വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

തോളോടു തോൾ ചേർന്നു സേവിക്കുന്നതിൽ തുടരുക

തോളോടു തോൾ ചേർന്നു സേവിക്കുന്നതിൽ തുടരുക

തോളോടു തോൾ ചേർന്നു സേവിക്കുന്നതിൽ തുടരുക

“സകല ജനതകളും യഹോവയുടെ നാമം വിളിച്ചപേക്ഷിക്കേണ്ടതിന്‌, അവനെ തോളോടു തോൾ ചേർന്നു സേവിക്കേണ്ടതിന്‌, ഞാൻ അവർക്ക്‌ ഒരു നിർമല ഭാഷയിലേക്കുള്ള മാറ്റം നൽകും.” —സെഫന്യാവു 3:9, NW.

1. സെഫന്യാവു 3:⁠9-ന്റെ നിവൃത്തിയെന്ന നിലയിൽ എന്തു സംഭവിച്ചുകൊണ്ടിരിക്കുന്നു?

ഭൂമിയിലൊട്ടാകെ ഇപ്പോൾ 6,000-ത്തോളം ഭാഷകൾ സംസാരിക്കപ്പെടുന്നുണ്ട്‌. ഇവയ്‌ക്കു പുറമേ, വിവിധ ഭാഷാഭേദങ്ങൾ അഥവാ പ്രാദേശിക ഭാഷാരൂപങ്ങളും ഉണ്ട്‌. ആളുകൾ അറബിയും സുളുവും പോലെ വളരെ വിഭിന്നങ്ങളായ ഭാഷകൾ സംസാരിക്കുന്ന ഈ ലോകത്ത്‌ ദൈവം യഥാർഥത്തിൽ ശ്രദ്ധേയമായ ഒരു കാര്യം ചെയ്‌തിരിക്കുന്നു. എല്ലായിടത്തുമുള്ള ആളുകൾക്ക്‌, നിലവിലുള്ള ഒരേയൊരു നിർമല ഭാഷ പഠിക്കാനും സംസാരിക്കാനും ഉള്ള ക്രമീകരണം അവൻ ചെയ്‌തിരിക്കുന്നു. പ്രവാചകനായ സെഫന്യാവ്‌ മുഖാന്തരം നൽകപ്പെട്ട ഒരു വാഗ്‌ദാനത്തിന്റെ നിവൃത്തിയാണ്‌ ഇത്‌: “സകല ജനതകളും യഹോവയുടെ നാമം വിളിച്ചപേക്ഷിക്കേണ്ടതിന്‌, അവനെ തോളോടു തോൾ ചേർന്നു സേവിക്കേണ്ടതിന്‌, ഞാൻ [യഹോവയാം ദൈവം] അവർക്ക്‌ ഒരു നിർമല ഭാഷയിലേക്കുള്ള [അക്ഷരാർഥത്തിൽ “ശുദ്ധമായ അധര”ത്തിലേക്കുള്ള] മാറ്റം നൽകും.”​—⁠സെഫന്യാവു 3:⁠9, NW.

2. “നിർമല ഭാഷ” എന്താണ്‌, അത്‌ എന്ത്‌ സാധ്യമാക്കിയിരിക്കുന്നു?

2 ദൈവവചനമായ ബൈബിളിൽ കാണപ്പെടുന്ന സത്യമാണ്‌ “നിർമല ഭാഷ”. വിശേഷിച്ചും അത്‌, യഹോവയുടെ നാമത്തെ വിശുദ്ധീകരിക്കുകയും അവന്റെ പരമാധികാരത്തിന്റെ ഔചിത്യം സംസ്ഥാപിക്കുകയും മനുഷ്യവർഗത്തിന്‌ അനുഗ്രഹങ്ങൾ കൈവരുത്തുകയും ചെയ്യുന്ന ദൈവരാജ്യത്തെ കുറിച്ചുള്ള സത്യമാണ്‌. (മത്തായി 6:9, 10) ഭൂമിയിലെ ആത്മീയമായി ശുദ്ധിയുള്ള ഏക ഭാഷയെന്ന നിലയിൽ, എല്ലാ രാഷ്‌ട്രങ്ങളിലും വംശങ്ങളിലും നിന്നുള്ള ആളുകൾ ഈ നിർമല ഭാഷ സംസാരിക്കുന്നു. “തോളോടു തോൾ ചേർന്നു” യഹോവയെ സേവിക്കാൻ അത്‌ അവരെ പ്രാപ്‌തരാക്കുന്നു. അങ്ങനെ അവർ ഐക്യത്തിൽ അഥവാ “ഏകമനസ്സോടെ” അവനെ സേവിക്കുന്നു.​—⁠ദ ന്യൂ ഇംഗ്ലീഷ്‌ ബൈബിൾ.

പക്ഷപാതത്തിനു സ്ഥാനമില്ല

3. നമുക്ക്‌ യഹോവയെ ഐക്യത്തിൽ സേവിക്കാൻ സാധിക്കുന്നത്‌ എന്തുകൊണ്ട്‌?

3 വ്യത്യസ്‌ത ഭാഷകൾ സംസാരിക്കുന്നവരെങ്കിലും നമുക്കിടയിൽ നിലനിൽക്കുന്ന സഹകരണത്തിനായി ക്രിസ്‌ത്യാനികളായ നാം കൃതജ്ഞതയുള്ളവരാണ്‌. നാം രാജ്യസുവാർത്ത പ്രസംഗിക്കുന്നത്‌ പല ഭാഷകളിലാണെങ്കിലും ഐക്യത്തിലാണ്‌ നാം ദൈവത്തെ സേവിക്കുന്നത്‌. (സങ്കീർത്തനം 133:​1, NW) ഭൂമിയുടെ ഏതു ഭാഗത്തു ജീവിക്കുന്നവരായാലും നാം യഹോവയുടെ മഹത്ത്വത്തിനായി ഏക നിർമല ഭാഷ സംസാരിക്കുന്നതുകൊണ്ടാണ്‌ നമുക്ക്‌ അതിനു സാധിക്കുന്നത്‌.

