ദിവ്യാംഗീകാരം നേടുന്നത് നിത്യജീവനിലേക്കു നയിക്കും
ദിവ്യാംഗീകാരം നേടുന്നത് നിത്യജീവനിലേക്കു നയിക്കും
“കർത്താവേ, നീ ധർമിഷ്‌ഠനെ അനുഗ്രഹിക്കുന്നു; പരിചകൊണ്ടെന്നപോലെ നീ അയാളെ പ്രസാദംകൊണ്ട് ആവരണം ചെയ്യുന്നു.”—സങ്കീ. 5:12, ഓശാന ബൈബിൾ.
1, 2. സാരെഫാത്തിലെ വിധവയോട് ഏലിയാവ് എന്ത് ആവശ്യപ്പെട്ടു, അവൾക്ക് അവൻ എന്ത് ഉറപ്പുനൽകി?
അടുപ്പിൽ തീ കൂട്ടാൻ വിറകു പെറുക്കുകയായിരുന്നു സാരെഫാത്തിലെ ആ വിധവ. അവളും മകനും വിശന്നു വലഞ്ഞിരിക്കുകയായിരുന്നു. അപ്പോഴാണ് ഏലിയാ പ്രവാചകൻ അങ്ങോട്ടു ചെല്ലുന്നത്. അവനും നല്ല വിശപ്പുണ്ട്. ആ സ്‌ത്രീയോട് കുടിക്കാൻ വെള്ളവും കഴിക്കാൻ ഒരു കഷണം അപ്പവും പ്രവാചകൻ ആവശ്യപ്പെട്ടു. അവന് എന്തെങ്കിലും കുടിക്കാൻ കൊടുക്കുന്നതിന് അവൾക്കു പ്രശ്‌നമില്ലായിരുന്നു. പക്ഷേ, അപ്പമുണ്ടാക്കാൻ “കലത്തിൽ ഒരു പിടി മാവും തുരുത്തിയിൽ അല്‌പം എണ്ണയും” മാത്രമേ ഉണ്ടായിരുന്നുള്ളൂ. പ്രവാചകനുംകൂടെ ഭക്ഷണം കൊടുക്കാൻ അത് തികയില്ലെന്ന് അവൾ കരുതി. അക്കാര്യം അവൾ തുറന്നുപറയുകയും ചെയ്‌തു.—1 രാജാ. 17:8-12.
2 എന്തായിരുന്നു ഏലിയാവിന്റെ മറുപടി? “ആദ്യം എനിക്കു ചെറിയോരു അട ഉണ്ടാക്കി കൊണ്ടുവരിക; പിന്നെ നിനക്കും നിന്റെ മകന്നും വേണ്ടി ഉണ്ടാക്കിക്കൊൾക. യഹോവ ഭൂമിയിൽ മഴ പെയ്യിക്കുന്ന നാൾവരെ കലത്തിലെ മാവു തീർന്നുപോകയില്ല; ഭരണിയിലെ എണ്ണ കുറഞ്ഞുപോകയും ഇല്ല എന്നു യിസ്രായേലിന്റെ ദൈവമായ യഹോവ അരുളിച്ചെയ്യുന്നു,” അവൻ പറഞ്ഞു.—1 രാജാ. 17:13, 14.
3. നാമെല്ലാം എന്തു കാര്യത്തിൽ തീരുമാനമെടുക്കണം?
3 തന്റെ പക്കലുണ്ടായിരുന്ന അൽപ്പം ഭക്ഷണത്തിൽ ഒരു പങ്ക് പ്രവാചകനുംകൂടെ കൊടുക്കാൻ ആ വിധവ തയ്യാറാകുമോ എന്നതായിരുന്നില്ല ഇവിടത്തെ പ്രധാന പ്രശ്‌നം. തനിക്കും മകനും വേണ്ടി യഹോവ കരുതുമെന്ന ഉറപ്പ് അവൾക്കുണ്ടോ, അതോ യഹോവയുടെ അംഗീകാരത്തെക്കാളും സൗഹൃദത്തെക്കാളും അവൾ വിലകൽപ്പിക്കുന്നത് ഭൗതിക കാര്യങ്ങൾക്കാണോ എന്നതായിരുന്നു അതിൽ ഉൾപ്പെട്ടിരുന്നത്. നാമെല്ലാം തീരുമാനമെടുക്കേണ്ട ഒരു വിഷയമാണിത്. യഹോവയുടെ അംഗീകാരം നേടുന്നതിനെക്കാൾ സാമ്പത്തിക ഭദ്രതയ്‌ക്കാണോ നാം മുൻതൂക്കം നൽകുന്നത്? നമുക്ക് ഏറ്റവും നല്ലത് യഹോവയിൽ ആശ്രയിച്ച് അവനെ സേവിക്കുന്നതാണ്. എന്തുകൊണ്ടാണ് അങ്ങനെ പറയുന്നത്? അവന്റെ അംഗീകാരം നേടാൻ നാം എന്താണ് ചെയ്യേണ്ടത്?
‘ആരാധന കൈക്കൊള്ളുവാൻ നീ യോഗ്യൻ’
4. യഹോവ നമ്മുടെ ആരാധന അർഹിക്കുന്നത് എന്തുകൊണ്ട്?
