അതിഥിസത്കാരം—ഇന്ന് എത്ര പ്രധാനം!
“മുറുമുറുപ്പു കൂടാതെ പരസ്പരം ആതിഥ്യമരുളുക.”—1 പത്രോ. 4:9.
1. ഒന്നാം നൂറ്റാണ്ടിലെ ക്രിസ്ത്യാനികൾ എന്തു ബുദ്ധിമുട്ടുകളാണു നേരിട്ടിരുന്നത്?
പത്രോസ് അപ്പോസ്തലൻ എ.ഡി. 62-നും 64-നും ഇടയിൽ “പൊന്തൊസിലും ഗലാത്യയിലും കപ്പദോക്യയിലും ഏഷ്യയിലും ബിഥുന്യയിലും ചിതറിപ്പാർക്കുന്ന പ്രവാസികൾക്ക്” ഒരു കത്ത് എഴുതി. (1 പത്രോ. 1:1) ഏഷ്യാമൈനറിലെ ഈ സഭകളിലുള്ള സഹോദരങ്ങൾ വ്യത്യസ്ത പശ്ചാത്തലങ്ങളിൽനിന്നുള്ളവരായിരുന്നു, അവർക്കു പ്രോത്സാഹനവും മാർഗനിർദേശവും ആവശ്യമായ ഒരു സമയമായിരുന്നു അത്. അവർ ശരിക്കും ‘അഗ്നിപരീക്ഷകൾ’ നേരിട്ടു. ആളുകൾ അവരെക്കുറിച്ച് മോശമായി സംസാരിക്കുകയും അവരെ എതിർക്കുകയും ചെയ്തിരുന്നു. കൂടാതെ, നിർണായകമായ ഒരു സമയത്താണ് അവർ ജീവിച്ചിരുന്നത്. കാരണം, പത്രോസ് എഴുതിയതുപോലെ ‘എല്ലാത്തിന്റെയും അവസാനം അടുത്തിരുന്നു.’ പത്തു വർഷത്തിനുള്ളിൽ യരുശലേം ദാരുണമായ രീതിയിൽ നശിപ്പിക്കപ്പെടും. സമ്മർദം നിറഞ്ഞ ആ സമയത്ത് എല്ലാ സ്ഥലങ്ങളിലുമുള്ള ക്രിസ്ത്യാനികൾക്ക് എങ്ങനെ പിടിച്ചുനിൽക്കാൻ കഴിയുമായിരുന്നു?—1 പത്രോ. 4:4, 7, 12.
2, 3. ആതിഥ്യം കാണിക്കാൻ പത്രോസ് സഹോദരങ്ങളെ പ്രോത്സാഹിപ്പിച്ചത് എന്തുകൊണ്ട്? (ലേഖനാരംഭത്തിലെ ചിത്രം കാണുക.)
2 പത്രോസ് സഹോദരങ്ങളോടു ചെയ്യാൻ ആവശ്യപ്പെട്ട ഒരു കാര്യം ഇതായിരുന്നു: “പരസ്പരം ആതിഥ്യമരുളുക.” (1 പത്രോ. 4:9) “ആതിഥ്യം” എന്നതിനുള്ള ഗ്രീക്കുപദത്തിന്റെ അർഥം “അപരിചിതരോടുള്ള താത്പര്യം അല്ലെങ്കിൽ ദയ” എന്നാണ്. പക്ഷേ ഇവിടെ, പരസ്പരം നന്നായി അറിയാവുന്നവരും പതിവായി സഹവസിക്കുന്നവരും ആയ ക്രിസ്തീയസഹോദരങ്ങളോടാണു “പരസ്പരം” ആതിഥ്യം കാണിക്കാൻ പത്രോസ് ആവശ്യപ്പെട്ടത്. ആതിഥ്യമരുളുന്നത് അവരെ എങ്ങനെ സഹായിക്കുമായിരുന്നു?
3 അത് അവരെ തമ്മിൽ കൂടുതൽ അടുപ്പിക്കുമായിരുന്നു. നിങ്ങളുടെതന്നെ അനുഭവം നോക്കുക. മറ്റുള്ളവർ നിങ്ങളെ അവരുടെ വീട്ടിലേക്കു ക്ഷണിച്ചപ്പോൾ ഉണ്ടായ നല്ലനല്ല ഓർമകൾ നിങ്ങളുടെ മനസ്സിൽ ഇപ്പോഴും തങ്ങിനിൽക്കുന്നില്ലേ? നിങ്ങൾ സഭയിലെ ആരെയെങ്കിലും വീട്ടിലേക്കു ക്ഷണിച്ചപ്പോഴോ? നിങ്ങൾ തമ്മിലുള്ള സ്നേഹബന്ധം കൂടുതൽ ആഴമുള്ളതായില്ലേ? നമ്മുടെ സഹോദരങ്ങളെ അടുത്ത് അറിയാനുള്ള ഏറ്റവും നല്ല മാർഗങ്ങളിലൊന്നാണ് അവർക്ക് ആതിഥ്യമരുളുന്നത്. പത്രോസിന്റെ നാളിലെ ക്രിസ്ത്യാനികൾ, അവസ്ഥകൾ മോശമാകുംതോറും കൂടുതൽക്കൂടുതൽ അടുക്കണമായിരുന്നു. “അവസാനകാലത്ത്” ജീവിക്കുന്ന നമ്മുടെ കാര്യത്തിലും ഇത് അങ്ങനെതന്നെയാണ്.—2 തിമൊ. 3:1.
