യുവജനങ്ങൾ ചോദിക്കുന്നു
ഞാൻ പഠനം നിറുത്തണോ?
“എനിക്ക് സ്കൂളിൽ പോകുന്നത് ഇഷ്ടമല്ല!” നിങ്ങൾക്ക് അങ്ങനെയാണോ തോന്നുന്നത്? എങ്കിൽ, പഠനം നിറുത്താൻ തോന്നിയേക്കാം. എന്നാൽ അതു തടയാനുള്ള ചില പോംവഴികൾ ഈ ലേഖനത്തിലുണ്ട്.
എന്തുകൊണ്ടാണ് ചിലർ പഠനം നിറുത്തുന്നത്?
വിദഗ്ധർ പറയുന്ന ചില കാരണങ്ങൾ:
പഠിക്കാൻ എളുപ്പമല്ല. ‘മാർക്ക് കുറയുന്നതല്ലാതെ കൂടുന്നില്ല.’
പഠിക്കാൻ ഇഷ്ടമില്ല. ‘ഈ പഠിക്കുന്ന കാര്യങ്ങളൊക്കെ ഉപകാരപ്പെടുമെന്ന് എനിക്കു തോന്നുന്നില്ല.’
പഠിക്കാൻ പറ്റിയ സാഹചര്യമല്ല. ‘പഠനത്തോടൊപ്പം കുടുംബത്തെ സഹായിക്കാൻകൂടി നോക്കണം.’
ബുദ്ധിമുട്ടുകളെക്കുറിച്ച് ചിന്തിക്കുക
“വിവേകമുള്ളവൻ ഓരോ കാലടിയും ശ്രദ്ധയോടെ വെക്കുന്നു” എന്ന് ബൈബിൾ പറയുന്നു. (സുഭാഷിതങ്ങൾ 14:15) ഇതിൽനിന്ന് എന്തു മനസ്സിലാക്കാം? പഠനം നിറുത്താനാണു തീരുമാനിക്കുന്നതെങ്കിൽ അതുകൊണ്ട് ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ എന്തൊക്കെ ആയിരിക്കുമെന്നും ചിന്തിക്കണം.
സ്വയം ചോദിക്കുക:
‘നാളെ എനിക്ക് എങ്ങനെ നല്ല ഒരു ജോലി കിട്ടും?’
“നല്ലൊരു ജോലി കിട്ടിയാലല്ലേ കുടുംബത്തെ സഹായിക്കാൻ പറ്റൂ. അടിസ്ഥാനവിദ്യാഭ്യാസമെങ്കിലും ഉണ്ടെങ്കിലേ ഒരു ജോലി കിട്ടൂ.”—ജൂലിയ.
‘പ്രശ്നങ്ങൾ നേരിടാനുള്ള കഴിവ് എങ്ങനെ വളർത്തിയെടുക്കും?’
“സ്കൂൾക്കാലം നമ്മളെ ജീവിതം പഠിപ്പിക്കുകയാണ്. ഭാവിയിൽ നിങ്ങൾ പല ആളുകളെ കാണും, നിങ്ങൾ പല പ്രശ്നങ്ങൾ നേരിടും, പല ജോലികൾ ചെയ്യേണ്ടിവരും. ഇപ്പോഴത്തെ സ്കൂൾ ജീവിതം അതൊക്കെ നേരിടാനുള്ള ഒരു ചവിട്ടുപടിയാണ്.”—ഡാനിയേൽ.
‘ജീവിതത്തിൽ ആവശ്യമായിവരുന്ന കഴിവുകൾ എങ്ങനെ വളർത്തിയെടുക്കും?’
“സ്കൂളിൽ പഠിക്കുന്ന കാര്യങ്ങൾകൊണ്ട് അത്ര പ്രയോജനമില്ലെന്നു നിങ്ങൾക്കു തോന്നിയേക്കാം. പക്ഷേ . . . കാശ് കൈകാര്യം ചെയ്തുതുടങ്ങുമ്പോൾ മനസ്സിലാകും, പണ്ട് കണക്ക് പഠിച്ചത് എത്ര നന്നായെന്ന്.”—അന്ന.