4. ദൈവജനത്തിനിടയിൽ പക്ഷപാതത്തിനു സ്ഥാനമില്ലാത്തത്‌ എന്തുകൊണ്ട്‌?

4 ദൈവജനത്തിനിടയിൽ യാതൊരുവിധ പക്ഷപാതവും ഉണ്ടായിരിക്കാൻ പാടില്ല. പൊ.യു. 36-ൽ ഒരു വിജാതീയ സൈനിക ഉദ്യോഗസ്ഥനായ കൊർന്നേല്യൊസിന്റെ ഭവനത്തിൽ പ്രസംഗിക്കവേ പത്രൊസ്‌ അപ്പൊസ്‌തലൻ അതു വ്യക്തമാക്കുകയുണ്ടായി. അവൻ ഇങ്ങനെ പറയാൻ പ്രേരിതനായി: “ദൈവത്തിന്നു മുഖപക്ഷമില്ല എന്നും ഏതു ജാതിയിലും അവനെ ഭയപ്പെട്ടു നീതി പ്രവർത്തിക്കുന്നവനെ അവൻ അംഗീകരിക്കുന്നു എന്നും ഞാൻ ഇപ്പോൾ യഥാർത്ഥമായി ഗ്രഹിക്കുന്നു.” (പ്രവൃത്തികൾ 10:34, 35) അതുകൊണ്ടുതന്നെ, ക്രിസ്‌തീയ സഭയിൽ പക്ഷപാതത്തിനോ ചേരിതിരിയലിനോ സ്ഥാനമില്ല.

5. സഭയിൽ ചേരിതിരിയലിനെ പ്രോത്സാഹിപ്പിക്കുന്നത്‌ തെറ്റായിരിക്കുന്നത്‌ എന്തുകൊണ്ട്‌?

5 രാജ്യഹാളിലെ തന്റെ സന്ദർശനത്തെ കുറിച്ച്‌ ഒരു കോളെജ്‌ വിദ്യാർഥിനി പറഞ്ഞു: “സാധാരണഗതിയിൽ, വ്യത്യസ്‌ത വർഗത്തിലോ വംശത്തിലോ പെട്ടവർ വെവ്വേറെ പള്ളികളിലായിരിക്കും പോകുന്നത്‌. യഹോവയുടെ സാക്ഷികൾ പക്ഷേ അത്തരം വേർതിരിവുകളൊന്നുമില്ലാതെ ഒരുമിച്ചു കൂടിവന്നിരുന്നു.” എന്നാൽ, പുരാതന കൊരിന്ത്‌ സഭയിലെ ചില അംഗങ്ങൾ സഭയിൽ ഭിന്നിപ്പുകൾ ഉണ്ടാക്കുന്നുണ്ടായിരുന്നു. അതുവഴി ഐക്യവും സമാധാനവും ഉന്നമിപ്പിക്കുന്ന ദൈവത്തിന്റെ പരിശുദ്ധാത്മാവിന്റെ പ്രവർത്തനത്തെ എതിർക്കുകയായിരുന്നു അവർ. (ഗലാത്യർ 5:22) സഭയിൽ ചേരിതിരിയലിനെ പ്രോത്സാഹിപ്പിക്കുന്നെങ്കിൽ നാം ആത്മാവിന്റെ വഴിനടത്തിപ്പിനെതിരെ പ്രവർത്തിക്കുകയായിരിക്കും ചെയ്യുന്നത്‌. അതുകൊണ്ട്‌ കൊരിന്ത്യരോടുള്ള പൗലൊസ്‌ അപ്പൊസ്‌തലന്റെ ഈ വാക്കുകൾ നമുക്കു മനസ്സിൽ പിടിക്കാം: “സഹോദരന്മാരേ, നിങ്ങൾ എല്ലാവരും ഒന്നു തന്നേ സംസാരിക്കയും നിങ്ങളുടെ ഇടയിൽ ഭിന്നത ഭവിക്കാതെ ഏകമനസ്സിലും ഏകാഭിപ്രായത്തിലും യോജിച്ചിരിക്കയും വേണം എന്നു ഞാൻ നിങ്ങളെ നമ്മുടെ കർത്താവായ യേശുക്രിസ്‌തുവിന്റെ നാമം ചൊല്ലി പ്രബോധിപ്പിക്കുന്നു.” (1 കൊരിന്ത്യർ 1:10) എഫെസ്യർക്കുള്ള തന്റെ ലേഖനത്തിലും പൗലൊസ്‌ ഐക്യത്തിന്‌ ഊന്നൽ നൽകി.​—⁠എഫെസ്യർ 4:1-6, 16.

6, 7. പക്ഷപാതം സംബന്ധിച്ച്‌ യാക്കോബ്‌ എന്തു ബുദ്ധിയുപദേശം നൽകി, അവന്റെ വാക്കുകൾ ബാധകമാകുന്നത്‌ എങ്ങനെ?

6 പക്ഷപാതം കാണിക്കാതിരിക്കാൻ ക്രിസ്‌ത്യാനികളോട്‌ എപ്പോഴും ആവശ്യപ്പെട്ടിട്ടുണ്ട്‌. (റോമർ 2:11) ഒന്നാം നൂറ്റാണ്ടിലെ സഭയിൽ ചിലർ സമ്പന്നരോട്‌ പക്ഷപാതം കാണിച്ചിരുന്നതിനാൽ ശിഷ്യനായ യാക്കോബ്‌ ഇങ്ങനെ എഴുതി: “സഹോദരന്മാരേ, തേജസ്സുള്ളവനായി നമ്മുടെ കർത്താവായ യേശുക്രിസ്‌തുവിൽ വിശ്വസിക്കുന്ന നിങ്ങൾ മുഖപക്ഷം കാണിക്കരുതു. നിങ്ങളുടെ പള്ളിയിൽ മോടിയുള്ള വസ്‌ത്രം ധരിച്ചും പൊന്മോതിരം ഇട്ടുംകൊണ്ടു ഒരുത്തനും മുഷിഞ്ഞ വസ്‌ത്രം ധരിച്ചോരു ദരിദ്രനും വന്നാൽ നിങ്ങൾ മോടിയുള്ള വസ്‌ത്രം ധരിച്ചവനെ നോക്കി: ഇവിടെ സുഖേന ഇരുന്നാലും എന്നും ദരിദ്രനോടു: നീ അവിടെ നില്‌ക്ക; അല്ലെങ്കിൽ എന്റെ പാദപീഠത്തിങ്കൽ ഇരിക്ക എന്നും പറയുന്നു എങ്കിൽ നിങ്ങൾ ഉള്ളിൽ പ്രമാണമില്ലാതെ ന്യായരഹിതമായി വിധിക്കുന്നവരായില്ലയോ?”​—⁠യാക്കോബ്‌ 2:1-4.

