പഠനലേഖനം 24
ദൈവപരിജ്ഞാനത്തിന് എതിരായ എല്ലാ ചിന്താഗതികളെയും കീഴടക്കുക
“ദൈവപരിജ്ഞാനത്തിന് എതിരായി ഉയർന്നുവരുന്ന വാദമുഖങ്ങളെയും, എല്ലാ വൻപ്രതിബന്ധങ്ങളെയും ഞങ്ങൾ ഇടിച്ചുകളയുന്നു.”—2 കൊരി. 10:5.
ഗീതം 124 എന്നും വിശ്വസ്തൻ
പൂർവാവലോകനം a
1. അഭിഷിക്ത ക്രിസ്ത്യാനികൾക്കു പൗലോസ് അപ്പോസ്തലൻ എന്തു മുന്നറിയിപ്പാണു കൊടുത്തത്?
“ഈ വ്യവസ്ഥിതി നിങ്ങളെ അതിന്റെ അച്ചിൽ വാർത്തെടുക്കാൻ ഇനി സമ്മതിക്കരുത്” എന്നു പൗലോസ് അപ്പോസ്തലൻ മുന്നറിയിപ്പു നൽകി. (റോമ. 12:2) ഒന്നാം നൂറ്റാണ്ടിലെ ക്രിസ്ത്യാനികൾക്കാണു പൗലോസ് ഇത് എഴുതിയത്. ദൈവത്തിനു സമർപ്പിച്ചവരും പരിശുദ്ധാത്മാവിനാൽ അഭിഷേകം ചെയ്യപ്പെട്ടവരും ആയ ആ സഹോദരങ്ങൾക്ക് എന്തുകൊണ്ടാണു പൗലോസ് ഇത്ര ശക്തമായ ഉപദേശം കൊടുത്തത്?—റോമ. 1:7.
2-3. നമ്മളെ യഹോവയിൽനിന്ന് അകറ്റാൻ സാത്താൻ ശ്രമിക്കുന്നത് എങ്ങനെ, നമ്മുടെ മനസ്സിൽ “കോട്ടകളെപ്പോലെ” ഉറച്ചുപോയ ചിന്താഗതികളെ എങ്ങനെയാണു നമുക്കു നീക്കിക്കളയാൻ കഴിയുന്നത്?
2 പൗലോസിന് അവരെക്കുറിച്ച് ഉത്കണ്ഠ തോന്നിയതിനു തക്കതായ കാരണമുണ്ടായിരുന്നു. സാത്താന്റെ ലോകത്തിന്റെ ഹാനികരമായ വാദമുഖങ്ങളും തത്ത്വജ്ഞാനവും അവിടത്തെ ചില ക്രിസ്ത്യാനികളെ സ്വാധീനിക്കാൻ തുടങ്ങിയിരുന്നു. (എഫെ. 4:17-19) ഇക്കാലത്തും, നമ്മളിൽ ആർക്കു വേണമെങ്കിലും ഇതു സംഭവിക്കാം. നമ്മളെ എങ്ങനെയും യഹോവയിൽനിന്ന് അകറ്റാനായി ഈ വ്യവസ്ഥിതിയുടെ ദൈവമായ സാത്താൻ പല തന്ത്രങ്ങളും ഉപയോഗിക്കുന്നുണ്ട്. മറ്റുള്ളവരെക്കാൾ മികച്ചുനിൽക്കണമെന്നോ മറ്റുള്ളവരുടെ ശ്രദ്ധ പിടിച്ചുപറ്റണമെന്നോ ഉള്ള ആഗ്രഹം നമുക്കുണ്ടെങ്കിൽ അതു ചൂഷണം ചെയ്യുന്നതാണു സാത്താന്റെ ഒരു വിധം. അവൻ ആഗ്രഹിക്കുന്ന വിധത്തിൽ നമ്മൾ ചിന്തിക്കാൻവേണ്ടി നമ്മൾ വളർന്നുവന്ന പശ്ചാത്തലം, സംസ്കാരം, വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങൾ അവൻ ഉപയോഗിച്ചേക്കാം.
