വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ പരമാധികാരവും ദൈവരാജ്യവും

യഹോവയുടെ പരമാധികാരവും ദൈവരാജ്യവും

യഹോവയുടെ പരമാധികാരവും ദൈവരാജ്യവും

“യഹോവേ, മഹത്വവും ശക്തിയും തേജസ്സും യശസ്സും മഹിമയും നിനക്കുള്ളതു; . . . യഹോവേ, രാജത്വം നിനക്കുള്ളതാകുന്നു.”—1 ദിനവൃത്താന്തം 29:11.

1. അഖിലാണ്ഡത്തിന്റെ പരമാധികാരി യഹോവയാണെന്നു പറയുന്നത്‌ എന്തുകൊണ്ട്‌?

ഭരണാധിപത്യം സംബന്ധിച്ച അടിസ്ഥാന സത്യത്തിലേക്കു വിരൽചൂണ്ടിക്കൊണ്ട്‌ സങ്കീർത്തനക്കാരൻ ഇങ്ങനെ പറഞ്ഞു: “യഹോവ തന്റെ സിംഹാസനത്തെ സ്വർഗ്ഗത്തിൽ സ്ഥാപിച്ചിരിക്കുന്നു; അവന്റെ രാജത്വം സകലത്തെയും ഭരിക്കുന്നു.” (സങ്കീർത്തനം 103:19) സകലവും സൃഷ്ടിച്ചവനെന്ന നിലയിൽ അഖിലാണ്ഡത്തിന്റെ പരമാധികാരി യഹോവയാം ദൈവമാണ്‌.

2. ദാനീയേൽ യഹോവയുടെ സ്വർഗീയ സാമ്രാജ്യത്തെ വർണിക്കുന്നതെങ്ങനെ?

2 പ്രജകളില്ലെങ്കിൽ പ്രജാപതിയില്ല. യഹോവയുടെ ആദ്യപ്രജകൾ, അവൻ സൃഷ്ടിച്ച ആത്മവ്യക്തികളായ ദൂതന്മാരായിരുന്നു, അവന്റെ ഏകജാത പുത്രനായിരുന്നു അവരിൽ പ്രഥമൻ. (കൊലൊസ്സ്യർ 1:15-17) ഏറെക്കാലം കഴിഞ്ഞ്‌ ദാനീയേൽ പ്രവാചകന്‌ സ്വർഗീയ മണ്ഡലത്തിന്റെ ഒരു ദർശനം ലഭിച്ചു. അവൻ പറയുന്നു: “ഞാൻ നോക്കിക്കൊണ്ടിരിക്കെ അവർ ന്യായാസനങ്ങളെ വെച്ചു. വയോധികനായ ഒരുത്തൻ [“പുരാതനനായവൻ,” പി.ഒ.സി. ബൈബിൾ] ഇരുന്നു. . . . ആയിരമായിരം പേർ അവന്നു ശുശ്രൂഷചെയ്‌തു; പതിനായിരം പതിനായിരം പേർ അവന്റെ മുമ്പാകെ നിന്നു.” (ദാനീയേൽ 7:9, 10) “പുരാതനനായ” യഹോവ, ‘അവന്റെ ഇഷ്ടം ചെയ്യുന്ന ശുശ്രൂഷക്കാരായ’ ആത്മപുത്രന്മാരുടെ അതിവിപുലവും ക്രമനിബദ്ധവുമായ കുടുംബത്തിന്മേൽ യുഗങ്ങളോളം തന്റെ സ്‌നേഹനിർഭരമായ പരമാധീശത്വം പ്രയോഗിച്ചിരിക്കുന്നു.—സങ്കീർത്തനം 103:20, 21.

3. യഹോവ തന്റെ ആധിപത്യത്തിന്റെ അതിരുകൾ വ്യാപിപ്പിച്ചതെങ്ങനെ?

