യുവജനങ്ങൾ ചോദിക്കുന്നു
മാതാവോ പിതാവോ രോഗിയാണെങ്കിൽ
പല യുവപ്രായക്കാർക്കും മാതാപിതാക്കളെ പരിചരിക്കുന്നത് ഒരു പ്രശ്നമേ അല്ല. കാരണം മാതാപിതാക്കൾ കിടപ്പിലാകുന്ന അവസ്ഥയിലെത്താൻ ഇനിയും അനേകം വർഷങ്ങൾ എടുക്കുമല്ലോ.
പക്ഷേ നിങ്ങളുടെ ചെറുപ്രായത്തിൽത്തന്നെ മാതാപിതാക്കൾ കിടപ്പിലാകുകയാണെങ്കിൽ എന്തു ചെയ്യും? അങ്ങനെയുള്ള ഒരു പ്രശ്നം നേരിട്ട രണ്ടു ചെറുപ്പക്കാരെ നമുക്ക് പരിചയപ്പെടാം.
എമലൈന്റെ അനുഭവകഥ
എന്റെ അമ്മയ്ക്ക് ഗുരുതരമായ ഒരു രോഗം ബാധിച്ചു. സന്ധി, ത്വക്ക്, രക്തധമനികൾ എന്നിവയെ ബാധിക്കുന്ന വേദനാകരമായ ഒരു രോഗമായിരുന്നു [Ehlers-Danlos syndrome (EDS)] അത്.
ഈ രോഗത്തിന് ചികിത്സയില്ലെന്നു മാത്രമല്ല, കഴിഞ്ഞ പത്തു വർഷത്തിനിടയ്ക്ക് അമ്മയുടെ നില കൂടുതൽ വഷളാകുകയും ചെയ്തു. ജീവൻതന്നെ അപകടത്തിലാകുന്ന വിധത്തിൽ രക്തത്തിന്റെ അളവ് തീരെ കുറഞ്ഞുപോയി. വേദന അതികഠിനമായിരുന്ന ആ സമയങ്ങളിൽ ഇനി ജീവിക്കേണ്ടെന്നുപോലും അമ്മയ്ക്ക് തോന്നി.
ഞങ്ങൾ എല്ലാവരും യഹോവയുടെ സാക്ഷികളാണ്. സഭയിലുള്ളവർ ഞങ്ങൾക്കു വലിയൊരു ആശ്വാസംതന്നെയായിരുന്നു. ഉദാഹരണത്തിന്, അടുത്തിടെ എന്റെ പ്രായത്തിലുള്ള ഒരു പെൺകുട്ടി ഞങ്ങൾക്ക് ഒരു കാർഡ് അയച്ചുതന്നു. അവളുടെ സ്നേഹവും അവൾ ഞങ്ങളോടൊപ്പമുണ്ടെന്നുള്ള ഉറപ്പും ഞങ്ങൾക്കു ധൈര്യം പകർന്നു. അവളെപ്പോലെ ഒരു സുഹൃത്ത് ഉണ്ടായിരിക്കുന്നത് എത്ര ആശ്വാസകരമാണ്!
ബൈബിളാണ് എനിക്കുള്ള മറ്റൊരു വലിയ സഹായം. ഉദാഹരണത്തിന് “യഹോവ ഹൃദയം തകർന്നവരുടെ അരികിലുണ്ട്”എന്ന സങ്കീർത്തനം 34:18 എനിക്ക് ഇഷ്ടപ്പെട്ട വാക്യങ്ങളിൽ ഒന്നാണ്. “യഹോവ എന്നെ സഹായിക്കും. ഞാൻ പേടിക്കില്ല” എന്ന എബ്രായർ 13:6-ാണ് മറ്റൊരു വാക്യം.
എബ്രായർ 13:6 എനിക്കു വളരെ അർഥവത്തായി തോന്നി. അമ്മയെ എനിക്കു നഷ്ടമാകുമോ എന്നതാണ് എന്റെ ഏറ്റവും വലിയ പേടി. അമ്മയെ എനിക്ക് ഒരുപാട് ഇഷ്ടമാണ്, അമ്മയോടൊപ്പമുള്ള ഓരോ ദിവസത്തിനും ഞാൻ ദൈവത്തോട് നന്ദി പറയുന്നു. നാളെ എന്തുതന്നെ വന്നാലും അതിനെയെല്ലാം ധൈര്യത്തോടെ നേരിടാൻ എനിക്കു കഴിയുമെന്നു മനസ്സിലാക്കാൻ ആ വാക്യം എന്നെ സഹായിച്ചു.
