പഠനലേഖനം 40
പത്രോസിനെപ്പോലെ നിങ്ങൾക്കും മടുത്തുപോകാതെ തുടരാനാകും
“കർത്താവേ, ഞാനൊരു പാപിയാണ്. എന്നെ വിട്ട് പോയാലും.”—ലൂക്കോ. 5:8.
ഗീതം 38 ദൈവം നിന്നെ ബലപ്പെടുത്തും
ചുരുക്കം a
1. യേശുവിന്റെ സഹായത്തോടെ അത്ഭുതകരമായി ധാരാളം മീൻ കിട്ടിയപ്പോൾ പത്രോസ് എങ്ങനെ പ്രതികരിച്ചു?
പത്രോസ് ഒരു രാത്രി മുഴുവൻ ശ്രമിച്ചിട്ടും ഒരു മീൻപോലും കിട്ടിയില്ല. അപ്പോഴാണു യേശു പറയുന്നത്, “ആഴമുള്ളിടത്തേക്കു നീക്കി വല ഇറക്കുക” എന്ന്. (ലൂക്കോ. 5:4) അങ്ങനെ ചെയ്യുന്നതുകൊണ്ട് ഗുണമുണ്ടോ എന്ന് പത്രോസ് സംശയിച്ചെങ്കിലും യേശു പറഞ്ഞതുപോലെ ചെയ്യാൻ അദ്ദേഹം തയ്യാറായി. വല കീറിപ്പോകുന്ന അളവോളം അവർക്കു മീൻ കിട്ടുകയും ചെയ്തു. അതൊരു അത്ഭുതമാണെന്നു തിരിച്ചറിഞ്ഞപ്പോൾ പത്രോസും കൂടെയുണ്ടായിരുന്നവരും “ആകെ അമ്പരന്നുപോയി.” ഉടനെ പത്രോസ് പറഞ്ഞു: “കർത്താവേ, ഞാനൊരു പാപിയാണ്. എന്നെ വിട്ട് പോയാലും.” (ലൂക്കോ. 5:6-9) യേശുവിന്റെ കൂടെയായിരിക്കാൻപോലുമുള്ള യോഗ്യത തനിക്കില്ലെന്നു പത്രോസിനു തോന്നിക്കാണും.
2. പത്രോസിനെക്കുറിച്ച് പഠിക്കുന്നതു നമുക്കു പ്രയോജനം ചെയ്യുന്നത് എങ്ങനെ?
2 പത്രോസ് പറഞ്ഞതു ശരിയാണ്. അദ്ദേഹം ഒരു ‘പാപിയായിരുന്നു.’ പിന്നീട് വിഷമം തോന്നാൻ ഇടയാക്കിയ പലതും അദ്ദേഹം പറഞ്ഞിട്ടും ചെയ്തിട്ടും ഉണ്ടെന്നു ബൈബിളിൽ നമ്മൾ വായിക്കുന്നു. നിങ്ങൾക്കും ഇടയ്ക്കൊക്കെ അങ്ങനെ തോന്നാറുണ്ടോ? നിങ്ങളുടെ ഏതെങ്കിലും ബലഹീനത മറികടക്കാനോ സ്വഭാവത്തിൽ ഒരു മാറ്റം വരുത്താനോ വർഷങ്ങളായി നിങ്ങൾ ശ്രമിച്ചുകൊണ്ടിരിക്കുകയാണോ? അങ്ങനെയെങ്കിൽ പത്രോസിനെക്കുറിച്ച് പഠിക്കുന്നതു നിങ്ങളെ സഹായിക്കും. ഇതെക്കുറിച്ച് ഒന്നു ചിന്തിക്കുക: പത്രോസിന്റെ തെറ്റുകൾ വേണമെങ്കിൽ ബൈബിളിൽ ഉൾപ്പെടുത്താതിരിക്കാമായിരുന്നു. എന്നാൽ നമ്മുടെ പ്രയോജനത്തിനായി അവ ബൈബിളിൽ എഴുതിച്ചേർക്കാൻ ദൈവാത്മാവ് ഇടയാക്കി. (2 തിമൊ. 3:16, 17) നമ്മുടേതുപോലുള്ള ബലഹീനതകളും വികാരങ്ങളും ഉണ്ടായിരുന്ന പത്രോസിനെക്കുറിച്ച് പഠിക്കുന്നത് യഹോവ നമ്മളിൽനിന്ന് പൂർണത പ്രതീക്ഷിക്കുന്നില്ലെന്നു തിരിച്ചറിയാൻ നമ്മളെ സഹായിക്കും. കുറവുകളൊക്കെയുണ്ടെങ്കിലും നമ്മൾ മടുത്തുപോകാതെ ശ്രമം തുടരാനാണ് യഹോവ ആഗ്രഹിക്കുന്നത്.
3. നമ്മൾ മടുത്തുപോകാതെ ശ്രമം തുടരേണ്ടത് എന്തുകൊണ്ട്?
