ജ്ഞാനപൂർവകമായ തീരുമാനങ്ങൾ എങ്ങനെ എടുക്കാനാകും?
ജ്ഞാനപൂർവകമായ തീരുമാനങ്ങൾ എങ്ങനെ എടുക്കാനാകും?
‘ജ്ഞാനി കേട്ടിട്ടു വിദ്യാഭിവൃദ്ധി പ്രാപിക്കും’ എന്ന് പുരാതന ഇസ്രായേലിലെ രാജാവായിരുന്ന ശലോമോൻ പറഞ്ഞു. മറ്റുള്ളവരുടെ ബുദ്ധിയുപദേശം കേൾക്കാൻ കൂട്ടാക്കാഞ്ഞതു നിമിത്തം നമ്മിൽ മിക്കവരും ചിലപ്പോഴൊക്കെ ജ്ഞാനപൂർവകമല്ലാത്ത തീരുമാനങ്ങൾ കൈക്കൊണ്ടിട്ടുണ്ട്.—സദൃശവാക്യങ്ങൾ 1:5.
പിന്നീട് ശലോമോന്റെ ആ വാക്കുകൾ, അവൻ ചമച്ച “മൂവായിരം സദൃശവാക്യ”ങ്ങളിൽ ഒന്നായി ബൈബിളിൽ രേഖപ്പെടുത്തപ്പെട്ടു. (1 രാജാക്കന്മാർ 4:32) അവന്റെ ജ്ഞാനമൊഴികൾ മനസ്സിലാക്കി അനുസരിക്കുന്നതിൽനിന്ന് നമുക്കു പ്രയോജനം നേടാൻ കഴിയുമോ? ഉവ്വ്. “ജ്ഞാനവും പ്രബോധനവും പ്രാപിപ്പാനും വിവേകവചനങ്ങളെ ഗ്രഹിപ്പാനും പരിജ്ഞാനം, നീതി, ന്യായം, നേർ എന്നിവെക്കായി പ്രബോധനം ലഭിപ്പാനും” അവ നമ്മെ സഹായിക്കുന്നു. (സദൃശവാക്യങ്ങൾ 1:2, 3) ജ്ഞാനപൂർവകമായ തീരുമാനങ്ങൾ എടുക്കാൻ നമ്മെ സഹായിക്കുന്ന അഞ്ച് ബൈബിളധിഷ്ഠിത മാർഗനിർദേശങ്ങൾ നമുക്കു ചർച്ച ചെയ്യാം.
ദീർഘകാല ഫലങ്ങൾ പരിചിന്തിക്കുക
ചില തീരുമാനങ്ങൾക്ക് ഗണ്യമായ അനന്തരഫലങ്ങൾ ഉണ്ടായിരിക്കും. അതുകൊണ്ട്, പരിണതഫലങ്ങൾ മുൻകൂട്ടി കാണാൻ ശ്രമിക്കുക. അനഭിലഷണീയമായ ദീർഘകാല ഭവിഷ്യത്തുകൾ കാണുന്നതിൽനിന്ന്, താത്കാലിക പ്രയോജനങ്ങൾ നിങ്ങളെ തടയാതിരിക്കാൻ ജാഗ്രത പുലർത്തുക. “വിവേകമുള്ളവൻ അനർത്ഥം കണ്ടു ഒളിച്ചുകൊള്ളുന്നു; അല്പബുദ്ധികളോ നേരെ ചെന്നു ചേതപ്പെടുന്നു” എന്ന് സദൃശവാക്യങ്ങൾ 22:3 മുന്നറിയിപ്പു തരുന്നു.
താത്കാലിക-ദീർഘകാല പരിണതഫലങ്ങൾ എന്തൊക്കെയായിരിക്കും എന്ന് ഒരു പട്ടിക എഴുതിയുണ്ടാക്കുന്നത് സഹായകം ആയിരുന്നേക്കാം. ഒരു പ്രത്യേക തൊഴിൽ തിരഞ്ഞെടുക്കുന്നതിന്റെ താത്കാലിക പ്രയോജനങ്ങൾ ഉയർന്ന വേതനവും ആസ്വാദ്യമായ ജോലിയും ആയിരിക്കാം. എന്നാൽ അതിന്റെ ദീർഘകാല ഭവിഷ്യത്തുകളിൽ, അഭിവൃദ്ധിക്കു വകയില്ലാത്ത ഒരു ജോലിയിൽ ശിഷ്ടകാലം ചെലവഴിക്കുന്നത് ഉൾപ്പെടുമോ? ഒരുപക്ഷേ, സ്ഥലംമാറ്റം നിമിത്തം കുടുംബത്തെയും കൂട്ടുകാരെയും ഉപേക്ഷിച്ച് ദൂരെ ഒരിടത്തേക്കു പോകേണ്ടി വരുമോ? അതു നിങ്ങളെ ഹാനികരമായ ചുറ്റുപാടുകളിൽ കൊണ്ടെത്തിക്കുമോ, അല്ലെങ്കിൽ നിങ്ങൾക്ക് അങ്ങേയറ്റം നിരുത്സാഹം തോന്നുംവിധം അത് അത്രയധികം വിരസമായിരിക്കുമോ? വരുംവരായ്കകൾ തൂക്കിനോക്കിയിട്ട് ഏതു ഘടകങ്ങൾക്കാണ് കൂടുതൽ പ്രാധാന്യം നൽകേണ്ടത് എന്നു തീരുമാനിക്കുക.
