അധ്യായം 12
‘ബലപ്പെടുത്തുന്ന കാര്യങ്ങൾ’ സംസാരിക്കുക
‘ചീത്ത വാക്കുകളൊന്നും നിങ്ങളുടെ വായിൽനിന്ന് വരരുത്. പകരം, മറ്റുള്ളവരെ ബലപ്പെടുത്തുന്നതേ വരാവൂ.’—എഫെസ്യർ 4:29.
1-3. (എ) യഹോവ നമുക്കു തന്ന നല്ല സമ്മാനങ്ങളിൽ ഒന്ന് ഏതാണ്? നമ്മൾ അത് എങ്ങനെ ദുരുപയോഗം ചെയ്തേക്കാം? (ബി) സംസാരപ്രാപ്തി നമ്മൾ എങ്ങനെ ഉപയോഗിക്കണം?
ഒരു പിതാവ് സന്തോഷത്തോടെ മകന് ഒരു സൈക്കിൾ സമ്മാനമായി കൊടുക്കുന്നു. എന്നാൽ ആ മകൻ ശ്രദ്ധയില്ലാതെ സൈക്കിൾ ഓടിച്ച് ആരെയെങ്കിലും ഇടിച്ച് വീഴ്ത്തി പരിക്കേൽപ്പിച്ചാലോ? ആ പിതാവിന് എന്തു തോന്നും?
2 “എല്ലാ നല്ല ദാനങ്ങളും തികവുറ്റ സമ്മാനങ്ങളും” നൽകുന്നവനാണു യഹോവ. (യാക്കോബ് 1:17) അത്തരം നല്ല സമ്മാനങ്ങളിൽ ഒന്നാണ് സംസാരിക്കാനുള്ള പ്രാപ്തി. നമ്മുടെ ചിന്തകളും വികാരങ്ങളും പ്രകടിപ്പിക്കാൻ അതിലൂടെ കഴിയുന്നു. ആളുകൾക്ക് ഗുണം ചെയ്യുന്നതും സന്തോഷം നൽകുന്നതും ആയ കാര്യങ്ങൾ പറയാൻ ഇതിലൂടെ നമുക്കാകുന്നു. എന്നാൽ നമ്മൾ പറയുന്ന കാര്യങ്ങൾ മറ്റുള്ളവർക്കു ദോഷം ചെയ്യുന്നതോ അവരെ വേദനിപ്പിക്കുന്നതോ ആകാനും ഇടയുണ്ട്.
3 വാക്കുകൾക്കു വളരെ ശക്തിയുണ്ട്. അതുകൊണ്ട് സംസാരം എന്ന സമ്മാനം എങ്ങനെ ഉപയോഗിക്കണമെന്ന് യഹോവ നമ്മളെ പഠിപ്പിക്കുന്നു. യഹോവ പറയുന്നു: “ചീത്ത വാക്കുകളൊന്നും നിങ്ങളുടെ വായിൽനിന്ന് വരരുത്. പകരം, കേൾക്കുന്നവർക്കു ഗുണം ചെയ്യുന്നതും അവരെ ബലപ്പെടുത്തുന്നതും സന്ദർഭോചിതവും ആയ കാര്യങ്ങൾ മാത്രമേ വായിൽനിന്ന് വരാവൂ.” (എഫെസ്യർ 4:29) ദൈവം തന്ന ഈ സമ്മാനം ദൈവത്തിന് ഇഷ്ടപ്പെടുന്ന വിധത്തിലും മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കുന്ന വിധത്തിലും എങ്ങനെ ഉപയോഗിക്കാമെന്നു നമുക്ക് ഇപ്പോൾ നോക്കാം.
ശ്രദ്ധിച്ച് സംസാരിക്കുക
4, 5. വാക്കുകളുടെ ശക്തിയെക്കുറിച്ച് സുഭാഷിതങ്ങളിൽനിന്ന് നമുക്ക് എന്തു പഠിക്കാം?
4 വാക്കുകൾക്കു ശക്തിയുണ്ട്. അതുകൊണ്ട് നമ്മൾ എന്തു പറയുന്നു, എങ്ങനെ പറയുന്നു എന്നതിനു ശ്രദ്ധ കൊടുക്കണം. സുഭാഷിതങ്ങൾ 15:4 പറയുന്നു: “ശാന്തതയുള്ള നാവ് ജീവവൃക്ഷം; എന്നാൽ വക്രതയുള്ള സംസാരം തളർത്തിക്കളയുന്നു.” മനോഹരമായ ഒരു മരം ശുദ്ധവായുവും കുളിർമയും തരുന്നതുപോലെ ദയയുള്ള വാക്കുകൾ, കേൾക്കുന്നവർക്കു നവോന്മേഷം നൽകുന്നു. എന്നാൽ ക്രൂരമായ വാക്കുകൾ മറ്റുള്ളവരെ മുറിപ്പെടുത്തുകയും ദുഃഖിപ്പിക്കുകയും ചെയ്യും.—സുഭാഷിതങ്ങൾ 18:21.
