യുവജനങ്ങൾ ചോദിക്കുന്നു
ഗുരുതരമായ ഒരു ആരോഗ്യപ്രശ്നമുണ്ടെങ്കിൽ എനിക്ക് എന്തു ചെയ്യാൻ കഴിയും? (ഭാഗം 2)
ആരോഗ്യപ്രശ്നങ്ങൾ പലതരമുണ്ട്.
ചിലരുടെ രോഗലക്ഷണങ്ങൾ പുറമെ കാണാവുന്നവയാണ്. എന്നാൽ മറ്റുചിലരുടേത് ഉള്ളിൽ മാത്രമായിരിക്കും.
ചില ആരോഗ്യപ്രശ്നങ്ങൾ വല്ലപ്പോഴുംമാത്രം വരുന്നവയാണ്. എന്നാൽ വേറെ ചിലത് വിട്ടുമാറാത്തതാണ്, ഓരോ ദിവസവും രോഗത്തിന്റെ ബുദ്ധിമുട്ടുകളുമായി കഴിയേണ്ടിവരും.
ചില രോഗങ്ങൾ ചികിത്സിച്ചുഭേദമാക്കാൻ കഴിയും. എന്നാൽ വേറെ ചില രോഗങ്ങൾക്കു ഫലപ്രദമായ ചികിത്സയില്ല, അതു വഷളായിക്കൊണ്ടേയിരിക്കും. രോഗിയുടെ ജീവൻപോലും അപകടത്തിലായേക്കാം.
മുകളിൽ പറഞ്ഞിരിക്കുന്ന തരത്തിലുള്ള എല്ലാ ആരോഗ്യപ്രശ്നങ്ങളും ചെറുപ്പക്കാർക്കും ഉണ്ടാകാറുണ്ട്. ഈ ലേഖനത്തിൽ, അങ്ങനെയുള്ള നാലു ചെറുപ്പക്കാരെ നമ്മൾ പരിചയപ്പെടും. നിങ്ങൾക്ക് എന്തെങ്കിലും ആരോഗ്യപ്രശ്നമുണ്ടെങ്കിൽ ഈ ചെറുപ്പക്കാരുടെ വാക്കുകൾ നിങ്ങളെ ആശ്വസിപ്പിക്കും.
ഗനെയ്ൽ
എനിക്ക് പരിമിതികളുണ്ട് എന്ന് അംഗീകരിക്കുന്നതാണ് ഏറ്റവും ബുദ്ധിമുട്ടുള്ള ഒരു കാര്യം. ഒത്തിരി കാര്യങ്ങൾ ചെയ്യണമെന്ന് എനിക്കുണ്ട്. പക്ഷേ ഓരോ ദിവസവും എനിക്ക് എന്റെ ദുരവസ്ഥയുമായി പൊരുത്തപ്പെടേണ്ടിവരുന്നു.
നാഡികളെയും പേശികളെയും ബാധിക്കുന്ന ഒരു രോഗമാണ് എനിക്ക്. അതായത്, തലച്ചോറിൽനിന്ന് മറ്റു ശരീരഭാഗങ്ങളിലേക്ക് വിവരങ്ങൾ ശരിയായി കൈമാറാൻപറ്റാത്ത ഒരു അവസ്ഥ. ചിലപ്പോൾ ഞാൻ അടിമുടി വിറയ്ക്കാൻ തുടങ്ങും, അല്ലെങ്കിൽ തളർന്നുപോകും. നടക്കുക, സംസാരിക്കുക, വായിക്കുക, എഴുതുക, മറ്റുള്ളവരെ തിരിച്ചറിയുക ഇങ്ങനെയുള്ള സാധാരണ കാര്യങ്ങൾപ്പോലും എനിക്കു ബുദ്ധിമുട്ടാണ്. തീരെ വയ്യാതാകുമ്പോൾ സഭയിലെ മേൽവിചാരകന്മാർ എന്നോടൊപ്പം പ്രാർഥിക്കും. അപ്പോൾ എനിക്ക് ഒരു ആശ്വാസം തോന്നും.
എന്തെല്ലാം പ്രശ്നങ്ങളുണ്ടെങ്കിലും, ദൈവമായ യഹോവ എനിക്കു താങ്ങായി എന്റെകൂടെയുണ്ടെന്ന് എനിക്ക് അറിയാം. ദൈവത്തെ കഴിവിന്റെ പരമാവധി സേവിക്കുന്നതിന് എന്റെ രോഗം ഒരു തടസ്സമാകാൻ ഞാൻ ആഗ്രഹിക്കുന്നില്ല. യഹോവ പെട്ടെന്നുതന്നെ ഭൂമിയെ ഒരു പറുദീസയാക്കുമെന്നും എല്ലാ ദുരിതങ്ങളും അവസാനിപ്പിക്കുമെന്നും ബൈബിൾ ഉറപ്പുതരുന്നു. അതിനെക്കുറിച്ച് മറ്റുള്ളവരെ പഠിപ്പിക്കുന്നതിനാണ് ഞാൻ ഏറ്റവും പ്രാധാന്യം കൊടുക്കുന്നത്.—വെളിപാട് 21:1-4.
