പഠനലേഖനം 7
നമ്മുടെ പിതാവായ യഹോവയെ നമ്മൾ ആഴമായി സ്നേഹിക്കുന്നു
“ദൈവം ആദ്യം നമ്മളെ സ്നേഹിച്ചതുകൊണ്ടാണു നമ്മൾ സ്നേഹിക്കുന്നത്.”—1 യോഹ. 4:19.
ഗീതം 3 ഞങ്ങളുടെ പ്രത്യാശ, ഞങ്ങളുടെ ആശ്രയം, ഞങ്ങളുടെ ധൈര്യം
പൂർവാവലോകനം a
1-2. യഹോവ നമ്മളെ തന്റെ കുടുംബത്തിന്റെ ഭാഗമാക്കാനുള്ള ക്രമീകരണങ്ങൾ ചെയ്തത് എന്തുകൊണ്ട്, എങ്ങനെ?
യഹോവയ്ക്കു തന്റെ ആരാധകർ ചേരുന്ന ഒരു കുടുംബമുണ്ട്. അതിന്റെ ഭാഗമാകാൻ യഹോവ നമ്മളെയും ക്ഷണിച്ചിരിക്കുന്നു. എത്ര വിശിഷ്ടമായ ഒരു പദവിയാണ് അത്! ദൈവത്തിനു ജീവിതം സമർപ്പിക്കുകയും ദൈവപുത്രന്റെ മോചനവിലയിൽ വിശ്വസിക്കുകയും ചെയ്യുന്നവരാണ് ഈ കുടുംബത്തിലെ അംഗങ്ങൾ. നമ്മുടേതു സന്തോഷമുള്ള ഒരു കുടുംബമാണ്. ഇപ്പോൾത്തന്നെ, ഉദ്ദേശ്യമുള്ള ഒരു ജീവിതമാണു നമുക്കുള്ളത്. ഭാവിയിൽ എന്നുമെന്നും ജീവിക്കാനുള്ള പ്രത്യാശയും നമുക്കുണ്ട്. അതു ചിലപ്പോൾ സ്വർഗത്തിലായിരിക്കാം, അല്ലെങ്കിൽ ഭൂമിയിലെ പറുദീസയിലായിരിക്കാം.
2 നമ്മളോടു സ്നേഹമുള്ളതുകൊണ്ടാണ് യഹോവ നമ്മളെ തന്റെ കുടുംബത്തിന്റെ ഭാഗമാക്കാനുള്ള വഴി തുറന്നത്. പക്ഷേ അതിനുവേണ്ടി യഹോവയ്ക്കു വലിയ നഷ്ടം സഹിക്കേണ്ടിവന്നു. (യോഹ. 3:16) നമ്മളെ “വില കൊടുത്ത് വാങ്ങിയതാണ്.” (1 കൊരി. 6:20) യഹോവ മോചനവില തന്നതുകൊണ്ട്, യഹോവയുമായി ഒരു അടുത്ത ബന്ധത്തിലേക്കു വരാൻ നമുക്കു കഴിയുന്നു. ഒന്നു ചിന്തിക്കുക: ഈ പ്രപഞ്ചത്തിലെ ഏറ്റവും ഉന്നതനായ വ്യക്തിയെ “പിതാവേ” എന്നു വിളിക്കാനുള്ള പദവി നമുക്കുണ്ട്. ഇനി, കഴിഞ്ഞ ലേഖനത്തിൽ പഠിച്ചതുപോലെ, യഹോവയാണു നമുക്കു കിട്ടാവുന്നതിൽവെച്ച് ഏറ്റവും നല്ല പിതാവ്.
3. ഏതു ചോദ്യങ്ങൾ നമ്മൾ സ്വയം ചോദിച്ചേക്കാം? (“ യഹോവ എന്നെ ശ്രദ്ധിക്കുന്നുണ്ടോ?” എന്ന ചതുരം കാണുക.)