5 “ചിന്തിക്കാതെ സംസാരിക്കുന്നതു വാളുകൊണ്ട് കുത്തുന്നതുപോലെയാണ് ” എന്ന് സുഭാഷിതങ്ങൾ 12:18 പറയുന്നു. ദയയില്ലാത്ത വാക്കുകൾ മനസ്സിനെ വേദനിപ്പിക്കുകയും ബന്ധങ്ങൾ തകർക്കുകയും ചെയ്യുന്നു. ആരെങ്കിലും നിങ്ങളോടു ദയയില്ലാതെ സംസാരിച്ചിട്ട് നിങ്ങളുടെ മനസ്സു വിഷമിച്ച ഏതെങ്കിലും സാഹചര്യം നിങ്ങൾ ഓർക്കുന്നുണ്ടാകും. എന്നാൽ അതേ സുഭാഷിതം ഇങ്ങനെ തുടരുന്നു: “എന്നാൽ ബുദ്ധിയുള്ളവരുടെ നാവ് മുറിവ് ഉണക്കുന്നു.” ചിന്തിച്ച് സംസാരിക്കുമ്പോൾ വേദനിക്കുന്ന ഹൃദയത്തിന്റെ മുറിവ് ഉണക്കാനും തെറ്റിദ്ധാരണകൊണ്ട് മുറിഞ്ഞുപോയ സൗഹൃദങ്ങൾ നേരെയാക്കാനും കഴിയും. (സുഭാഷിതങ്ങൾ 16:24 വായിക്കുക.) നമ്മുടെ വാക്കുകൾക്കു മറ്റുള്ളവരെ സുഖപ്പെടുത്താനോ മുറിപ്പെടുത്താനോ കഴിയും എന്ന് ഓർക്കുന്നെങ്കിൽ, നമ്മൾ വാക്കുകൾ സൂക്ഷിച്ചേ ഉപയോഗിക്കൂ.
6. സംസാരം നിയന്ത്രിക്കുക എന്നത് ബുദ്ധിമുട്ടാണെന്നു പറയുന്നത് എന്തുകൊണ്ട്?
6 നമ്മൾ ശ്രദ്ധിച്ച് സംസാരിക്കേണ്ടതിന്റെ മറ്റൊരു കാരണം നമ്മളെല്ലാം അപൂർണരാണ് എന്നതാണ്. ‘മനുഷ്യന്റെ ഹൃദയത്തിന്റെ ചായ്വ് ദോഷത്തിലേക്കാണ്.’ മിക്കപ്പോഴും, നമ്മുടെ ഹൃദയത്തിലുള്ളത് എന്താണെന്നു നമ്മുടെ വാക്കുകൾ വെളിപ്പെടുത്തുന്നു. (ഉൽപത്തി 8:21; ലൂക്കോസ് 6:45) നാവിനെ നിയന്ത്രിക്കുക എന്നതു നമുക്കു വലിയ ബുദ്ധിമുട്ടുള്ള കാര്യമായിരിക്കാം. (യാക്കോബ് 3:2-4 വായിക്കുക.) എങ്കിലും എങ്ങനെ സംസാരിക്കുന്നു എന്ന കാര്യത്തിൽ മെച്ചപ്പെടാൻ നമ്മൾ സ്ഥിരം പരിശ്രമിക്കണം.
7, 8. നമ്മുടെ വാക്കുകൾ എങ്ങനെയാണ് യഹോവയുമായുള്ള ബന്ധത്തെ ബാധിക്കുന്നത്?
7 ശ്രദ്ധിച്ച് സംസാരിക്കേണ്ടതിന്റെ മറ്റൊരു കാരണം എന്തു പറയുന്നു, എങ്ങനെ പറയുന്നു എന്നതിന് യഹോവയോടു നമ്മൾ കണക്കു ബോധിപ്പിക്കണം എന്നതാണ്. യാക്കോബ് 1:26 പറയുന്നു: “താൻ ദൈവത്തെ ആരാധിക്കുന്നെന്നു കരുതുകയും എന്നാൽ നാവിനു കടിഞ്ഞാണിടാതിരിക്കുകയും ചെയ്യുന്നയാൾ സ്വന്തം ഹൃദയത്തെ വഞ്ചിക്കുകയാണ്; അയാളുടെ ആരാധനകൊണ്ട് ഒരു പ്രയോജനവുമില്ല.” അതുകൊണ്ട് സൂക്ഷിച്ച് സംസാരിച്ചില്ലെങ്കിൽ യഹോവയുമായുള്ള നമ്മുടെ ബന്ധം നമ്മൾതന്നെ തകർക്കുകയായിരിക്കും.—യാക്കോബ് 3:8-10.
