ദൈവം സ്ത്രീകളെ ആദരിക്കുകയും മാനിക്കുകയും ചെയ്യുന്നു
ഭൂമിയിൽ ആയിരുന്നപ്പോൾ യേശു സ്വർഗത്തിലുള്ള തന്റെ പിതാവിന്റെ ഗുണങ്ങൾ അതേപടി പകർത്തി, പിതാവ് ചെയ്യുന്നതുപോലെതന്നെ കാര്യങ്ങൾ ചെയ്തു. യേശു പറഞ്ഞു: ‘ഞാൻ സ്വന്തം ഇഷ്ടമനുസരിച്ച് ഒന്നും ചെയ്യാതെ പിതാവ് എന്നെ പഠിപ്പിച്ചതുപോലെ സംസാരിക്കുന്നു. ഞാൻ എപ്പോഴും ആ വ്യക്തിക്ക് ഇഷ്ടമുള്ളതു ചെയ്യുന്നു.’ (യോഹന്നാൻ 8:28, 29; കൊലോസ്യർ 1:15) അതുകൊണ്ട് ദൈവം സ്ത്രീകളെ എങ്ങനെയാണ് കാണുന്നതെന്ന് മനസ്സിലാക്കാൻ യേശു സ്ത്രീകളോട് ഇടപെട്ട വിധം നോക്കിയാൽ മതി.
യേശുവിന്റെ കാലത്ത് ആളുകൾ പൊതുവേ സ്ത്രീകളെ വീക്ഷിച്ചിരുന്നതുപോലെയേ അല്ല യേശു അവരെ കണ്ടിരുന്നത് എന്ന് സുവിശേഷവിവരണങ്ങൾ പരിശോധിക്കുന്ന പല പണ്ഡിതന്മാരും പറഞ്ഞിട്ടുണ്ട്. എന്തായിരുന്നു ആ വ്യത്യാസം? യേശു പഠിപ്പിച്ച കാര്യങ്ങൾ ഇക്കാലത്തെ സ്ത്രീകൾക്കും കൂടുതൽ സ്വാതന്ത്ര്യം നൽകുമോ?
യേശു സ്ത്രീകളോട് ഇടപെട്ടത് എങ്ങനെ?
ലൈംഗികാവശ്യങ്ങൾക്കുവേണ്ടി മാത്രമുള്ളവരാണ് സ്ത്രീകൾ എന്ന അക്കാലത്തെ ധാരണ യേശു തിരുത്തി. സ്ത്രീകളുമായി ഇടപെടുന്നത് കാമവികാരങ്ങൾ ഉണർത്താനേ ഉപകരിക്കൂ എന്നായിരുന്നു അന്നത്തെ ചില ജൂതമതനേതാക്കന്മാരുടെ ചിന്താഗതി. പുരുഷന്മാരുടെ മനസ്സ് പതറിക്കുമെന്ന കാരണം പറഞ്ഞ് പൊതുസ്ഥലത്തുവെച്ച് പുരുഷന്മാരോട് സംസാരിക്കാനോ തല മൂടാതെ പുറത്തിറങ്ങി നടക്കാനോ സ്ത്രീകളെ അനുവദിച്ചിരുന്നില്ല. പക്ഷേ യേശു പറഞ്ഞത് പുരുഷന്മാർ അവരുടെ വികാരങ്ങൾ സ്വയം നിയന്ത്രിക്കണമെന്നും സ്ത്രീകളോട് മാന്യതയോടെ ഇടപെടണമെന്നും ആണ്, അല്ലാതെ സമൂഹത്തിൽനിന്ന് അവരെ മാറ്റിനിറുത്തണമെന്നല്ല.—മത്തായി 5:28.
