വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ആത്മാവു നമ്മുടെ ആത്മാവി​നോ​ടു സാക്ഷ്യം പറയുന്നു

ആത്മാവു നമ്മുടെ ആത്മാവി​നോ​ടു സാക്ഷ്യം പറയുന്നു

“ആത്മാവു​തന്നെ നമ്മുടെ ആത്മാവി​നോ​ടു സാക്ഷ്യം പറയുന്നു.” —റോമ. 8:16.

ഗീതം: 109, 108

1-3. ഏതു സംഭവ​ങ്ങ​ളാണ്‌ പെന്തെ​ക്കൊ​സ്‌ത്‌ ദിനത്തെ പ്രത്യേ​ക​ത​യു​ള്ള​താ​ക്കി​യത്‌, ആ സംഭവങ്ങൾ എങ്ങനെ​യാണ്‌ തിരു​വെ​ഴു​ത്തു​ക​ളിൽ മുൻകൂ​ട്ടി പറഞ്ഞ കാര്യങ്ങൾ നിവർത്തി​ച്ചത്‌? (ലേഖനാ​രം​ഭ​ത്തി​ലെ ചിത്രം കാണുക.)

 അന്ന്‌ ഒരു ഞായറാ​ഴ്‌ച​യാ​യി​രു​ന്നു. സമയം ഏകദേശം രാവിലെ ഒമ്പതു മണി. യെരു​ശ​ലേ​മി​ലെ ആളുകൾക്ക്‌ ആഹ്ലാദ​ത്തി​ന്റെ​യും ആവേശ​ത്തി​ന്റെ​യും ഒരു ദിനമാ​യി​രു​ന്നു അത്‌. കാരണം ഗോത​മ്പു​കൊ​യ്‌ത്തി​ന്റെ തുടക്ക​ത്തി​ലെ വിശുദ്ധ ഉത്സവമാ​യി​രുന്ന പെന്തെ​ക്കൊ​സ്‌ത്‌ ആഘോ​ഷി​ക്കു​ക​യാ​യി​രു​ന്നു അവർ. അന്നേദി​വസം രാവിലെ മഹാപു​രോ​ഹി​തൻ ആദ്യം നിരന്ത​ര​യാ​ഗങ്ങൾ അർപ്പിച്ചു. തുടർന്ന്‌ അദ്ദേഹം ഗോത​മ്പി​ന്റെ ആദ്യഫ​ല​ത്തിൽനിന്ന്‌ ഉണ്ടാക്കിയ പുളി​പ്പുള്ള രണ്ട്‌ അപ്പം നീരാ​ജ​ന​യാ​ഗ​മാ​യി അർപ്പി​ക്കു​ന്നു. ഏ.ഡി. 33-ലെ പെന്തെ​ക്കൊ​സ്‌ത്‌ ദിനമാ​യി​രു​ന്നു അത്‌.—ലേവ്യ. 23:15-20.

2 നൂറു​ക​ണ​ക്കിന്‌ വർഷങ്ങ​ളാ​യി മഹാപു​രോ​ഹി​തൻ എല്ലാ വർഷവും ഈ ദിനത്തിൽ നീരാ​ജ​ന​യാ​ഗം അർപ്പി​ച്ചി​രു​ന്നു. ഏ.ഡി. 33-ലെ പെന്തെ​ക്കൊ​സ്‌തിൽ സംഭവിച്ച വളരെ പ്രധാ​ന​പ്പെട്ട ഒരു കാര്യ​ത്തോട്‌ ഈ യാഗം അടുത്തു​ബ​ന്ധ​പ്പെ​ട്ടി​രു​ന്നു. യെരു​ശ​ലേ​മി​ലെ ഒരു മാളി​ക​മു​റി​യിൽ പ്രാർഥി​ച്ചു​കൊ​ണ്ടി​രുന്ന യേശു​വി​ന്റെ 120 ശിഷ്യ​ന്മാ​രോ​ടുള്ള ബന്ധത്തി​ലാണ്‌ അത്‌ സംഭവി​ച്ചത്‌. (പ്രവൃ. 1:13-15) ഈ സംഭവ​ത്തെ​ക്കു​റിച്ച്‌ 800 വർഷങ്ങൾക്കു മുമ്പ്‌ യോവേൽ പ്രവാ​ചകൻ രേഖ​പ്പെ​ടു​ത്തി​യി​രു​ന്നു. (യോവേ. 2:28-32; പ്രവൃ. 2:16-21) ഇത്ര പ്രധാ​ന​പ്പെട്ട എന്താണ്‌ അവിടെ സംഭവി​ച്ചത്‌?

3 പ്രവൃ​ത്തി​കൾ 2:2-4 വായി​ക്കുക. ഏ.ഡി. 33-ലെ പെന്തെ​ക്കൊ​സ്‌തിൽ, ദൈവം പരിശു​ദ്ധാ​ത്മാ​വി​നെ നൽകി അവി​ടെ​യു​ണ്ടാ​യി​രുന്ന ആ ക്രിസ്‌ത്യാ​നി​കളെ അഭി​ഷേകം ചെയ്‌തു. (പ്രവൃ. 1:8) തുടർന്ന്‌ അവർക്കു ചുറ്റും കൂടിയ ഒരു ജനക്കൂ​ട്ട​ത്തോട്‌, ശിഷ്യ​ന്മാർ തങ്ങൾ അപ്പോൾ കണ്ടതും കേട്ടതു​മായ അത്ഭുത​കാ​ര്യ​ങ്ങ​ളെ​ക്കു​റിച്ച്‌ പറയാൻതു​ടങ്ങി. അവിടെ എന്താണ്‌ സംഭവി​ച്ച​തെ​ന്നും അത്‌ അത്ര പ്രധാ​ന​മാ​യി​രു​ന്നത്‌ എന്തു​കൊ​ണ്ടാ​ണെ​ന്നും പത്രോസ്‌ അപ്പൊ​സ്‌തലൻ വിശദീ​ക​രി​ച്ചു. എന്നിട്ട്‌ ആ ജനക്കൂ​ട്ട​ത്തോട്‌ അവൻ ഇങ്ങനെ പറഞ്ഞു: “നിങ്ങളു​ടെ പാപങ്ങൾ ക്ഷമിച്ചു​കി​ട്ടേ​ണ്ട​തിന്‌ മാനസാ​ന്ത​ര​പ്പെട്ടു നിങ്ങൾ ഓരോ​രു​ത്ത​രും യേശു​ക്രി​സ്‌തു​വി​ന്റെ നാമത്തിൽ സ്‌നാ​ന​മേൽക്കു​വിൻ; അപ്പോൾ പരിശു​ദ്ധാ​ത്മാവ്‌ എന്ന ദാനം നിങ്ങൾക്കു ലഭിക്കും.” അന്ന്‌ ഏകദേശം 3,000 ആളുകൾ സ്‌നാ​ന​മേറ്റു. അവർക്കും പരിശു​ദ്ധാ​ത്മാവ്‌ ലഭിച്ചു.—പ്രവൃ. 2:37, 38, 41.