3 “കോട്ടകളെപ്പോലെ,” നമ്മുടെ മനസ്സിൽ ഉറച്ചുപോയ കാര്യങ്ങളെ തകർത്തുകളയാൻ നമുക്കു കഴിയുമോ? (2 കൊരി. 10:4) പൗലോസ് നൽകുന്ന മറുപടി ശ്രദ്ധിക്കുക: “ദൈവപരിജ്ഞാനത്തിന് എതിരായി ഉയർന്നുവരുന്ന വാദമുഖങ്ങളെയും, എല്ലാ വൻപ്രതിബന്ധങ്ങളെയും ഞങ്ങൾ ഇടിച്ചുകളയുന്നു. സകല ചിന്താഗതികളെയും കീഴടക്കി അവയെ ക്രിസ്തുവിനോട് അനുസരണമുള്ളതാക്കാനാണു ഞങ്ങൾ നോക്കുന്നത്.” (2 കൊരി. 10:5) യഹോവയുടെ സഹായത്താൽ നമുക്കു തെറ്റായ ചിന്താരീതികളെ മാറ്റാൻ കഴിയും. ദൈവവചനം വിഷബാധയുടെ ഫലങ്ങൾക്ക് എതിരെ പ്രവർത്തിക്കുന്ന ഒരു മരുന്നുപോലെയാണ്. സാത്താന്റെ ലോകം നമ്മുടെ ഉള്ളിൽ കുത്തിവെച്ചേക്കാവുന്ന വിഷം കലർന്ന ചിന്താഗതികളെ നീക്കിക്കളയാൻ അതിനു നമ്മളെ സഹായിക്കാൻ കഴിയും.
‘നിങ്ങളുടെ മനസ്സു പുതുക്കുക’
4. ബൈബിൾസത്യം പഠിച്ചപ്പോൾ നമ്മളിൽ പലർക്കും ഏതു തരത്തിലുള്ള മാറ്റമാണു വരുത്തേണ്ടിവന്നത്?
4 ബൈബിൾസത്യം പഠിച്ച് യഹോവയെ സേവിക്കാൻ തീരുമാനിച്ച സമയത്ത് നിങ്ങൾ വരുത്തിയ മാറ്റങ്ങൾ ഒന്ന് ഓർത്തുനോക്കുക. നമ്മളിൽ പലരും മുമ്പ് ചെയ്തുകൊണ്ടിരുന്ന തെറ്റായ പ്രവൃത്തികൾ നിറുത്തി. (1 കൊരി. 6:9-11) അത്തരം മോശമായ ശീലങ്ങൾ മറികടക്കാൻ സഹായിച്ചതിനു നമ്മൾ യഹോവയോട് എത്ര നന്ദിയുള്ളവരാണ്!
5. റോമർ 12:2 നമ്മളോടു ചെയ്യാൻ ആവശ്യപ്പെടുന്ന രണ്ടു കാര്യങ്ങൾ ഏതൊക്കെയാണ്?
5 ഗൗരവമേറിയ പാപങ്ങൾ ചെയ്യുന്നുണ്ടായിരുന്നെങ്കിൽ സ്നാനമേൽക്കുന്നതിനു മുമ്പുതന്നെ അതെല്ലാം നമ്മൾ നിറുത്തി എന്നതു ശരിയാണ്. പക്ഷേ, അതുകൊണ്ട് എല്ലാമാകുന്നില്ല. ആ പഴയ പാപങ്ങളിലേക്കു തിരിച്ചുപോകാൻ ഇടയാക്കിയേക്കാവുന്ന ഏതു പ്രലോഭനത്തിന് എതിരെയും നമ്മൾ ജാഗ്രത പാലിക്കണം. അത് എങ്ങനെ കഴിയും? പൗലോസ് ഉത്തരം തരുന്നു: “ഈ വ്യവസ്ഥിതി നിങ്ങളെ അതിന്റെ അച്ചിൽ വാർത്തെടുക്കാൻ ഇനി സമ്മതിക്കരുത്. പകരം, മനസ്സു പുതുക്കി രൂപാന്തരപ്പെടുക.” (റോമ. 12:2) ഈ വാക്യം പറയുന്നതുപോലെ, നമ്മൾ രണ്ടു കാര്യങ്ങൾ ചെയ്യണം. ഒന്ന്, ഈ ലോകം നമ്മളെ “അതിന്റെ അച്ചിൽ വാർത്തെടുക്കാൻ ഇനി സമ്മതിക്കരുത്.” രണ്ട്, നമ്മൾ മനസ്സു പുതുക്കി ‘രൂപാന്തരപ്പെടണം.’
