വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ആളുകൾ സാധാരണ ചോദിക്കാറുള്ള ചോദ്യങ്ങൾ

ആളുകൾ സാധാരണ ചോദിക്കാറുള്ള ചോദ്യങ്ങൾ

ആളുകൾ സാധാരണ ചോദിക്കാറുള്ള ചോദ്യങ്ങൾ

ചില ആളുകൾ യഹോവയുടെ സാക്ഷികൾക്കു വിരോധമായി സംസാരിക്കുന്നത്‌ എന്തുകൊണ്ട്‌?

യഹോവയുടെ സാക്ഷികളുടെ വിശ്വാസങ്ങൾ എന്താണെന്ന്‌ ഇവരിൽ പലർക്കും അറിയില്ല എന്നതാണ്‌ വാസ്‌തവം. മറ്റുചിലർക്ക്‌ സാക്ഷികളുടെ സുവിശേഷ പ്രവർത്തനം ഇഷ്ടമല്ലായിരിക്കാം. വാസ്‌തവത്തിൽ അയൽക്കാരോടുള്ള നിസ്സ്വാർഥമായ സ്‌നേഹംകൊണ്ടാണ്‌ സാക്ഷികൾ ഈ വേല ചെയ്യുന്നത്‌. കാരണം, ‘യഹോവയുടെ നാമം വിളിച്ചപേക്ഷിക്കുന്നവർ’ മാത്രമേ ‘രക്ഷിക്കപ്പെടുകയുള്ളൂ’ എന്ന്‌ അവർക്കറിയാം.—റോമർ 10:13.

യഹോവയുടെ സാക്ഷികൾ പ്രൊട്ടസ്റ്റന്റുകാരോ മതമൗലികവാദികളോ അവാന്തരവിഭാഗമോ ആണോ?

യഹോവയുടെ സാക്ഷികൾ ക്രിസ്‌ത്യാനികളാണ്‌. പക്ഷേ അവർ പ്രൊട്ടസ്റ്റന്റുകാരുമല്ല, കത്തോലിക്കരുമല്ല. ഈ മതവിഭാഗങ്ങളുടെ ചില ഉപദേശങ്ങൾ ബൈബിൾ വിരുദ്ധമാണെന്ന്‌ അവർ വിശ്വസിക്കുന്നു. ഉദാഹരണത്തിന്‌, കരുണാമയനും സ്‌നേഹവാനുമായ ദൈവം ആളുകളെ അഗ്നിനരകത്തിൽ നിത്യമായി ദണ്ഡിപ്പിക്കുന്നു എന്നത്‌ ബൈബിളിൽ ഇല്ലാത്ത ഒരു ആശയമാണ്‌. മനുഷ്യന്‌ അമർത്യമായ ഒരു ദേഹിയോ ആത്മാവോ ഉള്ളതായി ബൈബിൾ പറയുന്നില്ല. അതുപോലെ, ക്രിസ്‌ത്യാനികൾ രാഷ്‌ട്രീയ കാര്യങ്ങളിൽ ഉൾപ്പെടണമെന്നും ബൈബിൾ പഠിപ്പിക്കുന്നില്ല.—യെഹെസ്‌കേൽ 18:4; യോഹന്നാൻ 15:19; 17:14; റോമർ 6:23. *

