പഠനലേഖനം 44
വലുതാകുമ്പോൾ അവർ ദൈവത്തെ സേവിക്കുമോ?
“യേശു വളർന്നുവലുതാകുകയും കൂടുതൽക്കൂടുതൽ ജ്ഞാനം നേടുകയും ചെയ്തു. ദൈവത്തിനും മനുഷ്യർക്കും യേശുവിനോടുള്ള പ്രീതിയും വർധിച്ചുവന്നു.”—ലൂക്കോ. 2:52.
ഗീതം 134 മക്കൾ—ദൈവം വിശ്വസിച്ചേൽപ്പിച്ചിരിക്കുന്ന നിക്ഷേപം
പൂർവാവലോകനം a
1. ഒരാൾക്ക് എടുക്കാൻ കഴിയുന്ന ഏറ്റവും നല്ല തീരുമാനം എന്താണ്?
മാതാപിതാക്കൾ എടുക്കുന്ന തീരുമാനങ്ങൾ പലപ്പോഴും അവരുടെ മക്കളുടെ ഭാവിജീവിതത്തെ കാര്യമായി സ്വാധീനിക്കും. അവർ എടുക്കുന്ന തീരുമാനങ്ങൾ തെറ്റിപ്പോയാൽ അതു മക്കൾക്കു പല പ്രശ്നങ്ങളും സൃഷ്ടിച്ചേക്കാം. എന്നാൽ മാതാപിതാക്കൾ ശരിയായ തീരുമാനങ്ങളെടുത്താൽ സന്തോഷവും സംതൃപ്തിയും ഉള്ള ഒരു ജീവിതപാതയിലേക്ക് അവർ മക്കളെ നയിക്കുകയായിരിക്കും. നല്ല തീരുമാനങ്ങളെടുക്കാനുള്ള ഉത്തരവാദിത്വം കുട്ടികൾക്കുമുണ്ട്. സ്നേഹം നിറഞ്ഞ നമ്മുടെ സ്വർഗീയപിതാവായ യഹോവയെ സേവിക്കുക എന്നതാണ് ഒരാൾക്ക് എടുക്കാൻ കഴിയുന്ന ഏറ്റവും നല്ല തീരുമാനം.—സങ്കീ. 73:28.
2. യേശുവും യേശുവിന്റെ മാതാപിതാക്കളും എങ്ങനെയുള്ള തീരുമാനങ്ങളാണെടുത്തത്?
2 യഹോവയെ സേവിക്കാൻ മക്കളെ സഹായിക്കുന്നതിനു യേശുവിന്റെ മാതാപിതാക്കൾ അതിയായി ആഗ്രഹിച്ചു. ഇതായിരുന്നു അവരുടെ ജീവിതത്തിലെ പ്രധാനലക്ഷ്യമെന്ന് അവർ എടുത്ത തീരുമാനങ്ങൾ തെളിയിച്ചു. (ലൂക്കോ. 2:40, 41, 52) യേശുവും നല്ല തീരുമാനങ്ങളെടുത്തു, യഹോവയുടെ ഉദ്ദേശ്യത്തിൽ തന്റെ ഭാഗം ഭംഗിയായി നിറവേറ്റാൻ സഹായിക്കുന്ന തീരുമാനങ്ങൾ. (മത്താ. 4:1-10) വളർന്നുവന്നപ്പോൾ യേശു ദയയും വിശ്വസ്തതയും ധൈര്യവും ഉള്ള ഒരു വ്യക്തിയായി. തങ്ങളുടെ മക്കളും അതുപോലെയാകുന്നതു കാണുമ്പോൾ ദൈവഭയമുള്ള ഏത് അച്ഛനും അമ്മയ്ക്കും ആണ് സന്തോഷവും അഭിമാനവും തോന്നാത്തത്?
3. ഈ ലേഖനത്തിൽ നമ്മൾ ഏതെല്ലാം ചോദ്യങ്ങൾ ചർച്ച ചെയ്യും?
3 ഈ ലേഖനത്തിൽ നമ്മൾ ചർച്ച ചെയ്യാൻപോകുന്ന ചോദ്യങ്ങൾ ഇവയാണ്: യേശുവിന്റെ കാര്യത്തിൽ യഹോവ എന്തെല്ലാം നല്ല തീരുമാനങ്ങളെടുത്തു? യേശുവിന്റെ മാതാപിതാക്കളായ യോസേഫും മറിയയും എടുത്ത തീരുമാനങ്ങളിൽനിന്ന് ക്രിസ്തീയമാതാപിതാക്കൾക്ക് എന്തു പഠിക്കാം? യേശു എടുത്ത തീരുമാനങ്ങളിൽനിന്ന് കുട്ടികൾക്ക് എന്തു പഠിക്കാം?
യഹോവയിൽനിന്ന് എന്തു പഠിക്കാം?
4. തന്റെ മകന്റെ കാര്യത്തിൽ യഹോവ പ്രധാനപ്പെട്ട ഏതു തീരുമാനമാണെടുത്തത്?