എങ്കിലും എന്നെ അലട്ടുന്ന മറ്റൊരു കാര്യമുണ്ട്. EDS എന്നത് ഒരു പാരമ്പര്യരോഗമാണ്. അമ്മൂമ്മയിൽനിന്ന് അമ്മയ്ക്കും അമ്മയിൽനിന്ന് എനിക്കും അതു കൈമാറിക്കിട്ടി. ഇപ്പോൾ എനിക്കും അതേ രോഗമുണ്ട്. ഈ സാഹചര്യത്തിൽ “യഹോവ എന്നെ സഹായിക്കും” എന്ന എബ്രായർ 13:6-ാം വാക്യം പ്രശ്നം തരണം ചെയ്യാൻ എന്നെ സഹായിക്കുന്നു.
ഞാൻ ഇന്നലെകളിൽ ജീവിക്കുന്നില്ല. നാളെ എന്താകുമെന്ന ആകുലതയുമില്ല. ഇപ്പോഴുള്ളതിൽ സംതൃപ്തി കണ്ടെത്താൻ ഞാൻ പഠിച്ചിരിക്കുന്നു. എന്നിരുന്നാലും മുമ്പ് ചെയ്തിരുന്ന പലകാര്യങ്ങളും അമ്മയ്ക്ക് ഇപ്പോൾ ചെയ്യാൻ കഴിയുന്നില്ലല്ലോ എന്ന് ആലോചിക്കുമ്പോൾ എനിക്ക് നിരാശ തോന്നാറുണ്ട്. പക്ഷേ രോഗമില്ലാതെ നിത്യം ജീവിക്കാനുള്ള ഭാവിപ്രത്യാശയോട് താരതമ്യപ്പെടുത്തുമ്പോൾ ഇപ്പോൾ നമ്മൾ നേരിടുന്ന ഏതൊരു പരിശോധനയും “ക്ഷണികവും നിസ്സാരവും” ആണെന്ന് ബൈബിൾ പറയുന്നത് എന്നെ ആശ്വസിപ്പിക്കുന്നു.—2 കൊരിന്ത്യർ 4:17; വെളിപാട് 21:1-4.
ചിന്തിക്കാൻ: ശുഭാപ്തിവിശ്വാസത്തോടെ മുന്നോട്ട് പോകാൻ എമലൈനെ സഹായിച്ചത് എന്താണ്? ക്ലേശങ്ങൾ നേരിടുമ്പോൾ നിങ്ങൾക്ക് എങ്ങനെ സമനില കാത്തുസൂക്ഷിക്കാൻ കഴിയും?
എമിലിയുടെ അനുഭവകഥ
ഞാൻ ഹൈസ്ക്കൂളിൽ പഠിക്കുമ്പോഴാണ് ഡാഡി വിഷാദരോഗത്തിന് അടിമയാകുന്നത്. എന്റെ പഴയ ഡാഡി ഇന്നില്ല, മറ്റൊരാൾ ആ സ്ഥാനത്ത് വന്നതുപോലെയാണ് എനിക്കു തോന്നുന്നത്. ആ രോഗം ബാധിച്ചതുമുതൽ അനാവശ്യമായ ദുഃഖവും ഭയവും ഉത്കണ്ഠയും ഡാഡിയെ വേട്ടയാടാൻ തുടങ്ങി. ഇപ്പോൾ പതിനഞ്ചു വർഷം പിന്നിട്ടിരിക്കുന്നു. ന്യായമായ ഒരു കാരണവും കൂടാതെ ദുഃഖഭാരത്താൽ മനസ്സ് തളർന്നുപോകുമ്പോൾ, അദ്ദേഹത്തിന് അനുഭവിക്കേണ്ടിവരുന്ന വേദന എത്ര വലുതായിരിക്കും!