7 പൊന്മോതിരങ്ങൾ അണിഞ്ഞും മോടിയുള്ള വസ്‌ത്രങ്ങൾ ധരിച്ചും ക്രിസ്‌തീയ യോഗത്തിനു വരുന്ന സമ്പന്നരായ അവിശ്വാസികൾക്ക്‌ പ്രത്യേക പരിഗണന ലഭിച്ചിരുന്നു. അവർക്ക്‌ “സുഖേന” ഇരിക്കാനുള്ള ഇരിപ്പിടങ്ങൾ ലഭിക്കുമായിരുന്നു. അതേസമയം മുഷിഞ്ഞ വസ്‌ത്രം ധരിച്ച ദരിദ്രരായ അവിശ്വാസികൾ യോഗത്തിനു വന്നാൽ, നിൽക്കാനോ നിലത്ത്‌ ആരുടെയെങ്കിലും കാൽക്കീഴെ ഇരിക്കാനോ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ദൈവം മുഖപക്ഷമില്ലാതെ സമ്പന്നർക്കും ദരിദ്രർക്കും ഒരുപോലെ യേശുവിന്റെ മറുവിലയാഗം പ്രദാനം ചെയ്‌തിരിക്കുന്നു. (ഇയ്യോബ്‌ 34:19; 2 കൊരിന്ത്യർ 5:14) അതുകൊണ്ട്‌ യഹോവയെ പ്രീതിപ്പെടുത്താനും തോളോടു തോൾ ചേർന്ന്‌ അവനെ സേവിക്കാനും നാം ആഗ്രഹിക്കുന്നെങ്കിൽ പക്ഷപാതം കാണിക്കുകയോ ‘കാര്യസാധ്യത്തിനായി മുഖസ്‌തുതി പ്രയോഗിക്കുകയോ’ ചെയ്യരുത്‌.​—⁠യൂദാ 4, 16.

പിറുപിറുപ്പ്‌ ഒഴിവാക്കുക

8. ഇസ്രായേല്യർ പിറുപിറുത്തതുകൊണ്ട്‌ എന്തു സംഭവിച്ചു?

8 നമ്മുടെ ഐക്യം കാത്തുസൂക്ഷിക്കാനും ദൈവപ്രീതിയിൽ തുടർന്നു നിലനിൽക്കാനും, ‘എല്ലാം പിറുപിറുപ്പു കൂടാതെ ചെയ്‌വിൻ’ എന്ന പൗലൊസിന്റെ ബുദ്ധിയുപദേശത്തിനു നാം ചെവികൊടുക്കേണ്ടതുണ്ട്‌. (ഫിലിപ്പിയർ 2:14, 15) ഈജിപ്‌തിന്റെ അടിമത്തത്തിൽനിന്നു വിമോചിതരായ ഇസ്രായേല്യർ പിന്നീട്‌ വിശ്വാസരഹിതരായി മോശെക്കും അഹരോനും ഫലത്തിൽ യഹോവയാം ദൈവത്തിനുംതന്നെ എതിരായി പിറുപിറുത്തു. അതുകൊണ്ട്‌, വിശ്വസ്‌തരായ യോശുവയും കാലേബും ലേവ്യരും ഒഴികെ, 20 വയസ്സു മുതൽ മേലോട്ടു പ്രായമുള്ള പുരുഷന്മാരിൽ ആർക്കും വാഗ്‌ദത്ത ദേശത്തു പ്രവേശിക്കാനായില്ല. മരുഭൂമിയിലൂടെയുള്ള ഇസ്രായേലിന്റെ 40 വർഷത്തെ യാത്രയ്‌ക്കിടയിൽ അവർ മരിച്ചുപോയി. (സംഖ്യാപുസ്‌തകം 14:2, 3, 26-30; 1 കൊരിന്ത്യർ 10:10) തങ്ങളുടെ പിറുപിറുപ്പു നിമിത്തം എത്ര വലിയ വിലയാണ്‌ അവർക്ക്‌ ഒടുക്കേണ്ടിവന്നത്‌!

9. പിറുപിറുത്തതിന്‌ മിര്യാമിന്‌ എന്ത്‌ അനുഭവിക്കേണ്ടിവന്നു?

9 പിറുപിറുപ്പുകാരായ ഒരു മുഴു ജനതയ്‌ക്കും സംഭവിച്ചേക്കാവുന്നത്‌ എന്തെന്നു നാം കണ്ടു. എന്നാൽ പിറുപിറുപ്പുകാരായ വ്യക്തികളുടെ കാര്യമോ? മോശെയുടെ സഹോദരി മിര്യാമും അവളുടെ സഹോദരൻ അഹരോനും പിറുപിറുത്തു: “യഹോവ മോശെ മുഖാന്തരം മാത്രമേ അരുളിച്ചെയ്‌തിട്ടുള്ളുവോ? ഞങ്ങൾമുഖാന്തരവും അരുളിച്ചെയ്‌തിട്ടില്ലയോ.” “യഹോവ അതു കേട്ടു” എന്നു വിവരണം കൂട്ടിച്ചേർക്കുന്നു. (സംഖ്യാപുസ്‌തകം 12:1, 2) ഫലം എന്തായിരുന്നു? തെളിവനുസരിച്ച്‌ ഈ പരാതിപ്പെടലിനു നേതൃത്വം കൊടുത്ത മിര്യാം ദൈവത്താൽ അപമാനിതയായി. എങ്ങനെ? അവൾക്കു കുഷ്‌ഠം ബാധിക്കുകയും ശുദ്ധീകരിക്കപ്പെടുന്നതുവരെ ഏഴു ദിവസം പാളയത്തിനു വെളിയിൽ കഴിച്ചുകൂട്ടേണ്ടിവരികയും ചെയ്‌തു.​—⁠സംഖ്യാപുസ്‌തകം 12:9-15.

