യുവജനങ്ങൾ ചോദിക്കുന്നു
എനിക്ക് എങ്ങനെ കാശ് സൂക്ഷിച്ച് ചെലവാക്കാം?
“ഇയ്യിടെ, സാധനങ്ങൾ നോക്കാൻ വെറുതെയൊരു കടയിൽ കയറിയതാണ്. വാങ്ങിക്കാൻ ഒരു ഉദ്ദേശ്യവും ഇല്ലാതിരുന്ന വിലകൂടിയ ഒരു സാധനവുമായിട്ടാണ് പിന്നെ ഞാൻ പുറത്തേക്ക് ഇറങ്ങിയത്.”—കോളിൻ.
കാശ് ചെലവാക്കുന്ന കാര്യത്തിൽ തനിക്ക് ഒട്ടും നിയന്ത്രണമില്ലെന്നു കോളിൻ സമ്മതിക്കുന്നു. ഈ പ്രശ്നം നിങ്ങൾക്കുണ്ടോ? ഉണ്ടെങ്കിൽ, ഈ ലേഖനം നിങ്ങൾക്കുള്ളതാണ്.
സൂക്ഷിച്ച് കാശ് ചെലവാക്കേണ്ടത് എന്തുകൊണ്ട്?
തെറ്റിദ്ധാരണ: കാശ് ചെലവാക്കുന്ന കാര്യത്തിൽ ഒരുപാട് ചിന്തിച്ചാൽ അത് നിങ്ങളുടെ സ്വാതന്ത്ര്യത്തെ പരിമിതപ്പെടുത്തും.
വസ്തുത: കാശ് ചെലവാക്കുന്ന കാര്യത്തിൽ നിയന്ത്രണങ്ങൾ വെക്കുന്നത് നിങ്ങളുടെ സ്വാതന്ത്ര്യത്തെ പരിമിതപ്പെടുത്തുകയല്ല, മറിച്ച് കൂടുതൽ സ്വാതന്ത്ര്യം തരുകയാണ് ചെയ്യുന്നത്. “കാശ് സൂക്ഷിച്ച് ചെലവാക്കിയാൽ ഇപ്പോഴും പിന്നീടും ആവശ്യമുള്ള സാധനങ്ങൾ വാങ്ങിക്കാൻ നിങ്ങളുടെ കൈവശം പണമുണ്ടാകും” എന്ന് നയാപൈസയില്ല! പണത്തെക്കുറിച്ചുള്ള ചെറുപുസ്തകം (ഇംഗ്ലീഷ്) എന്ന പുസ്തകം പറയുന്നു.
ചിന്തിക്കുക: കാശ് സൂക്ഷിച്ച് ചെലവാക്കിയാൽ. . .
എപ്പോഴും കൈയിൽ ആവശ്യത്തിന് കാശുണ്ടായിരിക്കും. ഇൻസ എന്ന കൗമാരക്കാരി പറയുന്നത്, “എപ്പോഴെങ്കിലും തെക്കേ അമേരിക്ക എനിക്കൊന്ന് സന്ദർശിക്കണം എന്നുണ്ട്. അതിനുവേണ്ടി ഞാൻ ഇപ്പോഴേ കാശ് മാറ്റിവെക്കുന്നു.”
കടം കുറവായിരിക്കും, അല്ലെങ്കിൽ ഉണ്ടാകില്ല. ബൈബിൾ പറയുന്നു: “കടം വാങ്ങുന്നവൻ കടം കൊടുക്കുന്നവന്റെ അടിമ.” (സുഭാഷിതങ്ങൾ 22:7) ചെറുപ്പക്കാരിയായ അന്ന ഇതിനോടു യോജിക്കുന്നു. അവൾ പറയുന്നത് ഇതാണ്: “കടം ജീവിതം താറുമാറാക്കും. കടമില്ലെങ്കിൽ നിങ്ങളുടെ ലക്ഷ്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ നിങ്ങൾക്കാകും.”