3 നമ്മൾ മടുത്തുപോകാതെ ശ്രമം തുടരേണ്ടത് എന്തുകൊണ്ടാണ്? ഒരു കാര്യം വീണ്ടുംവീണ്ടും ചെയ്തുകൊണ്ടിരിക്കുകയാണെങ്കിൽ സാധ്യതയനുസരിച്ച് നമ്മൾ അതിൽ മെച്ചപ്പെടും. ഉദാഹരണത്തിന്, ഒരു സംഗീതോപകരണം നന്നായി വായിക്കാൻ ആഗ്രഹിക്കുന്ന ഒരാൾ വർഷങ്ങളോളം അതിനുവേണ്ടി ശ്രമിക്കേണ്ടതുണ്ടായിരിക്കാം. ആ സമയത്ത് അദ്ദേഹം ഒരുപാടു തെറ്റുകൾ വരുത്തിയേക്കാം. എന്നാൽ, ശ്രമം തുടരുകയാണെങ്കിൽ അദ്ദേഹത്തിനു മെച്ചപ്പെടാനാകും. നന്നായി വായിക്കാൻ പഠിച്ചശേഷവും ഇടയ്ക്കൊക്കെ അദ്ദേഹം തെറ്റുകൾ വരുത്തിയേക്കാം. എങ്കിലും അദ്ദേഹം മടുത്ത് പിന്മാറുന്നില്ല. ഇനിയും കൂടുതൽ പുരോഗമിക്കുന്നതിനുവേണ്ടി അദ്ദേഹം പരിശീലനം തുടരും. അതുപോലെതന്നെ ഏതെങ്കിലും ഒരു ബലഹീനത നിയന്ത്രണത്തിലാക്കിയെന്നു നമുക്കു തോന്നിയാൽപ്പോലും നമ്മൾ അതേ തെറ്റു വീണ്ടും ആവർത്തിച്ചേക്കാം. അപ്പോഴും കൂടുതൽ പുരോഗമിക്കാനായി നമ്മൾ ശ്രമം തുടരും. പിന്നീട് വിഷമം തോന്നാൻ ഇടയാക്കിയേക്കാവുന്ന കാര്യങ്ങൾ പലപ്പോഴും നമ്മളെല്ലാം പറയുകയോ പ്രവർത്തിക്കുകയോ ചെയ്യാറുണ്ട്. എങ്കിലും നമ്മൾ മടുത്ത് പിന്മാറാതിരിക്കുന്നെങ്കിൽ മെച്ചപ്പെടാൻ യഹോവ നമ്മളെ സഹായിക്കും. (1 പത്രോ. 5:10) പത്രോസിന്റെ ജീവിതം അതാണു നമ്മളെ പഠിപ്പിക്കുന്നത്. പത്രോസിനു പല തെറ്റുകളും പറ്റിയെങ്കിലും അദ്ദേഹം മടുത്ത് പിന്മാറിയില്ല. അദ്ദേഹത്തിനു കുറവുകളുണ്ടായിരുന്നിട്ടും യേശു അദ്ദേഹത്തോടു കാണിച്ച അനുകമ്പ യഹോവയെ സേവിക്കുന്നതിൽ തുടരാൻ നമ്മളെയും പ്രേരിപ്പിക്കും.
മടുത്തുപോകാതിരുന്നതുകൊണ്ട് പത്രോസ് അനുഗ്രഹങ്ങൾ നേടി
4. (എ) ലൂക്കോസ് 5:5-10-ൽ കാണുന്നതുപോലെ പത്രോസ് തന്നെക്കുറിച്ചുതന്നെ എന്താണു ചിന്തിച്ചത്? (ബി) യേശു അദ്ദേഹത്തിന് എന്ത് ഉറപ്പുകൊടുത്തു?
4 താൻ “പാപിയാണ്” എന്നു പത്രോസ് പറഞ്ഞതിന്റെ കാരണത്തെക്കുറിച്ചോ തന്റെ ഏതൊക്കെ തെറ്റുകളാണ് അപ്പോൾ അദ്ദേഹത്തിന്റെ മനസ്സിലുണ്ടായിരുന്നത് എന്നതിനെക്കുറിച്ചോ ബൈബിൾ പറയുന്നില്ല. (ലൂക്കോസ് 5:5-10 വായിക്കുക.) ഒരുപക്ഷേ അദ്ദേഹം ഗൗരവമുള്ള ചില തെറ്റുകൾ ചെയ്തിട്ടുണ്ടാകാം. താൻ അത്ര നല്ല ആളൊന്നും അല്ലെന്നു പത്രോസ് ചിന്തിച്ചതുകൊണ്ടായിരിക്കാം അദ്ദേഹം അങ്ങനെ പേടിച്ചതെന്നു യേശു മനസ്സിലാക്കി. എന്നാൽ പത്രോസിനു വിശ്വസ്തനായി തുടരാൻ കഴിയുമെന്നു യേശുവിന് അറിയാമായിരുന്നു. അതുകൊണ്ട് യേശു ദയയോടെ പത്രോസിനോട്, “പേടിക്കാതിരിക്കൂ!” എന്നു പറഞ്ഞു. യേശുവിനു പത്രോസിലുണ്ടായിരുന്ന വിശ്വാസം അദ്ദേഹത്തിന്റെ ജീവിതത്തെ ശരിക്കും സ്വാധീനിച്ചു. അങ്ങനെ പിന്നീട് പത്രോസും അദ്ദേഹത്തിന്റെ സഹോദരനായ അന്ത്രയോസും മീൻപിടുത്തം ഒക്കെ ഉപേക്ഷിച്ച് മിശിഹയെ മുഴുസമയം അനുഗമിക്കാൻതുടങ്ങി. അത് അവർക്കു ധാരാളം അനുഗ്രഹങ്ങൾ നേടിക്കൊടുത്തു.—മർക്കോ. 1:16-18.
