ശിക്ഷണം—ദൈവത്തിനു നമ്മളോടുള്ള സ്നേഹത്തിന്റെ തെളിവ്
“യഹോവ താൻ സ്നേഹിക്കുന്നവർക്കു ശിക്ഷണം നൽകുന്നു.”—എബ്രാ. 12:6.
1. ബൈബിളിൽ മിക്കപ്പോഴും ശിക്ഷണത്തെ എങ്ങനെയാണു ചിത്രീകരിച്ചിരിക്കുന്നത്?
“ശിക്ഷണം” എന്ന വാക്കു കേൾക്കുമ്പോൾ എന്താണു മനസ്സിലേക്കു വരുന്നത്? ശിക്ഷയെക്കുറിച്ചാണോ? അതു മാത്രമല്ല ശിക്ഷണത്തിൽ ഉൾപ്പെട്ടിരിക്കുന്നത്. ബൈബിൾ മിക്കപ്പോഴും ശിക്ഷണത്തെ നല്ല രീതിയിലാണു ചിത്രീകരിച്ചിരിക്കുന്നത്. പലപ്പോഴും അറിവ്, ജ്ഞാനം, സ്നേഹം, ജീവൻ എന്നീ കാര്യങ്ങളോടൊപ്പമാണ് അതെക്കുറിച്ച് പറയുന്നത്. (സുഭാ. 1:2-7; 4:11-13) എന്തുകൊണ്ട്? കാരണം ദൈവം നൽകുന്ന ശിക്ഷണം നമ്മളോടുള്ള സ്നേഹത്തിന്റെയും നമ്മൾ നിത്യജീവൻ നേടണമെന്ന ആഗ്രഹത്തിന്റെയും തെളിവാണ്. (എബ്രാ. 12:6) അതിൽ ശിക്ഷ കൊടുക്കുന്നത് ഉൾപ്പെട്ടേക്കാമെങ്കിലും അത് ഒരിക്കലും ക്രൂരമോ നാണംകെടുത്തുന്ന തരത്തിലോ അല്ല. വാസ്തവത്തിൽ “ശിക്ഷണം” എന്ന വാക്കിന്റെ അർഥത്തിനു വിദ്യാഭ്യാസവുമായി ബന്ധമുണ്ട്, തന്റെ ഓമനമകന് ഒരു പിതാവോ മാതാവോ കൊടുക്കുന്ന പരിശീലനംപോലുള്ള ഒന്ന്.
2, 3. ശിക്ഷണത്തിൽ പഠിപ്പിക്കുന്നതും ശിക്ഷ കൊടുക്കുന്നതും ഉൾപ്പെട്ടേക്കാവുന്നത് എങ്ങനെ? (ലേഖനാരംഭത്തിലെ ചിത്രം കാണുക.)
2 ഒരു സാഹചര്യം നോക്കാം: ജോണി എന്ന ഒരു കൊച്ചുകുട്ടി വീടിന് അകത്ത് പന്ത് എറിഞ്ഞ് കളിക്കുകയാണ്. അവന്റെ അമ്മ പറയുന്നു: “ജോണീ, വീടിന് അകത്ത് പന്ത് എറിഞ്ഞ് കളിക്കരുതെന്നു പറഞ്ഞിട്ടില്ലേ? നീ എന്തെങ്കിലുമൊക്കെ പൊട്ടിക്കും.” എന്നാൽ അമ്മ പറഞ്ഞതു കൂട്ടാക്കാതെ അവൻ പിന്നെയും എറിഞ്ഞ് കളിക്കുന്നു. പന്ത് ഒരു പൂപ്പാത്രത്തിൽ ചെന്നുകൊണ്ട് അതു പൊട്ടിപ്പോകുന്നു. അമ്മ ഇപ്പോൾ എങ്ങനെ ജോണിക്കു ശിക്ഷണം കൊടുക്കും? അതിൽ പഠിപ്പിക്കുന്നതും എന്തെങ്കിലും ശിക്ഷ കൊടുക്കുന്നതും ഉൾപ്പെടുന്നു. പഠിപ്പിക്കുമ്പോൾ, അവൻ ചെയ്തതിലെ തെറ്റ് എന്താണെന്ന്
അമ്മ വിശദീകരിക്കും. മാതാപിതാക്കൾ വെച്ചിരിക്കുന്ന നിയമങ്ങൾ ന്യായമാണെന്നും അത് ആവശ്യമാണെന്നും വിശദീകരിച്ചുകൊണ്ട് അവരെ അനുസരിക്കുന്നതിന്റെ പ്രയോജനം അവനു മനസ്സിലാക്കിക്കൊടുക്കും. പറഞ്ഞ കാര്യങ്ങൾ ഓർത്തിരിക്കുന്നതിന് ഉചിതമായ എന്തെങ്കിലും ശിക്ഷയും അവനു കൊടുത്തേക്കാം. ഉദാഹരണത്തിന്, കുറച്ചുനാളത്തേക്ക് അമ്മ ജോണിയുടെ കൈയിൽനിന്ന് പന്തു മേടിച്ചുവെച്ചെന്നുവരാം. അപ്പോൾ, അനുസരണക്കേടു കാണിച്ചാൽ അതിന്റെ ഫലം അനുഭവിക്കേണ്ടിവരുമെന്ന കാര്യം അവന്റെ മനസ്സിൽ പതിയും.3 ക്രിസ്തീയസഭയിലെ അംഗങ്ങളായ നമ്മൾ ദൈവത്തിന്റെ വീട്ടുകാരിൽപ്പെട്ടവരാണ്. (1 തിമൊ. 