4 നല്ല മാതൃകായോഗ്യരായ വ്യക്തികളെയാണു യഹോവ യേശുവിന്റെ അച്ഛനും അമ്മയും ആയി തിരഞ്ഞെടുത്തത്. (മത്താ. 1:18-23; ലൂക്കോ. 1:26-38) യഹോവയെയും യഹോവയുടെ വചനത്തെയും സ്നേഹിച്ചിരുന്ന ഒരാളായിരുന്നു മറിയ. ബൈബിളിൽ രേഖപ്പെടുത്തിയിട്ടുള്ള മറിയയുടെ വാക്കുകൾ അതാണു തെളിയിക്കുന്നത്. (ലൂക്കോ. 1:46-55) ഇനി, യോസേഫിന്റെ കാര്യം നോക്കിയാൽ, യഹോവ കൊടുത്ത നിർദേശങ്ങൾ അദ്ദേഹം അതേപടി അനുസരിച്ചു. ദൈവത്തെ ഭയപ്പെട്ടിരുന്ന, ദൈവത്തെ സന്തോഷിപ്പിക്കാൻ ആഗ്രഹിച്ചിരുന്ന ഒരു വ്യക്തിയായിരുന്നു യോസേഫ് എന്ന് അതു കാണിക്കുന്നു.—മത്താ. 1:24.
5-6. യേശു ഏതെല്ലാം പ്രശ്നങ്ങളിലൂടെ കടന്നുപോകാൻ യഹോവ അനുവദിച്ചു?
5 യഹോവ യേശുവിനുവേണ്ടി തിരഞ്ഞെടുത്തത് സമ്പന്നരായ മാതാപിതാക്കളെ അല്ലായിരുന്നു. യേശു ഉണ്ടായിക്കഴിഞ്ഞപ്പോൾ യോസേഫും മറിയയും അർപ്പിച്ച ബലി കാണിക്കുന്നത് അവർ പാവപ്പെട്ടവരായിരുന്നു എന്നാണ്. (ലൂക്കോ. 2:24) മരപ്പണിക്കാരനായ യോസേഫിന് നസറെത്തിലെ വീടിന് അടുത്ത് ചെറിയ ഒരു പണിപ്പുര ഉണ്ടായിരുന്നിരിക്കാം. ലളിതമായ ഒരു ജീവിതമായിരുന്നിരിക്കാം അവരുടേത്. അവർക്ക് ഏഴോ അതിൽ അധികമോ മക്കളെ വളർത്തേണ്ടിവന്നു എന്നതും ചിന്തിക്കുക.—മത്താ. 13:55, 56.
6 ചില ആപത്തുകളിൽനിന്ന് യഹോവ യേശുവിനെ സംരക്ഷിച്ചു. എന്നാൽ അതിന് അർഥം, എല്ലാ പ്രശ്നങ്ങളിൽനിന്നും യഹോവ തന്റെ മകനെ മറച്ചുപിടിച്ചു എന്നല്ല. (മത്താ. 2:13-15) അവിശ്വാസികളായ ബന്ധുക്കളായിരുന്നു യേശു നേരിട്ട ഒരു വെല്ലുവിളി. സ്വന്തം കുടുംബത്തിൽപ്പെട്ടവർപോലും ആദ്യമൊക്കെ യേശുവിനെ മിശിഹയായി അംഗീകരിക്കാതിരുന്നപ്പോൾ യേശുവിന് എത്രമാത്രം നിരാശ തോന്നിക്കാണും. ഇനി, യേശു ചെറുപ്പമായിരുന്നപ്പോൾത്തന്നെ വളർത്തുപിതാവായ യോസേഫ് മരിച്ചുപോയിരുന്നിരിക്കാം. അങ്ങനെയെങ്കിൽ അതിന്റെ വേദനയും യേശുവിനു സഹിക്കേണ്ടിവന്നു. (മർക്കോ. 3:21; യോഹ. 7:5) ആ സാഹചര്യത്തിൽ, മൂത്ത മകനായതുകൊണ്ട് പിതാവ് ചെയ്തുകൊണ്ടിരുന്ന ജോലിയും യേശുവിന് ഏറ്റെടുക്കേണ്ടിവന്നുകാണും. (മർക്കോ. 6:3) വളർന്നുവന്നപ്പോൾ കുടുംബാംഗങ്ങളുടെ ആവശ്യങ്ങളൊക്കെ നോക്കിനടത്താൻ യേശു പഠിച്ചു. കുടുംബത്തെ പുലർത്തുന്നതിനുവേണ്ടി യേശുവിനു കഠിനാധ്വാനം ചെയ്യേണ്ടിവന്നുകാണും. അങ്ങനെയെങ്കിൽ പകലന്തിയോളം പണിയെടുക്കുന്നതിന്റെ ക്ഷീണവും യേശു അനുഭവിച്ചിട്ടുണ്ട്.