5. പേടിയെല്ലാം മറികടന്ന് യേശുവിന്റെ ക്ഷണം സ്വീകരിച്ചതുകൊണ്ട് പത്രോസിന് എന്തെല്ലാം അനുഗ്രഹങ്ങൾ കിട്ടി?
5 യേശുവിന്റെ അനുഗാമിയായതുകൊണ്ട് പത്രോസിന് ഒരുപാടു നല്ല അനുഭവങ്ങളുണ്ടായി. യേശു രോഗികളെ സുഖപ്പെടുത്തുന്നതും ഭൂതങ്ങളെ പുറത്താക്കുന്നതും മരിച്ചവരെ ഉയിർപ്പിക്കുന്നതുപോലും അദ്ദേഹം കണ്ടു. b (മത്താ. 8:14-17; മർക്കോ. 5:37, 41, 42) ഭാവിയിൽ ദൈവരാജ്യത്തിന്റെ രാജാവാകുമ്പോൾ യേശുവിനു ലഭിക്കാനിരിക്കുന്ന മഹത്ത്വം ഒരു ദിവ്യദർശനത്തിലൂടെ കാണാനും പത്രോസിന് അവസരം ലഭിച്ചു. അദ്ദേഹത്തിന് ഒരിക്കലും മറക്കാൻ പറ്റാത്ത ഒരു അനുഭവമായിരുന്നു അത്. (മർക്കോ. 9:1-8; 2 പത്രോ. 1:16-18) യേശുവിനെ അനുഗമിച്ചില്ലായിരുന്നെങ്കിൽ ഇതൊന്നും പത്രോസിന് ഒരിക്കലും കാണാനാകുമായിരുന്നില്ല. തനിക്കുണ്ടായിരുന്ന പേടിയെല്ലാം മറികടക്കാനും ഈ അനുഗ്രഹങ്ങളൊക്കെ ആസ്വദിക്കാനും കഴിഞ്ഞതിൽ പത്രോസിന് എത്ര സന്തോഷം തോന്നിക്കാണും!
6. പത്രോസിനു തന്റെ ബലഹീനതകൾ എളുപ്പം മറികടക്കാനായോ? വിശദീകരിക്കുക.
6 യേശുവിന്റെ കൂടെ നടന്ന് പലതും കാണുകയും കേൾക്കുകയും ചെയ്തെങ്കിലും പത്രോസ് അപ്പോഴും തന്റെ ബലഹീനതകൾ മറികടക്കാൻ പാടുപെട്ടു. ചില ഉദാഹരണങ്ങൾ നോക്കാം. തിരുവെഴുത്തുകളിൽ മുൻകൂട്ടിപ്പറഞ്ഞിരിക്കുന്നതുപോലെ താൻ കഷ്ടതകൾ സഹിച്ച് മരിക്കുമെന്നു യേശു ഒരിക്കൽ പറഞ്ഞപ്പോൾ, പത്രോസ് യേശുവിനെ ശകാരിച്ചു. (മർക്കോ. 8:31-33) ഇനി, പത്രോസും മറ്റ് അപ്പോസ്തലന്മാരും പല തവണ തങ്ങളിൽ ആരാണു വലിയവൻ എന്നതിനെക്കുറിച്ച് തർക്കിച്ചിട്ടുണ്ട്. (മർക്കോ. 9:33, 34) യേശുവിന്റെ മരണത്തിന്റെ തലേ രാത്രി പത്രോസ് എടുത്തുചാടി പ്രവർത്തിച്ചു. ഒരാളുടെ ചെവി വെട്ടിക്കളഞ്ഞു. (യോഹ. 18:10) അതേ രാത്രിതന്നെ പേടി കാരണം പത്രോസ് മൂന്നു തവണ തന്റെ ഏറ്റവും അടുത്ത സുഹൃത്തായ യേശുവിനെ തള്ളിപ്പറഞ്ഞു. (മർക്കോ. 14:66-72) അത് ഓർത്ത് പത്രോസ് പിന്നീട് ഒരുപാടു കരഞ്ഞു.—മത്താ. 26:75.
7. യേശുവിന്റെ പുനരുത്ഥാനശേഷം പത്രോസിന് എന്തിനുള്ള അവസരം കിട്ടി?
7 നിരാശയിൽ ആണ്ടുപോയ തന്റെ അപ്പോസ്തലനെ യേശു കൈവിട്ടില്ല. പുനരുത്ഥാനശേഷം യേശു പത്രോസിനെ ചെന്ന് കാണുകയും തന്നോടുള്ള സ്നേഹം തുറന്നുപറയാൻ അവസരം കൊടുക്കുകയും ചെയ്തു. കൂടാതെ, താഴ്മയോടെ തന്റെ ആടുകളെ മേയ്ക്കാനുള്ള ഉത്തരവാദിത്വവും യേശു അദ്ദേഹത്തെ ഏൽപ്പിച്ചു. (യോഹ. 21:15-17) യേശു തന്നോട് ആവശ്യപ്പെട്ടതു ചെയ്യാൻ പത്രോസ് തയ്യാറായി. പെന്തിക്കോസ്ത് ദിവസം അദ്ദേഹം യരുശലേമിലുണ്ടായിരുന്നു. അങ്ങനെ ആദ്യമായി പരിശുദ്ധാത്മാവിനാൽ അഭിഷേകം ലഭിച്ചവരുടെ കൂട്ടത്തിലായിരിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു.