3 കാലപ്രവാഹത്തിൽ, ഭൂമിയെയും അതുൾപ്പെടുന്ന നിസ്സീമവും സങ്കീർണവുമായ ഭൗതിക പ്രപഞ്ചത്തെയും സൃഷ്ടിച്ചുകൊണ്ട്‌ യഹോവ തന്റെ ആധിപത്യത്തിന്റെ അതിരുകൾ വ്യാപിപ്പിച്ചു. (ഇയ്യോബ്‌ 38:4, 7) വിസ്‌മയിപ്പിക്കുന്ന കൃത്യതയോടും ക്രമബദ്ധതയോടുംകൂടെ വ്യാപരിക്കുന്ന ആകാശഗോളങ്ങളെ നിരീക്ഷിക്കുമ്പോൾ അവയ്‌ക്കൊരു നിയന്താവിന്റെ ആവശ്യമേയില്ലെന്നു തോന്നിപ്പോകും. എന്നാൽ സങ്കീർത്തനക്കാരൻ ഇപ്രകാരം ഉദ്‌ഘോഷിച്ചു: “[യഹോവ] കല്‌പിച്ചിട്ടു അവ സൃഷ്ടിക്കപ്പെട്ടിരിക്കയാൽ അവ യഹോവയുടെ നാമത്തെ സ്‌തുതിക്കട്ടെ. അവൻ അവയെ സദാകാലത്തേക്കും സ്ഥിരമാക്കി; ലംഘിക്കരുതാത്ത ഒരു നിയമം വെച്ചുമിരിക്കുന്നു.” (സങ്കീർത്തനം 148:5, 6) ആത്മമണ്ഡലത്തിലെയും ഭൗതികപ്രപഞ്ചത്തിലെയും പ്രവർത്തനഗതികളെ നയിക്കുകയും നിയന്ത്രിക്കുകയും ചെയ്‌തുകൊണ്ട്‌ ആദിമുതലിന്നോളം യഹോവ തന്റെ പരമാധീശത്വം പ്രയോഗിച്ചുകൊണ്ടിരിക്കുന്നു.—നെഹെമ്യാവു 9:6.

4. എങ്ങനെയാണ്‌ യഹോവ മനുഷ്യന്റെമേൽ തന്റെ പരമാധികാരം പ്രയോഗിക്കുന്നത്‌?

4 ആദ്യമനുഷ്യജോഡിയുടെ സൃഷ്ടിയോടെ, മറ്റൊരു വിധത്തിലും യഹോവ തന്റെ പരമാധികാരം പ്രയോഗിക്കാൻ തുടങ്ങി. സംതൃപ്‌തവും ഉദ്ദേശ്യപൂർണവുമായ ജീവിതത്തിനുള്ള സകലതും മനുഷ്യനു നൽകിയതിനു പുറമേ, ഭൂമിയിലെ ജീവജാലങ്ങളുടെമേലുള്ള അധികാരവും യഹോവ അവനെ ഭരമേൽപ്പിച്ചു. (ഉല്‌പത്തി 1:26-28; 2:8, 9) ദൈവത്തിന്റെ ഭരണാധിപത്യം നന്മനിറഞ്ഞതും കരുണാർദ്രവുമാണെന്നു മാത്രമല്ല, പ്രജകൾക്ക്‌ അന്തസ്സും മാനവും കൽപ്പിക്കുന്ന ഒന്നാണെന്നും അതിലൂടെ വ്യക്തമായി. യഹോവയുടെ പരമാധികാരത്തിനു കീഴ്‌പെട്ടിരിക്കുന്നിടത്തോളംകാലം ആദാമിനും ഹവ്വായ്‌ക്കും പറുദീസാഭൂമിയിൽ ജീവിച്ചിരിക്കാൻ കഴിയുമായിരുന്നു; ജീവിതം അനന്തമായി ആസ്വദിക്കാനുള്ള പ്രത്യാശയും അവർക്കുണ്ടായിരിക്കുമായിരുന്നു.—ഉല്‌പത്തി 2:15-17.

5. യഹോവയുടെ പരമാധികാരം സംബന്ധിച്ച്‌ എന്തു പറയാനാകും?

5 ഇതിൽനിന്നെല്ലാം നമുക്ക്‌ എന്തു മനസ്സിലാക്കാൻ കഴിയും? ഒന്നാമതായി, യഹോവ എന്നും തന്റെ എല്ലാ സൃഷ്ടികളുടെമേലും പരമാധികാരം പ്രയോഗിച്ചുകൊണ്ടാണിരിക്കുന്നത്‌. രണ്ടാമതായി, ദൈവത്തിന്റെ ഭരണാധിപത്യം നന്മനിറഞ്ഞതാണ്‌; അതു പ്രജകളുടെ അന്തസ്സിനു വിലകൽപ്പിക്കുന്നു. അവസാനമായി, ദിവ്യാധിപത്യത്തിനു കീഴ്‌പെട്ടിരിക്കുകയും അതിനെ പിന്തുണയ്‌ക്കുകയും ചെയ്യുന്നതിലൂടെ നമുക്കു ശാശ്വതാനുഗ്രഹങ്ങൾ കൈവരും. പുരാതന ഇസ്രായേലിലെ ദാവീദ്‌ രാജാവ്‌ പിൻവരുംവിധം പറഞ്ഞതിൽ തെല്ലും അത്ഭുതമില്ല: “യഹോവേ, മഹത്വവും ശക്തിയും തേജസ്സും യശസ്സും മഹിമയും നിനക്കുള്ളതു; സ്വർഗ്ഗത്തിലും ഭൂമിയിലുമുള്ളതൊക്കെയും നിനക്കുള്ളതല്ലോ യഹോവേ, രാജത്വം നിനക്കുള്ളതാകുന്നു; നീ സകലത്തിന്നും മീതെ തലവനായിരിക്കുന്നു.”—1 ദിനവൃത്താന്തം 29:11.