3:15) അതുകൊണ്ട് ശരിതെറ്റുകൾ സംബന്ധിച്ച് നിലവാരങ്ങൾ വെക്കാനും അത് അവഗണിച്ചാൽ ശിക്ഷണം തരാനും ഉള്ള സ്വർഗീയപിതാവിന്റെ അവകാശത്തെ നമ്മൾ മാനിക്കുന്നു. കൂടാതെ, നമ്മുടെ പ്രവൃത്തികളുടെ കയ്പേറിയ പരിണതഫലങ്ങൾ അനുഭവിക്കുമ്പോൾ സ്വർഗീയപിതാവിനെ അനുസരിക്കേണ്ടത് എത്ര പ്രധാനമാണെന്നു നമുക്കു മനസ്സിലാകും. പരിണതഫലങ്ങൾ അനുഭവിക്കാൻ അനുവദിക്കുന്നതും ദൈവം ശിക്ഷണം തരുന്ന ഒരു വിധമാണ്. (ഗലാ. 6:7) ദൈവത്തിനു നമ്മളെക്കുറിച്ച് ചിന്തയുള്ളതുകൊണ്ട് നമ്മൾ കുഴപ്പത്തിൽ ചെന്നുചാടി വേദന അനുഭവിക്കുന്നതു കാണാൻ ആഗ്രഹിക്കുന്നില്ല.—1 പത്രോ. 5:6, 7.
4. (എ) ഏതു തരത്തിലുള്ള പരിശീലനത്തെയാണ് യഹോവ അനുഗ്രഹിക്കുന്നത്? (ബി) ഈ ലേഖനത്തിൽ നമ്മൾ ഏതെല്ലാം കാര്യങ്ങൾ ചിന്തിക്കും?
4 ബൈബിൾതത്ത്വങ്ങൾക്കു ചേർച്ചയിൽ ശിക്ഷണം നൽകിക്കൊണ്ട് നമ്മുടെ കുട്ടിയെയോ ബൈബിൾവിദ്യാർഥിയെയോ ക്രിസ്തുവിന്റെ അനുഗാമിയാകുക എന്ന ലക്ഷ്യത്തിലേക്കു നയിക്കാൻ കഴിയും. പരിശീലനത്തിനുള്ള മുഖ്യ ഉപകരണമായ ദൈവവചനം ‘നീതിയിൽ ശിക്ഷണം നൽകാൻ’ നമ്മളെ സഹായിക്കുന്നു. അത് ഉപയോഗിച്ചുകൊണ്ട് നമുക്ക് അവരെ പഠിപ്പിക്കാനും യേശു “കല്പിച്ചതെല്ലാം അനുസരിക്കാൻ” സഹായിക്കാനും കഴിയും. (2 തിമൊ. 3:16; മത്താ. 28:19, 20) അങ്ങനെയുള്ള പരിശീലനത്തെ യഹോവ അനുഗ്രഹിക്കും, മറ്റുള്ളവരെ ക്രിസ്തുശിഷ്യരാക്കാൻ ബൈബിൾവിദ്യാർഥികൾ സജ്ജരാകുകയും ചെയ്യും. (തീത്തോസ് 2:11-14 വായിക്കുക.) നമുക്ക് ഇപ്പോൾ മൂന്നു പ്രധാനപ്പെട്ട ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താം: (1) നമ്മളോടു സ്നേഹമുള്ളതുകൊണ്ടാണു ദൈവം നമുക്കു ശിക്ഷണം നൽകുന്നതെന്നു പറയുന്നത് എന്തുകൊണ്ട്? (2) ദൈവം മുമ്പ് ശിക്ഷണം കൊടുത്ത ആളുകളിൽനിന്ന് നമുക്ക് എന്തെല്ലാം പഠിക്കാം? (3) യഹോവയും യഹോവയുടെ മകനും ശിക്ഷണം കൊടുക്കുന്ന വിധം നമുക്ക് എങ്ങനെ അനുകരിക്കാം?
ദൈവം സ്നേഹത്തോടെ ശിക്ഷണം നൽകുന്നു
5. യഹോവ തരുന്ന ശിക്ഷണം യഹോവയ്ക്കു നമ്മളോടുള്ള സ്നേഹത്തിന്റെ തെളിവായിരിക്കുന്നത് എങ്ങനെ?