8. അന്ത്യോക്യയിൽവെച്ച് പത്രോസ് എന്തു വലിയ തെറ്റാണു ചെയ്തത്?
8 പരിശുദ്ധാത്മാവിനാൽ അഭിഷേകം ചെയ്യപ്പെട്ടശേഷവും പത്രോസിനു തന്റെ ബലഹീനതകളോടു പോരാടേണ്ടിവന്നു. എ.ഡി. 36-ൽ ദൈവം പത്രോസിനെ ജൂതനല്ലാതിരുന്ന കൊർന്നേല്യൊസിന്റെ അടുത്തേക്ക് അയച്ചു. അന്നു ദൈവം കൊർന്നേല്യൊസിന്റെ മേൽ പരിശുദ്ധാത്മാവിനെ പകർന്നു. ഈ സംഭവം ‘ദൈവം പക്ഷപാതമുള്ളവനല്ല’ എന്നതിനും ജനതകളിൽപ്പെട്ടവർക്കും ക്രിസ്തീയസഭയുടെ ഭാഗമാകാൻ കഴിയുമെന്നതിനും ഉള്ള വ്യക്തമായ തെളിവായിരുന്നു. (പ്രവൃ. 10:34, 44, 45) അതോടെ പത്രോസ് ജനതകളിൽപ്പെട്ടവരോടൊപ്പം ഭക്ഷണം കഴിക്കാൻതുടങ്ങി. (ഗലാ. 2:12) മുമ്പായിരുന്നെങ്കിൽ അങ്ങനെയൊരു കാര്യം ചെയ്യുന്നതിനെക്കുറിച്ച് അദ്ദേഹം ചിന്തിക്കുകപോലുമില്ലായിരുന്നു. എന്നാൽ ജൂതന്മാരും ജനതകളിൽപ്പെട്ടവരും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കാൻ പാടില്ലെന്നു ചില ജൂതക്രിസ്ത്യാനികൾക്കു തോന്നി. അങ്ങനെയൊരു കാഴ്ചപ്പാടുണ്ടായിരുന്ന ചിലർ അന്ത്യോക്യയിൽ എത്തിയപ്പോൾ, അവർക്ക് എന്തു തോന്നുമെന്നു കരുതി പത്രോസ് ജനതകളിൽപ്പെട്ട സഹോദരങ്ങളോടൊപ്പം ഭക്ഷണം കഴിക്കുന്നതു നിറുത്തി. പത്രോസ് അങ്ങനെ ചെയ്യുന്നതു കണ്ടിട്ട് പൗലോസ് അപ്പോസ്തലൻ എല്ലാവരുടെയും മുന്നിൽവെച്ച് അദ്ദേഹത്തിനു തിരുത്തൽ നൽകി. (ഗലാ. 2:13, 14) ഇങ്ങനെയൊരു തെറ്റു പറ്റിയെങ്കിലും പത്രോസ് മടുത്ത് പിന്മാറിയില്ല. എന്താണ് അതിന് അദ്ദേഹത്തെ സഹായിച്ചത്?
മടുത്തുപോകാതെ തുടരാൻ എന്താണു പത്രോസിനെ സഹായിച്ചത്?
9. യോഹന്നാൻ 6:68, 69 പത്രോസിന്റെ വിശ്വസ്തത എടുത്തുകാണിക്കുന്നത് എങ്ങനെ?
9 പത്രോസ് വിശ്വസ്തനായിരുന്നു. യേശുവിനെ പിന്തുടരുന്നതിനു തടസ്സമാകാൻ പത്രോസ് ഒന്നിനെയും അനുവദിച്ചില്ല. അദ്ദേഹം തന്റെ വിശ്വസ്തത തെളിയിച്ച ഒരു സംഭവം നോക്കാം. ഒരിക്കൽ യേശു പറഞ്ഞ ചില കാര്യങ്ങൾ ശിഷ്യന്മാർക്കു മനസ്സിലായില്ല. (യോഹന്നാൻ 6:68, 69 വായിക്കുക.) യേശു അതിന്റെ അർഥം വിശദീകരിച്ചുതരാൻ കാത്തിരിക്കുകയോ അതെക്കുറിച്ച് യേശുവിനോടു ചോദിക്കുകയോ ചെയ്യാതെ പല ശിഷ്യന്മാരും യേശുവിനെ ഉപേക്ഷിച്ച് പോയി. പക്ഷേ, പത്രോസ് അങ്ങനെ ചെയ്തില്ല. യേശുവിന്റെ അടുത്ത് മാത്രമാണു “നിത്യജീവന്റെ വചനങ്ങൾ” ഉള്ളതെന്നു പത്രോസ് തിരിച്ചറിഞ്ഞു.
10. പത്രോസ് വിശ്വസ്തനായി തുടരുമെന്നു തനിക്ക് ഉറപ്പുണ്ടെന്നു യേശു എങ്ങനെയാണു കാണിച്ചത്? (ചിത്രവും കാണുക.)
