അധ്യായം 12
‘ബലപ്പെടുത്തുന്ന കാര്യങ്ങൾ’ സംസാരിക്കുക
‘ചീത്ത വാക്കുകളൊന്നും നിങ്ങളുടെ വായിൽനിന്ന് വരരുത്. പകരം, ബലപ്പെടുത്തുന്ന കാര്യങ്ങൾ മാത്രമേ വരാവൂ.’—എഫെസ്യർ 4:29.
1-3. (എ) യഹോവ നമുക്കു തന്നിരിക്കുന്ന ഒരു സമ്മാനം ഏതാണ്, അത് എങ്ങനെ ദുരുപയോഗം ചെയ്യപ്പെട്ടേക്കാം? (ബി) ദൈവസ്നേഹത്തിൽ നിലനിൽക്കണമെങ്കിൽ നമ്മൾ സംസാരപ്രാപ്തി എങ്ങനെ ഉപയോഗിക്കണം?
പ്രിയപ്പെട്ട ഒരാൾക്കു നിങ്ങൾ കൊടുത്ത ഒരു സമ്മാനം ആ വ്യക്തി മനഃപൂർവം ദുരുപയോഗം ചെയ്താൽ നിങ്ങൾക്ക് എന്തു തോന്നും? ആ സമ്മാനം ഒരു കാർ ആണെന്നിരിക്കട്ടെ. അദ്ദേഹം അശ്രദ്ധമായി വാഹനം ഓടിച്ചതുകൊണ്ട് ചിലർക്കു പരിക്കേറ്റതായി പിന്നീടു നിങ്ങൾ അറിയുന്നു. നിങ്ങൾക്കു നിരാശ തോന്നില്ലേ?
2 “എല്ലാ നല്ല ദാനങ്ങളും തികവുറ്റ സമ്മാനങ്ങളും” നൽകുന്നവനായ യഹോവയിൽനിന്നുള്ള ഒരു സമ്മാനമാണു സംസാരപ്രാപ്തി. (യാക്കോബ് 1:17) ജന്തുക്കളിൽനിന്ന് മനുഷ്യനെ വ്യത്യസ്തനാക്കുന്ന ഒരു കഴിവാണ് അത്. അങ്ങനെ, ആശയങ്ങൾ മാത്രമല്ല വികാരങ്ങളും മറ്റുള്ളവരെ അറിയിക്കാൻ നമുക്കു കഴിയുന്നു. എന്നാൽ ഒരു വാഹനത്തിന്റെ കാര്യത്തിലെന്നപോലെ സംസാരപ്രാപ്തിയും ദുരുപയോഗം ചെയ്യാനാകും. മറ്റുള്ളവർക്കു മനോവിഷമം ഉണ്ടാക്കുന്ന രീതിയിൽ പരിഗണനയില്ലാതെ നമ്മൾ സംസാരിച്ചാൽ അത് യഹോവയെ എത്രയധികം നിരാശനാക്കും!
3 ദൈവസ്നേഹത്തിൽ നിലനിൽക്കണമെങ്കിൽ, ദൈവം ഉദ്ദേശിച്ചിരുന്നതുപോലെ നമ്മൾ സംസാരപ്രാപ്തി ഉപയോഗിക്കണം. ഏതുതരം സംസാരമാണു തനിക്ക് ഇഷ്ടമുള്ളതെന്നു യഹോവ വളരെ വ്യക്തമായി പറഞ്ഞിട്ടുണ്ട്. ദൈവത്തിന്റെ വചനം പറയുന്നു: “ചീത്ത വാക്കുകളൊന്നും നിങ്ങളുടെ വായിൽനിന്ന് വരരുത്. പകരം, കേൾക്കുന്നവർക്കു ഗുണം ചെയ്യുന്നതും അവരെ ബലപ്പെടുത്തുന്നതും സന്ദർഭോചിതവും ആയ കാര്യങ്ങൾ മാത്രമേ വായിൽനിന്ന് വരാവൂ.” (എഫെസ്യർ 4:29) നമ്മുടെ സംസാരം നമ്മൾ ശ്രദ്ധിക്കേണ്ടത് എന്തുകൊണ്ടാണ്? ഏതുതരം സംസാരം നമ്മൾ ഒഴിവാക്കണം? ‘ബലപ്പെടുത്തുന്ന കാര്യങ്ങൾ’ സംസാരിക്കാൻ നമുക്ക് എങ്ങനെ കഴിയും? ഈ ചോദ്യങ്ങൾ നമുക്ക് ഇപ്പോൾ പരിശോധിക്കാം.
നമ്മുടെ സംസാരം നമ്മൾ ശ്രദ്ധിക്കേണ്ടത് എന്തുകൊണ്ട്?
4, 5. വാക്കുകളുടെ ശക്തിയെ ബൈബിൾ വർണിക്കുന്നത് എങ്ങനെയാണ്?
4 വാക്കുകൾക്കു വലിയ ശക്തിയുണ്ട്. നമ്മുടെ സംസാരം നമ്മൾ ശ്രദ്ധിക്കേണ്ടതിന്റെ ഒരു സുപ്രധാനകാരണം അതാണ്. സുഭാഷിതങ്ങൾ 15:4 ഇങ്ങനെ പറയുന്നു: “ശാന്തതയുള്ള നാവ് ജീവവൃക്ഷം; എന്നാൽ വക്രതയുള്ള സംസാരം തളർത്തിക്കളയുന്നു.” എരിയുന്ന ചൂടിൽ ഒരു വൃക്ഷത്തിനു പുതുജീവൻ പകരുന്ന ജലംപോലെ, കേൾവിക്കാരനു നവോന്മേഷവും പ്രോത്സാഹനവും പകരാൻ സൗമ്യമായ സംസാരത്തിനു കഴിയും. എന്നാൽ, വക്രതയുള്ള ഒരു നാവിൽനിന്ന് വരുന്ന നീചമായ വാക്കുകൾ മറ്റുള്ളവരെ തകർത്തുകളയും. നമ്മുടെ വാക്കുകൾക്കു മറ്റുള്ളവരെ മുറിപ്പെടുത്താനോ സുഖപ്പെടുത്താനോ കഴിയുമെന്നു സാരം.—സുഭാഷിതങ്ങൾ 18:21.
