വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

‘മറ്റേ ചെകിട്‌ കാണിച്ചുകൊടുക്കുക’ എന്നതിന്റെ അർഥമെന്ത്‌?

‘മറ്റേ ചെകിട്‌ കാണിച്ചുകൊടുക്കുക’ എന്നതിന്റെ അർഥമെന്ത്‌?

ബൈബിളിന്റെ വീക്ഷണം

‘മറ്റേ ചെകിട്‌ കാണിച്ചുകൊടുക്കുക’ എന്നതിന്റെ അർഥമെന്ത്‌?

തന്റെ വിഖ്യാതമായ ഗിരിപ്രഭാഷണത്തിൽ യേശുക്രിസ്‌തു ഇപ്രകാരം പറഞ്ഞു: “ദുഷ്ടനോട്‌ എതിർത്തുനിൽക്കരുത്‌; നിന്റെ വലത്തെ ചെകിട്ടത്ത്‌ അടിക്കുന്നവന്‌ മറ്റേ ചെകിടും കാണിച്ചുകൊടുക്കുക.”—മത്തായി 5:39.

എന്താണ്‌ ആ വാക്കുകളുടെ അർഥം? ഉപദ്രവങ്ങൾ ഉണ്ടാകുമ്പോൾ ക്രിസ്‌ത്യാനികൾ കൈയും കെട്ടിനിന്ന്‌ അതെല്ലാം ഏറ്റുവാങ്ങണമെന്നാണോ? നിയമ സംരക്ഷണം തേടാതെ എല്ലാം സഹിച്ച്‌ മിണ്ടാതിരിക്കണമെന്നാണോ?

യേശു പറഞ്ഞതിന്റെ അർഥം

യേശുവിന്റെ വാക്കുകളുടെ അർഥം മനസ്സിലാക്കാൻ ഏതു സന്ദർഭത്തിൽ, ആരോടാണ്‌ അവൻ അതു പറഞ്ഞതെന്ന്‌ ചിന്തിക്കുന്നത്‌ നന്നായിരിക്കും. “‘കണ്ണിനു കണ്ണ്‌, പല്ലിനു പല്ല്‌’ എന്നു പറഞ്ഞിട്ടുള്ളതു നിങ്ങൾ കേട്ടിട്ടുണ്ടല്ലോ” എന്നു പറഞ്ഞിട്ടാണ്‌ യേശു മേൽപ്പറഞ്ഞ ഉപദേശം നൽകിയത്‌. അതെ, എബ്രായ തിരുവെഴുത്തുകളിലെ ആ നിയമം അവന്റെ ശ്രോതാക്കൾക്ക്‌ നന്നായി അറിയാമായിരുന്നു.—മത്തായി 5:38.

പുറപ്പാടു 21:24, ലേവ്യപുസ്‌തകം 24:20 എന്നീ വാക്യങ്ങളാണ്‌ യേശു ആ അവസരത്തിൽ പരാമർശിച്ചത്‌. ദൈവത്തിന്റെ ന്യായപ്രമാണത്തിലെ “കണ്ണിന്നു പകരം കണ്ണ്‌” എന്ന നിയമം നടപ്പാക്കിയിരുന്നത്‌ കുറ്റാരോപിതനായ വ്യക്തിയെ പുരോഹിതന്മാരുടെയും ന്യായാധിപന്മാരുടെയും മുമ്പാകെ വിചാരണ ചെയ്‌തതിനുശേഷമായിരുന്നു എന്നത്‌ ശ്രദ്ധേയമാണ്‌. അയാൾ തെറ്റു ചെയ്യാനുണ്ടായ സാഹചര്യം എന്തായിരുന്നു, അയാൾ അത്‌ മനപ്പൂർവം ചെയ്‌തതായിരുന്നോ എന്നിങ്ങനെയുള്ള കാര്യങ്ങൾ വിചാരണവേളയിൽ വിലയിരുത്തപ്പെടുമായിരുന്നു.—ആവർത്തനപുസ്‌തകം 19:15-21.