6. മത്തായി 12:43-45-ൽ രേഖപ്പെടുത്തിയിരിക്കുന്ന യേശുവിന്റെ വാക്കുകളിൽനിന്ന് നമ്മൾ എന്തു പഠിക്കുന്നു?
6 രൂപാന്തരപ്പെടണം എന്നു പറഞ്ഞപ്പോൾ പൗലോസിന്റെ മനസ്സിലുണ്ടായിരുന്നതു വെറും പുറമേയുള്ള ഒരു മാറ്റം മാത്രമല്ല. വ്യക്തിത്വത്തിന്റെ എല്ലാ വശങ്ങളിലും വരുത്തേണ്ട മാറ്റമാണ്. (“ രൂപാന്തരപ്പെടുകയാണോ ആൾമാറാട്ടം നടത്തുകയാണോ” എന്ന ചതുരം കാണുക.) നമ്മൾ മനസ്സു പുതുക്കണം. അതായത്, നമ്മുടെ ഉള്ളിന്റെ ഉള്ളിലെ മനോഭാവങ്ങൾക്കും ദുർഗുണങ്ങൾക്കും അഭിലാഷങ്ങൾക്കും പൂർണമായ മാറ്റം വരുത്തണം. നമ്മൾ സ്വയം ഇങ്ങനെ ചോദിക്കണം: ‘ഒരു ക്രിസ്ത്യാനിയാകാൻ ഞാൻ, പുറമേയുള്ള മാറ്റങ്ങൾ മാത്രമേ വരുത്തുന്നുള്ളോ? അതോ ഞാൻ ഉള്ളിൽ മാറ്റങ്ങൾ വരുത്തുന്നുണ്ടോ?’ അതു തമ്മിലുള്ള വ്യത്യാസം പ്രധാനമാണ്. നമ്മൾ എന്താണു ചെയ്യേണ്ടതെന്നു മത്തായി 12:43-45-ൽ (വായിക്കുക.) യേശു പറഞ്ഞിട്ടുണ്ട്. ആ വാക്കുകൾ നമ്മളെ ഒരു സുപ്രധാനപാഠം പഠിപ്പിക്കുന്നു: തെറ്റായ ചിന്തകൾ നീക്കിക്കളഞ്ഞാൽ മാത്രം പോരാ. ദൈവത്തിന് ഇഷ്ടമുള്ള ചിന്തകൾകൊണ്ട് മനസ്സു നിറയ്ക്കുകയും വേണം.
“നിങ്ങളുടെ ചിന്താരീതി പുതുക്കിക്കൊണ്ടേയിരിക്കുക”
7. ഉള്ളിന്റെ ഉള്ളിലെ വ്യക്തിക്ക് എങ്ങനെ മാറ്റം വരുത്താം?
7 നമ്മുടെ ഉള്ളിന്റെ ഉള്ളിലെ വ്യക്തിക്കു മാറ്റം വരുത്തുക സാധ്യമാണോ? ദൈവത്തിന്റെ വചനം ഉത്തരം തരുന്നു: “നിങ്ങളുടെ ചിന്താരീതി പുതുക്കിക്കൊണ്ടേയിരിക്കുക. കൂടാതെ ശരിയായ നീതിക്കും വിശ്വസ്തതയ്ക്കും ചേർച്ചയിൽ ദൈവത്തിന്റെ ഇഷ്ടമനുസരിച്ച് സൃഷ്ടിച്ചിരിക്കുന്ന പുതിയ വ്യക്തിത്വം ധരിക്കുകയും വേണം.” (എഫെ. 4:23, 24) നമ്മുടെ അകമേയുള്ള വ്യക്തിക്കു മാറ്റം വരുത്താൻ കഴിയും എന്നല്ലേ ഇതു കാണിക്കുന്നത്? പക്ഷേ അത് അത്ര എളുപ്പമല്ല. മോശമായ അഭിലാഷങ്ങൾ തലപൊക്കുകയോ തെറ്റായ കാര്യങ്ങൾ ചെയ്യാനുള്ള പ്രലോഭനം തോന്നുകയോ ചെയ്യുമ്പോൾ അവയെ പിടിച്ചുവെച്ചാൽ മാത്രം പോരാ. നമ്മുടെ ‘ചിന്താരീതി’ മാറ്റണം. അതിൽ നമ്മുടെ അഭിലാഷങ്ങൾ, ചായ്വുകൾ, പ്രേരകഘടകങ്ങൾ തുടങ്ങിയവ മാറ്റുന്നത് ഉൾപ്പെടുന്നു. ഇതിനു നമ്മുടെ ഭാഗത്ത് നിരന്തരമായ ശ്രമം ആവശ്യമാണ്.