4 താൻ ആഗ്രഹിക്കുന്ന രീതിയിൽ മനുഷ്യർ തന്നെ സേവിക്കണമെന്നു പ്രതീക്ഷിക്കാൻ യഹോവയ്‌ക്ക് അർഹതയുണ്ട്. അവന്റെ സ്വർഗീയ ദാസന്മാരുടെ വെളി. 4:11) അതെ, സകലത്തിന്റെയും സ്രഷ്ടാവായതിനാൽ യഹോവ നമ്മുടെ ആരാധന അർഹിക്കുന്നു.
ഒരു കൂട്ടം ഏകസ്വരത്തിൽ അത് അംഗീകരിച്ചുകൊണ്ട് ഇങ്ങനെ പാടി: “ഞങ്ങളുടെ ദൈവമായ യഹോവേ, നീ സകലവും സൃഷ്ടിച്ചവനും എല്ലാം നിന്റെ ഹിതപ്രകാരം ഉളവായതും സൃഷ്ടിക്കപ്പെട്ടതും ആകയാൽ മഹത്ത്വവും ബഹുമാനവും ശക്തിയും കൈക്കൊള്ളുവാൻ നീ യോഗ്യൻ.” (5. ദൈവത്തെ സേവിക്കാൻ അവന്റെ സ്‌നേഹം നമ്മെ പ്രേരിപ്പിക്കേണ്ടത് എന്തുകൊണ്ട്?
5 വേറെ ആരെക്കാളും നമ്മെ സ്‌നേഹിക്കുന്നത് യഹോവയാണ്. അതാണ് നാം അവനെ സേവിക്കുന്നതിന്റെ മറ്റൊരു കാരണം. “ദൈവം തന്റെ സ്വരൂപത്തിൽ മനുഷ്യനെ സൃഷ്ടിച്ചു, ദൈവത്തിന്റെ സ്വരൂപത്തിൽ അവനെ സൃഷ്ടിച്ചു, ആണും പെണ്ണുമായി അവരെ സൃഷ്ടിച്ചു” എന്ന് ബൈബിൾ പറയുന്നു. (ഉല്‌പ. 1:27) ചിന്തിക്കാനും തീരുമാനങ്ങൾ എടുക്കാനും ഉള്ള പ്രാപ്‌തിയോടെ, ഇച്ഛാസ്വാതന്ത്ര്യത്തോടെ, ആണ് ദൈവം മനുഷ്യനെ സൃഷ്ടിച്ചത്. നമുക്ക് ജീവൻ നൽകുകവഴി യഹോവ മനുഷ്യവർഗത്തിന്റെ പിതാവായിത്തീർന്നു. (ലൂക്കോ. 3:38) സ്‌നേഹവാനായ ഒരു പിതാവിനെപ്പോലെ തന്റെ മക്കൾക്ക് ജീവിതം ആസ്വദിക്കാൻ വേണ്ടതെല്ലാം അവൻ ഒരുക്കി. കമനീയമായി അവൻ ഭൂമിയെ അലങ്കരിച്ചിരിക്കുന്നു. അതിൽ ധാരാളം ഭക്ഷ്യവസ്‌തുക്കൾ ഉത്‌പാദിപ്പിക്കപ്പെടേണ്ടതിന് “അവൻ തന്റെ സൂര്യനെ ഉദിപ്പിക്കുകയും . . . മഴ പെയ്യിക്കുകയും ചെയ്യുന്നു.”—മത്താ. 5:45.
6, 7. (എ) ആദാം തന്റെ സന്താനങ്ങളെ ദ്രോഹിച്ചത് എങ്ങനെ? (ബി) ദൈവത്തിന്റെ അംഗീകാരം തേടുന്നവർ ക്രിസ്‌തുവിന്റെ മറുവിലയിൽനിന്ന് എങ്ങനെ പ്രയോജനംനേടും?
6 പാപത്തിന്റെ കരാളഹസ്‌തങ്ങളിൽനിന്നും യഹോവ നമ്മെ വിടുവിച്ചിരിക്കുന്നു. ചൂതുകളിക്കാനായി വീട്ടിലുള്ള വസ്‌തുവകകൾ മോഷ്ടിച്ചു വിൽക്കുന്ന ഒരാളെപ്പോലെയായി പാപം ചെയ്‌തപ്പോൾ ആദാം. യഹോവയോടു മത്സരിച്ച അവൻ എന്നെന്നും സന്തോഷത്തോടെ ജീവിക്കാനുള്ള തന്റെ ഭാവിസന്താനങ്ങളുടെ അവകാശം വിറ്റുനശിപ്പിച്ചു. അവന്റെ സ്വാർഥത മനുഷ്യരാശിയെ അപൂർണതയെന്ന ക്രൂരനായ യജമാനന്റെ അടിമകളാക്കി. അങ്ങനെ രോഗവും ദുഃഖവും മരണവും മനുഷ്യന്റെ സന്തതസഹചാരികളായിത്തീർന്നു. എന്നാൽ, ഒരു അടിമയെ മോചിപ്പിക്കുന്നതിന് മോചനദ്രവ്യം നൽകുന്നതുപോലെ പാപത്തിന്റെ ദാരുണഫലങ്ങളിൽനിന്ന് നമ്മെ രക്ഷിക്കാൻ വേണ്ട വില യഹോവ നൽകി. (റോമർ 5:21 വായിക്കുക.) പിതാവിന്റെ ആഗ്രഹപ്രകാരം യേശുക്രിസ്‌തു “അനേകർക്കുവേണ്ടി തന്റെ ജീവൻ മറുവിലയായി” കൊടുത്തു. (മത്താ. 20:28) ദൈവാംഗീകാരമുള്ള സകലർക്കും വൈകാതെതന്നെ ആ മറുവിലയുടെ പൂർണ പ്രയോജനം ലഭിക്കും.