4. ഈ ലേഖനത്തിൽ നമ്മൾ ഏതെല്ലാം ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തും?
4 “പരസ്പരം” ആതിഥ്യമരുളാൻ നമുക്ക് എന്തെല്ലാം അവസരങ്ങളുണ്ട്? ആതിഥ്യമരുളുന്നതിനു തടസ്സമായേക്കാവുന്ന കാര്യങ്ങൾ മറികടക്കാൻ എങ്ങനെ കഴിയും? ഒരു നല്ല അതിഥിയായിരിക്കാൻ എങ്ങനെ സാധിക്കും?
ആതിഥ്യമരുളാനുള്ള അവസരങ്ങൾ
5. ക്രിസ്തീയയോഗങ്ങളിൽ നമുക്ക് എങ്ങനെ ആതിഥ്യം കാണിക്കാം?
5 ക്രിസ്തീയയോഗങ്ങളിൽ: യോഗങ്ങൾക്കു കൂടിവരുന്ന എല്ലാവരും യഹോവയുടെയും സംഘടനയുടെയും അതിഥികളാണ്. നമ്മളെപ്പോലെ ആത്മീയഭക്ഷണം കഴിക്കാനായി വരുന്ന അതിഥികളാണ് അവിടെ വരുന്നവരെല്ലാം. അതുകൊണ്ട് നമ്മൾ പരസ്പരം സ്വാഗതം ചെയ്യണം. (റോമ. 15:7) പുതിയവർ വരുമ്പോൾ ഒരർഥത്തിൽ നമ്മളും ആതിഥേയരാകുകയാണ്. പുതിയവരുടെ വസ്ത്രധാരണവും ചമയവും എന്തുമായിക്കൊള്ളട്ടെ, അവരെ സ്വാഗതം ചെയ്യാൻ നിങ്ങൾക്കു മുൻകൈയെടുക്കാനാകുമോ? (യാക്കോ. 2:1-4) പുതിയതായി വന്ന ഒരാളെ ആരും കാര്യമാക്കുന്നതായി കാണുന്നില്ലെങ്കിൽ അദ്ദേഹത്തെ നിങ്ങളുടെകൂടെ ഇരിക്കാൻ ക്ഷണിച്ചുകൂടേ? പരിപാടികളുടെ സമയത്ത് പ്രസിദ്ധീകരണങ്ങളും വായിക്കുന്ന തിരുവെഴുത്തുകളും അദ്ദേഹത്തെയുംകൂടെ കാണിച്ചുകൊടുക്കുന്നെങ്കിൽ അദ്ദേഹം അതു വിലമതിച്ചേക്കും. ‘അതിഥികളെ സത്കരിക്കുന്നതിനുള്ള’ നല്ലൊരു വഴിയാണ് ഇത്.—റോമ. 12:13.
6. മുഖ്യമായും ആരായിരിക്കണം നമ്മുടെ അതിഥികൾ?
6 ചായയ്ക്കോ ഒരു നേരത്തെ ഭക്ഷണത്തിനോ: ബൈബിൾക്കാലങ്ങളിൽ ആരെയെങ്കിലും ഒരു നേരത്തെ ഭക്ഷണത്തിനു വീട്ടിലേക്കു ക്ഷണിക്കുന്നത് ആതിഥ്യമരുളുന്നതിന്റെ ഭാഗമായിരുന്നു. (ഉൽപ. 18:1-8; ന്യായാ. 13:15; ലൂക്കോ. 24:28-30) സൗഹൃദവും സമാധാനവും സ്ഥാപിക്കാനുള്ള ഒരു ക്ഷണമായിട്ടാണ് അതിനെ കണ്ടിരുന്നത്. മുഖ്യമായും ആരായിരിക്കണം നമ്മുടെ അതിഥികൾ? നമ്മുടെ സഭയിലെ സഹോദരങ്ങൾ. നമ്മുടെ ജീവിതത്തിൽ അവർക്ക് ഒരു മുഖ്യസ്ഥാനമില്ലേ? ബുദ്ധിമുട്ടുകളുടെ സമയത്ത് നമ്മൾ പരസ്പരം താങ്ങേണ്ടവരല്ലേ? അതുകൊണ്ട് നമ്മൾ എല്ലാവരും ആത്മാർഥതയുള്ള സുഹൃത്തുക്കളായിരിക്കണം, എല്ലാവരുമായും സമാധാനത്തിലുമായിരിക്കണം. 2011-ൽ ഭരണസംഘം, ഐക്യനാടുകളിലെ ബഥേൽകുടുംബത്തിന്റെ വീക്ഷാഗോപുരപഠനസമയം വൈകുന്നേരം 6.45-ൽനിന്ന് 6.15-ലേക്കു മാറ്റി. എന്തുകൊണ്ട്? മീറ്റിങ്ങ് നേരത്തേ തീർന്നാൽ ബഥേലിലുള്ളവർക്ക് ആതിഥ്യം കാണിക്കാനും അതു സ്വീകരിക്കാനും കൂടുതൽ സമയം കിട്ടും. മറ്റു ബ്രാഞ്ചോഫീസുകളും ഈ രീതി പിൻപറ്റി. ഈ ക്രമീകരണം ബഥേൽകുടുംബാംഗങ്ങളുടെ ഇഴയടുപ്പം മുമ്പെന്നത്തേതിലും വർധിപ്പിച്ചിരിക്കുന്നു.
