നിങ്ങളുടെ മനസ്സ് അടിയറ വെക്കരുത്
നിങ്ങൾ ഇപ്പോൾ ഒരു യുദ്ധമുഖത്താണ്. നിങ്ങളുടെ മുഖ്യശത്രുവായ സാത്താൻ വളരെ അപകടകരമായ ഒരു ആയുധമാണു നിങ്ങൾക്കെതിരെ ഉപയോഗിക്കുന്നത്. എന്താണ് അത്? നുണപ്രചാരണം! ആ ആയുധത്തിന് ഒരു പ്രത്യേകതയുണ്ട്. നിങ്ങളുടെ ശരീരത്തെയല്ല, മനസ്സിനെ ആക്രമിക്കാനാണ് അതു രൂപകല്പന ചെയ്തിരിക്കുന്നത്.
സാത്താൻ ഉപയോഗിക്കുന്ന നുണപ്രചാരണത്തിന്റെ അപകടത്തെക്കുറിച്ച് അപ്പോസ്തലനായ പൗലോസ് ബോധവാനായിരുന്നു. പക്ഷേ അന്നത്തെ എല്ലാ ക്രിസ്ത്യാനികളും അങ്ങനെയല്ലായിരുന്നു. കൊരിന്തിലുണ്ടായിരുന്ന ചിലർ അതിന് ഒരു ഉദാഹരണമാണ്. വിശ്വാസത്തിൽ ശക്തരായതുകൊണ്ട് ഒരിക്കലും വീണുപോകില്ലെന്ന അമിതമായ ആത്മവിശ്വാസമായിരുന്നു അവർക്ക്. (1 കൊരി. 10:12) അതുകൊണ്ട് പൗലോസ് ഈ മുന്നറിയിപ്പു കൊടുത്തു: “സർപ്പം കൗശലം പ്രയോഗിച്ച് ഹവ്വയെ വശീകരിച്ചതുപോലെ ഏതെങ്കിലും വിധത്തിൽ നിങ്ങളുടെ മനസ്സു ക്രിസ്തു അർഹിക്കുന്ന ആത്മാർഥതയും നിർമലതയും വിട്ട് വഷളായിപ്പോകുമോ എന്നു ഞാൻ പേടിക്കുന്നു.”—2 കൊരി. 11:3.
‘എനിക്ക് ഒന്നും സംഭവിക്കില്ല’ എന്ന മനോഭാവത്തിന്റെ അപകടം എത്രമാത്രമാണെന്നു പൗലോസിന്റെ വാക്കുകൾ കാണിക്കുന്നു. നുണപ്രചാരണം നിങ്ങളുടെ മനസ്സിനെ കീഴ്പെടുത്താതിരിക്കണമെങ്കിൽ അതിന്റെ അപകടങ്ങളെക്കുറിച്ച് മനസ്സിലാക്കി, അതിന് ഇരയാകാതെ നോക്കണം.
നുണപ്രചാരണത്തിന്റെ അപകടം തിരിച്ചറിയുക
എന്താണു നുണപ്രചാരണം? ആളുകളുടെ ചിന്തയെയും പ്രവർത്തനങ്ങളെയും വഴിതെറ്റിക്കുന്ന രീതിയിൽ വളച്ചൊടിച്ച, തെറ്റായ വിവരങ്ങൾ അവതരിപ്പിക്കുന്നത് ഇതിൽ ഉൾപ്പെടും. ചിലർ നുണപ്രചാരണത്തെ, “വഞ്ചന, കൗശലത്തിലൂടെ വശത്താക്കുക, മനസ്സിനെ വശീകരിക്കുക, മനശ്ശാസ്ത്രപരമായ ഒരു ആക്രമണം” എന്നെല്ലാം വിശദീകരിക്കാറുണ്ട്. “ധർമത്തിനു നിരക്കാത്ത, അപകടകരമായ ഒരു കപടതന്ത്രം” എന്നും ആളുകൾ അതിനെ വിശേഷിപ്പിക്കുന്നു.—നുണപ്രചാരണത്തിന്റെ സ്വാധീനശക്തി (ഇംഗ്ലീഷ്).