7 സന്തോഷം നിറഞ്ഞ, അർഥപൂർണമായ ഒരു ജീവിതം നമുക്ക് ഒരുക്കിത്തരാൻ നമ്മുടെ സ്രഷ്ടാവായ യഹോവ വേണ്ടതെല്ലാം ചെയ്‌തിരിക്കുന്നു. നാം അവന്റെ അംഗീകാരം നേടുന്നെങ്കിൽ, മനുഷ്യവർഗത്തിനു സംഭവിച്ച കഷ്ടനഷ്ടങ്ങളെല്ലാം അവൻ നികത്തുന്നതു കാണാൻ നാം ജീവിച്ചിരിക്കും; ‘തന്നെ ആത്മാർഥമായി അന്വേഷിക്കുന്നവർക്കു പ്രതിഫലം നൽകുന്നവനാണ്’ യഹോവ എന്ന കാര്യം നമ്മുടെ സ്വന്തം കാര്യത്തിൽ സത്യമാകുന്നത് നാം കണ്ണാലേ കാണും.—എബ്രാ. 11:6.
“നിന്റെ ജനം നിനക്കു സ്വമേധാദാനമായിരിക്കുന്നു”
8. ദൈവസേവനവുമായി ബന്ധപ്പെട്ട ഏതു കാര്യം യെശയ്യാവിന്റെ അനുഭവത്തിൽനിന്നു പഠിക്കാം?
8 തന്നെ സേവിക്കാൻ യഹോവ ആരെയും നിർബന്ധിക്കുന്നില്ല. അതുകൊണ്ടുതന്നെ നമ്മുടെ ഇച്ഛാസ്വാതന്ത്ര്യം നാം എങ്ങനെ ഉപയോഗിക്കുന്നു എന്നതു പ്രധാനമാണ്. നമുക്ക് ദൈവാംഗീകാരം ലഭിക്കുമോ എന്നത് അതിനെ ആശ്രയിച്ചിരിക്കുന്നു. “ഞാൻ ആരെ അയക്കേണ്ടു? ആർ നമുക്കു വേണ്ടി പോകും?” എന്ന് യെശയ്യാവിന്റെ കാലത്ത് യഹോവ ചോദിക്കുകയുണ്ടായി. തീരുമാനമെടുക്കാനുള്ള യെശയ്യാവിന്റെ അവകാശത്തെ മാനിക്കുകയായിരുന്നു യഹോവ ഇവിടെ. “അടിയൻ ഇതാ അടിയനെ അയക്കേണമേ” എന്നു പറഞ്ഞപ്പോൾ യെശയ്യാവിനു തോന്നിയ ചാരിതാർഥ്യം നിങ്ങൾക്ക് ഊഹിക്കാനാകുന്നുണ്ടോ?—യെശ. 6:8.
9, 10. (എ) ഏതു മനോഭാവത്തോടെയാണ് നാം ദൈവത്തെ സേവിക്കേണ്ടത്? (ബി) മുഴുദേഹിയോടെ യഹോവയെ സേവിക്കുന്നത് ഉചിതമായിരിക്കുന്നത് എന്തുകൊണ്ട്?
9 ദൈവത്തെ സേവിക്കാനോ സേവിക്കാതിരിക്കാനോ മനുഷ്യനു സ്വാതന്ത്ര്യമുണ്ട്. നാം പൂർണമനസ്സോടെ യഹോവയെ സേവിക്കണമെന്നാണ് അവന്റെ ആഗ്രഹം. (യോശുവ 24:15 വായിക്കുക.) മനസ്സില്ലാമനസ്സോടെ ദൈവത്തെ ആരാധിക്കുന്നവർക്ക് അവനെ പ്രീതിപ്പെടുത്താനാവില്ല; മറ്റുള്ളവരെ കാണിക്കാൻവേണ്ടി ഭക്തി നടിക്കുന്നവരെയും അവൻ അംഗീകരിക്കില്ല. (കൊലോ. 3:22) ദൈവത്തെ “പൂർണ്ണഹൃദയത്തോടെ” ആരാധിക്കാൻ പറ്റാത്ത വിധത്തിൽ ഈ ലോകത്തിന്റെ ചിന്തകൾ നമ്മെ സ്വാധീനിക്കുന്നെങ്കിൽ നമുക്ക് ദൈവപ്രീതി ലഭിക്കില്ല. (സങ്കീ. 119:2) പൂർണദേഹിയോടെ ദൈവത്തെ സേവിക്കുന്നത് നമുക്ക് നന്മയായി ഭവിക്കുമെന്ന് യഹോവയ്‌ക്കറിയാം. “നിന്റെ ദൈവമായ യഹോവയെ സ്‌നേഹിക്കയും അവന്റെ വാക്കു കേട്ടനുസരിക്കയും അവനോടു ചേർന്നിരിക്കയും” ചെയ്‌തുകൊണ്ട് ജീവനെ തിരഞ്ഞെടുക്കാൻ മോശ ഇസ്രായേല്യരെ പ്രോത്സാഹിപ്പിച്ചു.—ആവ. 30:19, 20.
