ക്രിസ്‌തീയ സഭയിൽ നിങ്ങൾക്കൊരു സ്ഥാനമുണ്ട്: അത് ശ്രേഷ്‌ഠമായി കരുതുക
ക്രിസ്‌തീയ സഭയിൽ നിങ്ങൾക്കൊരു സ്ഥാനമുണ്ട്: അത് ശ്രേഷ്‌ഠമായി കരുതുക
“ദൈവമോ തന്റെ ഇഷ്ടപ്രകാരം അവയവങ്ങളെ ശരീരത്തിൽ വെവ്വേറായി വെച്ചിരിക്കുന്നു.”—1 കൊരി. 12:18.
1, 2. (എ) സഭയിൽ എല്ലാവർക്കും വിലപ്പെട്ട ഒരു പങ്കുവഹിക്കാനുണ്ടെന്ന് നാം എങ്ങനെ മനസ്സിലാക്കുന്നു? (ബി) ഈ ലേഖനത്തിൽ ഏതെല്ലാം ചോദ്യങ്ങൾക്കു നാം ഉത്തരം കണ്ടെത്തും?
ഇസ്രായേൽജനതയുടെ കാലംമുതൽ യഹോവ തന്റെ ജനത്തിന് ആത്മീയ പോഷണവും മാർഗനിർദേശവും നൽകുന്നത് സഭാക്രമീകരണം മുഖേനയാണ്. ഒരു ഉദാഹരണം നോക്കിയാൽ, ഇസ്രായേൽജനത ഹായിപട്ടണം പിടിച്ചടക്കിയശേഷം യോശുവ, ‘യിസ്രായേൽസഭ മുഴുവനും കേൾക്കെ,’ “ന്യായപ്രമാണപുസ്‌തകത്തിൽ എഴുതിയിരിക്കുന്നതുപോലെ ഒക്കെയും അനുഗ്രഹവും ശാപവുമായ ന്യായപ്രമാണ വചനങ്ങളെല്ലാം വായിച്ചു” എന്ന് നാം കാണുന്നു.—യോശു. 8:34, 35.
2 എ.ഡി. ഒന്നാം നൂറ്റാണ്ടിൽ പൗലോസ് അപ്പൊസ്‌തലൻ ക്രിസ്‌തീയ മൂപ്പനായ തിമൊഥെയൊസിനോട് ക്രിസ്‌തീയ സഭ ‘ദൈവഭവനമാണെന്നും’ ‘സത്യത്തിന്റെ തൂണും താങ്ങുമാണെന്നും’ പറയുകയുണ്ടായി. (1 തിമൊ. 3:15) സത്യക്രിസ്‌ത്യാനികളുടെ ലോകവ്യാപക സഹോദരവർഗമാണ് ഇന്ന് ‘ദൈവഭവനമായി’ വർത്തിക്കുന്നത്. കൊരിന്ത്യർക്ക് എഴുതിയ ഒന്നാം ലേഖനത്തിന്റെ 12-ാം അധ്യായത്തിൽ പൗലോസ് സഭയെ മനുഷ്യശരീരത്തോട് ഉപമിക്കുന്നു. അവയവങ്ങൾക്കെല്ലാം വ്യത്യസ്‌ത ധർമമാണുള്ളതെങ്കിലും അവയെല്ലാം ശരീരത്തിന് ഒരുപോലെ ആവശ്യമാണ്. പൗലോസ് എഴുതി: “ദൈവം തന്റെ ഇഷ്ടാനുസരണം ഓരോ അവയവത്തെയും ശരീരത്തിൽ ക്രമീകരിച്ചിരിക്കുന്നു.” “മാനം കുറവെന്നു കരുതുന്ന അവയവങ്ങളെ നാം ഏറെ മാനം അണിയിക്കുന്നു.” (1 കൊരി. 12:18, 23) അതുകൊണ്ട് ദൈവഭവനത്തിലെ വിശ്വസ്‌തനായ ഒരു വ്യക്തി വഹിക്കുന്ന പങ്ക് വിശ്വസ്‌തനായ മറ്റൊരു വ്യക്തിയുടേതിനെക്കാൾ ഉയർന്നതോ താണതോ അല്ല. അവ ഒന്നിനോടൊന്ന് വ്യത്യാസപ്പെട്ടിരിക്കുന്നു എന്നുമാത്രം. അങ്ങനെയെങ്കിൽ സഭയിൽ നമ്മുടെ ഭാഗധേയം തിരിച്ചറിയാനും അത് വിലമതിക്കാനും നമുക്കെങ്ങനെ കഴിയും? ഏതൊക്കെ ഘടകങ്ങൾ അതിനെ സ്വാധീനിച്ചേക്കാം? ‘നമ്മുടെ അഭിവൃദ്ധി സകലർക്കും’ ദൃശ്യമാകാൻ നാം എന്തു ചെയ്യണം?—1 തിമൊ. 4:15.