7. (എ) കുട്ടികളെ നന്നായി വളർത്തിക്കൊണ്ടുവരാൻ ദമ്പതികളെ ഏതു ചോദ്യങ്ങൾ സഹായിക്കും? (ബി) സുഭാഷിതങ്ങൾ 2:1-6-നു ചേർച്ചയിൽ എന്തു ചെയ്യാൻ മാതാപിതാക്കൾ മക്കളെ പഠിപ്പിക്കണം?
7 കുട്ടികൾ വേണമെന്ന് ആഗ്രഹിക്കുന്ന ദമ്പതികളാണോ നിങ്ങൾ? നിങ്ങളോടുതന്നെ ചോദിക്കുക: ‘ഞങ്ങൾ താഴ്മയും യഹോവയോടും ദൈവവചനത്തോടും സ്നേഹവും ഉള്ള വ്യക്തികളാണോ? അമൂല്യമായ ഒരു പുതുജീവനെ പരിപാലിക്കാൻ യഹോവ തിരഞ്ഞെടുത്ത യോസേഫിനെയും മറിയയെയും പോലെയാണോ ഞങ്ങൾ?’ (സങ്കീ. 127:3, 4) നിങ്ങൾ ഇപ്പോൾത്തന്നെ ഒരു മാതാവോ പിതാവോ ആണെങ്കിൽ ഇങ്ങനെ ചോദിക്കുക: ‘കഠിനാധ്വാനം ചെയ്യേണ്ടതിന്റെ പ്രാധാന്യം ഞാൻ എന്റെ കുട്ടികളെ പഠിപ്പിക്കുന്നുണ്ടോ?’ (സഭാ. 3:12, 13) ‘എന്റെ മക്കൾ സാത്താന്റെ ലോകത്തിൽനിന്ന് നേരിട്ടേക്കാവുന്ന ശാരീരികവും ധാർമികവും ആയ അപകടങ്ങളിൽനിന്ന് അവരെ സംരക്ഷിക്കാൻ കഴിയുന്നതെല്ലാം ഞാൻ ചെയ്യുന്നുണ്ടോ?’ (സുഭാ. 22:3) നിങ്ങളുടെ മക്കൾ നേരിട്ടേക്കാവുന്ന എല്ലാ പ്രശ്നങ്ങളിൽനിന്നും അവരെ മറച്ചുപിടിക്കാൻ നിങ്ങൾക്കു കഴിയില്ല. പക്ഷേ ആ പ്രശ്നങ്ങൾ നേരിടുന്നതിനായി നിങ്ങൾക്ക് അവരെ മുന്നമേ ഒരുക്കാൻ കഴിയും. അത്തരം സാഹചര്യങ്ങളിൽ മാർഗനിർദേശത്തിനായി ദൈവവചനത്തിലേക്ക് എങ്ങനെ തിരിയാമെന്ന് ക്രമമായി, സ്നേഹത്തോടെ നമുക്ക് അവരെ പഠിപ്പിക്കാം. (സുഭാഷിതങ്ങൾ 2:1-6 വായിക്കുക.) ഉദാഹരണത്തിന്, ഒരു കുടുംബാംഗമോ ബന്ധുവോ സത്യാരാധന ഉപേക്ഷിച്ചുപോകാൻ തീരുമാനിക്കുന്നെങ്കിൽ യഹോവയോടു വിശ്വസ്തരായിരിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ദൈവവചനത്തിൽനിന്ന് പഠിക്കാൻ കുട്ടികളെ സഹായിക്കുക. (സങ്കീ. 31:23) ഇനി, പ്രിയപ്പെട്ട ഒരാൾ മരിച്ചുപോയാൽ ദുഃഖത്തിലാണ്ടുപോകാതിരിക്കാനും മനസ്സമാധാനം കണ്ടെത്താനും ദൈവവചനം എങ്ങനെ ഉപയോഗിക്കാമെന്ന് കുട്ടികൾക്കു കാണിച്ചുകൊടുക്കുക.—2 കൊരി. 1:3, 4; 2 തിമൊ. 3:16.
യോസേഫിൽനിന്നും മറിയയിൽനിന്നും എന്തു പഠിക്കാം?
8. ആവർത്തനം 6:6, 7-ലെ ഏതു നിർദേശമാണു യോസേഫും മറിയയും അനുസരിച്ചത്?
8 ദൈവത്തിന്റെ അംഗീകാരമുള്ള ഒരാളാകാൻ മാതാപിതാക്കൾ യേശുവിനെ സഹായിച്ചു. യഹോവ മാതാപിതാക്കൾക്കു കൊടുത്ത നിർദേശങ്ങൾ അവർ അനുസരിച്ചു. (ആവർത്തനം 6:6, 7 വായിക്കുക.) യോസേഫിനും മറിയയ്ക്കും യഹോവയോട് ആഴമായ സ്നേഹമുണ്ടായിരുന്നു. അതേ സ്നേഹം വളർത്തിയെടുക്കാൻ മക്കളെയും സഹായിക്കുക എന്നതായിരുന്നു അവർക്ക് ഏറ്റവും പ്രധാനം.
9. യോസേഫും മറിയയും പ്രധാനപ്പെട്ട ഏതു തീരുമാനമാണെടുത്തത്?