4. (എ) പെന്തെ​ക്കൊ​സ്‌ത്‌ ദിനത്തിൽ സംഭവിച്ച കാര്യ​ങ്ങ​ളിൽ നമ്മൾ താത്‌പ​ര്യ​മെ​ടു​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌? (ബി) അനേക വർഷങ്ങൾക്കു മുമ്പ്‌ അതേ ദിവസം​തന്നെ ഏത്‌ സുപ്ര​ധാന സംഭവ​മാ​യി​രി​ക്കാം നടന്നത്‌? (പിൻകു​റിപ്പ്‌ കാണുക.)

4 മഹാ പുരോ​ഹി​ത​നും അദ്ദേഹം എല്ലാ പെന്തെ​ക്കൊ​സ്‌ത്‌ ദിനത്തി​ലും അർപ്പിച്ച യാഗവും എന്തി​നെ​യാണ്‌ പ്രതി​നി​ധാ​നം ചെയ്‌തത്‌? മഹാപു​രോ​ഹി​തൻ യേശു​വി​നെ​യും അദ്ദേഹം അർപ്പിച്ച പുളി​പ്പുള്ള അപ്പങ്ങൾ യേശു​വി​ന്റെ അഭിഷിക്ത ശിഷ്യ​ന്മാ​രെ​യും പ്രതി​നി​ധാ​നം ചെയ്‌തു. പാപി​ക​ളായ മനുഷ്യ​രിൽനിന്ന്‌ തിര​ഞ്ഞെ​ടു​ക്ക​പ്പെ​ടുന്ന ഈ ശിഷ്യ​ന്മാ​രെ “ആദ്യഫ​ലങ്ങൾ” എന്നാണ്‌ വിളി​ക്കു​ന്നത്‌. (യാക്കോ. 1:18) ദൈവം ഇവരെ തന്റെ പുത്ര​ന്മാ​രാ​യി സ്വീക​രി​ക്കു​ക​യും ദൈവ​രാ​ജ്യ​ത്തി​ന്റെ ഭാഗമാ​യി സ്വർഗ​ത്തിൽ യേശു​വി​നോ​ടൊ​പ്പം രാജാ​ക്ക​ന്മാ​രാ​യി ഭരണം നടത്താൻ തിര​ഞ്ഞെ​ടു​ക്കു​ക​യും ചെയ്‌തി​രി​ക്കു​ന്നു. (1 പത്രോ. 2:9) ഈ രാജ്യ​ത്തി​ലൂ​ടെ​യാ​യി​രി​ക്കും യഹോവ അനുസ​ര​ണ​മുള്ള എല്ലാ മനുഷ്യ​രെ​യും അനു​ഗ്ര​ഹി​ക്കു​ന്നത്‌. അതു​കൊണ്ട്‌ നമ്മുടെ പ്രത്യാശ യേശു​വി​നോ​ടൊ​പ്പം സ്വർഗ​ത്തിൽ ജീവി​ക്കാ​നാ​ണെ​ങ്കി​ലും, ഭൂമി​യി​ലെ പറുദീ​സ​യിൽ ജീവി​ക്കാ​നാ​ണെ​ങ്കി​ലും ഏ.ഡി. 33-ലെ പെന്തെ​ക്കൊ​സ്‌ത്‌ നമു​ക്കെ​ല്ലാം വളരെ പ്രധാ​ന​പ്പെ​ട്ട​താണ്‌. [1]

ഒരു വ്യക്തി അഭിഷി​ക്ത​നാ​കു​മ്പോൾ എന്താണ്‌ സംഭവി​ക്കു​ന്നത്‌?

5. ഒന്നാം നൂറ്റാ​ണ്ടിൽ ആത്മാഭി​ഷി​ക്ത​രായ എല്ലാവ​രും ഒരേ വിധത്തി​ലല്ല അഭി​ഷേകം പ്രാപി​ച്ച​തെന്ന്‌ നമുക്ക്‌ എങ്ങനെ അറിയാം?

5 അന്ന്‌ മാളി​ക​മു​റി​യിൽ കൂടി​വ​ന്നവർ ആ ദിവസം ഒരിക്ക​ലും മറക്കില്ല. അവരിൽ ഓരോ​രു​ത്ത​രു​ടെ​യും തലയിൽ തീനാ​ള​ങ്ങൾപോ​ലെ എന്തോ ഒന്ന്‌ പ്രത്യ​ക്ഷ​പ്പെ​ട്ടി​രു​ന്നു. യഹോവ അവർക്ക്‌ അന്യഭാ​ഷ​യിൽ സംസാ​രി​ക്കാ​നുള്ള പ്രാപ്‌തി നൽകി. തങ്ങൾ പരിശു​ദ്ധാ​ത്മാ​വി​നാൽ അഭി​ഷേകം ചെയ്യ​പ്പെട്ടു എന്നതിൽ അവർക്ക്‌ ഒരു സംശയ​വു​മി​ല്ലാ​യി​രു​ന്നു. (പ്രവൃ. 2:6-12) എന്നാൽ അഭിഷി​ക്ത​രാ​കുന്ന എല്ലാവ​രു​ടെ​യും കാര്യ​ത്തിൽ ഇങ്ങനെ ശ്രദ്ധേ​യ​മായ എന്തെങ്കി​ലും ഒന്ന്‌ സംഭവി​ക്കു​ന്നില്ല. ഉദാഹ​ര​ണ​ത്തിന്‌, യെരു​ശ​ലേ​മിൽ ആ ദിവസം​തന്നെ അഭിഷി​ക്ത​രായ ആയിര​ങ്ങ​ളു​ടെ തലയിൽ തീനാ​ളം​പോ​ലുള്ള എന്തെങ്കി​ലു​മൊന്ന്‌ പ്രത്യ​ക്ഷ​പ്പെ​ട്ട​താ​യി ബൈബിൾ പറയു​ന്നില്ല. സ്‌നാ​ന​മേ​റ്റ​പ്പോ​ഴാണ്‌ അവരെ​ല്ലാം അഭിഷി​ക്ത​രാ​യത്‌. (പ്രവൃ. 2:38) എന്നാൽ, സ്‌നാ​ന​മേറ്റ സമയത്ത്‌ എല്ലാ ക്രിസ്‌ത്യാ​നി​ക​ളും അഭിഷി​ക്ത​രാ​യില്ല. ശമര്യ​ക്കാർ സ്‌നാ​ന​മേറ്റ്‌ അൽപ്പകാ​ലം കഴിഞ്ഞാണ്‌ അഭിഷി​ക്ത​രാ​യത്‌. (പ്രവൃ. 8:14-17) അതേസ​മയം, കൊർന്നേ​ല്യൊ​സും അവന്റെ വീട്ടി​ലു​ള്ള​വ​രും സ്‌നാ​ന​മേൽക്കു​ന്ന​തി​നു മുമ്പു​തന്നെ അഭിഷി​ക്ത​രാ​യി എന്നത്‌ അസാധാ​ര​ണ​മായ ഒരു സംഭവ​മാ​യി​രു​ന്നു.—പ്രവൃ. 10:44-48.