5 സ്നേഹമുള്ളതുകൊണ്ട് യഹോവ നമ്മളെ തിരുത്തുകയും പഠിപ്പിക്കുകയും പരിശീലിപ്പിക്കുകയും ചെയ്യുന്നു. നമ്മൾ ദൈവത്തോട് അടുത്ത് നിൽക്കണമെന്നും നിത്യജീവന്റെ പാതയിൽ തുടരണമെന്നും ആണ് ദൈവത്തിന്റെ ആഗ്രഹം. (1 യോഹ. 4:16) വിലകെട്ടവരാണെന്നു തോന്നാൻ ഇടയാക്കുന്ന രീതിയിൽ ദൈവം നമ്മളെ ഒരിക്കലും ഇടിച്ചുതാഴ്ത്തുകയോ അപമാനിക്കുകയോ ചെയ്യില്ല. (സുഭാ. 12:18) പകരം, നമ്മുടെ നല്ല ഗുണങ്ങൾ ശ്രദ്ധിച്ചുകൊണ്ടും ഇച്ഛാസ്വാതന്ത്ര്യത്തെ ആദരിച്ചുകൊണ്ടും യഹോവ നമ്മളെ മാനിക്കുന്നു. ബൈബിളിലൂടെയോ പ്രസിദ്ധീകരണങ്ങളിലൂടെയോ ക്രിസ്തീയമാതാപിതാക്കളിലൂടെയോ മൂപ്പന്മാരിലൂടെയോ ദൈവം ശിക്ഷണം തരുമ്പോൾ നിങ്ങൾക്ക് അങ്ങനെയാണോ തോന്നുന്നത്? ഒരുപക്ഷേ അറിയാതെപോലും, നമ്മൾ “തെറ്റായ ഒരു ചുവടു” വെക്കുമ്പോൾ മൂപ്പന്മാർ സ്നേഹത്തോടെയും സൗമ്യതയോടെയും നമ്മളെ നേരെയാക്കാൻ ശ്രമിക്കും. വാസ്തവത്തിൽ, അതിലൂടെ യഹോവയ്ക്കു നമ്മളോടുള്ള സ്നേഹമാണ് അവർ കാണിക്കുന്നത്.—ഗലാ. 6:1.
6. ശിക്ഷണത്തിന്റെ ഭാഗമായി നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയാൽ അത് എങ്ങനെയാണു ദൈവസ്നേഹത്തിന്റെ തെളിവായിരിക്കുന്നത്?
6 എന്നാൽ ചിലപ്പോഴൊക്കെ ശിക്ഷണത്തിൽ ഉപദേശിക്കുന്നതിലും തിരുത്തൽ നൽകുന്നതിലും കൂടുതൽ കാര്യങ്ങൾ ഉൾപ്പെട്ടേക്കാം. ഗുരുതരമായ പാപങ്ങൾ ചെയ്തെങ്കിൽ ഒരു വ്യക്തിക്കു സഭയിലെ സേവനപദവികൾ നഷ്ടപ്പെട്ടെന്നുവരാം. പക്ഷേ അത്തരം ശിക്ഷണംപോലും ദൈവത്തിനു നമ്മളോടുള്ള സ്നേഹത്തിന്റെ തെളിവാണ്. ഉദാഹരണത്തിന്, ഒരു വ്യക്തിക്കു സേവനപദവികൾ നഷ്ടപ്പെടുമ്പോൾ, വ്യക്തിപരമായ ബൈബിൾപഠനത്തിനും ധ്യാനത്തിനും പ്രാർഥനയ്ക്കും ആയി കൂടുതൽ സമയം മാറ്റിവെക്കേണ്ടതിന്റെ പ്രാധാന്യം അദ്ദേഹത്തിനു ബോധ്യമായേക്കാം. അങ്ങനെ പതുക്കെപ്പതുക്കെ ആത്മീയബലം പ്രാപിക്കാൻ അദ്ദേഹത്തിനു കഴിയും. (സങ്കീ. 19:7) കാലക്രമത്തിൽ അദ്ദേഹത്തിനു പദവികൾ തിരികെ ലഭിച്ചേക്കാം. ഇനി, ശിക്ഷണത്തിന്റെ ഭാഗമായി ആരെയെങ്കിലും പുറത്താക്കുന്നെങ്കിലോ? അതും യഹോവയുടെ സ്നേഹത്തിന്റെ തെളിവാണ്. കാരണം അതു സഭയെ മോശമായ സ്വാധീനങ്ങളിൽനിന്ന് സംരക്ഷിക്കും. (1 കൊരി. 5:6, 7, 11) കൂടാതെ, ദൈവത്തിന്റെ ശിക്ഷണം ന്യായമായ തോതിലായതുകൊണ്ട് പുറത്താക്കപ്പെട്ട വ്യക്തി താൻ ചെയ്ത തെറ്റിന്റെ ഗൗരവം മനസ്സിലാക്കി പശ്ചാത്തപിച്ച് തിരികെ വരാൻ പ്രേരിതനായേക്കാം.—പ്രവൃ. 3:19.
യഹോവയുടെ ശിക്ഷണം നമുക്കു പ്രയോജനം ചെയ്യും
7. ആരായിരുന്നു ശെബ്നെ, ഏതു മോശമായ ഗുണമാണ് അദ്ദേഹത്തിൽ വളർന്നുവന്നത്?