7, 8. നമ്മുടെ സഭയിൽ വരുന്ന പ്രസംഗകർക്കും സംഘടനയുടെ മറ്റു പ്രതിനിധികൾക്കും എങ്ങനെ ആതിഥ്യമരുളാം?
7 മറ്റു സഭകളിൽനിന്ന് പൊതുപ്രസംഗങ്ങൾ നടത്താൻ സഹോദരന്മാർ നമ്മുടെ സഭയിൽ വരാറുണ്ട്. അതുപോലെ സർക്കിട്ട് മേൽവിചാരകന്മാരും ചിലപ്പോഴൊക്കെ പ്രാദേശിക ബ്രാഞ്ച് പ്രതിനിധികളും നമ്മളെ സന്ദർശിക്കുന്നതു നമ്മൾ ആസ്വദിക്കുന്നു. ആ സഹോദരങ്ങൾക്ക് ആതിഥ്യമരുളാനുള്ള നല്ല അവസരങ്ങളാണ് അവ. (3 യോഹന്നാൻ 5-8 വായിക്കുക.) ചായയ്ക്കോ ഒരു നേരത്തെ ഭക്ഷണത്തിനോ അവരെ ക്ഷണിച്ചുകൊണ്ട് നമുക്ക് അതു ചെയ്യാം. നിങ്ങൾ ആ അവസരം ഉപയോഗിക്കുമോ?
8 ഐക്യനാടുകളിലെ ഒരു സഹോദരി പറയുന്നു: “പ്രസംഗത്തിനു വരുന്ന അനേകം സഹോദരന്മാർക്കും അവരുടെ ഭാര്യമാർക്കും ഞങ്ങളുടെ വീട്ടിൽ ആതിഥ്യമരുളാനുള്ള അവസരം കഴിഞ്ഞുപോയ വർഷങ്ങളിലെല്ലാം എനിക്കും ഭർത്താവിനും കിട്ടിയിട്ടുണ്ട്. ഓരോ സന്ദർഭവും ആനന്ദം പകരുന്ന അനുഭവങ്ങളായിരുന്നു, രസകരവും അതിലേറെ ആത്മീയമായി ശക്തിപ്പെടുത്തുന്നതും ആയിരുന്നു. അങ്ങനെ ചെയ്യേണ്ടായിരുന്നെന്നു ഞങ്ങൾക്ക് ഒരിക്കലും തോന്നിയിട്ടില്ല.”
9, 10. (എ) ആർക്കു താമസസൗകര്യം ആവശ്യമായിവന്നേക്കാം? (ബി) വലിയ സൗകര്യങ്ങളൊന്നുമില്ലാത്ത വീടുള്ളവർക്കും സഹായിക്കാൻ കഴിയുമോ? ദൃഷ്ടാന്തം പറയുക.
ഇയ്യോ. 31:32; ഫിലേ. 22) ഇക്കാലത്തും അങ്ങനെയുള്ള ആവശ്യങ്ങളുണ്ട്. സർക്കിട്ട് മേൽവിചാരകന്മാർ സഭകൾ സന്ദർശിക്കുമ്പോൾ അവർക്കു താമസസൗകര്യം വേണം. ദിവ്യാധിപത്യസ്കൂളുകളിലെ വിദ്യാർഥികൾക്കും അതുപോലെ നിർമാണ സന്നദ്ധസേവകർക്കും താമസിക്കാൻ ഒരു സ്ഥലം വേണ്ടിവന്നേക്കാം. പ്രകൃതിവിപത്തുകളുണ്ടാകുമ്പോൾ ചിലർക്കു വീടുകൾ നഷ്ടപ്പെടുന്നു, വീടുകൾ പുനർനിർമിക്കുന്നതുവരെ അവർക്കു തല ചായിക്കാൻ ഒരിടം വേണം. വലിയ വീടുള്ളവർക്കേ ഇത്തരം സാഹചര്യങ്ങളിൽ സഹായിക്കാൻ കഴിയൂ എന്നു വിചാരിക്കരുത്. അവർ ഇതിനോടകംതന്നെ പലവട്ടം താമസസൗകര്യം കൊടുത്തിട്ടുണ്ടാകും. നിങ്ങളുടെ വീടു ചെറുതാണെങ്കിലും, സൗകര്യങ്ങൾ കുറവാണെങ്കിലും മറ്റൊരാൾക്കുവേണ്ടി വാതിലുകൾ തുറന്നുകൊടുക്കാൻ നിങ്ങൾ തയ്യാറാണോ?