8 നമ്മൾ എന്തു പറയുന്നു, എങ്ങനെ പറയുന്നു എന്ന കാര്യത്തിൽ ശ്രദ്ധയുള്ളവരായിരിക്കാൻ നമുക്കു വ്യക്തമായ കാരണങ്ങളുണ്ട്. സംസാരപ്രാപ്തി എന്ന സമ്മാനം യഹോവ ആഗ്രഹിക്കുന്ന വിധത്തിൽ ഉപയോഗിക്കാൻ നമ്മൾ ഏതുതരത്തിലുള്ള സംസാരം ഒഴിവാക്കണമെന്ന് ആദ്യം അറിയണം.
ഇടിച്ചുതാഴ്ത്തുന്ന സംസാരം
9, 10. (എ) ഇന്നു സർവസാധാരണമായിരിക്കുന്ന സംസാരരീതി ഏതാണ്? (ബി) അശ്ലീലസംഭാഷണം നമ്മൾ ഒഴിവാക്കേണ്ടത് എന്തുകൊണ്ട്?
9 അശ്ലീലഭാഷയും വൃത്തികെട്ട സംസാരവും ഇന്നു സർവസാധാരണമാണ്. വൃത്തികെട്ട, തരംതാണ വാക്കുകൾ ഉപയോഗിച്ചാലേ ആളുകൾക്ക് കൃത്യമായി കാര്യങ്ങൾ പിടികിട്ടൂ എന്ന് അനേകരും ചിന്തിക്കുന്നു. ആളുകളെ ചിരിപ്പിക്കാൻ ഹാസ്യകലാകാരന്മാർ മിക്കപ്പോഴും അശ്ലീലതമാശകളും തരംതാണ പ്രയോഗങ്ങളും ഉപയോഗിക്കുന്നു. എന്നാൽ അപ്പോസ്തലനായ പൗലോസ് പറഞ്ഞു: “ക്രോധം, കോപം, വഷളത്തം, അസഭ്യസംസാരം എന്നിവയെല്ലാം ഉപേക്ഷിക്കാനുള്ള സമയമായി. അശ്ലീലം നിങ്ങളുടെ വായിൽനിന്ന് വരരുത്.” (കൊലോസ്യർ 3:8) ‘അശ്ലീലഫലിതത്തെക്കുറിച്ച് ’ സത്യക്രിസ്ത്യാനികളുടെ “ഇടയിൽ പറഞ്ഞുകേൾക്കാൻപോലും പാടില്ല” എന്നും അദ്ദേഹം പറഞ്ഞു.—എഫെസ്യർ 5:3, 4.
10 അശ്ലീലസംഭാഷണം യഹോവയ്ക്കും യഹോവയെ സ്നേഹിക്കുന്നവർക്കും ഇഷ്ടമല്ല. അത് അശുദ്ധമാണ്. ബൈബിളിൽ ‘അശുദ്ധിയെ’ ‘ജഡത്തിന്റെ പ്രവൃത്തികളിലാണ് ’ ഉൾപ്പെടുത്തിയിരിക്കുന്നത്. (ഗലാത്യർ 5:19-21) ‘അശുദ്ധിയിൽ’ പല തരം പാപങ്ങൾ ഉൾപ്പെടുന്നു. ഒരു അശുദ്ധമായ ശീലത്തിനു മറ്റൊന്നിലേക്കു നമ്മളെ നയിക്കാൻ കഴിയും. ഒരു വ്യക്തി മ്ലേച്ഛമായ, അങ്ങേയറ്റം അശ്ലീലം നിറഞ്ഞ സംസാരരീതി ഒഴിവാക്കാൻ കൂട്ടാക്കുന്നില്ലെങ്കിൽ, മേലാൽ അയാൾക്കു സഭയുടെ ഭാഗമായിരിക്കാൻ കഴിയില്ലെന്നാണ് അതു സൂചിപ്പിക്കുന്നത്.—2 കൊരിന്ത്യർ 12:21; എഫെസ്യർ 4:19; പിൻകുറിപ്പ് 23 കാണുക.
11, 12. (എ) നിങ്ങളുടെ സംസാരം എങ്ങനെ അപവാദം പറച്ചിലായി മാറിയേക്കാം? (ബി) പരദൂഷണം ഒഴിവാക്കേണ്ടത് എന്തുകൊണ്ട്?