3 ഒരു ബൈബിളെഴുത്തുകാരനെപ്പോലെ നമ്മളും ഇങ്ങനെ ചോദിച്ചേക്കാം: “യഹോവ ചെയ്തുതന്ന സകല നന്മകൾക്കും ഞാൻ എന്തു പകരം കൊടുക്കും?” (സങ്കീ. 116:12) നമുക്ക് അതിന് ഒരിക്കലും കഴിയില്ല എന്നതാണു സത്യം. പക്ഷേ യഹോവ നമ്മളോടു കാണിച്ച സ്നേഹത്തെക്കുറിച്ച് ഓർക്കുമ്പോൾ യഹോവയോടു നമുക്കു സ്നേഹം തോന്നുന്നു. യോഹന്നാൻ അപ്പോസ്തലൻ എഴുതി: “ദൈവം ആദ്യം നമ്മളെ സ്നേഹിച്ചതുകൊണ്ടാണു നമ്മൾ സ്നേഹിക്കുന്നത്.” (1 യോഹ. 4:19) നമ്മുടെ സ്വർഗീയപിതാവിനെ സ്നേഹിക്കുന്നെന്നു നമുക്ക് ഏതെല്ലാം വിധങ്ങളിൽ കാണിക്കാം?
യഹോവയോട് എപ്പോഴും അടുത്ത് നിൽക്കുക
4. യാക്കോബ് 4:8 പറയുന്നതുപോലെ, യഹോവയോട് അടുത്തുചെല്ലാൻ നമ്മൾ ശ്രമിക്കേണ്ടത് എന്തുകൊണ്ട്?
4 നമ്മൾ തന്നോട് അടുത്തുവരാനും സംസാരിക്കാനും താൻ പറയുന്നതു കേൾക്കാനും യഹോവ ആഗ്രഹിക്കുന്നു. (യാക്കോബ് 4:8 വായിക്കുക.) ‘മടുത്ത് പിന്മാറാതെ പ്രാർഥിച്ചുകൊണ്ടിരിക്കാൻ’ യഹോവ നമ്മളോടു പറയുന്നു. നമ്മൾ പറയുന്നതു കേൾക്കാൻ യഹോവ എപ്പോഴും ഒരുക്കമാണ്. (റോമ. 12:12) നമ്മളെ ശ്രദ്ധിക്കാൻ സമയമില്ലാത്തതുപോലെ യഹോവ തിരക്കിലാകുകയോ ക്ഷീണിച്ചുപോകുകയോ ഇല്ല. ഇനി, ദൈവവചനമായ ബൈബിളും ബൈബിൾ മനസ്സിലാക്കാൻ നമ്മളെ സഹായിക്കുന്ന പ്രസിദ്ധീകരണങ്ങളും വായിച്ചുകൊണ്ട് നമ്മൾ യഹോവയെ ശ്രദ്ധിക്കുന്നു. സഭായോഗങ്ങളിൽ നന്നായി ശ്രദ്ധിച്ചിരുന്നുകൊണ്ടും നമ്മൾ യഹോവ പറയുന്നതു കേൾക്കുന്നു. കുട്ടികളും അച്ഛനമ്മമാരും തമ്മിൽ സംസാരിക്കുന്നത് അവർ തമ്മിലുള്ള അടുപ്പം കുറയാതിരിക്കാൻ സഹായിക്കും. അതുപോലെ, നമ്മൾ പതിവായി യഹോവയോടു സംസാരിക്കുകയും യഹോവ പറയുന്നതു ശ്രദ്ധിക്കുകയും ചെയ്യുന്നെങ്കിൽ യഹോവയോട് എപ്പോഴും അടുത്തുനിൽക്കാൻ നമുക്കു കഴിയും.
5. യഹോവയ്ക്ക് ഇഷ്ടം തോന്നുന്ന വിധത്തിൽ നമുക്ക് എങ്ങനെ പ്രാർഥിക്കാം?