7 ശിക്ഷണത്തിന്റെ പ്രാധാന്യം മനസ്സിലാക്കാൻ യഹോവ ശിക്ഷണം കൊടുത്ത രണ്ടു വ്യക്തികളെ നമുക്ക് ഇപ്പോൾ പരിചയപ്പെടാം. ഒന്ന്, ഹിസ്കിയ രാജാവിന്റെ നാളിൽ ജീവിച്ചിരുന്ന ശെബ്നെ. മറ്റെയാൾ ഇക്കാലത്തെ ഗ്രഹാം എന്ന ഒരു സഹോദരൻ. ഹിസ്കിയാവിന്റെ ‘ഭവനത്തിന്റെ ചുമതലക്കാരനെന്ന’ നിലയിൽ നല്ല അധികാരമുള്ള ആളായിരുന്നു ശെബ്നെ. (യശ. 22:15) പക്ഷേ പിന്നീട് അദ്ദേഹം അഹങ്കാരിയായി. പേരും പെരുമയും നേടാൻ ശ്രമിച്ച അദ്ദേഹം ‘പ്രൗഢിയുള്ള രഥങ്ങളിൽ’ സഞ്ചരിക്കുകയും തനിക്കുവേണ്ടിത്തന്നെ അതിഗംഭീരമായ ഒരു കല്ലറ പണിയിക്കുകയും ചെയ്തു.—യശ. 22:16-18.
8. യഹോവ ശെബ്നെയ്ക്ക് എന്തു ശിക്ഷണമാണു കൊടുത്തത്, ശെബ്നെ അതിൽനിന്ന് പ്രയോജനം നേടിയിരിക്കാമെന്നു നമുക്ക് എങ്ങനെ അറിയാം?
8 സ്വന്തം മഹത്ത്വത്തിനുവേണ്ടി പ്രവർത്തിച്ചതുകൊണ്ട് ദൈവം ശെബ്നെയെ ആ സ്ഥാനത്തുനിന്ന് നീക്കി, പകരം എല്യാക്കീമിനെ നിയമിച്ചു. (യശ. 22:19-21) അസീറിയൻ രാജാവായ സൻഹെരീബ് യരുശലേമിനെ ആക്രമിക്കാൻ പദ്ധതിയിട്ടിരുന്ന സമയത്താണ് ഇതു സംഭവിച്ചത്. കുറച്ച് നാൾ കഴിഞ്ഞ് സൻഹെരീബ് യരുശലേമിലേക്കു തന്റെ ഉദ്യോഗസ്ഥന്മാരെ അയച്ചു, ഒപ്പം ഒരു വലിയ സൈന്യത്തെയും. ജൂതന്മാരുടെ മനോവീര്യം കെടുത്തുന്നതിനും കീഴടങ്ങാൻ ഹിസ്കിയയെ പ്രേരിപ്പിക്കുന്നതിനും ആയിരുന്നു അത്. (2 രാജാ. 18:17-25) ആ ഉദ്യോഗസ്ഥന്മാരോടു സംസാരിക്കാൻ ഹിസ്കിയ എല്യാക്കീമിനെയും മറ്റു രണ്ടു പേരെയും അയച്ചു. അതിലൊന്നു ശെബ്നെയായിരുന്നു. മുമ്പ് ഭവനത്തിന്റെ ചുമതലക്കാരനായിരുന്ന ശെബ്നെ ഇപ്പോൾ സെക്രട്ടറിയാണ്. ശിക്ഷണം ലഭിച്ചപ്പോൾ നിരാശപ്പെടുന്നതിനോ നീരസപ്പെടുന്നതിനോ പകരം പ്രാധാന്യം കുറഞ്ഞ ഉത്തരവാദിത്വങ്ങൾ ശെബ്നെ താഴ്മയോടെ സ്വീകരിച്ചെന്നല്ലേ ഇതു കാണിക്കുന്നത്? ശെബ്നെയിൽനിന്ന് നമുക്കു പഠിക്കാൻ കഴിയുന്ന മൂന്നു പാഠങ്ങളുണ്ട്.
9-11. (എ) ശെബ്നെയുടെ അനുഭവത്തിൽനിന്ന് നമുക്ക് എന്തെല്ലാം പാഠങ്ങൾ പഠിക്കാനുണ്ട്? (ബി) യഹോവ ശെബ്നെയോട് ഇടപെട്ട രീതി നിങ്ങൾക്കു പോത്സാഹനമായിരിക്കുന്നത് എങ്ങനെ?
9 ഒന്ന്, ശെബ്നെയ്ക്കു തന്റെ സ്ഥാനം നഷ്ടപ്പെട്ടു. ഇതു നമുക്ക് എന്തു മുന്നറിയിപ്പാണു തരുന്നത്? “തകർച്ചയ്ക്കു മുമ്പ് അഹങ്കാരം; വീഴ്ചയ്ക്കു മുമ്പ് അഹംഭാവം.” (സുഭാ. 16:18) നിങ്ങൾക്കു സഭയിൽ സേവനപദവികളുണ്ടെന്നു വിചാരിക്കുക. മറ്റുള്ളവർ നിങ്ങളെ പ്രധാനപ്പെട്ട ഒരാളായി വീക്ഷിക്കുന്നുണ്ടായിരിക്കാം. അപ്പോഴും നിങ്ങളുടെ പ്രാപ്തികൾക്കും നേട്ടങ്ങൾക്കും ഉള്ള ബഹുമതി യഹോവയ്ക്കു കൊടുത്തുകൊണ്ട് താഴ്മയുള്ള ഒരു വ്യക്തിയാണു നിങ്ങളെന്നു കാണിക്കുമോ? (1 കൊരി. 4:7) പൗലോസ് അപ്പോസ്തലൻ എഴുതി: ‘ഞാൻ നിങ്ങളിൽ ഓരോരുത്തരോടും പറയുന്നു: നിങ്ങൾ നിങ്ങളെക്കുറിച്ചുതന്നെ വേണ്ടതിലധികം ചിന്തിക്കരുത്. സുബോധത്തോടെ സ്വയം വിലയിരുത്തുക.’—റോമ. 12:3.
