മാതാപിതാക്കളേ, കുഞ്ഞാടുകളെപ്പോലെ നിങ്ങളുടെ മക്കളെ മേയ്ക്കുക
“നിന്റെ ആടുകളുടെ അവസ്ഥ അറിവാൻ ജാഗ്രതയായിരിക്ക.”—സദൃ. 27:23.
1, 2. (എ) പുരാതനകാലത്തെ ആട്ടിടയന്മാരുടെ ചില ഉത്തരവാദിത്വങ്ങൾ എന്തൊക്കെയായിരുന്നു? (ബി) മാതാപിതാക്കൾ ഇടയന്മാരെപ്പോലെയാണെന്ന് പറയാനാകുന്നത് എന്തുകൊണ്ട്?
പുരാതന ഇസ്രായേലിലെ ഇടയന്മാരുടെ ജീവിതം കഠിനമായിരുന്നു. ചൂടും തണുപ്പും അവർക്ക് സഹിക്കേണ്ടിവന്നിരുന്നു. ക്രൂരമൃഗങ്ങളിൽനിന്നും കൊള്ളക്കാരിൽനിന്നും ആടുകളെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വം അവർക്കുണ്ടായിരുന്നു. അവർ ആടുകളെ നിരന്തരം പരിശോധിക്കുകയും രോഗമുള്ളവയെയും മുറിവേറ്റവയെയും ശുശ്രൂഷിക്കുകയും ചെയ്തിരുന്നു. വളർച്ചയെത്തിയ ആടുകളുടെ കരുത്തും ബലവും ആട്ടിൻകുട്ടികൾക്ക് ഇല്ലാത്തതിനാൽ അവർ അവയ്ക്ക് പ്രത്യേകശ്രദ്ധ നൽകുമായിരുന്നു.—ഉല്പ. 33:13.
2 ക്രിസ്തീയ മാതാപിതാക്കൾ പല വിധങ്ങളിലും ഇടയന്മാരെപ്പോലെയാണ്. ആട്ടിടയന്മാർക്കുണ്ടായിരിക്കേണ്ട പല ഗുണങ്ങളും അവർക്കും ആവശ്യമാണ്. മക്കളെ “യഹോവയുടെ ശിക്ഷണത്തിലും അവന്റെ ചിന്തകൾക്ക് അനുസൃതമായും” വളർത്തിക്കൊണ്ടുവരാനുള്ള ഉത്തരവാദിത്വം മാതാപിതാക്കൾക്കുണ്ട്. (എഫെ. 6:4) എന്നാൽ ഇത് എളുപ്പമുള്ള ഒരു ദൗത്യമാണോ? അല്ല! കാരണം, കുട്ടികൾക്ക് സാത്താന്റെ കുപ്രചാരണങ്ങളുമായും തങ്ങളുടെതന്നെ അപൂർണചായ്വുകളുമായും നിരന്തരം പോരാടേണ്ടതുണ്ട്. (2 തിമൊ. 2:22; 1 യോഹ. 2:16) നിങ്ങൾക്ക് മക്കളുണ്ടെങ്കിൽ അവരെ എങ്ങനെ സഹായിക്കാനാകും? നിങ്ങളുടെ മക്കളെ മേയ്ക്കുന്നതിൽ ഉൾപ്പെട്ടിരിക്കുന്ന മൂന്നു കാര്യങ്ങൾ നമുക്കു പരിചിന്തിക്കാം—അവരെ അടുത്തറിയുക, പരിപോഷിപ്പിക്കുക, വഴിനയിക്കുക.
മക്കളെ അടുത്തറിയുക
3. മാതാപിതാക്കൾ മക്കളുടെ ‘അവസ്ഥ അറിയണം’ എന്നു പറയുന്നതിന്റെ അർഥം എന്താണ്?
3 ആടുകളെല്ലാം ആരോഗ്യത്തോടിരിക്കുന്നുവെന്ന് ഉറപ്പുവരുത്താൻ ഒരു നല്ല ഇടയൻ അവയെ ഓരോന്നിനെയും ശ്രദ്ധാപൂർവം പരിശോധിക്കും. ആലങ്കാരികമായി പറഞ്ഞാൽ മക്കളുടെ കാര്യത്തിലും നിങ്ങൾക്ക് ഇതുതന്നെ ചെയ്യാനാകും. “നിന്റെ ആടുകളുടെ അവസ്ഥ അറിവാൻ ജാഗ്രതയായിരിക്ക” എന്ന് ബൈബിൾ പറയുന്നു. (സദൃ. 27:23) ഈ ദൗത്യം നന്നായി നിർവഹിക്കാനായി മക്കളുടെ പ്രവർത്തനങ്ങൾ മാത്രമല്ല, അവരുടെ ചിന്തകളും വികാരങ്ങളും നിങ്ങൾ കണക്കിലെടുക്കണം. അത് എങ്ങനെ സാധിക്കും? നിങ്ങളുടെ മക്കളുമായി കൂടെക്കൂടെ സംഭാഷണത്തിൽ ഏർപ്പെടുക എന്നതാണ് അതിനുള്ള ഒരു നല്ല മാർഗം.