നമ്മുടെ പങ്കിനെ എങ്ങനെ വിലമതിക്കാം?
3. സഭയിൽ നമ്മുടെ ഭാഗധേയം കണ്ടെത്താനും നാം അതിനെ മൂല്യമുള്ളതായി കരുതുന്നുവെന്ന് തെളിയിക്കാനും കഴിയുന്ന ഒരു മാർഗം എന്താണ്?
3 സഭയിൽ നമ്മുടെ ഭാഗധേയം കണ്ടെത്താനും നാം അതിനെ മൂല്യമുള്ളതായി കരുതുന്നുവെന്ന് തെളിയിക്കാനും കഴിയുന്ന ഒരു മാർഗം എന്താണ്? വിശ്വസ്‌തനും വിവേകിയുമായ അടിമയോടും അതിന്റെ ഭരണസംഘത്തോടും പൂർണമായി സഹകരിക്കുക. (മത്തായി 24:45-47 വായിക്കുക.) അടിമവർഗത്തിൽനിന്നു ലഭിക്കുന്ന നിർദേശങ്ങളോടുള്ള നമ്മുടെ മനോഭാവം എന്താണ്? ഉദാഹരണത്തിന് പലപ്പോഴായി വസ്‌ത്രധാരണം, ചമയം, വിനോദം, ഇന്റർനെറ്റിന്റെ ദുരുപയോഗം എന്നിവയെക്കുറിച്ചുള്ള വ്യക്തമായ നിർദേശങ്ങൾ നമുക്കു ലഭിച്ചിട്ടുണ്ട്. നമ്മുടെ ആത്മീയ സുരക്ഷയ്‌ക്കുതകുന്ന ഈ വിലപ്പെട്ട നിർദേശങ്ങൾ നാം ശ്രദ്ധയോടെകേട്ട് അനുസരിക്കാറുണ്ടോ? കുടുംബാരാധന ജീവിതചര്യയുടെ ഭാഗമാക്കാനുള്ള ഉദ്‌ബോധനം നിങ്ങൾ ബാധകമാക്കിയോ? ആ ലക്ഷ്യത്തിൽ ഒരു വൈകുന്നേരം നിങ്ങൾ മാറ്റിവെച്ചിട്ടുണ്ടോ? അവിവാഹിതരായ സഹോദരീസഹോദരന്മാർ വ്യക്തിപരമായ ബൈബിൾ പഠനത്തിനായി ഒരു ക്ലിപ്‌തസമയം ക്രമീകരിച്ചിട്ടുണ്ടോ? അടിമവർഗം നൽകുന്ന മാർഗനിർദേശം അനുസരിക്കുന്നെങ്കിൽ യഹോവ നമ്മെ വ്യക്തിപരമായും കുടുംബമായും അനുഗ്രഹിക്കും.
4. തീരുമാനങ്ങളെടുക്കുമ്പോൾ നാം എന്തു കണക്കിലെടുക്കണം?
4 വിനോദം, വസ്‌ത്രധാരണം, ചമയം എന്നിവയൊക്കെ വ്യക്തിപരമായ കാര്യങ്ങളല്ലേ എന്ന് ചിലർ ചിന്തിച്ചേക്കാം. എന്നാൽ, സഭാക്രമീകരണത്തെ വിലമതിക്കുന്ന ഒരു സമർപ്പിത ക്രിസ്‌ത്യാനി തീരുമാനങ്ങളെടുക്കുന്നത് സ്വന്തം താത്‌പര്യങ്ങൾമാത്രം കണക്കിലെടുത്തുകൊണ്ടായിരിക്കരുത്. ദൈവവചനത്തിലൂടെ യഹോവ വെളിപ്പെടുത്തിയിരിക്കുന്ന നിലവാരങ്ങൾക്ക് ആ വ്യക്തി പ്രത്യേക പരിഗണന നൽകേണ്ടതാണ്. ദൈവവചനം ‘നമ്മുടെ കാലിന്നു ദീപവും നമ്മുടെ പാതെക്കു പ്രകാശവും’ ആയിരിക്കണം. (സങ്കീ. 119:105) ജീവിതത്തിൽ നാം എടുക്കുന്ന തീരുമാനങ്ങൾ നമ്മുടെ ശുശ്രൂഷയെയും സഭയ്‌ക്ക് അകത്തുംപുറത്തുമുള്ളവരെയും എങ്ങനെ ബാധിച്ചേക്കാമെന്ന കാര്യവും നാം പരിഗണിക്കണം.—2 കൊരിന്ത്യർ 6:3, 4 വായിക്കുക.
5. നമ്മിൽ സ്വതന്ത്രചിന്താഗതി രൂപപ്പെടുന്നതിനെതിരെ നാം ജാഗ്രതപാലിക്കേണ്ടത് എന്തുകൊണ്ട്?