“ഐക്യനാടുകളിൽ ഉയിർകൊണ്ട യാഥാസ്ഥിതിക പ്രൊട്ടസ്റ്റന്റ്‌ പ്രസ്ഥാനമാണ്‌ മതമൗലികവാദം” എന്ന്‌ ദ വേൾഡ്‌ ബുക്ക്‌ എൻസൈക്ലോപീഡിയ പറയുന്നു. ചില മതമൗലികവാദ സംഘടനകൾ “ബൈബിൾ വാക്യങ്ങളിൽ ചിലത്‌ അക്ഷരാർഥത്തിലെടുക്കുകയും അതിന്റെ അടിസ്ഥാനത്തിൽ രാഷ്‌ട്രീയ-സാമൂഹിക കാര്യങ്ങളിൽ ഉൾപ്പെടുകയും ചെയ്യുന്നു.” എന്നാൽ യഹോവയുടെ സാക്ഷികളുടെ നിലപാട്‌ അതല്ല. അവർ രാഷ്‌ട്രീയ കാര്യങ്ങളിൽ ഉൾപ്പെടുന്നില്ലെന്നു മാത്രമല്ല, രാഷ്‌ട്രീയ മാർഗങ്ങൾ ഉപയോഗിച്ചോ മറ്റേതെങ്കിലും വിധത്തിലൂടെയോ തങ്ങളുടെ വീക്ഷണങ്ങൾ മറ്റുള്ളവരുടെമേൽ അടിച്ചേൽപ്പിക്കാനും ശ്രമിക്കുന്നില്ല. പകരം ആദ്യകാല ക്രിസ്‌ത്യാനികളെ അനുകരിക്കാനാണ്‌ യഹോവയുടെ സാക്ഷികൾ ശ്രമിക്കുന്നത്‌. മറ്റുള്ളവരുടെ വീക്ഷണങ്ങളെ മാനിക്കുന്ന അവർ ആളുകളെ വ്യക്തിപരമായി കണ്ട്‌, തങ്ങൾക്കു പറയാനുള്ള കാര്യങ്ങൾ യുക്തിസഹമായി, തെളിവുകളുടെ അടിസ്ഥാനത്തിൽ അവതരിപ്പിക്കുന്നു.—പ്രവൃത്തികൾ 19:8.

ഒരു മതത്തിനുള്ളിൽത്തന്നെ വിഘടിച്ചു നിൽക്കുന്ന ഒരു ഗ്രൂപ്പിനെയോ അല്ലെങ്കിൽ ഒരു മതത്തിൽനിന്ന്‌ വേറിട്ടുപോയി പുതിയൊരു മതശാഖയായിത്തീരുന്ന ഗ്രൂപ്പിനെയോ ആണ്‌ അവാന്തരവിഭാഗം (sect) എന്നു പറയുന്നത്‌. യഹോവയുടെ സാക്ഷികൾ ഏതെങ്കിലും സഭകളിൽനിന്ന്‌ വിഘടിച്ചു വന്നവരല്ല. അതുകൊണ്ട്‌ അവർ ഒരു അവാന്തരവിഭാഗമല്ല.

യഹോവയുടെ സാക്ഷികളുടെ യോഗങ്ങളിൽ എന്താണു നടക്കുന്നത്‌ ?

അവരുടെ യോഗങ്ങളിൽ പൊതുജനങ്ങൾക്ക്‌ പ്രവേശനമുണ്ട്‌. പ്രധാനമായും ബൈബിളിന്റെ പഠനമാണ്‌ അവിടെ നടക്കുന്നത്‌. പലപ്പോഴും സദസ്യർക്കും ചർച്ചയിൽ പങ്കുപറ്റാൻ അവസരമുണ്ട്‌. വാരംതോറുമുള്ള അവരുടെ യോഗങ്ങളിലൊന്ന്‌ ദിവ്യാധിപത്യ ശുശ്രൂഷാസ്‌കൂൾ എന്ന്‌ അറിയപ്പെടുന്നു. സഭാംഗങ്ങളിൽ വായനാപ്രാപ്‌തിയും പഠിപ്പിക്കൽ പ്രാപ്‌തിയും വിവരങ്ങൾ ഗവേഷണം ചെയ്‌തു കണ്ടുപിടിക്കാനുള്ള കഴിവും വളർത്തിയെടുക്കാൻ ഉദ്ദേശിച്ചുള്ളതാണിത്‌. 30 മിനിട്ടു നേരത്തേക്കുള്ള ഒരു ബൈബിളധിഷ്‌ഠിത പ്രസംഗമാണ്‌ മറ്റൊരു യോഗം. പൊതുജനങ്ങൾക്ക്‌ പ്രയോജനം ചെയ്യുന്ന വിഷയങ്ങളായിരിക്കും ഈ പ്രസംഗങ്ങളിൽ ചർച്ച ചെയ്യപ്പെടുന്നത്‌. അതിനെത്തുടർന്ന്‌ വീക്ഷാഗോപുരം എന്ന മാസികയിൽനിന്നുള്ള ഒരു ബൈബിളധിഷ്‌ഠിത ലേഖനം പഠിക്കുന്നതായിരിക്കും. ഗീതത്തോടും പ്രാർഥനയോടും കൂടെയാണ്‌ യോഗങ്ങൾ തുടങ്ങുന്നതും അവസാനിക്കുന്നതും. ഈ യോഗങ്ങളിൽ പണപ്പിരിവില്ല.—2 കൊരിന്ത്യർ 8:12.