4, 5. (എ) മാതാപിതാക്കളോട് മക്കൾ ഉള്ളുതുറന്ന് സംസാരിക്കാൻ ഏത് പ്രായോഗികമാർഗങ്ങൾ സഹായിച്ചേക്കാം? (ലേഖനാരംഭത്തിലെ ചിത്രം കാണുക.) (ബി) മക്കൾക്ക് നിങ്ങളോട് മനസ്സുതുറക്കുന്നത് എളുപ്പമാക്കാൻ നിങ്ങൾ എന്താണ് ചെയ്തിരിക്കുന്നത്?
4 മക്കൾ കൗമാരത്തിൽ എത്തുന്നതോടെ അവരുമായുള്ള ആശയവിനിമയം ബുദ്ധിമുട്ടേറുന്നതായി ചില മാതാപിതാക്കൾ കണ്ടിരിക്കുന്നു. ഈ പ്രായത്തിൽ അവർ ഉൾവലിയാൻ സാധ്യതയുണ്ട്, അവരുടെ ചിന്തകളും വികാരങ്ങളും തുറന്ന് പ്രകടിപ്പിക്കാൻ അവർ മടികാണിച്ചേക്കാം. നിങ്ങളുടെ മകന്റെയോ മകളുടെയോ കാര്യത്തിൽ ഇങ്ങനെ സംഭവിക്കുന്നെങ്കിൽ എന്ത് ചെയ്യാനാകും? അവരെ പിടിച്ചിരുത്തി ദീർഘവും ഗൗരവമേറിയതും ആയ ചർച്ചകൾ നടത്തുന്നതിനു പകരം വീണുകിട്ടുന്ന അവസരങ്ങൾ പ്രയോജനപ്പെടുത്താൻ ശ്രമിക്കുക. (ആവ. 6:6, 7) കൂടാതെ, അവരോടൊപ്പം കാര്യങ്ങൾ ചെയ്യുന്നതിനുവേണ്ടി നിങ്ങൾ ബോധപൂർവം അവസരങ്ങൾ സൃഷ്ടിക്കേണ്ടതുണ്ടായിരിക്കാം. ഒരുപക്ഷേ അവരോടൊപ്പം ഒന്നു നടക്കാൻ പോകുകയോ വാഹനത്തിൽ ഒന്നു ചുറ്റിക്കറങ്ങുകയോ കളികളിൽ ഏർപ്പെടുകയോ വീട്ടുജോലികളിൽ അവരെ കൂടെക്കൂട്ടുകയോ ചെയ്യാനാകും. ഇത്തരത്തിലുള്ള അനൗപചാരികമായ അവസരങ്ങളിൽ കൗമാരക്കാർ മടികൂടാതെ മനസ്സുതുറന്നേക്കാം.
5 ഇങ്ങനെയൊക്കെ ചെയ്തിട്ടും നിങ്ങളുടെ മകനോ മകളോ ഉള്ളിലുള്ളത് തുറന്നുപറയുന്നില്ലെങ്കിൽ എന്തു ചെയ്യാനാകും? മറ്റൊരു മാർഗം പരീക്ഷിച്ചുനോക്കുക. ഉദാഹരണത്തിന്, ‘ഇന്ന് എങ്ങനെയുണ്ടായിരുന്നു’ എന്ന് മകളോട് ചോദിക്കുന്നതിനു പകരം ആ ദിവസത്തെ നിങ്ങളുടെ വിശേഷങ്ങൾ അവളോട് അങ്ങോട്ട് പറയുക. അങ്ങനെയാകുമ്പോൾ സ്വാഭാവികമായും അവൾ അന്നത്തെ തന്റെ വിശേഷങ്ങൾ പറഞ്ഞുതുടങ്ങിയേക്കാം. ഇനിയും, പരീക്ഷിച്ചുനോക്കാനാകുന്ന മറ്റൊരു മാർഗം ഇതാണ്: ഒരു വിഷയത്തെക്കുറിച്ച് മകളോട് അവളുടെ അഭിപ്രായം ചോദിക്കുന്നതിനു പകരം ആ വിഷയത്തെക്കുറിച്ച് അവളുടെ കൂട്ടുകാരി എന്താണ് പറയാറുള്ളതെന്നു ചോദിക്കുക. അതിനു ശേഷം, ഇക്കാര്യത്തെക്കുറിച്ച് ആ കൂട്ടുകാരിക്ക് അവൾ എന്തു മാർഗനിർദേശം നൽകും എന്ന് ചോദിക്കാനാകും. അങ്ങനെയാകുമ്പോൾ അവളെ ചോദ്യം ചെയ്യുകയാണെന്നു തോന്നിപ്പിക്കാതെ അവളുടെ ഉള്ളിലുള്ളത് കോരിയെടുക്കാൻ നിങ്ങൾക്കാകും.
6. മക്കൾ തുറന്ന് സംസാരിക്കണമെങ്കിൽ മാതാപിതാക്കൾ എങ്ങനെയുള്ളവരായിരിക്കണം?