6. എല്ലാ അഭിഷി​ക്തർക്കും എന്തു ലഭിക്കു​ന്നു, അത്‌ അവരെ എങ്ങനെ സ്വാധീ​നി​ക്കു​ന്നു?

6 സമാന​മാ​യി ഇന്നും, എല്ലാവ​രും അഭിഷി​ക്ത​രാ​കു​ന്നത്‌ ഒരേ വിധത്തി​ലല്ല. ചിലർ തങ്ങളുടെ സ്വർഗീ​യ​വി​ളി പെട്ടെന്നു തിരി​ച്ച​റി​ഞ്ഞേ​ക്കാം. മറ്റു ചിലർക്ക്‌ തങ്ങൾ അഭിഷി​ക്ത​രാ​യി എന്ന വസ്‌തുത അംഗീ​ക​രി​ക്കാ​നും ഉൾക്കൊ​ള്ളാ​നും കുറച്ചു സമയം വേണ്ടി​വ​ന്നേ​ക്കാം. എന്നാൽ ഇവരു​ടെ​യെ​ല്ലാം കാര്യ​ത്തിൽ സംഭവി​ക്കു​ന്നത്‌ എന്താ​ണെന്ന്‌ പൗലോസ്‌ അപ്പൊ​സ്‌തലൻ വിശദീ​ക​രി​ക്കു​ന്നു: “വിശ്വ​സിച്ച നിങ്ങളും അങ്ങനെ അവൻ മുഖാ​ന്തരം വാഗ്‌ദാ​ന​പ്ര​കാ​ര​മുള്ള പരിശു​ദ്ധാ​ത്മാ​വി​നാൽ മുദ്ര​യി​ട​പ്പെട്ടു. . . . അത്‌ നമ്മുടെ അവകാ​ശ​ത്തി​ന്റെ അച്ചാര​മാ​യി തന്നിരി​ക്കു​ന്നു.” (എഫെ. 1:13, 14) അതു​കൊണ്ട്‌ യഹോവ പരിശു​ദ്ധാ​ത്മാ​വി​നെ ഉപയോ​ഗിച്ച്‌ ഈ അഭിഷി​ക്തർക്ക്‌ സ്വർഗീ​യ​പ്ര​ത്യാ​ശ​യാ​ണു​ള്ള​തെന്ന്‌ ഉറപ്പു​കൊ​ടു​ക്കു​ന്നു. ഈ വിധത്തിൽ പരിശു​ദ്ധാ​ത്മാവ്‌ ഒരു അച്ചാര​മാ​യി, അതായത്‌ ഭാവി​യിൽ അവർ സ്വർഗ​ത്തിൽ എന്നേക്കും ജീവി​ക്കും എന്നതിന്റെ തെളി​വാ​യി, അവർക്ക്‌ ലഭിക്കു​ന്നു.—2 കൊരി​ന്ത്യർ 1:21, 22; 5:5 വായി​ക്കുക.

7. സ്വർഗീ​യ​പ്ര​തി​ഫലം ലഭിക്കാൻ ഓരോ അഭിഷിക്ത ക്രിസ്‌ത്യാ​നി​യും എന്തു ചെയ്യണം?

7 ഒരു ക്രിസ്‌ത്യാ​നി​ക്കു ലഭിക്കുന്ന ഈ “അച്ചാരം” അദ്ദേഹ​ത്തിന്‌ ഉറപ്പാ​യും പ്രതി​ഫലം ലഭിക്കു​മെന്ന്‌ അർഥമാ​ക്കു​ന്നു​ണ്ടോ? ഇല്ല. സ്വർഗ​ത്തി​ലേക്ക്‌ താൻ ക്ഷണിക്ക​പ്പെ​ട്ടി​രി​ക്കു​ന്നു എന്ന കാര്യ​ത്തിൽ അദ്ദേഹ​ത്തിന്‌ ഉറപ്പുണ്ട്‌. എന്നാൽ യഹോ​വ​യോട്‌ വിശ്വ​സ്‌ത​നാ​യി നിലനിൽക്കു​ന്നെ​ങ്കിൽ മാത്രമേ അദ്ദേഹ​ത്തിന്‌ പ്രതി​ഫലം ലഭിക്കു​ക​യു​ള്ളൂ. പത്രോസ്‌ ഇങ്ങനെ വിശദീ​ക​രി​ക്കു​ന്നു: “അതു​കൊണ്ട്‌ സഹോ​ദ​ര​ന്മാ​രേ, നിങ്ങളു​ടെ വിളി​യും തിര​ഞ്ഞെ​ടു​പ്പും സുനി​ശ്ചി​ത​മാ​ക്കു​വാൻ നിങ്ങളാ​ലാ​വോ​ളം ഉത്സാഹി​ക്കു​വിൻ. ഇങ്ങനെ ചെയ്‌താൽ നിങ്ങൾ ഒരിക്ക​ലും വീണു​പോ​കു​ക​യില്ല. അങ്ങനെ, നമ്മുടെ കർത്താ​വും രക്ഷകനു​മായ യേശു​ക്രി​സ്‌തു​വി​ന്റെ നിത്യ​രാ​ജ്യ​ത്തി​ലേക്ക്‌ മഹനീ​യ​മാ​യൊ​രു പ്രവേ​ശനം നിങ്ങൾക്കു ലഭിക്കു​ക​യും ചെയ്യും.” (2 പത്രോ. 1:10, 11) അതു​കൊണ്ട്‌, യഹോ​വയെ സേവി​ക്കു​ന്ന​തിൽനിന്ന്‌ തന്നെ തടയാൻ ഒരു അഭിഷി​ക്ത​ക്രി​സ്‌ത്യാ​നി യാതൊ​ന്നി​നെ​യും അനുവ​ദി​ക്ക​രുത്‌. അല്ലാത്ത​പക്ഷം അദ്ദേഹ​ത്തിന്‌ സ്വർഗീ​യ​പ്ര​ത്യാ​ശ നഷ്ടമാ​കും.—എബ്രാ. 3:1; വെളി. 2:10.

ഒരു വ്യക്തി അഭിഷി​ക്ത​നാ​ണെന്ന്‌ അറിയു​ന്നത്‌ എങ്ങനെ?