ചിന്തിക്കാൻ: ഗനെയ്ലിനെപ്പോലെ ഏതെല്ലാം വിധങ്ങളിൽ നിങ്ങൾക്ക് മറ്റുള്ളവരോട് അനുകമ്പ കാണിക്കാം?—1 കൊരിന്ത്യർ 10:24.
സാക്കറി
എനിക്കു 16 വയസ്സുള്ളപ്പോൾ എന്റെ തലച്ചോറിൽ ഗുരുതരമായ ഒരുതരം കാൻസറാണെന്നു കണ്ടെത്തി. ഞാൻ എട്ടു മാസം കൂടിയേ ജീവിച്ചിരിക്കൂ എന്നു ഡോക്ടർമാർ പറഞ്ഞു. അന്നുതൊട്ട് ഞാൻ ഒരു ജീവന്മരണ പോരാട്ടത്തിലാണ്!
തലച്ചോറിലെ മുഴകൾ കാരണം എന്റെ ശരീരത്തിന്റെ വലതുവശം മുഴുവൻ തളർന്നുപോയി. നടക്കാൻപറ്റാത്തതുകൊണ്ട്, എപ്പോഴും ആരെങ്കിലും എന്നെ നോക്കാൻ ഒപ്പം കാണും.
രോഗം വഷളായിക്കൊണ്ടിരിക്കുന്നതുകൊണ്ട് ഇപ്പോൾ ശരിയായി സംസാരിക്കാനും കഴിയാത്ത അവസ്ഥയായി. ബാസ്കറ്റ്ബോളും വോളിബോളും ഒക്കെ കളിച്ചുനടന്നിരുന്ന വളരെ ചുറുചുറുക്കുള്ള ആളായിരുന്നു ഞാൻ. യഹോവയുടെ സാക്ഷിയായിരുന്നതുകൊണ്ട് ഞങ്ങളുടെ ശുശ്രൂഷയിലും ഞാൻ ഉത്സാഹത്തോടെ പങ്കെടുത്തിരുന്നു. നമ്മൾ ഒത്തിരി ഇഷ്ടപ്പെടുന്ന കാര്യങ്ങൾ ചെയ്യാൻപറ്റാതെ വരുമ്പോൾ എന്താണു തോന്നുക എന്നു വേറെയാർക്കും പറഞ്ഞാൽ മനസ്സിലാവില്ല.
യശയ്യ 57:15-ലെ വാക്കുകൾ എനിക്ക് വലിയ ആശ്വാസമാണ്. ‘മനസ്സു തകർന്നിരിക്കുന്നവരുടെ’ കൂടെ യഹോവയുണ്ടെന്നും യഹോവ എനിക്കുവേണ്ടി കരുതുന്നെന്നും ആ വാക്യം എനിക്ക് ഉറപ്പുതരുന്നു. അതുപോലെ, യശയ്യ 35:6-ഉം എനിക്ക് ഇഷ്ടപ്പെട്ട വാക്യമാണ്. എനിക്കും നടക്കാൻ കഴിയുമെന്നും നല്ല ആരോഗ്യത്തോടെ ദൈവത്തെ സേവിക്കാനാകുമെന്നും ആ വാക്യം എന്നെ ഓർമിപ്പിക്കുന്നു.
ചിലപ്പോഴൊക്കെ എന്റെ അസുഖം വല്ലാതെ വഷളാകും. പക്ഷേ അപ്പോഴും യഹോവ എന്നെ താങ്ങുമെന്ന് എനിക്ക് ഉറപ്പാണ്. നിരാശയിലാഴ്ന്നുപോകുമ്പോഴും മരിച്ചുപോകുമെന്ന പേടി തോന്നുമ്പോഴും ഒക്കെ അതെല്ലാം തുറന്നുപറയാൻ എനിക്ക് ഒരാളുണ്ടല്ലോ. പ്രാർഥനയിലൂടെ ഞാൻ എല്ലാം എന്റെ ദൈവത്തോടു പറയും. ദൈവസ്നേഹത്തിൽനിന്ന് എന്നെ വേർപെടുത്താൻ ഒന്നിനുമാവില്ല.—റോമർ 8:39.