10 യേശു പത്രോസിനെ കൈവിട്ടില്ല. തന്റെ മരണത്തിന്റെ തലേ രാത്രിയിൽ പത്രോസും മറ്റ് അപ്പോസ്തലന്മാരും തന്നെ വിട്ട് പോകുമെന്നു യേശുവിന് അറിയാമായിരുന്നു. പക്ഷേ പത്രോസ് തിരിച്ചുവരുമെന്നും വിശ്വസ്തനായി തുടരുമെന്നും തനിക്ക് ഉറപ്പുണ്ടെന്ന് യേശു പത്രോസിനോടു തുറന്നുപറഞ്ഞു. (ലൂക്കോ. 22:31, 32) “ആത്മാവ് തയ്യാറാണെങ്കിലും ശരീരം ബലഹീനമാണ്” എന്നു യേശു മനസ്സിലാക്കി. (മർക്കോ. 14:38) അതുകൊണ്ട് പത്രോസ് തന്നെ തള്ളിപ്പറഞ്ഞിട്ടുപോലും യേശു അദ്ദേഹത്തെ ഉപേക്ഷിച്ചില്ല. പുനരുത്ഥാനപ്പെട്ട യേശു പത്രോസിനെ ചെന്ന് കണ്ടു. സാധ്യതയനുസരിച്ച് ആ സമയത്ത് പത്രോസ് ഒറ്റയ്ക്കായിരുന്നു. (മർക്കോ. 16:7; ലൂക്കോ. 24:34; 1 കൊരി. 15:5) താൻ ചെയ്തുപോയത് ഓർത്ത് സങ്കടപ്പെട്ടിരുന്ന പത്രോസിന് അത് എത്ര ആശ്വാസമായിക്കാണും!
11. പത്രോസിന് യഹോവയുടെ പിന്തുണയുണ്ടായിരിക്കുമെന്നു യേശു എങ്ങനെയാണ് ഉറപ്പുകൊടുത്തത്?
11 പത്രോസിന്റെ ആവശ്യങ്ങൾക്കുവേണ്ടി യഹോവ കരുതുമെന്നു യേശു അദ്ദേഹത്തിന് ഉറപ്പുകൊടുത്തു. പുനരുത്ഥാനപ്പെട്ട യേശു, വീണ്ടും അത്ഭുതകരമായി വലിയൊരു കൂട്ടം മീൻ പിടിക്കാൻ പത്രോസിനെയും മറ്റ് അപ്പോസ്തലന്മാരെയും സഹായിച്ചു. (യോഹ. 21:4-6) തന്റെ ആവശ്യങ്ങൾക്കുവേണ്ടി കരുതാൻ യഹോവയ്ക്ക് ഒരു ബുദ്ധിമുട്ടുമില്ലെന്നു തിരിച്ചറിയാൻ ഈ അത്ഭുതം പത്രോസിനെ ഉറപ്പായും സഹായിച്ചിട്ടുണ്ട്. ‘ദൈവരാജ്യത്തിന് ഒന്നാം സ്ഥാനം കൊടുക്കുന്നവർക്കുവേണ്ടി’ യഹോവ കരുതുമെന്ന യേശുവിന്റെ വാക്കുകൾ പത്രോസ് അപ്പോൾ ഓർത്തിട്ടുണ്ടാകാം. (മത്താ. 6:33) മീൻപിടുത്തത്തെക്കാൾ കൂടുതൽ പ്രാധാന്യം ശുശ്രൂഷയ്ക്കു കൊടുക്കാൻ ഇതെല്ലാം പത്രോസിനെ സഹായിച്ചു. എ.ഡി. 33-ലെ പെന്തിക്കോസ്തിൽ അദ്ദേഹം ധൈര്യത്തോടെ നല്ലൊരു സാക്ഷ്യം നൽകി. സന്തോഷവാർത്ത സ്വീകരിക്കാൻ അത് ആയിരക്കണക്കിന് ആളുകളെ സഹായിച്ചു. (പ്രവൃ. 2:14, 37-41) പിന്നീട് അദ്ദേഹം ക്രിസ്തുവിൽ വിശ്വസിക്കാൻ ശമര്യക്കാരെയും ജനതകളിൽപ്പെട്ടവരെയും സഹായിച്ചു. (പ്രവൃ. 8:14-17; 10:44-48) എല്ലാ തരം ആളുകളെയും ക്രിസ്തീയസഭയിലേക്കു കൂട്ടിച്ചേർക്കാൻ യഹോവ പത്രോസിനെ വലിയൊരു അളവിൽ ഉപയോഗിച്ചു എന്നതിനു സംശയമില്ല.
നമ്മൾ എന്താണു പഠിച്ചത്?
12. നമ്മൾ വർഷങ്ങളായി ഒരു ബലഹീനതയുമായി പോരാടുകയാണെങ്കിൽ പത്രോസിനെക്കുറിച്ച് പഠിച്ചതിന്റെ അടിസ്ഥാനത്തിൽ ഏതു കാര്യം ഓർക്കാം?