8, 9. (എ) ഒരു വ്യക്തി അഭിഷി​ക്ത​നാ​കു​മ്പോൾ എന്താണ്‌ സംഭവി​ക്കു​ന്ന​തെന്ന്‌ മനസ്സി​ലാ​ക്കാൻ പലർക്കും ബുദ്ധി​മു​ട്ടു​ള്ളത്‌ എന്തു​കൊണ്ട്‌? (ബി) സ്വർഗ​ത്തി​ലേ​ക്കുള്ള ക്ഷണം കിട്ടി​യോ എന്ന്‌ ഒരു വ്യക്തി എങ്ങനെ തിരി​ച്ച​റി​യും?

8 ഒരു വ്യക്തിയെ ദൈവം അഭി​ഷേകം ചെയ്യു​മ്പോൾ എന്താണ്‌ സംഭവി​ക്കു​ന്ന​തെന്ന്‌ ഇന്നത്തെ ദൈവ​ദാ​സ​രിൽ മിക്കവർക്കും മനസ്സി​ലാ​ക്കാൻ ബുദ്ധി​മു​ട്ടാണ്‌. ഇത്‌ തികച്ചും സ്വാഭാ​വി​ക​മാണ്‌. കാരണം അവർ ആത്മാഭി​ഷേകം പ്രാപി​ച്ചി​ട്ടില്ല. ദൈവം മനുഷ്യ​നെ സൃഷ്ടി​ച്ചത്‌ സ്വർഗ​ത്തിൽ ജീവി​ക്കാ​നല്ല, ഭൂമി​യിൽ നിത്യം ജീവി​ക്കാ​നാണ്‌. (ഉല്‌പ. 1:28; സങ്കീ. 37:29) എന്നാൽ ഒരു വ്യക്തിയെ അഭി​ഷേകം ചെയ്യു​മ്പോൾ ദൈവം ആ വ്യക്തിയെ സ്വർഗ​ത്തിൽ രാജാ​വും പുരോ​ഹി​ത​നു​മാ​യി സേവി​ക്കാൻ തിര​ഞ്ഞെ​ടു​ക്കു​ക​യാണ്‌. അതു​കൊണ്ട്‌ അഭിഷി​ക്ത​രു​ടെ പ്രത്യാ​ശ​യ്‌ക്കും അവർ ചിന്തി​ക്കുന്ന വിധത്തി​നും മാറ്റമു​ണ്ടാ​കു​ന്നു. അവർ സ്വർഗ​ത്തിൽ ജീവി​ക്കാൻ പ്രതീ​ക്ഷ​യോ​ടെ കാത്തി​രി​ക്കു​ന്നു.—എഫെസ്യർ 1:18 വായി​ക്കുക.

9 ഒരു വ്യക്തിക്ക്‌ സ്വർഗ​ത്തി​ലേ​ക്കുള്ള ക്ഷണം ലഭിച്ചോ എന്ന്‌ ആ വ്യക്തി എങ്ങനെ തിരി​ച്ച​റി​യു​ന്നു? ‘വിശു​ദ്ധ​ന്മാ​രാ​യി വിളി​ക്ക​പ്പെ​ട്ട​വ​രാ​യി​രുന്ന’ റോമി​ലെ അഭിഷി​ക്ത​സ​ഹോ​ദ​ര​ങ്ങ​ളോട്‌ പൗലോസ്‌ എന്താണ്‌ പറഞ്ഞ​തെന്ന്‌ ശ്രദ്ധി​ക്കുക: “നിങ്ങളെ വീണ്ടും ഭയത്തി​ലേക്കു നയിക്കുന്ന അടിമ​ത്ത​ത്തി​ന്റെ ആത്മാവി​നെയല്ല, “അബ്ബാ, പിതാവേ” എന്നു നാം വിളി​ക്കുന്ന പുത്ര​ത്വ​ത്തി​ന്റെ ആത്മാവി​നെ​യ​ത്രേ നിങ്ങൾ പ്രാപി​ച്ചത്‌. നാം ദൈവ​ത്തി​ന്റെ മക്കളാ​കു​ന്നു എന്ന്‌ ആത്മാവു​തന്നെ നമ്മുടെ ആത്മാവി​നോ​ടു സാക്ഷ്യം പറയുന്നു.” (റോമ. 1:1; 8:15, 16) ലളിത​മാ​യി പറഞ്ഞാൽ, ഒരു വ്യക്തി യേശു​വി​നോ​ടൊ​പ്പം സ്വർഗ​ത്തിൽ രാജാ​വാ​യി ഭരിക്കാൻ ക്ഷണം ലഭിച്ച ആളാണോ എന്ന്‌ ദൈവം തന്റെ പരിശു​ദ്ധാ​ത്മാ​വി​നെ ഉപയോ​ഗിച്ച്‌ അദ്ദേഹ​ത്തി​നു വ്യക്തമാ​ക്കി​ക്കൊ​ടു​ക്കും.—1 തെസ്സ. 2:11.

10. ഒരു അഭിഷി​ക്ത​ക്രി​സ്‌ത്യാ​നി​യെ ആരും പഠിപ്പി​ക്കേ​ണ്ട​തില്ല എന്ന്‌ 1 യോഹ​ന്നാൻ 2:27-ൽ പറഞ്ഞി​രി​ക്കു​ന്ന​തി​ന്റെ അർഥ​മെ​ന്താണ്‌?

10 ദൈവ​ത്തിൽനി​ന്നുള്ള ഈ പ്രത്യേക ക്ഷണം ലഭിച്ച​വർക്ക്‌ മറ്റൊരു ഉറവിൽനി​ന്നു​മുള്ള സാക്ഷ്യ​ത്തി​ന്റെ ആവശ്യ​മില്ല. ഒരു സംശയ​ത്തി​നും ഇടനൽകാ​തെ യഹോവ അവർക്ക്‌ ആ ബോധ്യം നൽകി​യി​ട്ടുണ്ട്‌. അഭിഷി​ക്ത​ക്രി​സ്‌ത്യാ​നി​ക​ളോട്‌ അപ്പൊ​സ്‌ത​ല​നായ യോഹ​ന്നാൻ ഇങ്ങനെ പറഞ്ഞു: “നിങ്ങളോ പരിശു​ദ്ധ​നാൽ അഭി​ഷേകം പ്രാപി​ച്ചി​രി​ക്കു​ക​യാൽ സത്യം അറിയു​ന്നു.” യോഹ​ന്നാൻ കൂട്ടി​ച്ചേർക്കു​ന്നു: “അവനാൽ പ്രാപിച്ച അഭി​ഷേകം നിങ്ങളിൽ നിലനിൽക്കു​ന്ന​തു​കൊണ്ട്‌ ആരും നിങ്ങളെ പഠിപ്പി​ക്കേ​ണ്ട​തില്ല. അവനാ​ലുള്ള അഭി​ഷേകം വ്യാജമല്ല, സത്യമാ​യി​രി​ക്കു​ക​കൊ​ണ്ടും അതു നിങ്ങൾക്കു സകലതും ഉപദേ​ശി​ച്ചു തരുക​കൊ​ണ്ടും അതു നിങ്ങളെ പഠിപ്പി​ച്ച​തു​പോ​ലെ​തന്നെ അവനോട്‌ ഐക്യ​പ്പെ​ട്ടി​രി​ക്കു​വിൻ.” (1 യോഹ. 2:20, 27) എല്ലാവ​രെ​യും​പോ​ലെ​തന്നെ ഈ അഭിഷി​ക്ത​ക്രി​സ്‌ത്യാ​നി​കൾക്കും ആത്മീയ​പ്ര​ബോ​ധനം ആവശ്യ​മാണ്‌ എന്നത്‌ സത്യം​തന്നെ. എന്നാൽ തങ്ങൾ അഭിഷി​ക്ത​രാ​ണെ​ന്നുള്ള കാര്യ​ത്തിന്‌ മറ്റൊ​രാ​ളു​ടെ സ്ഥിരീ​ക​രണം അവർക്ക്‌ ആവശ്യ​മില്ല. കാരണം പ്രപഞ്ച​ത്തി​ലെ ഏറ്റവും പ്രബല​മായ ശക്തിയാണ്‌ അവരെ ഈ കാര്യം ബോധ്യ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നത്‌!