നിങ്ങളുടെ പക്വത പ്രകടമാകും. ചെറുപ്പത്തിലെ കാശ് സൂക്ഷിച്ച് ചെലവാക്കുന്നവർ പ്രായപൂർത്തിയാകുമ്പോൾ പക്വതയോടെ കാശ് കൈകാര്യം ചെയ്യും. 20 വയസ്സുകാരി ജീൻ പറയുന്നു: “ഭാവിക്കുവേണ്ടിയുള്ള നല്ലൊരു പരിശീലനമാണ് ഇത്. സ്വന്തം കാര്യം നോക്കി നടത്തേണ്ടിവരുമ്പോൾ ഇത് പ്രയോജനം ചെയ്യും. കാശ് ഉത്തരവാദിത്വത്തോടെ ഉപയോഗിക്കാൻ ഞാൻ ഇപ്പോഴേ ശ്രമിക്കുന്നു. അങ്ങനെയാകുമ്പോൾ ഭാവിയിലും ആ ശീലമുണ്ടായിരിക്കുമല്ലോ.”
ചുരുക്കിപ്പറഞ്ഞാൽ: “കാശ് സൂക്ഷിച്ച് ഉപയോഗിക്കാൻ പഠിക്കുന്നതാണ് സ്വാതന്ത്ര്യം നേടുന്നതിനുള്ള ആദ്യപടി. കാശ് നന്നായി ഉപയോഗിക്കാൻ പഠിക്കുന്നത് ഒരു കഴിവുതന്നെയാണ്. നിങ്ങളുടെ ശേഷിച്ച ജീവിതം ശോഭനമാക്കാൻ അത് നിങ്ങളെ സഹായിക്കും” എന്ന് ധനകാര്യത്തിന് ഒരു വഴികാട്ടി: കൗമാരക്കാർക്കും കോളേജ് വിദ്യാർഥികൾക്കും (ഇംഗ്ലീഷ്) എന്ന പുസ്തകം പറയുന്നു.
സൂക്ഷിച്ച് എങ്ങനെ ചെലവാക്കാം?
നിങ്ങളുടെ കുഴപ്പങ്ങൾ അറിയുക. ഒരിക്കലും കൈയിൽ കാശ് ഇല്ല. നിങ്ങളുടെ സ്ഥിതി ഇതാണോ? എങ്കിൽ കാശ് എങ്ങോട്ടാണ് പോകുന്നതെന്ന് കണ്ടുപിടിക്കുക. ചിലർക്ക് വിനയാകുന്നത് ഓൺലൈൻ ഷോപ്പിങ്ങ് ആണ്. മറ്റു ചിലരുടെ പ്രശ്നം മാസാവസാനം ആകുമ്പോഴേക്കും അവരുടെ പേഴ്സ് ‘ചോർന്നുചോർന്ന്’ കാലിയാകുന്നതാണ്!
“ഓരോ ദിവസത്തെയും ചെറിയചെറിയ ചെലവുകൾ കൂട്ടിനോക്കിയാൽ മാസാവസാനം വലിയൊരു തുകതന്നെ കാണും. കൂട്ടുകാർക്ക് സമ്മാനങ്ങൾ കൊടുത്തും, ചായ കുടിച്ചും, കടയിൽ ഒരു സാധനം കണ്ടപ്പോൾ അതു വാങ്ങിയും അങ്ങനെ പലപല ചെലവുകൾ. മാസാവസാനം നോക്കുമ്പോൾ 100 ഡോളർ ചെലവായ വഴി കാണില്ല.”—ഹെയ്ലി.
ഒരു ബഡ്ജറ്റ് തയ്യാറാക്കുക. ബൈബിൾ പറയുന്നു: “പരിശ്രമശാലിയുടെ പദ്ധതികൾ വിജയിക്കും.” (സുഭാഷിതങ്ങൾ 21:5) ഒരു ബഡ്ജറ്റുണ്ടെങ്കിൽ ചെലവുകൾ വരവിനെക്കാൾ കൂടുന്നില്ല എന്നു നിങ്ങൾക്ക് ഉറപ്പുവരുത്താനാകും.