9 താമസസൗകര്യം കൊടുക്കേണ്ട അതിഥികൾ: പുരാതനകാലത്ത്, വിശ്വസിക്കാൻ പറ്റുന്ന സന്ദർശകർക്കു താമസസൗകര്യം കൊടുക്കുന്നത് ആതിഥ്യം കാണിക്കുന്നതിൽ ഉൾപ്പെട്ടിരുന്നു. (10 ദിവ്യാധിപത്യസ്കൂളുകളിൽ പങ്കുപറ്റുന്ന വിദ്യാർഥികൾക്കു താമസസൗകര്യം ഒരുക്കിയതിന്റെ മധുരസ്മരണകൾ ദക്ഷിണ കൊറിയയിലെ ഒരു സഹോദരൻ പങ്കുവെക്കുന്നു: “ആദ്യമൊക്കെ എനിക്ക് അൽപ്പം മടിയുണ്ടായിരുന്നു, കാരണം ഞങ്ങൾ വിവാഹിതരായിട്ട് അധികം നാളായിരുന്നില്ല, പോരാത്തതിനു ഞങ്ങളുടേതു ചെറിയ വീടും. പക്ഷേ വിദ്യാർഥികൾ ഞങ്ങളോടൊപ്പം താമസിച്ചതു ശരിക്കും സന്തോഷകരമായ ഒരു അനുഭവമായിരുന്നു. ദമ്പതികൾ ഒരുമിച്ച് യഹോവയെ സേവിക്കുമ്പോഴും ആത്മീയലക്ഷ്യങ്ങൾവെച്ച് അവ നേടിയെടുക്കുമ്പോഴും ഉള്ള അവരുടെ സന്തോഷം നവദമ്പതികളായ ഞങ്ങൾക്കു കാണാൻ കഴിഞ്ഞു.”
11. നിങ്ങളുടെ സഭയിലേക്കു മാറിവരുന്നവരോട് ആതിഥ്യം കാണിക്കേണ്ടത് എന്തുകൊണ്ട്?
11 നിങ്ങളുടെ സഭയിലേക്കു മാറിവരുന്നവരോട്: ഒറ്റയ്ക്കോ കുടുംബങ്ങളായോ ആളുകൾ നിങ്ങളുടെ പ്രദേശത്തേക്കു മാറിവന്നേക്കാം. ചിലർ ആവശ്യം അധികമുള്ളിടത്ത് പ്രവർത്തിക്കാനാണു വരുന്നത്. അതുപോലെ, നിയമനം കിട്ടി നിങ്ങളുടെ സഭയെ സഹായിക്കാൻ ചില മുൻനിരസേവകരും വന്നേക്കാം. ഒരുപക്ഷേ പുതിയ ചുറ്റുപാടും സഭയും ഭാഷയും സംസ്കാരവും എല്ലാമായി ചേർന്നുപോകാൻ അവർക്ക് ആദ്യം അൽപ്പം ബുദ്ധിമുട്ടു തോന്നും. അവരെ ഒരു കപ്പു ചായയ്ക്കോ ഒരു നേരത്തെ ഭക്ഷണത്തിനോ ക്ഷണിക്കാനാകുമോ? അല്ലെങ്കിൽ, അവരുടെകൂടെ ഒന്നു ‘പുറത്ത് പോകുന്നതിനെക്കുറിച്ചെന്ത്?’ അങ്ങനെ പുതിയ സുഹൃത്തുക്കളെ നേടാനും മാറിവന്ന സാഹചര്യങ്ങളോടു പൊരുത്തപ്പെടാനും നമുക്ക് അവരെ സഹായിക്കാം.
12. അതിഥിസത്കാരം വിപുലമായിരിക്കണമെന്നില്ലെന്ന് ഏതു സംഭവം കാണിക്കുന്നു?
12 അതിഥികളെ സത്കരിക്കാൻ വലിയ ഒരു വിരുന്ന് ഒരുക്കണമെന്നില്ല. (ലൂക്കോസ് 10:41, 42 വായിക്കുക.) മിഷനറിസേവനത്തിന്റെ ആദ്യനാളുകളിലേക്കു തിരിഞ്ഞുനോക്കിക്കൊണ്ട് ഒരു സഹോദരൻ പറയുന്നു: “ഞങ്ങൾ ചെറുപ്പമായിരുന്നു, അനുഭവപരിചയവും കുറവായിരുന്നു, കൂടെ വീട്ടിൽനിന്ന് പോന്നതിന്റെ സങ്കടവും. ഒരു ദിവസം വൈകുന്നേരം, വീടിനെക്കുറിച്ചുള്ള ചിന്തകൾ ഭാര്യയെ വല്ലാതെ വിഷമിപ്പിച്ചു. സഹായിക്കാനുള്ള എന്റെ ശ്രമങ്ങളൊന്നും ഫലിച്ചില്ല. ഏകദേശം ഏഴരയായപ്പോൾ വാതിലിൽ ഒരു മുട്ടു കേട്ടു. കതകു തുറന്നപ്പോൾ ഒരു ബൈബിൾവിദ്യാർഥി മൂന്ന് ഓറഞ്ചുമായി നിൽക്കുന്നു. പുതിയ മിഷനറിമാരെ പരിചയപ്പെടാൻ വന്നതായിരുന്നു ആ സ്ത്രീ. ഞങ്ങൾ അവരെ അകത്തേക്കു ക്ഷണിച്ചു, എന്നിട്ട് ഒരു ഗ്ലാസ് വെള്ളം കൊടുത്തു. അതുകഴിഞ്ഞ് ഞങ്ങൾ ചായയും ചോക്ലേറ്റുകൊണ്ട് ഒരു പാനീയവും ഉണ്ടാക്കി. ഞങ്ങൾക്ക് അവരുടെ ഭാഷയായ സ്വാഹിലിയും അവർക്ക് ഇംഗ്ലീഷും അറിയില്ലായിരുന്നു. പക്ഷേ, അതൊരു തുടക്കമായിരുന്നു, പതുക്കെപ്പതുക്കെ അവിടത്തെ സഹോദരങ്ങളുമായി സുഹൃദ്ബന്ധങ്ങൾ സൃഷ്ടിക്കുന്നതിന്റെ സന്തോഷം ഞങ്ങൾ ആസ്വദിച്ചുതുടങ്ങി.”