ആവശ്യത്തിനു സമയം എടുക്കുക
തിരക്കുകൂട്ടി എടുക്കുന്ന തീരുമാനങ്ങൾ പലപ്പോഴും ബുദ്ധിശൂന്യമാണെന്നു തെളിയുന്നു. സദൃശവാക്യങ്ങൾ 21:5 ഇങ്ങനെ മുന്നറിയിപ്പു നൽകുന്നു: “ഉത്സാഹിയുടെ വിചാരങ്ങൾ സമൃദ്ധിഹേതുകങ്ങൾ ആകുന്നു; ബദ്ധപ്പാടുകാരൊക്കെയും [“തിടുക്കം കൂട്ടുന്നവർ,” പി.ഒ.സി. ബൈബിൾ] ബുദ്ധിമുട്ടിലേക്കത്രേ ബദ്ധപ്പെടുന്നത്.” ദൃഷ്ടാന്തത്തിന്, കൗമാരപ്രായത്തിൽ പ്രേമബദ്ധരാകുന്നവർ ഒരു വിവാഹബന്ധം ഉറപ്പിക്കാനുള്ള തീരുമാനത്തിലേക്ക് പെട്ടെന്ന് എടുത്തുചാടരുത്. അല്ലാത്തപക്ഷം, 18-ാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ജീവിച്ചിരുന്ന ആംഗലേയ നാടകകൃത്തായ വില്യം കോൺഗ്രിവിന്റെ പിൻവരുന്ന വാക്കുകളുടെ സത്യത അവർക്ക് അനുഭവിക്കേണ്ടി വന്നേക്കാം: “ധൃതികൂട്ടി വിവാഹത്തിലേക്ക് എടുത്തുചാടിയാൽ, നാം പിന്നീടിരുന്ന് പരിതപിക്കേണ്ടി വന്നേക്കാം.”
എന്നിരുന്നാലും, ആവശ്യത്തിനു സമയം എടുക്കുക എന്നു പറയുമ്പോൾ കാര്യങ്ങൾ പിന്നത്തേക്കായി നീട്ടിവെക്കുക എന്നല്ല അതിനർഥം. ചില തീരുമാനങ്ങൾ വളരെ
നിർണായകമായിരിക്കുന്നതിനാൽ കഴിയുന്നതും വേഗത്തിൽ ഒരു തീരുമാനം കൈക്കൊള്ളുന്നത് ബുദ്ധിയായിരിക്കും. അനാവശ്യമായി വെച്ചുതാമസിപ്പിക്കുന്നതു നിമിത്തം നമുക്കുതന്നെയോ മറ്റുള്ളവർക്കോ വലിയ വില ഒടുക്കേണ്ടി വന്നേക്കാം. ഒരു തീരുമാനം നീട്ടിവെക്കുന്നത്, അതിൽത്തന്നെ—സാധ്യതയനുസരിച്ച് ബുദ്ധിശൂന്യമായ—ഒരു തീരുമാനം ആയിരുന്നേക്കാം.ബുദ്ധിയുപദേശം സ്വീകരിക്കാൻ ഒരുക്കമുണ്ടായിരിക്കുക
രണ്ടു സാഹചര്യങ്ങൾ ഒരിക്കലും പൂർണമായി ഒരുപോലെ ആയിരിക്കാത്തതിനാൽ, സമാനമായ പ്രശ്നങ്ങളെ അഭിമുഖീകരിക്കുമ്പോൾ രണ്ടു വ്യക്തികൾ ഒരുപോലുള്ള തീരുമാനങ്ങൾ എല്ലായ്പോഴും എടുക്കണമെന്നില്ല. എങ്കിലും, നമ്മുടേതിനോടു സമാനമായ സാഹചര്യങ്ങളിൽ മറ്റുള്ളവർ എടുത്തിട്ടുള്ള തീരുമാനങ്ങളെ കുറിച്ചു കേൾക്കുന്നത് സഹായകമായിരിക്കും. തങ്ങളെടുത്ത തീരുമാനത്തെ അവർ ഇപ്പോൾ എങ്ങനെ വിലയിരുത്തുന്നു എന്ന് അവരോടു ചോദിക്കുക. ഉദാഹരണത്തിന്, ഒരു തൊഴിൽ തിരഞ്ഞെടുക്കുമ്പോൾ, ആ തൊഴിലിൽ ഏർപ്പെട്ടിരിക്കുന്നവരോട് അതിന്റെ നേട്ടങ്ങളെയും കോട്ടങ്ങളെയുംപറ്റി ചോദിച്ചറിയുക. ആ തൊഴിൽ തിരഞ്ഞെടുത്തതുകൊണ്ട് അവർക്ക് എന്തെല്ലാം പ്രയോജനങ്ങളുണ്ടായി? എന്തെല്ലാമാണ് അതിന്റെ പോരായ്മകൾ അല്ലെങ്കിൽ സാധ്യതയുള്ള അപകടങ്ങൾ?