8-9. ഉള്ളിന്റെ ഉള്ളിൽ മാറ്റം വരുത്തേണ്ടതിന്റെ പ്രാധാന്യം ഒരു സഹോദരന്റെ അനുഭവം കാണിക്കുന്നത് എങ്ങനെ?
8 ഒരു സഹോദരന്റെ അനുഭവം നോക്കാം. ബൈബിൾ പഠിക്കുന്നതിനു മുമ്പ് എന്തിനും ഏതിനും വഴക്കുണ്ടാക്കുന്ന സ്വഭാവമായിരുന്നു അദ്ദേഹത്തിന്. മദ്യപിക്കുന്നതും വഴക്കുണ്ടാക്കുന്നതും നിറുത്തി ആ സഹോദരൻ സ്നാനത്തിനു യോഗ്യത നേടി. ഇതു നാട്ടിൽ ഒരു നല്ല സാക്ഷ്യമായി. എന്നാൽ സ്നാനമേറ്റ് അധികം കഴിയുന്നതിനു മുമ്പ് അദ്ദേഹത്തിന് അപ്രതീക്ഷിതമായ ഒരു പരിശോധന നേരിട്ടു. ഒരു ദിവസം വൈകുന്നേരം, കുടിച്ച് ലക്കുകെട്ട ഒരാൾ സഹോദരന്റെ വീട്ടിൽ എത്തി അദ്ദേഹത്തെ വെല്ലുവിളിച്ചു. ഇറങ്ങിച്ചെന്ന് അയാളെ അടിക്കാൻ തോന്നിയെങ്കിലും ആദ്യമൊക്കെ സഹോദരൻ സ്വയം നിയന്ത്രിച്ചു. എന്നാൽ അവസാനം, അയാൾ യഹോവയുടെ പേര് ചേർത്ത് അസഭ്യം പറയാൻ തുടങ്ങിയപ്പോൾ സഹോദരന്റെ സകല നിയന്ത്രണവും നഷ്ടപ്പെട്ടു. നേരെ ചെന്ന് ആ മനുഷ്യനെ തല്ലി. സഹോദരന് എവിടെയാണു പിഴച്ചത്? അദ്ദേഹം ബൈബിൾ പഠിക്കുകയും പുരോഗതി വരുത്തുകയും ചെയ്തു എന്നതു ശരിയാണ്. പക്ഷേ അക്രമാസക്തമായ പ്രവണതകൾ അടക്കിനിറുത്താനേ അദ്ദേഹം പഠിച്ചുള്ളൂ. തന്റെ ചിന്താരീതി മാറ്റാൻ അതുവരെ അദ്ദേഹത്തിനു കഴിഞ്ഞിരുന്നില്ല. മറ്റു വാക്കുകളിൽ പറഞ്ഞാൽ, സഹോദരനു തന്റെ ഉള്ളിന്റെ ഉള്ളിലെ വ്യക്തിക്കു മാറ്റം വരുത്താൻ കഴിഞ്ഞിരുന്നില്ല.
9 എങ്കിലും സഹോദരൻ മടുത്ത് പിന്മാറിയില്ല. (സുഭാ. 24:16) മൂപ്പന്മാരുടെ സഹായം സ്വീകരിച്ച അദ്ദേഹം നല്ല പുരോഗതി വരുത്തി. പിന്നീട് ഒരു മൂപ്പനായി. അങ്ങനെയിരിക്കെ, ഒരു വൈകുന്നേരം രാജ്യഹാളിനു പുറത്ത്, മദ്യപിച്ച് എത്തിയ ഒരാൾ സഹോദരന്റെ മുന്നിൽവെച്ച് ഒരു സഹമൂപ്പനെ അടിക്കാൻ കൈ ഓങ്ങി. ഇത്തവണ നമ്മുടെ സഹോദരൻ എന്തു ചെയ്തു? സൗമ്യമായി, താഴ്മയോടെ അദ്ദേഹം ആ മദ്യപാനിയോടു സംസാരിച്ചു. അങ്ങനെ ആ സാഹചര്യം ഒന്നു തണുപ്പിച്ചു. മാത്രമല്ല, ആടിയാടി നടക്കുന്ന ആ മനുഷ്യനെ വീട്ടിൽ എത്താൻ സഹായിക്കുകയും ചെയ്തു. വ്യത്യസ്തമായി പ്രതികരിക്കാൻ സഹോദരന് എന്തുകൊണ്ടാണു കഴിഞ്ഞത്? സഹോദരൻ ചിന്താരീതിക്കു മാറ്റം വരുത്തി. ഉള്ളിന്റെ ഉള്ളിൽ അദ്ദേഹം സമാധാനപ്രിയനായ, താഴ്മയുള്ള ഒരു വ്യക്തിയായി രൂപാന്തരപ്പെട്ടിരുന്നു. ഇത് യഹോവയ്ക്കു മഹത്ത്വം കൈവരുത്തി.