ദൈവരാജ്യം ആവശ്യമോ?

6. ദൈവത്തിന്റെ പരമാധീശത്വവും ദൈവരാജ്യവും തമ്മിലുള്ള ബന്ധമെന്ത്‌?

6 അഖിലാണ്ഡ പരമാധികാരിയായ യഹോവ എക്കാലവും തന്റെ അധികാരവും വല്ലഭത്വവും പ്രയോഗിച്ചുകൊണ്ടാണിരുന്നിട്ടുള്ളത്‌. അപ്പോൾപ്പിന്നെ ദൈവരാജ്യത്തിന്റെ ആവശ്യമെന്താണ്‌? സാധാരണഗതിയിൽ, താൻ ഏർപ്പെടുത്തുന്ന ഒരു അധികാരഘടനയിലൂടെയാണ്‌ ഒരു പരമാധികാരി തന്റെ പ്രജകളുടെമേൽ അധികാരം പ്രയോഗിക്കുന്നത്‌. സമാനമായി, മുഴു അഖിലാണ്ഡത്തിലെയും സൃഷ്ടികളുടെമേലുള്ള ദൈവത്തിന്റെ പരമാധീശത്വത്തിന്റെ പ്രകടരൂപമാണ്‌ ദൈവരാജ്യം; ഭരണനിർവഹണത്തിനുള്ള അവന്റെ സംവിധാനമാണത്‌.

7. യഹോവ ഒരു പുതിയ ഭരണസംവിധാനം ഏർപ്പെടുത്തിയത്‌ എന്തുകൊണ്ട്‌?

7 പല സന്ദർഭങ്ങളിലും പല വിധങ്ങളിലും യഹോവ തന്റെ പരമാധികാരം പ്രയോഗിച്ചിരിക്കുന്നു. ഒരു പ്രത്യേക സാഹചര്യം സംജാതമായപ്പോൾ ഒരു പുതിയ ഭരണസംവിധാനം അവൻ ഏർപ്പെടുത്തിയത്‌ അതിനുദാഹരണമാണ്‌. ദൈവത്തിനെതിരെ മത്സരിച്ച ഒരു ആത്മസന്തതി—സാത്താൻ—ആദാമിനെയും ഹവ്വായെയും യഹോവയുടെ ഭരണത്തിനെതിരെ തിരിച്ചപ്പോഴാണ്‌ അവനതു ചെയ്‌തത്‌. സാത്താന്റെ നടപടി ദൈവത്തിന്റെ പരമാധികാരത്തിനു നേരെയുള്ള ഒരു ആക്രമണമായിരുന്നു. എങ്ങനെ? വിലക്കപ്പെട്ട കനി ഭക്ഷിച്ചാൽ ഹവ്വാ മരിക്കില്ലെന്നു തറപ്പിച്ചുപറഞ്ഞുകൊണ്ട്‌, യഹോവ വഞ്ചകനും അതുകൊണ്ട്‌ ആശ്രയിക്കാൻ കൊള്ളാത്തവനുമാണെന്നു സാത്താൻ സൂചിപ്പിച്ചു. അവൻ ഹവ്വായോട്‌ ഇങ്ങനെയും പറഞ്ഞു: “അതു തിന്നുന്ന നാളിൽ നിങ്ങളുടെ കണ്ണു തുറക്കയും നിങ്ങൾ നന്മതിന്മകളെ അറിയുന്നവരായി ദൈവത്തെപ്പോലെ ആകയും ചെയ്യും എന്നു ദൈവം അറിയുന്നു.” ദൈവത്തിന്റെ കൽപ്പന തിരസ്‌കരിച്ചുകൊണ്ട്‌ സ്വതന്ത്രമായി ജീവിച്ചാൽ അത്‌ ആദാമിനും ഹവ്വായ്‌ക്കും ഏറെ മെച്ചമായിരിക്കുമെന്നാണു സാത്താൻ നിർദേശിച്ചത്‌. (ഉല്‌പത്തി 3:1-6) ഭരിക്കാനുള്ള ദൈവത്തിന്റെ അവകാശത്തിന്മേലുണ്ടായ നേരിട്ടുള്ള ആക്രമണമായിരുന്നു അത്‌. യഹോവ എന്തു ചെയ്യുമായിരുന്നു?

8, 9. (എ) മത്സരം തലപൊക്കുന്നപക്ഷം ഒരു ഭരണാധികാരി എന്തു ചെയ്യും? (ബി) ഏദെനിലെ മത്സരത്തോടുള്ള ബന്ധത്തിൽ യഹോവ എന്തു ചെയ്‌തു?