‘ആലോചന ഇല്ലാഞ്ഞാൽ ഉദ്ദേശ്യങ്ങൾ സാധിക്കാതെപോകുന്നു’ എന്ന് നമുക്കു മുന്നറിയിപ്പു നൽകപ്പെട്ടിരിക്കുന്നു. എന്നാൽ “ആലോചനക്കാരുടെ ബഹുത്വത്താലോ അവ സാധിക്കുന്നു.” (സദൃശവാക്യങ്ങൾ 15:22) ബുദ്ധിയുപദേശം ആരായുമ്പോഴും മറ്റുള്ളവരുടെ അനുഭവത്തിൽനിന്നു പഠിക്കുമ്പോഴും, അന്തിമ തീരുമാനം എടുക്കേണ്ടത് നാം തന്നെയാണെന്നും അതിന്റെ മുഴു ഉത്തരവാദിത്വവും നമ്മുടെ മേലായിരിക്കുമെന്നും പൂർണമായി തിരിച്ചറിഞ്ഞുകൊണ്ടുവേണം അങ്ങനെ ചെയ്യാൻ.—ഗലാത്യർ 6:4, 5.
നന്നായി പരിശീലിപ്പിക്കപ്പെട്ട ഒരു മനഃസാക്ഷിക്ക് ചെവികൊടുക്കുക
ജീവിതത്തിൽ പിൻപറ്റാൻ നാം നിശ്ചയിക്കുന്ന അടിസ്ഥാന തത്ത്വങ്ങൾക്കു ചേർച്ചയിൽ തീരുമാനങ്ങൾ എടുക്കാൻ മനഃസാക്ഷിക്കു നമ്മെ സഹായിക്കാൻ കഴിയും. ഒരു ക്രിസ്ത്യാനിയെ സംബന്ധിച്ചിടത്തോളം ദൈവത്തിന്റെ ചിന്തകളെ പ്രതിഫലിപ്പിക്കുംവിധം മനഃസാക്ഷിയെ പരിശീലിപ്പിക്കുക എന്നാണ് അതിനർഥം. (റോമർ 2:14, 15) ദൈവവചനം നമ്മോട് ഇങ്ങനെ പറയുന്നു: “നിന്റെ എല്ലാവഴികളിലും അവനെ നിനെച്ചുകൊൾക; അവൻ നിന്റെ പാതകളെ നേരെയാക്കും.” (സദൃശവാക്യങ്ങൾ 3:6) തീർച്ചയായും, നന്നായി പരിശീലിപ്പിക്കപ്പെട്ട മനഃസാക്ഷിയുള്ള രണ്ടുപേർ, ചില മണ്ഡലങ്ങളിൽ വിഭിന്നമായ നിഗമനങ്ങളിൽ എത്തിച്ചേരുകയും തന്മൂലം വ്യത്യസ്തമായ തീരുമാനങ്ങൾ കൈക്കൊള്ളുകയും ചെയ്തേക്കാം.