“വരുമാനത്തെക്കാൾ കൂടുതലാണ് നിങ്ങളുടെ ചെലവെങ്കിൽ നിങ്ങളുടെ കാശ് പോകുന്ന വഴി കണ്ടുപിടിക്കുക. എന്നിട്ട് ആവശ്യമില്ലാത്ത സാധനങ്ങൾ വെട്ടിച്ചുരുക്കുക. നിങ്ങളുടെ വരുമാനം നിങ്ങളുടെ ചെലവുകളെക്കാൾ കൂടുതലായിരിക്കണം. അങ്ങനെയാകുന്നതുവരെ ചെലവുകളുടെ ലിസ്റ്റിന്റെ നീളം കുറയ്ക്കുക.”—ഡാനിയെല.
പരീക്ഷിച്ചുനോക്കുക. പണം എവിടെ ചെലവായിപ്പോകുന്നെന്ന് ഉറപ്പാക്കാനും അനാവശ്യ ചെലവുകൾ ഒഴിവാക്കാനും പല വഴികളുണ്ട്. താഴെ പറയുന്ന രീതികൾ വിജയകരമാണെന്ന് ചില ചെറുപ്പക്കാർ കണ്ടെത്തിയിരിക്കുന്നു:
“കാശ് കൈയിലിരുന്നാൽ അത് ചെലവാക്കാൻ തോന്നും. എന്നാൽ ബാങ്കിലിട്ടാൽ അത് അവിടെനിന്ന് എടുത്ത് ചെലവാക്കാൻ മടിയായിരിക്കും.”—ഡേവിഡ്.
“കടയിൽ പോകുമ്പോൾ ആവശ്യമുള്ള പണം മാത്രമേ ഞാൻ കൊണ്ടുപോകാറുള്ളൂ. അതാകുമ്പോൾ ഞാൻ വാങ്ങിക്കാൻ ഉദ്ദേശിച്ചതിനെക്കാൾ കൂടുതൽ വാങ്ങിക്കാൻ പറ്റില്ലല്ലോ.”—എലെൻ.
“ഒരു സാധനം വാങ്ങിക്കുന്നതിനു മുമ്പ് കാത്തിരിക്കുന്നത്, അത് ശരിക്കും വേണോ വേണ്ടയോ എന്ന് ചിന്തിക്കാൻ എന്നെ സഹായിക്കുന്നു.”—ജെസിയ.
“എല്ലാ ചടങ്ങുകൾക്കും ഞാൻ പങ്കെടുക്കേണ്ടതില്ല. അതിനൊക്കെ ചെലവാക്കാൻ കാശില്ലെങ്കിൽ ‘നോ’ എന്നു പറയുന്നതിൽ ഒരു തെറ്റുമില്ല.”—ജെനിഫർ.
ചുരുക്കിപ്പറഞ്ഞാൽ: കാശ് കൈകാര്യം ചെയ്യുന്നത് ഗൗരവമുള്ള ഒരു ഉത്തരവാദിത്വമാണ്. അത് തുടക്കത്തിൽ പറഞ്ഞ കോളിൻ തിരിച്ചറിഞ്ഞു. “എന്നെങ്കിലും ഞാൻ ഒരു കുടുംബനാഥനായാൽ കാശ് ധൂർത്തടിക്കാനാകില്ല! ഇപ്പോൾ കൈയിലുള്ള കാശ് ഉത്തരവാദിത്വത്തോടെ ഉപയോഗിക്കാൻ പറ്റുന്നില്ലെങ്കിൽ ഭാവിയിൽ എന്റെ വിവാഹജീവിതത്തിൽ അത് പല പ്രശ്നങ്ങളുണ്ടാക്കും.”
ചെയ്യാനാകുന്നത്: “നിങ്ങളുടെ ബഡ്ജറ്റിനെക്കുറിച്ച് ഒരാളോടു പറയുക. എന്നിട്ട് ഇടയ്ക്കിടയ്ക്ക് അതെക്കുറിച്ച് നിങ്ങളോടു ചോദിക്കാൻ അദ്ദേഹത്തോടു പറയണം. അങ്ങനെ ചോദിക്കാൻ ഒരാൾ ഉള്ളത് നല്ലതാണ്.”—വനേസ.