12 മടുത്തുപോകാതെ തുടരാൻ യഹോവയ്ക്കു നമ്മളെ സഹായിക്കാനാകും. പക്ഷേ, അങ്ങനെ തുടരുന്നത് എപ്പോഴും അത്ര എളുപ്പമായിരിക്കണമെന്നില്ല, പ്രത്യേകിച്ച് കുറെയധികം നാളുകളായി ഒരു ബലഹീനത മറികടക്കാൻ ശ്രമിക്കുകയാണെങ്കിൽ. ചിലപ്പോൾ നമ്മൾ നേരിടുന്ന പ്രശ്നം പത്രോസിന് ഉണ്ടായതിനെക്കാൾ വലുതാണെന്നു നമുക്കു തോന്നിയേക്കാം. പക്ഷേ ഓർക്കുക, പ്രശ്നം എത്ര വലുതാണെങ്കിലും മടുത്ത് പിന്മാറാതിരിക്കാൻ ആവശ്യമായ ശക്തി തരാൻ യഹോവയ്ക്കാകും. (സങ്കീ. 94:17-19) ഉദാഹരണത്തിന്, ഒരു സഹോദരന്റെ അനുഭവം നോക്കാം. അദ്ദേഹം സത്യം പഠിക്കുന്നതിനു മുമ്പ് വർഷങ്ങളോളം സ്വവർഗാനുരാഗിയായി ജീവിച്ച വ്യക്തിയായിരുന്നു. സഹോദരൻ തന്റെ ആ രീതിക്കു പൂർണമായ മാറ്റം വരുത്തി, ബൈബിൾ പറയുന്നതനുസരിച്ച് ജീവിക്കാൻതുടങ്ങി. എങ്കിലും, പിന്നീടും അദ്ദേഹത്തിന് ഇടയ്ക്കൊക്കെ ആ തെറ്റായ ആഗ്രഹങ്ങളോടു പോരാടേണ്ടി വന്നിട്ടുണ്ട്. മടുത്തുപോകാതെ ശ്രമം തുടരാൻ സഹോദരനെ എന്താണു സഹായിച്ചത്? സഹോദരൻ പറയുന്നു: “യഹോവ നമുക്കു വേണ്ട ശക്തി തരും. ദൈവാത്മാവിന്റെ സഹായത്താൽ സത്യത്തിന്റെ വഴിയേ തുടർന്നും മുന്നോട്ടുപോകാൻ കഴിയുമെന്നു ഞാൻ മനസ്സിലാക്കി. ഇക്കാലംവരെ യഹോവ എന്നെ ഉപയോഗിച്ചുകൊണ്ടാണിരിക്കുന്നത്. കുറവുകളൊക്കെയുണ്ടെങ്കിലും തുടർന്നും യഹോവ എനിക്കു വേണ്ട ശക്തി തരും.”
13. പ്രവൃത്തികൾ 4:13, 29, 31 വാക്യങ്ങളിൽ കാണുന്ന പത്രോസിന്റെ മാതൃക നമുക്ക് എങ്ങനെ അനുകരിക്കാം? (ചിത്രവും കാണുക.)
13 നമ്മൾ കണ്ടതുപോലെ ആളുകളെ പേടിച്ചിട്ട് പത്രോസ് പല തവണ ഗൗരവമുള്ള തെറ്റുകൾ ചെയ്തു. എന്നാൽ ധൈര്യത്തിനുവേണ്ടി പ്രാർഥിച്ചതുകൊണ്ട് അദ്ദേഹത്തിനു പേടിയെ മറികടക്കാനായി. (പ്രവൃത്തികൾ 4:13, 29, 31 വായിക്കുക.) നമുക്കും അതിനു കഴിയും. രണ്ടാം ലോകമഹായുദ്ധകാലത്ത് നാസി ജർമനിയിൽ താമസിച്ചിരുന്ന ഹോസ്റ്റ് എന്ന സഹോദരന്റെ അനുഭവം അതാണു തെളിയിക്കുന്നത്. കുട്ടിയായിരുന്നപ്പോൾ ഒന്നിലധികം തവണ സ്കൂളിൽവെച്ച് പേടി കാരണം ഹിറ്റ്ലറിനെ സ്തുതിച്ചുകൊണ്ട് “ഹെയ്ൽ ഹിറ്റ്ലർ!” എന്നു സഹോദരൻ പറഞ്ഞുപോയി. ഇത് അറിഞ്ഞ മാതാപിതാക്കൾ ഹോസ്റ്റിനെ വഴക്കു പറഞ്ഞില്ല. പകരം, ആവശ്യമായ ധൈര്യം കൊടുത്ത് സഹായിക്കണേ എന്ന് അവന്റെ കൂടെയിരുന്ന് യഹോവയോടു പ്രാർഥിക്കുകയാണു ചെയ്തത്. മാതാപിതാക്കളുടെ സഹായത്താലും യഹോവയിലുള്ള ആശ്രയത്താലും അത്തരമൊരു സാഹചര്യത്തിൽ ഉറച്ചുനിൽക്കാൻ ആവശ്യമായ ധൈര്യം നേടിയെടുക്കാൻ പതിയെപ്പതിയെ സഹോദരനു കഴിഞ്ഞു. സഹോദരൻ പിന്നീട് ഇങ്ങനെ പറഞ്ഞു: “യഹോവ ഒരിക്കലും എന്നെ കൈവെടിഞ്ഞില്ല.” c
14. നിരുത്സാഹിതരെ പ്രോത്സാഹിപ്പിക്കാൻ കരുതലുള്ള ഇടയന്മാർക്ക് എന്തു ചെയ്യാനാകും?