അവർ ‘വീണ്ടും ജനിച്ചവർ’ ആണ്‌

11, 12. ഒരു അഭിഷി​ക്ത​ക്രി​സ്‌ത്യാ​നി എന്തി​നെ​ക്കു​റിച്ച്‌ അതിശ​യി​ച്ചേ​ക്കാം, എന്നാൽ അദ്ദേഹ​ത്തിന്‌ ഏതു കാര്യ​ത്തെ​ക്കു​റിച്ച്‌ സംശയ​മില്ല?

11 ക്രിസ്‌ത്യാ​നി​കൾ പരിശു​ദ്ധാ​ത്മാ​വി​നാൽ അഭി​ഷേകം പ്രാപി​ക്കു​മ്പോൾ അത്‌ അവരിൽ വലിയ മാറ്റങ്ങ​ളു​ണ്ടാ​ക്കു​ന്നു. വാസ്‌ത​വ​ത്തിൽ ‘വീണ്ടും ജനിച്ചവർ’ എന്നാണ്‌ യേശു അവരെ വിളി​ച്ചത്‌. (യോഹ. 3:3, 5) യേശു തുടർന്ന്‌ ഇങ്ങനെ പറഞ്ഞു: “നിങ്ങൾ വീണ്ടും ജനിക്ക​ണ​മെന്നു ഞാൻ പറഞ്ഞതിൽ ആശ്ചര്യ​പ്പെ​ടേണ്ട. കാറ്റ്‌ അതിന്‌ ഇഷ്ടമു​ള്ളി​ട​ത്തേക്കു വീശുന്നു. നീ അതിന്റെ ശബ്ദം കേൾക്കു​ന്നു. എന്നാൽ അത്‌ എവി​ടെ​നി​ന്നു വരുന്നു​വെ​ന്നോ എവി​ടേക്കു പോകു​ന്നു​വെ​ന്നോ നീ അറിയു​ന്നില്ല. ആത്മാവി​നാൽ ജനിച്ചി​രി​ക്കുന്ന ഏവനും അങ്ങനെ​തന്നെ.” [2] (യോഹ. 3:7, 8) വ്യക്തമാ​യും, സ്വർഗീ​യ​വി​ളി ലഭിച്ചി​ട്ടി​ല്ലാത്ത ഒരാ​ളോട്‌ അത്‌ പൂർണ​മാ​യി വിശദീ​ക​രി​ച്ചു​കൊ​ടു​ക്കാ​നാ​വില്ല.

12 ‘എന്തു​കൊ​ണ്ടാണ്‌ യഹോവ എന്നെ തിര​ഞ്ഞെ​ടു​ത്തത്‌, അവന്‌ മറ്റാ​രെ​യെ​ങ്കി​ലും തിര​ഞ്ഞെ​ടു​ത്തു​കൂ​ടാ​യി​രു​ന്നോ’ എന്ന്‌ അഭിഷി​ക്ത​നായ ഒരു വ്യക്തി ചിന്തി​ച്ചേ​ക്കാം. ഈ പദവിക്ക്‌ ഞാൻ അർഹനാ​ണോ എന്നു​പോ​ലും അദ്ദേഹം അതിശ​യി​ച്ചേ​ക്കാം. എന്നാൽ യഹോവ തന്നെ തിര​ഞ്ഞെ​ടു​ത്തു എന്ന കാര്യ​ത്തിൽ അദ്ദേഹ​ത്തിന്‌ ഒരു സംശയ​വും കാണില്ല. പകരം ഇത്ര മഹത്തായ ഒരു ദാനം ലഭിച്ച​തിൽ അദ്ദേഹം അളവറ്റ നന്ദിയും സന്തോ​ഷ​വും ഉള്ളവനാ​യി​രി​ക്കും. അഭിഷി​ക്ത​രാ​യ​വർക്ക്‌ പത്രോ​സി​ന്റെ അതേ വികാ​ര​മാ​ണു​ള്ളത്‌. അവൻ പറഞ്ഞു: “നമ്മുടെ കർത്താ​വായ യേശു​ക്രി​സ്‌തു​വി​ന്റെ ദൈവ​വും പിതാ​വു​മാ​യവൻ വാഴ്‌ത്ത​പ്പെ​ട്ടവൻ. മരിച്ച​വ​രിൽനി​ന്നുള്ള യേശു​ക്രി​സ്‌തു​വി​ന്റെ പുനരു​ത്ഥാ​ന​ത്തി​ലൂ​ടെ തന്റെ അതിരറ്റ കരുണ​യാൽ സജീവ​മായ പ്രത്യാ​ശ​യി​ലേക്ക്‌ അവൻ നമുക്കു പുതു​ജ​നനം നൽകി​യി​രി​ക്കു​ന്നു; സ്വർഗ​ത്തിൽ നിങ്ങൾക്കാ​യി കരുതി​വെ​ച്ചി​രി​ക്കുന്ന അക്ഷയവും നിർമ​ല​വും ഒളിമ​ങ്ങാ​ത്ത​തു​മായ ഒരു അവകാ​ശ​ത്തി​ലേ​ക്കു​തന്നെ.” (1 പത്രോ. 1:3, 4) അഭിഷി​ക്ത​രാ​യവർ ഈ വാക്കുകൾ വായി​ക്കു​മ്പോൾ അവരുടെ പിതാവ്‌ അവരോട്‌ വ്യക്തി​പ​ര​മാ​യി സംസാ​രി​ക്കു​ക​യാ​ണെന്ന കാര്യ​ത്തിൽ അവർക്ക്‌ ഒരു സംശയ​വു​മില്ല.