9 കുടുംബം ഒരുമിച്ച് ആത്മീയപ്രവർത്തനങ്ങളിൽ ഉൾപ്പെടാൻ യോസേഫും മറിയയും തീരുമാനിച്ചു. നസറെത്തിലെ സിനഗോഗിൽവെച്ച് എല്ലാ ആഴ്ചയും നടന്നിരുന്ന കൂടിവരവുകളിൽ അവർ പങ്കെടുത്തു എന്നതിനു സംശയമില്ല. കൂടാതെ, പെസഹാപ്പെരുന്നാളിന് അവർ എല്ലാ വർഷവും യരുശലേമിലും പോകുമായിരുന്നു. (ലൂക്കോ. 2:41; 4:16) യരുശലേമിലേക്കുള്ള അത്തരം യാത്രകൾ യഹോവയുടെ ജനത്തിന്റെ ചരിത്രത്തെക്കുറിച്ച് യേശുവിനെയും യേശുവിന്റെ കൂടപ്പിറപ്പുകളെയും പഠിപ്പിക്കാൻ യോസേഫും മറിയയും ഉപയോഗിച്ചിട്ടുണ്ടാകും. പോകുന്ന വഴിക്ക് തിരുവെഴുത്തുകളിൽ പറഞ്ഞിട്ടുള്ള സ്ഥലങ്ങൾ അവർ സന്ദർശിച്ചിട്ടുണ്ടാകും. അംഗങ്ങളുടെ എണ്ണം കൂടിയതനുസരിച്ച്, ക്രമമായി ആത്മീയകാര്യങ്ങൾ ചെയ്യാൻ യോസേഫിനും മറിയയ്ക്കും അത്രയ്ക്ക് എളുപ്പമായിരുന്നില്ല. പക്ഷേ അവർക്കുണ്ടായ പ്രയോജനങ്ങൾ ഒന്ന് ഓർത്തുനോക്കൂ! യഹോവയെ ആരാധിക്കുന്നതിന് ഒന്നാം സ്ഥാനം കൊടുത്തതുകൊണ്ട് യഹോവയുമായി കൂടുതൽ അടുക്കാൻ ആ കുടുംബത്തിനു കഴിഞ്ഞു.
10. ക്രിസ്തീയമാതാപിതാക്കൾക്കു യോസേഫിൽനിന്നും മറിയയിൽനിന്നും എന്തു പഠിക്കാം?
10 ദൈവഭയമുള്ള മാതാപിതാക്കൾക്കു യോസേഫിൽനിന്നും മറിയയിൽനിന്നും എന്തു പഠിക്കാം? ഏറ്റവും പ്രധാനമായി, നിങ്ങൾ യഹോവയെ എത്ര ആഴമായി സ്നേഹിക്കുന്നുണ്ടെന്നു വാക്കിലൂടെയും പ്രവൃത്തിയിലൂടെയും നിങ്ങളുടെ മക്കൾക്കു കാണിച്ചുകൊടുക്കുക. ഓർക്കുക, യഹോവയോടുള്ള സ്നേഹം വളർത്താൻ മക്കളെ സഹായിക്കുക, അതാണു മക്കൾക്കു കൊടുക്കാൻ കഴിയുന്ന ഏറ്റവും വലിയ സമ്മാനം. പഠനം, പ്രാർഥന, യോഗങ്ങൾ, ശുശ്രൂഷ തുടങ്ങിയ ആത്മീയകാര്യങ്ങൾ ക്രമമായി എങ്ങനെ ചെയ്യാമെന്നു മക്കളെ പഠിപ്പിക്കുന്നതാണ് അവർക്കു പകർന്നുകൊടുക്കാൻ കഴിയുന്ന വിലയേറിയ പാഠങ്ങളിൽ ഒന്ന്. (1 തിമൊ. 6:6) കുട്ടികളുടെ ഭൗതികാവശ്യങ്ങൾക്കുവേണ്ടി കരുതാനുള്ള ഉത്തരവാദിത്വം നിങ്ങൾക്കുണ്ട് എന്നതു ശരിയാണ്. (1 തിമൊ. 5:8) പക്ഷേ നിങ്ങളുടെ മക്കളുടെ വസ്തുവകകളല്ല, മറിച്ച് യഹോവയുമായി അവർക്കുള്ള അടുത്ത ബന്ധമാണ് ഈ ലോകത്തിന്റെ നാശത്തെ അതിജീവിക്കാനും പുതിയ ലോകത്തിലേക്കു പ്രവേശിക്കാനും അവരെ സഹായിക്കുക. b—യഹ. 7:19; 1 തിമൊ. 4:8.
11. (എ) കുട്ടികളെ വളർത്തിക്കൊണ്ടുവരുമ്പോൾ ശരിയായ തിരഞ്ഞെടുപ്പുകൾ നടത്താൻ 1 തിമൊഥെയൊസ് 6:17-19-ലെ ഉപദേശം മാതാപിതാക്കളെ സഹായിക്കുന്നത് എങ്ങനെ? (ബി) നിങ്ങളുടെ കുടുംബത്തിന് എന്തെല്ലാം ലക്ഷ്യങ്ങൾ വെക്കാനായേക്കും, അങ്ങനെ ചെയ്താൽ എന്തെല്ലാം അനുഗ്രഹങ്ങൾ പ്രതീക്ഷിക്കാം? (“ കുടുംബം ഒരുമിച്ച് ഏത് ലക്ഷ്യങ്ങൾ വെക്കാം?” എന്ന ചതുരം കാണുക.)