നുണപ്രചാരണം എത്രത്തോളം അപകടംപിടിച്ചതാണ്? കണ്ണിനു കാണാൻ പറ്റാത്ത, മണത്തറിയാൻ സാധിക്കാത്ത ഒരു വിഷവാതകംപോലെയാണു നുണപ്രചാരണം. അതിനെ പെട്ടെന്നു തിരിച്ചറിയാൻ സാധിക്കില്ല. പതിയെപ്പതിയെ അതു നമ്മുടെ മനസ്സിലേക്ക് അരിച്ചിറങ്ങിയേക്കാം. മനുഷ്യരുടെ പെരുമാറ്റരീതികളെക്കുറിച്ച് പഠിക്കുന്ന
വാൻസ് പാക്കാർഡ് പറഞ്ഞത്, നുണപ്രചാരണത്തിന്റെ തനിസ്വരൂപം തിരിച്ചറിയാതെ, “നമ്മളിൽ പലരും ഇപ്പോൾത്തന്നെ അതിന്റെ കളിപ്പാവകളായിരിക്കുന്നു” എന്നാണ്. “ഒരുപക്ഷേ നമ്മൾ തിരിച്ചറിയുന്നതിനെക്കാൾ കൂടുതൽ അതു നമ്മളെ സ്വാധീനിക്കുന്നുണ്ട്” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒരു പണ്ഡിതൻ പറയുന്നതനുസരിച്ച്, അതിന്റെ സ്വാധീനത്തിലായിക്കഴിഞ്ഞാൽ പുരുഷന്മാരും സ്ത്രീകളും “സാമാന്യബോധമില്ലാത്തവരായി പെരുമാറിത്തുടങ്ങും. അവർ വളരെ അപകടകാരികളായി മാറിയേക്കാം.” ‘വംശഹത്യ, യുദ്ധം, വംശീയവിദ്വേഷം, മതപരമായ അസഹിഷ്ണുത എന്നിവയും മനുഷ്യൻ വിവേകമില്ലാതെ ചെയ്യുന്ന മറ്റു പല കാര്യങ്ങളും’ അതിനു ചില ഉദാഹരണങ്ങൾ മാത്രം.—നുണപ്രചാരണത്തിന്റെ വശീകരണശക്തി (ഇംഗ്ലീഷ്).വെറും മനുഷ്യർക്കു നുണപ്രചാരണങ്ങളിലൂടെ നമ്മളെ വഞ്ചിക്കാൻ കഴിയുമെങ്കിൽ സാത്താൻ ആ തന്ത്രം എത്രത്തോളം ഉപയോഗിക്കുമെന്നു ചിന്തിച്ചുനോക്കൂ! മനുഷ്യൻ സൃഷ്ടിക്കപ്പെട്ടതുമുതൽ അവൻ മനുഷ്യന്റെ സ്വഭാവം പഠിച്ചുകൊണ്ടിരിക്കുകയാണ്. ഇപ്പോൾ “ലോകം മുഴുവനും” അവന്റെ നിയന്ത്രണത്തിലുമാണ്. തന്റെ നുണകൾ പ്രചരിപ്പിക്കാൻ ഈ ലോകത്തിലെ ഏതു ഘടകത്തെയും അവന് ഉപയോഗിക്കാനാകും. (1 യോഹ. 5:19; യോഹ. 8:44) ആളുകളുടെ ‘മനസ്സ് അന്ധമാക്കുന്നതിൽ’ അത്രയ്ക്കു വിദഗ്ധനായതുകൊണ്ട് അവൻ ഇന്നു ‘ഭൂലോകത്തെ മുഴുവൻ വഴിതെറ്റിക്കുന്നതിൽ’ വിജയിച്ചിരിക്കുന്നു. (2 കൊരി. 4:4; വെളി. 12:9) അവന്റെ നുണപ്രചാരണങ്ങളിൽ വീണുപോകാതിരിക്കാൻ നിങ്ങൾക്ക് എന്തു ചെയ്യാനാകും?