5 നമ്മൾ എങ്ങനെയാണു പ്രാർഥിക്കുന്നത്? യഹോവയ്ക്ക് ഇഷ്ടം തോന്നുന്ന വിധത്തിലാണോ? പ്രാർഥനയിൽ നമ്മൾ തന്റെ മുമ്പാകെ ഹൃദയം പകരാൻ യഹോവ ആഗ്രഹിക്കുന്നു. (സങ്കീ. 62:8) നിങ്ങളോടുതന്നെ ചോദിക്കുക: ‘എന്റെ പ്രാർഥനകൾ ഒരു ആശംസാകാർഡിലെ അച്ചടിച്ച, ഔപചാരികമായ സന്ദേശംപോലെയാണോ അതോ കൈകൊണ്ട് എഴുതിയ ഹൃദയസ്പർശിയായ ഒരു കത്തുപോലെയാണോ?’ നിങ്ങൾ യഹോവയെ ആഴമായി സ്നേഹിക്കുന്നുണ്ട് എന്ന കാര്യത്തിൽ സംശയമില്ല. അതുപോലെ യഹോവയുമായി ശക്തമായ ബന്ധം നിലനിറുത്താൻ ആഗ്രഹിക്കുന്നുമുണ്ട്. അതിനു നിങ്ങൾ യഹോവയോടു പതിവായി സംസാരിക്കണം, എല്ലാ കാര്യങ്ങളും തുറന്നുപറയണം. നിങ്ങളുടെ സന്തോഷങ്ങളും വിഷമങ്ങളും എല്ലാം യഹോവയെ അറിയിക്കുക. സഹായത്തിനായി എപ്പോൾ വേണമെങ്കിലും യഹോവയുടെ അടുത്തേക്കു പോകാമെന്ന് ഉറപ്പുണ്ടായിരിക്കുക.
6. നമ്മുടെ സ്വർഗീയപിതാവിനോട് അടുത്ത് നിൽക്കാൻ എന്തു ചെയ്യണം?
6 നമ്മുടെ സ്വർഗീയപിതാവിനോട് അടുത്ത് നിൽക്കണമെങ്കിൽ, ദൈവം നമുക്കു ചെയ്തുതന്ന എല്ലാ കാര്യങ്ങൾക്കും നമുക്ക് എപ്പോഴും നന്ദിയുണ്ടായിരിക്കണം. “എന്റെ ദൈവമായ യഹോവേ, അങ്ങ് എത്രയോ കാര്യങ്ങൾ ചെയ്തിരിക്കുന്നു! അങ്ങയുടെ മഹനീയപ്രവൃത്തികളും ഞങ്ങളെക്കുറിച്ചുള്ള ചിന്തകളും എത്രയധികം! അങ്ങയ്ക്കു തുല്യനായി ആരുമില്ല; അവയെക്കുറിച്ചെല്ലാം വർണിക്കാൻ നോക്കിയാലോ അവ എണ്ണമറ്റവയും!” എന്ന് എഴുതിയ സങ്കീർത്തനക്കാരനെ പോലെയാണു നമുക്കും തോന്നുന്നത്. (സങ്കീ. 40:5) എന്നാൽ നമുക്കു നന്ദി തോന്നുക മാത്രമല്ല, വാക്കിലൂടെയും പ്രവൃത്തിയിലൂടെയും യഹോവയോടുള്ള നന്ദി കാണിക്കുകയും ചെയ്യണം. അങ്ങനെ ചെയ്യുമ്പോൾ നമ്മൾ ഇന്നുള്ള പലരിൽനിന്നും വ്യത്യസ്തരാണെന്നു കാണിക്കുകയാണ്. നമുക്കു ചുറ്റുമുള്ള ഭൂരിപക്ഷം പേർക്കും ദൈവം അവർക്കുവേണ്ടി ചെയ്ത കാര്യങ്ങളോട് ഒരു നന്ദിയുമില്ല. ‘അവസാനകാലത്തിന്റെ’ ഒരു അടയാളംതന്നെ ആളുകൾ നന്ദിയില്ലാത്തവരായിരിക്കും എന്നതാണ്. (2 തിമൊ. 3:1, 2) നമ്മൾ ഒരിക്കലും അവരെപ്പോലെയാകരുത്!