10 “നിന്റെ സേനാദിവസത്തിൽ നിന്റെ ജനം നിനക്കു സ്വമേധാദാനമായിരിക്കുന്നു; വിശുദ്ധ വസ്‌ത്രാലങ്കാരത്തോടുകൂടെ ഉഷസ്സിന്റെ ഉദരത്തിൽനിന്നു യുവാക്കളായ മഞ്ഞു നിനക്കു വരുന്നു” എന്നു പറഞ്ഞുകൊണ്ട് പുരാതന ഇസ്രായേലിലെ രാജാവായിരുന്ന ദാവീദ് യഹോവയെ പാടി സ്‌തുതിച്ചു. (സങ്കീ. 110:3) സാമ്പത്തിക ഭദ്രതയ്‌ക്കും ഉല്ലാസത്തിനും പുറകെയാണ് ഇന്നു മിക്ക ആളുകളും. എന്നാൽ യഹോവയെ സ്‌നേഹിക്കുന്നവർക്ക് മറ്റെന്തിനെക്കാളും പ്രധാനം വിശുദ്ധസേവനമാണ്. സുവാർത്താപ്രസംഗവേലയിൽ തീക്ഷ്‌ണതയോടെ ഏർപ്പെട്ടുകൊണ്ട് തങ്ങളുടെ ജീവിതത്തിൽ മുഖ്യസ്ഥാനം എന്തിനാണെന്ന് അവർ കാണിക്കുന്നു. ദൈനംദിന ആവശ്യങ്ങൾ യഹോവ നടത്തിത്തരും എന്ന് അവർക്ക് പൂർണബോധ്യമുണ്ട്.—മത്താ. 6:33, 34.
ദൈവം അംഗീകരിക്കുന്ന യാഗങ്ങൾ
11. യഹോവയ്‌ക്കു യാഗങ്ങൾ അർപ്പിക്കുന്ന ഇസ്രായേല്യർക്ക് എന്തു പ്രതീക്ഷിക്കാമായിരുന്നു?
11 ന്യായപ്രമാണം അനുസരിച്ചിരുന്ന ആളുകൾ യഹോവയുടെ പ്രീതി സമ്പാദിക്കാനായി അവൻ അംഗീകരിക്കുന്ന വിധത്തിൽ യാഗങ്ങൾ അർപ്പിക്കണമായിരുന്നു. ലേവ്യപുസ്‌തകം 19:5-ൽ നാം ഇങ്ങനെ വായിക്കുന്നു: “യഹോവെക്കു സമാധാനയാഗം അർപ്പിക്കുന്നു എങ്കിൽ നിങ്ങൾക്കു പ്രസാദം ലഭിപ്പാൻ തക്കവണ്ണം അർപ്പിക്കേണം.” അതേ പുസ്‌തകം ഇങ്ങനെയും പറയുന്നു: “യഹോവെക്കു സ്‌തോത്രയാഗം അർപ്പിക്കുമ്പോൾ അതു പ്രസാദമാകത്തക്കവണ്ണം അർപ്പിക്കേണം.” (ലേവ്യ. 22:29) യഹോവ പറഞ്ഞ വിധത്തിൽ ഇസ്രായേല്യർ മൃഗയാഗങ്ങൾ അർപ്പിച്ചപ്പോൾ യാഗപീഠത്തിൽനിന്ന് ഉയർന്ന പുക സത്യദൈവമായ അവന് “സൗരഭ്യവാസന”യായിത്തീർന്നു. (ലേവ്യ. 1:9, 13) അതെ, തന്റെ ജനം കാണിച്ച സ്‌നേഹം അവന്റെ മനം കുളിർപ്പിച്ചു. (ഉല്‌പ. 8:21) ന്യായപ്രമാണത്തിലെ ഈ നിയമങ്ങളിൽ ഇന്ന് നമുക്കു ബാധകമാകുന്ന ഒരു തത്ത്വമുണ്ട്: യഹോവ പറഞ്ഞിരിക്കുന്ന വിധത്തിൽ യാഗങ്ങൾ അർപ്പിക്കുന്നവർക്ക് അവന്റെ അംഗീകാരം ലഭിക്കും. അത്തരത്തിലുള്ള യാഗങ്ങൾ ഇന്ന് നമുക്ക് എങ്ങനെയാണ് അർപ്പിക്കാനാകുക? ഇതിനോടുള്ള ബന്ധത്തിൽ ജീവിതത്തിലെ രണ്ടുമണ്ഡലങ്ങൾ ഇപ്പോൾ പരിചിന്തിക്കാം: നമ്മുടെ നടത്തയും സംസാരവും.
