വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

നന്മ എങ്ങനെ വളർത്തി​യെ​ടു​ക്കാം?

നന്മ എങ്ങനെ വളർത്തി​യെ​ടു​ക്കാം?

നമ്മൾ എല്ലാവ​രും നല്ല ആളുക​ളാ​യി അറിയ​പ്പെ​ടാൻ ആഗ്രഹി​ക്കു​ന്ന​വ​രാണ്‌. എന്നാൽ ഇന്നത്തെ ലോക​ത്തിൽ നന്മ കാണി​ക്കുക എന്നതു വളരെ ബുദ്ധി​മു​ട്ടാണ്‌. കാരണം, പലയാ​ളു​ക​ളും ‘നന്മ ഇഷ്ടപ്പെ​ടാ​ത്ത​വ​രാണ്‌.’ (2 തിമൊ. 3:3) അവർ ശരിയും തെറ്റും സംബന്ധിച്ച്‌ സ്വന്തം നിലവാ​രങ്ങൾ വെക്കുന്നു. ഫലത്തിൽ അവർ, യഹോവ നല്ലത്‌ എന്നു പറയു​ന്ന​തി​നെ “മോശ​മെ​ന്നും,” മോശം എന്നു പറയു​ന്ന​തി​നെ “നല്ലതെ​ന്നും” പറയു​ക​യാണ്‌. (യശ. 5:20) കൂടാതെ, നമ്മുടെ മുൻകാല അനുഭ​വ​ങ്ങ​ളും അപൂർണ​ത​ക​ളും നന്മ കാണി​ക്കു​ന്ന​തിന്‌ ഒരു തടസ്സമാ​യേ​ക്കാം. പതിറ്റാ​ണ്ടു​ക​ളാ​യി യഹോ​വയെ സേവി​ക്കുന്ന ആൻ a സഹോ​ദ​രി​യെ​പ്പോ​ലെ നമുക്കും തോന്നി​യേ​ക്കാം. “എനിക്ക്‌ ഒരു നല്ല വ്യക്തി​യാ​കാൻ കഴിയു​മെന്നു തോന്നു​ന്നേ ഇല്ല” എന്നു സഹോ​ദരി തുറന്നു​പ​റഞ്ഞു.

എന്നാൽ സന്തോ​ഷ​ക​ര​മായ ഒരു കാര്യം പറയട്ടെ, നമു​ക്കെ​ല്ലാം നന്മ വളർത്തി​യെ​ടു​ക്കാൻ കഴിയും! ദൈവ​ത്തി​ന്റെ പരിശു​ദ്ധാ​ത്മാ​വി​ന്റെ ഒരു ഗുണമാണ്‌ അത്‌. നമ്മൾ നേരി​ടുന്ന പ്രതി​ബ​ന്ധങ്ങൾ എന്തുമാ​കട്ടെ, ലോക​ത്തി​ന്റെ സ്വാധീ​ന​മോ ചുറ്റു​മുള്ള ആളുക​ളോ അല്ലെങ്കിൽ നമ്മൾത​ന്നെ​യോ ആകട്ടെ, അവയെ​ക്കാ​ളെ​ല്ലാം ശക്തമാണ്‌ ദൈവാ​ത്മാവ്‌. നന്മ എന്ന ഗുണ​ത്തെ​ക്കു​റിച്ച്‌ നമുക്ക്‌ ഒന്ന്‌ അടുത്ത്‌ പരി​ശോ​ധി​ക്കാം. ഈ ഗുണം കാണി​ക്കു​ന്ന​തിൽ എങ്ങനെ മെച്ച​പ്പെ​ടാൻ കഴിയു​മെ​ന്നും നോക്കാം.

എന്താണു നന്മ?