10. ഉള്ളിന്റെ ഉള്ളിലെ വ്യക്തിക്കു മാറ്റം വരുത്തണമെങ്കിൽ എന്തു ചെയ്യണം?
10 ഇത്തരം മാറ്റം ഒറ്റ രാത്രികൊണ്ട് സംഭവിക്കുന്നതല്ല. അതു തനിയെ ഉണ്ടാകുന്നതുമല്ല. അതിനു വർഷങ്ങൾ നീണ്ട “കഠിനശ്രമം” വേണ്ടിവന്നേക്കാം. (2 പത്രോ. 1:5) നമ്മൾ ‘സത്യത്തിൽ വന്നിട്ട്’ കുറെ വർഷമായി എന്നതുകൊണ്ട് സ്വാഭാവികമായി ഈ മാറ്റങ്ങൾ സംഭവിക്കില്ല. ഉള്ളിന്റെ ഉള്ളിലെ വ്യക്തിക്കു മാറ്റം വരുത്താൻ നമ്മൾ കഠിനശ്രമം ചെയ്യണം. ഇതിനു നമ്മളെ സഹായിക്കുന്ന ചില പടികൾ നമുക്കു നോക്കാം.
നമ്മുടെ ചിന്താരീതിക്ക് എങ്ങനെ മാറ്റം വരുത്താം?
11. നമ്മുടെ ചിന്താരീതിക്കു മാറ്റം വരുത്താൻ പ്രാർഥന എങ്ങനെയാണു സഹായിക്കുന്നത്?
11 നമ്മൾ സ്വീകരിക്കേണ്ട ആദ്യത്തെ പ്രധാനപ്പെട്ട പടി പ്രാർഥനയാണ്. സങ്കീർത്തനക്കാരനെപ്പോലെ നമ്മളും ഇങ്ങനെ പ്രാർഥിക്കണം: “ദൈവമേ, ശുദ്ധമായൊരു ഹൃദയം എന്നിൽ സൃഷ്ടിക്കേണമേ; അചഞ്ചലമായ പുതിയൊരു ആത്മാവ് എനിക്കു നൽകേണമേ.” (സങ്കീ. 51:10) ചിന്താരീതിക്കു മാറ്റം വരുത്തണമെന്ന കാര്യം നമ്മൾ അംഗീകരിക്കുകയും യഹോവയോടു സഹായം ചോദിക്കുകയും വേണം. യഹോവ നമ്മളെ സഹായിക്കുമെന്ന് എന്ത് ഉറപ്പാണുള്ളത്? യഹസ്കേലിന്റെ കാലത്തെ കഠിനഹൃദയരായ ഇസ്രായേല്യരെക്കുറിച്ച് യഹോവ പറഞ്ഞ പിൻവരുന്ന വാക്കുകൾ നമുക്ക് ഒരു പ്രോത്സാഹനമാണ്: “ഞാൻ അവർക്ക് ഒരേ മനസ്സു കൊടുക്കും. പുതിയൊരു ആത്മാവ് അവരുടെ ഉള്ളിൽ വെക്കും. . . . (ഞാൻ) മാംസംകൊണ്ടുള്ള ഹൃദയം (“ദൈവത്തിന്റെ മാർഗദർശനത്തോടു പ്രതികരിക്കുന്ന ഹൃദയം”) വെക്കും.” (യഹ. 11:19, അടിക്കുറിപ്പ്) മാറ്റം വരുത്താൻ അവരെ സഹായിക്കുന്നതിന് യഹോവയ്ക്കു മനസ്സായിരുന്നു. നമ്മളെ സഹായിക്കാനും യഹോവ തയ്യാറാണ്.