6 എന്നാൽ മക്കൾ മനസ്സ് തുറന്ന് സംസാരിക്കണമെങ്കിൽ നിങ്ങൾ വളരെ തിരക്കുള്ളവരല്ലെന്നും തങ്ങൾക്ക് എന്തും തുറന്നു പറയാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും അവർക്ക് തോന്നണം. സംസാരിക്കാൻ സമയമില്ലാത്ത വിധം മാതാപിതാക്കൾ സദാ തിരക്കുള്ളവരാണെന്ന് മക്കൾക്ക് തോന്നിയാൽ, അവർ തങ്ങളുടെ പ്രശ്നങ്ങൾ മിക്കപ്പോഴും ഉള്ളിലൊതുക്കിവെക്കും. കുട്ടികൾക്ക് എന്തും തുറന്നുപറയാൻ സ്വാതന്ത്ര്യം തോന്നുന്നതിന് എന്ത് ചെയ്യാനാകും? “നിനക്ക് എന്നോട് എന്തും എപ്പോൾവേണമെങ്കിലും സംസാരിക്കാം” എന്ന് പറഞ്ഞാൽ മാത്രം പോരാ. നിങ്ങൾ അവരുടെ പ്രശ്നങ്ങൾ നിസ്സാരീകരിക്കില്ലെന്നും പെട്ടെന്ന് ദേഷ്യപ്പെടില്ലെന്നും മക്കൾക്ക് തോന്നണം. അനേകം മാതാപിതാക്കൾ ഇക്കാര്യത്തിൽ ഒരു നല്ല മാതൃക വെക്കുന്നു. 19 വയസ്സുകാരിയായ കെയ്ലാ പറയുന്നു: “എനിക്ക് എന്റെ ഡാഡിയോട് എന്തിനെക്കുറിച്ചും സംസാരിക്കാം. ഡാഡി ഇടയ്ക്കുകയറി പറയുകയോ കുറ്റപ്പെടുത്തുകയോ ചെയ്യില്ല, ഞാൻ പറയുന്നത് ശ്രദ്ധിച്ച് കേൾക്കും. എന്നിട്ട്, ഏറ്റവും മികച്ച മാർഗനിർദേശം തരും.”
7. (എ) പ്രണയബന്ധംപോലുള്ള ഒരു വിഷയത്തിൽ മാതാപിതാക്കൾക്ക് എങ്ങനെ സമചിത്തതയോടെയുള്ള ഒരു സമീപനം സ്വീകരിക്കാം? (ബി) ശ്രദ്ധിച്ചില്ലെങ്കിൽ മാതാപിതാക്കൾ മക്കളെ അസഹ്യപ്പെടുത്തിയേക്കാവുന്നത് എങ്ങനെ?
7 പ്രണയബന്ധംപോലെ, സൂക്ഷിച്ച് കൈകാര്യം ചെയ്യേണ്ട വിഷയങ്ങൾ ചർച്ച ചെയ്യുമ്പോൾപ്പോലും, അപകടങ്ങളെക്കുറിച്ചുള്ള മുന്നറിയിപ്പുകൾക്ക് അമിതമായ ഊന്നൽ കൊടുക്കുന്നതിനു പകരം ആ പ്രശ്നം കൈകാര്യം ചെയ്യാനുള്ള ഉചിതമായ മാർഗം മക്കളെ പഠിപ്പിക്കാൻ ശ്രദ്ധയുള്ളവരായിരിക്കുക. ഇത് ഇങ്ങനെ ദൃഷ്ടാന്തീകരിക്കാം: നിങ്ങൾ ഒരു ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ പോയെന്ന് കരുതുക. എന്നാൽ മെനുകാർഡിൽ ഭക്ഷ്യവിഷബാധയെക്കുറിച്ചുള്ള മുന്നറിയിപ്പുകൾ മാത്രമേ കാണുന്നുള്ളൂ എങ്കിലോ? നിങ്ങൾ മറ്റൊരു ഹോട്ടൽ നോക്കിപ്പോകാനാണ് സാധ്യത. സമാനമായി, മക്കൾ നിങ്ങളുടെ അടുക്കൽ മാർഗനിർദേശത്തിനായി വരുമ്പോൾ നിങ്ങളുടെ ‘മെനുകാർഡിൽ’ കടുത്ത മുന്നറിയിപ്പുകളുടെ ഒരു നീണ്ട പട്ടിക മാത്രമാണുള്ളതെങ്കിൽ അവർ മാർഗനിർദേശം തേടി മറ്റെവിടെയെങ്കിലും പോയേക്കാം. (കൊലോസ്യർ 3:21 വായിക്കുക.) അതുകൊണ്ട് സമചിത്തതയോടെ ഇടപെടുക. എമിലി എന്ന ഒരു യുവസഹോദരി തന്റെ അനുഭവം പറയുന്നു: “എന്റെ മാതാപിതാക്കൾ പ്രണയബന്ധങ്ങളെക്കുറിച്ച് എന്നോട് സംസാരിക്കുന്നത്, അത് തീർത്തും മോശമായ ഒരു വിഷയമാണ് എന്ന മട്ടിലല്ല. ഒരാളെ അടുത്തറിയുന്നതും ശരിയായ ഒരു വിവാഹപങ്കാളിയെ കണ്ടെത്തുന്നതും സന്തോഷമുള്ള കാര്യംതന്നെയാണ് എന്ന് അവർ അംഗീകരിച്ച് സംസാരിക്കുന്നു. അതുകൊണ്ട് അവരോട് ജാള്യതയില്ലാതെ അതേപ്പറ്റി സംസാരിക്കാൻ എനിക്ക് കഴിയുന്നു. അടുത്ത് പരിചയപ്പെടുന്ന ഏതൊരു വ്യക്തിയെക്കുറിച്ചും മാതാപിതാക്കളിൽനിന്ന് ഒളിച്ചുവെക്കാനല്ല, പകരം അവരും ആ വ്യക്തിയെ അറിയാനും പരിചയപ്പെടാനുമാണ് ഞാൻ ആഗ്രഹിക്കുന്നത്.”