ലളിത​മാ​യി പറഞ്ഞാൽ, സ്വഭാ​വ​ശു​ദ്ധി ഉൾപ്പെ​ടുന്ന ഒരു ഗുണമാ​ണു നന്മ. അതിൽ തിന്മ ഒട്ടുമില്ല. നന്മ ദൃശ്യ​മാ​കു​ന്നത്‌ മറ്റുള്ള​വർക്കു പ്രയോ​ജനം ലഭിക്കു​മ്പോ​ഴാണ്‌. മറ്റുള്ള​വരെ സഹായി​ക്കാൻ നമ്മൾ ചെയ്യുന്ന പ്രവൃ​ത്തി​ക​ളിൽ കാണാ​നാ​കുന്ന ഒരു വിശി​ഷ്ട​ഗു​ണ​മാണ്‌ നന്മ.

പലരും തങ്ങളുടെ കുടും​ബ​ത്തി​നും സുഹൃ​ത്തു​ക്കൾക്കും വേണ്ടി നല്ല കാര്യങ്ങൾ ചെയ്യു​ന്നത്‌ നിങ്ങൾ കണ്ടിട്ടു​ണ്ടാ​കും. എന്നാൽ അതു മാത്ര​മാ​ണോ നന്മ? ഈ ഗുണം പ്രകടി​പ്പി​ക്കുന്ന കാര്യ​ത്തിൽ നമുക്കു പരിമി​തി​ക​ളുണ്ട്‌ എന്നതു ശരിയാണ്‌. കാരണം “ഒരിക്ക​ലും പാപം ചെയ്യാതെ നന്മ മാത്രം ചെയ്യുന്ന ഒരു നീതി​മാ​നും ഭൂമു​ഖ​ത്തില്ല” എന്നു ബൈബിൾ പറയുന്നു. (സഭാ. 7:20) പൗലോസ്‌ അപ്പോ​സ്‌തലൻ ഇങ്ങനെ സമ്മതി​ച്ചു​പ​റഞ്ഞു: “എന്നിൽ, അതായത്‌ എന്റെ ശരീര​ത്തിൽ, ഒരു നന്മയും വസിക്കു​ന്നി​ല്ലെന്നു ഞാൻ അറിയു​ന്നു.” (റോമ. 7:18) അതു​കൊണ്ട്‌ നന്മ വളർത്തി​യെ​ടു​ക്കാൻ നന്മയുടെ ഉറവി​ട​ത്തി​ലേ​ക്കു​തന്നെ തിരി​യേ​ണ്ടതു പ്രധാ​ന​മാണ്‌.

‘യഹോവ നല്ലവൻ’

നന്മ സംബന്ധിച്ച നിലവാ​രങ്ങൾ വെക്കു​ന്നതു ദൈവ​മായ യഹോ​വ​യാണ്‌. യഹോ​വ​യെ​ക്കു​റിച്ച്‌ ബൈബിൾ പറയുന്നു: “അങ്ങ്‌ നല്ലവൻ; അങ്ങയുടെ പ്രവൃ​ത്തി​ക​ളും നല്ലത്‌. അങ്ങയുടെ ചട്ടങ്ങൾ എന്നെ പഠിപ്പി​ക്കേ​ണമേ.” (സങ്കീ. 119:68) യഹോ​വ​യു​ടെ നന്മയെ​ക്കു​റിച്ച്‌ ആ വാക്യ​ത്തിൽ പറഞ്ഞി​രി​ക്കുന്ന രണ്ടു കാര്യങ്ങൾ നമുക്ക്‌ ഇപ്പോൾ നോക്കാം.