5 ‘അനുസരണക്കേടിന്റെ മക്കളിൽ ഇപ്പോൾ വ്യാപരിക്കുന്ന ആത്മാവ്’ നാം ശ്വസിക്കുന്ന വായുപോലെ എല്ലായിടത്തും വ്യാപകമാണ്. (എഫെ. 2:2) യഹോവയുടെ സംഘടനയിൽനിന്നുള്ള നിർദേശങ്ങൾ നമുക്ക് ആവശ്യമില്ലെന്ന തോന്നൽ നമ്മിലുളവാക്കാൻ ഈ ആത്മാവിനു കഴിയും. അങ്ങനെയൊരു സ്വതന്ത്രചിന്താഗതി നമ്മിൽ രൂപപ്പെടാതിരിക്കാൻ നാം ശ്രദ്ധിക്കേണ്ടതുണ്ട്. ‘യോഹന്നാൻ അപ്പൊസ്‌തലന്റെ വാക്കു കൈക്കൊള്ളാൻ കൂട്ടാക്കാതിരുന്ന’ ദിയൊത്രെഫേസിനെപ്പോലെ ആകരുത് നാം. (3 യോഹ. 9, 10) യഹോവ ഇന്ന് ഉപയോഗിക്കുന്ന സരണിയെ വാക്കുകൊണ്ടോ പ്രവൃത്തികൊണ്ടോ നമുക്ക് എതിർക്കാതിരിക്കാം. (സംഖ്യാ. 16:1-3) മറിച്ച് അടിമവർഗത്തോടു ചേർന്നു പ്രവർത്തിക്കാനുള്ള പദവിയെ നമുക്ക് അമൂല്യമായി കരുതാം. അതുപോലെതന്നെ, നമ്മുടെ പ്രാദേശിക സഭയിൽ നേതൃത്വമെടുക്കുന്നവരെ അനുസരിക്കാനും അവർക്കു കീഴടങ്ങിയിരിക്കാനും നാം ശ്രദ്ധിക്കേണ്ടതല്ലേ?—എബ്രായർ 13:7, 17 വായിക്കുക.
6. നമ്മുടെ ജീവിതസാഹചര്യങ്ങൾ നാം വിലയിരുത്തേണ്ടത് എന്തുകൊണ്ട്?
6 സഭയിലെ നമ്മുടെ പങ്കിനെ വിലയേറിയതായി കരുതുന്നുവെന്നു തെളിയിക്കാനുള്ള മറ്റൊരു മാർഗം എന്താണെന്നു നോക്കാം. അത്, “ശുശ്രൂഷയെ മഹത്ത്വപ്പെടുത്താനും” യഹോവയ്‌ക്കു ബഹുമതി കരേറ്റാനുമായി നമ്മാലാവുന്നതെല്ലാം ചെയ്യുക എന്നതാണ്. അതിനായി നിങ്ങളുടെ സാഹചര്യം നന്നായൊന്ന് വിലയിരുത്തിനോക്കരുതോ? (റോമ. 11:13) അങ്ങനെചെയ്‌ത സഹോദരങ്ങളിൽ ചിലർ സാധാരണ പയനിയർമാരായി സേവിക്കുന്നു. മറ്റുചിലർ മിഷനറിമാരായും സഞ്ചാരമേൽവിചാരകന്മാരായും ബെഥേൽ അംഗങ്ങളായും സേവിക്കുന്നു. രാജ്യഹാൾ നിർമാണവേലയിൽ സഹായിക്കുന്ന അനവധി സഹോദരീസഹോദരന്മാരുണ്ട്. യഹോവയുടെ ജനത്തിനിടയിലെ ഭൂരിപക്ഷംപേരും കുടുംബാംഗങ്ങളുടെ ആത്മീയക്ഷേമത്തിൽ നന്നായി ശ്രദ്ധിച്ചുകൊണ്ട് ഓരോ ആഴ്‌ചയും ശുശ്രൂഷയിൽ തങ്ങളുടെ പരമാവധി ചെയ്യുന്നവരാണ്. (കൊലോസ്യർ 3:23, 24 വായിക്കുക.) ദൈവസേവനത്തിനായി സ്വമേധയാ അർപ്പിച്ച് നാം സർവാത്മനാ അവനുവേണ്ടി പ്രവർത്തിക്കുമ്പോൾ ദൈവത്തിന്റെ സഭയിൽ നമുക്കൊരു സ്ഥാനമുണ്ടായിരിക്കുമെന്നു തീർച്ച.
സഭയിലെ നമ്മുടെ പങ്കിനെ നിർണയിക്കുന്ന ഘടകങ്ങൾ
7. സഭയിലെ നമ്മുടെ ഭാഗധേയം നിർണയിക്കുന്നതിൽ നമ്മുടെ സാഹചര്യങ്ങൾ ഒരു പങ്കുവഹിക്കുന്നത് എങ്ങനെയെന്ന് വിശദീകരിക്കുക?