8, 9. (എ) മക്കൾ സംസാരിക്കുമ്പോൾ തടസ്സപ്പെടുത്താതെ ശ്രദ്ധിക്കുന്നതുകൊണ്ട് എന്തു പ്രയോജനമുണ്ട്? (ബി) മക്കൾക്കു പറയാനുള്ളത് ശ്രദ്ധിക്കുന്നതിൽ നിങ്ങൾ എത്രത്തോളം വിജയിച്ചിരിക്കുന്നു?
8 കെയ്ലാ പറഞ്ഞതിനോടുള്ള ചേർച്ചയിൽ, നിങ്ങളുടെ കുട്ടികൾ സംസാരിക്കുമ്പോൾ ക്ഷമാപൂർവം ശ്രദ്ധിച്ചുകൊണ്ട് നിങ്ങൾ എപ്പോഴും സമീപിക്കാകുന്നവരാണെന്ന് കാണിക്കാനാകും. (യാക്കോബ് 1:19 വായിക്കുക.) കാറ്റ്യ എന്നു പേരുള്ള ഒറ്റയ്ക്കുള്ള ഒരു മാതാവ് ഇങ്ങനെ പറഞ്ഞു: “മുമ്പൊക്കെ മകളോട് സംസാരിക്കുമ്പോൾ എന്റെ ക്ഷമകെടുമായിരുന്നു. ഒന്ന് പറഞ്ഞുതീർക്കാൻപോലും ഞാൻ അവസരം കൊടുക്കില്ലായിരുന്നു. ഒന്നുകിൽ എനിക്ക് വല്ലാത്ത ക്ഷീണമായിരിക്കും, അല്ലെങ്കിൽ അവൾ ഓരോന്ന് പറഞ്ഞുകൊണ്ട് വരുന്നത് എനിക്ക് ശല്യമായി തോന്നുമായിരുന്നു. എന്നാൽ ഞാൻ എന്റെ രീതികൾക്ക് മാറ്റം വരുത്തിയപ്പോൾ അവളും മാറ്റം വരുത്തി. അവൾ ഇപ്പോൾ നന്നായി സഹകരിക്കുന്നുണ്ട്.”
9 കൗമാരപ്രായക്കാരിയായ തന്റെ മകളെപ്പറ്റി പിതാവായ റോണൾഡ് ഇങ്ങനെ പറയുന്നു: “അവൾ സ്കൂളിൽ ഒരു ആൺകുട്ടിയുമായി പ്രേമത്തിലാണെന്ന് പറഞ്ഞപ്പോൾ എനിക്ക് ആദ്യം ദേഷ്യമാണ് വന്നത്. എന്നാൽ യഹോവ തന്റെ ദാസരോട് ക്ഷമയോടും ന്യായബോധത്തോടും കൂടെ ഇടപെടുന്നതിനെക്കുറിച്ച് ഞാൻ ഓർത്തു. അപ്പോൾ, അവളെ നേരെയാക്കാൻ ശ്രമിക്കുന്നതിനു മുമ്പ് സ്വന്തം വികാരങ്ങൾ പ്രകടിപ്പിക്കാൻ അവൾക്ക് ഒരു അവസരം കൊടുക്കുന്നതായിരിക്കും നല്ലത് എന്ന് ഞാൻ ചിന്തിച്ചു. ഞാൻ അങ്ങനെ ചെയ്തത് എത്ര നന്നായെന്നോ! ജീവിതത്തിൽ ആദ്യമായി എനിക്ക് എന്റെ മകളുടെ ഉള്ളറിയാൻ കഴിഞ്ഞു! അവൾ ഉള്ളുതുറന്നതോടെ സ്നേഹപൂർവം അവളോട് സംസാരിക്കുന്നത് എനിക്ക് എളുപ്പമായി. ഞാൻ കൊടുത്ത ബുദ്ധിയുപദേശം അവൾ ശ്രദ്ധിച്ചപ്പോൾ എനിക്ക് അതിശയം തോന്നി. തന്റെ സ്വഭാവരീതിയിൽ മാറ്റം വരുത്താൻ ആത്മാർഥമായ ആഗ്രഹമുണ്ടെന്നും അവൾ പറഞ്ഞു.” മക്കളുമായി കൂടെക്കൂടെ സംസാരിക്കുന്നത് അവരുടെ ചിന്തകളും വികാരങ്ങളും നന്നായി മനസ്സിലാക്കാൻ നിങ്ങളെ സഹായിക്കും. പിന്നീട് അവർ തീരുമാനങ്ങൾ എടുക്കുമ്പോൾ നിങ്ങളെയും ഉൾപ്പെടുത്താൻ അത് വഴിയൊരുക്കും. *
മക്കളെ പരിപോഷിപ്പിക്കുക
10, 11. മക്കൾ ആത്മീയമായി അകന്നുപോകാതിരിക്കാൻ നിങ്ങൾക്ക് അവരെ എങ്ങനെ സഹായിക്കാം?