10, 11. പിറുപിറുപ്പിന്‌ കടിഞ്ഞാണിട്ടില്ലെങ്കിൽ അത്‌ എന്തിൽ കലാശിച്ചേക്കാം? ദൃഷ്ടാന്തീകരിക്കുക.

10 എന്തെങ്കിലും ദുഷ്‌പ്രവൃത്തിയെ കുറിച്ചു കേവലം പരാതിപ്പെടുന്നതല്ല പിറുപിറുപ്പ്‌. പിറുപിറുപ്പ്‌ ശീലമാക്കിയവർ തങ്ങളുടെ വികാരങ്ങൾക്ക്‌ അല്ലെങ്കിൽ സ്ഥാനത്തിനു വളരെയേറെ പ്രാധാന്യം നൽകുന്നു, ദൈവത്തിലേക്കു ശ്രദ്ധ ക്ഷണിക്കുന്നതിനു പകരം അവർ തങ്ങളിലേക്കുതന്നെ ശ്രദ്ധ ക്ഷണിക്കുന്നു. ഈ സ്വഭാവവിശേഷത്തിനു കടിഞ്ഞാണിട്ടില്ലെങ്കിൽ അത്‌ ആത്മീയ സഹോദരങ്ങൾക്കിടയിൽ ഭിന്നത ഉളവാക്കുകയും തോളോടു തോൾ ചേർന്ന്‌ യഹോവയെ സേവിക്കാനുള്ള അവരുടെ ശ്രമങ്ങളെ തടസ്സപ്പെടുത്തുകയും ചെയ്യും. കാരണം, മറ്റുള്ളവർ തങ്ങളോടു സഹാനുഭൂതി കാണിക്കുമെന്ന പ്രതീക്ഷയിൽ പിറുപിറുപ്പുകാർ എപ്പോഴും പരാതികൾ പറഞ്ഞുകൊണ്ടിരിക്കുന്നു.

11 ഉദാഹരണത്തിന്‌, ഒരു മൂപ്പൻ യോഗങ്ങളിലെ തന്റെ നിയമനങ്ങൾ കൈകാര്യം ചെയ്യുന്ന അല്ലെങ്കിൽ സഭയിലെ തന്റെ ഉത്തരവാദിത്വങ്ങൾ നിറവേറ്റുന്ന വിധത്തെ ആരെങ്കിലും വിമർശിച്ചേക്കാം. ആ പരാതിക്കാരനെ ശ്രദ്ധിക്കുന്നെങ്കിൽ നാം അയാൾ ചിന്തിക്കുന്ന തരത്തിൽ ചിന്തിച്ചു തുടങ്ങിയേക്കാം. അതൃപ്‌തിയുടെ വിത്ത്‌ നമ്മുടെ മനസ്സിൽ വിതയ്‌ക്കപ്പെടുന്നതിനു മുമ്പ്‌ ആ മൂപ്പന്റെ പ്രവൃത്തികൾ നമ്മെ യാതൊരു തരത്തിലും അലോസരപ്പെടുത്തിയിരിക്കില്ല, എന്നാൽ ഇപ്പോൾ സംഗതി നേരെ മറിച്ചായിരിക്കുന്നു. ക്രമേണ, ആ മൂപ്പൻ ചെയ്യുന്നതൊന്നും നമുക്കു ശരിയായി തോന്നില്ല. അങ്ങനെ നാമും അദ്ദേഹത്തെ കുറിച്ചു പരാതിപ്പെടാൻ തുടങ്ങിയേക്കാം. ഇത്തരത്തിലുള്ള പ്രവൃത്തി യഹോവയുടെ ജനത്തിന്റെ ഒരു സഭയ്‌ക്കു യോജിച്ചതല്ല.

12. പിറുപിറുപ്പ്‌ ദൈവവുമായുള്ള നമ്മുടെ ബന്ധത്തെ എങ്ങനെ ബാധിക്കുന്നു?

12 ദൈവത്തിന്റെ ആട്ടിൻകൂട്ടത്തെ മേയ്‌ക്കുന്ന ചുമതലയുള്ള പുരുഷന്മാർക്കെതിരെ പിറുപിറുക്കുന്നത്‌ അവരെ അധിക്ഷേപിക്കുന്നതിലേക്കു നയിച്ചേക്കാം. അവർക്കെതിരെ അത്തരത്തിൽ പിറുപിറുക്കുന്നത്‌ അഥവാ അപവാദപരമായി അവരെ കുറിച്ചു ദുഷിച്ചു സംസാരിക്കുന്നത്‌ യഹോവയുമായുള്ള നമ്മുടെ ബന്ധത്തെ പ്രതികൂലമായി ബാധിച്ചേക്കാം. (പുറപ്പാടു 22:28) അനുതാപമില്ലാത്ത ‘അധിക്ഷേപകർ’ ദൈവരാജ്യം അവകാശമാക്കുകയില്ല. (1 കൊരിന്ത്യർ 5:​11, NW; 6:​10, NW) “കർത്തൃത്വത്തെ തുച്ഛീകരിക്കുകയും മഹിമകളെ [അഥവാ സഭയിലെ ഉത്തരവാദിത്വങ്ങൾ വഹിക്കുന്ന പുരുഷന്മാരെ] ദുഷിക്കയും” ചെയ്‌തിരുന്ന പിറുപിറുപ്പുകാരെ കുറിച്ച്‌ ശിഷ്യനായ യൂദാ എഴുതി. (യൂദാ 8) ആ പിറുപിറുപ്പുകാർക്ക്‌ ദൈവാംഗീകാരം ഉണ്ടായിരുന്നില്ല, നാം ജ്ഞാനപൂർവം അവരുടെ ദുഷ്ടഗതി ഒഴിവാക്കുന്നു.