യഹോവ നല്ലവനാണ്‌. നന്മ യഹോ​വ​യു​ടെ വ്യക്തി​ത്വ​ത്തി​ന്റെ മാറ്റി​നി​റു​ത്താ​നാ​കാത്ത ഒരു വശമാണ്‌. “എന്റെ നന്മ മുഴു​വ​നും നിന്റെ മുന്നി​ലൂ​ടെ കടന്നു​പോ​കാൻ ഞാൻ ഇടയാ​ക്കും” എന്ന്‌ യഹോവ മോശ​യോ​ടു പറഞ്ഞ​പ്പോൾ എന്താണു സംഭവി​ച്ച​തെന്നു നോക്കാം. യഹോ​വ​യു​ടെ തേജസ്സ്‌ (അതിൽ നന്മയും ഉണ്ടായി​രു​ന്നു.) കടന്നു​പോ​യ​പ്പോൾ മോശ ഈ വാക്കുകൾ കേട്ടു: “യഹോവ, യഹോവ, കരുണ​യും അനുക​മ്പ​യും ഉള്ള ദൈവം, പെട്ടെന്നു കോപി​ക്കാ​ത്തവൻ, അചഞ്ചല​സ്‌നേ​ഹ​വും സത്യവും നിറഞ്ഞവൻ, ആയിര​മാ​യി​ര​ങ്ങ​ളോട്‌ അചഞ്ചല​മായ സ്‌നേഹം കാണി​ക്കു​ന്നവൻ, തെറ്റു​ക​ളും ലംഘന​വും പാപവും പൊറു​ക്കു​ന്നവൻ. എന്നാൽ കുറ്റക്കാ​രനെ ഒരു കാരണ​വ​ശാ​ലും അവൻ ശിക്ഷി​ക്കാ​തെ വിടില്ല.” (പുറ. 33:19; 34:6, 7) യഹോവ നന്മ നിറഞ്ഞ ദൈവ​മാ​ണെന്നു നമുക്ക്‌ ഇതിൽനിന്ന്‌ ന്യായ​മാ​യും മനസ്സി​ലാ​ക്കാം. ഏറ്റവും നന്മയുള്ള മനുഷ്യ​നാ​യി​രുന്ന യേശു​പോ​ലും ഇങ്ങനെ പറഞ്ഞു: “ദൈവം ഒരുവ​ന​ല്ലാ​തെ നല്ലവൻ ആരുമില്ല.”—ലൂക്കോ. 18:19.

സൃഷ്ടികളിൽ, യഹോ​വ​യു​ടെ നന്മയുടെ തെളി​വു​കൾ കാണാം

യഹോ​വ​യു​ടെ പ്രവൃ​ത്തി​കൾ നല്ലത്‌. ദൈവ​ത്തി​ന്റെ എല്ലാ പ്രവൃ​ത്തി​ക​ളി​ലും നന്മ പ്രകട​മാണ്‌. “യഹോവ എല്ലാവർക്കും നല്ലവൻ; ദൈവ​ത്തി​ന്റെ പ്രവൃ​ത്തി​ക​ളി​ലെ​ല്ലാം കരുണ കാണാം.” (സങ്കീ. 145:9) എല്ലാ മനുഷ്യർക്കും ജീവനും ജീവൻ നിലനി​റു​ത്താൻ വേണ്ട കാര്യ​ങ്ങ​ളും നൽകി​ക്കൊണ്ട്‌ യഹോവ പക്ഷപാ​ത​മി​ല്ലാ​തെ നന്മ കാണി​ക്കു​ന്നു. (പ്രവൃ. 14:17) നമ്മളോ​ടു ക്ഷമിക്കു​ന്ന​തി​ലും യഹോ​വ​യു​ടെ നന്മ കാണാം. സങ്കീർത്ത​ന​ക്കാ​രൻ ഇങ്ങനെ എഴുതി: “യഹോവേ, അങ്ങ്‌ നല്ലവനും ക്ഷമിക്കാൻ സന്നദ്ധനും അല്ലോ.” (സങ്കീ. 86:5) “നിഷ്‌ക​ള​ങ്ക​ത​യോ​ടെ നടക്കു​ന്ന​വ​രിൽനിന്ന്‌ യഹോവ ഒരു നന്മയും പിടി​ച്ചു​വെ​ക്കില്ല” എന്നു നമുക്ക്‌ ഉറപ്പു​ള്ള​വ​രാ​യി​രി​ക്കാം.—സങ്കീ. 84:11.