11 പല മാതാപിതാക്കളും യഹോവയോട് അടുക്കാൻ മക്കളെ സഹായിക്കുന്ന നല്ല തീരുമാനങ്ങളെടുക്കുന്നതു കാണുന്നത് എത്ര സന്തോഷകരമാണ്! അവർ ഒരുമിച്ച് യഹോവയെ ക്രമമായി ആരാധിക്കുന്നു. അവർ മീറ്റിങ്ങുകൾക്കും കൺവെൻഷനുകൾക്കും പോകുന്നു, വയൽശുശ്രൂഷയിൽ പങ്കെടുക്കുന്നു. ഇനി, ചില കുടുംബങ്ങൾ അധികം പ്രവർത്തിച്ചിട്ടില്ലാത്ത പ്രദേശങ്ങളിൽ പോയി പ്രസംഗിക്കുകപോലും ചെയ്യുന്നു. മറ്റു ചിലർ ബഥേൽ സന്ദർശിക്കുന്നു. ഇനി വേറെ ചിലർ ദിവ്യാധിപത്യ നിർമാണപ്രവർത്തനങ്ങളിൽ സഹായിക്കുന്നു. ഇങ്ങനെയൊക്കെ ചെയ്യുമ്പോൾ അവർക്കു ചില ബുദ്ധിമുട്ടുകൾ നേരിട്ടേക്കാം, സാമ്പത്തികനഷ്ടം ഉണ്ടായേക്കാം. പക്ഷേ അവർക്കു കിട്ടുന്ന പ്രയോജനങ്ങൾ അവരെ ശരിക്കും ആത്മീയമായി സമ്പന്നരാക്കുന്നു. (1 തിമൊഥെയൊസ് 6:17-19 വായിക്കുക.) ഇങ്ങനെയുള്ള കുടുംബങ്ങളിൽ വളരുന്ന കുട്ടികൾ മിക്കപ്പോഴും അവർ പഠിച്ച നല്ല ശീലങ്ങൾ ഉപേക്ഷിക്കില്ല. അവർക്ക് അതിൽ ഒരിക്കലും ഖേദം തോന്നുകയുമില്ല. c—സുഭാ. 10:22.
യേശുവിൽനിന്ന് എന്തു പഠിക്കാം?
12. വളർന്നുവന്നപ്പോൾ യേശു എന്തു ചെയ്യേണ്ടിയിരുന്നു?
12 യേശുവിന്റെ സ്വർഗീയപിതാവ് എപ്പോഴും നല്ല തിരഞ്ഞെടുപ്പുകളാണു നടത്തുന്നത്. അതുപോലെ, യേശു ഭൂമിയിലായിരുന്നപ്പോൾ മാതാപിതാക്കളായ യോസേഫും മറിയയും ജ്ഞാനത്തോടെ തീരുമാനങ്ങളെടുത്തു. എങ്കിലും വളർന്നുവന്നപ്പോൾ യേശു സ്വന്തമായി തീരുമാനങ്ങളെടുക്കണമായിരുന്നു. (ഗലാ. 6:5) കാരണം, നമ്മളെപ്പോലെ യേശുവിനും ഇച്ഛാസ്വാതന്ത്ര്യം, അതായത് സ്വന്തമായി തീരുമാനങ്ങളെടുക്കാനുള്ള സ്വാതന്ത്ര്യം, ഉണ്ടായിരുന്നു. വേണമെങ്കിൽ സ്വന്തം താത്പര്യങ്ങൾക്കു പ്രാധാന്യം കൊടുത്തുകൊണ്ടുള്ള തീരുമാനങ്ങൾ യേശുവിന് എടുക്കാമായിരുന്നു. എന്നാൽ യേശു അങ്ങനെ ചെയ്തില്ല. പകരം, യഹോവയുമായി ഒരു നല്ല ബന്ധം നിലനിറുത്താൻ പറ്റിയ തിരഞ്ഞെടുപ്പുകളാണ് യേശു എടുത്തത്. (യോഹ. 8:29) ഇന്നത്തെ ചെറുപ്പക്കാർക്ക് യേശുവിന്റെ ഈ മാതൃക എങ്ങനെ അനുകരിക്കാം?
13. ചെറുപ്പമായിരുന്നപ്പോൾത്തന്നെ യേശു ഏതു നല്ല തീരുമാനമെടുത്തു?