10 ഒരു നല്ല ഇടയന് തന്റെ ആട്ടിൻകൂട്ടത്തിലെ ഏതൊരു ആടും എപ്പോൾവേണമെങ്കിലും കൂട്ടം വിട്ട് പോയേക്കാമെന്ന് അറിയാം. ഒരുപക്ഷേ കുറച്ച് മാറി പച്ചപ്പ് കണ്ടിട്ട് ഒരു ആട് അങ്ങോട്ട് പോയേക്കാം, അവിടെനിന്ന് അത് വീണ്ടും കുറച്ചുകൂടെ അകലേക്ക് പോയേക്കാം. അങ്ങനെ അത് പതിയെപ്പതിയെ ആട്ടിൻകൂട്ടത്തിൽനിന്ന് വളരെ അകന്നുപോയെന്നുവരാം. അതേവിധത്തിൽ, ഹാനികരമായ സഹവാസത്താലോ അധഃപതിച്ച വിനോദങ്ങളാലോ വശീകരിക്കപ്പെട്ട് ഒരു കുട്ടി ക്രമേണ ആത്മീയമായി അപകടകരമായ ഒരു വഴിയിലൂടെ അകന്നകന്ന് പോയേക്കാം. (സദൃ. 13:20) നിങ്ങളുടെ മക്കൾക്ക് ഇങ്ങനെ സംഭവിക്കാതിരിക്കാൻ നിങ്ങൾക്ക് എന്തു ചെയ്യാനാകും?
11 മക്കളെ പഠിപ്പിക്കുമ്പോൾ, അത്തരം ഒരു ബലഹീനത അവർക്കുള്ളതായി നിങ്ങളുടെ ശ്രദ്ധയിൽപ്പെടുന്നെങ്കിൽ പെട്ടെന്ന് നടപടി സ്വീകരിക്കുക. അതിന് നിങ്ങൾക്ക് എന്തു ചെയ്യാനാകും? നിങ്ങളുടെ മക്കളിലുള്ള ക്രിസ്തീയഗുണങ്ങൾ കരുത്തുറ്റതാക്കാൻ അവരെ സഹായിക്കുക. (2 പത്രോ. 1:5-8) ഇതിനു പറ്റിയ ഏറ്റവും നല്ല സമയം വാരംതോറുമുള്ള കുടുംബാരാധനാവേളകളാണ്. ഈ ക്രമീകരണത്തെക്കുറിച്ച് 2008 ഒക്ടോബർ രാജ്യ ശുശ്രൂഷ ഇങ്ങനെ പറയുന്നു: “അർഥവത്തായ ബൈബിൾപഠനം കുടുംബത്തിലുണ്ടെന്ന് ഉറപ്പുവരുത്താനുള്ള ദൈവദത്ത ഉത്തരവാദിത്വം നിറവേറ്റാൻ എല്ലാ കുടുംബനാഥന്മാരെയും പ്രോത്സാഹിപ്പിക്കുകയാണ് ഞങ്ങൾ.” നിങ്ങളുടെ മക്കൾക്ക് ഇടയവേല ചെയ്യാനുള്ള ഈ സ്നേഹപുരസ്സരമായ ക്രമീകരണം നിങ്ങൾ പൂർണമായി പ്രയോജനപ്പെടുത്തുന്നുണ്ടോ? മക്കളുടെ ആത്മീയാവശ്യങ്ങൾക്കുവേണ്ടി കരുതുന്നത് നിങ്ങൾ ഒന്നാമത് വെക്കുമ്പോൾ അവർ അത് വിലമതിക്കുമെന്ന് ഉറപ്പുള്ളവരായിരിക്കുക.—മത്താ. 5:3; ഫിലി. 1:10.
12. (എ) കുടുംബാരാധനയിൽനിന്ന് ചില യുവജനങ്ങൾ പ്രയോജനം നേടിയിരിക്കുന്നത് എങ്ങനെ? (“അവർ അത് വിലമതിക്കുന്നു” എന്ന ചതുരത്തിലെ ആശയങ്ങൾ ഉൾപ്പെടുത്തുക.) (ബി) കുടുംബാരാധനയിൽനിന്ന് നിങ്ങൾ എങ്ങനെ പ്രയോജനം ആസ്വദിച്ചിരിക്കുന്നു?