നിങ്ങളുടെ പ്രതിരോധം ശക്തമാക്കുക
നുണപ്രചാരണത്തിന് എതിരെയുള്ള യുദ്ധത്തിൽ പോരാടാനുള്ള ലളിതമായ ഒരു വഴിയെക്കുറിച്ച് യേശു പറഞ്ഞിട്ടുണ്ട്. അത് ഇതാണ്: ‘സത്യം അറിയുക, സത്യം നിങ്ങളെ സ്വതന്ത്രരാക്കും.’ (യോഹ. 8:31, 32) ശത്രുവിന്റെ നുണപ്രചാരണങ്ങൾ മനസ്സിനെ കബളിപ്പിക്കാൻ സാധ്യതയുള്ളതുകൊണ്ട് യുദ്ധഭൂമിയിലെ ഒരു പടയാളിക്ക് ‘സത്യം’ അഥവാ നേരായ വിവരങ്ങൾ ലഭിക്കേണ്ടതുണ്ട്. സാത്താന്റെ നുണപ്രചാരണത്തിന് എതിരെ പോരാടാൻ നമുക്കും വിശ്വസനീയവും ആശ്രയയോഗ്യവും ആയ വിവരങ്ങൾ ആവശ്യമാണ്. നമുക്ക് അത് എവിടെനിന്ന് ലഭിക്കും? അത്തരമൊരു പോരാട്ടത്തിനു വേണ്ടതെല്ലാം ബൈബിളിന്റെ താളുകളിലൂടെ യഹോവ നമുക്കു തന്നിട്ടുണ്ട്.—2 തിമൊ. 3:16, 17.
നുണപ്രചാരണവിദഗ്ധനായ സാത്താന് ഇക്കാര്യം അറിയാം. അതുകൊണ്ട് തന്റെ ഈ വ്യവസ്ഥിതിയെ ഉപയോഗിച്ച് നമ്മുടെ ബൈബിൾ വായനയും പഠനവും ഇല്ലാതാക്കാൻ അവൻ ശ്രമിക്കുന്നു. അവന്റെ കുടിലതന്ത്രങ്ങളിൽ വീണുപോകരുത്. (എഫെ. 6:11) നമ്മൾ ‘സത്യത്തിന്റെ വീതിയും നീളവും ഉയരവും ആഴവും പൂർണമായി ഗ്രഹിക്കാൻ പ്രാപ്തരാകണം.’ (എഫെ. 3:18) നന്നായി ശ്രമിച്ചാലേ അതിനു സാധിക്കൂ. എഴുത്തുകാരനായ നോം ചോംസ്കി പറഞ്ഞ ഈ അടിസ്ഥാനസത്യം ഓർക്കുക: “ആരും നിങ്ങളുടെ തലച്ചോറിലേക്കു സത്യം പകർന്നുതരാൻപോകുന്നില്ല. അതു നിങ്ങൾ സ്വന്തമായി കണ്ടെത്തിയേ മതിയാകൂ.” അതുകൊണ്ട് ‘ദിവസവും ശ്രദ്ധയോടെ തിരുവെഴുത്തുകൾ പരിശോധിച്ച്’ ‘സത്യം സ്വന്തമായി കണ്ടെത്തുക.’—പ്രവൃ. 17:11.
സുഭാ. 14:15) ദൈവം നിങ്ങൾക്കു തന്നിരിക്കുന്ന ചിന്താപ്രാപ്തിയും കാര്യങ്ങളെ വിലയിരുത്താനുള്ള കഴിവും ഉപയോഗിച്ചുകൊണ്ട് സത്യം നിങ്ങളുടെ സ്വന്തമാക്കുക.—സുഭാ. 2:10-15; റോമ. 12:1, 2.