കാലാന്തരത്തിൽ യഹൂദന്മാർ തങ്ങളുടെ ഇഷ്ടത്തിനൊത്ത്‌ ഈ നിയമത്തെ വളച്ചൊടിച്ചു. 19-ാം നൂറ്റാണ്ടിലെ ഒരു ബൈബിൾ പണ്ഡിതനായ ആഡം ക്ലാർക്ക്‌ ഇങ്ങനെ പറയുന്നു: “യഹൂദന്മാർ ഈ നിയമത്തെ (കണ്ണിന്നു പകരം കണ്ണ്‌, പല്ലിന്നു പകരം പല്ല്‌) നീരസം വെച്ചുകൊണ്ടിരിക്കാനും പ്രതികാരം ചെയ്യാനുമുള്ള ഒരു അടിസ്ഥാനമാക്കി. അവരുടെ പ്രതികാര നടപടികളാകട്ടെ പലപ്പോഴും അതികഠിനമായിരുന്നു. അനുഭവിച്ച ദ്രോഹത്തിന്റെ ഇരട്ടി അവർ തിരിച്ചുകൊടുത്തിരുന്നു.” എന്നാൽ വ്യക്തിവൈരാഗ്യങ്ങൾ വെച്ചുകൊണ്ടിരിക്കാൻ തിരുവെഴുത്തുകൾ ആരെയും അനുവദിച്ചിരുന്നില്ല എന്നതാണ്‌ വാസ്‌തവം.

‘മറ്റേ ചെകിടു കാണിച്ചുകൊടുക്കുക’ എന്ന യേശുവിന്റെ ഉപദേശം ഇസ്രായേലിനു ദൈവം നൽകിയ ന്യായപ്രമാണത്തിന്റെ അന്തഃസത്ത പ്രതിഫലിപ്പിക്കുന്നതായിരുന്നു. ക്രിസ്‌ത്യാനികളെ ആരെങ്കിലും ഒരു ചെകിട്ടത്ത്‌ അടിക്കുന്നപക്ഷം അക്ഷരാർഥത്തിൽ മറ്റേ ചെകിടും കാണിച്ചുകൊടുക്കണം എന്നല്ല യേശു ഉദ്ദേശിച്ചത്‌. ബൈബിൾക്കാലങ്ങളിൽ ഒരു വ്യക്തിയുടെ ചെകിട്ടത്ത്‌ അടിച്ചിരുന്നത്‌ അയാളെ അവഹേളിക്കുന്നതിനുവേണ്ടിയായിരുന്നു. പലപ്പോഴും, അടികിട്ടിയ വ്യക്തി പ്രകോപിതനായി തിരിച്ചടിക്കും.

അതുകൊണ്ട്‌ ചെകിട്ടത്ത്‌ അടിച്ചുകൊണ്ടോ പരിഹസിച്ചുകൊണ്ടോ ഒരു ക്രിസ്‌ത്യാനിയെ ആരെങ്കിലും പ്രകോപിപ്പിക്കാൻ ശ്രമിച്ചാൽ തിരിച്ചടിക്കരുത്‌ എന്നു പറയുകയായിരുന്നു യേശു. തിന്മയ്‌ക്കു പകരം തിന്മ ചെയ്യുമ്പോൾ പലപ്പോഴും എന്താണ്‌ സംഭവിക്കുന്നത്‌? ഒരു പ്രതികാര നടപടി മറ്റൊന്നിന്‌ വഴിവെക്കും. അങ്ങനെ പ്രതികാരം ഒരു തുടർക്കഥയാകും. ക്രിസ്‌ത്യാനികൾ ഇതിൽനിന്നു വിട്ടുനിൽക്കണം.—റോമർ 12:17.