5 വാക്കുകളുടെ ശക്തിയെ വ്യക്തമായി വരച്ചുകാട്ടുന്നതാണ് ഈ വാക്യവും: “ചിന്തിക്കാതെ സംസാരിക്കുന്നതു വാളുകൊണ്ട് കുത്തുന്നതുപോലെയാണ്.” (സുഭാഷിതങ്ങൾ 12:18) ആലോചിക്കാതെ എടുത്തുചാടി സംസാരിക്കുന്നതു വൈകാരികക്ഷതമേൽപ്പിക്കുകയും ബന്ധങ്ങൾ താറുമാറാക്കുകയും ചെയ്യും. വാക്കുകളുടെ കുത്തേറ്റ് എന്നെങ്കിലും നിങ്ങളുടെ ഹൃദയം മുറിപ്പെട്ടിട്ടുണ്ടോ? എന്നാൽ നല്ല വാക്കുകൾ ഉപയോഗിക്കുന്നതിനെക്കുറിച്ച് അതേ വാക്യം തുടരുന്നു: “ബുദ്ധിയുള്ളവരുടെ നാവ് മുറിവ് ഉണക്കുന്നു.” ദൈവികജ്ഞാനം പ്രകടമാക്കുന്ന ഒരാളുടെ, പരിഗണനയുള്ള വാക്കുകൾക്ക്, മുറിവേറ്റ ഹൃദയങ്ങളെ സുഖപ്പെടുത്താനും തകർന്ന ബന്ധങ്ങളെ കൂട്ടിയോജിപ്പിക്കാനും കഴിവുണ്ട്. ദയാപുരസ്സരമായ വാക്കുകൾ മനസ്സിന്റെ മുറിവ് ഉണക്കാൻ സഹായിച്ചതു നിങ്ങൾ എപ്പോഴെങ്കിലും അനുഭവിച്ചറിഞ്ഞിട്ടുണ്ടോ? (സുഭാഷിതങ്ങൾ 16:24 വായിക്കുക.) വായിൽനിന്ന് വരുന്ന വാക്കുകൾക്കു ശക്തിയുണ്ടെന്ന് അറിയാവുന്നതുകൊണ്ട് നമ്മൾ നമ്മുടെ സംസാരത്താൽ മറ്റുള്ളവരെ ദ്രോഹിക്കുകയില്ല, സുഖപ്പെടുത്തുകയേ ഉള്ളൂ.
സൗമ്യമായ സംസാരം നവോന്മേഷം പകരുന്നു
6. നാവിനെ നിയന്ത്രിക്കുക എളുപ്പമല്ലാത്തത് എന്തുകൊണ്ട്?
6 എത്ര കഠിനമായി ശ്രമിച്ചാലും നാവിനെ പൂർണമായി നിയന്ത്രിക്കാൻ നമുക്കാകില്ല. അതുകൊണ്ടുതന്നെ നമ്മുടെ സംസാരം നമ്മൾ ശ്രദ്ധിക്കേണ്ടതിന്റെ രണ്ടാമത്തെ കാരണം ഇതാണ്: പാപികളും അപൂർണരും ആയതുകൊണ്ട് നാവിനെ ദുരുപയോഗം ചെയ്യാൻ പ്രവണതയുള്ളവരാണു നമ്മളെല്ലാം. വാക്കുകൾ രൂപംകൊള്ളുന്നതു ഹൃദയത്തിലാണ്. “മനുഷ്യന്റെ ഹൃദയത്തിന്റെ ചായ്വ് . . . ദോഷത്തിലേക്കാണ്” എന്നു ബൈബിളും പറയുന്നു. (ഉൽപത്തി 8:21; ലൂക്കോസ് 6:45) അതുകൊണ്ടുതന്നെ നാവിനെ നിയന്ത്രിക്കുന്നത് ഒട്ടും എളുപ്പമല്ല. (യാക്കോബ് 3:2-4 വായിക്കുക.) നാവിനെ പൂർണമായി നിയന്ത്രിക്കാൻ കഴിയില്ലെങ്കിലും, അതിനെ നല്ല രീതിയിൽ ഉപയോഗിക്കുന്ന കാര്യത്തിൽ കൂടുതൽക്കൂടുതൽ മെച്ചപ്പെടാൻ നമുക്കാകും. ഒഴുക്കിനെതിരെ നീന്തുന്ന ഒരാൾ നിറുത്താതെ ശ്രമം ചെയ്യേണ്ടതുപോലെ, നാവിനെ ദുരുപയോഗം ചെയ്യാനുള്ള പ്രവണതയോടു നമ്മൾ നിരന്തരം പോരാടേണ്ടതുണ്ട്.
7, 8. നമ്മുടെ സംസാരത്തെ യഹോവ എത്ര ഗൗരവത്തോടെയാണു കാണുന്നത്?