എന്നിരുന്നാലും, ദൈവവചനം നേരിട്ടു കുറ്റംവിധിക്കുന്ന കാര്യങ്ങൾ ഉൾപ്പെടുമ്പോൾ, നന്നായി പരിശീലിപ്പിക്കപ്പെട്ട മനഃസാക്ഷിയുള്ള രണ്ടുപേർക്ക് വ്യത്യസ്ത തീരുമാനങ്ങൾ എടുക്കാനാവില്ല. ഉദാഹരണത്തിന്, ബൈബിൾ തത്ത്വങ്ങളാൽ പരിശീലിപ്പിക്കപ്പെടാത്ത മനഃസാക്ഷി, വിവാഹത്തിനു മുമ്പ് ഒരു സ്ത്രീയെയും പുരുഷനെയും തങ്ങളുടെ പൊരുത്തം നിർണയിക്കുന്നതിനായി ഒരുമിച്ചു താമസിക്കാൻ അനുവദിച്ചേക്കാം. ബുദ്ധിശൂന്യമായ ഒരു വിവാഹത്തിലേക്ക് എടുത്തുചാടുന്നത് ഒഴിവാക്കാൻ അത് അവരെ സഹായിക്കുമെന്നു ന്യായവാദം ചെയ്തുകൊണ്ട് തങ്ങൾ ജ്ഞാനപൂർവകമായ ഒരു തീരുമാനമാണ് എടുത്തിരിക്കുന്നത് എന്ന് അവർ ചിന്തിച്ചേക്കാം. അവരുടെ മനഃസാക്ഷി അവരെ കുറ്റപ്പെടുത്താതിരുന്നേക്കാം. എന്നാൽ വിവാഹവും ലൈംഗികതയും സംബന്ധിച്ച് ദൈവിക വീക്ഷണം പുലർത്തുന്ന ഏതൊരാളും അത്തരം താത്കാലികവും അധാർമികവുമായ ഏർപ്പാടുകൾ ഒഴിവാക്കാൻ തീരുമാനിക്കും.—1 കൊരിന്ത്യർ 6:18; 7:1, 2; എബ്രായർ 13:4.
നിങ്ങളുടെ തീരുമാനങ്ങൾ മറ്റുള്ളവരെ എങ്ങനെ ബാധിക്കും?
മിക്കപ്പോഴും, നിങ്ങളുടെ തീരുമാനങ്ങൾ മറ്റുള്ളവരെ ബാധിച്ചേക്കാം. അതുകൊണ്ട് സുഹൃത്തുക്കളോടും ബന്ധുക്കളോടും, സർവോപരി ദൈവത്തോടുമുള്ള നിങ്ങളുടെ വിലപ്പെട്ട ബന്ധങ്ങളെ അപകടത്തിലാക്കിയേക്കാവുന്ന ചിന്താശൂന്യമായ—ഭോഷത്തം പോലുമായ—തീരുമാനങ്ങൾ ഒരിക്കലും അറിഞ്ഞുകൊണ്ട് എടുക്കരുത്. സദൃശവാക്യങ്ങൾ 10:1 ഇപ്രകാരം പറയുന്നു: “ജ്ഞാനമുള്ള മകൻ അപ്പനെ സന്തോഷിപ്പിക്കുന്നു; ഭോഷനായ മകൻ അമ്മെക്കു വ്യസനഹേതുവാകുന്നു.”
അതേസമയം, സുഹൃദ്ബന്ധങ്ങളിൽ ഏതു വേണമെന്ന് തീരുമാനിക്കുന്നത് ചിലപ്പോൾ ആവശ്യമായി വന്നേക്കാം എന്ന് തിരിച്ചറിയുക. ദൃഷ്ടാന്തത്തിന്, തിരുവെഴുത്തുവിരുദ്ധം എന്ന് നിങ്ങൾക്ക് ഇപ്പോൾ അറിയാവുന്ന മതപരമായ മുൻകാല വീക്ഷണങ്ങൾ തള്ളിക്കളയാൻ നിങ്ങൾ തീരുമാനിച്ചേക്കാം. അല്ലെങ്കിൽ, നിങ്ങൾ ഇപ്പോൾ സ്വീകരിച്ചിരിക്കുന്ന ദൈവിക
മാർഗനിർദേശങ്ങൾക്ക് അനുരൂപമായി ജീവിതം പുനഃക്രമീകരിക്കാനുള്ള നിങ്ങളുടെ ആഗ്രഹം നിമിത്തം വ്യക്തിത്വത്തിൽ വൻ മാറ്റങ്ങൾ വരുത്താൻ നിങ്ങൾ തീരുമാനിച്ചേക്കാം. ചില സുഹൃത്തുക്കളോ ബന്ധുക്കളോ ഒക്കെ നിങ്ങളുടെ തീരുമാനത്തിൽ അസന്തുഷ്ടരായേക്കാം. എന്നാൽ, ദൈവത്തെ പ്രസാദിപ്പിക്കുന്ന ഏതൊരു തീരുമാനവും ജ്ഞാനപൂർവകമായ തീരുമാനമാണ്.ഏറ്റവും വലിയ തീരുമാനം ജ്ഞാനപൂർവം എടുക്കുക
