കൊരി​ന്തി​ലു​ള്ള​വർക്ക്‌ എഴുതിയ രണ്ടാമത്തെ കത്ത്‌ 9:1-15

9  വിശു​ദ്ധർക്കുവേ​ണ്ടി​യുള്ള ഈ ശുശ്രൂഷയെക്കുറിച്ച്‌+ ഞാൻ നിങ്ങൾക്ക്‌ എഴുതേണ്ട കാര്യമേ ഇല്ല.  സഹായിക്കാനുള്ള നിങ്ങളു​ടെ മനസ്സൊ​രു​ക്കത്തെ​ക്കു​റിച്ച്‌ എനിക്ക്‌ അറിയാം. ‘കഴിഞ്ഞ ഒരു വർഷമാ​യി അഖായ​ക്കാർ ഒരുങ്ങി​യി​രി​ക്കു​ക​യാണ്‌’ എന്നു നിങ്ങ​ളെ​പ്പറ്റി ഞാൻ മാസിഡോ​ണി​യ​ക്കാരോ​ടു പുകഴ്‌ത്തി​പ്പ​റ​ഞ്ഞി​ട്ടുണ്ട്‌. നിങ്ങളു​ടെ ഉത്സാഹം അവരിൽ മിക്കവർക്കും ഒരു പ്രചോ​ദ​ന​മാ​യി.  ഇക്കാര്യത്തിൽ നിങ്ങ​ളെ​ക്കു​റിച്ച്‌ ഞങ്ങൾ പുകഴ്‌ത്തി​പ്പ​റ​ഞ്ഞതു വെറുതേ​യല്ലെന്നു വരാനും നിങ്ങ​ളെ​ക്കു​റിച്ച്‌ ഞാൻ പറഞ്ഞതുപോലെ​തന്നെ നിങ്ങൾ ശരിക്കും ഒരുങ്ങി​യി​രി​ക്കാ​നും വേണ്ടി​യാ​ണു ഞാൻ ഈ സഹോ​ദ​ര​ന്മാ​രെ അയയ്‌ക്കു​ന്നത്‌.  അല്ലെങ്കിൽ ഒരുപക്ഷേ, മാസിഡോ​ണി​യ​ക്കാർ എന്റെകൂ​ടെ വന്നിട്ട്‌ നിങ്ങളെ ഒരുങ്ങി​യി​രി​ക്കാ​ത്ത​വ​രാ​യി കണ്ടാൽ നിങ്ങളെ വിശ്വ​സി​ച്ച​തി​ന്റെ പേരിൽ ഞങ്ങൾ നാണംകെ​ട്ടുപോ​കും. നിങ്ങളു​ടെ കാര്യമൊ​ട്ടു പറയു​ക​യും വേണ്ടാ.  അതുകൊണ്ടാണ്‌ നിങ്ങൾ വാഗ്‌ദാ​നം ചെയ്‌ത ഉദാര​മായ സംഭാവന മുൻകൂ​ട്ടി ഒരുക്കിവെ​ക്ക​ണമെന്നു നിങ്ങ​ളോട്‌ ആവശ്യപ്പെ​ടാൻവേണ്ടി ഈ സഹോ​ദ​ര​ന്മാ​രെ നേര​ത്തേ​തന്നെ അവി​ടേക്ക്‌ അയയ്‌ക്കാൻ എനിക്കു തോന്നി​യത്‌. അങ്ങനെ​യാ​കുമ്പോൾ, അതു ഞങ്ങൾ പിടി​ച്ചു​വാ​ങ്ങിയ ഒന്നായി​ട്ടല്ല, ഉദാര​മായ സംഭാ​വ​ന​യാ​യി​ത്തന്നെ ഇരിക്കു​മ​ല്ലോ.  എന്നാൽ ഇത്‌ ഓർത്തുകൊ​ള്ളൂ: കുറച്ച്‌ വിതയ്‌ക്കു​ന്നവർ കുറച്ച്‌ മാത്രമേ കൊയ്യൂ; ധാരാളം വിതയ്‌ക്കു​ന്ന​വ​രോ ധാരാളം കൊയ്യും.+  ഓരോരുത്തരും ഹൃദയ​ത്തിൽ നിശ്ചയി​ച്ച​തുപോ​ലെ ചെയ്യട്ടെ. മനസ്സില്ലാമനസ്സോടെയോ* നിർബ​ന്ധ​ത്താ​ലോ അരുത്‌.+ സന്തോ​ഷത്തോ​ടെ കൊടു​ക്കു​ന്ന​വരെ​യാ​ണു ദൈവം സ്‌നേ​ഹി​ക്കു​ന്നത്‌.