7 നമ്മുടെ വാക്കുകൾക്കു നമ്മൾ യഹോവയോടു കണക്കു ബോധിപ്പിക്കേണ്ടിവരും എന്നതാണു നമ്മുടെ സംസാരം ശ്രദ്ധിക്കേണ്ടതിന്റെ മൂന്നാമത്തെ കാരണം. നമ്മൾ എങ്ങനെ നാവ് ഉപയോഗിക്കുന്നു എന്നതു സഹമനുഷ്യരുമായുള്ള നമ്മുടെ ബന്ധത്തെ മാത്രമല്ല, യഹോവയുമായുള്ള ബന്ധത്തെയും ബാധിക്കും. യാക്കോബ് 1:26 പറയുന്നു: “താൻ ദൈവത്തെ ആരാധിക്കുന്നെന്നു കരുതുകയും എന്നാൽ നാവിനു കടിഞ്ഞാണിടാതിരിക്കുകയും ചെയ്യുന്നയാൾ സ്വന്തം ഹൃദയത്തെ വഞ്ചിക്കുകയാണ്; അയാളുടെ ആരാധനകൊണ്ട് ഒരു പ്രയോജനവുമില്ല.” നമ്മുടെ സംസാരവും ആരാധനയും തമ്മിൽ അഭേദ്യമായ ബന്ധമുണ്ടെന്നു കഴിഞ്ഞ അധ്യായത്തിൽ നമ്മൾ കണ്ടല്ലോ. നമ്മൾ നാവിനെ നിയന്ത്രിക്കാതെ, ദ്രോഹബുദ്ധിയോടെ, മറ്റുള്ളവരെ മുറിപ്പെടുത്തുന്ന വാക്കുകൾ തൊടുത്തുവിടുന്നെങ്കിൽ ദൈവസേവനത്തിൽ നമ്മൾ ചെയ്യുന്നതിനൊന്നും ദൈവമുമ്പാകെ വിലയുണ്ടാകില്ല. ഇതു വളരെ ഗൗരവമുള്ള ഒരു കാര്യമല്ലേ?—യാക്കോബ് 3:8-10.
8 സംസാരപ്രാപ്തി ദുരുപയോഗം ചെയ്യാതിരിക്കാൻ ശക്തമായ കാരണങ്ങളുണ്ട് എന്നതു വ്യക്തമല്ലേ? ബലപ്പെടുത്തുന്ന രീതിയിലുള്ള നല്ല സംസാരത്തെക്കുറിച്ച് ചിന്തിക്കുന്നതിനു മുമ്പ് സത്യക്രിസ്ത്യാനികൾ തീർത്തും ഒഴിവാക്കേണ്ട സംസാരത്തെക്കുറിച്ച് നമുക്കു നോക്കാം.
ഇടിച്ചുകളയുന്ന സംസാരം
9, 10. (എ) ഇന്ന് ഏതുതരം ഭാഷ സർവസാധാരണമാണ്? (ബി) നമ്മൾ അശ്ലീലസംഭാഷണം ഒഴിവാക്കേണ്ടത് എന്തുകൊണ്ട്? (അടിക്കുറിപ്പും കാണുക.)
9 അശ്ലീലസംഭാഷണം. ചീത്തപറച്ചിൽ, മോശമായ സംസാരം എന്നിവ ഉൾപ്പെടെ അശ്ലീലച്ചുവയുള്ള സംഭാഷണം ഇക്കാലത്ത് അനുദിനജീവിതത്തിന്റെ ഭാഗമായിത്തീർന്നിരിക്കുകയാണ്. കാര്യങ്ങളൊന്നു കടുപ്പിച്ചുപറയാനോ വാക്കുകൾ കിട്ടാതെ വരുമ്പോൾ പകരംവെക്കാനോ പലരും തരംതാണ വാക്കുകളാണ് ഉപയോഗിക്കുന്നത്. ഹാസ്യപരിപാടികളിൽ ആളുകളെ ചിരിപ്പിക്കാനായി ലൈംഗികച്ചുവയുള്ള തമാശകൾ പറയുന്നവരുടെ എണ്ണവും കുറവല്ല. എന്നാൽ ചിരിച്ചുതള്ളാവുന്ന ഒരു നിസ്സാരകാര്യമല്ല അശ്ലീലസംഭാഷണം. “അശ്ലീലം” പാടേ ഉപേക്ഷിക്കാൻ ഏകദേശം 2,000 വർഷങ്ങൾക്കു മുമ്പ് അപ്പോസ്തലനായ പൗലോസ് കൊലോസ്യയിലെ ക്രിസ്ത്യാനികളെ ഉപദേശിക്കുകയുണ്ടായി. (കൊലോസ്യർ 3:8) സത്യക്രിസ്ത്യാനികളുടെ ഇടയിൽ ‘പറഞ്ഞുകേൾക്കാൻപോലും പാടില്ലാത്ത’ കാര്യങ്ങളുടെ കൂട്ടത്തിൽപ്പെടുന്നതാണ് “അശ്ലീലഫലിതം” എന്നാണു പൗലോസ് എഫെസൊസിലെ സഭയോടു പറഞ്ഞത്.—എഫെസ്യർ 5:3, 4.
10 അശ്ലീലസംഭാഷണം യഹോവയ്ക്കു വെറുപ്പാണ്. യഹോവയെ സ്നേഹിക്കുന്നവർക്കും അങ്ങനെതന്നെ. വാസ്തവത്തിൽ, യഹോവയോടുള്ള സ്നേഹമാണ് അശ്ലീലം ഒഴിവാക്കാൻ നമ്മളെ പ്രേരിപ്പിക്കുന്നത്. “ജഡത്തിന്റെ പ്രവൃത്തി”കളുടെ കൂട്ടത്തിൽ “അശുദ്ധി”യെക്കുറിച്ച് പൗലോസ് പറയുന്നുണ്ട്. മോശമായ സംസാരവും ഇതിൽപ്പെടും. (ഗലാത്യർ 5:19-21) ഇതു ഗൗരവമുള്ള ഒരു കാര്യമാണ്. ആവർത്തിച്ച് ബുദ്ധിയുപദേശം കൊടുത്തിട്ടും പശ്ചാത്താപമില്ലാതെ, അധാർമികവും തരംതാണതും ദുഷിച്ചതും ആയ ഭാഷ ഉപയോഗിക്കുന്നതിൽ തുടരുന്ന ഒരു വ്യക്തിയെ സഭയിൽനിന്ന് പുറത്താക്കാവുന്നതാണ്. a
11, 12. (എ) മറ്റുള്ളവരെക്കുറിച്ചുള്ള സംസാരം ഹാനികരമായേക്കാവുന്നത് എപ്പോൾ? (ബി) യഹോവയുടെ ആരാധകർ പരദൂഷണം പറയരുതാത്തത് എന്തുകൊണ്ട്?