ഈ അഭിമുഖം കഴിഞ്ഞ് രണ്ടു മാസത്തിനു ശേഷം, 18-ാമത്തെ വയസ്സിൽ സാക്കറി മരണമടഞ്ഞു. ഭൂമിയിലെ പറുദീസയിലേക്കു വീണ്ടും ജീവനോടെ എഴുന്നേറ്റുവരുമെന്ന ആ ദിവ്യവാഗ്ദാനത്തിൽ തന്റെ മരണംവരെ സാക്കറിക്ക് ഉറച്ച വിശ്വാസമുണ്ടായിരുന്നു.
ചിന്തിക്കാൻ: സാക്കറിയെപ്പോലെ, ദൈവസ്നേഹത്തിൽ നിലനിൽക്കാൻ പ്രാർഥന നിങ്ങളെ എങ്ങനെ സഹായിക്കും?
അനെയ്സ്
എനിക്ക് ഏതാനും ദിവസം മാത്രം പ്രായമുള്ളപ്പോൾ എന്റെ തലച്ചോറിൽ രക്തസ്രാവം ഉണ്ടായി. അത് എന്റെ ശരീരത്തെ മുഴുവൻ ബാധിച്ചു. പ്രത്യേകിച്ച് എന്റെ കാലുകളെ.
നടക്കാൻ സഹായിക്കുന്ന ഒരു ഉപകരണം ഉപയോഗിച്ച് ഇപ്പോൾ എനിക്ക് കുറേശ്ശെ നടക്കാം. എന്നാലും മിക്കവാറും എനിക്ക് വീൽചെയറിന്റെ സഹായം വേണ്ടിവരും. കൈകൊണ്ട് എഴുതുന്നതുപോലുള്ള കൊച്ചുകൊച്ചു കാര്യങ്ങൾ ചെയ്യുമ്പോൾപ്പോലും എന്റെ ശരീരം കോച്ചിപ്പിടിക്കും.
ആരോഗ്യപ്രശ്നത്തിന്റെ ബുദ്ധിമുട്ടുകൾക്കു പുറമേ ചികിത്സയുടേതായ ബുദ്ധിമുട്ടുകളും എനിക്കുണ്ട്. ഓർമവെച്ച കാലംതൊട്ട് ഓരോ ആഴ്ചയും പലപ്രാവശ്യം ഫിസിയോതെറാപ്പി ചെയ്തുകൊണ്ടിരിക്കുകയാണ്. അഞ്ചു വയസ്സുള്ളപ്പോഴാണ് ആദ്യമായി എനിക്ക് ഒരു മേജർ ഓപ്പറേഷൻ ചെയ്തത്. അതിനു ശേഷം പിന്നീട് മൂന്നെണ്ണം കൂടെ നടത്തി. അതിൽ, അവസാനത്തെ രണ്ട് ശസ്ത്രക്രിയകൾ ആദ്യത്തേതിനെക്കാൾ ബുദ്ധിമുട്ടായിരുന്നു. കാരണം ആരോഗ്യം വീണ്ടെടുക്കുന്നതുവരെ 3 മാസം എനിക്ക് വീട്ടിൽനിന്ന് മാറിനിൽക്കേണ്ടിവന്നു.
കുടുംബാംഗങ്ങൾ എന്നെ ഒരുപാട് സഹായിച്ചു. മനസ്സുമടുത്തിരിക്കുമ്പോൾ ഞങ്ങൾ ഓരോ തമാശകൾ പറഞ്ഞ് ചിരിക്കും. എന്റെ അമ്മയും സഹോദരിമാരും എന്നെ നന്നായി ഒരുക്കും, എനിക്കു സ്വന്തമായി അതൊന്നും ചെയ്യാൻപറ്റില്ലല്ലോ. നല്ല പൊക്കമുള്ള ചെരുപ്പൊന്നും ഇടാൻ പറ്റില്ലല്ലോ എന്നൊക്കെ ചിലപ്പോൾ തോന്നും. പക്ഷേ കുട്ടിയായിരുന്നപ്പോൾ ഒരിക്കൽ ചെരുപ്പ് കൈയിൽ ഇട്ട് മുട്ടുകുത്തിനടന്ന് എന്റെ ആ ആഗ്രഹം ഞാൻ സാധിച്ചെടുത്തു. അതുംപറഞ്ഞ് ഞങ്ങൾ എത്ര ചിരിച്ചെന്നോ!
എനിക്ക് അതിർവരമ്പുകൾ തീർക്കാൻ എന്റെ സാഹചര്യത്തെ ഞാൻ അനുവദിക്കാറില്ല. ഞാൻ പുതിയ ഭാഷകൾ പഠിക്കും. പിന്നെ, നീന്തൽ എനിക്ക് വളരെ ഇഷ്ടമാണ്. സർഫിങ്ങും സ്നോബോർഡിങ്ങും പോലുള്ള കളികൾ കളിക്കാൻപറ്റാത്ത കുറവ് ഞാൻ അങ്ങനെ തീർക്കും. ഞാൻ ഒരു യഹോവയുടെ സാക്ഷിയാണ്. എന്റെ വിശ്വാസം മറ്റുള്ളവരുമായി പങ്കുവെച്ചുകൊണ്ട് ശുശ്രൂഷയ്ക്കു പോകുന്നതും ഞാൻ ഒത്തിരി ആസ്വദിക്കുന്നു. ഞാൻ പറയുന്ന കാര്യങ്ങൾ ആളുകൾ നന്നായി ശ്രദ്ധിക്കുന്നതായി എനിക്കു തോന്നിയിട്ടുണ്ട്.