ഞങ്ങൾ യഹോവയുടെ സാക്ഷികളാണ്. ഞങ്ങളുടെ സഭ ഡാഡിയുടെ കാര്യത്തിൽ വലിയ താത്പര്യമെടുക്കുന്നുണ്ട്. എന്റെ ഡാഡി സഭയ്ക്ക് വേണ്ടപ്പെട്ട ആളാണെന്ന് തോന്നുന്ന വിധത്തിൽ ദയയോടെയും സമാനുഭാവത്തോടെയും ആണ് സഹോദരന്മാർ പെരുമാറുന്നത്. ഇത്രയധികം ബുദ്ധിമുട്ടുകൾ ഉണ്ടായിട്ടും അതെല്ലാം സഹിച്ചുനിൽക്കുന്നത് കാണുമ്പോൾ ഡാഡിയോടുള്ള എന്റെ സ്നേഹം കൂടുകയാണു ചെയ്യുന്നത്.
ഉത്കണ്ഠയും വേദനയും ഇല്ലാതെ സന്തോഷവാനായിരുന്ന ആ പഴയ ഡാഡിയെ എനിക്ക് എന്നേക്കുമായി നഷ്ടപ്പെട്ടു. തന്റെ മനസ്സിൽ കുടിയേറിയിരിക്കുന്ന ശത്രുവിനോട് ഡാഡി ദിവസേന പോരാടുന്നത് കാണുമ്പോൾ എനിക്കു സങ്കടം സഹിക്കാൻ കഴിയുന്നില്ല.
എങ്കിലും ഒരു ശുഭവീക്ഷണം നിലനിറുത്താൻ ഡാഡി കഠിനമായി പരിശ്രമിക്കുന്നു. ഇയ്യടുത്ത് വിഷാദം അതികഠിനമായിരുന്ന ചില സമയങ്ങളിൽ ദിവസവും ബൈബിൾ വായിക്കാൻ, അതു ഒന്നോ രണ്ടോ വാക്യങ്ങളാണെങ്കിൽപോലും ഡാഡി ശ്രമിച്ചിരുന്നു. നിസ്സാരമെന്നു തോന്നിയേക്കാവുന്ന ആ കാര്യം അദ്ദേഹത്തെ ശക്തിപ്പെടുത്തി. എന്റെ ഡാഡിയെപ്രതി അഭിമാനം തോന്നിയ മറ്റൊരു സന്ദർഭം എനിക്ക് ഉണ്ടായിരുന്നിട്ടില്ല.
“യഹോവയിൽനിന്നുള്ള സന്തോഷമാണു നിങ്ങളുടെ രക്ഷാകേന്ദ്രം” എന്ന നെഹമ്യ 8:10-ാം വാക്യം എനിക്കു ഏറെ ഇഷ്ടമാണ്. ദുഃഖത്താൽ എന്റെ ഹൃദയം ശൂന്യമായിരിക്കുമ്പോഴും യോഗങ്ങൾക്കു വരുന്നതും അതിൽ പൂർണമായി പങ്കുപറ്റുന്നതും നഷ്ടപ്പെട്ട സന്തോഷം വീണ്ടെടുക്കാൻ എന്നെ സഹായിക്കുന്നു. ഒരു ദിവസം മുഴുവൻ പ്രസന്നഭാവത്തോടെ നിലനിൽക്കാൻ വേണ്ട ഊർജം അത് എനിക്ക് പകർന്നുതരുന്നു. എന്തൊക്കെ പ്രയാസങ്ങൾ നേരിട്ടാലും നമ്മെ സഹായിക്കാൻ യഹോവ കൂടെയുണ്ടാകും എന്ന് ഡാഡിയിലൂടെ ഞാൻ പഠിച്ചു.
ചിന്തിക്കാൻ: രോഗാവസ്ഥയിലായിരിക്കുന്ന ഡാഡിയെ എമിലി പിന്തുണച്ചത് എങ്ങനെ? വിഷാദത്തിന് അടിപ്പെട്ടിരിക്കുന്ന ഒരാളെ നിങ്ങൾക്ക് എങ്ങനെ സഹായിക്കാനാകും?