10 രണ്ട്, യഹോവ ശെബ്നെയ്ക്കു ശക്തമായ വാക്കുകൾ ഉപയോഗിച്ച് ശാസന കൊടുത്തു. മാറ്റം വരുത്താൻ കഴിയാത്ത ഒരാളായി യഹോവ ശെബ്നെയെ കണ്ടില്ല എന്നതിന്റെ സൂചനയല്ലേ അത്? (സുഭാ. 3:11, 12) സഭയിൽ സേവനപദവികൾ നഷ്ടപ്പെടുന്നവർക്ക് ഇത് ഒരു നല്ല പാഠമാണ്. ശിക്ഷണം ലഭിക്കുമ്പോൾ ദേഷ്യപ്പെടുന്നതിനോ നീരസപ്പെടുന്നതിനോ പകരം അതിനെ യഹോവയുടെ സ്നേഹത്തിന്റെ തെളിവായി കാണാം. ഇപ്പോഴത്തെ സാഹചര്യത്തിൽ അവർക്കു കഴിവിന്റെ പരമാവധി ദൈവത്തെ തുടർന്നും സേവിക്കാം. ഓർക്കുക: ദൈവമുമ്പാകെ നമ്മളെത്തന്നെ താഴ്ത്തുന്നെങ്കിൽ പ്രതീക്ഷയ്ക്കു വകയില്ലാത്തവരായി നമ്മുടെ സ്വർഗീയപിതാവ് നമ്മളെ കാണില്ല. (1 പത്രോസ് 5:6, 7 വായിക്കുക.) സ്നേഹത്തോടെയുള്ള ദൈവത്തിന്റെ ശിക്ഷണത്തിനു നമ്മളെ രൂപപ്പെടുത്താൻ കഴിയും. അതുകൊണ്ട് നമുക്കു ദൈവത്തിന്റെ കൈകളിൽ കളിമണ്ണുപോലെ വഴക്കമുള്ളവരായിരിക്കാം.
11 മൂന്ന്, യഹോവ ശെബ്നെയോട് ഇടപെട്ട രീതിയിൽനിന്ന് മാതാപിതാക്കളെയും ക്രിസ്തീയമേൽവിചാരകന്മാരെയും പോലെ ശിക്ഷണം കൊടുക്കാൻ അധികാരമുള്ളവർക്ക് ഒരു നല്ല പാഠം പഠിക്കാനാകും. എന്താണ് അത്? യഹോവയുടെ ശിക്ഷണം യഹോവ പാപത്തെ വെറുക്കുന്നെന്നു കാണിക്കുന്നു, അതേസമയം പാപം ചെയ്തയാളെക്കുറിച്ച് യഹോവയ്ക്ക് ആഴമായ ചിന്തയുണ്ടെന്നും അതു തെളിയിക്കുന്നു. നിങ്ങൾ ഒരു മാതാവോ പിതാവോ ഒരു മേൽവിചാരകനോ ആണെങ്കിൽ ശിക്ഷണം കൊടുക്കുമ്പോൾ നിങ്ങൾ യഹോവയെ അനുകരിക്കുമോ? തെറ്റിനെ വെറുക്കുമ്പോൾത്തന്നെ തെറ്റു ചെയ്തവരിലെ നന്മ കാണാൻ നിങ്ങൾ ശ്രമിക്കുമോ?—യൂദ 22, 23.
12-14. (എ) ചിലർ എങ്ങനെയാണു ദൈവത്തിന്റെ ശിക്ഷണത്തോടു പ്രതികരിക്കുന്നത്? (ബി) ഒരു സഹോദരന്റെ മനോഭാവം മാറ്റാൻ ദൈവവചനം എങ്ങനെയാണു സഹായിച്ചത്, എന്തായിരുന്നു ഫലം?
12 എന്നാൽ ശിക്ഷണം ലഭിച്ച ചിലർ നിരുത്സാഹിതരായി ദൈവത്തിൽനിന്നും ദൈവജനത്തിൽനിന്നും അകന്നകന്ന് പോയിരിക്കുന്നു. (എബ്രാ. 3:12, 13) അത്തരം വ്യക്തികളെ സഹായിക്കാൻ ശ്രമിച്ചാലും ഇനി പ്രയോജനമില്ലെന്നു കരുതണോ? ഗ്രഹാം സഹോദരന്റെ കാര്യം നോക്കാം. അദ്ദേഹത്തെ സഭയിൽനിന്ന് പുറത്താക്കി. പിന്നീട് പുനഃസ്ഥിതീകരിച്ചെങ്കിലും അദ്ദേഹം കുറച്ചുകഴിഞ്ഞ് നിഷ്ക്രിയനായിത്തീർന്നു. അങ്ങനെയിരിക്കെ സഭയിലെ ഒരു മൂപ്പൻ അദ്ദേഹവുമായി സൗഹൃദത്തിലായി. ഏതാനും വർഷങ്ങൾ കഴിഞ്ഞപ്പോൾ തന്നെ ബൈബിൾ പഠിപ്പിക്കാൻ ഗ്രഹാം സഹോദരൻ ആ മൂപ്പനോട് ആവശ്യപ്പെട്ടു.