13 ചെറുപ്പംമുതലേ മാതാപിതാക്കൾക്കു കീഴ്പെട്ടിരിക്കാൻ യേശു തീരുമാനിച്ചിരുന്നു. തനിക്ക് അവരെക്കാളെല്ലാം നന്നായി കാര്യങ്ങൾ അറിയാമെന്നു ചിന്തിച്ചുകൊണ്ട് മാതാപിതാക്കൾ നൽകിയ നിർദേശങ്ങൾ യേശു ഒരിക്കൽപ്പോലും അനുസരിക്കാതിരുന്നില്ല. പകരം യേശു “അവർക്കു കീഴ്പെട്ടിരുന്നു.” (ലൂക്കോ. 2:51) മൂത്ത മകനായതുകൊണ്ട് വീട്ടിൽ കൂടുതൽ ഉത്തരവാദിത്വങ്ങൾ യേശുവിനുണ്ടായിരുന്നു. യേശു അതു നന്നായി ചെയ്തു എന്നതിന് ഒരു സംശയവുമില്ല. കുടുംബത്തിനുവേണ്ടി കരുതുന്നതിൽ തന്റെ പിതാവായ യോസേഫിനെ സഹായിക്കാൻ യേശു നല്ല ശ്രമം ചെയ്ത് മരപ്പണി പഠിച്ചു എന്നും ഉറപ്പാണ്.
14. യേശു ദൈവവചനത്തിന്റെ ഒരു നല്ല പഠിതാവായിരുന്നു എന്നു നമുക്ക് എങ്ങനെ അറിയാം?
14 യേശുവിന്റെ അത്ഭുതകരമായ ജനനത്തെയും യേശുവിനെപ്പറ്റി ദൈവത്തിന്റെ സന്ദേശവാഹകർ പറഞ്ഞ കാര്യങ്ങളെയും കുറിച്ച് മാതാപിതാക്കൾ യേശുവിനോടു പറഞ്ഞിട്ടുണ്ടാകും. (ലൂക്കോ. 2:8-19, 25-38) എങ്കിലും, അവരിൽനിന്ന് കേട്ടുപഠിച്ച കാര്യങ്ങൾ മാത്രം മതിയെന്ന് യേശു കരുതിയില്ല. തിരുവെഴുത്തുകൾ സ്വന്തമായി പഠിക്കാനും യേശു നല്ല ശ്രമം ചെയ്തു. അത് എങ്ങനെ ഉറപ്പിച്ച് പറയാം? കാരണം, കുട്ടിയായിരുന്നപ്പോൾ യരുശലേമിലെ ഉപദേഷ്ടാക്കൾ “യേശുവിന്റെ ഗ്രാഹ്യത്തിലും ഉത്തരങ്ങളിലും വിസ്മയിച്ചു” എന്നു ബൈബിൾ പറയുന്നു. (ലൂക്കോ. 2:46, 47) മാത്രമല്ല, വെറും 12 വയസ്സായപ്പോൾത്തന്നെ യഹോവയാണു തന്റെ പിതാവെന്നു യേശുവിനു ബോധ്യമായി.—ലൂക്കോ. 2:42, 43, 49.
15. യഹോവയുടെ ഇഷ്ടം ചെയ്യാനാണു താൻ തീരുമാനിച്ചിരിക്കുന്നതെന്ന് യേശു എങ്ങനെയാണു കാണിച്ചത്?
15 യഹോവയുടെ ഉദ്ദേശ്യത്തിൽ തനിക്കുള്ള പങ്ക് എന്താണെന്നു മനസ്സിലായപ്പോൾ അതുതന്നെ ചെയ്യാൻ യേശു തീരുമാനിച്ചു. (യോഹ. 6:38) അങ്ങനെ ചെയ്താൽ പലരും തന്നെ വെറുക്കുമെന്ന് യേശുവിന് അറിയാമായിരുന്നു. അതു ബുദ്ധിമുട്ടുള്ള കാര്യമായിരുന്നെങ്കിലും യഹോവയ്ക്കു കീഴ്പെട്ടിരിക്കാൻതന്നെ യേശു തീരുമാനിച്ചു. എ.ഡി. 29-ൽ സ്നാനപ്പെട്ടപ്പോൾമുതൽ, തന്നെക്കുറിച്ചുള്ള യഹോവയുടെ ഇഷ്ടത്തിനു ചേർച്ചയിൽ ജീവിക്കുന്നതിലായിരുന്നു യേശുവിന്റെ മുഖ്യശ്രദ്ധ. (എബ്രാ. 10:5-7) ദണ്ഡനസ്തംഭത്തിൽ ജീവൻ പൊലിയുന്നതിനു മുമ്പുള്ള നിമിഷങ്ങളിലും ദൈവേഷ്ടം ചെയ്യുന്നതിൽനിന്ന് യേശു ചഞ്ചലപ്പെട്ടുപോയില്ല.—യോഹ. 19:30.
16. യേശുവിൽനിന്ന് കുട്ടികൾക്കു പഠിക്കാൻ കഴിയുന്ന ഒരു പാഠം എന്താണ്?
