടുകാരാക്കാതിരിക്കുക. ബൈബിൾ പറയുന്നു: “ജ്ഞാനികളുടെകൂടെ നടക്കുന്നവൻ ജ്ഞാനിയാകും; എന്നാൽ വിഡ്ഢികളോടു കൂട്ടുകൂടുന്നവൻ ദുഃഖിക്കേണ്ടിവരും.”—സുഭാഷിതങ്ങൾ 13:20.
“ചില സമയത്ത് നല്ല ശ്രമം ചെയ്ത് കൂട്ടത്തിൽക്കൂടാൻ ശ്രമിക്കുന്നതു നല്ലതാണ്. എന്നാൽ ശരിയാണെന്നു നിങ്ങൾക്കു ബോധ്യമുള്ള കാര്യങ്ങളിൽ വിട്ടുവീഴ്ച ചെയ്യരുത്. നിങ്ങൾ എങ്ങനെയാണോ അങ്ങനെതന്നെ സ്വീകരിക്കാൻ ശരിക്കുള്ള കൂട്ടുകാർ തയ്യാറായിരിക്കും.”—മെലിനാ.
ചെയ്യാനാകുന്നത്: ആരെങ്കിലുമായി കൂട്ടുകൂടാൻ നോക്കുമ്പോൾ അവരുടെ താത്പര്യങ്ങൾ നിങ്ങളുടെ താത്പര്യങ്ങളുമായി യോജിക്കുന്നു എന്ന ഒറ്റക്കാരണത്താൽ അവരെ കൂട്ടുകാരാക്കാൻ ശ്രമിക്കരുത്. നിങ്ങളുടെ മൂല്യങ്ങൾക്ക്, അതായത് ദൈവവുമായുള്ള നിങ്ങളുടെ ബന്ധത്തിനും ധാർമികതയ്ക്കും മനഃസാക്ഷിക്കും വില കല്പിക്കുന്നവരെയാണ് നിങ്ങൾ കൂട്ടുകാരാക്കാൻ നോക്കേണ്ടത്.