12-13. (എ) സങ്കീർത്തനം 119:59 അനുസരിച്ച് എന്തിനെക്കുറിച്ച് നമ്മൾ ധ്യാനിക്കണം? (ബി) ഏതെല്ലാം ചോദ്യങ്ങൾ നിങ്ങൾ സ്വയം ചോദിക്കണം?
12 രണ്ടാമത്തെ സുപ്രധാനപടിയാണു ധ്യാനം. ഓരോ ദിവസവും ദൈവവചനം ശ്രദ്ധാപൂർവം വായിക്കുമ്പോൾ ധ്യാനിക്കുന്നതിന്, അതായത് ആഴത്തിൽ ചിന്തിക്കുന്നതിന്, സമയമെടുക്കണം. ഏതെല്ലാം ചിന്തകൾക്കും ദുർഗുണങ്ങൾക്കും ആണു നമ്മൾ മാറ്റം വരുത്തേണ്ടതെന്നു നന്നായി ചിന്തിക്കണം. (സങ്കീർത്തനം 119:59 വായിക്കുക; എബ്രാ. 4:12; യാക്കോ. 1:25) ലോകത്തിന്റെ ആശയങ്ങളോട് ആകർഷണം തോന്നുന്ന എന്തെങ്കിലും ചിന്ത നമ്മുടെ ഉള്ളിലുണ്ടെങ്കിൽ അതു നമ്മൾ കണ്ടുപിടിക്കണം. കൂടാതെ, നമ്മുടെ ബലഹീനതകൾ എന്തെല്ലാമാണെന്നു സത്യസന്ധമായി നമ്മൾ സമ്മതിക്കണം. എന്നിട്ട് മാറ്റം വരുത്താൻ കഠിനമായി ശ്രമിക്കണം.
13 ഉദാഹരണത്തിന്, നിങ്ങളോടുതന്നെ ചോദിക്കുക: ‘എന്റെ ഉള്ളിന്റെ ഉള്ളിൽ അസൂയയുടെ ഒരു കണികയെങ്കിലും ഉണ്ടോ?’ (1 പത്രോ. 2:1) ‘എന്റെ പശ്ചാത്തലത്തെയോ വിദ്യാഭ്യാസത്തെയോ സാമ്പത്തികനിലയെയോ കുറിച്ച് ഞാൻ അഹങ്കരിക്കാറുണ്ടോ?’ (സുഭാ. 16:5) ‘എന്റെ അതേ നിലയും വിലയും ഇല്ലാത്തവരെ ഞാൻ പുച്ഛത്തോടെയാണോ വീക്ഷിക്കുന്നത്?’ ‘താഴ്ന്ന ജാതിയെന്നു ലോകം കരുതുന്നവരെ ഞാനും അങ്ങനെയാണോ കാണുന്നത്?’ (യാക്കോ. 2:2-4) ‘സാത്താന്റെ ലോകം വെച്ചുനീട്ടുന്ന കാര്യങ്ങളോട് എനിക്ക് ആകർഷണം തോന്നുന്നുണ്ടോ?’ (1 യോഹ. 2:15-17) ‘ലൈംഗികതയും അക്രമവും ഉൾപ്പെടുന്ന വിനോദങ്ങൾ ഞാൻ ഇഷ്ടപ്പെടുന്നുണ്ടോ?’ (സങ്കീ. 97:10; 101:3; ആമോ. 5:15) ഈ ചോദ്യങ്ങളുടെ ഉത്തരങ്ങൾ നിങ്ങൾ മാറ്റം വരുത്തേണ്ട മേഖലകൾ കാണിച്ചുതരും. “കോട്ടകളെപ്പോലെ” ശക്തമായ ചിന്തകളെയും വികാരങ്ങളെയും കീഴടക്കിക്കൊണ്ട് നമുക്കു നമ്മുടെ സ്വർഗീയപിതാവിനെ സന്തോഷിപ്പിക്കാം.—സങ്കീ. 19:14.
14. നല്ല കൂട്ടുകാരെ തിരഞ്ഞെടുക്കുന്നതു വളരെ പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്?