12 കുടുംബാരാധന തന്റെ കുടുംബത്തെ എങ്ങനെ സഹായിച്ചെന്ന് കൗമാരപ്രായക്കാരിയായ കാരിസ പറയുന്നു: “ഞങ്ങൾ എല്ലാവരും ഒരുമിച്ചിരുന്ന് സംസാരിക്കുന്നത് എനിക്ക് ഇഷ്ടമാണ്. അത് ഞങ്ങൾക്കിടയിലെ ബന്ധം ശക്തമാക്കുന്നു, നല്ലനല്ല ഓർമകൾ സമ്മാനിക്കുന്നു. എന്റെ ഡാഡി കുടുംബാരാധന ഒരിക്കലും മുടക്കാറില്ല. ഡാഡി അത് ഗൗരവത്തോടെ കാണുന്നത് എനിക്ക് പ്രോത്സാഹനമേകുന്നു, അങ്ങനെ ഞാനും കുടുംബാരാധന ഗൗരവത്തോടെ കാണുന്നു. നല്ലൊരു പിതാവും ആത്മീയകാര്യങ്ങളിൽ നേതൃത്വമെടുക്കുന്ന ഒരാളും എന്ന നിലയിൽ ഡാഡിയെ ആദരിക്കാൻ ഇത് എന്നെ സഹായിക്കുന്നു.” ബ്രിട്നി എന്ന ഒരു യുവസഹോദരി ഇങ്ങനെ പറയുന്നു: “മാതാപിതാക്കളുമായി അടുക്കാൻ കുടുംബാരാധന എന്നെ സഹായിച്ചിരിക്കുന്നു. എന്റെ പ്രശ്നങ്ങൾ കേൾക്കാൻ അവർക്ക് താത്പര്യമുണ്ടെന്നും അവർ എന്നെക്കുറിച്ച് ചിന്തയുള്ളവരാണെന്നും അത് എന്നെ ബോധ്യപ്പെടുത്തുന്നു. കെട്ടുറപ്പുള്ള ഒരു കുടുംബമെന്ന നിലയിൽ ഒത്തൊരുമയോടെ പ്രവർത്തിക്കാൻ അത് ഞങ്ങളെ സഹായിക്കുന്നു.” നല്ല ഇടയനായിരിക്കാനുള്ള ഒരു സുപ്രധാനമാർഗമാണ് നിങ്ങളുടെ മക്കളെ ആത്മീയമായി പരിപോഷിപ്പിക്കുന്നത്, പ്രത്യേകിച്ച് കുടുംബാരാധനയിലൂടെ. *
മക്കളെ വഴിനയിക്കുക
13. യഹോവയെ സേവിക്കാൻ മക്കളെ എങ്ങനെ പ്രചോദിപ്പിക്കാം?
13 ഒരു നല്ല ഇടയൻ തന്റെ കോൽ ഉപയോഗിച്ച് ആട്ടിൻകൂട്ടത്തെ നയിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നു. ഇടയന്റെ ഒരു പ്രധാനലക്ഷ്യം ആടുകളെ “നല്ല മേച്ചൽപുറ”ത്തേക്കു നയിച്ചുകൊണ്ടുപോകുക എന്നതാണ്. (യെഹെ. 34:13, 14) ഒരു മാതാവോ പിതാവോ എന്ന നിലയിൽ, നിങ്ങൾക്കും ആത്മീയാർഥത്തിൽ ഇതേ ലക്ഷ്യമല്ലേ ഉള്ളത്? യഹോവയെ സേവിക്കുംവിധം മക്കളെ വഴിനയിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നു. പിൻവരുന്നപ്രകാരം എഴുതിയ സങ്കീർത്തനക്കാരനെപ്പോലെ നിങ്ങളുടെ മക്കൾക്ക് തോന്നണമെന്നല്ലേ നിങ്ങൾ ആഗ്രഹിക്കുന്നത്? “എന്റെ ദൈവമേ, നിന്റെ ഇഷ്ടം ചെയ്വാൻ ഞാൻ പ്രിയപ്പെടുന്നു; നിന്റെ ന്യായപ്രമാണം എന്റെ ഉള്ളിൽ ഇരിക്കുന്നു.” (സങ്കീ. 40:8) സമാനമായ വിലമതിപ്പ് നട്ടുവളർത്തുന്ന കുട്ടികൾ തങ്ങളുടെ ജീവിതം യഹോവയ്ക്ക് സമർപ്പിച്ച് സ്നാനമേൽക്കുന്നു. എന്നാൽ, ആ തീരുമാനമെടുക്കാൻ തക്ക പക്വത പ്രാപിക്കുകയും യഹോവയെ സേവിക്കാനുള്ള ആത്മാർഥമായ ആഗ്രഹമുണ്ടാവുകയും ചെയ്യുമ്പോഴാണ് അവർ ആ പടി സ്വീകരിക്കേണ്ടത്.
14, 15. (എ) ക്രിസ്തീയമാതാപിതാക്കളുടെ ലക്ഷ്യം എന്തായിരിക്കണം? (ബി) കൗമാരപ്രായക്കാർ സത്യാരാധനയെക്കുറിച്ച് സംശയം പ്രകടിപ്പിക്കുന്നത് എന്തുകൊണ്ടായിരിക്കാം?