ശലോമോൻ രാജാവിന്റെ പിൻവരുന്ന വാക്കുകളോടു സമാനമായിരുന്നു യേശുവിന്റെ ഉപദേശം: “അവൻ എന്നോടു ചെയ്‌തതുപോലെ ഞാൻ അവനോടു ചെയ്യുമെന്നും ഞാൻ അവന്നു അവന്റെ പ്രവൃത്തിക്കു പകരം കൊടുക്കും എന്നും നീ പറയരുത്‌.” (സദൃശവാക്യങ്ങൾ 24:29) പ്രകോപിപ്പിക്കപ്പെടുമ്പോൾ ഒരു ഏറ്റുമുട്ടലിനു പോകാതിരുന്നുകൊണ്ട്‌ ക്രിസ്‌ത്യാനികൾ ‘മറ്റേ ചെകിട്‌ കാണിച്ചുകൊടുക്കുക’ എന്ന യേശുവിന്റെ ഉപദേശം പിൻപറ്റുന്നു.—ഗലാത്യർ 5:26.

സ്വയരക്ഷയ്‌ക്ക്‌ ശ്രമിക്കുന്നതിൽ തെറ്റുണ്ടോ?

‘മറ്റേ ചെകിട്‌ കാണിച്ചുകൊടുക്കുക’ എന്ന വാക്കുകൾക്ക്‌, ആക്രമിക്കപ്പെടുമ്പോൾ ഒരു ക്രിസ്‌ത്യാനി സ്വയരക്ഷയ്‌ക്കായി ഒന്നും ചെയ്യരുതെന്ന്‌ അർഥമില്ല. നാം പ്രകോപിതരായി പ്രതികാരം ചെയ്യരുതെന്നേ അതിന്‌ അർഥമുള്ളൂ. സാധ്യമെങ്കിൽ, ഒരു ഏറ്റുമുട്ടൽ ഒഴിവാക്കാൻ ക്ഷണത്തിൽ രംഗം വിടുന്നതാണ്‌ ബുദ്ധി. എന്നാൽ അതിനു കഴിയാതെവരുകയും ഉപദ്രവിക്കപ്പെടുമെന്ന്‌ ഉറപ്പാകുകയും ചെയ്‌താൽ നമുക്ക്‌ സ്വയരക്ഷയ്‌ക്കുള്ള വഴികൾ നോക്കാനും പോലീസിന്റെ സഹായം തേടാനും കഴിയും.

യേശുവിന്റെ ആദ്യകാല അനുഗാമികൾ തങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ നിയമസഹായം തേടിയിട്ടുണ്ട്‌. ഉദാഹരണത്തിന്‌, യേശു നൽകിയ ദൗത്യം സ്വാതന്ത്ര്യത്തോടെ നിർവഹിക്കാനുള്ള അവകാശത്തിനായി അപ്പൊസ്‌തലനായ പൗലോസ്‌ നീതിപീഠത്തെ സമീപിച്ചു. (മത്തായി 28:19, 20) ഒരിക്കൽ ഫിലിപ്പി നഗരത്തിൽ സുവിശേഷിച്ചുകൊണ്ടിരിക്കെ പൗലോസിനെയും കൂട്ടാളിയായ ശീലാസിനെയും അധികാരികൾ നിയമലംഘനത്തിന്റെ പേരിൽ അറസ്റ്റു ചെയ്‌തു.

രണ്ടുപേരെയും പരസ്യമായി ചാട്ടവാറിന്‌ അടിച്ച്‌ വിചാരണ കൂടാതെ തടവിലാക്കി. അവസരം വന്നപ്പോൾ പൗലോസ്‌ താൻ റോമാപൗരനാണെന്ന കാര്യം അധികാരികളോടു വെളിപ്പെടുത്തി. പൗലോസിന്റെ റോമൻ പൗരത്വത്തെക്കുറിച്ച്‌ അറിഞ്ഞ അധികാരികൾ മേലധികാരികളിൽനിന്ന്‌ ഉണ്ടായേക്കാവുന്ന നടപടികൾ ഭയന്ന്‌ പ്രശ്‌നങ്ങളൊന്നും ഉണ്ടാക്കാതെ അവിടം വിട്ടുപോകണമെന്ന്‌ പൗലോസിനോടും ശീലാസിനോടും അഭ്യർഥിച്ചു. “സുവിശേഷത്തിന്റെ പ്രതിവാദത്തിലും അതിന്റെ നിയമപരമായ സ്ഥിരീകരണത്തിലും” പൗലോസ്‌ വെച്ച ഈ മാതൃക ക്രിസ്‌ത്യാനികൾക്ക്‌ പിൻപറ്റാനാകും.—പ്രവൃത്തികൾ 16:19-24, 35-40; ഫിലിപ്പിയർ 1:7.