14 നല്ല കൂട്ടുകാരെ തിരഞ്ഞെടുക്കുന്നതാണു മൂന്നാമത്തെ പടി. നമ്മൾ തിരിച്ചറിഞ്ഞാലും ഇല്ലെങ്കിലും ശരി, കൂട്ടുകാർക്കു നമ്മളെ ശക്തമായി സ്വാധീനിക്കാൻ കഴിയും. (സുഭാ. 13:20) ജോലിസ്ഥലത്തോ സ്കൂളിലോ ഒക്കെ, ദൈവികചിന്തകൾ വളർത്തിയെടുക്കാൻ സഹായിക്കാത്ത ആളുകളായിരിക്കാം നമുക്കു ചുറ്റുമുള്ളത്. എന്നാൽ നല്ല കൂട്ടുകാരെ നമുക്കു സഭായോഗങ്ങളിൽ കണ്ടെത്താൻ കഴിയും. മീറ്റിങ്ങുകളിൽനിന്നാണു “സ്നേഹിക്കാനും നല്ല കാര്യങ്ങൾ ചെയ്യാനും” വേണ്ട പ്രചോദനം നമുക്കു ലഭിക്കുന്നത്.—എബ്രാ. 10:24, 25.
‘വിശ്വാസത്തിൽ സ്ഥിരതയുള്ളവരായിരിക്കുക’
15-16. സാത്താൻ നമ്മുടെ ചിന്താരീതിയെ മാറ്റാൻ ശ്രമിക്കുന്നത് എങ്ങനെയാണ്?
15 ഓർക്കുക: സാത്താൻ നമ്മുടെ ചിന്താരീതിയെ മാറ്റാൻ തീരുമാനിച്ച് ഉറച്ചിരിക്കുകയാണ്. നമ്മുടെ ചിന്തയിൽ ദൈവവചനം ചെലുത്തുന്ന നല്ല സ്വാധീനം ഇല്ലാതാക്കാൻ അവൻ എല്ലാ തരം ന്യായവാദങ്ങളും ഉപയോഗിക്കും.
16 ഏദെനിൽവെച്ച് ഹവ്വയോടു ചോദിച്ച അതേ ചോദ്യം സാത്താൻ ഇന്നും ആവർത്തിക്കുന്നു: “ദൈവം ശരിക്കും പറഞ്ഞിട്ടുണ്ടോ?” (ഉൽപ. 3:1) നമ്മുടെ ഉള്ളിലും സംശയത്തിന്റെ വിത്തുകൾ വിതയ്ക്കുന്ന ചോദ്യങ്ങൾ ഇന്നും കേൾക്കാനാകുന്നില്ലേ? സാത്താന്റെ ലോകം ഉയർത്തുന്ന ചില ചോദ്യങ്ങൾ ശ്രദ്ധിക്കുക: ‘സ്വവർഗവിവാഹം ദൈവം ശരിക്കും വിലക്കുന്നുണ്ടോ? ക്രിസ്മസ്സും ജന്മദിനവും നിങ്ങൾ ആഘോഷിക്കുന്നതു ദൈവത്തിനു ശരിക്കും ഇഷ്ടമല്ലെന്നാണോ പറയുന്നത്? രക്തം സ്വീകരിക്കരുതെന്നു ദൈവം ശരിക്കും പറഞ്ഞിട്ടുണ്ടോ? പ്രിയപ്പെട്ട ഒരു സുഹൃത്തോ ബന്ധുവോ പുറത്താക്കപ്പെട്ടാൽ അവരുമായി ഒരു സമ്പർക്കവും പാടില്ലെന്നു സ്നേഹവാനായ ദൈവം ശരിക്കും ആഗ്രഹിക്കുമോ?’
17. ഏതെങ്കിലും ബൈബിൾവിഷയത്തെക്കുറിച്ച് സംശയമുണ്ടെങ്കിൽ നമ്മൾ എന്തു ചെയ്യണം, അങ്ങനെ ചെയ്താലുള്ള പ്രയോജനത്തെക്കുറിച്ച് കൊലോസ്യർ 2:6, 7 എന്താണു പറയുന്നത്?