ആളുകൾ പൊതുവിൽ അതിനെപ്പറ്റി അജ്ഞരാണെങ്കിലും, ഇന്ന് എല്ലാവരും ജീവൻ-മരണ പ്രാധാന്യമുള്ള ഒരു തീരുമാനത്തെ നേരിടുകയാണ്. പൊ.യു.മു. 1473-ൽ വാഗ്ദത്ത ദേശത്തിന്റെ അതിർത്തിയിൽ പാളയമടിച്ച ഇസ്രായേല്യരും സമാനമായ ഒരു സാഹചര്യത്തെ അഭിമുഖീകരിച്ചു. ദൈവത്തിന്റെ വക്താവായി വർത്തിച്ചുകൊണ്ട് മോശെ അവരോട് ഇങ്ങനെ പറഞ്ഞു: “ജീവനും മരണവും, അനുഗ്രഹവും ശാപവും നിങ്ങളുടെ മുമ്പിൽ വെച്ചിരിക്കുന്നു എന്നതിന്നു ഞാൻ ആകാശത്തെയും ഭൂമിയെയും ഇന്നു സാക്ഷി വെക്കുന്നു; അതുകൊണ്ടു നീയും നിന്റെ സന്തതിയും ജീവിച്ചിരിക്കേണ്ടതിന്നും യഹോവ നിന്റെ പിതാക്കന്മാരായ അബ്രാഹാമിന്നും യിസ്ഹാക്കിന്നും യാക്കോബിന്നും കൊടുക്കുമെന്നു സത്യംചെയ്ത ദേശത്തു നീ പാർപ്പാൻ തക്കവണ്ണം നിന്റെ ദൈവമായ യഹോവയെ സ്നേഹിക്കയും അവന്റെ വാക്കു കേട്ടനുസരിക്കയും അവനോടു ചേർന്നിരിക്കയും ചെയ്യേണ്ടതിന്നും ജീവനെ തിരഞ്ഞെടുത്തുകൊൾക; അതല്ലോ നിനക്കു ജീവനും ദീർഘായുസ്സും ആകുന്നു.”—ആവർത്തനപുസ്തകം 30:19, 20.
‘ഇടപെടാൻ പ്രയാസമായ ദുർഘടസമയങ്ങളിൽ’ ആണ് നാം ജീവിക്കുന്നതെന്നും ‘ഈ ലോകത്തിന്റെ രംഗം മാറിക്കൊണ്ടിരിക്കുകയാണ്’ എന്നും ബൈബിൾ പ്രവചനവും കാലഗണനയും പ്രകടമാക്കുന്നു. (2 തിമൊഥെയൊസ് 3:1, NW; 1 കൊരിന്ത്യർ 7:31, NW) മൂല്യച്യുതി ബാധിച്ച മാനുഷ വ്യവസ്ഥിതിയുടെ നാശത്തോടെ മുൻകൂട്ടി പറയപ്പെട്ട ഈ മാറ്റം അതിന്റെ പാരമ്യത്തിലെത്തും. തത്സ്ഥാനത്ത് ദൈവത്തിന്റെ നീതിയുള്ള പുതിയ ലോകം സ്ഥാപിക്കപ്പെടും.
നാം ആ പുതിയ ലോകത്തിന്റെ പടിവാതിൽക്കലാണ്. ദൈവരാജ്യത്തിൻ കീഴിൽ ഭൂമിയിലെ നിത്യജീവൻ ആസ്വദിക്കാൻ തക്കവണ്ണം നിങ്ങൾ അതിലേക്കു പ്രവേശിക്കുമോ? സാത്താന്റെ വ്യവസ്ഥിതിയെ തുടച്ചുമാറ്റുമ്പോൾ ഭൂമിയിൽനിന്ന് നിങ്ങൾ നിർമൂലനം ചെയ്യപ്പെടുമോ? (സങ്കീർത്തനം 37:9-11; സദൃശവാക്യങ്ങൾ 2:21, 22) ഇപ്പോൾ ഏതു ഗതി പിന്തുടരണം എന്നു തീരുമാനിക്കേണ്ടത് നിങ്ങളാണ്, അതേ ജീവൻ-മരണ പ്രാധാന്യമുള്ള ഒരു തീരുമാനംതന്നെ. ശരിയായ, ജ്ഞാനപൂർവകമായ തീരുമാനം എടുക്കുന്നതിൽ സഹായം സ്വീകരിക്കാൻ നിങ്ങൾ ഒരുക്കമാണോ?