തടസ്സങ്ങൾ മറികടക്കുക
13. ആതിഥ്യം കാണിക്കുന്നതുകൊണ്ട് എന്തൊക്കെ പ്രയോജനങ്ങളുണ്ട്?
13 ആതിഥ്യം കാണിക്കാൻ നിങ്ങൾ എപ്പോഴെങ്കിലും മടിച്ചുനിന്നിട്ടുണ്ടോ? എങ്കിൽ സന്തോഷകരമായ സഹവാസവും നിലനിൽക്കുന്ന സൗഹൃദം തുടങ്ങാനുള്ള അവസരവും നിങ്ങൾ നഷ്ടപ്പെടുത്തുകയാണു ചെയ്തത്. ഏകാന്തതയ്ക്കുള്ള നല്ലൊരു മറുമരുന്നാണ് ആതിഥ്യം. അപ്പോൾപ്പിന്നെ ‘എന്തുകൊണ്ടാണ് ആതിഥ്യമരുളാൻ ചിലർ മടിക്കുന്നത്?’ പല കാരണങ്ങളുണ്ടായിരിക്കാം.
14. ആതിഥ്യം കാണിക്കാനോ സ്വീകരിക്കാനോ നമുക്കു സമയവും ആരോഗ്യവും ഇല്ലെന്നു തോന്നുന്നെങ്കിൽ എന്തു ചെയ്യാം?
14 തിരക്കും ക്ഷീണവും: യഹോവയുടെ ദാസർ തിരക്കുള്ളവരാണ്, അവർക്കു പലപല ഉത്തരവാദിത്വങ്ങൾ കണ്ടേക്കാം. അതൊക്കെ കഴിയുമ്പോഴേക്കും ക്ഷീണിക്കുന്നതുകൊണ്ട് ആരെയും വീട്ടിലേക്കു എബ്രാ. 13:2) അതിനു സമയം മാറ്റിവെക്കുന്നത് ഒരു തെറ്റല്ല, വാസ്തവത്തിൽ അതാണു ശരിയായ കാര്യം. ചിലപ്പോൾ അത്ര പ്രാധാന്യമില്ലാത്ത ചില കാര്യങ്ങൾക്കു മാറ്റിവെച്ചിരിക്കുന്ന സമയം നിങ്ങൾ വെട്ടിച്ചുരുക്കേണ്ടി വന്നേക്കാം.
വിളിക്കാൻ സാധിക്കുന്നില്ലെന്നാണു ചിലർ പറയുന്നത്. നിങ്ങളുടെ സാഹചര്യം അതാണെങ്കിൽ, ആതിഥ്യം കാണിക്കുന്നതിനുവേണ്ടി നിങ്ങളുടെ പട്ടികയിൽ ചില മാറ്റങ്ങൾ വരുത്താൻ പറ്റുമോ? കാരണം, ആതിഥ്യം കാണിക്കാൻ തിരുവെഴുത്തുകൾ ക്രിസ്ത്യാനികളോട് ആവശ്യപ്പെട്ടിരിക്കുന്നു. (15. ആതിഥ്യമരുളാൻ ചിലർ മടിച്ചുനിൽക്കുന്നത് എന്തുകൊണ്ടായിരിക്കാം?
15 നിങ്ങളെക്കുറിച്ചുതന്നെയുള്ള ചിന്തകൾ: ആതിഥ്യമരുളണമെന്ന് ആഗ്രഹമുണ്ടെങ്കിലും അതിനു കഴിയില്ലെന്നു നിങ്ങൾക്ക് എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ? ചിലർ സ്വതവേ ലജ്ജാലുക്കളായിരിക്കും, സംഭാഷണം മുന്നോട്ടുകൊണ്ടുപോകാൻ കഴിയില്ലെന്നോ അതിഥികൾക്കു ബോറടിക്കുമെന്നോ ഒക്കെയായിരിക്കാം അവരുടെ വിചാരം. ഇനി, സഭയിലെ മറ്റുള്ളവർ ചെയ്യുന്നതുപോലെയൊന്നും ചെയ്യാനുള്ള വകയില്ലെന്നു സാമ്പത്തികശേഷിയില്ലാത്ത ചിലർ കരുതിയേക്കാം. എന്നാൽ ഒരു കാര്യം ഓർക്കുക: വീടിന്റെ വലുപ്പമോ സൗകര്യങ്ങളോ അല്ല കാര്യം, പകരം വീട് ആകർഷകമായി സൂക്ഷിച്ചിട്ടുണ്ടോ, വൃത്തിയും വെടിപ്പും ഉള്ളതാണോ, സാധനങ്ങൾ അടുക്കും ചിട്ടയോടെയും ആണോ വെച്ചിരിക്കുന്നത് എന്നതൊക്കെയാണ്.
16, 17. അതിഥികളെ വീട്ടിലേക്കു വിളിക്കുന്നതിന്റെ ഉത്കണ്ഠകൾ എങ്ങനെ കുറയ്ക്കാം?