13. എല്ലാ പരാതിപ്പെടലുകളും തെറ്റല്ലാത്തത്‌ എന്തുകൊണ്ട്‌?

13 എങ്കിലും എല്ലാ പരാതികളും ദൈവത്തെ അപ്രീതിപ്പെടുത്തുന്നവയല്ല. സൊദോമിനെയും ഗൊമോരയെയും കുറിച്ചുള്ള “പരാതിയുടെ നിലവിളി” (NW) അവൻ അവഗണിച്ചില്ല, പകരം ആ ദുഷ്ട നഗരങ്ങളെ അവൻ നശിപ്പിച്ചു. (ഉല്‌പത്തി 18:20, 21; 19:24, 25) യെരൂശലേമിൽ, പൊ.യു. 33-ലെ പെന്തെക്കൊസ്‌ത്‌ കഴിഞ്ഞ്‌ അധികമാകുന്നതിനു മുമ്പ്‌, “തങ്ങളുടെ വിധവമാരെ ദിനമ്പ്രതിയുള്ള ശുശ്രൂഷയിൽ [“വിതരണത്തിൽ,” NW] ഉപേക്ഷയായി വിചാരിച്ചു എന്നു യവനഭാഷക്കാർ എബ്രായഭാഷക്കാരുടെ നേരെ പിറുപിറുത്തു.” തത്‌ഫലമായി, “പന്തിരുവർ” ആവശ്യമായ നടപടി കൈക്കൊണ്ടു. ആഹാര വിതരണ പ്രശ്‌നം കൈകാര്യം ചെയ്യാനായി അവർ “നല്ല സാക്ഷ്യമുള്ള ഏഴു പുരുഷന്മാരെ” നിയമിച്ചു. (പ്രവൃത്തികൾ 6:1-6) ഇന്നത്തെ മൂപ്പന്മാർ ന്യായമായ പരാതികൾക്കു നേരെ തങ്ങളുടെ “ചെവി പൊത്തിക്കളയ”രുത്‌. (സദൃശവാക്യങ്ങൾ 21:​13, NW) സഹാരാധകരെ വിമർശിക്കുന്നവർ ആയിരിക്കുന്നതിനു പകരം മൂപ്പന്മാർ പ്രോത്സാഹനമേകുന്നവരും കെട്ടുപണി ചെയ്യുന്നവരും ആയിരിക്കണം.​—⁠1 കൊരിന്ത്യർ 8:⁠1.

14. പിറുപിറുപ്പ്‌ ഒഴിവാക്കാൻ ഏതു ഗുണം വിശേഷാൽ ആവശ്യമാണ്‌?

14 നാം ഏവരും പിറുപിറുപ്പ്‌ ഒഴിവാക്കേണ്ടതാണ്‌. കാരണം, പരാതിയുടെ ആത്മാവ്‌ ആത്മീയമായി ഹാനി വരുത്തുന്നു. അത്തരമൊരു മനോഭാവം നമ്മുടെ ഐക്യത്തെ നശിപ്പിക്കും. പകരം, നമ്മിൽ സ്‌നേഹം നട്ടുവളർത്താൻ നമുക്ക്‌ എല്ലായ്‌പോഴും പരിശുദ്ധാത്മാവിനെ അനുവദിക്കാം. (ഗലാത്യർ 5:22) ‘സ്‌നേഹത്തിന്റെ രാജകീയ നിയമം’ അനുസരിക്കുന്നത്‌ തോളോടു തോൾ ചേർന്ന്‌ യഹോവയെ സേവിക്കുന്നതിൽ തുടരാൻ നമ്മെ സഹായിക്കും.​—⁠യാക്കോബ്‌ 2:​8, NW; 1 കൊരിന്ത്യർ 13:4-8; 1 പത്രൊസ്‌ 4:⁠8.

പരദൂഷണം പറച്ചിലിനെതിരെ ജാഗ്രത പാലിക്കുക

15. കുശുകുശുപ്പും പരദൂഷണവും തമ്മിലുള്ള വ്യത്യാസം എന്ത്‌?

15 പിറുപിറുപ്പ്‌ ഹാനികരമായ കുശുകുശുപ്പിലേക്കു നയിച്ചേക്കാമെന്നതിനാൽ, പറയുന്ന കാര്യങ്ങളെ കുറിച്ച്‌ നാം ശ്രദ്ധയുള്ളവർ ആയിരിക്കണം. മറ്റുള്ളവരെയും അവരുടെ കാര്യാദികളെയും സംബന്ധിച്ച വ്യർഥ സംസാരമാണ്‌ കുശുകുശുപ്പ്‌. എന്നാൽ പരദൂഷണം മറ്റൊരാളുടെ സത്‌കീർത്തിയെ നശിപ്പിക്കാൻ ഉദ്ദേശിച്ചുള്ള തെറ്റായ പ്രസ്‌താവനകളാണ്‌. അത്തരം സംസാരം ദ്രോഹകരവും ഭക്തിവിരുദ്ധവുമാണ്‌. അതുകൊണ്ട്‌ ദൈവം ഇസ്രായേല്യരോട്‌ ഇപ്രകാരം പറഞ്ഞു: “നീ നിന്റെ ജനത്തിനിടയിൽ ചുറ്റിനടന്ന്‌ പരദൂഷണം പറയരുത്‌.”​—⁠ലേവ്യപുസ്‌തകം 19:​16, NW.

16. ചില കുശുകുശുപ്പുകാരെ കുറിച്ച്‌ പൗലൊസ്‌ എന്തു പറഞ്ഞു, അവന്റെ ബുദ്ധിയുപദേശം നമ്മെ എങ്ങനെ ബാധിക്കണം?