7 സഭയിൽ നമുക്ക് എന്തു ചെയ്യാൻ സാധിക്കും എന്നതിനെ ആശ്രയിച്ചാണ് ഒരു പരിധിവരെ സഭയിൽ നമുക്കുള്ള സ്ഥാനം നിർണയിക്കപ്പെടുന്നത്. അതുകൊണ്ട് നമ്മുടെ സാഹചര്യമൊന്നു വിലയിരുത്തിനോക്കേണ്ടത് പ്രധാനമാണ്. ഉദാഹരണത്തിന്, സഭയിൽ ഒരു സഹോദരനുള്ള പങ്ക് ചില വശങ്ങളിൽ ഒരു സഹോദരിയുടേതിൽനിന്നും വ്യത്യസ്‌തമാണ്. കൂടാതെ, യഹോവയുടെ സേവനത്തിൽ നമുക്ക് എത്രത്തോളം ചെയ്യാനാകും എന്നതിനെ പ്രായവും ആരോഗ്യവും മറ്റു ഘടകങ്ങളുമൊക്കെ സ്വാധീനിച്ചേക്കാം. “യൌവനക്കാരുടെ ശക്തി അവരുടെ പ്രശംസ; വൃദ്ധന്മാരുടെ നര അവരുടെ ഭൂഷണം” എന്ന് സദൃശവാക്യങ്ങൾ 20:29 പറയുന്നു. ആരോഗ്യവും ചുറുചുറുക്കും ഉള്ളതിനാൽ ചെറുപ്പക്കാർക്ക് കായികമായി കൂടുതൽ ചെയ്യാനാകും. എന്നാൽ പ്രായമേറിയവരുടെ കാര്യത്തിൽ അവരുടെ അറിവും അനുഭവപരിചയവുമാണ് സഭയ്‌ക്ക് മുതൽക്കൂട്ടാകുന്നത്. പക്ഷേ, യഹോവയുടെ സംഘടനയിൽ നമുക്കു ചെയ്യാൻ സാധിക്കുന്നതൊക്കെ ദൈവത്തിന്റെ കൃപകൊണ്ടാണ് എന്ന വസ്‌തുത നാം എല്ലായ്‌പോഴും മനസ്സിൽപ്പിടിക്കണം.—പ്രവൃ. 14:26; റോമ. 12:6-8.
8. നമ്മുടെ ആഗ്രഹം, സഭയിൽ നാം ചെയ്യുന്ന കാര്യങ്ങളെ സ്വാധീനിക്കുന്നത് എങ്ങനെ?
8 അടുത്തതായി നമുക്ക് മറ്റൊരു ഘടകത്തെക്കുറിച്ചു ചിന്തിക്കാം. ഒരു കുടുംബത്തിലെ രണ്ടുപെൺകുട്ടികളുടെ ദൃഷ്ടാന്തം അതു മനസ്സിലാക്കാൻ നമ്മെ സഹായിക്കും. അവർ ഇരുവരും ഹൈസ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. ഒരേ സാഹചര്യങ്ങളാണ് രണ്ടുപേർക്കുമുള്ളത്. പഠനശേഷം സാധാരണ പയനിയർസേവനം ഏറ്റെടുക്കാൻ അവരിരുവരെയും മാതാപിതാക്കൾ ഒരുപോലെ പ്രോത്സാഹിപ്പിച്ചെങ്കിലും ഒരാൾ പയനിയറിങ്ങും മറ്റേയാൾ മുഴുസമയജോലിയും തിരഞ്ഞെടുത്തു. ഇവരുടെ തീരുമാനങ്ങളെ ഭരിച്ചത് എന്തായിരുന്നു? അവരുടെ ആഗ്രഹം. ഓരോരുത്തരും അവർ ആഗ്രഹിച്ചതെന്തോ അത് തിരഞ്ഞെടുത്തു. നമ്മിൽ മിക്കവരുടെ കാര്യവും അങ്ങനെതന്നെയല്ലേ? ദൈവത്തിന്റെ സേവനത്തിൽ നാം എന്താണ് ചെയ്യാൻ ആഗ്രഹിക്കുന്നതെന്ന് നാം സഗൗരവം ചിന്തിക്കേണ്ടതുണ്ട്. ദൈവസേവനത്തിലെ നമ്മുടെ പങ്ക് വർധിപ്പിക്കാൻ നമുക്കു കഴിയുമോ, സാഹചര്യങ്ങളിൽ ചില ക്രമപ്പെടുത്തലുകൾ വരുത്തിക്കൊണ്ടുപോലും?—2 കൊരി. 9:7.
9, 10. യഹോവയുടെ സേവനത്തിൽ കൂടുതൽ ചെയ്യാനുള്ള ഉത്സാഹം നമുക്കില്ലെങ്കിൽ നാം എന്തു ചെയ്യണം?