14 നിങ്ങളുടെ മക്കൾ ആത്മീയപുരോഗതി വരുത്തുന്നില്ലെന്ന് തോന്നുന്നെങ്കിൽ എന്തു ചെയ്യാനാകും? ഇനി, ചില ബൈബിൾപഠിപ്പിക്കലുകൾപോലും അവർ ചോദ്യം ചെയ്യുകയാണെങ്കിലോ? യഹോവയോടുള്ള സ്നേഹവും അവൻ ചെയ്തിരിക്കുന്ന കാര്യങ്ങളോടുള്ള വിലമതിപ്പും അവരിൽ ഉൾനടാൻ ശ്രമിക്കുക. (വെളി. 4:11) അങ്ങനെ ചെയ്യുമ്പോൾ ദൈവത്തെ ആരാധിക്കുന്ന കാര്യത്തിൽ തക്കസമയത്ത് സ്വയം തീരുമാനം എടുക്കാൻ അവർ പ്രാപ്തരായിത്തീരും.
15 എന്നാൽ ദൈവികനിലവാരങ്ങൾക്ക് ചേർച്ചയിൽ ജീവിക്കുന്നത് പ്രായോഗികമാണോ എന്ന് നിങ്ങളുടെ മക്കൾ സംശയം പ്രകടിപ്പിക്കുന്നെന്ന് കരുതുക. യഹോവയെ സേവിക്കുന്നതാണ് ഏറ്റവും മികച്ച ജീവിതഗതിയെന്നും അത് നിലനിൽക്കുന്ന സന്തോഷത്തിൽ കലാശിക്കുമെന്നും തിരിച്ചറിയാൻ സഹായിച്ചുകൊണ്ട് ഒരു ഇടയനെപ്പോലെ നിങ്ങൾക്ക് അവരെ എങ്ങനെ വഴിനയിക്കാനാകും? അവരുടെ സംശയങ്ങൾക്ക് പുറകിലെ യഥാർഥകാരണം കണ്ടെത്താൻ ശ്രമിക്കുക. ഉദാഹരണത്തിന്, നിങ്ങളുടെ മകന് ബൈബിൾപഠിപ്പിക്കലുകളോട് യഥാർഥത്തിൽ വിയോജിപ്പുണ്ടോ, അതോ സഹപാഠികളോട് സത്യത്തെക്കുറിച്ച് സംസാരിക്കാനുള്ള ആത്മവിശ്വാസം ഇല്ലാത്തതാണോ പ്രശ്നം? ദൈവത്തിന്റെ നിലവാരങ്ങൾക്ക് ചേർച്ചയിൽ ജീവിക്കുന്നത് ജ്ഞാനമാണോ എന്ന് നിങ്ങളുടെ മകൾക്ക് യഥാർഥത്തിൽ സംശയമുണ്ടോ, അതോ മറ്റുള്ളവർ അവളെ ഒറ്റപ്പെടുത്തുന്നതാണോ അവളുടെ പ്രശ്നം?
16, 17. സത്യം സ്വന്തമാക്കാൻ മാതാപിതാക്കൾക്ക് മക്കളെ ഏതു വിധങ്ങളിൽ സഹായിക്കാനാകും?
16 അടിസ്ഥാനകാരണം എന്തുതന്നെയായിരുന്നാലും, സംശയങ്ങൾ വേരോടെ പിഴുതുകളയാൻ നിങ്ങൾക്ക് നിങ്ങളുടെ കുട്ടിയെ സഹായിക്കാൻ കഴിയും. എങ്ങനെ? അനേകം മാതാപിതാക്കൾ പ്രായോഗികവും ഫലപ്രദവും ആയി കണ്ടെത്തിയ ഒരു മാർഗം, പിൻവരുന്നതുപോലുള്ള ചോദ്യങ്ങൾ ചോദിച്ചുകൊണ്ട് മകന്റെയോ മകളുടെയോ ഉള്ളറിയുക എന്നതാണ്: “ഒരു ക്രിസ്ത്യാനിയായിരിക്കുന്നതിനെപ്പറ്റി എന്താണ് നിന്റെ അഭിപ്രായം? അതുകൊണ്ട് നിനക്ക് എന്തെല്ലാം നേട്ടങ്ങളുണ്ട്? എന്തൊക്കെയാണ് അതുകൊണ്ടുള്ള നഷ്ടങ്ങൾ? ഇപ്പോഴുള്ളതും ഭാവിയിൽ ലഭിക്കാനിരിക്കുന്നതുമായ നേട്ടങ്ങൾ, നഷ്ടങ്ങളെക്കാൾ വളരെ അധികമാണെന്ന് നീ തിരിച്ചറിയുന്നുണ്ടോ? എന്തുകൊണ്ട്?” നിങ്ങൾ ഈ ചോദ്യങ്ങൾ താത്പര്യത്തോടെ, സ്വന്തം വാക്കുകളിൽ, ദയാപൂർവം ചോദിക്കണം. അവരെ ചോദ്യം ചെയ്യുകയാണെന്ന് തോന്നരുത്. സംഭാഷണത്തിന് ഇടയിൽ മർക്കോസ് 10:29, 30 നിങ്ങൾക്ക് ചർച്ച ചെയ്യാവുന്നതാണ്. ചില യുവാക്കൾ നേട്ടവും നഷ്ടവും കോളംതിരിച്ച് എഴുതാൻ ആഗ്രഹിച്ചേക്കാം. ഈ രീതിയിൽ എഴുതി വിലയിരുത്തുന്നത് അവർക്കുള്ള പ്രശ്നങ്ങൾ തിരിച്ചറിയാനും പരിഹരിക്കാനും സഹായകമാകും. ബൈബിൾ പഠിപ്പിക്കുന്നു പുസ്തകവും ‘ദൈവസ്നേഹം’ പുസ്തകവും ബൈബിൾവിദ്യാർഥികളുമായി ചർച്ച ചെയ്യേണ്ടതിന്റെ പ്രാധാന്യം നമുക്ക് അറിയാം. അങ്ങനെയെങ്കിൽ, നമ്മുടെ സ്വന്തം മക്കളുമായി അവ പഠിക്കേണ്ടത് എത്രയധികം പ്രധാനമാണ്! നിങ്ങൾ അത് ചെയ്യുന്നുണ്ടോ?