യേശു ഇങ്ങനെയും പറഞ്ഞു: “ഭാര്യയെ വിവാഹമോചനം ചെയ്ത് മറ്റൊരുവളെ വിവാഹം കഴിക്കുന്നവൻ അവൾക്കു വിരോധമായി വ്യഭിചാരം ചെയ്യുന്നു.” (മർക്കോസ് 10:11, 12) “ഏതു കാരണം പറഞ്ഞും” ഭാര്യയെ വിവാഹമോചനം ചെയ്യാമെന്ന അക്കാലത്തെ റബ്ബിമാരുടെ ഉപദേശം യേശു അങ്ങനെ തള്ളിക്കളഞ്ഞു. (മത്തായി 19:3, 9) ഭാര്യയ്ക്കെതിരെ വ്യഭിചാരം ചെയ്യുക എന്ന ആശയംതന്നെ മിക്ക ജൂതന്മാർക്കും പരിചയമില്ലാത്ത ഒന്നായിരുന്നു. ഒരു ഭർത്താവിന് ഒരിക്കലും ഭാര്യയ്ക്കെതിരെ വ്യഭിചാരം ചെയ്യാനാകില്ല എന്നാണ് റബ്ബിമാർ പഠിപ്പിച്ചിരുന്നത്. അവരുടെ കണ്ണിൽ ഒരു സ്ത്രീക്ക് മാത്രമേ അവിശ്വസ്തത കാണിക്കാനാകൂ. ഒരു ബൈബിൾവ്യാഖ്യാനഗ്രന്ഥം പറയുന്നത് ഇങ്ങനെയാണ്: “ധാർമികശുദ്ധി പാലിക്കാനുള്ള കടപ്പാട് ഭാര്യയ്ക്കുള്ളതുപോലെതന്നെ ഭർത്താവിനും ഉണ്ടെന്ന് സ്ഥാപിച്ചതിലൂടെ യേശു സ്ത്രീകളുടെ അന്തസ്സും മാന്യതയും ഉയർത്തി.”
യേശു പഠിപ്പിച്ച കാര്യങ്ങളുടെ പ്രയോജനം ഇന്ന്: യഹോവയുടെ സാക്ഷികളുടെ ക്രിസ്തീയസഭകളിൽ സ്ത്രീകൾ പുരുഷന്മാരോട് സ്വാതന്ത്ര്യത്തോടെ ഇടപെടുന്നു. അവിടെ ആരും അവരെ മോശമായി നോക്കുകയോ അതിരുകടന്ന് അവരോട് പെരുമാറുകയോ ചെയ്യുന്നില്ല. കാരണം “പ്രായമുള്ള സ്ത്രീകളെ അമ്മമാരെപ്പോലെയും ഇളയ സ്ത്രീകളെ പൂർണനിർമലതയോടെ പെങ്ങന്മാരെപ്പോലെയും” കണ്ട് അവരോട് ഇടപെടാൻ ക്രിസ്തീയപുരുഷന്മാർ പ്രത്യേകം ശ്രദ്ധിക്കുന്നു.—1 തിമൊഥെയൊസ് 5:2.
യേശു സ്ത്രീകളെ പഠിപ്പിച്ചു. അറിവൊന്നും പകർന്നു കൊടുക്കാതെ സ്ത്രീകളെ അവഗണിച്ചിട്ടിരുന്ന റബ്ബിമാരെപ്പോലെ ആയിരുന്നില്ല യേശു. യേശു സ്ത്രീകളെ പഠിപ്പിക്കുകയും മനസ്സിലുള്ളത് തുറന്നുപറയാൻ അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. അടുക്കളയിൽ മറിയ തന്നെ സഹായിക്കുന്നില്ലെന്ന് സഹോദരിയായ മാർത്ത പരാതിപ്പെട്ടിട്ടും, താൻ പറയുന്ന കാര്യങ്ങൾ കേട്ടു പഠിക്കാൻ യേശു മറിയയെ അനുവദിച്ചു. അതിലൂടെ സ്ത്രീകളുടെ സ്ഥാനം അടുക്കളയിൽ മാത്രമല്ലെന്ന് യേശു കാണിക്കുകയായിരുന്നു. (ലൂക്കോസ് 10:38-42) യേശു പഠിപ്പിച്ച കാര്യങ്ങളിൽനിന്ന് മാർത്തയും പ്രയോജനം നേടി. ലാസറിന്റെ മരണശേഷം മാർത്ത യേശുവിനോട് പറഞ്ഞ കാര്യങ്ങളിൽനിന്ന് അതു മനസ്സിലാക്കാം.—യോഹന്നാൻ 11:21-27.