13 മൂപ്പൻ പറയുന്നു: “അഹങ്കാരമായിരുന്നു ഗ്രഹാമിന്റെ പ്രശ്നം. പുറത്താക്കിയതിന്റെ പേരിൽ ഗ്രഹാം മൂപ്പന്മാരെ വിമർശിച്ചിരുന്നു. അതുകൊണ്ട് തുടർന്നുള്ള ചില പഠനദിവസങ്ങളിൽ തിരുവെഴുത്തുകൾ ഉപയോഗിച്ച് ഞങ്ങൾ അഹങ്കാരത്തെക്കുറിച്ചും അതിന്റെ ദോഷങ്ങളെക്കുറിച്ചും ചർച്ച ചെയ്തു. ദൈവവചനമെന്ന കണ്ണാടിയിൽ ഗ്രഹാം തന്നെത്തന്നെ നോക്കിക്കാണാൻ തുടങ്ങി. തന്റെ അവസ്ഥ വളരെ മോശമാണെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. അതിന്റെ ഫലം അതിശയിപ്പിക്കുന്നതായിരുന്നു. അഹങ്കാരമെന്ന ‘കഴുക്കോൽ’ തന്നെ അന്ധനാക്കിയെന്നും തന്റെ വിമർശനമനോഭാവമാണു പ്രശ്നങ്ങൾക്കെല്ലാം കാരണമെന്നും മനസ്സിലാക്കിയ ഗ്രഹാം പെട്ടെന്നുതന്നെ മാറ്റങ്ങൾ വരുത്താൻതുടങ്ങി. അദ്ദേഹം ക്രമമായി മീറ്റിങ്ങുകൾക്കു വരാനും ഉത്സാഹത്തോടെ ബൈബിൾ പഠിക്കാനും ആരംഭിച്ചു, ദിവസേനയുള്ള പ്രാർഥന ശീലമാക്കി. കുടുംബത്തിന്റെ തലയായ അദ്ദേഹം കുടുംബാംഗങ്ങൾക്കുവേണ്ടി ആത്മീയമായി കരുതാനുള്ള ഉത്തരവാദിത്വം നന്നായി ചെയ്യാനും തുടങ്ങി. അത് അദ്ദേഹത്തിന്റെ ഭാര്യയെയും മക്കളെയും വളരെയധികം സന്തോഷിപ്പിച്ചു.”—ലൂക്കോ. 6:41, 42; യാക്കോ. 1:23-25.
14 മൂപ്പൻ തുടർന്ന് പറയുന്നു: “ഒരു ദിവസം ഗ്രഹാം എന്നോടു പറഞ്ഞ ഒരു കാര്യം എന്റെ ഹൃദയത്തെ വളരെയധികം സ്പർശിച്ചു. അദ്ദേഹം പറഞ്ഞത് ഇതായിരുന്നു: ‘ഞാൻ സത്യം പഠിച്ചുതുടങ്ങിയിട്ട് വർഷങ്ങളായി. ഒരു മുൻനിരസേവകനായി പ്രവർത്തിക്കുകപോലും ചെയ്തിട്ടുണ്ട്. പക്ഷേ യഹോവയെ സ്നേഹിക്കുന്നെന്ന് എനിക്ക് ഇപ്പോഴാണു സത്യസന്ധമായി പറയാൻ കഴിയുന്നത്.’ അധികം വൈകാതെ അദ്ദേഹത്തിനു മീറ്റിങ്ങുകളിൽ മൈക്കു കൈകാര്യം ചെയ്യാനുള്ള ഉത്തരവാദിത്വം ലഭിച്ചു. ഗ്രഹാം അതു വളരെ സന്തോഷത്തോടെ സ്വീകരിച്ചു. അദ്ദേഹത്തിന്റെ അനുഭവം എന്നെ പഠിപ്പിച്ച ഒരു കാര്യമുണ്ട്: ഒരു വ്യക്തി ശിക്ഷണം സ്വീകരിച്ചുകൊണ്ട് ദൈവമുമ്പാകെ തന്നെത്തന്നെ താഴ്ത്തുന്നെങ്കിൽ ദൈവം അനുഗ്രഹങ്ങൾ കോരിച്ചൊരിയും!”
ദൈവത്തെയും ക്രിസ്തുവിനെയും അനുകരിച്ചുകൊണ്ട്
15. ശിക്ഷണം നൽകുമ്പോൾ അത് ആ വ്യക്തിയുടെ ഹൃദയത്തിലെത്തണമെങ്കിൽ നമ്മൾ എന്തു ചെയ്യണം?