11 പരദൂഷണം. മറ്റുള്ളവരെക്കുറിച്ച് സംസാരിക്കാൻ ചായ്വുള്ളവരാണ് എല്ലാവരും. എന്നാൽ അത്തരത്തിലുള്ള എല്ലാ സംസാരവും ഹാനികരമാണോ? അല്ല. ഉദാഹരണത്തിന്, ഈയിടെ സ്നാനമേറ്റത് ആരാണ്, പ്രോത്സാഹനം ആവശ്യമായിരിക്കുന്നത് ആർക്കാണ് എന്നതുപോലുള്ള പ്രയോജനകരമോ ഉപകാരപ്രദമോ ആയ വിവരങ്ങൾ പങ്കുവെക്കുന്നതിൽ യാതൊരു തെറ്റുമില്ല. സഹവിശ്വാസികളുടെ ക്ഷേമത്തിൽ അതീവതത്പരരായിരുന്ന ഒന്നാം നൂറ്റാണ്ടിലെ ക്രിസ്ത്യാനികൾ, അവരെക്കുറിച്ചുള്ള ഉചിതമായ വിവരങ്ങൾ പരസ്പരം പങ്കുവെക്കാറുണ്ടായിരുന്നു. (എഫെസ്യർ 6:21, 22; കൊലോസ്യർ 4:8, 9) എന്നാൽ വസ്തുതകൾ വളച്ചൊടിക്കുകയോ മറ്റുള്ളവരുടെ സ്വകാര്യവിവരങ്ങൾ വെളിപ്പെടുത്തുകയോ ചെയ്യുന്നെങ്കിൽ അത്തരം സംസാരം ദോഷംചെയ്യും. അതു പരദൂഷണമായി മാറിയേക്കാം എന്നതാണ് ഏറെ ഗുരുതരം, അതാകട്ടെ എല്ലായ്പോഴും ഹാനികരവുമാണ്. “മറ്റൊരാളെ അപകീർത്തിപ്പെടുത്തുകയും അയാളുടെ സത്പേര് നശിപ്പിക്കുകയും ചെയ്യുന്ന വ്യാജാരോപണങ്ങൾ” എന്നാണു പരദൂഷണത്തെ നിർവചിച്ചിരിക്കുന്നത്. യേശുവിനെ അപകീർത്തിപ്പെടുത്താനുള്ള ശ്രമത്തിൽ പരീശന്മാർ പരദൂഷണം പറഞ്ഞുപരത്തിയത് അതിന് ഉദാഹരണമാണ്. (മത്തായി 9:32-34; 12:22-24) പരദൂഷണം മിക്കപ്പോഴും വഴക്കിനു കാരണമാകുന്നു.—സുഭാഷിതങ്ങൾ 26:20.
12 മറ്റുള്ളവരുടെ സത്പേര് നശിപ്പിക്കാനോ ചേരിതിരിവുണ്ടാക്കാനോ സംസാരപ്രാപ്തി ഉപയോഗിക്കുന്നതിനെ യഹോവ വളരെ ഗൗരവമായാണു കാണുന്നത്. “സഹോദരന്മാർക്കിടയിൽ കലഹം ഉണ്ടാക്കുന്ന”വരെ യഹോവയ്ക്കു വെറുപ്പാണ്. (സുഭാഷിതങ്ങൾ 6:16-19) “പരദൂഷണക്കാരൻ” എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന ഡിയാബൊലൊസ് എന്ന ഗ്രീക്കുപദം, സാത്താനെ കുറിക്കാനും ഉപയോഗിച്ചിട്ടുണ്ട്. ദൈവത്തെക്കുറിച്ച് പരദൂഷണം പറയുന്ന ‘പിശാചാണ്’ അവൻ; പിശാച് എന്നതിന്റെ അർഥംതന്നെ പരദൂഷണക്കാരൻ എന്നാണ്. (വെളിപാട് 12:9, 10) ഒരർഥത്തിൽ, നമ്മളെയും ഒരു പിശാചാക്കിത്തീർക്കുന്ന തരം സംസാരം നമ്മൾ എന്തായാലും ഒഴിവാക്കും. പരദൂഷണം, ജഡത്തിന്റെ പ്രവൃത്തികളായ ‘അഭിപ്രായഭിന്നതയ്ക്കും’ ‘ചേരിതിരിവിനും’ കാരണമാകുന്നതുകൊണ്ട് അതിനു ക്രിസ്തീയസഭയിൽ യാതൊരു സ്ഥാനവുമില്ല. (ഗലാത്യർ 5:19-21) അതുകൊണ്ട്, മറ്റൊരാളെക്കുറിച്ചുള്ള ഒരു കാര്യം ആരോടെങ്കിലും പറയുന്നതിനു മുമ്പ് സ്വയം ഇങ്ങനെ ചോദിക്കുക: ‘ഇതു സത്യമാണോ? ഇക്കാര്യം മറ്റുള്ളവരോടു പറയുന്നതിൽ കുഴപ്പമുണ്ടോ? ഇതു പരസ്യപ്പെടുത്തുന്നത് ഉചിതമായിരിക്കുമോ, എനിക്ക് അതിന്റെ ആവശ്യമുണ്ടോ?’—1 തെസ്സലോനിക്യർ 4:11 വായിക്കുക.
13, 14. (എ) അസഭ്യസംസാരം മറ്റുള്ളവരെ എങ്ങനെ ബാധിക്കും? (ബി) എന്താണ് അധിക്ഷേപം, അങ്ങനെ ചെയ്യുന്ന ഒരാൾ അപകടകരമായ ഒരവസ്ഥയിലായിരിക്കുന്നത് എങ്ങനെ?