“നന്മ ചെയ്യാൻ പഠിക്കുക”

നമ്മളെ ദൈവ​ത്തി​ന്റെ ഛായയി​ലാ​ണു സൃഷ്ടി​ച്ചി​രി​ക്കു​ന്നത്‌. അതു​കൊണ്ട്‌ നല്ലവരാ​യി​രി​ക്കാ​നും നന്മ ചെയ്യാ​നും ഉള്ള പ്രാപ്‌തി നമുക്കുണ്ട്‌. (ഉൽപ. 1:27) എങ്കിലും ദൈവ​വ​ചനം, ‘നന്മ ചെയ്യാൻ പഠിക്കാൻ’ ദൈവ​ദാ​സ​ന്മാ​രെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നു. (യശ. 1:17) പക്ഷേ നമുക്ക്‌ എങ്ങനെ ഈ ആകർഷ​ക​മായ ഗുണം വളർത്തി​യെ​ടു​ക്കാം? മൂന്നു വിധങ്ങൾ നോക്കാം.

ഒന്ന്‌, പരിശു​ദ്ധാ​ത്മാ​വി​നു​വേണ്ടി പ്രാർഥി​ക്കുക. യഥാർഥനന്മ വളർത്തി​യെ​ടു​ക്കാൻ അതു ക്രിസ്‌ത്യാ​നി​കളെ സഹായി​ക്കും. (ഗലാ. 5:22) നന്മയെ സ്‌നേ​ഹി​ക്കാ​നും തിന്മയെ വെറു​ക്കാ​നും ദൈവാ​ത്മാ​വി​നു നമ്മളെ സഹായി​ക്കാൻ കഴിയും. (റോമ. 12:9) വാസ്‌ത​വ​ത്തിൽ, “എല്ലാ നല്ല കാര്യ​ങ്ങ​ളും ചെയ്യു​ന്ന​തി​നും പറയു​ന്ന​തി​നും” നമ്മളെ ശക്തരാ​ക്കാൻ യഹോ​വ​യ്‌ക്കു കഴിയു​മെന്നു ബൈബിൾ പറയുന്നു.—2 തെസ്സ. 2:16, 17.

രണ്ട്‌, ദൈവ​വ​ചനം വായി​ക്കുക. അങ്ങനെ ചെയ്യു​മ്പോൾ “സകല സന്മാർഗ​വും” യഹോവ നമ്മളെ പഠിപ്പി​ക്കും, “എല്ലാ സത്‌പ്ര​വൃ​ത്തി​യും ചെയ്യാൻ” പ്രാപ്‌ത​രാ​ക്കു​ക​യും ചെയ്യും. (സുഭാ. 2:9; 2 തിമൊ. 3:17) ബൈബിൾ വായി​ക്കു​ക​യും ധ്യാനി​ക്കു​ക​യും ചെയ്യു​ന്ന​തി​ലൂ​ടെ ദൈവ​ത്തെ​യും ദൈവ​ത്തി​ന്റെ ഇഷ്ടത്തെ​യും കുറി​ച്ചുള്ള നല്ല കാര്യ​ങ്ങ​ളാൽ നമ്മൾ നമ്മുടെ ഹൃദയം നിറയ്‌ക്കും. ഹൃദയ​ത്തിൽ നല്ല നിക്ഷേ​പങ്ങൾ നിറയ്‌ക്കു​ന്നെ​ങ്കിൽ അവശ്യ​സ​മ​യ​ങ്ങ​ളിൽ അതു നമുക്ക്‌ ഉപകരി​ക്കും.—ലൂക്കോ. 6:45; എഫെ. 5:9.