11 അപവാദം പറയുന്നതും നമ്മൾ ഒഴിവാക്കണം. നമ്മൾ മറ്റുള്ളവരുടെ ക്ഷേമത്തിൽ താത്പര്യം കാണിക്കുന്നതും കുടുംബാംഗങ്ങളുടെയും കൂട്ടുകാരുടെയും വിശേഷങ്ങൾ പറയുന്നതും സ്വാഭാവികമാണ്. ഒന്നാം നൂറ്റാണ്ടിലെ ക്രിസ്ത്യാനികളും, അവരുടെ സഹോദരീസഹോദരന്മാർ എന്തു ചെയ്യുന്നെന്നും അവരെ സഹായിക്കാൻ എന്തു ചെയ്യാമെന്നും അറിയാൻ ആഗ്രഹിച്ചിരുന്നു. (എഫെസ്യർ 6:21, 22; കൊലോസ്യർ 4:8, 9) എന്നാൽ മറ്റുള്ളവരെക്കുറിച്ചുള്ള സംഭാഷണം അപവാദം പറച്ചിലായി മാറാൻ സാധ്യതയുണ്ട്. കേൾക്കുന്ന കാര്യങ്ങൾ മറ്റുള്ളവരോടു പറയുമ്പോൾ സൂക്ഷിച്ചില്ലെങ്കിൽ പറയാൻ പാടില്ലാത്ത കാര്യങ്ങൾ നമ്മൾ പറഞ്ഞുപോയെന്നു വരാം. നമ്മൾ പറയുന്ന കാര്യങ്ങൾ അപ്പാടെ സത്യമല്ലെന്നും വരാം. ശ്രദ്ധിച്ചില്ലെങ്കിൽ ഇത്തരം മോശമായ സംസാരം വ്യജാരോപണമായോ പരദൂഷണമായോ മാറിയേക്കാം. ചെയ്യാത്ത കാര്യങ്ങളുടെ പേരിൽ യേശുവിനെ കുറ്റം ചുമത്തിക്കൊണ്ട് പരീശന്മാർ പരദൂഷണം പറഞ്ഞു. (മത്തായി 9:32-34; 12:22-24) പരദൂഷണം പറയുന്നയാൾ ഒരു വ്യക്തിയുടെ സത്പേരിനു കളങ്കം ചാർത്തുകയാണ്. അതു വാഗ്വാദങ്ങളിലേക്കും മനോവിഷമത്തിലേക്കും സൗഹൃദങ്ങൾ തകരുന്നതിലേക്കും നയിക്കുന്നു.—സുഭാഷിതങ്ങൾ 26:20.
12 നമ്മൾ മറ്റുള്ളവരെ സഹായിക്കുന്നതിനും ബലപ്പെടുത്തുന്നതിനും വേണ്ടി വാക്കുകൾ ഉപയോഗിക്കാനാണ് യഹോവ ആഗ്രഹിക്കുന്നത്, അല്ലാതെ സ്നേഹിതരെ ശത്രുക്കളാക്കാനല്ല. ‘സഹോദരന്മാർക്കിടയിൽ കലഹം ഉണ്ടാക്കുന്നവരെ’ യഹോവ വെറുക്കുന്നു. (സുഭാഷിതങ്ങൾ 6:16-19) ആദ്യത്തെ പരദൂഷകൻ പിശാചായ സാത്താനാണ്. പിശാച് ദൈവത്തിന് എതിരെ പരദൂഷണം പറഞ്ഞു. (വെളിപാട് 12:9, 10) ആളുകളെക്കുറിച്ച് നുണ പറയുന്നത് ഇന്നത്തെ ലോകത്തിന്റെ രീതിയാണ്. എന്നാൽ ഇതു ക്രിസ്തീയസഭയിൽ സംഭവിക്കരുത്. (ഗലാത്യർ 5:19-21) അതുകൊണ്ട് പറയുന്ന കാര്യങ്ങളെക്കുറിച്ച് നമ്മൾ ശ്രദ്ധയുള്ളവരായിരിക്കണം, സംസാരിക്കുന്നതിനു മുമ്പു ചിന്തിക്കുകയും വേണം. മറ്റുള്ളവരെക്കുറിച്ച് കേട്ട കാര്യം വേറെ ആരോടെങ്കിലും പറയുന്നതിനു മുമ്പു സ്വയം ചോദിക്കുക: ‘ഞാൻ പറയാൻ പോകുന്ന കാര്യം സത്യമാണോ? അതു ക്രൂരതയായിപ്പോകുമോ? ഇതു പ്രയോജനം ചെയ്യുന്ന കാര്യമാണോ? ഞാൻ ആരെക്കുറിച്ചാണോ പറയുന്നത്, അയാൾ കേൾക്കെ ഞാൻ ഇക്കാര്യം പറയുമോ? എന്നെക്കുറിച്ച് ആരെങ്കിലും ഇങ്ങനെ പറഞ്ഞാൽ എനിക്ക് എന്തു തോന്നും?’—1 തെസ്സലോനിക്യർ 4:11 വായിക്കുക.