എന്റെ ഈ അവസ്ഥ താത്കാലികമാണെന്ന് മാതാപിതാക്കൾ ഞാൻ കുഞ്ഞായിരിക്കുമ്പോൾതൊട്ട് എന്നെ പഠിപ്പിച്ചിട്ടുണ്ട്. അന്നുമുതൽ ഞാൻ യഹോവയിലും, എന്റേതുൾപ്പെടെ ഭൂമിയിലെ എല്ലാവരുടെയും കഷ്ടപ്പാടുകൾ മാറ്റുമെന്ന യഹോവയുടെ വാഗ്ദാനത്തിലും ശക്തമായ വിശ്വാസം വളർത്തിയെടുത്തിരിക്കുന്നു. മുന്നോട്ടുപോകാൻ ആ വിശ്വാസമാണ് എനിക്കു ശക്തി തരുന്നത്.—വെളിപാട് 21:3, 4.
ചിന്തിക്കാൻ: അനെയ്സിനെപ്പോലെ നിങ്ങൾക്കും എങ്ങനെയാണ് ആരോഗ്യപ്രശ്നവുമായി പൊരുത്തപ്പെട്ടുകൊണ്ട് മുന്നോട്ടുപോകാൻ കഴിയുക?
ജൂലിയാന
ഹൃദയത്തെയും ശ്വാസകോശത്തെയും രക്തത്തെയും ബാധിക്കുന്ന വേദനാകരമായ ഒരു രോഗമാണ് (ഓട്ടോ ഇമ്മ്യൂൺ ഡിസോർഡർ) എനിക്ക്. അത് ഇപ്പോൾത്തന്നെ എന്റെ വൃക്കകളെ ബാധിച്ചിരിക്കുകയാണ്.
10 വയസ്സുള്ളപ്പോഴാണ് എനിക്ക് ലൂപസ് എന്ന രോഗമാണെന്നു കണ്ടുപിടിച്ചത്. വേദന, കടുത്ത തളർച്ച, വൈകാരിക ഏറ്റക്കുറച്ചിലുകൾ എന്നിവയെല്ലാം രോഗത്തിന്റെ ഭാഗമാണ്. ഒന്നിനും കൊള്ളാത്തവളാണെന്ന തോന്നൽ ചിലപ്പോഴൊക്കെ എന്നെ വേട്ടയാടാറുണ്ട്.
എനിക്ക് 13 വയസ്സുള്ളപ്പോൾ യഹോവയുടെ സാക്ഷികളിലൊരാൾ ഞങ്ങളുടെ വീട്ടിൽ വന്നു. ആ സഹോദരി യശയ്യ 41:10 എന്നെ വായിച്ചുകേൾപ്പിച്ചു: “പേടിക്കേണ്ടാ, ഞാൻ നിന്റെകൂടെയുണ്ട്. . . . എന്റെ നീതിയുള്ള വലങ്കൈകൊണ്ട് ഞാൻ നിന്നെ മുറുകെ പിടിക്കും.” അങ്ങനെ ഞാൻ യഹോവയുടെ സാക്ഷികളോടൊപ്പം ബൈബിൾ പഠിക്കാൻ തുടങ്ങി. ഇപ്പോൾ എട്ടു വർഷം കഴിഞ്ഞിരിക്കുന്നു. ഇന്ന് ഞാൻ യഹോവയെ മുഴുഹൃദയത്തോടെ സേവിക്കുന്നു. എന്റെ രോഗം എന്നെ നിയന്ത്രിക്കാൻ അനുവദിക്കില്ലെന്നു ഞാൻ ഉറച്ച തീരുമാനമെടുത്തിരിക്കുന്നു. യഹോവ എനിക്ക് “അസാധാരണശക്തി” നൽകുന്നതായി പലപ്പോഴും എനിക്കു തോന്നിയിട്ടുണ്ട്. സന്തോഷം നിലനിറുത്താൻ അത് എന്നെ സഹായിക്കുന്നു.—2 കൊരിന്ത്യർ 4:7.
ചിന്തിക്കാൻ: ജൂലിയാനയെപ്പോലെ സന്തോഷം നിലനിറുത്താൻ യശയ്യ 41:10 നിങ്ങളെ സഹായിക്കുന്നത് എങ്ങനെ?