16 വ്യർഥ സംസാരം പരദൂഷണത്തിലേക്കു നയിച്ചേക്കാമെന്നതിനാൽ പൗലൊസ്‌ ചില കുശുകുശുപ്പുകാരെ ശക്തമായി ശാസിച്ചു. സഭയെ പിന്തുണയ്‌ക്കാൻ യോഗ്യരായ വിധവമാരെ കുറിച്ചു പരാമർശിച്ചശേഷം മറ്റു ചില വിധവമാരെ കുറിച്ച്‌ അവൻ ഇങ്ങനെ പറഞ്ഞു: “അവർ അലസകളായി വീടുകൾതോറും കയറിയിറങ്ങി നടക്കുന്നു. അലസകളാവുക മാത്രമല്ല, അപവാദങ്ങൾ പ്രചരിപ്പിച്ചും മററുള്ളവരുടെ കാര്യങ്ങളിൽ അനാവശ്യമായി ഇടപെട്ട്‌ അനുചിതമായ സംസാരത്തിൽ മുഴുകിയും നടക്കുന്നു.” (1 തിമൊഥെയൊസ്‌ 5:11-15, പി.ഒ.സി. ബൈ.) പരദൂഷണം പറച്ചിലിലേക്കു നയിച്ചേക്കാവുന്നതരത്തിൽ സംസാരിക്കാനുള്ള പ്രവണത തനിക്കുള്ളതായി ഒരു ക്രിസ്‌തീയ സ്‌ത്രീ മനസ്സിലാക്കുന്നെങ്കിൽ, “ഗൗരവബുദ്‌ധികളും പരദൂഷണം പറയാത്തവരും” ആയിരിക്കാനുള്ള പൗലൊസിന്റെ ബുദ്ധിയുപദേശത്തിന്‌ അവൾ ചെവികൊടുക്കേണ്ടതാണ്‌. (1 തിമൊഥെയൊസ്‌ 3:​11, പി.ഒ.സി. ബൈ.) തീർച്ചയായും, ക്രിസ്‌തീയ പുരുഷന്മാരും ഹാനികരമായ കുശുകുശുപ്പിനെതിരെ ജാഗ്രത പാലിക്കണം.​—⁠സദൃശവാക്യങ്ങൾ 10:⁠19.

വിധിക്കരുത്‌!

17, 18. (എ) നമ്മുടെ സഹോദരനെ വിധിക്കുന്നതു സംബന്ധിച്ച്‌ യേശു എന്തു പറഞ്ഞു? (ബി) മറ്റുള്ളവരെ വിധിക്കുന്നതു സംബന്ധിച്ച യേശുവിന്റെ വാക്കുകൾ നമുക്കു ബാധകമാക്കാൻ കഴിയുന്നത്‌ എങ്ങനെ?

17 പരദൂഷണം പറയുന്ന ശീലം നമുക്കില്ലെങ്കിൽക്കൂടി, മറ്റുള്ളവരെ വിധിക്കുന്നത്‌ ഒഴിവാക്കാൻ നാം ആത്മാർഥമായി ശ്രമിക്കേണ്ടതുണ്ടായിരിക്കാം. യേശു അത്തരം മനോഭാവത്തെ കുറ്റം വിധിക്കുകയുണ്ടായി. അവൻ പറഞ്ഞു: “വിധിക്കപ്പെടാതിരിക്കാൻ നിങ്ങളും വിധിക്കരുത്‌. നിങ്ങൾ വിധിക്കുന്ന വിധിയാൽത്തന്നെ നിങ്ങളും വിധിക്കപ്പെടും. നിങ്ങൾ അളക്കുന്ന അളവുകൊണ്ടുതന്നെ നിങ്ങൾക്കും അളന്നുകിട്ടും. നീ സഹോദരന്റെ കണ്ണിലെ കരടു കാണുകയും നിന്റെ കണ്ണിലെ തടിക്കഷണം ശ്രദ്‌ധിക്കാതിരിക്കുകയും ചെയ്യുന്നതെന്തുകൊണ്ട്‌? അഥവാ, നിന്റെ കണ്ണിൽ തടിക്കഷണം ഇരിക്കേ, സഹോദരനോട്‌, ഞാൻ നിന്റെ കണ്ണിൽനിന്നു കരടെടുത്തു കളയട്ടെ എന്ന്‌ എങ്ങനെ പറയും? കപടനാട്യക്കാരാ, ആദ്യം സ്വന്തം കണ്ണിൽനിന്നു തടിക്കഷണം എടുത്തുമാററുക. അപ്പോൾ സഹോദരന്റെ കണ്ണിലെ കരടെടുത്തുകളയാൻ നിനക്കു കാഴ്‌ച തെളിയും.”​—⁠മത്തായി 7:1-5, പി.ഒ.സി. ബൈ.

18 ഉചിതമായ വിലയിരുത്തലുകൾ നടത്തുന്നതിൽനിന്ന്‌ നമ്മെ തടയുന്ന ഒരു ആലങ്കാരിക “തടിക്കഷണം” സ്വന്തം കണ്ണിൽ ഇരിക്കെ, നമ്മുടെ സഹോദരന്റെ കണ്ണിലുള്ള വെറും ഒരു ‘കരട്‌’ എടുത്തുകളഞ്ഞ്‌ അദ്ദേഹത്തെ സഹായിക്കാൻ നാം മിനക്കെടേണ്ടതില്ല. ദൈവം എത്ര കരുണാസമ്പന്നനാണെന്ന്‌ നാം യഥാർഥത്തിൽ മനസ്സിലാക്കുന്നെങ്കിൽ നമ്മുടെ ആത്മീയ സഹോദരീസഹോദരന്മാരെ വിധിക്കാൻ നാം പ്രവണത ഉള്ളവരായിരിക്കില്ല. നമ്മുടെ സ്വർഗീയ പിതാവ്‌ അവരെ മനസ്സിലാക്കുന്നത്രയും നന്നായി നമുക്കവരെ മനസ്സിലാക്കാൻ സാധിക്കുമോ? “വിധിക്കപ്പെടാതിരിക്കാൻ നിങ്ങളും വിധിക്കരുത്‌” എന്ന്‌ യേശു നമുക്കു മുന്നറിയിപ്പു നൽകിയതിൽ അതിശയിക്കാനില്ല! നമ്മുടെതന്നെ അപൂർണതകളെ കുറിച്ചുള്ള സത്യസന്ധമായ വിലയിരുത്തൽ, ദൈവം അനീതിയായി കണക്കിടുംവണ്ണം മറ്റുള്ളവരെ വിധിക്കുന്നതിൽനിന്ന്‌ നമ്മെ തടയേണ്ടതാണ്‌.