+  മാത്രമല്ല, തന്റെ അനർഹദയ മുഴുവൻ നിങ്ങളു​ടെ മേൽ ധാരാ​ള​മാ​യി ചൊരി​യാൻ ദൈവ​ത്തി​നു കഴിയും. അങ്ങനെ, ആവശ്യ​മു​ള്ളതെ​ല്ലാം നിങ്ങൾക്ക്‌ എപ്പോ​ഴു​മു​ണ്ടാ​കും. ഒപ്പം, നല്ല കാര്യങ്ങൾ ചെയ്യാൻ വേണ്ടതും സമൃദ്ധ​മാ​യു​ണ്ടാ​കും.+  (“അവൻ വാരിക്കോരി* കൊടു​ത്തു. ദരി​ദ്രർക്കു ദാനം ചെയ്‌തു. അവൻ എന്നെന്നും നീതി​നി​ഷ്‌ഠൻ”+ എന്നാണ​ല്ലോ എഴുതി​യി​ട്ടു​ള്ളത്‌. 10  വിതക്കാരനു വിത്തും കഴിക്കാൻ അപ്പവും സമൃദ്ധ​മാ​യി കൊടു​ക്കുന്ന ദൈവം നിങ്ങൾക്കും വിതയ്‌ക്കാൻ വിത്തു തരും. ദൈവം അതു ധാരാ​ള​മാ​യി​ത്തന്നെ തരും. നിങ്ങൾ സമൃദ്ധ​മാ​യി നീതി കൊയ്യാൻ ദൈവം ഇടയാ​ക്കും.) 11  നിങ്ങൾ എല്ലാ വിധത്തി​ലും ഉദാര​മ​ന​സ്‌ക​രാ​യി​രി​ക്കാൻവേ​ണ്ടി​യാ​ണു ദൈവം എല്ലാത്തി​ലും നിങ്ങളെ അനു​ഗ്ര​ഹി​ക്കു​ന്നത്‌. അങ്ങനെ ഞങ്ങളി​ലൂ​ടെ വിതരണം ചെയ്യുന്ന നിങ്ങളു​ടെ ഔദാ​ര്യ​ദാ​നത്തെപ്രതി ആളുകൾ ദൈവ​ത്തി​നു നന്ദി പറയും. 12  പൊതുജനസേവനമായി നിങ്ങൾ ചെയ്യുന്ന ഈ ശുശ്രൂഷ വിശു​ദ്ധ​രു​ടെ ആവശ്യങ്ങൾ നന്നായി നിറ​വേ​റ്റാൻ ഉപകരിക്കുമെന്നു+ മാത്രമല്ല, അനേക​മാ​ളു​കൾ ദൈവത്തോ​ടു നന്ദി പറയാ​നും അവസരമൊ​രു​ക്കും. 13  ഈ ദുരി​താ​ശ്വാ​സ​ശുശ്രൂ​ഷ​യി​ലൂ​ടെ വ്യക്തമാ​കുന്ന നിങ്ങളു​ടെ സന്മനസ്സു കണ്ടിട്ട്‌ അവർ ദൈവത്തെ മഹത്ത്വപ്പെ​ടു​ത്തു​ന്നു. കാരണം നിങ്ങൾ പരസ്യ​മാ​യി പ്രഖ്യാ​പി​ക്കു​ന്ന​തുപോലെ​തന്നെ നിങ്ങൾ ക്രിസ്‌തു​വിനെ​ക്കു​റി​ച്ചുള്ള സന്തോ​ഷ​വാർത്ത​യ്‌ക്കു കീഴ്‌പെ​ട്ടി​രി​ക്കു​ക​യും അവർക്കും മറ്റെല്ലാ​വർക്കും വേണ്ടി ഉദാര​മാ​യി സംഭാവന കൊടു​ക്കു​ക​യും ചെയ്യു​ന്ന​ല്ലോ.+ 14  ദൈവം നിങ്ങ​ളോട്‌ അളവറ്റ അനർഹദയ കാണി​ച്ച​തുകൊണ്ട്‌ അവർ നിങ്ങളെ സ്‌നേ​ഹി​ക്കു​ന്നു. അതു​കൊ​ണ്ടു​തന്നെ അവർ നിങ്ങൾക്കു​വേണ്ടി ഉള്ളുരു​കി പ്രാർഥി​ക്കു​ന്നു. 15  വാക്കുകൾകൊണ്ട്‌ വർണി​ക്കാ​നാ​കാത്ത സൗജന്യ​മായ ഈ സമ്മാന​ത്തി​നാ​യി ദൈവ​ത്തി​നു നന്ദി.

അടിക്കുറിപ്പുകള്‍

അഥവാ “വിമു​ഖ​ത​യോ​ടെ​യോ.”
അഥവാ “ഉദാര​മാ​യി.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം