വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

കൂടെപ്പിറപ്പുകളുമായി എങ്ങനെ ഒത്തുപോകാം?

കൂടെപ്പിറപ്പുകളുമായി എങ്ങനെ ഒത്തുപോകാം?

യുവജനങ്ങൾ ചോദിക്കുന്നു

കൂടെപ്പിറപ്പുകളുമായി എങ്ങനെ ഒത്തുപോകാം?

കൂടെപ്പിറപ്പുകളുമായി എങ്ങനെയുള്ള ഒരു ബന്ധമാണ്‌ നിങ്ങൾക്കുള്ളത്‌?

_____ ഉറ്റസുഹൃത്തുക്കളാണ്‌

_____ വലിയ കുഴപ്പമില്ലാതെ പോകുന്നു

_____ പരസ്‌പരം സഹിക്കുന്നു

_____ ഏതു സമയവും വഴക്കടിക്കും

ചിലർക്ക്‌ കൂടെപ്പിറപ്പുകളുമായി നല്ല അടുപ്പമാണ്‌. 19 വയസ്സുള്ള ഫെലിഷ്യ പറയുന്നു: “എന്റെ അനിയത്തി ഐറിനയ്‌ക്ക്‌ 16 വയസ്സുണ്ട്‌. ഞങ്ങൾ നല്ല ഫ്രണ്ട്‌സാണ്‌.” * 17 വയസ്സുള്ള കാർലി 20 വയസ്സുള്ള ചേട്ടനെക്കുറിച്ച്‌ പറയുന്നത്‌ ഇതാണ്‌: “ഞങ്ങൾ ഒരിക്കലും വഴക്കിടാറില്ല. ഞങ്ങൾക്ക്‌ ഒത്തുപോകാൻ ഒരു ബുദ്ധിമുട്ടുമില്ല.”

എന്നാൽ പലരുടെയും കാര്യം അതല്ല. ഉദാഹരണത്തിന്‌, ലോറന്റെയും മാർലയുടെയും കാര്യമെടുക്കാം. “തൊട്ടതിനും പിടിച്ചതിനുമൊക്കെ ഞങ്ങൾ വഴക്കിടും,” ലോറൻ പറയുന്നു. 12-കാരിയായ ആലിസ്‌ 14-കാരനായ ചേട്ടനെക്കുറിച്ചു പറയുന്നത്‌ ഇങ്ങനെയാണ്‌: “എന്നെ ദേഷ്യംപിടിപ്പിക്കലാണ്‌ അവന്റെ പണി. എന്റെ മുറിയിലേക്ക്‌ പാഞ്ഞുവന്ന്‌ ഓരോ സാധനങ്ങൾ എടുത്തുകൊണ്ടുപോകും. എന്നിട്ട്‌ തിരിച്ചു തരുകയുമില്ല. ഇത്ര പ്രായമായിട്ടും അവന്‌ ഒരു പക്വതയും വന്നിട്ടില്ല.”

ഇതുപോലെ ദേഷ്യംപിടിപ്പിക്കുന്ന ഒരു സഹോദരനോ സഹോദരിയോ നിങ്ങൾക്കുണ്ടോ? വീട്ടിൽ സമാധാനപരമായ അന്തരീക്ഷം സൃഷ്ടിക്കാനുള്ള പ്രധാന ഉത്തരവാദിത്വം മാതാപിതാക്കൾക്കാണ്‌ എന്നതു ശരിതന്നെ. എന്നാൽ നിങ്ങളും അതിനായി ചിലതു ചെയ്യണം. കാരണം, എപ്പോഴാണെങ്കിലും മറ്റുള്ളവരുമായി ഒത്തുപോകാൻ നാം പഠിച്ചേ മതിയാകൂ. അതിനുള്ള പരിശീലനം വീട്ടിൽനിന്നുതന്നെ തുടങ്ങാം.

നിങ്ങളുടെ അനുജനുമായോ അനുജത്തിയുമായോ ഉണ്ടാകാറുള്ള വഴക്കുകളെക്കുറിച്ചു ചിന്തിക്കുക. ഏതു കാര്യത്തെച്ചൊല്ലിയാണ്‌ നിങ്ങൾ വഴക്കിടാറുള്ളത്‌? താഴെക്കൊടുത്തിരിക്കുന്ന കാരണങ്ങൾ നോക്കി നിങ്ങളുടെ കാര്യത്തിൽ ശരിയാണെന്നു തോന്നുന്നതിനുനേരെ ✔ ഇടുക. വേറെ ഏതെങ്കിലും കാരണമാണെങ്കിൽ അത്‌ എഴുതുക.

സാധനങ്ങൾ. എന്റെ സാധനങ്ങൾ എന്നോടു ചോദിക്കാതെ എടുത്തുകൊണ്ടുപോകുന്നു.

വ്യക്തിത്വ ഭിന്നതകൾ. സ്വാർഥത കാണിക്കുന്നു; എന്റെ കാര്യങ്ങളിൽ ഇടപെട്ട്‌ എന്നെ നിയന്ത്രിക്കാൻ നോക്കുന്നു.

സ്വകാര്യത. വാതിലിൽ മുട്ടാതെ മുറിയിലേക്ക്‌ തള്ളിക്കയറിവരും. എന്നോടു ചോദിക്കാതെ, എനിക്കു വരുന്ന ഇ-മെയിലുകളും മെസ്സേജുകളും വായിക്കും.

മറ്റു കാരണങ്ങൾ. .....

നിങ്ങളുടെ സ്വകാര്യതയിൽ ഇടപെടുകയോ നിങ്ങളെ ഭരിക്കാൻ ശ്രമിക്കുകയോ ചെയ്യുന്ന സഹോദരനുമായോ സഹോദരിയുമായോ ഒത്തുപോകാൻ അത്ര എളുപ്പമല്ല. എന്നുകരുതി അവരോട്‌ നീരസം വെച്ചുകൊണ്ടിരിക്കാമോ? ബൈബിൾ പറയുന്നത്‌ ശ്രദ്ധിക്കുക: “പാൽ കടഞ്ഞാൽ വെണ്ണയുണ്ടാകും; മൂക്കു ഞെക്കിയാൽ ചോര വരും; കോപം ഇളക്കിയാൽ വഴക്കുണ്ടാകും.” (സദൃശവാക്യങ്ങൾ 30:33) അതെ, മനസ്സിൽ കോപം വെച്ചുകൊണ്ടിരുന്നാൽ തീർച്ചയായും ഒരു പൊട്ടിത്തെറിയുണ്ടാകും. ഇത്‌ ബന്ധം കൂടുതൽ വഷളാക്കുകയേ ഉള്ളൂ. (സദൃശവാക്യങ്ങൾ 26:21) അങ്ങനെയെങ്കിൽ മനസ്സിൽ തോന്നുന്ന ചെറിയചെറിയ നീരസങ്ങൾ പൊട്ടിത്തെറിയിൽ കലാശിക്കാതിരിക്കാൻ എന്തു ചെയ്യാനാകും? നിങ്ങൾക്കിടയിൽ പ്രശ്‌നങ്ങളുണ്ടാകുന്നതിന്റെ അടിസ്ഥാന കാരണം തിരിച്ചറിയുന്നതാണ്‌ ആദ്യപടി.

പ്രശ്‌നവും കാരണവും

കൂടെപ്പിറപ്പുകൾ തമ്മിലുണ്ടാകുന്ന പ്രശ്‌നങ്ങൾ മുഖക്കുരുപോലെയാണെന്നു പറയാം. തൊലിക്കടിയിൽ അണുബാധയുണ്ടെന്നുള്ളതിന്റെ സൂചനയാണ്‌ ആ കുരു. അതുപോലെ കൂടെപ്പിറപ്പുകൾ തമ്മിലുള്ള പ്രശ്‌നങ്ങൾക്ക്‌ ഒരു അടിസ്ഥാന കാരണം ഉണ്ടായിരിക്കും.

മുഖക്കുരു വേണമെങ്കിൽ ഞെക്കിപ്പൊട്ടിച്ചു കളയാം. എന്നാൽ അതുകൊണ്ട്‌ കാര്യമില്ല. മുഖത്തു പാട്‌ അവശേഷിക്കുമെന്നു മാത്രമല്ല, അത്‌ അണുബാധ രൂക്ഷമാക്കുകയും ചെയ്യും. ഏറ്റവും നല്ല മാർഗം അടിസ്ഥാന പ്രശ്‌നമായ അണുബാധ ചികിത്സിച്ചു മാറ്റുന്നതാണ്‌. അത്‌ കൂടുതൽ മുഖക്കുരു ഉണ്ടാകുന്നത്‌ തടയും. കൂടെപ്പിറപ്പുകൾ തമ്മിലുള്ള പ്രശ്‌നങ്ങളുടെ കാര്യത്തിലും ഇങ്ങനെ ചെയ്യുന്നതാണ്‌ ഉത്തമം. അടിസ്ഥാന കാരണം മനസ്സിലാക്കാൻ ശ്രമിക്കുക, അപ്പോൾ പ്രശ്‌നം വേരോടെ പിഴുതുകളയാനാകും. “മനുഷ്യന്റെ വിവേകം അവനു ദീർഘക്ഷമ നൽകുന്നു” എന്ന്‌ ശലോമോൻ രാജാവ്‌ എഴുതി. ഈ വാക്യം പറയുന്നതുപോലെ വിവേകത്തോടെ കാര്യങ്ങളെ കാണാൻ ശ്രമിക്കുക. അപ്പോൾ പൊട്ടിത്തെറികൾ ഒഴിവാക്കാനാകും.—സദൃശവാക്യങ്ങൾ 19:11, ന്യൂ ഇൻഡ്യ ബൈബിൾ ഭാഷാന്തരം.

മുകളിൽ പരാമർശിച്ച ആലിസ്‌ തന്റെ ചേട്ടനെക്കുറിച്ച്‌ പറഞ്ഞത്‌ ഓർക്കുന്നില്ലേ? അവളുടെ ചേട്ടൻ അനുവാദം കൂടാതെ അവളുടെ മുറിയിൽ കയറി സാധനങ്ങൾ എടുത്തുകൊണ്ടുപോകുന്നു എന്നതായിരുന്നല്ലോ അവളുടെ പരാതി. പ്രശ്‌നത്തിനു പിന്നിലെ കാരണം എന്താണെന്നു നമുക്കു നോക്കാം. *

ആലിസിനു വേണമെങ്കിൽ ചേട്ടനോട്‌ ഒരിക്കലും തന്റെ മുറിയിൽ വരുകയോ തന്റെ സാധനങ്ങൾ എടുക്കുകയോ ചെയ്യരുതെന്ന്‌ കർശനമായി പറയാം. പക്ഷേ പ്രശ്‌നത്തിന്റെ യഥാർഥ കാരണത്തിന്‌ അതൊരു പരിഹാരമാകുന്നില്ല; കൂടുതൽ ശണ്‌ഠകളിലേക്ക്‌ അത്‌ വഴിതെളിക്കുകയും ചെയ്യും. എന്നാൽ തന്റെ സ്വകാര്യതയെ മാനിക്കണമെന്നും തന്റെ സാധനങ്ങൾ എടുക്കുന്നതിനുമുമ്പ്‌ തന്നോടൊന്ന്‌ പറയണമെന്നും സ്‌നേഹപൂർവം ചേട്ടനെ പറഞ്ഞുമനസ്സിലാക്കിയാൽ പ്രശ്‌നം തീരാവുന്നതേയുള്ളൂ.

പ്രശ്‌നങ്ങൾ ഒഴിവാക്കാൻ അല്ലെങ്കിൽ പരിഹരിക്കാൻ പഠിക്കുക

നിങ്ങൾക്കിരുവർക്കും ഇടയിലെ പ്രശ്‌നമെന്താണെന്ന്‌ തിരിച്ചറിയുന്നത്‌ പ്രശ്‌നപരിഹാരത്തിന്റെ ഒരു വശം മാത്രമേ ആകുന്നുള്ളൂ. എന്നാൽ പ്രശ്‌നം പരിഹരിക്കാനും പിന്നെയങ്ങോട്ട്‌ അതുണ്ടാകാതെ നോക്കാനും നിങ്ങൾക്ക്‌ എന്തു ചെയ്യാനാകും? താഴെ കൊടുത്തിരിക്കുന്ന ആറു പടികൾ പരീക്ഷിച്ചുനോക്കുക.

1. ഇരുകൂട്ടർക്കും യോജിക്കാവുന്ന വ്യവസ്ഥകൾ വെക്കുക. നിങ്ങൾക്കിടയിൽ വഴക്കുണ്ടാകാറുള്ളത്‌ എന്തിനെച്ചൊല്ലിയാണെന്ന്‌ ചിന്തിക്കുക. എന്നിട്ട്‌ അതു സംബന്ധിച്ച്‌ എന്തു ചെയ്യാം എന്ന്‌ തമ്മിൽ ആലോചിച്ച്‌ ഇരുകൂട്ടർക്കും യോജിക്കാവുന്ന വ്യവസ്ഥകൾ വെക്കുക. ഇതു പ്രധാനമാണ്‌. കാരണം, “ആലോചന ഇല്ലാഞ്ഞാൽ ഉദ്ദേശങ്ങൾ സാധിക്കാതെപോകുന്നു” എന്ന്‌ ശലോമോൻ രാജാവ്‌ എഴുതി. (സദൃശവാക്യങ്ങൾ 15:22) ഉദാഹരണത്തിന്‌, സാധനങ്ങൾ ചോദിക്കാതെ എടുക്കുന്നതാണ്‌ പ്രശ്‌നമെങ്കിൽ ഇങ്ങനെ ചില വ്യവസ്ഥകൾ വെക്കാം: (1) “മറ്റുള്ളവരുടെ സാധനങ്ങൾ അനുവാദം ചോദിക്കാതെ എടുക്കരുത്‌.” (2) “‘സോറി, എനിക്ക്‌ അതു തരാൻ പറ്റില്ല’ എന്നു നിങ്ങളുടെ സഹോദരനോ സഹോദരിയോ പറഞ്ഞാൽ അതു മാനിക്കുക.” ഇങ്ങനെയുള്ള വ്യവസ്ഥകൾ വെക്കുമ്പോൾ യേശുവിന്റെ പിൻവരുന്ന വാക്കുകൾ മനസ്സിൽപ്പിടിക്കുകയും വേണം: “മറ്റുള്ളവർ നിങ്ങൾക്കു ചെയ്യണമെന്ന്‌ നിങ്ങൾ ആഗ്രഹിക്കുന്നതൊക്കെയും നിങ്ങൾ അവർക്കും ചെയ്യുവിൻ.” (മത്തായി 7:12) അങ്ങനെയാകുമ്പോൾ ഇരുകൂട്ടർക്കും പാലിക്കാൻ എളുപ്പമുള്ള വ്യവസ്ഥയായിരിക്കും നിങ്ങൾ വെക്കുക. വ്യവസ്ഥ ഉണ്ടാക്കിയതിനുശേഷം അത്‌ ഉചിതമാണോ എന്നറിയാൻ മാതാപിതാക്കളോടു ചോദിക്കുക.—എഫെസ്യർ 6:1.

2. ആദ്യം നിങ്ങൾതന്നെ വ്യവസ്ഥ പാലിക്കണം. പൗലോസ്‌ അപ്പൊസ്‌തലൻ ഇങ്ങനെ എഴുതി: ‘ഹേ, അന്യനെ ഉപദേശിക്കുന്നവനേ, നീ നിന്നെത്തന്നെ ഉപദേശിക്കാത്തതെന്ത്‌? “മോഷ്ടിക്കരുത്‌” എന്നു പ്രസംഗിക്കുന്ന നീ മോഷ്ടിക്കുന്നുവോ?’ (റോമർ 2:21) ഈ തത്ത്വം നിങ്ങൾക്ക്‌ എങ്ങനെ ബാധകമാക്കാം? സഹോദരനോ സഹോദരിയോ നിങ്ങളുടെ സ്വകാര്യത മാനിക്കണമെന്ന്‌ നിങ്ങൾ ആഗ്രഹിക്കുന്നെങ്കിൽ നിങ്ങളും അവരുടെ മുറിയിൽ മുട്ടാതെ ചെല്ലുകയോ അനുവാദമില്ലാതെ അവരുടെ ഇ-മെയിലുകളും മെസ്സേജുകളും വായിക്കുകയോ ചെയ്യരുത്‌.

3. പെട്ടെന്നു പിണങ്ങരുത്‌. എന്തുകൊണ്ട്‌? “വേഗത്തിൽ . . . കോപിക്കുന്നത്‌ ഭോഷത്തമാണ്‌” എന്ന്‌ ബൈബിൾ പറയുന്നു. (സഭാപ്രസംഗി 7:9, പരിശുദ്ധ ബൈബിൾ: ഈസി-റ്റു-റീഡ്‌ വേർഷൻ) പെട്ടെന്നു പിണങ്ങുന്ന പ്രകൃതമാണ്‌ നിങ്ങളുടേതെങ്കിൽ ജീവിതം ഒട്ടും സന്തോഷമുള്ളതായിരിക്കില്ല. നിങ്ങൾക്ക്‌ അസ്വസ്ഥയുണ്ടാക്കുന്ന കാര്യങ്ങൾ നിങ്ങളുടെ കൂടെപ്പിറപ്പുകൾ പറയുകയോ പ്രവർത്തിക്കുകയോ ചെയ്യും. അപ്പോൾ സ്വയം ചോദിക്കുക: ‘എപ്പോഴെങ്കിലും ഞാൻ അവനോട്‌/അവളോട്‌ അങ്ങനെ ചെയ്‌തിട്ടുണ്ടോ?’ (മത്തായി 7:1-5) ജെന്നി പറയുന്നു: “എനിക്ക്‌ 13 വയസ്സുള്ളപ്പോൾ, ഞാൻ പറയുന്നതാണ്‌ എപ്പോഴും ശരി, മറ്റുള്ളവർ അത്‌ കേൾക്കണം എന്നൊക്കെ ഞാൻ ചിന്തിച്ചിരുന്നു. ഇപ്പോൾ എന്റെ അനുജത്തിക്ക്‌ ഏതാണ്ട്‌ ആ പ്രായമാണ്‌. അതുകൊണ്ട്‌ അവൾ എന്തെങ്കിലും പറയുമ്പോൾ ദേഷ്യപ്പെടാതിരിക്കാൻ ഞാൻ ശ്രദ്ധിക്കാറുണ്ട്‌.”

4. പൊറുക്കുക, മറക്കുക. ഗൗരവമുള്ള പ്രശ്‌നങ്ങൾ ചർച്ചചെയ്‌ത്‌ പരിഹരിക്കണം എന്നതു ശരിയാണ്‌. എന്നാൽ നിങ്ങളുടെ കൂടെപ്പിറപ്പിന്റെ ഭാഗത്തുനിന്നുണ്ടാകുന്ന ഓരോ നിസ്സാര തെറ്റിനും അവരെ പ്രതിക്കൂട്ടിൽ നിറുത്തി വിസ്‌തരിക്കണമോ? ‘ലംഘനം ക്ഷമിക്കാൻ’ നിങ്ങൾ മനസ്സു കാണിക്കുമ്പോൾ യഹോവയാം ദൈവം അതു വിലമതിക്കും. (സദൃശവാക്യങ്ങൾ 19:11) 19 വയസ്സുകാരിയായ അലിസൻ പറയുന്നു: “എന്തെങ്കിലും പ്രശ്‌നമുണ്ടായാൽ ഞാനും അനിയത്തിയും അത്‌ പറഞ്ഞുതീർക്കും. സോറി പറയാൻ ഞങ്ങൾക്ക്‌ ഒരു മടിയുമില്ല. എന്നിട്ട്‌ പ്രശ്‌നത്തിന്റെ കാരണം എന്തായിരുന്നെന്ന്‌ ഞങ്ങൾ ഒരുമിച്ചിരുന്ന്‌ ചിന്തിക്കും. ചിലപ്പോൾ അന്നുതന്നെ പ്രശ്‌നത്തെക്കുറിച്ച്‌ അവളോട്‌ സംസാരിക്കേണ്ടതില്ലെന്ന്‌ ഞാൻ തീരുമാനിക്കും. പിറ്റേന്ന്‌ ഉറങ്ങിയെണീക്കുമ്പോഴേക്കും മനസ്സിൽനിന്ന്‌ അത്‌ പോയിട്ടുണ്ടാകും. പിന്നെ അതേക്കുറിച്ച്‌ സംസാരിക്കേണ്ടിവരില്ല.”

5. മാതാപിതാക്കളെ ഉൾപ്പെടുത്തുക. നിങ്ങൾ കുട്ടികൾക്ക്‌ തനിയെ പ്രശ്‌നം പരിഹരിക്കാനാകുന്നില്ലെങ്കിൽ മാതാപിതാക്കളെ ഉൾപ്പെടുത്തുക. സമാധാനപരമായ ഒരു ഒത്തുതീർപ്പുണ്ടാക്കാൻ അവർക്കു കഴിഞ്ഞേക്കും. (റോമർ 14:19) ഇനി, മാതാപിതാക്കളുടെ മധ്യസ്ഥത ഇല്ലാതെ പ്രശ്‌നം പരിഹരിക്കാനായാലോ? അത്‌ വലിയൊരു കാര്യമാണ്‌. നിങ്ങൾ പക്വതയിലെത്തി എന്നതിന്റെ ലക്ഷണമാണത്‌.

6. കൂടെപ്പിറപ്പുകളുടെ നല്ല ഗുണങ്ങൾ വിലമതിക്കുക. നിങ്ങൾ ഇഷ്ടപ്പെടുന്ന പല ഗുണങ്ങളും നിങ്ങളുടെ കൂടെപ്പിറപ്പുകൾക്കുണ്ടായിരിക്കാം. ഓരോരുത്തരിലും നിങ്ങൾ ഇഷ്ടപ്പെടുന്ന ഗുണങ്ങൾ താഴെ എഴുതുക.

പേര്‌ ഗുണം

..... .....

എപ്പോഴും അവരുടെ തെറ്റുകളെക്കുറിച്ചു ചിന്തിക്കുന്നതിനു പകരം അവരുടെ നല്ല ഗുണങ്ങളുടെ പേരിൽ അവരെ അനുമോദിക്കാൻ അവസരങ്ങൾ കണ്ടെത്തുക.—സങ്കീർത്തനം 130:3; സദൃശവാക്യങ്ങൾ 15:23.

പിൽക്കാല ജീവിതത്തിൽ ഗുണംചെയ്യും: ഭാവിയിൽ ജോലിസ്ഥലത്തും മറ്റും നിങ്ങളെ ദേഷ്യം പിടിപ്പിക്കുകയോ പരുഷമായി പെരുമാറുകയോ സ്വാർഥത കാണിക്കുകയോ ചെയ്യുന്ന ആളുകളുമായി നിങ്ങൾക്ക്‌ ഇടപെടേണ്ടിവന്നേക്കാം. അങ്ങനെയുള്ളവരോട്‌ എങ്ങനെ ഇടപെടാം എന്ന്‌ പഠിക്കാൻ പറ്റിയ ഏറ്റവും നല്ല വേദിയാണ്‌ ഭവനം. ഒരുവിധത്തിലും ഒത്തുപോകാൻ പറ്റാത്ത ഒരു സഹോദരനോ സഹോദരിയോ നിങ്ങൾക്കുണ്ടോ? ഉണ്ടെങ്കിൽ ഭാവിയിൽ ഗുണംചെയ്യുന്ന ചില സ്വഭാവവിശേഷങ്ങൾ വളർത്തിയെടുക്കാൻ നിങ്ങളുടെ കൂടെപ്പിറപ്പ്‌ നിങ്ങളെ സഹായിക്കുകയാണെന്നു കരുതുക.

കൂടെപ്പിറപ്പുകൾ എല്ലായ്‌പോഴും ഉറ്റസുഹൃത്തുക്കൾ ആയിരിക്കണമെന്നില്ല. ബൈബിൾ അതു സമ്മതിക്കുന്നുണ്ട്‌. (സദൃശവാക്യങ്ങൾ 18:24) എന്നുവരികിലും, പരസ്‌പരം സഹിച്ചും ക്ഷമിച്ചും മുന്നോട്ടു പോകുന്നെങ്കിൽ നിങ്ങൾ കൂടെപ്പിറപ്പുകൾക്കിടയിൽ ഒരു നല്ല ബന്ധം ഉണ്ടായിരിക്കും. (കൊലോസ്യർ 3:13) അങ്ങനെയാകുമ്പോൾ നിങ്ങളെ ദേഷ്യംപിടിപ്പിക്കാൻ അവർ അധികം ശ്രമിക്കില്ല, നിങ്ങൾ തിരിച്ചും. (g10-E 08)

“യുവജനങ്ങൾ ചോദിക്കുന്നു” എന്ന പരമ്പരയിൽനിന്നുള്ള കൂടുതൽ ലേഖനങ്ങൾ www.watchtower.org /ype എന്ന വെബ്‌സൈറ്റിൽ കാണാവുന്നതാണ്‌.

[അടിക്കുറിപ്പുകൾ]

^ ഖ. 8 ചില പേരുകൾ മാറ്റിയിട്ടുണ്ട്‌.

^ ഖ. 20 കൂടുതൽ വിവരങ്ങൾക്ക്‌  താഴെയുള്ള ചതുരം കാണുക.

ചിന്തിക്കാൻ:

● പ്രശ്‌നത്തിന്റെ അടിസ്ഥാന കാരണം മനസ്സിലാക്കുന്നത്‌ പ്രധാനമായിരിക്കുന്നത്‌ എന്തുകൊണ്ട്‌?

● മുകളിൽ കൊടുത്തിരിക്കുന്ന ആറു പടികളിൽ മെച്ചപ്പെടണമെന്ന്‌ നിങ്ങൾക്കു തോന്നുന്നത്‌ ഏതിലാണ്‌?

[27-ാം പേജിലെ ചതുരം]

 യഥാർഥ കാരണം തിരിച്ചറിയുക

കൂടെപ്പിറപ്പുമായി ഉണ്ടാകുന്ന വഴക്കുകൾക്കു പിന്നിലെ കാരണം കണ്ടുപിടിക്കാനുള്ള കഴിവ്‌ മെച്ചപ്പെടുത്തണമെന്നുണ്ടോ? ബൈബിളിലെ ധൂർത്തപുത്രന്റെ ദൃഷ്ടാന്തം വായിക്കുക.—ലൂക്കോസ്‌ 15:11-32.

അനുജൻ മടങ്ങിയെത്തിയപ്പോൾ ജ്യേഷ്‌ഠൻ പ്രതികരിച്ച വിധം മനസ്സിരുത്തിയൊന്നു വായിക്കുക. എന്നിട്ട്‌ പിൻവരുന്ന ചോദ്യങ്ങൾക്ക്‌ ഉത്തരം കണ്ടെത്താൻ ശ്രമിക്കുക.

ജ്യേഷ്‌ഠനെ ദേഷ്യം പിടിപ്പിച്ച സംഭവം എന്തായിരുന്നു?

ആ പ്രതികരണത്തിന്റെ അടിസ്ഥാന കാരണം എന്തായിരിക്കാം?

പിതാവ്‌ ആ പ്രശ്‌നം പരിഹരിച്ചത്‌ എങ്ങനെയാണ്‌?

പ്രശ്‌നം പരിഹരിക്കാൻ ജ്യേഷ്‌ഠൻ എന്തു ചെയ്യണമായിരുന്നു?

ഇനി, നിങ്ങളുടെ സഹോദരനുമായി/ സഹോദരിയുമായി അടുത്തിടെ ഉണ്ടായ ഒരു വഴക്കിനെപ്പറ്റി ചിന്തിക്കുക. എന്നിട്ട്‌ പിൻവരുന്ന ചോദ്യങ്ങൾക്ക്‌ ഉത്തരം എഴുതാൻ ശ്രമിക്കുക.

നിങ്ങളെ ദേഷ്യം പിടിപ്പിച്ച സംഭവം എന്തായിരുന്നു?

അതിന്റെ അടിസ്ഥാന കാരണം എന്തായിരിക്കാം?

പ്രശ്‌നം പരിഹരിക്കാനും ഇനി ഇത്തരത്തിലുള്ള വഴക്കുകൾ ഉണ്ടാകാതിരിക്കാനും കൂടെപ്പിറപ്പുമായി എന്തു വ്യവസ്ഥകൾ വെക്കണമെന്നാണ്‌ നിങ്ങൾക്കു തോന്നുന്നത്‌?

[28-ാം പേജിലെ ചതുരം/ചിത്രങ്ങൾ]

നിങ്ങളുടെ സമപ്രായക്കാർ പറയുന്നത്‌

“ജീവിതകാലം മുഴുവൻ എന്റെ അനിയത്തിമാർ എന്റെ കൂട്ടുകാരായിരിക്കണമെന്ന്‌ എനിക്കുണ്ട്‌. ആ ആഗ്രഹം നടക്കണമെങ്കിൽ ഇപ്പോൾത്തന്നെ ഞാൻ അതിനുവേണ്ടി ശ്രമിച്ചുതുടങ്ങണം.”

“ഞങ്ങൾ കുടുംബം ഒന്നിച്ചാണ്‌ എല്ലാം ചെയ്യുന്നത്‌. അത്‌ ഞങ്ങളെ അടുപ്പിച്ചുനിറുത്തുന്നു. മുമ്പത്തെയത്ര വഴക്കും വാശിയുമൊന്നും ഇപ്പോൾ ഞങ്ങളുടെ ഇടയിലില്ല.”

“ഞങ്ങൾ രണ്ടും രണ്ടുസ്വഭാവക്കാരാണ്‌. ഞങ്ങളുടെ ഇഷ്ടാനിഷ്ടങ്ങൾ തമ്മിലും വലിയ അന്തരമുണ്ട്‌. എങ്കിലും എന്റെ അനിയത്തി എന്റെ എല്ലാമാണ്‌. ആരും അവൾക്കു പകരമാവില്ല.”

“എന്റെ അനിയനും അനിയത്തിയും! എന്റെ എല്ലാ നല്ല ഓർമകളിലും അവരുണ്ട്‌! എനിക്ക്‌ ഒന്നേ പറയാനുള്ളൂ: നിങ്ങൾക്കു കൂടെപ്പിറപ്പുകളുണ്ടെങ്കിൽ ഒരിക്കലും അവരെ വിലകുറച്ച്‌ കാണരുത്‌!”

[ചിത്രങ്ങൾ]

റ്റിയ

ബിയാങ്ക

സമന്ത

മെർളിൻ

[27-ാം പേജിലെ ചിത്രം]

കൂടെപ്പിറപ്പുകൾ തമ്മിലുണ്ടാകുന്ന പ്രശ്‌നങ്ങൾ മുഖക്കുരുപോലെയാണെന്നു പറയാം; അതു പരിഹരിക്കാനുള്ള ഏറ്റവും നല്ല മാർഗം അടിസ്ഥാന പ്രശ്‌നമായ അണുബാധ ചികിത്സിച്ചു മാറ്റുന്നതാണ്‌