7. നമ്മൾ എന്തു ചെയ്യാൻ യഹോവ പ്രതീക്ഷിക്കുന്നു, എന്തുകൊണ്ട്?
7 മക്കൾ പരസ്പരം വഴക്കടിക്കുന്നതു കാണാനല്ല, പകരം അവർ നല്ല കൂട്ടുകാരായിരിക്കുന്നതു കാണാനാണ് അച്ഛനമ്മമാർക്ക് ഇഷ്ടം. യഹോവയും അതുപോലെയാണ്. തന്റെ എല്ലാ മക്കളും പരസ്പരം സ്നേഹത്തിലായിരിക്കാനാണു ദൈവം ആഗ്രഹിക്കുന്നത്. സത്യക്രിസ്ത്യാനികളായി നമ്മളെ തിരിച്ചറിയിക്കുന്നതുതന്നെ നമുക്കു പരസ്പരമുള്ള സ്നേഹമാണ്. (യോഹ. 13:35) സങ്കീർത്തനക്കാരൻ എഴുതി: “സഹോദരന്മാർ ഒന്നിച്ച് ഒരുമയോടെ കഴിയുന്നത് എത്ര നല്ലത്! എത്ര രസകരം!” അത് എത്ര സത്യമാണ്, അല്ലേ? (സങ്കീ. 133:1) സഹോദരങ്ങളെ സ്നേഹിക്കുമ്പോൾ, ശരിക്കും ദൈവത്തോടു സ്നേഹമുണ്ടെന്നു നമ്മൾ ദൈവത്തിനു കാണിച്ചുകൊടുക്കുകയാണ്. (1 യോഹ. 4:20) “തമ്മിൽ ദയയും മനസ്സലിവും ഉള്ള” സഹോദരങ്ങളുടെ കുടുംബത്തിലെ ഒരു അംഗമായിരിക്കുന്നത് എത്ര സന്തോഷമുള്ള കാര്യമാണ്!—എഫെ. 4:32.
അനുസരിച്ചുകൊണ്ട് സ്നേഹം കാണിക്കുക
8. 1 യോഹന്നാൻ 5:3 പറയുന്നതുപോലെ, നമ്മൾ യഹോവയെ അനുസരിക്കുന്നതിന്റെ ഏറ്റവും പ്രധാനപ്പെട്ട കാരണം എന്താണ്?
8 മക്കൾ മാതാപിതാക്കളെ അനുസരിക്കാൻ ദൈവം പ്രതീക്ഷിക്കുന്നു, നമ്മൾ ദൈവത്തെ അനുസരിക്കാനും ദൈവം പ്രതീക്ഷിക്കുന്നു. (എഫെ. 6:1) യഹോവയെ നമ്മൾ അനുസരിക്കണം, കാരണം യഹോവയാണു നമ്മുടെ സ്രഷ്ടാവും നമ്മുടെ ജീവൻ നിലനിറുത്തുന്നവനും. ഭൂമിയിലുള്ള ഏതൊരു അപ്പനെക്കാളും ജ്ഞാനമുള്ളതും ദൈവത്തിനാണ്. പക്ഷേ നമ്മൾ യഹോവയെ അനുസരിക്കുന്നതിന്റെ ഏറ്റവും പ്രധാനപ്പെട്ട കാരണം നമ്മൾ യഹോവയെ സ്നേഹിക്കുന്നു എന്നതാണ്. (1 യോഹന്നാൻ 5:3 വായിക്കുക.) യഹോവയെ നമ്മൾ അനുസരിക്കേണ്ടതിനു പല കാരണങ്ങളുണ്ടെങ്കിലും യഹോവ അതിനു നമ്മളെ നിർബന്ധിക്കുന്നില്ല. തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യം യഹോവ നമുക്കു തന്നിട്ടുണ്ട്. ദൈവത്തോടുള്ള സ്നേഹംകൊണ്ട് ദൈവത്തെ അനുസരിക്കാൻ നമ്മൾ തീരുമാനിക്കുമ്പോൾ ദൈവം സന്തോഷിക്കും.