13, 14. (എ) അസഭ്യസംസാരം ആളുകളെ എങ്ങനെ ബാധിക്കും? (ബി) അധിക്ഷേപിക്കുക എന്നാൽ എന്താണ്? ക്രിസ്ത്യാനികൾ അത് ഒഴിവാക്കേണ്ടത് എന്തുകൊണ്ട്?
13 പിന്നീടു ഖേദിക്കേണ്ടി വന്ന പല കാര്യങ്ങളും ചിലപ്പോഴൊക്കെ നമ്മളും പറഞ്ഞിട്ടുണ്ട്. എന്നാൽ മറ്റുള്ളവരെ വിമർശിക്കുന്നതും ദയയില്ലാതെയോ ക്രൂരമായോ സംസാരിക്കുന്നതും ഒരു ശീലമാക്കാൻ നമ്മൾ ആഗ്രഹിക്കുന്നില്ല. നമ്മുടെ ജീവിതത്തിൽ അസഭ്യസംസാരത്തിന് യാതൊരു സ്ഥാനവുമില്ല. പൗലോസ് പറഞ്ഞു: “എല്ലാ തരം പകയും കോപവും ക്രോധവും ആക്രോശവും അസഭ്യസംസാരവും ഹാനികരമായ എല്ലാ കാര്യങ്ങളും നിങ്ങളിൽനിന്ന് നീക്കിക്കളയുക.” (എഫെസ്യർ 4:31) മറ്റു ബൈബിൾപരിഭാഷകൾ ‘അസഭ്യസംസാരത്തെ’ ‘പരുഷവാക്കുകൾ,’ ‘വേദനിപ്പിക്കുന്ന സംസാരം,’ ‘ദൂഷണം’ എന്നൊക്കെയാണു പരിഭാഷ ചെയ്തിരിക്കുന്നത്. അസഭ്യസംസാരം ആളുകളുടെ ആത്മാഭിമാനത്തിനു ക്ഷതമേൽപ്പിക്കുകയും അവർ ഒന്നിനും കൊള്ളാത്തവരാണെന്നു ചിന്തിക്കാൻ ഇടയാക്കുകയും ചെയ്യുന്നു. പ്രത്യേകിച്ചു കുട്ടികളുടെ മനസ്സിനെ ഇതു പെട്ടെന്നു മുറിപ്പെടുത്തിയേക്കാം. അതുകൊണ്ട് അവരെ തകർത്തുകളയുന്ന ഇത്തരം വാക്കുകൾ ഒഴിവാക്കാൻ നമ്മൾ പ്രത്യേകം ശ്രദ്ധിക്കും.—കൊലോസ്യർ 3:21.
14 അസഭ്യസംസാരത്തിന്റെ ഏറ്റവും തരംതാഴ്ന്ന രൂപമായ അധിക്ഷേപത്തിന് എതിരെ ബൈബിൾ മുന്നറിയിപ്പു തരുന്നു. മറ്റുള്ളവരെ മുറിപ്പെടുത്തുക എന്ന ലക്ഷ്യത്തിൽ അവരെ സ്ഥിരമായി അപമാനിക്കുന്നതാണ് അധിക്ഷേപം. ഒരു വ്യക്തി തന്റെ ഇണയോടോ മക്കളോടോ ഈ വിധത്തിൽ സംസാരിക്കുന്നെങ്കിൽ അത് എത്ര മോശമായിരിക്കും! ഒരു വ്യക്തി മറ്റുള്ളവരെ അധിക്ഷേപിക്കുന്നതു നിറുത്താൻ കൂട്ടാക്കാതിരുന്നാൽ അയാൾ സഭയുടെ ഭാഗമായിരിക്കാൻ യോഗ്യനായിരിക്കില്ല. (1 കൊരിന്ത്യർ 5:11-13; 6:9, 10) നമ്മൾ പഠിച്ചതുപോലെ, അശ്ലീലമായ കാര്യങ്ങളോ സത്യമല്ലാത്ത കാര്യങ്ങളോ മറ്റുള്ളവരെ വേദനിപ്പിക്കുന്ന കാര്യങ്ങളോ പറയുന്നെങ്കിൽ യഹോവയുമായും ആളുകളുമായും നമുക്കുള്ള ബന്ധം തകരാറിലാകും.
ബലപ്പെടുത്തുന്ന വാക്കുകൾ
15. എങ്ങനെയുള്ള സംസാരമാണു ബന്ധങ്ങൾ ശക്തമാക്കുന്നത്?