സ്ത്രീകൾ എന്തു വിചാരിക്കുന്നു എന്നത് യേശു കാര്യമായി എടുത്തു. അക്കാലത്ത് മിക്ക ജൂതസ്ത്രീകളും വിശ്വസിച്ചിരുന്നത് നല്ല ഒരു മകൻ ഉണ്ടായിരിക്കുന്നതാണ് ഏറ്റവും വലിയ അനുഗ്രഹം എന്നാണ്. പ്രത്യേകിച്ചും, മകൻ ഒരു പ്രവാചകൻ ആണെങ്കിൽ! ‘അങ്ങയെ ചുമന്ന വയറ്’ അനുഗൃഹീതം എന്ന് ഒരു സ്ത്രീ ഉറക്കെ വിളിച്ചുപറഞ്ഞപ്പോൾ ഒരു കാര്യം പഠിപ്പിക്കാൻ ആ അവസരം യേശു ഉപയോഗിച്ചു. (ലൂക്കോസ് 11:27, 28) സ്ത്രീകളുടേത് മാത്രമെന്ന് കരുതിപ്പോന്നിരുന്ന അത്തരം ചുമതലകളെക്കാൾ പ്രധാനം ദൈവത്തെ അനുസരിക്കുന്നതാണെന്ന് യേശു ആ സ്ത്രീയെ പഠിപ്പിച്ചു.—യോഹന്നാൻ 8:32.
യേശു പഠിപ്പിച്ച കാര്യങ്ങളുടെ പ്രയോജനം ഇന്ന്: ക്രിസ്തീയസഭകളിൽ പഠിപ്പിക്കുന്നവർ യോഗങ്ങളിൽ സ്ത്രീകളുടെ അഭിപ്രായം സ്വാഗതംചെയ്യുന്നു. വാക്കുകളാലും മാതൃകയാലും ‘നല്ല കാര്യങ്ങൾ പഠിപ്പിക്കുന്ന’ പക്വതയുള്ള സ്ത്രീകളെ അവർ ബഹുമാനിക്കുന്നു. (തീത്തോസ് 2:3) ദൈവരാജ്യത്തിന്റെ സന്തോഷവാർത്ത മറ്റുള്ളവരെ അറിയിക്കാനും അവർ സ്ത്രീകളുടെ സഹായം തേടുന്നു.—സങ്കീർത്തനം 68:11; “ അപ്പോസ്തലനായ പൗലോസ് സ്ത്രീകൾ സംസാരിക്കുന്നതു വിലക്കിയോ” എന്ന ചതുരം കാണുക.
യേശു സ്ത്രീകൾക്കായി കരുതി. ബൈബിൾക്കാലങ്ങളിൽ പെൺമക്കളെ ആൺമക്കളുടെ അത്രയും വിലയുള്ളവരായി കണ്ടിരുന്നില്ല. ജൂതന്മാരുടെ നിയമസംഹിതയായ താൽമൂദ് ഇങ്ങനെ പറയുന്നു: “ആൺമക്കൾ ഉള്ളവർ ഭാഗ്യവാന്മാർ. പെൺമക്കൾ ഉള്ളവർക്കോ ഹാ കഷ്ടം.” ചില മാതാപിതാക്കൾ പെൺകുട്ടികളെ ഒരു ബാധ്യതയായാണ് കണക്കാക്കിയിരുന്നത്. കാരണം അവരെ വിവാഹം കഴിച്ച് അയയ്ക്കണം, സ്ത്രീധനം കൊടുക്കണം. മാത്രമല്ല, തങ്ങൾക്കു പ്രായമാകുമ്പോൾ അവർ നോക്കുമെന്ന് പ്രതീക്ഷിക്കാനും കഴിയില്ല.