12. ‘നമ്മുടെ ശരീരങ്ങളെ യാഗമായി അർപ്പിക്കുമ്പോൾ’ യഹോവയ്‌ക്ക് അത് സ്വീകാര്യമാകണമെങ്കിൽ നാം എന്തെല്ലാം ഒഴിവാക്കണം?
12 റോമർക്കുള്ള ലേഖനത്തിൽ പൗലോസ് അപ്പൊസ്‌തലൻ എഴുതി: “നിങ്ങളുടെ ശരീരങ്ങളെ ജീവനുള്ളതും വിശുദ്ധവും ദൈവത്തിനു സ്വീകാര്യവുമായ യാഗമായി അർപ്പിക്കുവിൻ; ഇതത്രേ കാര്യബോധത്തോടെയുള്ള വിശുദ്ധസേവനം.” (റോമ. 12:1) ദിവ്യാംഗീകാരം നേടണമെങ്കിൽ നാം നമ്മുടെ ശരീരം ദൈവത്തിനു സ്വീകാര്യമായ വിധത്തിൽ കാത്തുസൂക്ഷിക്കണം. പുകയില, അടയ്‌ക്ക, മയക്കുമരുന്ന്, മദ്യത്തിന്റെ ദുരുപയോഗം എന്നിവകൊണ്ട് തന്നെത്തന്നെ അശുദ്ധനാക്കുന്ന ഒരു വ്യക്തിയുടെ യാഗത്തിന് ഒരു മൂല്യവും ഉണ്ടാവില്ല. (2 കൊരി. 7:1) ഏതെങ്കിലും തരത്തിലുള്ള അധാർമിക പ്രവർത്തനത്തിൽ ഏർപ്പെടുന്നവരുടെ യാഗവും യഹോവയ്‌ക്കു വെറുപ്പാണ്. കാരണം, “പരസംഗംചെയ്യുന്നവൻ സ്വന്തശരീരത്തിനു വിരോധമായി പാപം” ചെയ്യുകയാണ്. (1 കൊരി. 6:18) അതുകൊണ്ട്, ദൈവത്തെ പ്രസാദിപ്പിക്കാൻ ആഗ്രഹിക്കുന്നവർ തങ്ങളുടെ ‘സകല പ്രവൃത്തികളിലും വിശുദ്ധരായിരിക്കണം.’—1 പത്രോ. 1:14-16.
13. നാം യഹോവയെ സ്‌തുതിക്കുന്നത് ഉചിതമായിരിക്കുന്നത് എന്തുകൊണ്ട്?
13 യഹോവയെ പ്രസാദിപ്പിക്കുന്ന മറ്റൊരു യാഗം സങ്കീർത്തനം 34:1-3 വായിക്കുക.) 148 മുതൽ 150 വരെയുള്ള സങ്കീർത്തനങ്ങൾ ഒന്നു വായിച്ചുനോക്കൂ. യഹോവയെ സ്‌തുതിക്കാൻ കൂടെക്കൂടെ ആഹ്വാനംചെയ്‌തിരിക്കുന്നതായി അവിടെ കാണാം. “സ്‌തുതിക്കുന്നതു നേരുള്ളവർക്കു ഉചിതമല്ലോ” എന്ന വാക്കുകൾ തികച്ചും സത്യമാണ്. (സങ്കീ. 33:1) സുവാർത്താപ്രസംഗത്തിലൂടെ ദൈവത്തെ സ്‌തുതിക്കേണ്ടതിന്റെ പ്രാധാന്യം നമ്മുടെ മാതൃകാപുരുഷനായ യേശുക്രിസ്‌തുവും കാണിച്ചുതന്നു.—ലൂക്കോ. 4:18, 19, 43, 44.
നമ്മുടെ സംസാരപ്രാപ്‌തിയുമായി ബന്ധപ്പെട്ടതാണ്. യഹോവയെ സ്‌നേഹിക്കുന്നവർ എപ്പോഴും—പരസ്യമായും വീട്ടിലായിരിക്കുമ്പോഴും—അവനെ സ്‌തുതിച്ചു സംസാരിക്കും. (14, 15. ഏത് യാഗം അർപ്പിക്കാനാണ് ഹോശേയ ഇസ്രായേല്യരെ പ്രോത്സാഹിപ്പിച്ചത്, യഹോവ ആ യാഗങ്ങളെ എങ്ങനെയാണ് കണ്ടത്?