15 യഹോവ ആഗ്രഹിക്കുന്ന വിധത്തിൽ നമുക്ക് എങ്ങനെ സംസാരപ്രാപ്തി ഉപയോഗിക്കാം? നമ്മൾ എന്തു സംസാരിക്കണം, എന്തു സംസാരിക്കരുത് എന്ന് ബൈബിൾ വ്യക്തമായി പറയുന്നില്ലെങ്കിലും “ബലപ്പെടുത്തുന്നതും സന്ദർഭോചിതവും ആയ കാര്യങ്ങൾ മാത്രമേ വായിൽനിന്ന് വരാവൂ” എന്ന് അതു പറയുന്നു. (എഫെസ്യർ 4:29) ബലപ്പെടുത്തുന്ന സംസാരം, ശുദ്ധവും ദയയോടുകൂടിയതും സത്യവും ആയിരിക്കും. മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കാനും സഹായിക്കാനും വേണ്ടി നമ്മൾ വാക്കുകൾ ഉപയോഗിക്കാനാണ് യഹോവ ആഗ്രഹിക്കുന്നത്. ഇത് അൽപ്പം ബുദ്ധിമുട്ടുള്ള കാര്യമാണ്. നല്ല കാര്യങ്ങൾ പറയാൻ മോശം കാര്യം പറയുന്നതിനെക്കാൾ ശ്രമം ആവശ്യമാണ്. (തീത്തോസ് 2:8) സംസാരത്തിലൂടെ മറ്റുള്ളവരെ ബലപ്പെടുത്താനാകുന്ന ചില വിധങ്ങൾ നമുക്കു നോക്കാം.
16, 17. (എ) നമ്മൾ മറ്റുള്ളവരെ അഭിനന്ദിക്കേണ്ടത് എന്തുകൊണ്ട്? (ബി) ആരെയൊക്കെ അഭിനന്ദിക്കാം?
16 യഹോവയും യേശുവും അഭിനന്ദിക്കുന്ന കാര്യത്തിൽ പിശുക്കില്ലാത്തവരാണ്. അവരെ അനുകരിക്കാനാണു നമ്മൾ ആഗ്രഹിക്കുന്നത്. (മത്തായി 3:17; 25:19-23; യോഹന്നാൻ 1:47) നമ്മൾ ഒരാളെ അഭിനന്ദിക്കുമ്പോൾ അയാൾക്കു ശരിക്കും പ്രോത്സാഹനം തോന്നണമെങ്കിൽ നന്നായി ചിന്തിച്ച്, ആ വ്യക്തിയിലുള്ള താത്പര്യം നിഴലിക്കുന്ന വിധത്തിൽ അഭിനന്ദിക്കണം. “തക്കസമയത്ത് പറയുന്ന വാക്ക് എത്ര നല്ലത്!” എന്ന് സുഭാഷിതങ്ങൾ 15:23 പറയുന്നു. നമ്മുടെ കഠിനാധ്വാനത്തെ ആരെങ്കിലും ആത്മാർഥമായി അഭിനന്ദിക്കുമ്പോഴോ നമ്മൾ ചെയ്ത എന്തിനെങ്കിലും നന്ദി അറിയിക്കുമ്പോഴോ നമുക്കു പ്രോത്സാഹനം തോന്നാറുണ്ട്.—മത്തായി 7:12. വായിക്കുക; പിൻകുറിപ്പ് 27 കാണുക.
17 മറ്റുള്ളവരിലെ നന്മ കാണുന്നത് ഒരു ശീലമാക്കുന്നെങ്കിൽ ആത്മാർഥമായി അഭിനന്ദിക്കുന്നത് എളുപ്പമായിരിക്കും. ഉദാഹരണത്തിന്, സഭയിലെ ആരെങ്കിലും നന്നായി പ്രസംഗം തയ്യാറാകുന്നതോ യോഗങ്ങൾക്ക് അഭിപ്രായം പറയാൻ നല്ല ശ്രമം ചെയ്യുന്നതോ നിങ്ങളുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടാകും. ഒരു ചെറുപ്പക്കാരൻ സ്കൂളിൽ സത്യത്തിനുവേണ്ടി ഉറച്ച നിലപാട് എടുത്തിട്ടുണ്ടാകാം, അല്ലെങ്കിൽ പ്രായമായ ഒരാൾ ക്രമമായി ശുശ്രൂഷയിൽ ഏർപ്പെടുന്നുണ്ടാകാം. നിങ്ങളുടെ അഭിനന്ദനവാക്കുകൾ അവർക്കു വേണ്ടതുതന്നെയായിരിക്കും. ഒരു ഭർത്താവ് ഭാര്യയോടുള്ള സ്നേഹം വാക്കുകളിലൂടെ അറിയിക്കേണ്ടതും വിലമതിപ്പു പ്രകടിപ്പിക്കേണ്ടതും വളരെ പ്രധാനമാണ്. (സുഭാഷിതങ്ങൾ 31:10, 28) ചെടികൾക്കു വെള്ളവും വെളിച്ചവും ആവശ്യമായിരിക്കുന്നതുപോലെ ആളുകൾക്ക് അഭിനന്ദനവും ആവശ്യമാണ്. കുട്ടികളുടെ കാര്യത്തിൽ ഇതു പ്രത്യേകിച്ചു സത്യമാണ്. അവരുടെ നല്ല ഗുണങ്ങളെയും ശ്രമങ്ങളെയും അഭിനന്ദിക്കാനുള്ള അവസരങ്ങൾക്കായി നോക്കുക. അഭിനന്ദനം അവർക്കു ധൈര്യവും ആത്മവിശ്വാസവും നൽകും; ബുദ്ധിമുട്ടാണെങ്കിൽപ്പോലും ശരിയായതു ചെയ്യാൻ അവർ പരിശ്രമിക്കും.