8 ഒരു സാമ്രാജ്യത്തിൽ കടുത്ത മത്സരം പൊട്ടിപ്പുറപ്പെട്ടാൽ അവിടത്തെ ഭരണാധികാരി സാധാരണഗതിയിൽ എന്താണു ചെയ്യുക? ചരിത്രം പഠിച്ചിട്ടുള്ളവർക്ക്‌ അത്തരം ചില സന്ദർഭങ്ങൾ ഓർമിക്കാനാകും. പ്രസ്‌തുത കാര്യം അവഗണിച്ചുകളയുന്നതിനു പകരം, കനിവുള്ള ഒരു ഭരണാധികാരിപോലും രാജ്യദ്രോഹക്കുറ്റം ചുമത്തിക്കൊണ്ട്‌ അത്തരം മത്സരികൾക്കെതിരെ ന്യായവിധി നടപ്പാക്കും. വിമതശക്തികളെ കീഴ്‌പെടുത്തിക്കൊണ്ട്‌ സമാധാനം പുനഃസ്ഥാപിക്കാൻ ആരെയെങ്കിലും അദ്ദേഹം നിയോഗിച്ചേക്കാം. സമാനമായി, തത്‌ക്ഷണം നടപടി സ്വീകരിക്കുകയും മത്സരികൾക്കെതിരെ ന്യായവിധി പ്രസ്‌താവിക്കുകയും ചെയ്‌തുകൊണ്ട്‌ സാഹചര്യം തികച്ചും നിയന്ത്രണവിധേയമാണെന്ന്‌ യഹോവ പ്രകടമാക്കി. ആദാമും ഹവ്വായും നിത്യജീവന്റെ സമ്മാനത്തിന്‌ അർഹരല്ലെന്നു പ്രഖ്യാപിച്ചുകൊണ്ട്‌ അവൻ അവരെ ഏദെൻതോട്ടത്തിൽനിന്നു പുറത്താക്കി.—ഉല്‌പത്തി 3:16-19, 22-24.

9 സാത്താനെതിരെ ന്യായവിധി ഉച്ചരിച്ചപ്പോൾ യഹോവ തന്റെ പരമാധികാരത്തിന്റെ ഒരു പുതുരൂപം വെളിപ്പെടുത്തി—ആ ഭരണവ്യവസ്ഥ അഖിലാണ്ഡത്തിലെങ്ങും ശാന്തിയും സമാധാനവും പുനഃസ്ഥാപിക്കുമായിരുന്നു. ദൈവം സാത്താനോട്‌ ഇങ്ങനെ പറഞ്ഞു: “ഞാൻ നിനക്കും സ്‌ത്രീക്കും നിന്റെ സന്തതിക്കും അവളുടെ സന്തതിക്കും തമ്മിൽ ശത്രുത്വം ഉണ്ടാക്കും. അവൻ നിന്റെ തല തകർക്കും; നീ അവന്റെ കുതികാൽ തകർക്കും.” (ഉല്‌പത്തി 3:15) അങ്ങനെ, സാത്താനെയും അവന്റെ സേനകളെയും ‘തകർക്കാനും’ തന്റെ പരമാധികാരം സംസ്ഥാപിക്കാനും ഒരു ‘സന്തതിയെ’ അധികാരപ്പെടുത്താൻ താൻ ഉദ്ദേശിക്കുന്നതായി യഹോവ വെളിപ്പെടുത്തി.—സങ്കീർത്തനം 2:7-9; 110:1, 2.

10. (എ) ആരാണ്‌ “സന്തതി”യായിത്തീർന്നത്‌? (ബി) ആദ്യപ്രവചനത്തിന്റെ നിവൃത്തി സംബന്ധിച്ച്‌ പൗലൊസ്‌ എന്തു പറഞ്ഞു?

10 യേശുക്രിസ്‌തുവും സഹഭരണാധിപന്മാരുടെ ഒരു സവിശേഷസംഘവും ചേരുന്നതാണ്‌ ആ “സന്തതി.” ആ സംയുക്തസന്തതിയാണ്‌ ദൈവത്തിന്റെ മിശിഹൈക ഗവൺമെന്റ്‌. (ദാനീയേൽ 7:13, 14, 27; മത്തായി 19:28; ലൂക്കൊസ്‌ 12:32; 22:28-30) അക്കാര്യങ്ങളെല്ലാം പക്ഷേ, ക്ഷണത്തിൽ വെളിപ്പെടുത്തിയില്ല. യഥാർഥത്തിൽ, ആ പ്രാരംഭപ്രവചനം എങ്ങനെ നിവൃത്തിയേറുമെന്ന കാര്യം ‘പൂർവകാലങ്ങളിൽ മറഞ്ഞിരുന്ന ഒരു മർമമായിരുന്നു.’ (റോമർ 16:24, 25) ആ ദിവ്യ ‘മർമത്തിന്റെ’ ചുരുളഴിയുകയും, യഹോവയുടെ പരമാധികാരം സംസ്ഥാപിച്ചുകൊണ്ട്‌ പ്രസ്‌തുത പ്രവചനം നിവൃത്തിയേറുകയും ചെയ്യുന്ന സമയത്തിനായി വിശ്വസ്‌ത മനുഷ്യർ നൂറ്റാണ്ടുകളോളം കാത്തിരുന്നു.—റോമർ 8:19-21.