13. ഒരു വ്യക്തി പരിശു​ദ്ധാ​ത്മാ​വി​നാൽ അഭി​ഷേകം പ്രാപി​ക്കു​മ്പോൾ അദ്ദേഹം ചിന്തി​ക്കുന്ന വിധത്തിന്‌ എന്ത്‌ മാറ്റം ഉണ്ടാകു​ന്നു, ആ മാറ്റത്തിന്‌ കാരണ​മെ​ന്താണ്‌?

13 സ്വർഗീ​യ​വി​ളി ലഭിക്കു​ന്ന​തിന്‌ മുമ്പ്‌, ഭൂമി​യിൽ എന്നേക്കും ജീവി​ക്കാ​നുള്ള പ്രത്യാ​ശ​യാണ്‌ അവർക്കു​ണ്ടാ​യി​രു​ന്നത്‌. എല്ലാ ദുഷ്ടത​യെ​യും നീക്കം ചെയ്‌ത്‌ യഹോവ ഭൂമിയെ ഒരു പറുദീ​സ​യാ​ക്കി മാറ്റുന്ന സമയത്തി​നാ​യി അവർ നോക്കി​യി​രു​ന്നു. മരിച്ചു​പോയ ഒരു കുടും​ബാം​ഗ​ത്തെ​യോ സുഹൃ​ത്തി​നെ​യോ തിരികെ സ്വാഗതം ചെയ്യു​ന്നത്‌ അവർ ഭാവന​യിൽ കണ്ടിട്ടു​ണ്ടാ​കാം. അതുമ​ല്ലെ​ങ്കിൽ, ഒരു വീടു പണിയു​ന്ന​തി​നെ​ക്കു​റി​ച്ചോ കൃഷി ചെയ്യു​ന്ന​തി​നെ​ക്കു​റി​ച്ചോ അതിന്റെ ഫലം ആസ്വദി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ചോ ഒക്കെ ഭാവന​യിൽ കണ്ടിരി​ക്കാം. (യെശ. 65:21-23) എന്നാൽ ഇപ്പോൾ അവർ വ്യത്യ​സ്‌ത​മാ​യി ചിന്തി​ക്കാൻ തുടങ്ങി​യത്‌ എന്തു​കൊ​ണ്ടാണ്‌? വിഷാ​ദ​മോ അവർ അനുഭ​വിച്ച കഷ്ടപ്പാ​ടു​ക​ളോ ആണോ അതിനു കാരണം? ഭൂമി​യിൽ എന്നേക്കും ജീവി​ക്കു​ന്നത്‌ വിരസ​മാ​യി​രി​ക്കും എന്നും ഇവിടെ ജീവി​ച്ചാൽ സന്തോഷം ലഭിക്കി​ല്ലെ​ന്നും പെട്ടെ​ന്നൊ​രു ദിവസം അവർക്കു തോന്നി​ക്കാ​ണു​മോ? സ്വർഗ​ത്തി​ലെ ജീവിതം എങ്ങനെ​യു​ള്ള​താ​ണെന്ന്‌ അറിയാ​നുള്ള ആഗ്രഹ​മാ​ണോ അതിനു പിന്നിൽ? അല്ല. പകരം അങ്ങനെ​യൊ​രു മാറ്റത്തി​ന്റെ കാരണം അവരെ വിളി​ക്കു​ക​യും അവരുടെ ചിന്താ​ഗ​തി​ക്കും പ്രത്യാ​ശ​യ്‌ക്കും മാറ്റം വരുത്തു​ക​യും ചെയ്‌ത ദൈവാ​ത്മാ​വി​ന്റെ പ്രവർത്ത​ന​മാണ്‌.

14. അഭിഷി​ക്തർക്ക്‌ തങ്ങളുടെ ഭൂമി​യി​ലെ ഇപ്പോ​ഴത്തെ ജീവി​ത​ത്തെ​ക്കു​റിച്ച്‌ എന്തു തോന്നു​ന്നു?

14 അഭിഷി​ക്തർ മരിക്കാൻ ആഗ്രഹി​ക്കു​ന്നു എന്നാണോ അതിന്‌ അർഥം? അവർക്ക്‌ അതെക്കു​റിച്ച്‌ എന്ത്‌ തോന്നു​ന്നു​വെന്ന്‌ പൗലോസ്‌ വിശദീ​ക​രി​ക്കു​ന്നു. അവരുടെ മനുഷ്യ​ശ​രീ​രത്തെ ഒരു ‘കൂടാ​ര​ത്തോട്‌’ താരത​മ്യം ചെയ്‌തു​കൊണ്ട്‌ അവൻ ഇങ്ങനെ പറഞ്ഞു: “ഈ കൂടാ​ര​ത്തി​ലി​രി​ക്കു​ന്ന​വ​രായ ഞങ്ങൾ ഭാര​പ്പെട്ടു ഞരങ്ങു​ന്നത്‌ മർത്യ​മാ​യ​തി​നെ ഉരിഞ്ഞു​ക​ള​യാ​നല്ല; മറിച്ച്‌ അതു ജീവനാൽ ഗ്രസി​ക്ക​പ്പെ​ടേ​ണ്ട​തിന്‌ സ്വർഗീ​യ​മാ​യതു ധരിക്കാൻ ആഗ്രഹി​ക്കു​ന്ന​തി​നാ​ലാണ്‌.” (2 കൊരി. 5:4) ഈ ക്രിസ്‌ത്യാ​നി​കൾ മരിക്കാൻ ആഗ്രഹി​ക്കു​ന്നില്ല എന്നാണ്‌ അതിന്റെ അർഥം. അവർ തങ്ങളുടെ ജീവിതം ആസ്വദി​ക്കു​ന്നു​വെന്ന്‌ മാത്രമല്ല ഭൂമി​യി​ലാ​യി​രി​ക്കുന്ന ഓരോ ദിവസ​വും കുടും​ബാം​ഗ​ങ്ങ​ളോ​ടും സുഹൃ​ത്തു​ക്ക​ളോ​ടും ഒപ്പം യഹോ​വയെ സേവി​ക്കാ​നും ആഗ്രഹി​ക്കു​ന്നു. എന്നാൽ ഇവിടെ അവർ എന്തൊക്കെ ചെയ്യു​ന്നു​ണ്ടെ​ങ്കി​ലും, ഭാവി​യിൽ ദൈവം അവർക്കാ​യി എന്താണ്‌ വാഗ്‌ദാ​നം ചെയ്‌തി​രി​ക്കു​ന്ന​തെന്ന്‌ അവർ എപ്പോ​ഴും ഓർമി​ക്കു​ന്നു.—1 കൊരി. 15:53; 2 പത്രോ. 1:4; 1 യോഹ. 3:2, 3; വെളി. 20:6.

യഹോവ നിങ്ങളെ ക്ഷണിച്ചി​ട്ടു​ണ്ടോ?

15. ഒരു വ്യക്തി പരിശു​ദ്ധാ​ത്മാ​വി​നാൽ അഭി​ഷേകം പ്രാപി​ച്ചു എന്ന്‌ ഏത്‌ കാര്യങ്ങൾ ഉറപ്പു തരുന്നില്ല?