18, 19. മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കാനും ആശ്വസിപ്പിക്കാനും നമ്മൾ പരമാവധി ശ്രമിക്കേണ്ടത് എന്തുകൊണ്ട്? നമുക്ക് അത് എങ്ങനെ ചെയ്യാം?
18 മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്യുമ്പോൾ നമ്മൾ യഹോവയെ അനുകരിക്കുകയാണ്. ‘എളിയവരോടും തകർന്നവരോടും’ യഹോവ ആഴമായ കരുതൽ കാണിക്കുന്നു. (യശയ്യ 57:15) നമ്മൾ ‘പരസ്പരം പ്രോത്സാഹിപ്പിക്കാനും’ ‘വിഷാദിച്ചിരിക്കുന്നവർക്ക് ആശ്വാസം തോന്നുന്ന രീതിയിൽ സംസാരിക്കാനും’ യഹോവ ആഗ്രഹിക്കുന്നു. (1 തെസ്സലോനിക്യർ 5:11, 14) അങ്ങനെ ചെയ്യാൻ ശ്രമിക്കുമ്പോൾ യഹോവ അതു കാണുകയും വിലമതിക്കുകയും ചെയ്യും.
19 സഭയിലുള്ള ആർക്കെങ്കിലും നിരുത്സാഹമോ വിഷാദമോ ഉള്ളതായി നിങ്ങളുടെ ശ്രദ്ധയിൽപ്പെട്ടേക്കാം. അവർക്കു ഗുണം ചെയ്യുന്ന വിധത്തിൽ നിങ്ങൾക്ക് എന്തു പറയാൻ കഴിയും? നിങ്ങൾക്കു പ്രശ്നം പരിഹരിക്കാൻ പറ്റില്ലായിരിക്കും. എന്നാൽ നിങ്ങൾക്ക് അവരെക്കുറിച്ച് ചിന്തയുണ്ടെന്ന് അവരെ അറിയിക്കാൻ കഴിയും; ഉദാഹരണത്തിന്, അവരോടൊപ്പം സമയം ചെലവഴിച്ചുകൊണ്ട്. പ്രോത്സാഹനം നൽകുന്ന ഒരു ബൈബിൾ വാക്യം വായിക്കാനോ അല്ലെങ്കിൽ അവരോടൊപ്പം പ്രാർഥിക്കാനോ പോലും നിങ്ങൾക്കു കഴിയും. (സങ്കീർത്തനം 34:18; മത്തായി 10:29-31) കൂടാതെ, സഭയിലെ സഹോദരീസഹോദരന്മാർ അവരെ സ്നേഹിക്കുന്നുണ്ടെന്ന് അവർക്ക് ഉറപ്പു കൊടുക്കുക. (1 കൊരിന്ത്യർ 12:12-26; യാക്കോബ് 5:14, 15) അതു പറയാൻവേണ്ടി പറയുന്നതല്ല, അവരോടുള്ള യഥാർഥസ്നേഹംകൊണ്ട് പറയുന്നതാണെന്ന് അവർക്കു മനസ്സിലാകണം.—സുഭാഷിതങ്ങൾ 12:25 വായിക്കുക.
20, 21. എങ്ങനെയുള്ള ഉപദേശമാണ് ആളുകൾക്ക് എളുപ്പം സ്വീകരിക്കാൻ കഴിയുന്നത്?