സാക്ഷികളുടെ പ്രവർത്തനത്തിന്‌ സാമ്പത്തിക പിന്തുണ ലഭിക്കുന്നത്‌ എവിടെനിന്ന്‌ ?

ആളുകൾ സ്വമനസ്സാലെ നൽകുന്ന സംഭാവനകളാലാണ്‌ അവരുടെ പ്രവർത്തനങ്ങൾ നിർവഹിക്കപ്പെടുന്നത്‌. സ്‌നാനം, വിവാഹം, ശവസംസ്‌കാരം തുടങ്ങിയ ചടങ്ങുകൾക്കൊന്നും സാക്ഷികൾ പണം ഈടാക്കാറില്ല. ദശാംശം കൊടുക്കുന്ന രീതിയും അവർക്കിടയിലില്ല. സംഭാവനകൾ നൽകാൻ ആഗ്രഹിക്കുന്നവർ അത്‌ രാജ്യഹാളിൽ വെച്ചിരിക്കുന്ന സംഭാവനപ്പെട്ടിയിൽ ഇടുകയാണ്‌ പതിവ്‌. അവർ ഉപയോഗിക്കുന്ന ബൈബിൾ പ്രസിദ്ധീകരണങ്ങൾ അവർതന്നെയാണ്‌ അച്ചടിക്കുന്നത്‌. ചെലവു ചുരുക്കാൻ അതു സഹായിക്കുന്നു. ആഢംബരങ്ങളില്ലാത്ത അവരുടെ ആരാധനാലയങ്ങളും (രാജ്യഹാളുകൾ എന്ന്‌ അറിയപ്പെടുന്നു) ബ്രാഞ്ച്‌ ഓഫീസുകളും നിർമിക്കുന്നത്‌ പലപ്പോഴും അവർക്കിടയിലെ സന്നദ്ധസേവകരാണ്‌.

യഹോവയുടെ സാക്ഷികൾ വൈദ്യചികിത്സ സ്വീകരിക്കുമോ?

തീർച്ചയായും. ഏറ്റവും നല്ല ചികിത്സ തേടാൻ യഹോവയുടെ സാക്ഷികൾ പ്രത്യേകം ശ്രദ്ധിക്കുന്നു. നഴ്‌സുമാർ, ഡോക്‌ടർമാർ, ശസ്‌ത്രക്രിയാ വിദഗ്‌ധർ എന്നിങ്ങനെ വൈദ്യരംഗത്ത്‌ പ്രവർത്തിക്കുന്ന ഒട്ടേറെപ്പേർ യഹോവയുടെ സാക്ഷികൾക്കിടയിലുണ്ട്‌. യഹോവയുടെ സാക്ഷികൾ പക്ഷേ രക്തം സ്വീകരിക്കുകയില്ല. “രക്തം . . . വർജിക്കുക” എന്ന ബൈബിൾ കൽപ്പന അവർ അനുസരിക്കുന്നതുകൊണ്ടാണത്‌. (പ്രവൃത്തികൾ 15:28, 29) രക്തരഹിത ചികിത്സാരീതിയാണ്‌ ഏറ്റവും നല്ലതെന്നു വിശ്വസിക്കുന്ന ഡോക്‌ടർമാരുടെ എണ്ണം കൂടിവരുകയാണ്‌. കാരണം, രക്തപ്പകർച്ചയിലൂടെ ഉണ്ടാകുന്ന പല അപകടങ്ങളും ഒഴിവാക്കാൻ അതുമൂലം സാധിക്കുന്നു. (g10-E 08)