ജീവൻ തിരഞ്ഞെടുക്കാൻ തീരുമാനിക്കുന്നതിൽ ആദ്യം ദൈവത്തിന്റെ നിബന്ധനകൾ മനസ്സിലാക്കുന്നത് ഉൾപ്പെടുന്നു. ഈ നിബന്ധനകൾ കൃത്യമായി ആളുകൾക്കു കൈമാറുന്നതിൽ ക്രൈസ്തവ സഭകൾ മിക്കവാറും പരാജയപ്പെട്ടിരിക്കുന്നു. ഭോഷ്കുകൾ വിശ്വസിക്കുന്നതിലേക്കും ദൈവത്തെ അപ്രീതിപ്പെടുത്തുന്ന കാര്യങ്ങൾ ചെയ്യുന്നതിലേക്കും അവരുടെ നേതാക്കന്മാർ ആളുകളെ വഴിതെറ്റിച്ചിരിക്കുന്നു. വ്യക്തിപരമായി, ദൈവത്തെ “ആത്മാവിലും സത്യത്തിലും” ആരാധിക്കാനുള്ള തീരുമാനം എടുക്കേണ്ടതിന്റെ ആവശ്യം വിശദീകരിക്കാൻ അവർ കൂട്ടാക്കിയിട്ടില്ല. (യോഹന്നാൻ 4:24) മിക്കവരും അപ്രകാരം ദൈവത്തെ ആരാധിക്കാത്തതിന്റെ കാരണം അതാണ്. എന്നാൽ യേശു പറഞ്ഞതു ശ്രദ്ധിക്കുക: “എനിക്കു അനുകൂലമല്ലാത്തവൻ എനിക്കു പ്രതികൂലം ആകുന്നു; എന്നോടുകൂടെ ചേർക്കാത്തവൻ ചിതറിക്കുന്നു.”—മത്തായി 12:30.
ദൈവവചനത്തിന്റെ മെച്ചപ്പെട്ട പരിജ്ഞാനം സമ്പാദിക്കാൻ യഹോവയുടെ സാക്ഷികൾ സന്തോഷപൂർവം ആളുകളെ സഹായിക്കുന്നു. അവർ വ്യക്തികൾക്കും കൂട്ടങ്ങൾക്കുമൊപ്പം ആളുകൾക്ക് സൗകര്യപ്രദമായ സ്ഥലത്തും സമയത്തും ക്രമമായ ബൈബിൾ ചർച്ചകൾ നടത്തുന്നു. ഈ ക്രമീകരണത്തിൽനിന്ന് പ്രയോജനം നേടാൻ ആഗ്രഹിക്കുന്നവർ പ്രദേശത്തുള്ള സാക്ഷികളെ സമീപിക്കുകയോ വീക്ഷാഗോപുരത്തിന്റെ പ്രസാധകർക്ക് എഴുതുകയോ ചെയ്യണം.
ദൈവം ആവശ്യപ്പെടുന്നത് എന്താണ് എന്നതു സംബന്ധിച്ച് ചിലർക്ക് ഇപ്പോൾത്തന്നെ അടിസ്ഥാന പരിജ്ഞാനം ഉണ്ടായിരിക്കാം. ബൈബിളിന്റെ സത്യതയും വിശ്വാസ്യതയും സംബന്ധിച്ച് അവർക്കു ബോധ്യം വന്നിട്ടുമുണ്ടായിരിക്കാം. എന്നിട്ടും, തങ്ങളെത്തന്നെ ദൈവത്തിനു സമർപ്പിക്കാനുള്ള തീരുമാനം എടുക്കാതെ അവരിൽ അനേകർ അത് പിന്നത്തേക്കായി മാറ്റിവെക്കുന്നു. എന്തുകൊണ്ട്? പല കാരണങ്ങൾ ഉണ്ടാകാം.