‘മർമം’ ക്രമേണ മറനീക്കപ്പെടുന്നു

11. യഹോവ അബ്രാഹാമിന്‌ എന്തു വെളിപ്പെടുത്തി?

11 കാലപ്രവാഹത്തിൽ യഹോവ ‘ദൈവരാജ്യമർമത്തിന്റെ’ സവിശേഷതകൾ ഒന്നൊന്നായി വെളിപ്പെടുത്തി. (മർക്കൊസ്‌ 4:11) അത്തരം വെളിപ്പെടുത്തലുകൾ ലഭിച്ചവരിൽ ഒരുവനായിരുന്നു, “ദൈവത്തിന്റെ സ്‌നേഹിതൻ” എന്നു വിളിക്കപ്പെട്ട അബ്രാഹാം. (യാക്കോബ്‌ 2:23) “ഞാൻ നിന്നെ വലിയോരു ജാതിയാക്കും” എന്ന്‌ യഹോവ അവനോടു വാഗ്‌ദാനം ചെയ്‌തു. പിന്നീട്‌, ‘നിന്നിൽനിന്നു രാജാക്കന്മാർ ഉത്ഭവിക്കും’ എന്നും “നിന്റെ സന്തതി മുഖാന്തരം ഭൂമിയിലുള്ള സകലജാതികളും അനുഗ്രഹിക്കപ്പെടും” എന്നും ദൈവം അവനെ അറിയിച്ചു.—ഉല്‌പത്തി 12:2, 3; 17:6; 22:17, 18.

12. പ്രളയത്തിനുശേഷം സാത്താന്റെ സന്തതി സ്വയം വെളിപ്പെട്ടുവന്നത്‌ എങ്ങനെ?

12 അധികാരം എത്തിപ്പിടിക്കാനും ഭരണം കയ്യാളാനുമുള്ള മനുഷ്യന്റെ ശ്രമം അബ്രാഹാമിന്റെ കാലത്തുപോലും പ്രകടമായിരുന്നു. ഉദാഹരണത്തിന്‌ നോഹയുടെ പ്രപൗത്രനായ നിമ്രോദിനെക്കുറിച്ച്‌ ബൈബിൾ ഇങ്ങനെ പറയുന്നു: “അവൻ ഒരു നായാട്ടുവീരനും യഹോവയ്‌ക്കെതിരെ മത്സരിയുമായിരുന്നു.” (ഉല്‌പത്തി 10:8, 9, NW) വ്യക്തമായും നിമ്രോദും മറ്റു സ്വനിയമിത ഭരണകർത്താക്കളും സാത്താന്റെ ആജ്ഞാനുവർത്തികളായിരുന്നു. അവരും അവരുടെ അണികളും സാത്താന്റെ സന്തതിയുടെ ഭാഗമായിത്തീർന്നു.—1 യോഹന്നാൻ 5:19.

13. യാക്കോബിലൂടെ യഹോവ എന്തു മുൻകൂട്ടിപ്പറഞ്ഞു?

13 മനുഷ്യഭരണാധികാരികളെ അവരോധിക്കാനുള്ള സാത്താന്റെ ശ്രമത്തിന്മധ്യേയും യഹോവയുടെ ഉദ്ദേശ്യം നിർവിഘ്‌നം മുന്നേറുകയായിരുന്നു. അബ്രാഹാമിന്റെ പൗത്രനായ യാക്കോബിലൂടെ അവൻ ഇങ്ങനെ പറഞ്ഞു: “അവകാശമുള്ളവൻ വരുവോളം ചെങ്കോൽ യെഹൂദയിൽനിന്നും രാജദണ്ഡു അവന്റെ കാലുകളുടെ ഇടയിൽ നിന്നും നീങ്ങിപ്പോകയില്ല; ജാതികളുടെ അനുസരണം അവനോടു ആകും.” (ഉല്‌പത്തി 49:10) അങ്ങനെ, “ചെങ്കോൽ” അഥവാ ഭരണാധിപത്യം ഭരമേൽക്കാനും മനുഷ്യ “ജാതികളുടെ”മേലുള്ള ഭരണമാകുന്ന “രാജദണ്ഡ്‌” അവകാശമാക്കാനും നിയമാനുസൃതമായി യോഗ്യതയുള്ള ഒരുവൻ വരുമെന്ന്‌ ആ പ്രാവചനിക വാക്കുകൾ സൂചിപ്പിച്ചു. അവൻ ആരായിരിക്കുമായിരുന്നു?