16 അതിഥികളെ വീട്ടിലേക്കു ക്ഷണിക്കാൻ നിങ്ങൾക്ക് ഉത്കണ്ഠ തോന്നുന്നുണ്ടോ? പലർക്കും അങ്ങനെ തോന്നാറുണ്ട്. ബ്രിട്ടനിലെ ഒരു മൂപ്പൻ തുറന്നുപറയുന്നു: “അതിഥികൾക്കുവേണ്ടി ഒരുക്കങ്ങൾ നടത്തുമ്പോൾ അൽപ്പമൊക്കെ ഉത്കണ്ഠ തോന്നുന്നതു സ്വാഭാവികമാണ്. പക്ഷേ യഹോവയുടെ സേവനത്തിന്റെ ഏതു മേഖലയിലും എന്നപോലെ, ഇതിൽനിന്ന് ലഭിക്കുന്ന സംതൃപ്തി ഏത് ഉത്കണ്ഠയെയും കടത്തിവെട്ടുന്നതാണ്. അതിഥികളുടെകൂടെ കാപ്പിയും കുടിച്ച് വർത്തമാനം പറഞ്ഞിരിക്കുന്നതു ഞാൻ ശരിക്കും ആസ്വദിക്കുന്നു.” അതിഥികളിൽ വ്യക്തിപരമായ താത്പര്യമെടുക്കുന്നത് ഉത്കണ്ഠ കുറയ്ക്കാൻ സഹായിക്കും. (ഫിലി. 2:4) സ്വന്തം ജീവിതാനുഭവങ്ങൾ പറയുന്നത് എല്ലാവരുംതന്നെ ഇഷ്ടപ്പെടുന്നു. ഇങ്ങനെയുള്ള കൂടിവരവുകളിലായിരിക്കും നമ്മുടെ അനുഭവങ്ങൾ കേൾക്കാൻ മറ്റുള്ളവർക്ക് അവസരം കിട്ടുക. മറ്റൊരു മൂപ്പൻ എഴുതുന്നു: “സഭയിലെ സുഹൃത്തുക്കൾ വീട്ടിൽ വരുമ്പോഴാണ് എനിക്ക് അവരെ അടുത്തറിയാൻ കഴിയുന്നത്. അവർ സത്യത്തിലേക്കു വന്ന സാഹചര്യങ്ങളെക്കുറിച്ചൊക്കെ കേൾക്കാൻ അപ്പോഴാണു സമയം കിട്ടുക.” സ്നേഹവും ആത്മാർഥമായ താത്പര്യവും ഏതു കൂടിവരവുകളെയും ആനന്ദവേളകളാക്കും.
17 ദിവ്യാധിപത്യസ്കൂളുകളിൽ പങ്കെടുക്കാൻ വരുന്ന വിദ്യാർഥികളെ വീട്ടിൽ താമസിപ്പിച്ചിട്ടുള്ള ഒരു മുൻനിരസേവിക പറയുന്നു: “തുടക്കത്തിൽ എനിക്ക് അൽപ്പം ഉത്കണ്ഠയുണ്ടായിരുന്നു. കാരണം, വീട്ടിൽ സൗകര്യങ്ങൾ തീരെ കുറവായിരുന്നു, ഞാൻ വാങ്ങിയ ചില പഴയ മേശയും കസേരയും ഒക്കെയാണ് എനിക്കുണ്ടായിരുന്നത്. എന്നാൽ, അധ്യാപകരിൽ ഒരാളുടെ ഭാര്യ പറഞ്ഞ വാക്കുകൾ എന്റെ പിരിമുറുക്കം കുറച്ചു. ആ സഹോദരിയും ഭർത്താവും മുമ്പ് സഞ്ചാരവേലയിലായിരുന്നു. അപ്പോൾ അവർ ഏറ്റവും അധികം ആസ്വദിച്ചത്, ഭൗതികമായി അധികമൊന്നുമില്ലെങ്കിലും ലളിതമായി ജീവിച്ച് യഹോവയെ സേവിക്കുക എന്ന ലക്ഷ്യമുണ്ടായിരുന്ന സഹോദരങ്ങളുടെകൂടെ താമസിച്ച സമയങ്ങളായിരുന്നു.” മുൻനിരസേവിക തുടർന്ന് പറയുന്നു: “കുട്ടികളായിരുന്നപ്പോൾ ഞങ്ങളുടെ അമ്മ പതിവായി ഞങ്ങളോടു പറഞ്ഞിരുന്ന ഒരു കാര്യം ഇത് എന്നെ ഓർമിപ്പിച്ചു: ‘സ്നേഹമുള്ളിടത്തെ സസ്യാഹാരം നല്ലത്.’” (സുഭാ. 15:17) സ്നേഹമായിരിക്കട്ടെ അതിഥിപ്രിയം കാണിക്കാൻ നിങ്ങളെ പ്രേരിപ്പിക്കുന്നത്. അപ്പോൾ ഒരു ഉത്കണ്ഠയുടെയും ആവശ്യമില്ല.
18, 19. മറ്റുള്ളവരെക്കുറിച്ചുള്ള തെറ്റായ ചിന്തകൾ മറികടക്കാൻ ആതിഥ്യം കാണിക്കുന്നതു നമ്മളെ എങ്ങനെ സഹായിക്കും?