ദുർബലമെങ്കിലും മാന്യതയുള്ളത്‌

19. സഹവിശ്വാസികളെ നാം എങ്ങനെ വീക്ഷിക്കണം?

19 സഹവിശ്വാസികളോടൊത്ത്‌ തോളോടു തോൾ ചേർന്ന്‌ ദൈവത്തെ സേവിക്കാൻ നാം ദൃഢചിത്തരാണെങ്കിൽ, അവരെ വിധിക്കാനുള്ള പ്രവണത ഒഴിവാക്കുക മാത്രമായിരിക്കില്ല നാം ചെയ്യുന്നത്‌. അവരെ ബഹുമാനിക്കുന്നതിൽ നാം മുന്നിട്ടുനിൽക്കും. (റോമർ 12:10) സ്വന്തം ക്ഷേമമല്ല അവരുടെ ക്ഷേമമായിരിക്കും നാം അന്വേഷിക്കുക. കൂടാതെ, താഴ്‌മയോടെ അവർക്കു വേണ്ടി സേവനങ്ങൾ ചെയ്യുന്നതിൽ നാം സന്തുഷ്ടരായിരിക്കും. (യോഹന്നാൻ 13:12-17; 1 കൊരിന്ത്യർ 10:24) അത്തരം ഒരു നല്ല മനോഭാവം കാത്തുസൂക്ഷിക്കാൻ നമുക്ക്‌ എങ്ങനെ കഴിയും? ഓരോ വിശ്വാസിയും യഹോവയുടെ ദൃഷ്ടിയിൽ വിലപ്പെട്ടവനാണെന്നും ശരീരത്തിലെ ഓരോ അവയവവും മറ്റുള്ളവയെ ആശ്രയിച്ചിരിക്കുന്നതുപോലെ നാം പരസ്‌പരം വേണ്ടപ്പെട്ടവരാണെന്നുമുള്ള കാര്യം മനസ്സിൽ പിടിക്കുന്നതിലൂടെയാണ്‌ അതു ചെയ്യാനാകുക.​—⁠1 കൊരിന്ത്യർ 12:14-27.

20, 21. 2 തിമൊഥെയൊസ്‌ 2:20, 21-ലെ വാക്കുകൾ നമുക്ക്‌ എങ്ങനെ ബാധകമാകുന്നു?

20 ശുശ്രൂഷ എന്ന മഹത്തായ നിക്ഷേപം ഭരമേൽപ്പിക്കപ്പെട്ടിരിക്കുന്ന ദുർബലമായ മൺപാത്രങ്ങളാണ്‌ ക്രിസ്‌ത്യാനികൾ എന്നതു ശരിയാണ്‌. (2 കൊരിന്ത്യർ 4:7) യഹോവയ്‌ക്കു മഹത്ത്വം കരേറ്റുന്ന വിധത്തിൽ ഈ വിശുദ്ധ സേവനം അനുഷ്‌ഠിക്കാൻ നമുക്കു കഴിയണമെങ്കിൽ അവന്റെയും അവന്റെ പുത്രന്റെയും മുമ്പാകെ മാന്യമായ ഒരു നില നാം കാത്തുസൂക്ഷിക്കണം. ധാർമികവും ആത്മീയവുമായി ശുദ്ധിയുള്ളവരായി നിലകൊള്ളുന്നെങ്കിൽ മാത്രമേ ദൈവത്തിന്റെ ഉപയോഗത്തിനുള്ള ഒരു മാനപാത്രമായി നമുക്കു വർത്തിക്കാൻ സാധിക്കുകയുള്ളൂ. ഇതു സംബന്ധിച്ച്‌ പൗലൊസ്‌ എഴുതി: “ഒരു വലിയ വീട്ടിൽ പൊന്നും വെള്ളിയുംകൊണ്ടുള്ള സാമാനങ്ങൾ മാത്രമല്ല, മരവും മണ്ണുംകൊണ്ടുള്ളവയും ഉണ്ടു; ചിലതു മാന്യകാര്യത്തിന്നും ചിലതു ഹീനകാര്യത്തിന്നും ഉപയോഗിക്കുന്നു. ഇവയെ വിട്ടകന്നു തന്നെത്താൻ വെടിപ്പാക്കുന്നവൻ വിശുദ്ധവും ഉടമസ്ഥന്നു ഉപയോഗവുമായി നല്ലവേലെക്കു ഒക്കെയും ഒരുങ്ങിയിരിക്കുന്ന മാനപാത്രം ആയിരിക്കും.”​—⁠2 തിമൊഥെയൊസ്‌ 2:20, 21.

21 ദിവ്യ കൽപ്പനകൾക്കു ചേർച്ചയിൽ പ്രവർത്തിക്കാത്ത വ്യക്തികൾ ‘ഹീനപാത്രങ്ങൾ’ ആണ്‌. എന്നാൽ ദൈവഭക്തിയോടു കൂടിയ ഗതി പിന്തുടരുന്നെങ്കിൽ നാം ‘യഹോവയുടെ സേവനത്തിനായി വിശുദ്ധീകരിക്കപ്പെട്ട അഥവാ വേർതിരിക്കപ്പെട്ട, നല്ല വേലെക്കു ഒക്കെയും ഒരുങ്ങിയിരിക്കുന്ന മാനപാത്രങ്ങൾ’ ആയിരിക്കും. അതുകൊണ്ട്‌ നമുക്കു നമ്മോടുതന്നെ ഇങ്ങനെ ചോദിക്കാം: ‘ഞാൻ ഒരു “മാനപാത്രം” ആണോ? സഹവിശ്വാസികളുടെ മേൽ എനിക്ക്‌ ഒരു നല്ല സ്വാധീനമാണോ ഉള്ളത്‌? സഹാരാധകരുമായി തോളോടു തോൾ ചേർന്നു പ്രവർത്തിക്കുന്ന ഒരു സഭാംഗമാണോ ഞാൻ?’