20 നല്ല ഉപദേശങ്ങൾ കൊടുക്കുമ്പോഴും നമ്മൾ മറ്റുള്ളവരെ ബലപ്പെടുത്തുകയാണ്. അപൂർണരായതുകൊണ്ട് നമുക്കെല്ലാം കൂടെക്കൂടെ ഉപദേശം ആവശ്യമാണ്. സുഭാഷിതങ്ങൾ 19:20 പറയുന്നു: “ഉപദേശം ശ്രദ്ധിച്ച് ശിക്ഷണം സ്വീകരിച്ചാൽ ഭാവിയിൽ നീ ജ്ഞാനിയായിത്തീരും.” ഉപദേശം നൽകാൻ പറ്റിയവർ മൂപ്പന്മാർ മാത്രമല്ല. മാതാപിതാക്കൾ മക്കൾക്കു മാർഗനിർദേശം നൽകണം. (എഫെസ്യർ 6:4) സഹോദരിമാർക്കു പരസ്പരം നല്ല ഉപദേശങ്ങൾ നൽകാൻ കഴിയും. (തീത്തോസ് 2:3-5) സഹോദരീസഹോദരന്മാരെ സ്നേഹിക്കുന്നതുകൊണ്ട് അവരെ വിഷമിപ്പിക്കുന്ന വിധത്തിലല്ല ഉപദേശം നൽകുന്നതെന്ന് ഉറപ്പുവരുത്താൻ നമ്മൾ ആഗ്രഹിക്കുന്നു. അതിനു നമ്മളെ എന്തു സഹായിക്കും?
21 എളുപ്പം സ്വീകരിക്കാൻ കഴിയുന്ന വിധത്തിൽ ആരെങ്കിലും ഉപദേശം തന്നതു നിങ്ങൾ ഓർക്കുന്നുണ്ടാകും. നിങ്ങൾക്ക് അതു നല്ലതായി തോന്നിയത് എന്തുകൊണ്ടാണ്? ഉപദേശം തന്ന വ്യക്തി നിങ്ങളെക്കുറിച്ച് നന്നായി ചിന്തിച്ചിട്ടാണ് അതു തന്നതെന്നു നിങ്ങൾക്കു തോന്നിയിട്ടുണ്ടാകണം. അല്ലെങ്കിൽ ആ വ്യക്തി സ്നേഹത്തോടും ദയയോടും കൂടിയായിരിക്കും നിങ്ങളോടു സംസാരിച്ചത്. (കൊലോസ്യർ 4:6) ആ ഉപദേശം ബൈബിളിനെ അടിസ്ഥാനപ്പെടുത്തിയുള്ളതും ആയിരിക്കാം. (2 തിമൊഥെയൊസ് 3:16) നമ്മൾ ഉപദേശം കൊടുക്കുന്നതു ബൈബിളിൽനിന്ന് നേരിട്ടാണെങ്കിലും അല്ലെങ്കിലും അതു തിരുവെഴുത്തധിഷ്ഠിതമായിരിക്കണം. ആരും സ്വന്തം അഭിപ്രായങ്ങൾ മറ്റുള്ളവരുടെ മേൽ അടിച്ചേൽപ്പിക്കാനോ സ്വന്തം ആശയം സ്ഥാപിച്ചെടുക്കാൻവേണ്ടി തിരുവെഴുത്തുകളെ വളച്ചൊടിക്കാനോ പാടില്ല. നിങ്ങൾക്ക് ഉപദേശം കിട്ടിയ വിധത്തെക്കുറിച്ച് ഓർക്കുന്നത് അതേ വിധത്തിൽ മറ്റുള്ളവർക്ക് ഉപദേശം കൊടുക്കാൻ നിങ്ങളെ സഹായിക്കും.
22. സംസാരപ്രാപ്തി എന്ന സമ്മാനം എങ്ങനെ ഉപയോഗിക്കാനാണു നിങ്ങൾ ആഗ്രഹിക്കുന്നത്?
22 സംസാരിക്കാനുള്ള പ്രാപ്തി ദൈവത്തിന്റെ സമ്മാനമാണ്. ദൈവത്തോടുള്ള സ്നേഹം ആ സമ്മാനം നല്ല വിധത്തിൽ ഉപയോഗിക്കാൻ നമ്മളെ പ്രേരിപ്പിക്കണം. ഓർക്കുക: വാക്കുകൾക്ക് ഒരാളെ ഇടിച്ചുകളയാനും ബലപ്പെടുത്താനും ഉള്ള ശക്തിയുണ്ട്. അതുകൊണ്ട് മറ്റുള്ളവരെ ബലപ്പെടുത്താനും പ്രോത്സാഹിപ്പിക്കാനും ആയി വാക്കുകൾ ഉപയോഗിക്കാൻ നമ്മളാൽ കഴിയുന്നതെല്ലാം നമുക്കു ചെയ്യാം.