അങ്ങനെ ചെയ്യേണ്ടതിന്റെ പ്രാധാന്യം സംബന്ധിച്ച് അവർക്ക് അറിയില്ലാത്തതുകൊണ്ട് ആയിരിക്കുമോ? യേശു വ്യക്തമായി ഇങ്ങനെ പറഞ്ഞു: “എന്നോടു കർത്താവേ, കർത്താവേ, എന്നു പറയുന്നവൻ ഏവനുമല്ല, സ്വർഗ്ഗസ്ഥനായ എന്റെ പിതാവിന്റെ ഇഷ്ടം ചെയ്യുന്നവൻ അത്രേ സ്വർഗ്ഗരാജ്യത്തിൽ കടക്കുന്നത്.” (മത്തായി 7:21) ബൈബിൾ പരിജ്ഞാനം മാത്രം മതിയാകുന്നില്ല; പ്രവർത്തനം ആവശ്യമാണ്. ആദിമ ക്രിസ്തീയ സഭ ഇക്കാര്യത്തിൽ മാതൃക വെച്ചു. ഒന്നാം നൂറ്റാണ്ടിലെ ചിലരെ കുറിച്ച് നാം ഇങ്ങനെ വായിക്കുന്നു: “ദൈവരാജ്യത്തെയും യേശുക്രിസ്തുവിന്റെ നാമത്തെയും കുറിച്ചുള്ള സുവിശേഷം അറിയിക്കുന്ന ഫിലിപ്പൊസിനെ അവർ വിശ്വസിച്ചപ്പോൾ പുരുഷന്മാരും സ്ത്രീകളും സ്നാനം ഏററു.” (പ്രവൃത്തികൾ 2:41; 8:12) അതുകൊണ്ട്, ഒരു വ്യക്തി ദൈവവചനം ഹൃദയാ സ്വീകരിച്ചിരിക്കുന്നെങ്കിൽ, അതു പറയുന്നത് അയാൾ വിശ്വസിക്കുന്നെങ്കിൽ, ദൈവത്തിന്റെ നിലവാരങ്ങൾക്കു ചേർച്ചയിൽ തന്റെ ജീവിതത്തെ ക്രമപ്പെടുത്തിയിരിക്കുന്നെങ്കിൽ തന്റെ സമർപ്പണത്തിന്റെ പ്രതീകമെന്ന നിലയിൽ സ്നാപനം ഏൽക്കുന്നതിൽനിന്ന് എന്താണ് അയാളെ തടയുന്നത്? (പ്രവൃത്തികൾ 8:34-38) ദൈവത്തിനു സ്വീകാര്യൻ ആയിരിക്കുന്നതിന്, തീർച്ചയായും മനസ്സോടെയും സന്തുഷ്ട ഹൃദയത്തോടെയും അയാൾ ഈ പടി സ്വീകരിക്കേണ്ടതാണ്.—2 കൊരിന്ത്യർ 9:7.
ജീവിതം ദൈവത്തിനു സമർപ്പിക്കാൻ വേണ്ടത്ര പരിജ്ഞാനം തങ്ങൾക്കില്ല എന്ന് ചിലർ വിചാരിച്ചേക്കാം. എന്നാൽ ജീവിതത്തിൽ ഒരു പുതിയ കാര്യത്തിന് ഇറങ്ങിത്തിരിക്കുമ്പോൾ എല്ലാവർക്കും പരിമിതമായ പരിജ്ഞാനമേ കാണുകയുള്ളൂ. ഇന്ന് അറിയാവുന്നതെല്ലാം തൊഴിലിൽ പ്രവേശിച്ചപ്പോൾത്തന്നെ തനിക്ക് അറിയാമായിരുന്നു എന്ന് ഏതെങ്കിലും തൊഴിലാളിക്കു പറയാൻ കഴിയുമോ? ദൈവത്തെ സേവിക്കാനുള്ള തീരുമാനം എടുക്കാൻ, അടിസ്ഥാന ബൈബിൾ പഠിപ്പിക്കലുകളും തത്ത്വങ്ങളും സംബന്ധിച്ചുള്ള പരിജ്ഞാനവും, ഒപ്പം അതനുസരിച്ചു ജീവിക്കാനുള്ള ആത്മാർഥമായ ആഗ്രഹവും മതിയാകും.