നിങ്ങൾക്ക് ചെയ്യാവുന്നത്
സഹായം ചോദിക്കുക. ബൈബിൾ പറയുന്നത്, “ധാരാളം ഉപദേശകരുള്ളപ്പോൾ വിജയം നേടാനാകുന്നു” എന്നാണ്. (സുഭാഷിതങ്ങൾ 11:14) നിങ്ങളുടെ ഗ്രേഡുകൾ കുത്തനെ താഴുകയാണെങ്കിൽ മാതാപിതാക്കളോടോ അധ്യാപകരോടോ സ്കൂളിലെ കൗൺസിലർമാരോടോ അല്ലെങ്കിൽ നിങ്ങൾ വിശ്വസിക്കുന്ന മുതിർന്ന ആരോടെങ്കിലുമോ സഹായം ചോദിക്കുക. മെച്ചപ്പെടാനുള്ള വഴികൾ അവർ പറഞ്ഞുതരും.
“നിങ്ങൾക്കു പറ്റുന്നില്ലെങ്കിൽ ടീച്ചറുടെ സഹായം തേടുക. ഇനി ടീച്ചറാണ് നിങ്ങൾക്കു മെച്ചപ്പെടാൻ ഒരു തടസ്സമെങ്കിലോ? അപ്പോഴും അവരോടുതന്നെ സഹായം ചോദിച്ചുകൊണ്ട് ആ സാഹചര്യം മെച്ചപ്പെടുത്താൻ ശ്രമിക്കുക.”—എഡ്വേർഡ്.
ഭാവിയിലെ പ്രയോജനത്തെക്കുറിച്ച് ചിന്തിക്കുക. ബൈബിൾ പറയുന്നു: “ഒരു കാര്യത്തിന്റെ ആരംഭത്തെക്കാൾ അതിന്റെ അവസാനം നല്ലത്.” (സഭാപ്രസംഗകൻ 7:8) സ്കൂൾ പഠനം കഴിയുമ്പോൾ അറിവു മാത്രമല്ല നേടുന്നത്, ജീവിതത്തിനു വേണ്ട ഗുണങ്ങളും കഴിവുകളും കൂടെയാണ് നേടിയെടുക്കുന്നത്.
“വലുതായി കഴിയുമ്പോൾ നിങ്ങൾ പരീക്ഷയോ ഉപന്യാസമോ ഒന്നും എഴുതേണ്ടിവരില്ല. എന്നാൽ സ്കൂളിൽ ഇതൊക്കെ ചെയ്യുമ്പോൾ നിങ്ങൾക്ക് ഉണ്ടാകുന്ന സമ്മർദങ്ങളും ബുദ്ധിമുട്ടുകളും ഒക്കെ ഭാവിയിൽ ഇതിലും വലിയ സമ്മർദങ്ങളെയും വെല്ലുവിളികളെയും വിജയകരമായി നേരിടാൻ നിങ്ങളെ സഹായിക്കും.”—വേരേ.
മറ്റു വഴികൾ കണ്ടെത്തുക. ബൈബിൾ പറയുന്നു: “എടുത്തുചാട്ടക്കാരെല്ലാം ദാരിദ്ര്യത്തിലേക്കു നീങ്ങുന്നു.” (സുഭാഷിതങ്ങൾ 21:5) പഠനം നിറുത്തുകയല്ലാതെ വേറെ വഴിയൊന്നുമില്ലെന്ന് എടുത്തുചാടി തീരുമാനിക്കരുത്. ഓൺലൈനായോ വീട്ടിലിരുന്നുകൊണ്ടോ നിങ്ങൾക്കു പഠനം പൂർത്തിയാക്കാൻ കഴിയുമോ?
“കഠിനാധ്വാനം ചെയ്യാനും പ്രശ്നങ്ങൾ പരിഹരിക്കാനും മറ്റുള്ളവരോടു സഹകരിച്ചുപോകാനും ഒക്കെ പഠിക്കുന്നതു സ്കൂളിൽനിന്നാണ്. അതിന്റെ പ്രയോജനം വളരെ വലുതാണ്. സ്കൂൾപഠനം പൂർത്തിയായാലും ഭാവിയിലേക്ക് അതു നിങ്ങൾക്കു പ്രയോജനം ചെയ്യും.”—ബെഞ്ചമിൻ.
ചുരുക്കിപ്പറഞ്ഞാൽ: സ്കൂൾപഠനം പൂർത്തിയാക്കിയാൽ, ഭാവിജീവിതത്തിന് ആവശ്യമായ ഒരുപാട് കാര്യങ്ങൾ നിങ്ങൾക്കു പഠിക്കാൻ കഴിയും.