നിങ്ങൾ ശരിയായി ചിന്തിക്കാനും കാര്യങ്ങളെ നേരാംവണ്ണം വിലയിരുത്താനും സാത്താൻ ആഗ്രഹിക്കുന്നില്ലെന്ന് ഓർക്കുക. എന്തുകൊണ്ട്? കാരണം, ഒരു പുസ്തകം പറയുന്നു: “കാര്യങ്ങളെ നന്നായി വിലയിരുത്താൻ ആളുകൾക്കു സാധിക്കാത്തപ്പോഴാണു” നുണപ്രചാരണം “ഏറ്റവും ഫലം ചെയ്യാറ്.” [ഇരുപതാം നൂറ്റാണ്ടിലെ മാധ്യമങ്ങളും പൊതുസമൂഹവും (ഇംഗ്ലീഷ്)] അതുകൊണ്ട് കേൾക്കുന്ന കാര്യങ്ങളെല്ലാം കണ്ണുമടച്ച് അപ്പാടേ വിശ്വസിക്കരുത്. (ഭിന്നിപ്പിച്ച് കീഴടക്കാനുള്ള ശ്രമങ്ങളെ ചെറുക്കുക
എതിർപക്ഷത്തെ സൈനികരുടെ ആത്മവിശ്വാസവും പോരാട്ടവീര്യവും ചോർത്തിക്കളയാൻ യുദ്ധതന്ത്രജ്ഞർ ചില നുണപ്രചാരണങ്ങൾ നടത്താറുണ്ട്. മറുപക്ഷത്തെ പട്ടാളക്കാരെ തമ്മിലടിപ്പിക്കാനോ അവരിൽ ചിലരെ സൈന്യത്തിൽനിന്ന് അകറ്റാനോ വേണ്ടിയായിരിക്കാം അവർ ഇതു ചെയ്യുന്നത്. ഒന്നാം ലോകമഹായുദ്ധത്തിൽ പരാജയപ്പെട്ടതിന്റെ ഒരു കാരണത്തെക്കുറിച്ച് ഒരു ജർമൻ ജനറൽ ഇങ്ങനെ അഭിപ്രായപ്പെട്ടതായി പറയപ്പെടുന്നു: “ഒരു പാമ്പ് മുയലിനെ മയക്കിയെടുക്കുന്നതുപോലെ, ശത്രുക്കൾ മനഞ്ഞെടുത്ത നുണപ്രചാരണങ്ങൾ ആളുകളെ മയക്കിക്കളഞ്ഞു.” ആളുകളെ ഭിന്നിപ്പിച്ച് കീഴടക്കാൻ ഇക്കാലത്ത് സാത്താൻ അതുപോലുള്ള ചില തന്ത്രങ്ങൾ ഉപയോഗിക്കുന്നു. ഉദാഹരണത്തിന്, സഹോദരീസഹോദരന്മാർക്കിടയിൽ പ്രശ്നങ്ങളുണ്ടാക്കാൻ അവൻ ശ്രമിക്കാറുണ്ട്. ഇനി, സംഘടനയിൽ നടക്കുന്ന ചില കാര്യങ്ങൾ അന്യായമാണെന്നോ ശരിയല്ലെന്നോ തോന്നിപ്പിച്ച് യഹോവയുടെ സംഘടനയിൽനിന്ന് ആളുകളെ അകറ്റിക്കളയാനും സാത്താൻ ശ്രമിക്കുന്നു.
വഞ്ചിക്കപ്പെടരുത്! ദൈവവചനം നിങ്ങളെ വഴി കാണിക്കട്ടെ. നിങ്ങളുടെ സഹോദരങ്ങളുമായി ഐക്യം കാത്തുസൂക്ഷിക്കുന്ന കാര്യത്തിൽ ബൈബിളിനു നിങ്ങളെ എങ്ങനെ സഹായിക്കാനാകും? ‘അന്യോന്യം ഉദാരമായി ക്ഷമിക്കാനും’ പ്രശ്നങ്ങളുണ്ടായാൽ അതു പെട്ടെന്നു പരിഹരിക്കാനും ആണ് ദൈവവചനം പറയുന്നത്. (കൊലോ. 3:13, 14; മത്താ. 5:23, 24) സഭയിൽനിന്ന് നമ്മളെത്തന്നെ അകറ്റുന്നതിനോ ഒറ്റപ്പെടുത്തുന്നതിനോ എതിരെയും അതു ശക്തമായ മുന്നറിയിപ്പു തരുന്നു. (സുഭാ. 18:1) സാത്താന്റെ നുണപ്രചാരണങ്ങളെ തടുക്കാനുള്ള നിങ്ങളുടെ പ്രതിരോധസംവിധാനങ്ങൾ ശക്തമാണെന്ന് ഉറപ്പുവരുത്തുക. നിങ്ങളോടുതന്നെ ചോദിക്കുക: ‘സഹോദരങ്ങളിൽ ഒരാൾ ഇയ്യടുത്ത് എന്നെ വിഷമിപ്പിച്ചപ്പോൾ ഞാൻ എങ്ങനെയാണ് അതിനെ കണ്ടത്? ലോകത്തിന്റെ ആത്മാവാണോ അതോ ദൈവത്തിന്റെ ആത്മാവാണോ അന്ന് എന്നെ നിയന്ത്രിച്ചത്?’—ഗലാ. 5:16-26; എഫെ. 2:2, 3.