9-10. യഹോവയുടെ മാർഗനിർദേശങ്ങൾ മനസ്സിലാക്കുന്നതും അത് അനുസരിച്ച് ജീവിക്കുന്നതും എന്തുകൊണ്ടാണു പ്രധാനമായിരിക്കുന്നത്?
9 മക്കൾക്ക് ഒരു കുഴപ്പവും വരാൻ അച്ഛനമ്മമാർ ആഗ്രഹിക്കുന്നില്ല. അതുകൊണ്ടാണു മക്കൾ ചെയ്യേണ്ടതും ചെയ്യരുതാത്തതും ആയ കാര്യങ്ങൾക്ക് അവർ നിയമങ്ങൾ വെക്കുന്നത്. മക്കളുടെ പ്രയോജനത്തിനാണ് അത്. മക്കൾ അത് അനുസരിക്കുമ്പോൾ അച്ഛനമ്മമാരെ വിശ്വസിക്കുന്നെന്നും ബഹുമാനിക്കുന്നെന്നും കാണിക്കുകയാണ്. അങ്ങനെയെങ്കിൽ നമ്മുടെ സ്വർഗീയപിതാവിന്റെ മാർഗനിർദേശങ്ങൾ മനസ്സിലാക്കുന്നതും അത് അനുസരിച്ച് ജീവിക്കുന്നതും എത്ര പ്രധാനമാണ്! അങ്ങനെ ചെയ്യുമ്പോൾ യഹോവയെ സ്നേഹിക്കുന്നെന്നും ബഹുമാനിക്കുന്നെന്നും നമ്മൾ കാണിക്കുകയാണ്. അതു നമുക്കും പ്രയോജനം ചെയ്യും. (യശ. 48:17, 18) എന്നാൽ യഹോവയെയും യഹോവ പറയുന്ന കാര്യങ്ങളെയും അവഗണിക്കുന്നവർ അതിന്റെ ദോഷഫലങ്ങൾ അനുഭവിക്കും.—ഗലാ. 6:7, 8.
10 യഹോവയെ സന്തോഷിപ്പിക്കുന്ന രീതിയിൽ ജീവിക്കുന്നത്, ആരോഗ്യത്തിനു ദോഷം ചെയ്യുന്നതും നമുക്കു മാനസികവേദന വരുത്തിവെക്കുന്നതും യഹോവയുമായുള്ള ബന്ധം തകർക്കുന്നതും ആയ കാര്യങ്ങളിൽനിന്ന് ഒരു സംരക്ഷണമായിരിക്കും. നമുക്ക് ഏറ്റവും നല്ലത് എന്താണെന്ന് യഹോവയ്ക്കാണ് അറിയാവുന്നത്. ഐക്യനാടുകളിൽ കഴിയുന്ന അറോറ പറയുന്നു: “എപ്പോഴും യഹോവയെ അനുസരിച്ചുകൊണ്ടുള്ള ജീവിതമാണ് ഏറ്റവും നല്ലതെന്ന് എനിക്ക് അറിയാം.” നമ്മുടെ എല്ലാവരുടെയും കാര്യത്തിൽ അതാണു സത്യം. യഹോവ സ്നേഹത്തോടെ തരുന്ന നിർദേശങ്ങൾ അനുസരിച്ചതുകൊണ്ട് നിങ്ങൾക്ക് എന്തെല്ലാം പ്രയോജനങ്ങളാണു കിട്ടിയിട്ടുള്ളത്?