16 നിങ്ങളുടെ അച്ഛനെയും അമ്മയെയും അനുസരിക്കുക. യോസേഫിനെയും മറിയയെയും പോലെ നിങ്ങളുടെ മാതാപിതാക്കളും പൂർണരല്ല. എങ്കിലും നിങ്ങളെ സംരക്ഷിക്കാനും പരിശീലിപ്പിക്കാനും നിങ്ങൾക്കു ശരിയായ വഴി കാണിച്ചുതരാനും യഹോവ നിയമിച്ചവരാണു നിങ്ങളുടെ മാതാപിതാക്കൾ. യേശുവിനെപ്പോലെ മാതാപിതാക്കളുടെ ഉപദേശത്തിനു ശ്രദ്ധ കൊടുക്കുകയും അവരുടെ അധികാരത്തിനു കീഴ്പെട്ടിരിക്കുകയും ചെയ്യുന്നെങ്കിൽ, ‘നിങ്ങൾക്കു നന്മ വരും.’—എഫെ. 6:1-4.
17. യോശുവ 24:15-നു ചേർച്ചയിൽ, ചെറുപ്പക്കാർ ഏതു തീരുമാനമെടുക്കണം?
17 ആരെ സേവിക്കണമെന്നു തീരുമാനിക്കുക. യഹോവയെ നിങ്ങൾ അടുത്ത് അറിയണം, യഹോവയുടെ ഉദ്ദേശ്യത്തിൽ എന്താണ് ഉൾപ്പെട്ടിരിക്കുന്നതെന്നു പരിശോധിച്ച് ഉറപ്പു വരുത്തണം, യഹോവയുടെ ഇഷ്ടം നിങ്ങളുടെ ജീവിതവുമായി എങ്ങനെയാണു ബന്ധപ്പെട്ടിരിക്കുന്നതെന്നു മനസ്സിലാക്കണം. (റോമ. 12:2) അങ്ങനെ ചെയ്താൽ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട തീരുമാനം, യഹോവയെ സേവിക്കാനുള്ള തീരുമാനം, എടുക്കാൻ നിങ്ങൾക്കു കഴിയും. (യോശുവ 24:15 വായിക്കുക; സഭാ. 12:1) പതിവായി ബൈബിൾ വായിക്കുകയും പഠിക്കുകയും ചെയ്യുന്നെങ്കിൽ യഹോവയോടുള്ള നിങ്ങളുടെ സ്നേഹവും യഹോവയിലുള്ള നിങ്ങളുടെ വിശ്വാസവും കൂടുതൽ ശക്തമാകും.
18. ചെറുപ്പക്കാർ എടുക്കേണ്ട ഒരു തീരുമാനം എന്താണ്, അതിന്റെ ഫലം എന്തായിരിക്കും?
18 യഹോവയുടെ ഇഷ്ടം ചെയ്യുന്നതിനു മുഖ്യസ്ഥാനം കൊടുക്കാൻ തീരുമാനിക്കുക. സന്തോഷമുള്ളവരായിരിക്കണമെങ്കിൽ നിങ്ങളുടെ കഴിവുകൾ സ്വന്തം നേട്ടത്തിനുവേണ്ടി ഉപയോഗിക്കണമെന്നാണു സാത്താന്റെ ലോകം പറയുന്നത്. പക്ഷേ അതാണോ സത്യം? ഈ ലോകത്തോടു ബന്ധപ്പെട്ട ലക്ഷ്യങ്ങൾ വെക്കുന്നവർ ‘പലപല വേദനകളാൽ തങ്ങളെ ആസകലം കുത്തി മുറിപ്പെടുത്തുകയാണ്.’ (1 തിമൊ. 6:9, 10) എന്നാൽ യഹോവ പറയുന്നതു കേൾക്കുകയും യഹോവയുടെ ഇഷ്ടം ചെയ്യുന്നതിനു ജീവിതത്തിൽ മുഖ്യസ്ഥാനം കൊടുക്കാൻ തീരുമാനിക്കുകയും ചെയ്യുന്നെങ്കിൽ, നിങ്ങൾ ജീവിതത്തിൽ വിജയിക്കും, “ബുദ്ധിയോടെ കാര്യങ്ങൾ ചെയ്യും.”—യോശു. 1:8.
എന്തു ചെയ്യാനാണു നിങ്ങളുടെ തീരുമാനം?
19. മാതാപിതാക്കൾ ഏതു കാര്യം എപ്പോഴും ഓർക്കണം?
19 മാതാപിതാക്കളേ, യഹോവയെ സേവിക്കുന്നതിനു മക്കളെ സഹായിക്കാൻ നിങ്ങളെക്കൊണ്ട് കഴിയുന്നതെല്ലാം ചെയ്യുക, യഹോവയിൽ ആശ്രയിക്കുക. (സുഭാ. 3:5, 6) അപ്പോൾ ശരിയായ തീരുമാനങ്ങളെടുക്കാൻ യഹോവ നിങ്ങളെ സഹായിക്കും. നിങ്ങൾ പറയുന്ന കാര്യങ്ങളെക്കാൾ ചെയ്യുന്ന കാര്യങ്ങളാണു കുട്ടികളെ കൂടുതൽ സ്വാധീനിക്കുന്നെന്ന് ഓർക്കണം. അതുകൊണ്ട് യഹോവയ്ക്കു പ്രീതി തോന്നുന്ന വ്യക്തികളായി വളർന്നുവരാൻ കുട്ടികളെ സഹായിക്കുന്ന തീരുമാനങ്ങളെടുക്കുക.