എടുക്കുന്ന തീരുമാനത്തിനു ചേർച്ചയിൽ ജീവിക്കാൻ പരാജയപ്പെട്ടാലോ എന്ന ഭയംനിമിത്തം ചിലർ സ്നാപനം വെച്ചുതാമസിപ്പിക്കുന്നുണ്ടോ? മനുഷ്യന്റെ പല പ്രതിബദ്ധതകളിലും പരാജയത്തെ കുറിച്ചുള്ള ന്യായമായ ചിന്ത ഉൾപ്പെടുന്നു. വിവാഹം കഴിച്ച് ഒരു കുടുംബം പുലർത്താൻ തീരുമാനിക്കുന്ന ഒരു വ്യക്തി താൻ അതിന് അപര്യാപ്തനാണെന്നു ചിന്തിച്ചേക്കാം. എന്നാൽ തന്നെത്തന്നെ പ്രതിബദ്ധതയിൻ കീഴിലാക്കുന്നത് കഴിവിന്റെ പരമാവധി ചെയ്യാനുള്ള ഒരു പ്രേരകം ആയി വർത്തിക്കുന്നു. സമാനമായി, പുതുതായി ഡ്രൈവിങ് ലൈസൻസ് ലഭിച്ച ഒരു യുവവ്യക്തി അപകടം ഉണ്ടാകുന്നതിനെ കുറിച്ച് ഓർത്ത് ഭയപ്പെട്ടേക്കാം, യുവപ്രായക്കാരായ ഡ്രൈവർമാർക്കാണ് പ്രായമുള്ളവരെക്കാൾ അപകടസാധ്യത എന്നു പ്രകടമാക്കുന്ന സ്ഥിതിവിവര കണക്ക് അയാൾക്ക് അറിയാമെങ്കിൽ വിശേഷിച്ചും. എന്നിരുന്നാലും ഈ അറിവ്, കൂടുതൽ ജാഗ്രതയോടെ വാഹനമോടിക്കാൻ അയാളെ പ്രചോദിപ്പിച്ചേക്കാം എന്നതിനാൽ അതിനു പ്രയോജനകരം ആയിരിക്കാൻ കഴിയും. ലൈസൻസ് എടുക്കാതിരിക്കുന്നത് ഒരിക്കലും പരിഹാരമാകുന്നില്ല!
ജീവൻ തിരഞ്ഞെടുക്കാൻ തീരുമാനിക്കുക!
ഇന്നത്തെ രാഷ്ട്രീയ-സാമ്പത്തിക-മത വ്യവസ്ഥിതിയും അതിനെ പിന്തുണയ്ക്കുന്നവരും പെട്ടെന്നുതന്നെ ഈ ഭൂമുഖത്തുനിന്നു നീങ്ങിപ്പോകും എന്ന് ബൈബിൾ കാണിക്കുന്നു. ജീവൻ തിരഞ്ഞെടുക്കാൻ ബുദ്ധിപൂർവം തീരുമാനിച്ചിരിക്കുന്ന, അതിനു ചേർച്ചയിൽ പ്രവർത്തിക്കുന്ന വ്യക്തികൾ നിലനിൽക്കും. ദൈവത്തിന്റെ ആദിമ ഉദ്ദേശ്യത്തിനു ചേർച്ചയിൽ, ഭൂമിയെ ഒരു പറുദീസയാക്കുന്ന വേലയിൽ പുതിയലോക സമുദായത്തിന്റെ കേന്ദ്രബിന്ദു എന്ന നിലയിൽ അവർ പങ്കുപറ്റും. ദൈവത്തിന്റെ മാർഗനിർദേശത്തിനു കീഴിൽ, സന്തോഷകരമായ ഈ വേലയിൽ പങ്കുപറ്റുന്നത് നിങ്ങൾ ആസ്വദിക്കുമോ?
അങ്ങനെയെങ്കിൽ, ദൈവവചനം പഠിക്കാൻ തീരുമാനിക്കുക. ദൈവത്തെ പ്രസാദിപ്പിക്കുന്നതിനുള്ള അവന്റെ നിബന്ധനകൾ മനസ്സിലാക്കാൻ തീരുമാനിക്കുക. അവയിൽ എത്തിച്ചേരാൻ തീരുമാനിക്കുക. എല്ലാറ്റിനുമുപരി, അവസാനംവരെ നിങ്ങളുടെ തീരുമാനത്തോടു പറ്റിനിൽക്കാൻ തീരുമാനിക്കുക. ചുരുക്കിപ്പറഞ്ഞാൽ, ജീവൻ തിരഞ്ഞെടുക്കാൻ തീരുമാനിക്കുക!
[4 -ാം പേജിലെ ചിത്രങ്ങൾ]
ഗൗരവമേറിയ തീരുമാനങ്ങൾക്ക് ആവശ്യത്തിനു സമയമെടുക്കുക
[5 -ാം പേജിലെ ചിത്രങ്ങൾ]
ജീവിതവൃത്തി തിരഞ്ഞെടുക്കുന്നതിൽ ബുദ്ധിയുപദേശത്തിനു ചെവിചായ്ക്കുക
[7 -ാം പേജിലെ ചിത്രങ്ങൾ]
ഇപ്പോൾ ദൈവത്തെ സേവിക്കാൻ തീരുമാനിക്കുന്നവർ ഭൂമിയെ ഒരു പറുദീസയാക്കി മാറ്റുന്ന വേലയിൽ പങ്കെടുക്കും