13 അസഭ്യസംസാരം. നമ്മൾ കണ്ടതുപോലെ, വാക്കുകൾക്കു മുറിപ്പെടുത്താനുള്ള ശക്തിയുണ്ട്. അപൂർണരായതുകൊണ്ട്, പിന്നീടു ഖേദിക്കേണ്ടിവരുന്ന കാര്യങ്ങൾ നമ്മളെല്ലാം പലപ്പോഴും പറഞ്ഞുപോകാറുണ്ട് എന്നതു ശരിതന്നെ. എന്നാൽ ഒരു ക്രിസ്തീയഭവനത്തിലോ സഭയിലോ ഒരിക്കലും കേൾക്കരുതാത്ത തരം സംസാരത്തെക്കുറിച്ച് ബൈബിൾ മുന്നറിയിപ്പു തരുന്നുണ്ട്. “എല്ലാ തരം പകയും കോപവും ക്രോധവും ആക്രോശവും അസഭ്യസംസാരവും . . . നിങ്ങളിൽനിന്ന് നീക്കിക്കളയുക” എന്നു പൗലോസ് ക്രിസ്ത്യാനികളെ ഉദ്ബോധിപ്പിച്ചു. (എഫെസ്യർ 4:31) ‘അസഭ്യസംസാരം’ എന്ന പദത്തെ മറ്റു ഭാഷാന്തരങ്ങൾ “ദുഷിച്ച സംസാരം,” “മുറിപ്പെടുത്തുന്ന വാക്കുകൾ,” “അവഹേളനം” എന്നൊക്കെയാണു പരിഭാഷപ്പെടുത്തിയിരിക്കുന്നത്. അധിക്ഷേപം, നിരന്തരമുള്ള കടുത്ത വിമർശനങ്ങൾ എന്നിവയെല്ലാം അസഭ്യസംസാരത്തിൽപ്പെടും. ഇതു മറ്റുള്ളവരുടെ അന്തസ്സ് ഇടിച്ചുകളഞ്ഞുകൊണ്ട് വിലകെട്ടവരാണെന്ന തോന്നൽ അവരിൽ ഉളവാക്കിയേക്കാം. അസഭ്യസംസാരം ഏറ്റവും അധികം ബാധിക്കുന്നതു നിഷ്കളങ്കമായ കുരുന്നുമനസ്സുകളെയാണ്.—കൊലോസ്യർ 3:21.
14 അധിക്ഷേപിച്ച് സംസാരിക്കുന്നതിനെ, അതായത് തരംതാഴ്ത്തുന്നതും നിന്ദാകരവും ആയ വാക്കുകൾ ഉപയോഗിച്ച് മറ്റുള്ളവരെ കരിവാരിത്തേക്കുന്നതിനെ, ബൈബിൾ ശക്തമായ ഭാഷയിൽ കുറ്റം വിധിക്കുന്നു. അതു പതിവാക്കുന്ന ഒരാൾ വളരെ അപകടകരമായ ഒരവസ്ഥയിലേക്കാണു നീങ്ങുന്നത്. കാരണം, ആവർത്തിച്ചുള്ള ഓർമിപ്പിക്കൽ ലഭിച്ചിട്ടും ചെവിക്കൊള്ളാത്ത അത്തരമൊരാൾ സഭയിൽനിന്ന് നീക്കംചെയ്യപ്പെട്ടേക്കാം. മാറ്റം വരുത്തുന്നില്ലെങ്കിൽ ദൈവരാജ്യത്തിന്റെ അനുഗ്രഹങ്ങളും അയാൾക്കു നഷ്ടമാകും. (1 കൊരിന്ത്യർ 5:11-13; 6:9, 10) അതുകൊണ്ട്, അനുചിതവും സത്യത്തിനു നിരക്കാത്തതും പരിഗണനയില്ലാത്തതും ആയ സംസാരം ശീലമാക്കിയാൽ നമുക്ക് ഒരിക്കലും ദൈവസ്നേഹത്തിൽ നിലനിൽക്കാനാകില്ല എന്നു വ്യക്തം. അത്തരം സംസാരം മറ്റുള്ളവരെ ഇടിച്ചുകളയുകയേ ഉള്ളൂ.
“ബലപ്പെടുത്തുന്ന” വാക്കുകൾ
15. ഏതുതരം സംസാരമാണു മറ്റുള്ളവരെ ‘ബലപ്പെടുത്തുന്നത്?’
15 ദൈവം ഉദ്ദേശിച്ച വിധത്തിൽ സംസാരപ്രാപ്തി ഉപയോഗിക്കാൻ നമുക്ക് എങ്ങനെ കഴിയും? ‘ബലപ്പെടുത്തുന്ന കാര്യങ്ങൾ’ സംസാരിക്കാൻ ദൈവവചനം നമ്മളെ ഉദ്ബോധിപ്പിക്കുന്നെന്ന് ഓർക്കുക. (എഫെസ്യർ 4:29) മറ്റുള്ളവരെ ആത്മീയമായി പരിപുഷ്ടിപ്പെടുത്തുന്ന, അവരെ പ്രോത്സാഹിപ്പിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുന്ന വിധത്തിൽ നമ്മൾ സംസാരിക്കുന്നതാണ് യഹോവയ്ക്ക് ഇഷ്ടം. ചിന്തിച്ച് സംസാരിച്ചാൽ മാത്രമേ അതിനു സാധിക്കൂ. അതിനുള്ള സൂത്രവാക്യം ബൈബിളിലില്ല. ‘ആർക്കും കുറ്റം പറയാനാകാത്ത നല്ല വാക്കുകളുടെ’ ഒരു സമ്പൂർണലിസ്റ്റും അതു തരുന്നില്ല. (തീത്തോസ് 2:8) “ബലപ്പെടുത്തുന്ന” രീതിയിൽ സംസാരിക്കണമെങ്കിൽ അതിന്റെ മുന്നു പ്രമുഖസവിശേഷതകൾ നമ്മൾ മനസ്സിൽപ്പിടിക്കണം: അത്തരം വാക്കുകൾ ഉചിതമായിരിക്കും, സത്യത്തിനു നിരക്കുന്നതായിരിക്കും, പരിഗണനയുള്ളതായിരിക്കും. ഇക്കാര്യങ്ങൾ മനസ്സിൽപ്പിടിച്ചുകൊണ്ട്, “ബലപ്പെടുത്തുന്ന” സംസാരത്തിന്റെ ഏതാനും ഉദാഹരണങ്ങൾ നമുക്കു ശ്രദ്ധിക്കാം.—“ ബലപ്പെടുത്തുന്നതാണോ എന്റെ സംസാരം?” എന്ന ചതുരം കാണുക.