11. പ്രാർഥന എങ്ങനെയാണു നമ്മളെ സഹായിക്കുന്നത്?
11 അനുസരണമുള്ളവരായിരിക്കാൻ പ്രാർഥന സഹായിക്കും. യഹോവയെ അനുസരിക്കുന്നതു ചിലപ്പോൾ ബുദ്ധിമുട്ടായി തോന്നിയേക്കാം. കാരണം പാപം ചെയ്യാനുള്ള ഒരു ചായ്വ് നമുക്കുണ്ട്. അതിന് എതിരെ നമ്മൾ നിറുത്താതെ പോരാടണം. അത്തരം സാഹചര്യങ്ങളിൽ പ്രാർഥന നമ്മളെ സഹായിക്കും. സങ്കീർത്തനക്കാരൻ ദൈവത്തോട് ഇങ്ങനെ അപേക്ഷിച്ചു: “അങ്ങയെ അനുസരിക്കാനുള്ള മനസ്സൊരുക്കം എന്നിൽ ഉണർത്തേണമേ.” (സങ്കീ. 51:12) ഒരു സാധാരണ മുൻനിരസേവകനായ ഡെന്നിസ് പറയുന്നു: “യഹോവയുടെ ഏതെങ്കിലും ഒരു കല്പന അനുസരിക്കാൻ ബുദ്ധിമുട്ടു തോന്നിയാൽ ശരിയായതു ചെയ്യാനുള്ള ശക്തിക്കായി ഞാൻ പ്രാർഥിക്കും.” അങ്ങനെയുള്ള പ്രാർഥനകൾക്ക് യഹോവ എപ്പോഴും ഉത്തരം തരുമെന്നു നമുക്ക് ഉറപ്പുണ്ടായിരിക്കാം.—ലൂക്കോ. 11:9-13.
നമ്മുടെ പിതാവിനെ സ്നേഹിക്കാൻ മറ്റുള്ളവരെ സഹായിക്കുക
12. എഫെസ്യർ 5:1 പറയുന്നതുപോലെ നമ്മൾ എന്തു ചെയ്യണം?
12 എഫെസ്യർ 5:1 വായിക്കുക. യഹോവയുടെ “പ്രിയമക്കളായ” നമ്മൾ കഴിയുന്നത്ര നന്നായി യഹോവയെ അനുകരിക്കാൻ ശ്രമിക്കും. മറ്റുള്ളവരോടു സ്നേഹവും ദയയും കാണിച്ചുകൊണ്ടും അവരുടെ തെറ്റുകൾ ക്ഷമിച്ചുകൊണ്ടും നമുക്കു ദൈവത്തിന്റെ ഗുണങ്ങൾ അനുകരിക്കാം. നമ്മുടെ നല്ല പെരുമാറ്റം കാണുമ്പോൾ ദൈവത്തെ അറിയാത്തവർക്കു ദൈവത്തെക്കുറിച്ച് പഠിക്കാൻ പ്രേരണ തോന്നിയേക്കാം. (1 പത്രോ. 2:12) യഹോവ നമ്മളോട് ഇടപെടുന്നതുപോലെ മക്കളോട് ഇടപെടാൻ ക്രിസ്ത്യാനികളായ അച്ഛനമ്മമാർ ശ്രമിക്കണം. അങ്ങനെ ചെയ്താൽ, സ്നേഹമുള്ള നമ്മുടെ പിതാവിന്റെ ഒരു സുഹൃത്താകാൻ മക്കൾക്ക് ആഗ്രഹം തോന്നിയേക്കാം.
13. ധൈര്യം നേടാൻ നമ്മൾ എന്തിനെക്കുറിച്ച് ചിന്തിക്കണം?