20. യഹോവയെ സേവിക്കാൻ തീരുമാനിക്കുന്നെങ്കിൽ കുട്ടികൾക്ക് എന്തെല്ലാം അനുഗ്രഹങ്ങൾ ലഭിക്കും?
20 കുട്ടികളേ, നല്ല തീരുമാനങ്ങൾ എടുക്കാൻ മാതാപിതാക്കൾ നിങ്ങളെ സഹായിക്കും. പക്ഷേ തീരുമാനങ്ങളെടുക്കേണ്ടതു നിങ്ങൾതന്നെയാണ്. യേശുവിനെ അനുകരിച്ചുകൊണ്ട് നിങ്ങളുടെ സ്നേഹമുള്ള സ്വർഗീയപിതാവിനെ സേവിക്കാൻ തീരുമാനിക്കുന്നെങ്കിൽ ദൈവത്തിന്റെ പ്രീതി നേടാൻ നിങ്ങൾക്കു കഴിയും. നിങ്ങളുടെ ജീവിതം സന്തോഷവും സംതൃപ്തിയും ഉള്ളതായിരിക്കും. (1 തിമൊ. 4:16) ഭാവിയിൽ ഏറ്റവും മനോഹരമായ ഒരു ജീവിതവും നിങ്ങൾക്ക് ആസ്വദിക്കാൻ കഴിയും!
ഗീതം 133 യൗവനകാലത്ത് യഹോവയെ ആരാധിക്കുക
a വളർന്നുവരുമ്പോൾ മക്കൾ സന്തോഷത്തോടെ യഹോവയെ സേവിക്കണമെന്നാണ് മാതാപിതാക്കളുടെ ആഗ്രഹം. ആ ലക്ഷ്യത്തിൽ എത്താൻ മക്കളെ സഹായിക്കുന്നതിനു മാതാപിതാക്കൾ എങ്ങനെയുള്ള തീരുമാനങ്ങളെടുക്കണം? ജീവിതവിജയം നേടണമെങ്കിൽ ചെറുപ്പക്കാരായ ക്രിസ്ത്യാനികൾ എങ്ങനെയുള്ള തീരുമാനങ്ങളെടുക്കണം? ഈ ലേഖനം ഈ ചോദ്യങ്ങൾക്കുള്ള ഉത്തരം ചർച്ച ചെയ്യും.
b യഹോവ ശുദ്ധാരാധന പുനഃസ്ഥാപിക്കുന്നു! എന്ന പുസ്തകത്തിന്റെ 69, 70 പേജുകളിലെ 17, 18 ഖണ്ഡികകൾ കാണുക.
c 2011 ഒക്ടോബർ ലക്കം ഉണരുക!-യിലെ 20-ാം പേജിലുള്ള “ഏറ്റവും നല്ല അച്ഛനെയും അമ്മയെയുമാണ് എനിക്കു കിട്ടിയത്” എന്ന ചതുരവും 1999 മാർച്ച് 8 ലക്കം ഉണരുക!-യിലെ 25-ാം പേജിലുള്ള “മാതാപിതാക്കൾക്ക് സവിശേഷമായ ഒരു കത്ത്” എന്ന ലേഖനവും കാണുക.
d ചിത്രക്കുറിപ്പ്: കുഞ്ഞായിരുന്നപ്പോൾ യേശുവിന്റെ ഉള്ളിൽ യഹോവയോട് ആഴമായ സ്നേഹം വളർത്താൻ മറിയ നല്ല ശ്രമം ചെയ്തിട്ടുണ്ടാകും. ഇക്കാലത്തും അമ്മമാർക്കു മക്കളുടെ ഉള്ളിൽ യഹോവയോടു സ്നേഹം വളർത്തിക്കൊണ്ടുവരാൻ കഴിയും.
e ചിത്രക്കുറിപ്പ്: കുടുംബം ഒന്നിച്ച് സിനഗോഗിൽ പോകുന്നതു യോസേഫ് വളരെ പ്രധാനമായി കണ്ടു എന്നു വേണം മനസ്സിലാക്കാൻ. കുടുംബത്തെയും കൂട്ടി സഭായോഗത്തിനു പോകുന്നത് ഇക്കാലത്തെ കുടുംബനാഥന്മാരും പ്രധാനമായി കാണുന്നു.
f ചിത്രക്കുറിപ്പ്: യേശു തന്റെ പിതാവിൽനിന്ന് തൊഴിൽവൈദഗ്ധ്യങ്ങൾ പഠിച്ചെടുത്തു. ഇക്കാലത്തെ ചെറുപ്പക്കാർക്കും തങ്ങളുടെ പിതാക്കന്മാരിൽനിന്ന് അങ്ങനെയുള്ള വൈദഗ്ധ്യങ്ങൾ പഠിക്കാം.