നേതൃത്വമെടുക്കുന്നവരിലുള്ള വിശ്വാസം നഷ്ടപ്പെടരുത്
തന്റെ നേതാവിലുള്ള വിശ്വാസം നഷ്ടപ്പെട്ട ഒരു പടയാളി നന്നായി യുദ്ധം ചെയ്യില്ല. അതുകൊണ്ട് നുണപ്രചാരണം നടത്തുന്നവർ, പടയാളിക്കും നേതാവിനും ഇടയിലുള്ള വിശ്വാസം നഷ്ടപ്പെടുത്താൻ ശ്രമിക്കാറുണ്ട്. “നിങ്ങളുടെ നേതാക്കളെ വിശ്വസിക്കരുത്,” “അവർ നിങ്ങളെ കൊലയ്ക്കു കൊടുക്കും” എന്നൊക്കെ അവർ പറഞ്ഞുപരത്തും.
ആ വാദങ്ങൾക്കു ബലമേകാൻ, നേതാക്കൾ ചെയ്ത എന്തെങ്കിലും തെറ്റും അവർ എടുത്തുകാണിക്കും. ഇത്തരത്തിലുള്ള ഒരാളാണു സാത്താൻ. തന്റെ ജനത്തെ നയിക്കാൻ യഹോവ ഉപയോഗിക്കുന്നവരിലുള്ള വിശ്വാസം ഇടിച്ചുകളയാൻ അവൻ എപ്പോഴും ശ്രമിച്ചുകൊണ്ടിരിക്കും.നിങ്ങൾക്ക് അത്തരമൊരു ആക്രമണത്തെ എങ്ങനെ പ്രതിരോധിക്കാം? നേതൃത്വമെടുക്കുന്നവർ തെറ്റുകൾ വരുത്തിയേക്കാമെങ്കിലും യഹോവയുടെ സംഘടനയോടു ചേർന്നുനിൽക്കുമെന്നും ദൈവജനത്തെ നയിക്കുന്നവരെ വിശ്വസ്തമായി പിന്തുണയ്ക്കുമെന്നും ഉറച്ച തീരുമാനമെടുക്കുക. (1 തെസ്സ. 5:12, 13) വിശ്വാസത്യാഗികളും വഞ്ചകരായ മറ്റുള്ളവരും പറയുന്ന ചില കാര്യങ്ങൾ എത്ര വിശ്വസനീയമായി തോന്നിയാലും ‘സുബോധം നഷ്ടപ്പെടാതിരിക്കാൻ’ നമ്മൾ ശ്രദ്ധയുള്ളവരായിരിക്കണം. (2 തെസ്സ. 2:2; തീത്തോ. 1:10) പൗലോസ് യുവാവായ തിമൊഥെയൊസിനോടു പറഞ്ഞതുപോലെ, നിങ്ങൾക്കു ലഭിച്ച സത്യം മുറുകെപ്പിടിക്കുക, ആ സത്യം എവിടെനിന്നാണു പഠിച്ചതെന്ന് ഒരിക്കലും മറക്കാതിരിക്കുക. (2 തിമൊ. 3:14, 15) നമ്മളെ സത്യത്തിന്റെ പാതയിൽ നയിക്കുന്നതിന് യഹോവ കഴിഞ്ഞ നൂറിലധികം വർഷമായി ഉപയോഗിച്ചുകൊണ്ടിരിക്കുന്ന സരണിയെ നമുക്കു വിശ്വസിക്കാനാകും എന്നതിനു മതിയായ തെളിവുകളുണ്ട്.—മത്താ. 24:45-47; എബ്രാ. 13:7, 17.