“അവകാശമുള്ളവൻ വരുവോളം”

14. ദാവീദുമായി യഹോവ എന്ത്‌ ഉടമ്പടി ചെയ്‌തു?

14 യെഹൂദായുടെ വംശാവലിയിൽനിന്ന്‌ തന്റെ ജനത്തിന്റെ രാജാവായിത്തീരാൻ യഹോവ ആദ്യമായി തിരഞ്ഞെടുത്തത്‌ യിശ്ശായിയുടെ പുത്രനും ആട്ടിടയനുമായ ദാവീദിനെയാണ്‌. * (1 ശമൂവേൽ 16:1-13) തെറ്റുകുറ്റങ്ങൾ ഉള്ളവനായിരുന്നെങ്കിലും, യഹോവയുടെ പരമാധികാരത്തോടുള്ള വിശ്വസ്‌തത നിമിത്തം അവൻ ദൈവപ്രീതിക്കു പാത്രമായി. ‘നിന്റെ ഉദരത്തിൽനിന്നു പുറപ്പെടാനിരിക്കുന്ന സന്തതിയെ ഞാൻ സ്ഥിരപ്പെടുത്തുകയും അവന്റെ രാജത്വം ഉറപ്പാക്കുകയും ചെയ്യും’ എന്നു പറഞ്ഞുകൊണ്ടും അങ്ങനെ ഏദെനിലെ പ്രവചനത്തിന്മേൽ കൂടുതൽ വെളിച്ചംവീശിക്കൊണ്ടും യഹോവ അവനുമായി ഒരു ഉടമ്പടി ചെയ്‌തു. ദാവീദിന്റെ പുത്രനും അനന്തരാവകാശിയുമായ ശലോമോനായിരുന്നില്ല ആ സന്തതി. കാരണം, “ഞാൻ അവന്റെ രാജത്വത്തിന്റെ സിംഹാസനം എന്നേക്കും സ്ഥിരമാക്കും” എന്ന്‌ ഉടമ്പടിയിൽ പറഞ്ഞിരുന്നു. അങ്ങനെ, വാഗ്‌ദത്തസന്തതി കാലാന്തരത്തിൽ ദാവീദിന്റെ വംശാവലിയിൽ പ്രത്യക്ഷപ്പെടുമെന്ന്‌ ദാവീദിക ഉടമ്പടി വ്യക്തമാക്കി.—2 ശമൂവേൽ 7:12, 13.

15. യെഹൂദാ രാജവംശത്തെ ദൈവരാജ്യത്തിന്റെ ഒരു മാതൃകയായി വീക്ഷിക്കാവുന്നത്‌ എന്തുകൊണ്ട്‌?

15 മഹാപുരോഹിതൻ വിശുദ്ധതൈലത്താൽ അഭിഷേകം ചെയ്‌തുപോന്ന ഒരു രാജവംശത്തിനു ദാവീദ്‌ തുടക്കംകുറിച്ചു. അതുകൊണ്ടുതന്നെ ആ രാജാക്കന്മാരിൽ ഓരോരുത്തരെയും അഭിഷിക്തൻ എന്നോ മിശിഹായെന്നോ വിശേഷിപ്പിക്കാമായിരുന്നു. (1 ശമൂവേൽ 16:13; 2 ശമൂവേൽ 2:4; 5:3; 1 രാജാക്കന്മാർ 1:39) അവർ യഹോവയുടെ സിംഹാസനത്തിൽ ഇരുന്നതായും യഹോവയ്‌ക്കുവേണ്ടി യെരൂശലേമിൽ ഭരണം നടത്തിയതായും ബൈബിൾ ചൂണ്ടിക്കാട്ടുന്നു. (2 ദിനവൃത്താന്തം 9:8) ആ അർഥത്തിൽ യെഹൂദാ രാജവംശം യഹോവയുടെ പരമാധികാരത്തിന്റെ പ്രകടരൂപമായ ദൈവരാജ്യത്തെ പ്രതിനിധാനംചെയ്‌തു.

16. യെഹൂദാരാജാക്കന്മാരുടെ ഭരണത്തിന്റെ ഫലമെന്തായിരുന്നു?