15 സ്വർഗ​ത്തി​ലേക്ക്‌ യഹോവ നിങ്ങളെ ക്ഷണിച്ചി​ട്ടു​ണ്ടോ എന്ന്‌ ചില​പ്പോൾ നിങ്ങൾ ചിന്തി​ക്കു​ന്നു​ണ്ടാ​കാം. ഉണ്ടെന്ന്‌ നിങ്ങൾക്ക്‌ തോന്നു​ന്നെ​ങ്കിൽ ഈ സുപ്ര​ധാന ചോദ്യ​ങ്ങൾ പരിചി​ന്തി​ക്കുക: നിങ്ങൾക്ക്‌ പ്രസം​ഗ​പ്ര​വർത്ത​ന​ത്തിൽ സാധാ​ര​ണ​യിൽ കവിഞ്ഞ തീക്ഷ്‌ണ​ത​യു​ള്ള​താ​യി തോന്നു​ന്നു​ണ്ടോ? ബൈബിൾ പഠിക്കു​ന്ന​തും ‘ഗഹനമായ ദൈവി​ക​കാ​ര്യ​ങ്ങൾ’ മനസ്സി​ലാ​ക്കു​ന്ന​തും നിങ്ങൾ യഥാർഥ​ത്തിൽ ആസ്വദി​ക്കു​ന്നു​ണ്ടോ? (1 കൊരി. 2:10) യഹോവ നിങ്ങൾക്ക്‌ പ്രസം​ഗ​പ്ര​വർത്ത​ന​ത്തിൽ നല്ല ഫലങ്ങൾ തരുന്ന​താ​യി നിങ്ങൾക്ക്‌ തോന്നു​ന്നു​ണ്ടോ? മറ്റെന്തി​നെ​ക്കാ​ളും ഉപരി​യാ​യി യഹോ​വ​യു​ടെ ഇഷ്ടം ചെയ്യാൻ നിങ്ങൾ ആഗ്രഹി​ക്കു​ന്നു​ണ്ടോ? നിങ്ങൾക്ക്‌ മറ്റുള്ള​വ​രോട്‌ ആഴമായ സ്‌നേ​ഹ​മു​ണ്ടോ, അതു​പോ​ലെ യഹോ​വയെ സേവി​ക്കാൻ അവരെ സഹായി​ക്കു​ന്ന​തിൽ നിങ്ങൾക്ക്‌ ഒരു വലിയ പങ്കു​ണ്ടെന്ന്‌ തോന്നു​ന്നു​ണ്ടോ? ജീവി​ത​ത്തിൽ ചില പ്രത്യേക വിധങ്ങ​ളിൽ യഹോവ നിങ്ങളെ സഹായി​ച്ച​തി​ന്റെ തെളി​വു​കൾ നിങ്ങൾ കാണു​ന്നു​ണ്ടോ? ഈ ചോദ്യ​ങ്ങൾക്കെ​ല്ലാം ഉവ്വ്‌ എന്നാണ്‌ നിങ്ങളു​ടെ ഉത്തര​മെ​ങ്കിൽ അതിന്‌ അർഥം യഹോവ നിങ്ങളെ സ്വർഗ​ത്തി​ലേക്ക്‌ ക്ഷണിച്ചി​രി​ക്കു​ന്നു​വെ​ന്നാ​ണോ? അല്ല, ഒരിക്ക​ലു​മല്ല. എന്തു​കൊണ്ട്‌? അഭിഷി​ക്ത​രാ​ണെ​ങ്കി​ലും അല്ലെങ്കി​ലും എല്ലാ ദൈവ​ദാ​സർക്കും ഇങ്ങനെ​യൊ​ക്കെ തോന്നാം. അവരുടെ പ്രതി​ഫലം എവി​ടെ​യാ​യി​രു​ന്നാ​ലും ശരി, യഹോ​വ​യ്‌ക്ക്‌ പരിശു​ദ്ധാ​ത്മാ​വി​നെ ഉപയോ​ഗിച്ച്‌ തന്റെ എല്ലാ ദാസ​രെ​യും ഒരേ​പോ​ലെ ശക്തി​പ്പെ​ടു​ത്താൻ കഴിയും. സ്വർഗീ​യ​പ്ര​ത്യാ​ശ ലഭിച്ചി​ട്ടു​ണ്ടോ എന്ന്‌ നിങ്ങൾക്ക്‌ ഒരു സംശയ​മു​ണ്ടെ​ങ്കിൽ അതിന്‌ അർഥം നിങ്ങൾക്ക്‌ അത്‌ ലഭിച്ചി​ട്ടില്ല എന്നാണ്‌. യഹോ​വ​യാൽ തിര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​വർക്ക്‌ ഇക്കാര്യ​ത്തിൽ യാതൊ​രു സംശയ​വു​മു​ണ്ടാ​യി​രി​ക്കില്ല! അവർക്ക്‌ അത്‌ നിശ്ചയ​മാ​യും അറിയാം!

16. പരിശു​ദ്ധാ​ത്മാവ്‌ ലഭിച്ച എല്ലാവർക്കും സ്വർഗ​ത്തി​ലേക്ക്‌ ക്ഷണം ലഭിച്ചി​ട്ടി​ല്ലെന്ന്‌ നമുക്ക്‌ എങ്ങനെ അറിയാം?