14 യഹോവയും യേശുവും ഒരിക്കലും നമ്മളെ കൈവിടില്ല. യേശുവിനെ തള്ളിപ്പറഞ്ഞതിനു ശേഷം പത്രോസിനു പ്രധാനപ്പെട്ട ഒരു തീരുമാനമെടുക്കേണ്ടി വന്നു. യേശുവിനെ ഉപേക്ഷിച്ച് പോകണോ, അതോ ക്രിസ്തുശിഷ്യനായി തുടരണോ എന്നതായിരുന്നു അത്. പത്രോസിന്റെ വിശ്വാസം നഷ്ടപ്പെടാതിരിക്കാൻ യേശു യഹോവയോടു പ്രാർഥിച്ചിരുന്നു. യേശു പത്രോസിനോട് ആ പ്രാർഥനയെക്കുറിച്ച് പറയുകയും പത്രോസ് തിരിച്ച് വന്നശേഷം സഹോദരങ്ങളെ ബലപ്പെടുത്തുമെന്നു തനിക്ക് ഉറപ്പുണ്ടെന്നു സൂചിപ്പിക്കുകയും ചെയ്തു. (ലൂക്കോ. 22:31, 32) പിന്നീട് ഈ വാക്കുകളെക്കുറിച്ച് ചിന്തിച്ചപ്പോൾ മടുത്തുപോകാതെ മുന്നോട്ടുപോകാൻ പത്രോസിന് എത്ര പ്രോത്സാഹനം തോന്നിക്കാണും! നമുക്കും ഇതുപോലെ പ്രധാനപ്പെട്ട തീരുമാനമെടുക്കേണ്ടി വരുമ്പോൾ വിശ്വസ്തരായി തുടരാൻ വേണ്ട പ്രോത്സാഹനം നൽകുന്നതിന് യഹോവ ചിലപ്പോൾ കരുതലുള്ള ഇടയന്മാരെ ഉപയോഗിച്ചേക്കാം. (എഫെ. 4:8, 11) വർഷങ്ങളായി മൂപ്പനായി സേവിക്കുന്ന പോൾ സഹോദരൻ, ഇതുപോലെ സഹോദരങ്ങളെ പ്രോത്സാഹിപ്പിക്കാനും ആശ്വസിപ്പിക്കാനും ശ്രമിക്കാറുണ്ട്. മടുത്തിട്ട് എല്ലാം ഉപേക്ഷിച്ചേക്കാം എന്നു ചിന്തിക്കുന്നവരോട്, ആദ്യമായി യഹോവ അവരെ സത്യത്തിലേക്ക് ആകർഷിച്ച ആ സമയത്തെക്കുറിച്ച് ഓർക്കാൻ സഹോദരൻ പറയും. എന്നിട്ട്, യഹോവ അചഞ്ചലസ്നേഹം കാണിക്കുന്ന ദൈവമാണെന്നും അതുകൊണ്ട് ഒരിക്കലും അവരെ ഉപേക്ഷിക്കാൻ യഹോവയ്ക്കാകില്ലെന്നും സഹോദരൻ ഉറപ്പുകൊടുക്കും. സഹോദരൻ പറയുന്നു: “നിരുത്സാഹിതരായിത്തീർന്ന പലരും യഹോവയുടെ സഹായത്താൽ മടുത്തുപോകാതെ മുന്നോട്ടു പോകുന്നതു ഞാൻ കണ്ടിട്ടുണ്ട്.”
15. പത്രോസിന്റെയും ഹോസ്റ്റിന്റെയും ജീവിതം മത്തായി 6:33 സത്യമാണെന്നു തെളിയിക്കുന്നത് എങ്ങനെ?
15 നമ്മൾ ശുശ്രൂഷയ്ക്കു ജീവിതത്തിൽ ഒന്നാം സ്ഥാനം കൊടുക്കുന്നെങ്കിൽ പത്രോസിനും മറ്റ് അപ്പോസ്തലന്മാർക്കും വേണ്ടി കരുതിയതുപോലെ യഹോവ, നമ്മുടെ ആവശ്യങ്ങൾക്കുവേണ്ടിയും കരുതും. (മത്താ. 6:33) രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം, മുമ്പ് കണ്ട ഹോസ്റ്റ് സഹോദരൻ മുൻനിരസേവനം ചെയ്യുന്നതിനെക്കുറിച്ച് ആലോചിച്ചു. എന്നാൽ, സഹോദരനു സാമ്പത്തികമായി അധികമൊന്നും ഉണ്ടായിരുന്നില്ല. അതുകൊണ്ട് തന്റെ ആവശ്യങ്ങൾക്കുവേണ്ടി കരുതാനും അതേസമയം മുഴുസമയസേവനം മുന്നോട്ടു കൊണ്ടുപോകാനും കഴിയുമോ എന്ന് അദ്ദേഹം സംശയിച്ചു. സഹോദരൻ എന്താണു ചെയ്തത്? യഹോവയെ ഒന്നു പരീക്ഷിക്കാൻ അദ്ദേഹം തീരുമാനിച്ചു. അതിനുവേണ്ടി, സർക്കിട്ട് മേൽവിചാരകൻ സഭ സന്ദർശിച്ച ആഴ്ചയിൽ എല്ലാ ദിവസവും വയൽസേവനത്തിനു പോയി. ആഴ്ചയുടെ അവസാന ദിവസം അദ്ദേഹത്തെ അത്ഭുതപ്പെടുത്തിക്കൊണ്ട് സർക്കിട്ട് മേൽവിചാരകൻ അദ്ദേഹത്തിന് ഒരു കവർ നൽകി. ഏതോ സഹോദരങ്ങൾ കൊടുത്ത പണമായിരുന്നു അത്. ആ പണം ഉപയോഗിച്ച് അദ്ദേഹത്തിനു മാസങ്ങളോളം മുൻനിരസേവനം ചെയ്യാനാകുമായിരുന്നു. ഈ സമ്മാനത്തെ യഹോവ തനിക്കുവേണ്ടി കരുതും എന്നതിനുള്ള ഒരു ഉറപ്പായി സഹോദരൻ കണ്ടു. പിന്നീടുള്ള തന്റെ ജീവിതകാലം മുഴുവൻ ഹോസ്റ്റ് സഹോദരൻ ദൈവരാജ്യത്തിന് ഒന്നാം സ്ഥാനം നൽകി.—മലാ. 3:10.