16 രാജാവും പ്രജകളും യഹോവയുടെ പരമാധികാരത്തിനു കീഴ്‌പെട്ടിരുന്നപ്പോൾ അവർക്ക്‌ അവന്റെ സംരക്ഷണവും മറ്റ്‌ അനുഗ്രഹങ്ങളും ആസ്വദിക്കാനായി. വിശേഷിച്ചും ശലോമോന്റെ ഭരണകാലം അസദൃശമായ സമാധാനത്തിന്റെയും സമൃദ്ധിയുടെയും നാളുകളായിരുന്നു. സാത്താന്റെ സ്വാധീനം സമ്പൂർണമായി നീക്കിക്കളയുകയും യഹോവയുടെ പരമാധീശത്വം സംസ്ഥാപിക്കുകയും ചെയ്യുന്ന ദൈവരാജ്യഭരണത്തിന്റെ ഒരു പൂർവവീക്ഷണമായിരുന്നു അത്‌. (1 രാജാക്കന്മാർ 4:20, 25) സങ്കടകരമെന്നു പറയട്ടെ, ദാവീദിന്റെ വംശത്തിലെ മിക്ക രാജാക്കന്മാരും യഹോവയുടെ കൽപ്പനകൾക്കു പുറംതിരിയുകയും ജനം വിഗ്രഹാരാധനയിലും അധാർമികതയിലും ആണ്ടുപോകുകയും ചെയ്‌തു. ഒടുവിൽ പൊ.യു.മു. 607-ൽ ബാബിലോണിയർ ആ രാജവംശത്തെ നശിപ്പിക്കാൻ യഹോവ അനുവദിച്ചു. യഹോവയുടെ പരമാധീശത്വത്തെ അപഹാസ്യമാക്കാനുള്ള സാത്താന്റെ ഉദ്യമം വിജയിച്ചതായി കാണപ്പെട്ടു.

17. ദാവീദിക രാജ്യം നശിപ്പിക്കപ്പെട്ടപ്പോഴും കാര്യങ്ങൾ യഹോവയുടെ പൂർണനിയന്ത്രണത്തിലായിരുന്നെന്നു പറയാവുന്നത്‌ എന്തുകൊണ്ട്‌?

17 ദാവീദിക രാജ്യത്തിന്റെ മറിച്ചിടലും—അതിനുമുമ്പുതന്നെ, വടക്കേ രാജ്യമായ ഇസ്രായേലിനുണ്ടായ അന്ത്യവും—യഹോവയുടെ പരമാധീശത്വത്തിന്റെ ഏതെങ്കിലും അപാകതയുടെയോ അപര്യാപ്‌തതയുടെയോ തെളിവായിരുന്നില്ല; സാത്താന്യ സ്വാധീനത്തിന്റെയും മനുഷ്യന്റെ സ്വതന്ത്രഗതിയുടെയും പരിതാപകരമായ പരിണതഫലമായിരുന്നു അത്‌. (സദൃശവാക്യങ്ങൾ 16:25; യിരെമ്യാവു 10:23) അപ്പോഴും താൻ പരമാധികാരം പ്രയോഗിക്കുന്നുണ്ടായിരുന്നു എന്നു കാണിച്ചുകൊണ്ട്‌ യെഹെസ്‌കേൽ പ്രവാചകനിലൂടെ യഹോവ ഇങ്ങനെ പ്രഖ്യാപിച്ചു: “ഞാൻ മകുടം നീക്കി കിരീടം എടുത്തുകളയും; . . . ഞാൻ അതിന്നു ഉന്മൂലനാശം, ഉന്മൂലനാശം, ഉന്മൂലനാശം വരുത്തും; അതിന്നു അവകാശമുള്ളവൻ വരുവോളം അതു ഇല്ലാതെയിരിക്കും; അവന്നു ഞാൻ അതു കൊടുക്കും.” (യെഹെസ്‌കേൽ 21:26, 27) ‘അവകാശമുള്ളവനായ’ വാഗ്‌ദത്ത “സന്തതി” അപ്പോഴും വന്നിട്ടില്ലായിരുന്നെന്ന്‌ ആ വാക്കുകൾ പ്രകടമാക്കി.

18. ഗബ്രീയേൽ ദൂതൻ മറിയയോട്‌ എന്തു പ്രഖ്യാപിച്ചു?