9 ഇനി, യഹോവയുടെ സേവനത്തിൽ കൂടുതൽ ചെയ്യാനുള്ള ഒരുത്സാഹം നമുക്കില്ലെങ്കിലോ? അതായത് പേരിനുമാത്രം സഭാ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന രീതിയാണോ നമ്മുടേത്? ഫിലിപ്പിയിലെ ക്രിസ്‌ത്യാനികൾക്കുള്ള ലേഖനത്തിൽ പൗലോസ് എഴുതി: “നിങ്ങൾക്ക് ഇച്ഛിക്കാനും പ്രവർത്തിക്കാനും കഴിയേണ്ടതിന് തന്റെ പ്രസാദപ്രകാരം നിങ്ങളിൽ പ്രവർത്തിക്കുന്നതു ദൈവമാകുന്നു.” അതെ, യഹോവയ്‌ക്ക് നമ്മിൽ പ്രവർത്തിക്കാനാകും, അങ്ങനെ അവന്റെ സേവനത്തിൽ കൂടുതൽ ചെയ്യുന്നതിനുള്ള ഉത്സാഹം നമ്മിൽ ഉളവാക്കാനും.—ഫിലി. 2:13; 4:13.
10 അങ്ങനെയെങ്കിൽ അവന്റെ ഇഷ്ടം ചെയ്യാനുള്ള ആഗ്രഹം നമ്മിൽ അങ്കുരിപ്പിക്കാൻ യഹോവയോടു ചോദിക്കരുതോ? പുരാതന ഇസ്രായേലിലെ രാജാവായിരുന്ന ദാവീദ് അതാണു ചെയ്‌തത്. അവൻ പ്രാർഥിച്ചു: “യഹോവേ, നിന്റെ വഴികളെ എന്നെ അറിയിക്കേണമേ; നിന്റെ പാതകളെ എനിക്കു ഉപദേശിച്ചുതരേണമേ! നിന്റെ സത്യത്തിൽ എന്നെ നടത്തി എന്നെ പഠിപ്പിക്കേണമേ; നീ എന്റെ രക്ഷയുടെ ദൈവമാകുന്നുവല്ലോ; ദിവസം മുഴുവനും ഞാൻ നിങ്കൽ പ്രത്യാശവെക്കുന്നു.” (സങ്കീ. 25:4, 5) നമുക്കും അതുതന്നെ ചെയ്യാനാകും. യഹോവയുടെ ഇഷ്ടം ചെയ്യാനുള്ള ആഗ്രഹം നമ്മിൽ ഉളവാക്കണമേയെന്ന് നമുക്ക് അവനോടു പ്രാർഥിക്കാനാകും. യഹോവയുടെയും അവന്റെ പുത്രന്റെയും ഇഷ്ടത്തിനനുസരിച്ച് നാം പ്രവർത്തിക്കുമ്പോൾ അവർ അതിനെ എത്രയധികം വിലമതിക്കുന്നുവെന്നോ! ഈ അറിവ് അവരോടുള്ള നന്ദിയും സ്‌നേഹവും നമ്മുടെ ഉള്ളിൽ നിറയ്‌ക്കും. (മത്താ. 26:6-10; ലൂക്കോ. 21:1-4) അത് യഹോവയുടെ സേവനത്തിൽ പുരോഗതിവരുത്താനുള്ള ഒരു അഭിവാഞ്‌ഛ നമ്മിൽ ഉളവാക്കണമേയെന്നു പ്രാർഥിക്കാൻ നമ്മെ പ്രേരിപ്പിക്കും. ഇക്കാര്യത്തിൽ യെശയ്യാപ്രവാചകന്റെ മനോഭാവമാണ് നാം വളർത്തിയെടുക്കേണ്ടത്. “ഞാൻ ആരെ അയക്കേണ്ടു? ആർ നമുക്കു വേണ്ടി പോകും?” എന്നു ചോദിക്കുന്ന യഹോവയുടെ ശബ്ദം കേട്ടപ്പോൾ പ്രവാചകൻ, “അടിയൻ ഇതാ അടിയനെ അയക്കേണമേ എന്നു” പറഞ്ഞു.—യെശ. 6:8.
അഭിവൃദ്ധി വരുത്തേണ്ടത് എങ്ങനെ?
11. (എ) സംഘടനയിൽ, ഉത്തരവാദിത്വസ്ഥാനങ്ങളിലേക്ക് സഹോദരന്മാർ വരേണ്ടത് എന്തുകൊണ്ട്? (ബി) സേവനപദവികളിൽ എത്തിച്ചേരാൻ സഹോദരന്മാർക്ക് എങ്ങനെ കഴിയും?