16, 17. (എ) മറ്റുള്ളവരെ അഭിനന്ദിക്കേണ്ടത് എന്തുകൊണ്ട്? (ബി) സഭയിലും കുടുംബത്തിലും അഭിനന്ദിക്കാനുള്ള ഏതെല്ലാം അവസരങ്ങളാണുള്ളത്?
16 ആത്മാർഥമായ അഭിനന്ദനം. അഭിനന്ദനത്തിന്റെയും അംഗീകാരത്തിന്റെയും വാക്കുകൾ പറയേണ്ടത് എത്ര പ്രധാനമാണെന്ന് യഹോവയ്ക്കും യേശുവിനും അറിയാം. (മത്തായി 3:17; 25:19-23; യോഹന്നാൻ 1:47) ക്രിസ്ത്യാനികളായ നമ്മളും മറ്റുള്ളവരെ ആത്മാർഥമായി അഭിനന്ദിക്കണം. കാരണം? “തക്കസമയത്ത് പറയുന്ന വാക്ക് എത്ര നല്ലത്!” എന്നു സുഭാഷിതങ്ങൾ 15:23 പറയുന്നു. സ്വയം ഇങ്ങനെ ചോദിക്കുക: ‘ആരെങ്കിലും എന്നെ അഭിനന്ദിക്കുമ്പോൾ എനിക്ക് എന്താണു തോന്നുന്നത്? അപ്പോൾ എനിക്കു സംതൃപ്തിയും പ്രോത്സാഹനവും തോന്നാറില്ലേ?’ നിങ്ങളെ ശ്രദ്ധിക്കുന്ന, നിങ്ങൾക്കുവേണ്ടി കരുതുന്ന ആരൊക്കെയോ ഉണ്ടെന്നും നിങ്ങളുടെ ശ്രമങ്ങൾ മൂല്യവത്താണെന്നും ആണ് ആത്മാർഥമായ ഒരു അഭിനന്ദനം നിങ്ങളോടു പറയുന്നത്. അതു നിങ്ങളുടെ ആത്മവിശ്വാസം വർധിപ്പിക്കുകയും പൂർവാധികം ഉത്സാഹത്തോടെ പ്രവർത്തിക്കാൻ നിങ്ങളെ പ്രചോദിപ്പിക്കുകയും ചെയ്യും. അഭിനന്ദനം കിട്ടുന്നതു നിങ്ങൾക്ക ഇഷ്ടമാണെങ്കിൽ, മറ്റുള്ളവർക്ക് അഭിനന്ദനം കൊടുക്കാനും നിങ്ങൾ ശ്രമിക്കേണ്ടതല്ലേ?—മത്തായി 7:12 വായിക്കുക.
17 മറ്റുള്ളവരിലെ നന്മ കാണാനും അതിനെ അഭിനന്ദിക്കാനും നിങ്ങളെത്തന്നെ പരിശീലിപ്പിക്കുക. നിങ്ങൾ സഭയിൽ നല്ലൊരു പ്രസംഗം കേട്ടേക്കാം, ഒരു യുവക്രിസ്ത്യാനി ആത്മീയലക്ഷ്യങ്ങൾവെച്ച് മുന്നേറുന്നതു നിരീക്ഷിച്ചേക്കാം, അതുമല്ലെങ്കിൽ വാർധക്യപ്രശ്നങ്ങൾ വകവെക്കാതെ യോഗങ്ങൾക്കു ക്രമമായി വരുന്ന ഒരു സഹോദരനെയോ സഹോദരിയെയോ കണ്ടേക്കാം. ആത്മാർഥമായ അഭിനന്ദനം ഇങ്ങനെയുള്ളവരുടെ ഹൃദയത്തെ സ്പർശിക്കുകയും അവരെ ആത്മീയമായി ബലപ്പെടുത്തുകയും ചെയ്യും. കുടുംബത്തിൽ, ഭാര്യയും ഭർത്താവും പരസ്പരം അഭിനന്ദിക്കുകയും വിലമതിപ്പു നിറഞ്ഞ വാക്കുകൾ പറയുകയും വേണം. (സുഭാഷിതങ്ങൾ 31:10, 28) മാതാപിതാക്കൾ തങ്ങളെ ശ്രദ്ധിക്കുകയും വിലമതിക്കുകയും ചെയ്യുന്നുണ്ടെന്നു മനസ്സിലാക്കുമ്പോൾ കുട്ടികൾ മിടുക്കരായി വളരും. ഒരു കുട്ടിയെ സംബന്ധിച്ചിടത്തോളം അഭിനന്ദനവും അംഗീകാരവും, ഒരു ചെടിയുടെ വളർച്ചയ്ക്ക് ആവശ്യമായ സൂര്യപ്രകാശവും വെള്ളവും പോലെയാണ്. മാതാപിതാക്കളേ, കുട്ടികളുടെ നല്ല ഗുണങ്ങളെയും അവർ ചെയ്യുന്ന നല്ല കാര്യങ്ങളെയും പ്രതി അവരെ അഭിനന്ദിക്കുന്നതിൽ ഒട്ടും പിശുക്കു കാണിക്കരുത്. അതു കുട്ടികളുടെ ധൈര്യവും ആത്മവിശ്വാസവും വർധിപ്പിക്കും. ശരിയായതു ചെയ്യാൻ കൂടുതൽ നന്നായി ശ്രമിക്കുന്നതിന് അത് അവരെ പ്രചോദിപ്പിക്കും.
18, 19. സഹവിശ്വാസികളെ പ്രോത്സാഹിപ്പിക്കാൻ നമ്മൾ പരമാവധി ശ്രമിക്കേണ്ടത് എന്തുകൊണ്ട്, അത് എങ്ങനെ ചെയ്യാം?