13 ഒരു കൊച്ചുകുട്ടി അവന്റെ അച്ഛനെക്കുറിച്ച് അഭിമാനത്തോടെയും സന്തോഷത്തോടെയും സംസാരിക്കും. അതുപോലെ നമ്മുടെ സ്വർഗീയപിതാവായ യഹോവയെക്കുറിച്ച് നമുക്കും അഭിമാനമുണ്ട്. മറ്റുള്ളവർ ദൈവത്തെക്കുറിച്ച് അറിയാൻ നമ്മൾ ആഗ്രഹിക്കുന്നു. “ഞാൻ യഹോവയെക്കുറിച്ച് അഭിമാനത്തോടെ സംസാരിക്കും” എന്ന് എഴുതിയ ദാവീദ് രാജാവിനെപ്പോലെയാണു നമുക്കും തോന്നുന്നത്. (സങ്കീ. 34:2) പക്ഷേ അതിന് ആഗ്രഹമുണ്ടെങ്കിലും നമുക്കു നാണം തോന്നുന്നെങ്കിലോ? നമുക്ക് എങ്ങനെ ധൈര്യമുള്ളവരാകാം? നമ്മുടെ ലജ്ജയെക്കുറിച്ച് ചിന്തിക്കുന്നതിനു പകരം, ദൈവത്തെക്കുറിച്ച് നമ്മൾ സംസാരിക്കുമ്പോൾ ദൈവത്തിന് എത്രമാത്രം സന്തോഷം തോന്നുമെന്നും ദൈവത്തെക്കുറിച്ച് പഠിക്കുന്നതു മറ്റുള്ളവർക്ക് എത്രയധികം പ്രയോജനം ചെയ്യുമെന്നും ചിന്തിക്കുന്നതു സഹായിക്കും. നമുക്കു വേണ്ട ധൈര്യം യഹോവ തരും. ഒന്നാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന നമ്മുടെ സഹോദരങ്ങളെ ധൈര്യമുള്ളവരാകാൻ യഹോവ സഹായിച്ചു, നമ്മളെയും സഹായിക്കും.—1 തെസ്സ. 2:2.
14. സന്തോഷവാർത്ത അറിയിക്കുന്നത് പ്രധാനമായിരിക്കുന്നതിന്റെ ചില കാരണങ്ങൾ എന്തൊക്കെയാണ്?
14 യഹോവ പക്ഷപാതമുള്ളവനല്ല. ആളുകളുടെ പശ്ചാത്തലം ഒന്നും നോക്കാതെ എല്ലാ തരം ആളുകളെയും നമ്മൾ സ്നേഹിക്കുന്നതു കാണുമ്പോൾ ദൈവത്തിനു സന്തോഷം തോന്നും. (പ്രവൃ. 10:34, 35) മറ്റുള്ളവരെ സന്തോഷവാർത്ത അറിയിക്കുന്നതാണ് അവരോടു സ്നേഹം കാണിക്കാനുള്ള ഒരു നല്ല വഴി. (മത്താ. 28:19, 20) എന്തുകൊണ്ട്? നമ്മുടെ സന്ദേശം ശ്രദ്ധിക്കുന്നവർക്ക് ഇപ്പോൾത്തന്നെ സന്തോഷത്തോടെ ജീവിക്കാൻ കഴിയും, ഭാവിയിൽ എന്നേക്കും ജീവിക്കാനുള്ള പ്രത്യാശയും അവർക്കു കിട്ടും.—1 തിമൊ. 4:16.
നമ്മുടെ പിതാവിനെ സ്നേഹിക്കുക, സന്തോഷമുള്ളവരായിരിക്കുക
15-16. നമുക്കു സന്തോഷിക്കാൻ എന്തൊക്കെ കാരണങ്ങളുണ്ട്?