11 സേവനവർഷം 2008-ൽ 2,89,678 പേർ ലോകവ്യാപകമായി സ്‌നാനമേൽക്കുകയുണ്ടായി. നേതൃത്വമെടുക്കാൻ കൂടുതൽ സഹോദരന്മാരെ ആവശ്യമുണ്ടെന്നല്ലേ ഇതു കാണിക്കുന്നത്? ഈ ആവശ്യത്തോട് ഒരു സഹോദരൻ എങ്ങനെ പ്രതികരിക്കണം? ലളിതമായി പറഞ്ഞാൽ, തിരുവെഴുത്തുകൾ ശുശ്രൂഷാദാസന്മാർക്കും മൂപ്പന്മാർക്കുമായി വെച്ചിരിക്കുന്ന യോഗ്യതകളിൽ എത്തിച്ചേരാൻ ശ്രമിക്കുക. (1 തിമൊ. 3:1-10, 12, 13; തീത്തൊ. 1:5-9) ഈ യോഗ്യതകളിൽ എത്തിച്ചേരാൻ ഒരു സഹോദരന് എങ്ങനെ സാധിക്കും? ശുശ്രൂഷയിൽ തീക്ഷ്‌ണതയോടെ ഏർപ്പെടുകയും സഭാനിയമനങ്ങൾ ശുഷ്‌കാന്തിയോടെ നിർവഹിക്കുകയും യോഗങ്ങളിൽ നല്ലനല്ല അഭിപ്രായങ്ങൾ പറയുകയും സഹവിശ്വാസികളുടെ കാര്യത്തിൽ വ്യക്തിപരമായ താത്‌പര്യമെടുക്കുകയുമൊക്കെ ചെയ്‌തുകൊണ്ട്. സഭയിലെ തന്റെ ഭാഗധേയം അദ്ദേഹം വിലപ്പെട്ടതായി കരുതുന്നുവെന്നതിന്റെ തെളിവുകളായിരിക്കും അത്.
12. യുവാക്കൾക്ക് സത്യത്തോടുള്ള തീക്ഷ്‌ണത പ്രകടമാക്കാൻ കഴിയുന്നതെങ്ങനെ?
12 ചെറുപ്പക്കാരായ സഹോദരന്മാർക്ക്, വിശേഷിച്ചും കൗമാരപ്രായത്തിലുള്ളവർക്ക് സഭയിൽ അഭിവൃദ്ധി കൈവരിക്കാൻ എങ്ങനെ കഴിയും? തിരുവെഴുത്തുകൾ നന്നായി പഠിച്ചുകൊണ്ട് “സകലജ്ഞാനവും ആത്മീയഗ്രാഹ്യവും ഉള്ളവരായി” വളരാൻ അവർക്കു ശ്രമിക്കാനാകും. (കൊലോ. 1:9) ദൈവവചനം ശുഷ്‌കാന്തിയോടെ പഠിക്കുന്നതും സഭായോഗങ്ങളിൽ നന്നായി പങ്കുപറ്റുന്നതും അഭിവൃദ്ധി കൈവരിക്കാൻ സഹായകമാണ്. മുഴുസമയശുശ്രൂഷയുടെ വ്യത്യസ്‌ത മണ്ഡലങ്ങളിൽ ‘പ്രവർത്തിക്കാൻ’ അവസരമൊരുക്കുന്ന ഒരു “വലിയ വാതിൽ” ഈ പുരുഷന്മാർക്കായി തുറന്നുകിടക്കുന്നു. അതിനുള്ള യോഗ്യതപ്രാപിക്കുക എന്നത് യുവാക്കളേ, നിങ്ങൾക്കൊരു ലക്ഷ്യമാക്കരുതോ? (1 കൊരി. 16:9) യഹോവയുടെ സേവനം ജീവിതലക്ഷ്യമാക്കുന്നെങ്കിൽ തികച്ചും സംതൃപ്‌തികരമായ ഒരു ജീവിതമായിരിക്കും നമുക്ക് അതുവഴി ലഭിക്കുക. അതിന്റെ അനുഗ്രഹങ്ങളാകട്ടെ എണ്ണമറ്റതും.—സഭാപ്രസംഗി 12:1 വായിക്കുക.
13, 14. സഭയിൽ തങ്ങൾക്കുള്ള സ്ഥാനത്തെ അതിയായി വിലമതിക്കുന്നുവെന്ന് സഹോദരിമാർക്ക് എങ്ങനെ കാണിക്കാനാകും?
13 സങ്കീർത്തനം 68:11-ന്റെ നിവൃത്തിയിൽ നേരിട്ടൊരു പങ്കു വഹിക്കാനുള്ള പദവി സഹോദരിമാർക്കുണ്ട് . അവിടെ നാം വായിക്കുന്നു: “കർത്താവു ആജ്ഞ കൊടുക്കുന്നു; സുവാർത്താദൂതികൾ വലിയോരു ഗണമാകുന്നു.” സഹോദരിമാർക്ക് സഭയിലെ തങ്ങളുടെ സ്ഥാനത്തോട് വിലമതിപ്പുകാണിക്കാനുള്ള ഒരു സവിശേഷ മാർഗം ശിഷ്യരാക്കൽവേലയിൽ പങ്കെടുക്കുക എന്നതാണ്. (മത്താ. 28:19, 20) അതുകൊണ്ട് ശുശ്രൂഷയിൽ പരമാവധി ചെയ്‌തുകൊണ്ടും അതിനുവേണ്ടി മനസ്സോടെ ത്യാഗങ്ങൾ അനുഷ്‌ഠിച്ചുകൊണ്ടും സഹോദരിമാർക്ക് സഭയിൽ അവർക്കുള്ള സ്ഥാനത്തെ വിലപ്പെട്ടതായി കരുതാനാകും.