16 പരിശു​ദ്ധാ​ത്മാവ്‌ ലഭിച്ചി​ട്ടും സ്വർഗ​ത്തിൽ പോകാ​തി​രുന്ന അനേകം ദൈവ​ദാ​സ​രെ​ക്കു​റി​ച്ചും ബൈബിൾ പറയു​ന്നുണ്ട്‌. അതിൽ ഒരാളാണ്‌ യോഹ​ന്നാൻ സ്‌നാ​പകൻ. മനുഷ്യ​രിൽ യോഹ​ന്നാ​നെ​ക്കാൾ വലിയ​വ​നാ​യി ആരുമി​ല്ലെന്ന്‌ യേശു പറഞ്ഞെ​ങ്കി​ലും, അവന്‌ സ്വർഗീ​യ​പ്ര​ത്യാ​ശ ഇല്ലെന്നും യേശു കൂട്ടി​ച്ചേർത്തു. (മത്താ. 11:10, 11) ദാവീ​ദി​നെ നയിച്ച​തും പരിശു​ദ്ധാ​ത്മാ​വാണ്‌. (1 ശമൂ. 16:13) യഹോ​വ​യെ​ക്കു​റിച്ച്‌ ആഴത്തിൽ മനസ്സി​ലാ​ക്കാ​നും ബൈബി​ളി​ന്റെ ചില ഭാഗങ്ങൾ എഴുതാ​നും പരിശു​ദ്ധാ​ത്മാവ്‌ അവനെ സഹായി​ച്ചു. (മർക്കോ. 12:36) എന്നിട്ടും, അപ്പൊ​സ്‌ത​ല​നായ പത്രോസ്‌, “ദാവീദ്‌ സ്വർഗാ​രോ​ഹണം ചെയ്‌തില്ല” എന്ന്‌ പറഞ്ഞു. (പ്രവൃ. 2:34) യഹോവ പരിശു​ദ്ധാ​ത്മാ​വി​നെ നൽകി​ക്കൊണ്ട്‌ അത്ഭുത​ക​ര​മായ കാര്യങ്ങൾ ചെയ്യാൻ ഇവരെ​യെ​ല്ലാം പ്രാപ്‌ത​രാ​ക്കി, എന്നാൽ സ്വർഗ​ത്തിൽ ജീവി​ക്കാൻ അവരെ ആരെയും ദൈവം ക്ഷണിച്ചില്ല. അതിന്‌ അർഥം അവർക്ക്‌ സ്വർഗ​ത്തിൽ പോകാ​നുള്ള യോഗ്യ​ത​യി​ല്ലെ​ന്നോ അവർ വേണ്ടത്ര വിശ്വ​സ്‌ത​ര​ല്ലെ​ന്നോ ആണോ? അല്ല. യഹോവ അവരെ ഭൂമി​യി​ലെ പറുദീ​സ​യി​ലേക്ക്‌ ഉയിർപ്പി​ക്കും, അത്രമാ​ത്രം.—യോഹ. 5:28, 29; പ്രവൃ. 24:15.

17, 18. (എ) ഇന്നുള്ള ദൈവ​ദാ​സ​രിൽ ഭൂരി​പ​ക്ഷം​പേർക്കും എന്തു പ്രത്യാ​ശ​യാ​ണു​ള്ളത്‌? (ബി) അടുത്ത ലേഖന​ത്തിൽ ഏതു ചോദ്യ​ങ്ങൾ പരിചി​ന്തി​ക്കും?

17 ഇന്ന്‌ ഭൂമി​യി​ലുള്ള ദൈവ​ദാ​സ​രിൽ ഭൂരി​പ​ക്ഷ​വും സ്വർഗ​ത്തിൽ പോകില്ല. പകരം അബ്രാ​ഹാ​മി​നെ​യും ദാവീ​ദി​നെ​യും യോഹ​ന്നാൻ സ്‌നാ​പ​ക​നെ​യും ബൈബിൾക്കാ​ല​ങ്ങ​ളി​ലെ മറ്റനേകം സ്‌ത്രീ​പു​രു​ഷൻമാ​രെ​യും പോലെ, ദൈവ​രാ​ജ്യം ഭരണം നടത്തുന്ന സമയത്ത്‌ ഇവിടെ ഭൂമി​യിൽ ജീവി​ക്കാൻ അവരും പ്രതീ​ക്ഷ​യോ​ടെ കാത്തി​രി​ക്കു​ന്നു. (എബ്രാ. 11:10) സ്വർഗീ​യ​പ്ര​ത്യാ​ശ​യു​ള്ള​വ​രിൽ ഒരു ശേഷിപ്പു മാത്രമേ ഈ അവസാ​ന​കാ​ലത്തു ഭൂമി​യിൽ ഉണ്ടായി​രി​ക്കു​ക​യു​ള്ളൂ എന്ന്‌ ബൈബിൾ പറയുന്നു. (വെളി. 12:17) അതിന്‌ അർഥം 1,44,000 പേരിൽ ഭൂരി​പ​ക്ഷ​വും ഇതി​നോ​ട​കം​തന്നെ മരിക്കു​ക​യും സ്വർഗ​ത്തി​ലേക്കു പോകു​ക​യും ചെയ്‌തു എന്നാണ്‌.

18 ഇനി, ഒരു വ്യക്തി തനിക്ക്‌ സ്വർഗീ​യ​പ്ര​ത്യാ​ശ​യാ​ണു​ള്ള​തെന്ന്‌ അവകാ​ശ​പ്പെ​ട്ടാൽ ഭൗമി​ക​പ്ര​ത്യാ​ശ​യു​ള്ളവർ ആ വ്യക്തിയെ എങ്ങനെ വീക്ഷി​ക്കണം? സ്‌മാ​ര​ക​വേ​ള​യിൽ നമ്മുടെ സഭയിൽ ആരെങ്കി​ലും ആദ്യമാ​യി അപ്പവീ​ഞ്ഞു​കൾ കഴിക്കു​ന്നത്‌ കാണു​മ്പോൾ ആ വ്യക്തി​യോട്‌ നമ്മൾ എങ്ങനെ ഇടപെ​ടണം? സ്വർഗീ​യ​പ്ര​ത്യാ​ശ​യുണ്ട്‌ എന്ന്‌ അവകാ​ശ​പ്പെ​ടു​ന്ന​വ​രു​ടെ എണ്ണം കൂടു​ന്ന​താ​യി കാണു​ന്നെ​ങ്കി​ലോ? നിങ്ങൾ ഉത്‌ക​ണ്‌ഠ​പ്പെ​ട​ണ​മോ? ഈ ചോദ്യ​ങ്ങൾ അടുത്ത ലേഖന​ത്തിൽ പരിചി​ന്തി​ക്കും.

^ [1] (ഖണ്ഡിക 4) പെന്തെ​ക്കൊ​സ്‌ത്‌ പെരു​ന്നാൾ ആഘോ​ഷി​ച്ചി​രു​ന്നത്‌ സാധ്യ​ത​യ​നു​സ​രിച്ച്‌ സീനായി മലയിൽ വെച്ച്‌ മോശ​യ്‌ക്ക്‌ ന്യായ​പ്ര​മാ​ണം നൽകിയ വർഷത്തി​ലെ അതേ മാസം അതേ ദിവസം തന്നെയാ​യി​രു​ന്നു. (പുറ. 19:1) മോശ ഇസ്രാ​യേൽ ജനതയ്‌ക്ക്‌ ന്യായ​പ്ര​മാണ ഉടമ്പടി കൊടുത്ത വർഷത്തി​ലെ ഇതേ ദിവസം​ത​ന്നെ​യാ​യി​രി​ക്കാം യേശു അഭിഷി​ക്തരെ പുതിയ ഉടമ്പടി​യി​ലേക്ക്‌ കൊണ്ടു​വ​ന്നത്‌.

^ [2] (ഖണ്ഡിക 11) വീണ്ടും ജനന​ത്തെ​ക്കു​റിച്ച്‌ കൂടുതൽ വിശദീ​ക​ര​ണ​ത്തി​നാ​യി 2009 ഏപ്രിൽ 1 വീക്ഷാ​ഗോ​പു​ര​ത്തി​ന്റെ (ഇംഗ്ലീഷ്‌) 3-11 വരെയുള്ള പേജുകൾ കാണുക.