മൂന്ന്‌, ‘നന്മയാ​യ​തി​നെ അനുക​രി​ക്കാൻ’ നമ്മൾ കഴിവി​ന്റെ പരമാ​വധി ശ്രമി​ക്കു​ന്നു. (3 യോഹ. 11) ബൈബി​ളിൽ നമുക്ക്‌ അനുക​രി​ക്കാൻ കഴിയുന്ന ധാരാളം മാതൃ​ക​ക​ളുണ്ട്‌. ഏറ്റവും മികച്ച മാതൃ​കകൾ യഹോ​വ​യും യേശു​വും ആണ്‌ എന്നതിൽ സംശയ​മില്ല. എന്നാൽ നന്മ കാണി​ക്കു​ന്ന​തിൽ പേരു​കേട്ട മറ്റുള്ള​വ​രെ​യും നമുക്ക്‌ അനുക​രി​ക്കാൻ കഴിയും. നമ്മുടെ മനസ്സി​ലേക്കു പെട്ടെന്ന്‌ വരുന്നത്‌ തബീഥ​യു​ടെ​യും ബർന്നബാ​സി​ന്റെ​യും കാര്യ​മാ​യി​രി​ക്കും. (പ്രവൃ. 9:36; 11:22-24) അവരെ​ക്കു​റി​ച്ചുള്ള രേഖ പരി​ശോ​ധി​ക്കു​മ്പോൾ അവർ ഏതെല്ലാം വിധങ്ങ​ളി​ലാ​ണു മറ്റുള്ള​വരെ സഹായി​ച്ച​തെന്നു ചിന്തി​ക്കുക. നമ്മുടെ കുടും​ബ​ത്തി​ലെ​യോ സഭയി​ലെ​യോ ആരെ​യെ​ങ്കി​ലും എങ്ങനെ മുൻ​കൈ​യെ​ടുത്ത്‌ സഹായി​ക്കാൻ കഴിയു​മെ​ന്നും ചിന്തി​ക്കുക. അതു​പോ​ലെ​തന്നെ, നന്മ ചെയ്യു​ന്നവർ എന്ന സത്‌പേര്‌ ആ രണ്ടു പേർക്കും എങ്ങനെ പ്രയോ​ജനം ചെയ്‌തെ​ന്നും ഓർക്കുക. നിങ്ങൾക്കും അങ്ങനെ​യുള്ള പ്രയോ​ജ​നങ്ങൾ നേടാം.

നന്മ ചെയ്യുന്ന കാര്യ​ത്തിൽ മാതൃക വെക്കുന്ന ഇക്കാലത്തെ ചില വ്യക്തി​ക​ളെ​ക്കു​റി​ച്ചും ചിന്തി​ക്കാം. സഭയ്‌ക്കു​വേണ്ടി കഠിനാ​ധ്വാ​നം ചെയ്യുന്ന, “നന്മയെ സ്‌നേ​ഹി​ക്കുന്ന” മൂപ്പന്മാ​രെ​ക്കു​റിച്ച്‌ ചിന്തി​ക്കാൻ കഴിയും. വാക്കാ​ലും പ്രവൃ​ത്തി​യാ​ലും “നല്ല കാര്യങ്ങൾ പഠിപ്പി​ക്കുന്ന” വിശ്വ​സ്‌ത​രായ സഹോ​ദ​രി​മാ​രെ​യും നമ്മൾ ശ്രദ്ധി​ക്കാ​തെ​പോ​ക​രുത്‌. (തീത്തോ. 1:8; 2:3) റോസ്‌ലിൻ സഹോ​ദരി പറയുന്നു: “സഭയിൽ എനിക്ക്‌ ഒരു കൂട്ടു​കാ​രി​യുണ്ട്‌. അവൾ സഭയിലെ മറ്റുള്ള​വരെ സഹായി​ക്കാ​നും പ്രോ​ത്സാ​ഹി​പ്പി​ക്കാ​നും ആയി പ്രത്യേ​ക​ശ്രമം ചെയ്യുന്നു. അവൾ മറ്റുള്ള​വ​രു​ടെ സാഹച​ര്യ​ങ്ങ​ളെ​ക്കു​റിച്ച്‌ ചിന്തി​ക്കു​ക​യും അവർക്കു ചെറിയ സമ്മാന​ങ്ങ​ളോ പ്രാ​യോ​ഗി​ക​സ​ഹാ​യ​മോ ഒക്കെ കൊടു​ക്കു​ക​യും ചെയ്യാ​റുണ്ട്‌. അവൾ ശരിക്കും നന്മയു​ള്ള​വ​ളാണ്‌.”