14 തീക്ഷ്‌ണതയോടെ പ്രസംഗവേലയിൽ ഏർപ്പെടുന്നത് നാം യഹോവയെ സ്‌നേഹിക്കുന്നു എന്നതിന്റെയും അവന്റെ അംഗീകാരം നേടാൻ ആഗ്രഹിക്കുന്നു എന്നതിന്റെയും തെളിവായിരിക്കും. ഉദാഹരണത്തിന് വ്യാജാരാധകരായിത്തീർന്നതുനിമിത്തം ദൈവത്തിന്റെ അപ്രീതിക്കു പാത്രമായ ഇസ്രായേല്യരോട്, ഇപ്രകാരം പ്രാർഥിക്കാൻ ഹോശേയ പ്രവാചകൻ ഉദ്‌ബോധിപ്പിച്ചു: “സകല അകൃത്യത്തെയും ക്ഷമിച്ചു, ഞങ്ങളെ കൃപയോടെ കൈക്കൊള്ളേണമേ; എന്നാൽ ഞങ്ങൾ ഞങ്ങളുടെ അധരാർപ്പണമായ കാളകളെ അർപ്പിക്കും.”—ഹോശേ. 13:1-3; 14:1, 2.
15 കാളയായിരുന്നു ഒരു ഇസ്രായേല്യന് യഹോവയ്‌ക്ക് അർപ്പിക്കാനാകുമായിരുന്ന ഏറ്റവും വിലകൂടിയ യാഗമൃഗം. അതുകൊണ്ട്, യഹോവയെ സ്‌തുതിക്കാനായി ശ്രദ്ധാപൂർവം ചിന്തിച്ച് ഹൃദയത്തിൽനിന്നു പറയുന്ന വാക്കുകളെയാണ് ‘അധരാർപ്പണമായ കാളകൾ’ അർഥമാക്കിയത്. ആ യാഗങ്ങൾ അർപ്പിച്ചവരെ യഹോവ എങ്ങനെയാണ് കണ്ടത്? “ഞാൻ അവരെ ഔദാര്യമായി സ്‌നേഹിക്കും” എന്ന് യഹോവ പറഞ്ഞു. (ഹോശേ. 14:4) അത്തരം സ്‌തുതിയാഗങ്ങൾ അർപ്പിച്ചവരോട് യഹോവ ക്ഷമിച്ചു, അവൻ അവരെ അംഗീകരിക്കുകയും തന്റെ സുഹൃത്തുക്കളാക്കുകയും ചെയ്‌തു.
16, 17. ദൈവത്തിലുള്ള വിശ്വാസത്താൽ പ്രേരിതനായി ഒരു വ്യക്തി സുവാർത്ത പ്രസംഗിക്കുമ്പോൾ യഹോവ അതിനെ എങ്ങനെയാണ് കാണുന്നത്?
16 പരസ്യമായി യഹോവയെ സ്‌തുതിക്കുന്നത് എക്കാലവും സത്യാരാധനയുടെ മുഖമുദ്രയായിരുന്നിട്ടുണ്ട്. സത്യദൈവത്തെ സ്‌തുതിക്കുന്നത് ഏറെ പ്രധാനമായി കണ്ടിരുന്ന സങ്കീർത്തനക്കാരൻ, “യഹോവേ, എന്റെ വായുടെ സ്വമേധാ ദാനങ്ങളിൽ പ്രസാദിക്കേണമേ” എന്ന് യാചിച്ചു. (സങ്കീ. 119:108) ഇന്നത്തെ കാര്യമോ? നമ്മുടെ കാലത്തെ ഒരു മഹാപുരുഷാരത്തെക്കുറിച്ച്, “അവർ . . . യഹോവയുടെ സ്‌തുതിയെ ഘോഷിക്കും” എന്നും അവർ കൊണ്ടുവരുന്ന കാഴ്‌ചദ്രവ്യങ്ങൾ “പ്രസാദമുള്ള യാഗമായി എന്റെ (ദൈവത്തിന്റെ) പീഠത്തിന്മേൽ വരും” എന്നും യെശയ്യാവ് പ്രവചിച്ചു. (യെശ. 60:6, 7) ഈ പ്രവചനത്തിന്റെ നിവൃത്തിയായി ഇന്ന് ലക്ഷോപലക്ഷങ്ങളാണ് “ദൈവത്തിന് അവന്റെ നാമത്തെ ഘോഷിക്കുന്ന അധരഫലം എന്ന സ്‌തോത്രയാഗം” അർപ്പിക്കുന്നത്.—എബ്രാ. 13:15.
17 നിങ്ങളുടെ കാര്യമോ? ദൈവത്തിനു സ്വീകാര്യമായ യാഗങ്ങൾ നിങ്ങൾ അർപ്പിക്കുന്നുണ്ടോ? ഇല്ലെങ്കിൽ, ആവശ്യമായ മാറ്റങ്ങൾ വരുത്തി നിങ്ങൾ യഹോവയെ പരസ്യമായി സ്‌തുതിക്കാൻ തുടങ്ങുമോ? സുവാർത്ത പ്രസംഗിക്കാൻ വിശ്വാസം നിങ്ങളെ പ്രേരിപ്പിക്കുമ്പോൾ നിങ്ങൾ അർപ്പിക്കുന്ന ആ യാഗങ്ങൾ “യഹോവെക്കു . . . മൂരിയെക്കാളും പ്രസാദകരമാകും.” (സങ്കീർത്തനം 69:30, 31 വായിക്കുക.) “അപ്പോൾ നിങ്ങളുടെ ബലികളുടെ സുഗന്ധത്തെച്ചൊല്ലി” യഹോവ സന്തുഷ്ടനാകും, തീർച്ചയായും നിങ്ങൾക്ക് അവന്റെ അംഗീകാരം ലഭിക്കും. (യെഹെ. 20:41, പരിശുദ്ധ ബൈബിൾ: ഈസി-റ്റു-റീഡ് വേർഷൻ) നിങ്ങൾ അപ്പോൾ അനുഭവിക്കുന്ന സന്തോഷം പറഞ്ഞറിയിക്കാനാകില്ല.