18 മറ്റുള്ളവരെക്കുറിച്ചുള്ള ചിന്തകൾ: സഭയിലെ ആരുടെയെങ്കിലും പെരുമാറ്റം നിങ്ങൾക്ക് അരോചകമായി തോന്നുന്നുണ്ടോ? അദ്ദേഹത്തെക്കുറിച്ച് ഒരു നല്ല ചിത്രമായിരിക്കില്ല നിങ്ങളുടെ മനസ്സിലുള്ളത്. സാഹചര്യം മെച്ചപ്പെടുത്താൻ ശ്രമിച്ചില്ലെങ്കിൽ ആ ചിന്തകൾ വേരുപിടിച്ചേക്കാം. ഒരാളുടെ വ്യക്തിത്വം ഇഷ്ടമില്ലെങ്കിൽ അദ്ദേഹത്തെ അതിഥിയായി ക്ഷണിക്കാൻ തോന്നിയെന്നുവരില്ല. ഇനി, പണ്ട് എപ്പോഴോ ആരെങ്കിലും നിങ്ങളെ വ്രണപ്പെടുത്തിയിട്ടുണ്ടായിരിക്കും, അത് ഇപ്പോഴും മറക്കാൻ കഴിയുന്നുണ്ടാകില്ല.
19 മറ്റുള്ളവരുമായുള്ള, എന്തിന് ശത്രുക്കളുമായുള്ള ബന്ധങ്ങൾപോലും മെച്ചപ്പെടുത്താൻ ആതിഥ്യം കാണിക്കുന്നതു സഹായിക്കുമെന്നു ബൈബിൾ പറയുന്നു. (സുഭാഷിതങ്ങൾ 25:21, 22 വായിക്കുക.) ഒരാൾക്ക് ആതിഥ്യം നൽകുന്നത്, അദ്ദേഹത്തെക്കുറിച്ചുള്ള തെറ്റായ ചിന്തകൾ മറികടക്കാനും നമ്മുടെ മനസ്സിനേറ്റ മുറിവുകൾ ഉണക്കാനും സഹായിക്കും. ആ വ്യക്തിയെ സത്യത്തിലേക്ക് ആകർഷിച്ചപ്പോൾ യഹോവ അദ്ദേഹത്തിൽ കണ്ട നല്ല ഗുണങ്ങൾ നമുക്കും കാണാൻ കഴിയും. (യോഹ. 6:44) ഒട്ടും പ്രതീക്ഷിക്കാത്ത സമയത്ത് നിങ്ങൾ ആ വ്യക്തിക്കു സ്നേഹത്തോടെ വെച്ചുനീട്ടുന്ന ക്ഷണം നിങ്ങൾക്കിടയിൽ ഒരു പുതിയ ബന്ധത്തിനു തുടക്കംകുറിച്ചേക്കാം. ശരിക്കും ആ വ്യക്തിയോടുള്ള സ്നേഹംകൊണ്ടുതന്നെയാണ് ആതിഥ്യം നൽകുന്നതെന്നു നിങ്ങൾക്ക് എങ്ങനെ ഉറപ്പാക്കാം? ഫിലിപ്പിയർ 2:3-ൽ കാണുന്ന ഈ പ്രോത്സാഹനം പിൻപറ്റുന്നതാണ് അതിനുള്ള ഒരു വഴി: “താഴ്മയോടെ മറ്റുള്ളവരെ നിങ്ങളെക്കാൾ ശ്രേഷ്ഠരായി കാണുക.” നമ്മുടെ സഹോദരങ്ങൾ എങ്ങനെയൊക്കെയാണു നമ്മളെക്കാൾ ശ്രേഷ്ഠർ ആയിരിക്കുന്നത് എന്നു ചിന്തിക്കുക, അവരുടെ വിശ്വാസമോ സഹനശക്തിയോ ധൈര്യമോ മറ്റ് ഏതെങ്കിലും ക്രിസ്തീയഗുണമോ ആകാം അത്. ആ ഗുണങ്ങളെക്കുറിച്ച് ചിന്തിക്കുമ്പോൾ അവരോടുള്ള സ്നേഹം ആഴമുള്ളതാകും, ആത്മാർഥതയോടെ ആതിഥ്യം നൽകാനുമാകും.
നല്ല ഒരു അതിഥിയായിരിക്കുക
20. നമ്മൾ ഒരു ക്ഷണം സ്വീകരിച്ചാൽ വാക്കു പാലിക്കേണ്ടത് എന്തുകൊണ്ട്, വാക്കു പാലിക്കാൻ പറ്റുന്നില്ലെങ്കിൽ എന്തു ചെയ്യണം?