15 യഹോവ സ്നേഹമുള്ള ഒരു പിതാവാണ്. അതുകൊണ്ട് തന്റെ കുടുംബത്തിലുള്ളവരെല്ലാം സന്തോഷത്തോടെയിരിക്കാൻ യഹോവ ആഗ്രഹിക്കുന്നു. (യശ. 65:14) നമുക്ക് ഇപ്പോൾ പല പ്രശ്നങ്ങളുമുണ്ടായിരിക്കും. എങ്കിലും ഇപ്പോൾത്തന്നെ സന്തോഷമുള്ളവരായിരിക്കാൻ നമുക്കു കഴിയും. എന്തുകൊണ്ട്? നമ്മുടെ സ്വർഗീയപിതാവ് നമ്മളെ ആഴമായി സ്നേഹിക്കുന്നെന്നു നമുക്ക് ഉറപ്പുണ്ട്. ദൈവവചനമായ ബൈബിളിന്റെ ശരിയായ അറിവും നമുക്കുണ്ട്. (യിരെ. 15:16) ഇനി, എല്ലാവരും പരസ്പരം സ്നേഹിക്കുന്ന ഒരു കുടുംബത്തിലെ അംഗങ്ങളാണു നമ്മൾ. അതിലെ അംഗങ്ങൾ യഹോവയെയും യഹോവയുടെ ശ്രേഷ്ഠമായ ധാർമികനിലവാരങ്ങളെയും സ്നേഹിക്കുന്നു. ഇങ്ങനെയൊരു കുടുംബം വേറെയുണ്ടോ!—സങ്കീ. 106:4, 5.
16 ഭാവിയിൽ ജീവിതം ഇനിയും മെച്ചപ്പെടുമെന്നുള്ള ഉറച്ച പ്രത്യാശ നമുക്കുണ്ട്. അതാണു നമ്മുടെ സന്തോഷത്തിന്റെ മറ്റൊരു കാരണം. അധികം വൈകാതെ യഹോവ ദുഷ്ടന്മാരെയെല്ലാം നീക്കിക്കളയും. എന്നിട്ട് തന്റെ രാജ്യത്തിലൂടെ ഭൂമിയെ വീണ്ടും ഒരു പറുദീസയാക്കി മാറ്റും. മരിച്ചുപോയവർ തിരികെ ജീവനിലേക്കു വരുമെന്നും അവർ നമ്മോടൊപ്പം ചേരുമെന്നും ഉള്ള പ്രത്യാശയും നമുക്കുണ്ട്. (യോഹ. 5:28, 29) എത്ര മഹത്തായ ഒരു സമയമായിരിക്കും അത്! അന്ന് സ്വർഗത്തിലും ഭൂമിയിലും ഉള്ള എല്ലാവരും നമ്മുടെ സ്നേഹമുള്ള പിതാവായ യഹോവയ്ക്ക്, അർഹമായ സ്തുതിയും മഹത്ത്വവും ആരാധനയും കൊടുക്കും. അതല്ലേ നമുക്ക് ഏറ്റവും സന്തോഷം നൽകുന്നത്!
ഗീതം 12 യഹോവ മഹാദൈവം
a നമ്മുടെ പിതാവായ യഹോവ നമ്മളെ ആഴമായി സ്നേഹിക്കുന്നുണ്ടെന്നു നമുക്ക് അറിയാം. ദൈവം നമ്മളെ ഓരോരുത്തരെയും തന്റെ ആരാധകർ അടങ്ങുന്ന കുടുംബത്തിന്റെ ഭാഗമാക്കി. നമ്മളെ ഇങ്ങനെ സ്നേഹിച്ച യഹോവയെ തിരിച്ച് സ്നേഹിക്കാൻ നമുക്കു തോന്നുന്നില്ലേ? നമ്മളെക്കുറിച്ച് ഇത്രയധികം ചിന്തയുള്ള നമ്മുടെ പിതാവിനെ സ്നേഹിക്കുന്നെന്ന് എങ്ങനെ കാണിക്കാം? ഈ ലേഖനത്തിൽ അതിനുള്ള ചില പ്രത്യേകവിധങ്ങൾ നമ്മൾ പഠിക്കും.