18 പ്രോത്സാഹനവും ആശ്വാസവും. ‘എളിയവനെയും’ ‘തകർന്നവനെയും’ കുറിച്ച് യഹോവയ്ക്കു വലിയ ചിന്തയുണ്ട്. (യശയ്യ 57:15) ‘പരസ്പരം പ്രോത്സാഹിപ്പിക്കാനും’ ‘വിഷാദിച്ചിരിക്കുന്നവരോട് ആശ്വാസം തോന്നുന്ന രീതിയിൽ സംസാരിക്കാനും’ ദൈവവചനം നമ്മളെ പ്രോത്സാഹിപ്പിക്കുന്നു. (1 തെസ്സലോനിക്യർ 5:11, 14) ദുഃഖഭാരത്താൽ തകർന്നിരിക്കുന്ന സഹാരാധകരെ പ്രോത്സാഹിപ്പിക്കാനും ആശ്വസിപ്പിക്കാനും നമ്മൾ നടത്തുന്ന ശ്രമങ്ങൾ ദൈവം ശ്രദ്ധിക്കുന്നുണ്ടെന്നും അതു ദൈവം വിലമതിക്കുന്നുണ്ടെന്നും നമുക്ക് ഉറപ്പുണ്ടായിരിക്കാം.
19 അങ്ങനെയെങ്കിൽ, നിരുത്സാഹിതനും നിരാശനും ആയ ഒരു സഹക്രിസ്ത്യാനിയെ ബലപ്പെടുത്താനായി നിങ്ങൾക്ക് എന്തു പറയാനാകും? പ്രശ്നം പരിഹരിക്കേണ്ടതു നിങ്ങളുടെ ഉത്തരവാദിത്വമാണെന്നു ചിന്തിക്കേണ്ടതില്ല. പലപ്പോഴും, ആശ്വാസപ്രദമായ ഏതാനും വാക്കുകൾ മാത്രം മതിയാകും. നിങ്ങളുടെ ആത്മാർഥമായ താത്പര്യം ആ വ്യക്തിക്ക് അനുഭവപ്പെടണം. ആ വ്യക്തിയോടൊപ്പം പ്രാർഥിക്കുക; മറ്റുള്ളവരും യഹോവയും ആ വ്യക്തിയെ എത്രമാത്രം സ്നേഹിക്കുന്നുണ്ടെന്നു മനസ്സിലാക്കാൻ അദ്ദേഹത്തെ സഹായിക്കണമെന്നു നിങ്ങൾക്കു പ്രാർഥിക്കാവുന്നതാണ്. (യാക്കോബ് ) സഭയ്ക്ക് അദ്ദേഹത്തെക്കൊണ്ട് ആവശ്യമുണ്ടെന്നും അദ്ദേഹം സഭയിലെ വിലപ്പെട്ട ഒരംഗമാണെന്നും അദ്ദേഹം അറിയട്ടെ. ( 5:14, 151 കൊരിന്ത്യർ 12:12-26) യഹോവയ്ക്ക് അദ്ദേഹത്തിന്റെ കാര്യത്തിൽ വ്യക്തിപരമായ താത്പര്യമുണ്ടെന്ന് ഉറപ്പു കൊടുക്കുന്ന പ്രോത്സാഹജനകമായ ഒരു വാക്യം ബൈബിളിൽനിന്ന് വായിച്ചുകേൾപ്പിക്കുക. (സങ്കീർത്തനം 34:18; മത്തായി 10:29-31) മനംതകർന്നിരിക്കുന്ന ഒരാളെ ആത്മാർഥമായി ആശ്വസിപ്പിക്കാൻ അൽപ്പം സമയം ചെലവഴിച്ചാൽ മറ്റുള്ളവർക്കു തന്നോടു സ്നേഹമുണ്ടെന്ന് അദ്ദേഹത്തിനു തീർച്ചയായും മനസ്സിലാകും. തന്നെ അവർ വിലമതിക്കുന്നുണ്ടന്നും അദ്ദേഹം തിരിച്ചറിയും.—സുഭാഷിതങ്ങൾ 12:25 വായിക്കുക.
20, 21. ഫലപ്രദമായ ബുദ്ധിയുപദേശത്തിന് അനിവാര്യമായ ഘടകങ്ങൾ ഏതെല്ലാം?
20 ഫലപ്രദമായ ബുദ്ധിയുപദേശം. അപൂർണരായതിനാൽ നമുക്കെല്ലാം കൂടെക്കൂടെ ബുദ്ധിയുപദേശം ആവശ്യമാണ്. “ഉപദേശം ശ്രദ്ധിച്ച് ശിക്ഷണം സ്വീകരിച്ചാൽ ഭാവിയിൽ നീ ജ്ഞാനിയായിത്തീരും” എന്നു ബൈബിൾ നമ്മളോടു പറയുന്നു. (സുഭാഷിതങ്ങൾ 19:20) ബുദ്ധിയുപദേശം നൽകാനുള്ള ഉത്തരവാദിത്വം മൂപ്പന്മാർക്കു മാത്രമുള്ളതല്ല. മാതാപിതാക്കൾ മക്കളെ ബുദ്ധിയുപദേശിക്കണം. (എഫെസ്യർ 6:4) പക്വതയുള്ള സഹോദരിമാർ പ്രായം കുറഞ്ഞ സഹോദരിമാർക്കു ബുദ്ധിയുപദേശം കൊടുക്കേണ്ടിവന്നേക്കാം. (തീത്തോസ് 2:3-5) മറ്റുള്ളവരോടു സ്നേഹമുണ്ടെങ്കിൽ അവർക്കു സ്വീകരിക്കാൻ ബുദ്ധിമുട്ടു തോന്നാത്തവിധം ബുദ്ധിയുപദേശം കൊടുക്കാൻ നമ്മൾ ശ്രമിക്കും. അങ്ങനെ ചെയ്യാൻ എന്തു സഹായിക്കും? ബുദ്ധിയുപദേശത്തെ ഏറെ ഫലപ്രദമാക്കുന്ന മൂന്നു ഘടകങ്ങൾ ശ്രദ്ധിക്കുക: അതു കൊടുക്കുന്ന വ്യക്തിയുടെ മനോഭാവവും ആന്തരവും, അതു നൽകാനുള്ള കാരണം, നൽകുന്ന രീതി.