‘നല്ലത്‌ അന്വേ​ഷി​ക്കാൻ’ യഹോവ തന്റെ ജനത്തെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നു. (ആമോ. 5:14) അങ്ങനെ ചെയ്യു​മ്പോൾ ദൈവ​ത്തി​ന്റെ നിലവാ​ര​ങ്ങ​ളോ​ടു നമുക്കു സ്‌നേഹം വർധി​ക്കു​മെന്നു മാത്രമല്ല, നന്മ ചെയ്യാ​നുള്ള നമ്മുടെ ആഗ്രഹം കൂടുതൽ ശക്തമാ​കു​ക​യും ചെയ്യും.

നല്ലവരായിരിക്കാനും നന്മ ചെയ്യാനും നമ്മൾ ശ്രമി​ക്കു​ന്നു

വിലപി​ടി​പ്പു​ള്ള സമ്മാനങ്ങൾ കൊടു​ക്കു​ക​യും വലിയ ത്യാഗങ്ങൾ ചെയ്യു​ക​യും ഒക്കെ ചെയ്‌താ​ലേ നന്മയാകൂ എന്നു ചിന്തി​ക്കേണ്ട കാര്യ​മില്ല. ഈ ഉദാഹ​രണം നോക്കുക: ഒരു ചിത്ര​കാ​രൻ ഒന്നോ രണ്ടോ വലിയ വരകൾകൊ​ണ്ടല്ല ഒരു ചിത്രം പൂർത്തി​യാ​ക്കു​ന്നത്‌. മറിച്ച്‌, അനേകം ചെറി​യ​ചെ​റിയ വരകളാണ്‌ അതിനെ നല്ല ഒരു ചിത്ര​മാ​ക്കി മാറ്റു​ന്നത്‌. അതു​പോ​ലെ, മറ്റുള്ള​വരെ സഹായി​ക്കാ​നാ​യി നമ്മൾ ചെയ്യുന്ന ഒട്ടനവധി ചെറി​യ​ചെ​റിയ നന്മപ്ര​വൃ​ത്തി​കൾ നമ്മൾ നന്മയു​ള്ള​വ​രാ​ണെന്നു തെളി​യി​ക്കും.