ഭയം നിങ്ങളെ കീഴടക്കരുത്
ഒളിഞ്ഞും മറഞ്ഞും ഉള്ള ആക്രമണങ്ങൾ മാത്രമല്ല സാത്താൻ എപ്പോഴും നടത്താറുള്ളത്. ചിലപ്പോൾ അവൻ ഭയത്തെ ഒരു ആയുധമായി ഉപയോഗിക്കും. “ഇത്തരം നുണപ്രചാരണങ്ങൾ വളരെ പണ്ടുമുതലേ ഉപയോഗിച്ചുപോന്നിട്ടുണ്ട്” എന്നാണ് ഒരു പുസ്തകം പറയുന്നത്. [നുണപ്രചാരണത്തിന്റെ വശീകരണശക്തി, ഒരു ചരിത്രം (ഇംഗ്ലീഷ്)] ബ്രിട്ടീഷ് പ്രഫസറായ ഫിലിപ്പ് എം. ടെയ്ലർ പറയുന്നതനുസരിച്ച്, ശത്രുക്കളെ വരുതിയിലാക്കാൻ അസീറിയക്കാർ “നുണകളും ഭയവും കൂട്ടിക്കലർത്തി അവതരിപ്പിക്കുന്ന ഒരു നയമാണു” സ്വീകരിച്ചത്. നിങ്ങളെ വരുതിയിലാക്കാനും യഹോവയെ സേവിക്കുന്നതിൽനിന്ന് പിന്തിരിപ്പിക്കാനും സാത്താൻ മനുഷ്യഭയവും മരണഭീതിയും ഉപദ്രവങ്ങൾ നേരിടേണ്ടിവരുമെന്ന ഭയവും ഉപയോഗിക്കും. മറ്റു പല കാര്യങ്ങളിലൂടെയും അവൻ നമ്മളിൽ ഭയം ജനിപ്പിച്ചേക്കാം.—യശ. 8:12; യിരെ. 42:11; എബ്രാ. 2:15.
ഭയം ഉപയോഗിച്ച് നമ്മുടെ മനോവീര്യം ഇടിച്ചുകളയാനോ വിശ്വസ്തത തകർക്കാനോ സാത്താനെ ഒരിക്കലും അനുവദിക്കരുത്. യേശു പറഞ്ഞു: “ശരീരത്തെ കൊല്ലുന്നവരെ നിങ്ങൾ പേടിക്കേണ്ടാ. അവർക്ക് അതു മാത്രമല്ലേ ചെയ്യാൻ കഴിയൂ.” (ലൂക്കോ. 12:4) നിങ്ങളെ കാത്തുരക്ഷിക്കുമെന്നും നിങ്ങൾക്ക് “അസാധാരണശക്തി” തരുമെന്നും നിങ്ങളെ പേടിപ്പിച്ച് കീഴ്പെടുത്താനുള്ള സാത്താന്റെ ഏതൊരു ശ്രമത്തെയും ചെറുക്കാൻ സഹായിക്കുമെന്നും ഉള്ള യഹോവയുടെ വാഗ്ദാനത്തിൽ പൂർണവിശ്വാസമുണ്ടായിരിക്കുക.—2 കൊരി. 4:7-9; 1 പത്രോ. 3:14.
എന്നാൽ നമുക്കു ഭയം തോന്നുന്ന, നമ്മുടെ ആത്മവിശ്വാസം കെടുത്തിക്കളയുന്ന സംഭവങ്ങൾ ഭാവിയിൽ ഉണ്ടായേക്കാം. അപ്പോഴെല്ലാം യഹോവ യോശുവയെ പ്രോത്സാഹിപ്പിക്കാനായി പറഞ്ഞ ഈ വാക്കുകൾ ഓർക്കുക: ‘ധൈര്യവും മനക്കരുത്തും ഉള്ളവനായിരിക്കുക. . . . പേടിക്കുകയോ ഭയപരവശനാകുകയോ അരുത്. കാരണം നീ എവിടെ പോയാലും നിന്റെ ദൈവമായ യഹോവ നിന്റെകൂടെയുണ്ട്.’ (യോശു. 1:9) ഉത്കണ്ഠ തോന്നിയാൽ ഒട്ടും താമസിക്കാതെ നിങ്ങളുടെ എല്ലാ ആകുലതകളും പ്രാർഥനയിലൂടെ യഹോവയെ അറിയിക്കുക. തീർച്ചയായും “ദൈവസമാധാനം നിങ്ങളുടെ ഹൃദയത്തെയും മനസ്സിനെയും . . . കാക്കും.” അതു സാത്താന്റെ എല്ലാ നുണപ്രചാരണങ്ങളെയും ചെറുത്തുനിൽക്കാനുള്ള ശക്തി നിങ്ങൾക്കു തരും.—ഫിലി. 4:6, 7, 13.