18 നമുക്കിപ്പോൾ പൊ.യു.മു. 2-ാം നൂറ്റാണ്ടിലേക്കു ശ്രദ്ധതിരിക്കാം. വടക്കൻ പാലസ്‌തീനിലെ നസറെത്ത്‌ എന്ന ഗലീലപട്ടണത്തിൽ താമസിച്ചിരുന്ന കന്യകയായ മറിയയുമായി ബന്ധപ്പെട്ടതാണു സംഭവം. ദൈവം അയച്ച ഗബ്രീയേൽ ദൂതൻ അവളോടിങ്ങനെ പറഞ്ഞു: “നീ ഗർഭം ധരിച്ചു ഒരു മകനെ പ്രസവിക്കും; അവന്നു യേശു എന്നു പേർ വിളിക്കേണം. അവൻ വലിയവൻ ആകും; അത്യുന്നതന്റെ പുത്രൻ എന്നു വിളിക്കപ്പെടും; കർത്താവായ ദൈവം അവന്റെ പിതാവായ ദാവീദിന്റെ സിംഹാസനം അവന്നു കൊടുക്കും. അവൻ യാക്കോബ്‌ഗൃഹത്തിന്നു എന്നേക്കും രാജാവായിരിക്കും; അവന്റെ രാജ്യത്തിന്നു അവസാനം ഉണ്ടാകയില്ല.”—ലൂക്കൊസ്‌ 1:31-33.

19. ഉദ്വേഗജനകമായ ഏതു സംഭവവികാസങ്ങൾക്കുള്ള സമയം സമീപിച്ചിരുന്നു?

19 അങ്ങനെ, മറഞ്ഞിരുന്ന ദിവ്യ ‘മർമം’ പൂർണമായി മറനീക്കപ്പെടുന്നതിനുള്ള സമയം സമാഗതമായി. വാഗ്‌ദത്ത ‘സന്തതിയിലെ’ പ്രമുഖന്റെ രംഗപ്രവേശം അടുത്തെത്തിക്കഴിഞ്ഞിരുന്നു. (ഗലാത്യർ 4:4; 1 തിമൊഥെയൊസ്‌ 3:16) സാത്താൻ ആ ‘സന്തതിയുടെ’ കുതികാൽ തകർക്കുമായിരുന്നു. സാത്താനെയും അവന്റെ പരിവാരങ്ങളെയും നിർമാർജനം ചെയ്‌തുകൊണ്ട്‌ “സന്തതി” അവന്റെ തല തകർക്കുകയും ചെയ്യും. കൂടാതെ, ദൈവരാജ്യം സാത്താന്റെ സകല ദ്രോഹപ്രവൃത്തികളെയും അഴിക്കുമെന്നും യഹോവയുടെ പരമാധികാരം സംസ്ഥാപിക്കുമെന്നും അവൻ മാലോകരെ അറിയിക്കുമായിരുന്നു. (എബ്രായർ 2:14; 1 യോഹന്നാൻ 3:8) യേശു അത്‌ എങ്ങനെ ചെയ്യുമായിരുന്നു? നമുക്കായി അവൻ എന്തു മാതൃക വെച്ചിരിക്കുന്നു? അടുത്ത ലേഖനം അതിനുള്ള ഉത്തരം നൽകുന്നു.

[അടിക്കുറിപ്പ്‌]

^ ഖ. 14 ഇസ്രായേലിൽ ഭരണം നടത്താൻ ദൈവം ഏറ്റവുമാദ്യം തിരഞ്ഞെടുത്തത്‌ ബെന്യാമീൻഗോത്രക്കാരനായ ശൗലിനെയായിരുന്നു.—1 ശമൂവേൽ 9:15, 10:1.

നിങ്ങൾക്കു വിശദീകരിക്കാമോ?

• അഖിലാണ്ഡത്തിന്റെ പരമാധികാരം യഹോവയാം ദൈവത്തിന്‌ അവകാശപ്പെട്ടതായിരിക്കുന്നത്‌ എന്തുകൊണ്ട്‌?

• ദൈവരാജ്യക്രമീകരണം ഏർപ്പെടുത്താൻ യഹോവ തീരുമാനിച്ചത്‌ എന്തുകൊണ്ട്‌?

• എങ്ങനെയാണ്‌ യഹോവ ദിവ്യ ‘മർമം’ ക്രമാനുഗതമായി വെളിപ്പെടുത്തിയത്‌?

• ദാവീദിക രാജ്യം നശിപ്പിക്കപ്പെട്ടപ്പോഴും കാര്യങ്ങൾ യഹോവയുടെ പൂർണനിയന്ത്രണത്തിലായിരുന്നെന്ന്‌ നമുക്കെങ്ങനെ അറിയാം?

[അധ്യയന ചോദ്യങ്ങൾ]

[23-ാം പേജിലെ ചിത്രം]

അബ്രാഹാമിലൂടെ യഹോവ എന്തു മുൻകൂട്ടിപ്പറഞ്ഞു?

[25-ാം പേജിലെ ചിത്രം]

ദാവീദിക രാജ്യത്തിന്റെ മറിച്ചിടൽ യഹോവയുടെ പരമാധീശത്വത്തിന്റെ ഏതെങ്കിലും അപാകതയ്‌ക്കു തെളിവായിരുന്നോ?