[അടിക്കുറിപ്പ്‌]

^ ഖ. 5 ഇതുപോലുള്ള വിഷയങ്ങൾ സംബന്ധിച്ച്‌ ബൈബിളിന്റെ വീക്ഷണം എന്താണെന്നറിയാൻ യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ച ബൈബിൾ യഥാർഥത്തിൽ എന്തു പഠിപ്പിക്കുന്നു? എന്ന പുസ്‌തകം കാണുക.

[11-ാം പേജിലെ ചതുരം/ചിത്രം]

ഇവിടെ എല്ലാം ശാന്തം. . .

ദക്ഷിണ മെക്‌സിക്കോയിലെ ബെകൂകൽ ഡെ ഒകാംപോ വ്യത്യസ്‌തമായൊരു പട്ടണമാണ്‌. “പട്ടണവാസികളിൽ നല്ലൊരു പങ്കും യഹോവയുടെ സാക്ഷികളാണ്‌” എന്ന്‌ എക്‌സെൽസിയോർ പത്രം റിപ്പോർട്ടു ചെയ്യുന്നു. “മതവിദ്വേഷങ്ങളില്ലാത്ത, ഗവണ്മെന്റിനെതിരെയുള്ള പ്രക്ഷോഭങ്ങളോ സമരങ്ങളോ ഇല്ലാത്ത ശാന്തമായ ഇടം. . . . മദ്യപാനികളും പുകവലിക്കാരുമായിരുന്ന ആളുകൾ ഇപ്പോൾ ക്രിസ്‌തീയ ഗീതങ്ങളിലും ബൈബിൾ വായനയിലും മുഴുകിയിരിക്കുകയാണ്‌. അധികാരികളെ ആദരിക്കുന്നവരാണ്‌ അവർ,” പത്രം കൂട്ടിച്ചേർക്കുന്നു.

പട്ടണത്തിൽ വിവിധ മതക്കാരായ ആളുകളുണ്ടെങ്കിലും “മതസംഘട്ടനങ്ങളോ വാഗ്വാദങ്ങളോ ഒന്നും ഇതുവരെ ഉണ്ടായിട്ടില്ല” എന്ന്‌ റിപ്പോർട്ട്‌ പറയുന്നു. “ആർക്കും ആരോടും ശത്രുതയില്ല. ഭിന്നമതക്കാരായ ആളുകൾ പരസ്‌പരം അഭിവാദനം ചെയ്യുന്നു. . . . ഓരോ കുടുംബവും സ്വാതന്ത്ര്യത്തോടെ അവരവരുടെ മതവിശ്വാസങ്ങൾ പ്രചരിപ്പിക്കുന്നു. എന്നാൽ അത്‌ സമൂഹത്തിൽ ഏതെങ്കിലും വിധത്തിൽ ഭിന്നതയ്‌ക്ക്‌ ഇടയാക്കുന്നില്ല. ബെകൂകലിൽ യഹോവയുടെ സാക്ഷികൾ ഇത്രയധികം മതിപ്പു നേടിയിട്ടുള്ളതിൽ അതിശയിക്കാനില്ല.” അവരുടെ കുട്ടികൾ ‘മാന്യമായി വസ്‌ത്രം ധരിക്കുന്നവരും നന്നായി പഠിക്കുന്നവരും ക്ലാസ്സിൽ ആദരവോടെ പെരുമാറുന്നവരും’ ആണെന്ന്‌ സാക്ഷിയല്ലാത്ത ഒരു ഹൈസ്‌കൂൾ അധ്യാപകൻ പറയുന്നു.