15 നല്ല അധ്യാപകരാകണമെങ്കിൽ ആദ്യം നമ്മൾ നല്ല വിദ്യാർഥികളാകണം. (1 തിമൊ. 4:15, 16) സമാനമായി, ശിക്ഷണം കൊടുക്കാൻ ദൈവം അധികാരപ്പെടുത്തിയിരിക്കുന്നവർ ആദ്യംതന്നെ യഹോവയുടെ മാർഗനിർദേശങ്ങൾക്കു മനസ്സോടെ കീഴ്പെട്ടുകൊണ്ട് ജീവിക്കണം. താഴ്മയോടെ കീഴ്പെട്ടിരിക്കുമ്പോൾ മറ്റുള്ളവരുടെ ബഹുമാനം നേടിയെടുക്കാൻ അവർക്കു കഴിയും, പരിശീലിപ്പിക്കുകയോ തിരുത്തുകയോ ചെയ്യുമ്പോൾ സംസാരസ്വാതന്ത്ര്യവും ഉണ്ടായിരിക്കും. ഇക്കാര്യത്തിൽ നമുക്കു യേശുവിന്റെ മാതൃക നോക്കാം.
16. ഉചിതമായി ശിക്ഷണം കൊടുക്കുന്നതിനെയും ഫലകരമായി പഠിപ്പിക്കുന്നതിനെയും കുറിച്ച് യേശുവിന്റെ മാതൃകയിൽനിന്ന് എന്തു പഠിക്കാം?
മത്താ. 26:39) തനിക്കുള്ള ജ്ഞാനത്തിനും താൻ പഠിപ്പിച്ച കാര്യങ്ങൾക്കും ഉള്ള ബഹുമതി യേശു പിതാവിനു കൊടുത്തു. (യോഹ. 5:19, 30) യേശുവിന്റെ താഴ്മയും അനുസരണവും ആത്മാർഥഹൃദയരായ ആളുകളെ യേശുവിലേക്ക് അടുപ്പിച്ചു. അവരെ അനുകമ്പയോടെ, ഹൃദ്യമായ രീതിയിൽ പഠിപ്പിക്കാൻ അതു യേശുവിനെ സഹായിച്ചു. (ലൂക്കോസ് 4:22 വായിക്കുക.) ‘ചതഞ്ഞ ഈറ്റയും’ അണയാറായ വിളക്കിന്റെ ‘പുകയുന്ന തിരിയും’ പോലെ ഹൃദയം തകർന്ന ആളുകൾക്കു യേശുവിന്റെ ദയാവാക്കുകൾ സാന്ത്വനമേകി. (മത്താ. 12:20) ക്ഷമ പരിശോധിക്കപ്പെട്ട സാഹചര്യങ്ങളിൽപ്പോലും യേശു ദയയോടെയും സ്നേഹത്തോടെയും ആണ് ഇടപെട്ടത്. അപ്പോസ്തലന്മാർ അധികാരമോഹത്തോടെ പ്രവർത്തിച്ചപ്പോൾ യേശു അവരെ തിരുത്തിയതിൽനിന്ന് ഇതു മനസ്സിലാക്കാം.—മർക്കോ. 9:33-37; ലൂക്കോ. 22:24-27.
16 യേശു എല്ലായ്പോഴും പിതാവിനെ അനുസരിച്ചു, അങ്ങനെ ചെയ്യുന്നതു ബുദ്ധിമുട്ടായിരുന്ന സാഹചര്യങ്ങളിൽപ്പോലും. (17. ദൈവത്തിന്റെ ആട്ടിൻപറ്റത്തിന്റെ നല്ല ഇടയന്മാരാകാൻ ഏതു ഗുണങ്ങൾ മൂപ്പന്മാരെ സഹായിക്കും?
17 തിരുവെഴുത്തുശിക്ഷണം കൊടുക്കാൻ അധികാരമുള്ളവർ ക്രിസ്തുവിന്റെ മാതൃക അനുകരിക്കുന്നതു ഗുണം ചെയ്യും. അതുവഴി ദൈവവും ദൈവത്തിന്റെ പുത്രനും തങ്ങളെ വഴി നയിക്കാൻ ആഗ്രഹിക്കുന്നെന്നാണ് അവർ തെളിയിക്കുന്നത്. പത്രോസ് അപ്പോസ്തലൻ എഴുതി: “മേൽവിചാരകന്മാരായി സേവിച്ചുകൊണ്ട് നിങ്ങളുടെ പരിപാലനത്തിലുള്ള ദൈവത്തിന്റെ ആട്ടിൻപറ്റത്തെ മേയ്ക്കുക. നിർബന്ധത്താലല്ല ദൈവമുമ്പാകെ മനസ്സോടെയും, അന്യായമായി നേട്ടമുണ്ടാക്കാനുള്ള മോഹത്തോടെയല്ല, അതീവതാത്പര്യത്തോടെയും, ദൈവത്തിന് അവകാശപ്പെട്ടവരുടെ മേൽ ആധിപത്യം നടത്തിക്കൊണ്ടല്ല, ആട്ടിൻപറ്റത്തിനു മാതൃകകളായിക്കൊണ്ടും അതു ചെയ്യുക.” (1 പത്രോ. 5:2-4) മേൽവിചാരകന്മാർ ദൈവത്തിനും സഭയുടെ തലയായ ക്രിസ്തുവിനും സന്തോഷത്തോടെ കീഴ്പെടുമ്പോൾ അത് അവർക്കും അവരുടെ പരിപാലനത്തിലുള്ളവർക്കും പ്രയോജനം ചെയ്യുമെന്ന് ഉറപ്പാണ്.—യശ. 32:1, 2, 17, 18.