യഹോവ ‘ധർമിഷ്‌ഠനെ അനുഗ്രഹിക്കും’
18, 19. (എ) ദൈവസേവനത്തെ ഇന്ന് പലരും എങ്ങനെയാണ് വീക്ഷിക്കുന്നത്? (ബി) ദിവ്യാംഗീകാരം നഷ്ടപ്പെടുത്തുന്നത് എന്തിലേക്കു നയിക്കും?
18 “യഹോവെക്കു ശുശ്രൂഷ ചെയ്യുന്നതു വ്യർത്ഥം; ഞങ്ങൾ അവന്റെ കാര്യം നോക്കുന്നതിനാലും . . . എന്തു പ്രയോജനമുള്ളു?” എന്ന് ചിലർ മലാഖിയുടെ കാലത്ത് ചോദിച്ചു. (മലാ. 3:14) ഇന്നും പലരും ചിന്തിക്കുന്നത് അങ്ങനെയാണ്. ഭൗതികത്വ ചിന്തയാണ് അവരെ ഭരിക്കുന്നത്. അതുകൊണ്ടുതന്നെ, യഹോവയുടെ ഉദ്ദേശ്യം നടക്കാൻപോകുന്നില്ലെന്നും അവന്റെ നിയമങ്ങൾ ഇക്കാലത്ത് പ്രായോഗികമല്ലെന്നും അവർ കരുതുന്നു. അവരുടെ കാഴ്‌ചപ്പാടിൽ, പ്രസംഗവേലയിൽ ഏർപ്പെടുന്നവർ വെറുതെ സമയം പാഴാക്കുകയാണ്; ഒരു ശല്യമായിട്ടാണ് അവർ അതിനെ കാണുന്നത്.
19 ഇത്തരം ചിന്താഗതി ഇന്നും ഇന്നലെയും തുടങ്ങിയതല്ല. അത് ആരംഭിച്ചത് ഏദെൻ തോട്ടത്തിലാണ്. യഹോവ നൽകിയ ജീവൻ എന്ന അത്ഭുതദാനത്തെ അവമതിക്കാനും ദിവ്യാംഗീകാരത്തെ വിലകുറച്ചു കാണാനും സാത്താൻ ഹവ്വായെ പ്രേരിപ്പിച്ചു. ദൈവത്തിന്റെ ഹിതം ചെയ്യുന്നതുകൊണ്ട് ഒന്നും നേടാനില്ലെന്നു ചിന്തിക്കാൻ സാത്താൻ ഇന്നും ആളുകളെ പ്രേരിപ്പിച്ചുകൊണ്ടിരിക്കുകയാണ്. എന്നാൽ ദൈവത്തിന്റെ അംഗീകാരം നഷ്ടപ്പെടുത്തുന്നത് ജീവൻ നഷ്ടപ്പെടുത്തുന്നതിനു തുല്യമാണെന്ന് ഹവ്വായും ഭർത്താവും പിന്നീട് തിരിച്ചറിഞ്ഞു. അവരുടെ കാലടികൾ പിന്തുടരുന്നവരും വൈകാതെ ഈ ദുഃഖസത്യം മനസ്സിലാക്കും.—ഉല്‌പ. 3:1-7, 17-19.
20, 21. (എ) സാരെഫാത്തിലെ വിധവ എന്തു ചെയ്‌തു, അതിന്റെ ഫലം എന്തായിരുന്നു? (ബി) സാരെഫാത്തിലെ വിധവയെ നമുക്ക് എങ്ങനെ അനുകരിക്കാം, നാം അതു ചെയ്യേണ്ടത് എന്തുകൊണ്ട്?
20 ആദാമിനും ഹവ്വായ്‌ക്കും സംഭവിച്ചതിനെ മുമ്പു പറഞ്ഞ സാരെഫാത്തിലെ വിധവയ്‌ക്കു സംഭവിച്ചതുമായി ഒന്നു താരതമ്യം ചെയ്യുക. ഏലിയാവിന്റെ പ്രോത്സാഹനം പകരുന്ന വാക്കുകൾ കേട്ട അവൾ, അവശേഷിച്ചിരുന്ന മാവുകൊണ്ട് അപ്പം ചുട്ട് അതിൽ ആദ്യത്തെ പങ്ക് പ്രവാചകനു നൽകി. യഹോവ ഏലിയാവിലൂടെ വാഗ്‌ദാനംചെയ്‌തതുപോലെതന്നെ പിന്നീടു സംഭവിച്ചു. വിവരണം പറയുന്നു: “അങ്ങനെ അവളും അവനും അവളുടെ വീട്ടുകാരും ഏറിയനാൾ അഹോവൃത്തികഴിച്ചു. യഹോവ ഏലിയാവുമുഖാന്തരം അരുളിച്ചെയ്‌ത വചനപ്രകാരം കലത്തിലെ മാവു തീർന്നുപോയില്ല, ഭരണിയിലെ എണ്ണ കുറഞ്ഞുപോയതുമില്ല.”—1 രാജാ. 17:15, 16.