തോളോടു തോൾ ചേർന്നു സേവിക്കുന്നതിൽ തുടരുക

22. ക്രിസ്‌തീയ സഭയെ എന്തിനോട്‌ ഉപമിക്കാൻ കഴിയും?

22 ക്രിസ്‌തീയ സഭ ഒരു കുടുംബതുല്യ ക്രമീകരണമാണ്‌. കുടുംബത്തിലെ എല്ലാ അംഗങ്ങളും യഹോവയെ സേവിക്കുന്നവരാണെങ്കിൽ അവിടെ സ്‌നേഹവും സഹായമനസ്‌കതയും പ്രസന്നതയും കളിയാടും. ഭിന്ന വ്യക്തിത്വങ്ങൾ ഉള്ള കുറെ ആളുകൾ ചേർന്നതായിരിക്കാം ഒരു കുടുംബം, പക്ഷേ ഏവർക്കും കുടുംബത്തിൽ മാന്യമായ ഒരു സ്ഥാനം ഉണ്ടായിരിക്കും. സഭയിലെ അവസ്ഥയും സമാനമാണ്‌. നാം എല്ലാവരും വ്യത്യസ്‌തരും അപൂർണരും ആണെങ്കിലും ക്രിസ്‌തു മുഖാന്തരം ദൈവം നമ്മെ തന്നിലേക്ക്‌ ആകർഷിച്ചിരിക്കുന്നു. (യോഹന്നാൻ 6:44; 14:6) യഹോവയും യേശുവും നമ്മെ സ്‌നേഹിക്കുന്നു. ഒരു ഏകീകൃത കുടുംബം പോലെ നാം നിശ്ചയമായും അന്യോന്യം സ്‌നേഹം പ്രകടമാക്കണം.​—⁠1 യോഹന്നാൻ 4:7-11.

23. നാം എന്ത്‌ ഓർത്തിരിക്കണം, എന്തു ചെയ്യാൻ ദൃഢചിത്തർ ആയിരിക്കണം?

23 കുടുംബതുല്യമായ ക്രിസ്‌തീയ സഭയിൽ ഉചിതമായും നമുക്ക്‌ വിശ്വസ്‌തതയും പ്രതീക്ഷിക്കാൻ കഴിയും. പൗലൊസ്‌ അപ്പൊസ്‌തലൻ എഴുതി: “പുരുഷന്മാർ എല്ലാടത്തും കോപവും വാഗ്വാദവും വിട്ടകന്നു വിശുദ്ധകൈകളെ [“വിശ്വസ്‌ത കരങ്ങളെ,” NW] ഉയർത്തി പ്രാർത്ഥിക്കേണം എന്നു ഞാൻ ആഗ്രഹിക്കുന്നു.” (1 തിമൊഥെയൊസ്‌ 2:8) പൗലൊസ്‌ അങ്ങനെ, വിശ്വസ്‌തതയെ പരസ്യപ്രാർഥനയുമായി ബന്ധപ്പെടുത്തി. ക്രിസ്‌ത്യാനികൾ കൂടിവരുന്ന “എല്ലാടത്തും” വിശ്വസ്‌ത പുരുഷന്മാർ മാത്രമേ പരസ്യപ്രാർഥനയിൽ സഭയെ പ്രതിനിധീകരിക്കാൻ പാടുള്ളൂ. തീർച്ചയായും, നാം എല്ലാവരും തന്നോടും പരസ്‌പരവും വിശ്വസ്‌തരായിരിക്കാൻ ദൈവം പ്രതീക്ഷിക്കുന്നു. (സഭാപ്രസംഗി 12:13, 14) അതുകൊണ്ട്‌, മനുഷ്യശരീരത്തിലെ അവയവങ്ങളെപ്പോലെ ഒത്തൊരുമിച്ചു പ്രവർത്തിക്കാൻ നമുക്കു ദൃഢനിശ്ചയം ചെയ്യാം. യഹോവയുടെ ആരാധകരുടെ കുടുംബത്തിന്റെ ഭാഗമെന്ന നിലയിലും നമുക്ക്‌ ഐക്യത്തിൽ സേവിക്കാം. സർവോപരി, നാം പരസ്‌പരം വേണ്ടപ്പെട്ടവരാണെന്നും തോളോടു തോൾ ചേർന്ന്‌ യഹോവയെ സേവിക്കുന്നതിൽ തുടരുന്നെങ്കിൽ നാം ദിവ്യാംഗീകാരവും അനുഗ്രഹങ്ങളും ആസ്വദിക്കുമെന്നും നമുക്ക്‌ ഓർത്തിരിക്കാം.

നിങ്ങൾ എങ്ങനെ ഉത്തരം പറയും?

• തോളോടു തോൾ ചേർന്നു യഹോവയെ സേവിക്കാൻ അവന്റെ ജനത്തെ പ്രാപ്‌തരാക്കുന്നത്‌ എന്ത്‌?

• ക്രിസ്‌ത്യാനികൾ പക്ഷപാതം ഒഴിവാക്കുന്നത്‌ എന്തുകൊണ്ട്‌?

• പിറുപിറുപ്പ്‌ തെറ്റാണെന്നു നിങ്ങൾ പറയുന്നത്‌ എന്തുകൊണ്ട്‌?

• നാം സഹവിശ്വാസികളെ ബഹുമാനിക്കേണ്ടത്‌ എന്തുകൊണ്ട്‌?

[അധ്യയന ചോദ്യങ്ങൾ]

[15-ാം പേജിലെ ചിത്രം]

‘ദൈവത്തിനു മുഖപക്ഷമില്ല’ എന്ന്‌ പത്രൊസ്‌ ഗ്രഹിക്കാനിടയായി

[16-ാം പേജിലെ ചിത്രം]

ദൈവം മിര്യാമിനെ അപമാനിച്ചത്‌ എന്തുകൊണ്ടാണെന്ന്‌ നിങ്ങൾക്ക്‌ അറിയാമോ?

[18-ാം പേജിലെ ചിത്രം]

വിശ്വസ്‌ത ക്രിസ്‌ത്യാനികൾ സന്തോഷപൂർവം തോളോടു തോൾ ചേർന്നു യഹോവയെ സേവിക്കുന്നു