16. പത്രോസിനെക്കുറിച്ചും അദ്ദേഹം തന്റെ കത്തുകളിൽ എഴുതിയ കാര്യങ്ങളെക്കുറിച്ചും കൂടുതൽ പഠിക്കുന്നതു നമുക്കു പ്രയോജനം ചെയ്യുന്നത് എന്തുകൊണ്ട്?
16 പത്രോസ് ഒരിക്കൽ യേശുവിനോടു തന്നെ വിട്ട് പോകണമെന്ന് അപേക്ഷിച്ചതാണല്ലോ. പക്ഷേ, യേശു അങ്ങനെ ചെയ്യാതിരുന്നതിൽ പത്രോസിന് എത്ര സന്തോഷം തോന്നിക്കാണും. വിശ്വസ്തനായ ഒരു അപ്പോസ്തലനായിരിക്കാനും ക്രിസ്ത്യാനികൾക്കു നല്ല മാതൃകയായിരിക്കാനും യേശു പത്രോസിനെ തുടർന്നും പരിശീലിപ്പിച്ചുകൊണ്ടിരുന്നു. ആ പരിശീലനത്തിൽനിന്ന് നമുക്കു വിലപ്പെട്ട പല പാഠങ്ങളും പഠിക്കാനാകും. ദൈവപ്രചോദിതനായി ഒന്നാം നൂറ്റാണ്ടിലെ സഭകൾക്ക് എഴുതിയ രണ്ടു കത്തുകളിൽ പത്രോസ് അത്തരം ചില പാഠങ്ങളും മറ്റു ചില ആശയങ്ങളും ഉൾപ്പെടുത്തി. അടുത്ത ലേഖനത്തിൽ ആ കത്തുകളിൽനിന്നുള്ള ചില പാഠങ്ങളും അവ ഇന്നു നമുക്ക് എങ്ങനെ പ്രാവർത്തികമാക്കാമെന്നും നമ്മൾ പഠിക്കും.
ഗീതം 126 ഉണർന്നിരിക്കുക, ഉറച്ചുനിൽക്കുക, കരുത്തു നേടുക
a ഏതെങ്കിലും തരം ബലഹീനതകളെ മറികടക്കാൻ ബുദ്ധിമുട്ടുന്നവരെ ഉദ്ദേശിച്ച് തയ്യാറാക്കിയിരിക്കുന്ന ഒരു ലേഖനമാണ് ഇത്. അത്തരം പ്രശ്നങ്ങളെ തരണം ചെയ്യാനും യഹോവയെ വിശ്വസ്തമായി സേവിക്കുന്നതിൽ തുടരാനും അവർക്കു കഴിയുമെന്ന് ഈ ലേഖനം ഉറപ്പുകൊടുക്കും.
b മർക്കോസിന്റെ സുവിശേഷത്തിൽനിന്നുള്ള പല വാക്യങ്ങളും ഈ ലേഖനത്തിൽ കൊടുത്തിട്ടുണ്ട്. ഈ സംഭവങ്ങളെല്ലാം നേരിട്ട് കണ്ട പത്രോസിൽനിന്ന് കേട്ടറിഞ്ഞ കാര്യങ്ങളാണു സാധ്യതയനുസരിച്ച് മർക്കോസ് എഴുതിയത്.
c ഹോസ്റ്റ് ഹെൻഷൽ സഹോദരന്റെ ജീവിതകഥ വായിക്കാൻ 1998 ഫെബ്രുവരി 22 ലക്കം ഉണരുക!-യിലെ “ദൈവത്തോടുള്ള എന്റെ കുടുംബത്തിന്റെ വിശ്വസ്തതയാൽ പ്രചോദിപ്പിക്കപ്പെട്ടു” എന്ന ലേഖനം കാണുക.
d ചിത്രത്തിന്റെ വിവരണം: ഹോസ്റ്റ് ഹെൻഷൽ സഹോദരന്റെ മാതാപിതാക്കൾ അദ്ദേഹത്തോടൊപ്പം പ്രാർഥിക്കുന്നതിന്റെയും ധൈര്യത്തോടെ ഉറച്ചുനിൽക്കാൻ അദ്ദേഹത്തെ സഹായിക്കുന്നതിന്റെയും പുനരവതരണം.