17 ആരെ സേവിക്കണം എന്നത് സംബന്ധിച്ച് നിങ്ങളുടെ മക്കൾ സ്വയം തീരുമാനമെടുക്കേണ്ട സമയം വരും. നിങ്ങളുടെ വിശ്വാസം അവർ സ്വതവേ ‘ആഗിരണം’ ചെയ്തുകൊള്ളുമെന്ന് കരുതരുത്. ഓരോ വ്യക്തിയും സത്യം സ്വന്തമാക്കേണ്ടതുണ്ട്. (സദൃ. 3:1, 2) ഇതുവരെയും നിങ്ങളുടെ കുട്ടി സത്യം സ്വന്തമാക്കിയിട്ടില്ലെന്ന് തോന്നുന്നെങ്കിൽ അടിസ്ഥാനകാര്യങ്ങൾ അവനുമായി വീണ്ടും ചർച്ച ചെയ്യേണ്ടതുണ്ടായിരിക്കാം. പിൻവരുന്ന ചോദ്യങ്ങളെക്കുറിച്ച് യുക്തിസഹമായി ചിന്തിക്കാൻ നിങ്ങളുടെ മകനെയോ മകളെയോ സഹായിക്കുക: ദൈവമുണ്ടെന്ന് എനിക്ക് എങ്ങനെ അറിയാം? യഹോവയാം ദൈവം എന്നെ വിലപ്പെട്ടവനായി കരുതുന്നുണ്ടെന്ന് എന്നെ ബോധ്യപ്പെടുത്തുന്നത് എന്താണ്? യഹോവയുടെ നിലവാരങ്ങൾ പിൻപറ്റുന്നത് എന്റെ നന്മയിൽ കലാശിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നത് എന്തുകൊണ്ട്? യഹോവയുടെ വഴിയാണ് ഏറ്റവും മികച്ച ജീവിതഗതിയെന്ന് നിങ്ങളുടെ കുട്ടിക്ക് ബോധ്യം വരാൻ അവനെയോ അവളെയോ ക്ഷമാപൂർവം സഹായിച്ചുകൊണ്ട് നിങ്ങൾ ഒരു നല്ല ഇടയനാണെന്ന് തെളിയിക്കുക. *—റോമ. 12:2.
18. മാതാപിതാക്കൾക്ക് മഹായിടയനായ യഹോവയെ എങ്ങനെ അനുകരിക്കാം?
18 എല്ലാ സത്യക്രിസ്ത്യാനികളും മഹാനായ ഇടയനെ അനുകരിക്കാൻ ആഗ്രഹിക്കുന്നു. (എഫെ. 5:1; 1 പത്രോ. 2:25) വിശേഷാൽ മാതാപിതാക്കൾ തങ്ങളുടെ ആട്ടിൻകൂട്ടത്തിന്റെ—പ്രിയമക്കളുടെ—അവസ്ഥ അറിയേണ്ടതുണ്ട്. യഹോവ കരുതിവെച്ചിരിക്കുന്ന അനുഗ്രഹങ്ങളിലേക്ക് മക്കളെ വഴിനയിക്കാൻ ആവശ്യമായതെല്ലാം അവർ ചെയ്യണം. അതുകൊണ്ട് മാതാപിതാക്കളേ, നിങ്ങളുടെ മക്കളെ സത്യത്തിന്റെ മാർഗത്തിൽ വളർത്തിക്കൊണ്ടുവരാൻ പരമാവധി യത്നിച്ചുകൊണ്ട് കുഞ്ഞാടുകളെപ്പോലെ അവരെ മേയ്ക്കുക!
^ ഖ. 9 കൂടുതൽ നിർദേശങ്ങൾക്ക് 2008 ഒക്ടോബർ-ഡിസംബർ വീക്ഷാഗോപുരത്തിന്റെ 18-20 പേജുകൾ കാണുക.
^ ഖ. 12 കൂടുതൽ വിവരങ്ങൾക്ക് 2009 ഒക്ടോബർ 15 വീക്ഷാഗോപുരത്തിന്റെ 29-31 പേജുകളിലെ “കുടുംബാരാധന: അതിജീവനത്തിന് അനിവാര്യം” എന്ന ലേഖനം കാണുക.
^ ഖ. 17 ഈ വിഷയത്തെക്കുറിച്ച് കൂടുതൽ അറിയാൻ 2012 ജൂലൈ-സെപ്റ്റംബർ വീക്ഷാഗോപുരത്തിന്റെ 22-25 പേജുകൾ കാണുക.