21 ബുദ്ധിയുപദേശം എത്രത്തോളം ഫലപ്രദമാകും എന്നത്, ഏറെയും അതു കൊടുക്കുന്ന വ്യക്തിയെ ആശ്രയിച്ചാണിരിക്കുന്നത്. സ്വയം ഇങ്ങനെ ചോദിക്കുക, ‘എനിക്ക് എപ്പോഴാണു ബുദ്ധിയുപദേശം സ്വീകരിക്കാൻ ഏറ്റവും എളുപ്പം തോന്നാറ്?’ ബുദ്ധിയുപദേശം കൊടുക്കുന്ന വ്യക്തിക്കു നിങ്ങളെക്കുറിച്ച് ചിന്തയുണ്ടെന്നും നിങ്ങളോടുള്ള ദേഷ്യംതീർക്കാനല്ല നിങ്ങളെ ഉപദേശിക്കുന്നതെന്നും അദ്ദേഹത്തിനു ഗൂഢമായ ഉദ്ദേശ്യമൊന്നുമില്ലെന്നും മനസ്സിലാക്കുമ്പോൾ അതു സ്വീകരിക്കാൻ കൂടുതൽ എളുപ്പമായിരിക്കും. ആ സ്ഥിതിക്ക്, നിങ്ങൾ മറ്റുള്ളവരെ ബുദ്ധിയുപദേശിക്കുമ്പോഴും ഇത് ഓർക്കേണ്ടതല്ലേ? ബുദ്ധിയുപദേശം ഫലപ്രദമാകണമെങ്കിൽ അതു ദൈവവചനത്തിൽ വേരൂന്നിയതും ആയിരിക്കണം. (2 തിമൊഥെയൊസ് 3:16) ബൈബിളിൽനിന്ന് നേരിട്ട് ഉദ്ധരിച്ചാലും ഇല്ലെങ്കിലും നമ്മൾ നൽകുന്ന ഏതു ബുദ്ധിയുപദേശത്തിനും തിരുവെഴുത്തിന്റെ പിൻബലമുണ്ടായിരിക്കണം. അതുകൊണ്ടുതന്നെ, സ്വന്തം വീക്ഷണങ്ങൾ മറ്റുള്ളവരിൽ അടിച്ചേൽപ്പിക്കാതിരിക്കാൻ മൂപ്പന്മാർ ശ്രദ്ധയുള്ളവരാണ്; വ്യക്തിപരമായ ഏതെങ്കിലും വീക്ഷണത്തിനു ബൈബിളിന്റെ പിന്തുണയുണ്ടെന്നു വരുത്തിത്തീർക്കാൻ അവർ തിരുവെഴുത്തുകളെ വളച്ചൊടിക്കുകയുമില്ല. ബുദ്ധിയുപദേശത്തിന്റെ ഫലപ്രദത്വം നിർണയിക്കുന്ന മറ്റൊരു ഘടകമാണ് അതു നൽകുന്ന രീതി. ഉപ്പിനാൽ രുചിവരുത്തിയതുപോലുള്ള, ദയാപൂർവകമായ ബുദ്ധിയുപദേശം, മറ്റുള്ളവർക്കു സ്വീകരിക്കാൻ എളുപ്പമായിരിക്കുമെന്നു മാത്രമല്ല, അത് അവരുടെ അന്തസ്സിനു ക്ഷതമേൽപ്പിക്കുകയുമില്ല.—കൊലോസ്യർ 4:6.
22. സംസാരപ്രാപ്തി എങ്ങനെ ഉപയോഗിക്കാനാണു നിങ്ങളുടെ തീരുമാനം?
22 സംസാരപ്രാപ്തി ദൈവത്തിൽനിന്നുള്ള വിലയേറിയ ഒരു സമ്മാനമാണ് എന്നതിനു സംശയമില്ല. അതു ദുരുപയോഗം ചെയ്യുന്നതിനു പകരം നന്നായി ഉപയോഗിക്കാൻ യഹോവയോടുള്ള സ്നേഹം നമ്മളെ പ്രചോദിപ്പിക്കും. നമ്മുടെ വായിൽനിന്ന് വരുന്ന വാക്കുകൾക്കു മറ്റുള്ളവരെ ബലപ്പെടുത്താനോ ഇടിച്ചുകളയാനോ ഉള്ള ശക്തിയുണ്ടെന്ന കാര്യം നമ്മൾ മറക്കരുത്. അതുകൊണ്ട് ഈ സമ്മാനത്തെ ദൈവം ഉദ്ദേശിച്ചതുപോലെ, മറ്റുള്ളവരെ “ബലപ്പെടുത്തുന്ന” രീതിയിൽ ഉപയോഗിക്കാൻ നമുക്കു തീവ്രമായി യത്നിക്കാം. അങ്ങനെയാകുമ്പോൾ നമ്മുടെ സംസാരം മറ്റുള്ളവർക്കു പ്രോത്സാഹനം പകരുമെന്നു മാത്രമല്ല ദൈവസ്നേഹത്തിൽ നിലനിൽക്കാൻ നമ്മളെ സഹായിക്കുകയും ചെയ്യും.
a ബൈബിളിൽ ഉപയോഗിച്ചിരിക്കുന്ന “അശുദ്ധി” എന്ന പദത്തിനു നാനാതരം പാപങ്ങളെ സൂചിപ്പിക്കാൻ പോന്ന അർഥവ്യാപ്തിയുണ്ട്. എല്ലാ അശുദ്ധിക്കും നീതിന്യായക്കമ്മിറ്റി ആവശ്യമില്ലെങ്കിലും, പശ്ചാത്താപമില്ലാതെ ഗുരുതരമായ അശുദ്ധിയിൽ തുടരുന്ന ഒരു വ്യക്തിയെ സഭയിൽനിന്ന് പുറത്താക്കാവുന്നതാണ്.—2 കൊരിന്ത്യർ 12:21; എഫെസ്യർ 4:19; 2006 ജൂലൈ 15 ലക്കം വീക്ഷാഗോപുരത്തിലെ “വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ” കാണുക.