അസീറിയക്കാരുടെ പ്രതിനിധിയായ റബ്ശാക്കെ ദൈവജനത്തെ ഭയപ്പെടുത്താൻ പറഞ്ഞ നുണകൾ നിങ്ങൾ ഓർക്കുന്നുണ്ടോ? അയാൾ പറഞ്ഞതിന്റെ സാരം ഇതായിരുന്നു: ‘ആർക്കും അസീറിയക്കാരുടെ കൈയിൽനിന്ന് നിങ്ങളെ രക്ഷിക്കാൻ കഴിയില്ല. നിങ്ങളുടെ ദൈവമായ യഹോവയ്ക്കുപോലും ഒന്നും ചെയ്യാനാകില്ല.’ അയാൾ ഇങ്ങനെയും പറഞ്ഞു: ‘ഈ ദേശത്തെ നശിപ്പിക്കാൻ യഹോവതന്നെയാണു പറഞ്ഞത്.’ യഹോവയുടെ മറുപടി എന്തായിരുന്നു? “അസീറിയൻ രാജാവിന്റെ ഭൃത്യന്മാർ എന്നെ നിന്ദിച്ചുപറഞ്ഞ വാക്കുകൾ കേട്ട് . . . ഭയപ്പെടേണ്ടാ.” (2 രാജാ. 18:22-25; 19:6) യഹോവ അയച്ച ഒരു ദൂതൻ ഒറ്റ രാത്രികൊണ്ട് 1,85,000 അസീറിയക്കാരെ കൊന്നുകളഞ്ഞു.—2 രാജാ. 19:35.
എപ്പോഴും യഹോവയ്ക്കു ചെവികൊടുക്കുന്നതാണു നല്ലത്
നിങ്ങൾ ഇപ്പോൾ ഒരു സിനിമ കണ്ടുകൊണ്ടിരിക്കുകയാണ്. ആ സിനിമയിൽ ഒരാളെ ചിലർ പറഞ്ഞുപറ്റിക്കുന്ന ഒരു രംഗം വരുകയാണെങ്കിൽ നിങ്ങൾക്ക് ഇങ്ങനെ വിളിച്ചുപറയാൻ തോന്നില്ലേ: ‘അതു വിശ്വസിക്കരുത്! അവർ നിങ്ങളെ പറ്റിക്കുകയാണ്!’ ദൈവദൂതന്മാരും അതുപോലൊരു കാര്യം നിങ്ങളോടു വിളിച്ചുപറയുന്നതു ഭാവനയിൽ കാണാൻ കഴിയുന്നുണ്ടോ: “സാത്താൻ പറയുന്നതു നുണയാണ്. അതിൽ വീണുപോകരുത്.”
അതുകൊണ്ട് സാത്താന്റെ നുണപ്രചാരണങ്ങൾക്ക് ഒരിക്കലും ചെവി കൊടുക്കരുത്. (സുഭാ. 26:24, 25) പകരം, എപ്പോഴും യഹോവ പറയുന്നതു ശ്രദ്ധിക്കുക, എല്ലാ കാര്യങ്ങളിലും യഹോവയിൽ ആശ്രയിക്കുക. (സുഭാ. 3:5-7) “മകനേ, നീ ജ്ഞാനിയായി എന്റെ ഹൃദയത്തെ സന്തോഷിപ്പിക്കുക” എന്ന യഹോവയുടെ സ്നേഹം തുളുമ്പുന്ന വാക്കുകൾക്കു മനസ്സു ചായ്ക്കുക. (സുഭാ. 27:11) അങ്ങനെയെങ്കിൽ, നിങ്ങൾക്കു നിങ്ങളുടെ മനസ്സു നുണപ്രചാരണങ്ങൾക്ക് അടിയറ വെക്കേണ്ടിവരില്ല.