ഏതൊരു നല്ല കാര്യ​ത്തി​നും ‘ഒരുങ്ങി​യി​രി​ക്കാൻ’ ബൈബിൾ നമ്മളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നു. (തീത്തോ. 3:1) മറ്റുള്ള​വ​രു​ടെ സാഹച​ര്യ​ങ്ങ​ളെ​ക്കു​റിച്ച്‌ ചിന്തയു​ള്ള​വ​രാ​ണെ​ങ്കിൽ, നമ്മുടെ അയൽക്കാ​രനു ‘ഗുണം ചെയ്യാ​നും അയാളെ ബലപ്പെ​ടു​ത്താ​നും’ ഉള്ള വഴികൾ നമ്മൾ കണ്ടെത്തും. (റോമ. 15:2) നമുക്കു​ള്ള​തിൽനിന്ന്‌ കൊടു​ക്കു​ന്നത്‌ അതിൽ ഉൾപ്പെ​ട്ടേ​ക്കാം. (സുഭാ. 3:27) ചായയ്‌ക്കോ നല്ല സഹവാ​സ​ത്തി​നോ നമുക്ക്‌ ആരെ​യെ​ങ്കി​ലും ക്ഷണിക്കാം. ആർക്കെ​ങ്കി​ലും സുഖമില്ല എന്ന്‌ അറിഞ്ഞാൽ നമുക്ക്‌ ഒരു കാർഡ്‌ അയയ്‌ക്കാം, അല്ലെങ്കിൽ ആ വ്യക്തിയെ പോയി കാണു​ക​യോ ഫോൺ വിളി​ക്കു​ക​യോ ചെയ്യാം. “കേൾക്കു​ന്ന​വർക്കു ഗുണം ചെയ്യു​ന്ന​തും അവരെ ബലപ്പെ​ടു​ത്തു​ന്ന​തും സന്ദർഭോ​ചി​ത​വും ആയ കാര്യങ്ങൾ” പറയാ​നുള്ള ധാരാളം അവസരങ്ങൾ നമ്മുടെ മുമ്പി​ലുണ്ട്‌.—എഫെ. 4:29.

യഹോ​വ​യെ​പ്പോ​ലെ, എല്ലാവർക്കും നന്മ ചെയ്യാ​നുള്ള അവസരങ്ങൾ നമ്മളും തേടുന്നു. അതു​കൊണ്ട്‌ നമ്മൾ മറ്റുള്ള​വ​രോ​ടു പക്ഷപാതം കാണി​ക്കില്ല. എല്ലാവ​രോ​ടും ദൈവ​രാ​ജ്യ​ത്തി​ന്റെ സന്തോ​ഷ​വാർത്ത പ്രസം​ഗി​ക്കു​ന്നത്‌ അതിനുള്ള ഏറ്റവും നല്ല ഒരു മാർഗ​മാണ്‌. നമ്മളെ വെറു​ക്കു​ന്ന​വ​രോ​ടു​പോ​ലും നല്ലതു ചെയ്‌തു​കൊണ്ട്‌ യേശു​വി​ന്റെ കല്‌പന നമ്മൾ അനുസ​രി​ക്കു​ന്നു. (ലൂക്കോ. 6:27) മറ്റുള്ള​വ​രോ​ടു ദയ കാണി​ക്കു​ന്ന​തും അവർക്കു നന്മ ചെയ്യു​ന്ന​തും ഒരിക്ക​ലും ഒരു തെറ്റല്ല, കാരണം “ഇവയ്‌ക്ക്‌ എതിരു​നിൽക്കുന്ന ഒരു നിയമ​വു​മില്ല.” (ഗലാ. 5:22, 23) എതിർപ്പും പരി​ശോ​ധ​ന​ക​ളും ഉണ്ടാകു​മ്പോൾപ്പോ​ലും ഉള്ള നമ്മുടെ നല്ല പെരു​മാ​റ്റം ആളുകളെ സത്യത്തി​ലേക്ക്‌ ആകർഷി​ക്കു​ക​യും ദൈവത്തെ മഹത്ത്വ​പ്പെ​ടു​ത്തു​ക​യും ചെയ്യുന്നു.—1 പത്രോ. 3:16, 17.