18. (എ) യഹോവ മാതാപിതാക്കളിൽനിന്ന് എന്തു പ്രതീക്ഷിക്കുന്നു? (ബി) ഉത്തരവാദിത്വങ്ങൾ നന്നായി ചെയ്യാൻ ദൈവം മാതാപിതാക്കളെ എങ്ങനെയാണു സഹായിക്കുന്നത്?
18 കുടുംബത്തിലും ഇതേ തത്ത്വങ്ങൾ ബാധകമാണ്. കുടുംബനാഥന്മാരോട് ഇങ്ങനെ പറഞ്ഞിരിക്കുന്നു: “നിങ്ങളുടെ മക്കളെ പ്രകോപിപ്പിക്കാതെ യഹോവയുടെ ശിക്ഷണത്തിലും ഉപദേശത്തിലും വളർത്തിക്കൊണ്ടുവരുക.” (എഫെ. 6:4) ഇത് എത്രത്തോളം ഗൗരവമുള്ള കാര്യമാണ്? സുഭാഷിതങ്ങൾ 19:18 പറയുന്നു: “പ്രതീക്ഷയ്ക്കു വകയുള്ളപ്പോൾ നിന്റെ മകനു ശിക്ഷണം കൊടുക്കുക; അവന്റെ മരണത്തിന് ഉത്തരവാദിയാകരുത്.” അതെ, കുട്ടിക്ക് ആവശ്യമായ ശിക്ഷണം കൊടുക്കാത്ത മാതാപിതാക്കൾ യഹോവയോടു കണക്കു ബോധിപ്പിക്കേണ്ടിവരും. (1 ശമു. 3:12-14) എന്നാൽ, മാതാപിതാക്കൾ താഴ്മയോടെ പരിശുദ്ധാത്മാവിനുവേണ്ടി പ്രാർഥിക്കുകയും മാർഗനിർദേശത്തിനായി ദൈവവചനത്തിൽ ആശ്രയിക്കുകയും ചെയ്യുമ്പോൾ വേണ്ട ജ്ഞാനവും ശക്തിയും ദൈവം അവർക്കു കൊടുക്കും.—യാക്കോബ് 1:5 വായിക്കുക.
എന്നെന്നും സമാധാനത്തിൽ ജീവിക്കാൻ പഠിക്കുന്നു
19, 20. (എ) ദൈവത്തിന്റെ ശിക്ഷണം സ്വീകരിക്കുന്നതുകൊണ്ട് നമുക്ക് എന്തൊക്കെ അനുഗ്രഹങ്ങൾ ലഭിക്കും? (ബി) അടുത്ത ലേഖനത്തിൽ നമ്മൾ എന്തു ചർച്ച ചെയ്യും?
19 ദൈവത്തിന്റെ ശിക്ഷണം സ്വീകരിക്കുകയും മറ്റുള്ളവർക്കു ശിക്ഷണം കൊടുക്കുമ്പോൾ യഹോവയെയും യേശുവിനെയും അനുകരിക്കുകയും ചെയ്യുന്നെങ്കിൽ നമുക്കു ലഭിക്കുന്ന അനുഗ്രഹങ്ങൾ അളവറ്റതാണ്. കുടുംബങ്ങളിലും സഭകളിലും സമാധാനം കളിയാടും. മറ്റുള്ളവർ തങ്ങളെ യഥാർഥത്തിൽ സ്നേഹിക്കുന്നുണ്ടെന്നും വിലയുള്ളവരായി കാണുന്നുണ്ടെന്നും ഓരോ വ്യക്തിക്കും തോന്നും. എല്ലാവർക്കും സുരക്ഷിതത്വം അനുഭവപ്പെടും. ഇതെല്ലാം വരാനിരിക്കുന്ന അനുഗ്രഹങ്ങൾ രുചിച്ചുനോക്കാൻ സഹായിക്കും. (സങ്കീ. 72:7) സ്വർഗീയപിതാവിന്റെ പരിപാലനത്തിൽ ഒരു കുടുംബമായി എന്നെന്നും സമാധാനത്തിലും സാഹോദര്യത്തിലും ഒരുമിച്ച് ജീവിക്കാൻ യഹോവയുടെ ശിക്ഷണം നമ്മളെ പഠിപ്പിക്കുകയാണ്. (യശയ്യ 11:9 വായിക്കുക.) ദൈവികശിക്ഷണത്തെ ആ വിധത്തിൽ നോക്കിക്കാണുമ്പോൾ അതു ദൈവത്തിനു നമ്മളോടുള്ള അതുല്യമായ സ്നേഹത്തിന്റെ തെളിവാണെന്ന കാര്യം നമുക്കു കൂടുതൽ വ്യക്തമാകും.
20 അടുത്ത ലേഖനത്തിൽ കുടുംബത്തിലും സഭയിലും ശിക്ഷണം കൊടുക്കുന്നതിൽ ഉൾപ്പെട്ടിരിക്കുന്ന കൂടുതലായ കാര്യങ്ങളെക്കുറിച്ചും ആത്മശിക്ഷണത്തെക്കുറിച്ചും പഠിക്കും. കൂടാതെ, ശിക്ഷണം ലഭിക്കുമ്പോൾ ഉണ്ടാകുന്ന താത്കാലികവേദനയെക്കാൾ വേദനയേറിയ ഒന്നിനെക്കുറിച്ചും നമ്മൾ ചർച്ച ചെയ്യും.