പൗലോസിനെപ്പോലെ യഹോവയുടെ സാക്ഷികൾക്കും പലപ്പോഴും തങ്ങളുടെ ക്രിസ്‌തീയ പ്രവർത്തനം മുന്നോട്ടുകൊണ്ടുപോകാനായി കോടതിയെ സമീപിക്കേണ്ടിവരാറുണ്ട്‌. പൗരന്മാർക്ക്‌ മതസ്വാതന്ത്ര്യം അനുവദിച്ചുകൊടുത്തിട്ടുള്ള രാജ്യങ്ങളിൽപ്പോലും ഇങ്ങനെ ഉണ്ടാകുന്നുണ്ട്‌. അതുപോലെ ആക്രമണ ഭീഷണി ഉണ്ടാകുമ്പോഴും സുരക്ഷിതത്വം അപകടത്തിലാകുമ്പോഴും യഹോവയുടെ സാക്ഷികൾ വെറുതെ നിന്ന്‌ ഉപദ്രവങ്ങൾ ഏറ്റുവാങ്ങാൻ പ്രതീക്ഷിക്കുന്നില്ല. മറ്റു വാക്കുകളിൽ പറഞ്ഞാൽ, ഇങ്ങനെയുള്ള സാഹചര്യങ്ങളിൽ, ‘മറ്റേ ചെകിട്‌ കാണിച്ചുകൊടുക്കാൻ’ അവർ ബാധ്യസ്ഥരല്ല. ആത്മരക്ഷയ്‌ക്കായി അവർക്ക്‌ നിയമസഹായം തേടാം.

അവകാശങ്ങൾ സ്ഥാപിച്ചുകിട്ടാൻ യഹോവയുടെ സാക്ഷികൾ ആവശ്യമായ നിയമനടപടികൾ സ്വീകരിക്കും. അതേസമയം, എപ്പോഴും ഉദ്ദേശിക്കുന്ന ഫലം ലഭിക്കില്ലെന്നും അവർക്ക്‌ അറിയാം. അതുകൊണ്ട്‌ അങ്ങനെയുള്ളപ്പോൾ അവർ യേശുവിനെപ്പോലെ കാര്യങ്ങൾ ദൈവത്തിന്റെ കൈയിലേൽപ്പിക്കും. എല്ലാം അറിയുന്നവനായ ദൈവം തികഞ്ഞ നീതിയോടെ പ്രവർത്തിക്കുമെന്ന്‌ അവർക്ക്‌ ഉറപ്പുണ്ട്‌. (മത്തായി 26:51-53; യൂദാ 9) അതെ, പ്രതികാരം യഹോവയ്‌ക്കുള്ളതാണെന്ന്‌ സത്യക്രിസ്‌ത്യാനികൾ എപ്പോഴും ഓർക്കുന്നു.—റോമർ 12:17-19. (g10-E 09)

നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ?

● ക്രിസ്‌ത്യാനികൾ എന്ത്‌ ഒഴിവാക്കണം?—റോമർ 12:17.

● സ്വയരക്ഷയ്‌ക്കായി നിയമസഹായം തേടുന്നത്‌ ബൈബിൾ വിലക്കുന്നുണ്ടോ?—ഫിലിപ്പിയർ 1:7.

● യേശുവിന്‌ തന്റെ പിതാവിൽ എന്തു വിശ്വാസമുണ്ടായിരുന്നു?—മത്തായി 26:51-53.