നന്മയുടെ പ്രയോ​ജ​ന​ങ്ങൾ

“നല്ല മനുഷ്യൻ തന്റെ പ്രവൃ​ത്തി​ക​ളു​ടെ ഫലം ആസ്വദി​ക്കും.” (സുഭാ. 14:14) എന്തെല്ലാ​മാ​ണു നന്മയുടെ ഫലങ്ങൾ? നമ്മൾ മറ്റുള്ള​വ​രോ​ടു നന്മ കാണി​ക്കു​മ്പോൾ അവർ തിരി​ച്ചും അങ്ങനെ​തന്നെ പെരു​മാ​റാ​നുള്ള സാധ്യത കൂടു​ത​ലാണ്‌. (സുഭാ. 14:22) അവർ അങ്ങനെ ചെയ്‌തി​ല്ലെ​ങ്കിൽക്കൂ​ടി നമ്മൾ നന്മ ചെയ്യു​ന്ന​തിൽ തുടരു​ന്നെ​ങ്കിൽ, അത്‌ അവരെ മയപ്പെ​ടു​ത്താ​നും അവരുടെ മനസ്സിന്റെ കാഠി​ന്യം ഉരുക്കി​ക്ക​ള​യാ​നും ഇടയാ​ക്കി​യേ​ക്കാം.—റോമ. 12:20, അടിക്കു​റിപ്പ്‌.

മോശ​മാ​യ കാര്യങ്ങൾ വിട്ടകന്ന്‌ നന്മ ചെയ്യു​ന്ന​തു​കൊണ്ട്‌ പലർക്കും പ്രയോ​ജ​നങ്ങൾ കിട്ടി​യി​ട്ടുണ്ട്‌. നാൻസി സഹോ​ദ​രി​യു​ടെ അനുഭവം നോക്കാം. സഹോ​ദരി പറയുന്നു: “ചെറു​പ്പ​ത്തിൽ മര്യാ​ദ​യി​ല്ലാത്ത, അലസമായ പെരു​മാ​റ്റ​മാ​യി​രു​ന്നു എന്റേത്‌. ധാർമി​ക​മൂ​ല്യ​ങ്ങൾക്കു ഞാൻ ഒരു വിലയും കല്‌പി​ച്ചില്ല. എന്നാൽ നന്മ സംബന്ധിച്ച ദൈവി​ക​നി​ല​വാ​രങ്ങൾ പഠിക്കു​ക​യും അത്‌ അനുസ​രി​ക്കു​ക​യും ചെയ്‌ത​പ്പോൾ എന്റെ സന്തോഷം വർധിച്ചു. എന്നെക്കു​റിച്ച്‌ എനിക്ക്‌ ഇപ്പോൾ അഭിമാ​നം തോന്നു​ന്നു.”

നന്മ വളർത്തി​യെ​ടു​ക്കാ​നുള്ള ഏറ്റവും പ്രധാ​ന​കാ​രണം, അങ്ങനെ ചെയ്യു​ന്നത്‌ യഹോ​വയെ സന്തോ​ഷി​പ്പി​ക്കും എന്നതാണ്‌. നമ്മുടെ പ്രവൃ​ത്തി​കൾ വേറെ ആരും കണ്ടി​ല്ലെ​ങ്കി​ലും യഹോവ കാണു​ന്നുണ്ട്‌. നമ്മുടെ ഓരോ നല്ല പ്രവൃ​ത്തി​യും, നല്ല ചിന്തയും യഹോവ ശ്രദ്ധി​ക്കു​ന്നുണ്ട്‌. (എഫെ. 6:7, 8) എന്താണ്‌ അതിന്റെ ഫലം? “നല്ല മനുഷ്യന്‌ യഹോ​വ​യു​ടെ അംഗീ​കാ​രം ലഭിക്കു​ന്നു.” (സുഭാ. 12:2) അതു​കൊണ്ട്‌ നന്മ വളർത്തി​യെ​ടു​ക്കു​ന്ന​തിൽ നമുക്ക്‌ അനുദി​നം മെച്ച​പ്പെ​ടാം. “നല്ല കാര്യങ്ങൾ ചെയ്യുന്ന ഏതൊ​രാൾക്കും . . . മഹത്ത്വ​വും മാനവും സമാധാ​ന​വും ലഭിക്കും” എന്ന്‌ യഹോവ ഉറപ്പു തന്നിരി​ക്കു​ന്നു.—റോമ. 2:10.

a ഈ ലേഖന​ത്തി​ലെ ചില പേരുകൾ യഥാർഥമല്ല.