20 സങ്കീർത്തനക്കാരനായ ദാവീദ് ഇങ്ങനെ ചോദിച്ചു: “യഹോവേ, അങ്ങയുടെ കൂടാരത്തിൽ അതിഥിയായി വരാൻ ആർക്കു കഴിയും?” (സങ്കീ. 15:1) ആ ചോദ്യത്തിനു ശേഷം ദൈവം തന്റെ അതിഥികളിൽനിന്ന് പ്രതീക്ഷിക്കുന്ന ആത്മീയഗുണങ്ങളെക്കുറിച്ച് ദാവീദുതന്നെ പറഞ്ഞു. അതിലൊന്നാണു വാക്കു പാലിക്കുന്നത്. അതെക്കുറിച്ച് അദ്ദേഹം ഇങ്ങനെ പറഞ്ഞു: “തനിക്കു നഷ്ടമുണ്ടാകുമെന്നു കണ്ടാലും അയാൾ വാക്കു മാറ്റുന്നില്ല.” (സങ്കീ. 15:4) ഒരു ക്ഷണം സ്വീകരിച്ചുകഴിഞ്ഞാൽ പ്രത്യേക കാരണമൊന്നും കൂടാതെ നമ്മൾ അത് ഒഴിവാക്കരുത്. ആതിഥേയൻ നമ്മളെ പ്രതീക്ഷിച്ച് വേണ്ട ഒരുക്കങ്ങളൊക്കെ നടത്തിയിട്ടുണ്ടാകും. നമ്മൾ പോകാതിരുന്നാൽ അദ്ദേഹത്തിന്റെ ശ്രമങ്ങളെല്ലാം വെറുതേയാകും. (മത്താ. 5:37) ചിലർ കുറച്ചുകൂടെ മെച്ചപ്പെട്ടതെന്നു തോന്നിയ ഒരു ക്ഷണം കിട്ടിയപ്പോൾ തങ്ങൾക്കു നേരത്തേ കിട്ടിയ ക്ഷണം വേണ്ടെന്നുവെച്ചിട്ടുണ്ട്. അതു സ്നേഹവും മര്യാദയും ആയിരിക്കുമോ? പകരം, ആതിഥേയർ അവരുടെ കഴിവുപോലെ നമുക്കായി ഒരുക്കുന്ന കാര്യങ്ങളോട് ആത്മാർഥമായ വിലമതിപ്പുണ്ടായിരിക്കണം. (ലൂക്കോ. 10:7) അഥവാ നമ്മുടെ സാഹചര്യങ്ങൾ ഒരുതരത്തിലും അവിടെ എത്താൻ അനുവദിക്കുന്നില്ലെങ്കിൽ പെട്ടെന്നുതന്നെ ആ കാര്യം നമ്മുടെ ആതിഥേയരെ അറിയിക്കുന്നത് അവരോടുള്ള സ്നേഹവും പരിഗണനയും ആയിരിക്കും.
21. നാട്ടുനടപ്പുകൾ മാനിക്കുന്നതു നല്ല അതിഥികളാകാൻ നമ്മളെ എങ്ങനെ സഹായിക്കും?
21 നാട്ടുനടപ്പുകളെ മാനിക്കേണ്ടതും പ്രധാനമാണ്. ചില സംസ്കാരങ്ങളിൽ പ്രതീക്ഷിക്കാതെ ഒരാൾ അതിഥിയായി ചെല്ലുന്നതു സ്വീകാര്യമായിരിക്കും. എന്നാൽ ചിലയിടങ്ങളിൽ മുൻകൂട്ടി അറിയിച്ചിട്ട് വേണം ചെല്ലാൻ. ചില സ്ഥലങ്ങളിൽ ആദ്യം അതിഥികൾ കഴിക്കാൻ പ്രതീക്ഷിക്കും, എന്നാൽ ചില സംസ്കാരങ്ങളിൽ അതിഥികളും ആതിഥേയരും ഒരുമിച്ച് ഇരുന്ന് ഭക്ഷണം കഴിക്കും. ഇനി, ചില പ്രദേശങ്ങളിൽ അതിഥികൾ ചില വിഭവങ്ങളുമായി എത്താറുണ്ട്, എന്നാൽ വേറെ ചിലയിടങ്ങളിൽ അതിഥികളിൽനിന്ന് അങ്ങനെയൊന്നും പ്രതീക്ഷിക്കുന്നില്ല. മറ്റു ചില സംസ്കാരങ്ങളിൽ ആദ്യത്തെ ഒന്നുരണ്ടു പ്രാവശ്യം ക്ഷണം ആദരവോടെ നിരസിക്കും. മറ്റിടങ്ങളിലാകട്ടെ, അങ്ങനെ ചെയ്യുന്നതു മര്യാദകേടായിട്ടാണു കാണുന്നത്. നമ്മുടെ സംസ്കാരം ഏതുമായിക്കൊള്ളട്ടെ, നമ്മളെ ക്ഷണിച്ച ആതിഥേയരെ സന്തോഷിപ്പിക്കാൻ വേണ്ടതെല്ലാം നമുക്കു ചെയ്യാം.
22. ‘പരസ്പരം ആതിഥ്യമരുളേണ്ടതു’ പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്?
22 “എല്ലാത്തിന്റെയും അവസാനം അടുത്തിരിക്കുന്നു.” ഈ വാക്കുകൾ മുമ്പെന്നത്തേതിലും സത്യമാണ്. (1 പത്രോ. 4:7) ലോകം ഒരിക്കലും കണ്ടിട്ടില്ലാത്ത മഹാകഷ്ടത നമ്മൾ നേരിടാൻപോകുകയാണ്. സമ്മർദങ്ങൾ കൂടിക്കൂടി വരുമ്പോൾ സഹോദരങ്ങൾ തമ്മിലുള്ള സ്നേഹം കൂടുതൽ ആഴമുള്ളതാകണം. അതുകൊണ്ട്, ക്രിസ്ത്യാനികൾക്കു പത്രോസ് നൽകിയ ഈ ബുദ്ധിയുപദേശം അനുസരിക്കുന്നത് ഇക്കാലത്ത് എത്ര പ്രധാനമാണ്: “പരസ്പരം ആതിഥ്യമരുളുക.” അതെ, അതു സന്തോഷകരവും പ്രധാനവും ആണ്. അത് ഒരിക്കലും അവസാനിക്കില്ല.—1 പത്രോ. 4:9.