14 തീത്തൊസിന് എഴുതവെ പൗലോസ് ഇങ്ങനെ പറഞ്ഞു: ‘പ്രായംചെന്ന സ്‌ത്രീകൾ ദൈവഭക്തർക്കൊത്ത പെരുമാറ്റശീലമുള്ളവരും നന്മ ഉപദേശിക്കുന്നവരും ആയിരിക്കട്ടെ. അപ്പോൾ യൗവനക്കാരികളെ, ഭർത്താക്കന്മാരെയും മക്കളെയും സ്‌നേഹിക്കുന്നവരും സുബോധമുള്ളവരും പാതിവ്രത്യമുള്ളവരും വീട്ടുകാര്യം നോക്കുന്നവരും നന്മയുള്ളവരും ഭർത്താക്കന്മാർക്കു കീഴ്‌പെട്ടിരിക്കുന്നവരും ആയിരിക്കാൻ ഉപദേശിക്കുന്നതിന് അവർക്കു കഴിയും. അങ്ങനെയായാൽ, ദൈവത്തിന്റെ വചനം ദുഷിക്കപ്പെടാൻ ഇടവരുകയില്ല.’ (തീത്തൊ. 2:3-5) പക്വതയുള്ള സഹോദരിമാർക്ക് സഭയിൽ എത്രനല്ല സ്വാധീനമായിരിക്കാൻ കഴിയും! നേതൃത്വമെടുക്കുന്ന സഹോദരന്മാരെ ആദരിച്ചുകൊണ്ടും വസ്‌ത്രധാരണം, ചമയം, വിനോദം എന്നിവയുടെ കാര്യത്തിൽ നല്ലതും ഉചിതവുമായ തീരുമാനങ്ങൾ എടുത്തുകൊണ്ടും അവർക്ക് സഭയിൽ നല്ല മാതൃകകളായിരിക്കാൻ കഴിയും. അങ്ങനെ സഭയിൽ തങ്ങൾക്കുള്ള സ്ഥാനത്തെ അതിയായി വിലമതിക്കുന്നുവെന്ന് അവർക്ക് കാണിക്കാനാകും.
15. ഒറ്റപ്പെടൽതോന്നുന്ന സാഹചര്യങ്ങളിൽ അവിവാഹിതയായ ഒരു സഹോദരിക്ക് എന്തു ചെയ്യാൻ കഴിയും?
15 അവിവാഹിതയായ ഒരു സഹോദരി, സഭയിൽ തനിക്കുള്ള ഭാഗധേയം എന്താണെന്ന് ചിലപ്പോഴൊക്കെ ചിന്തിച്ചേക്കാം. അവർ ഇങ്ങനെ ചിന്തിക്കുന്നതിന്റെ കാരണം അവിവാഹിതയായ ഒരു സഹോദരിയുടെ വാക്കുകളിൽനിന്നു നമുക്കു കാണാനാകും: “ഏകാകിയായുള്ള ജീവിതം ചിലപ്പോഴൊക്കെ ഒറ്റപ്പെടലായി മാറാറുണ്ട്.” ഈ സാഹചര്യത്തെ എങ്ങനെ തരണംചെയ്യുന്നുവെന്ന് ചോദിച്ചപ്പോൾ അവൾ പറഞ്ഞു: “സഭയ്‌ക്ക് ഉപകാരപ്പെടുന്ന ഒരംഗമായി എന്റെ സ്ഥാനം വീണ്ടും കണ്ടെത്താൻ പ്രാർഥനയും ബൈബിൾ പഠനവുമാണ് എന്നെ സഹായിക്കുന്നത്. യഹോവ എന്നെ എങ്ങനെ കാണുന്നു എന്നതിനെക്കുറിച്ച് ഞാൻ പഠിക്കുന്നു. തുടർന്ന് ഞാൻ സഭയിലെ മറ്റുള്ളവരെ സഹായിക്കുന്നതിന് ശ്രമിച്ചുതുടങ്ങി. ഇത് എപ്പോഴും എന്നെക്കുറിച്ചുതന്നെ ചിന്തിച്ചുകൊണ്ടിരിക്കാതെ മറ്റുള്ളവരെക്കുറിച്ചും ചിന്തിക്കാൻ എന്നെ സഹായിക്കുന്നു.” സങ്കീർത്തനം 32:8-ൽ യഹോവ ദാവീദിനോടു പറഞ്ഞു: “ഞാൻ നിന്റെമേൽ ദൃഷ്ടിവെച്ചു നിനക്കു ആലോചന പറഞ്ഞുതരും.” അതെ, അവിവാഹിതരായ സഹോദരിമാരുൾപ്പെടെ തന്റെ എല്ലാ ദാസന്മാരിലും യഹോവ താത്‌പര്യമെടുക്കുന്നു. സഭയിൽ അവരോരോരുത്തർക്കുമുള്ള ഭാഗധേയം തിരിച്ചറിയാൻ അവൻ അവരെ സഹായിക്കും.