17 നമ്മുടെ വിശ്വാസങ്ങളെക്കുറിച്ച് നമുക്ക് ഉറച്ച ബോധ്യമുണ്ടായിരിക്കണം. ഏതെങ്കിലും പ്രധാനപ്പെട്ട ഒരു ബൈബിൾവിഷയത്തെക്കുറിച്ച് ഒരു ചെറിയ സംശയം നമ്മുടെ മനസ്സിൽ അവശേഷിക്കുന്നെങ്കിൽ അതു പിന്നീടു വലിയ സംശയങ്ങളായിത്തീർന്നേക്കാം. അതു നമ്മുടെ ചിന്തകളെ ബാധിക്കുകയും ക്രമേണ വിശ്വാസത്തെ തകർക്കുകയും ചെയ്തേക്കാം. അതുകൊണ്ട് നമ്മൾ എന്താണു ചെയ്യേണ്ടത്? ദൈവവചനം പറയുന്നതുപോലെ, നമ്മൾ “നല്ലതും സ്വീകാര്യവും അത്യുത്തമവും ആയ ദൈവേഷ്ടം എന്താണെന്ന്” പരിശോധിച്ച് ഉറപ്പു വരുത്തണം. (റോമ. 12:2) ബൈബിളും നമ്മുടെ പ്രസിദ്ധീകരണങ്ങളും ക്രമമായി പഠിക്കുന്നെങ്കിൽ, നമ്മൾ വിശ്വസിക്കുന്ന കാര്യങ്ങൾ സത്യമാണെന്നു നമുക്ക് ഉറപ്പാകും. യഹോവയുടെ നിലവാരങ്ങളാണു ശരിയെന്നു നമുക്കു വ്യക്തമായി മനസ്സിലാകും. അങ്ങനെയാകുമ്പോൾ ഉറച്ച വേരുകളുള്ള ഒരു വൃക്ഷംപോലെ ‘വിശ്വാസത്തിൽ സ്ഥിരതയുള്ളവരാകാൻ’ നമുക്കു കഴിയും.—കൊലോസ്യർ 2:6, 7 വായിക്കുക.
18. സാത്താന്റെ ലോകത്തിന്റെ ചിന്താരീതി ഉള്ളിൽ കടന്നിട്ടുണ്ടെങ്കിൽ നിങ്ങൾ എന്തു ചെയ്യണം?
18 “വിശ്വാസത്തിൽ സ്ഥിരതയുള്ളവരാകാൻ” നമ്മൾത്തന്നെ ശ്രമിക്കണം. നമുക്കുവേണ്ടി മറ്റൊരാൾക്ക് അതു ചെയ്യാൻ കഴിയില്ല. അതുകൊണ്ട് നിങ്ങളുടെ ചിന്താരീതി പുതുക്കിക്കൊണ്ടേയിരിക്കുക. ഇടവിടാതെ പ്രാർഥിക്കുക; യഹോവയുടെ ആത്മാവിന്റെ സഹായത്തിനായി യാചിക്കുക. ആഴമായി ധ്യാനിക്കുക; നിങ്ങളുടെ ചിന്തകളെയും ലക്ഷ്യങ്ങളെയും വിലയിരുത്തുക. നല്ല കൂട്ടുകാരെ കണ്ടെത്തുക; നിങ്ങളുടെ ചിന്താരീതിക്കു രൂപാന്തരം വരുത്താൻ സഹായിക്കുന്ന വ്യക്തികളുടെ ഇടയിലായിരിക്കുക. അതുവഴി, നിങ്ങൾക്കു സാത്താന്റെ ലോകത്തിന്റെ ദൂഷ്യഫലങ്ങളിൽനിന്ന് സ്വയം സംരക്ഷിക്കാനും “ദൈവപരിജ്ഞാനത്തിന് എതിരായി ഉയർന്നുവരുന്ന വാദമുഖങ്ങളെയും, എല്ലാ വൻപ്രതിബന്ധങ്ങളെയും” ഇടിച്ചുകളയാനും സാധിക്കും.—2 കൊരി. 10:5.
ഗീതം 50 എന്റെ സമർപ്പണപ്രാർഥന
a പശ്ചാത്തലം, സംസ്കാരം, വിദ്യാഭ്യാസം ഇവയൊക്കെ നമ്മുടെ ചിന്താരീതിയെ സ്വാധീനിക്കുന്നുണ്ട്. അതിന്റെ ഫലം നല്ലതോ ചീത്തയോ ആകാം. തെറ്റായ ചില മനോഭാവങ്ങൾ നമ്മുടെ വ്യക്തിത്വത്തിൽ ആഴത്തിൽ വേരുപിടിച്ചിരിക്കുന്നതായി ഒരുപക്ഷേ നമ്മൾ കണ്ടെത്തിയേക്കാം. തെറ്റായ ഏതെങ്കിലും പ്രവണത നമുക്കുണ്ടെങ്കിൽ അവയെ എങ്ങനെ നിയന്ത്രിക്കാമെന്ന് ഈ ലേഖനം കാണിച്ചുതരുന്നു.