21 ഇന്നുള്ള കോടാനുകോടി ആളുകളിൽ മിക്കവരും ചെയ്യാൻ മടിക്കുന്ന ഒരു കാര്യമാണ് സാരെഫാത്തിലെ വിധവ ചെയ്‌തത്. അവൾ രക്ഷയുടെ ദൈവത്തിൽ പൂർണമായി ആശ്രയിച്ചു. അവൻ അവളെ കൈവിട്ടതുമില്ല. തികച്ചും ആശ്രയയോഗ്യനാണ് യഹോവ എന്നു വ്യക്തമാക്കുന്ന അനേകം ബൈബിൾ വിവരണങ്ങളിൽ ഒന്നു മാത്രമാണിത്. (യോശുവ 21:43-45; 23:14 വായിക്കുക.) തന്റെ അംഗീകാരം നേടിയവരെ ദൈവം ഒരുനാളും കൈവിടില്ല എന്നു കാണിക്കുന്ന അനേകം ആധുനികകാല ദൃഷ്ടാന്തങ്ങളും യഹോവയുടെ സാക്ഷികളുടെ ഇടയിലുണ്ട്.—സങ്കീ. 34:6, 7, 17-19. *
22. യഹോവയുടെ അംഗീകാരം നേടേണ്ടത് അടിയന്തിരമായിരിക്കുന്നത് എന്തുകൊണ്ട്?
22 യഹോവയുടെ ന്യായവിധി ദിവസം വേഗംതന്നെ “സർവഭൂതലത്തിലും വസിക്കുന്ന ഏവരുടെയുംമേൽ വരും.” (ലൂക്കോ. 21:34, 35) അതിൽനിന്ന് ആർക്കും ഒളിച്ചോടാനാകില്ല. “എന്റെ പിതാവിനാൽ അനുഗ്രഹിക്കപ്പെട്ടവരേ, വരുവിൻ; ലോകസ്ഥാപനംമുതൽ നിങ്ങൾക്കായി ഒരുക്കിയിരിക്കുന്ന രാജ്യം അവകാശമാക്കിക്കൊള്ളുവിൻ” എന്ന ദിവ്യനിയമിത രാജാവിന്റെ വാക്കുകൾ കേൾക്കുന്നതിനോളംവരില്ല ഇന്നത്തെ ധനമോ ഭൗതിക സുഖങ്ങളോ ഒന്നും. (മത്താ. 25:34) അതെ, യഹോവ ‘ധർമിഷ്‌ഠനെ അനുഗ്രഹിക്കും; പരിചകൊണ്ടെന്നപോലെ അയാളെ പ്രസാദംകൊണ്ട് ആവരണം ചെയ്യും.’ (സങ്കീ. 5:12, ഓശാന) അതുകൊണ്ട് മറ്റെന്തിനെക്കാളും ഉപരി ദിവ്യാംഗീകാരത്തിനായി നാം യത്‌നിക്കേണ്ടതല്ലേ?
[അടിക്കുറിപ്പ്]
^ ഖ. 21 വീക്ഷാഗോപുരം 2005 മാർച്ച് 15 പേജ് 13, ഖണ്ഡിക 15; 1997 ആഗസ്റ്റ് 1 പേജ് 20-25 കാണുക.
ഓർമിക്കുന്നുവോ?
• മുഴുദേഹിയോടെയുള്ള നമ്മുടെ ആരാധന യഹോവ അർഹിക്കുന്നത് എന്തുകൊണ്ട്?
• ഏതു യാഗങ്ങളാണ് യഹോവ ഇന്നു സ്വീകരിക്കുന്നത്?
• ‘അധരാർപ്പണമായ കാളകൾ’ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് എന്താണ്, നാം അവ അർപ്പിക്കേണ്ടത് എന്തുകൊണ്ട്?
• നാം യഹോവയുടെ അംഗീകാരത്തിനായി യത്‌നിക്കേണ്ടത് എന്തുകൊണ്ട്?
[അധ്യയന ചോദ്യങ്ങൾ]
[13-ാം പേജിലെ ചിത്രം]
ദരിദ്രയായ ഈ അമ്മയ്‌ക്ക് എന്തു തീരുമാനമാണ് എടുക്കേണ്ടിവന്നത്?
[15-ാം പേജിലെ ചിത്രം]
യഹോവയ്‌ക്കു സ്‌തോത്രയാഗം അർപ്പിക്കുമ്പോൾ നമുക്ക് എന്ത് പ്രതിഫലം ലഭിക്കും?
[17-ാം പേജിലെ ചിത്രം]
തന്നിൽ പൂർണമായി ആശ്രയിക്കുന്നവരെ യഹോവ ഒരുനാളും കൈവിടില്ല