നിങ്ങളുടെ സ്ഥാനം കാത്തുസൂക്ഷിക്കുക
16, 17. (എ) യഹോവയുടെ സംഘടനയുടെ ഭാഗമാകാനുള്ള ക്ഷണം സ്വീകരിക്കുന്നത് ഏറ്റവും നല്ല തീരുമാനമായിരിക്കുന്നത് എന്തുകൊണ്ട്? (ബി) യഹോവയുടെ സംഘടനയിലെ നമ്മുടെ സ്ഥാനം നമുക്ക് എങ്ങനെ കാത്തുസൂക്ഷിക്കാം?
16 താനുമായി ഒരു ബന്ധത്തിൽവരാൻ തന്റെ ഓരോ ദാസന്മാരെയും യഹോവ സ്‌നേഹപൂർവം ആകർഷിച്ചിരിക്കുന്നു. യേശു പറഞ്ഞു: “എന്നെ അയച്ച പിതാവ് ആകർഷിച്ചിട്ടല്ലാതെ ഒരു മനുഷ്യനും എന്റെ അടുക്കൽ വരാൻ കഴിയുകയില്ല.” (യോഹ. 6:44) ഈ കോടാനുകോടി ജനങ്ങളിൽനിന്ന് നിങ്ങളെ യഹോവ വ്യക്തിപരമായി ക്ഷണിച്ച് തന്റെ സഭയുടെ ഭാഗമാക്കിയിരിക്കുന്നു. ഈ ക്ഷണം സ്വീകരിച്ചതാണ് നാമെടുത്ത ഏറ്റവും നല്ല തീരുമാനം. അത് നമ്മുടെ ജീവിതത്തിന് അർഥം നൽകി. അതെ, ആ സഭയുടെ ഭാഗമായിരിക്കുന്നതിന്റെ സന്തോഷവും സംതൃപ്‌തിയും അനിർവചനീയമാണ്!
17 ‘യഹോവേ, നിന്റെ ആലയമായ വാസസ്ഥലം എനിക്കു പ്രിയമാകുന്നു’ എന്ന് സങ്കീർത്തനക്കാരൻ പാടി. അവൻ ഇങ്ങനെയും എഴുതി: “എന്റെ കാലടി സമനിലത്തു നില്‌ക്കുന്നു; സഭകളിൽ ഞാൻ യഹോവയെ വാഴ്‌ത്തും.” (സങ്കീ. 26:8, 12) സത്യദൈവം നമുക്കോരോരുത്തർക്കും തന്റെ സംഘടനയിൽ ഒരു സ്ഥാനം നൽകിയിട്ടുണ്ട്. ദിവ്യാധിപത്യനിർദേശങ്ങൾ അനുസരിച്ചുകൊണ്ടും ദൈവസേവനത്തിൽ തിരക്കോടെ ഏർപ്പെട്ടുകൊണ്ടും ദൈവത്തിന്റെ സഭയിൽ നമുക്കുള്ള സ്ഥാനം വിലപ്പെട്ടതായി കരുതാം.
നിങ്ങൾ ഓർമിക്കുന്നുവോ?
• എല്ലാ ക്രിസ്‌ത്യാനികൾക്കും സഭയിൽ ഒരു സ്ഥാനമുണ്ടെന്ന് ചിന്തിക്കുന്നത് ന്യായമായിരിക്കുന്നത് എന്തുകൊണ്ട്?
• ദൈവത്തിന്റെ സംഘടനയിൽ നമുക്കുള്ള പങ്കിനെ വിലപ്പെട്ടതായി കരുതുന്നുവെന്ന് എങ്ങനെ കാണിക്കാം?
• സഭയിൽ നമ്മുടെ ഭാഗധേയം നിർണയിക്കുന്നത് എന്താണ്?
• ചെറുപ്പക്കാർക്കും മുതിർന്നവർക്കും, സഭയിൽ തങ്ങൾക്കുള്ള സ്ഥാനത്തെ വിലമതിക്കുന്നുവെന്ന് എങ്ങനെ കാണിക്കാനാകും?
[അധ്യയന ചോദ്യങ്ങൾ]
[16-ാം പേജിലെ ചിത്രങ്ങൾ]
സഭയിലെ സേവനപദവികൾ എങ്ങനെ സഹോദരന്മാർക്ക് എത്തിപ്പിടിക്കാം?
[17-ാം പേജിലെ ചിത്രം]
സഭയിലെ തങ്ങളുടെ സ്ഥാനം വിലപ്പെട്ടതായി കരുതുന്നുവെന്ന് സഹോദരിമാർക്ക് എങ്ങനെ തെളിയിക്കാം?