ഒരു കൊച്ചുപെൺകുട്ടിയുടെ ജീവൻ, ആൺകുട്ടിയുടെ ജീവന്റെ അത്രയുംതന്നെ പ്രധാനമാണെന്ന് യേശു കാണിച്ചു. യേശു നയിനിലെ വിധവയുടെ മകനെ ഉയിർപ്പിച്ചതുപോലെതന്നെ യായീറൊസിന്റെ മകളെയും ഉയിർപ്പിച്ചു. (മർക്കോസ് 5:35, 41, 42; ലൂക്കോസ് 7:11-15) “ഭൂതം ബാധിച്ചതുകൊണ്ട് 18 വർഷമായി” ഒട്ടും നിവരാൻ കഴിയാതിരുന്ന ഒരു സ്ത്രീയെ സുഖപ്പെടുത്തിയശേഷം യേശു അവളെ ‘അബ്രാഹാമിന്റെ മകൾ’ എന്നു വിളിച്ചു. (ലൂക്കോസ് 13:10-16) ജൂതന്മാരുടെ എഴുത്തുകളിൽ ഒന്നുംതന്നെ കാണാൻ കഴിയാത്ത ഒരു പ്രയോഗമാണത്. ആദരവോടും ദയയോടും കൂടെ ആ സ്ത്രീയെ അങ്ങനെ വിളിച്ചതിലൂടെ സമൂഹത്തിലെ വിലയും നിലയും ഉള്ള ഒരംഗമായി യേശു അവളെ കണക്കാക്കി. മാത്രമല്ല അവൾ കാണിച്ച വലിയ വിശ്വാസത്തെ അംഗീകരിച്ചുപറയുകയും ചെയ്തു.—ലൂക്കോസ് 19:9; ഗലാത്യർ 3:7.
യേശു പഠിപ്പിച്ച കാര്യങ്ങളുടെ പ്രയോജനം ഇന്ന്: ഒരു ഏഷ്യൻ പഴമൊഴി ഇങ്ങനെ പറയുന്നു: “ഒരു മകളെ വളർത്തുന്നത് അയൽപക്കത്തെ ചെടികൾക്കു വെള്ളം ഒഴിക്കുന്നതുപോലെയാണ്.” ക്രിസ്തുവിനെ അനുസരിക്കുന്ന സ്നേഹമുള്ള അച്ഛന്മാർ ഒരിക്കലും ഇങ്ങനെ ചിന്തിക്കില്ല. അവർ എല്ലാ മക്കളെയും ഒരുപോലെ കരുതും, ആൺമക്കളെയും പെൺമക്കളെയും. ക്രിസ്തീയ മാതാപിതാക്കൾ എല്ലാ മക്കൾക്കും ശരിയായ വിദ്യാഭ്യാസവും ആരോഗ്യവും ഉറപ്പുവരുത്തും.
യേശു സ്ത്രീകളെ വിശ്വസിച്ചു. ജൂതന്മാരുടെ കോടതികളിൽ സ്ര്തീകളുടെ സാക്ഷിമൊഴി ഒരു അടിമയുടെ മൊഴിക്കു തുല്യമായി മാത്രമേ കണക്കാക്കിയിരുന്നുള്ളൂ. ഒന്നാം നൂറ്റാണ്ടിലെ ഒരു ചരിത്രകാരനായ ജോസീഫസ് ഇങ്ങനെയൊരു നിർദേശം മുന്നോട്ടുവെച്ചു: “സ്ത്രീകൾ നൽകുന്ന തെളിവുകളൊന്നും സ്വീകരിക്കരുത്. കാരണം പെൺവർഗം പൊതുവേ കാര്യഗൗരവം ഇല്ലാത്തവരും എടുത്തുചാട്ടക്കാരുമാണ്.”
നേർവിപരീതമായി, തന്റെ പുനരുത്ഥാനത്തിനു സാക്ഷികളാകാൻ യേശു സ്ത്രീകളെ അനുവദിച്ചു. (മത്തായി 28:1, 8-10) ക്രിസ്തുവിനെ വധിക്കുന്നതും കല്ലറയിൽ വെക്കുന്നതും വിശ്വസ്തരായ ഈ സ്ത്രീകൾ നേരിൽ കണ്ടതാണെങ്കിലും അവർ പറയുന്നത് വിശ്വസിക്കാൻ അപ്പോസ്തലന്മാർക്ക് ബുദ്ധിമുട്ടായിരുന്നു. (മത്തായി 27:55, 56, 61; ലൂക്കോസ് 24:10, 11) എന്നാൽ പുനരുത്ഥാനശേഷം ആദ്യം സ്ത്രീകളുടെ മുമ്പിൽ പ്രത്യക്ഷപ്പെട്ടതിലൂടെ, തന്റെ മറ്റ് ശിഷ്യരെപ്പോലെതന്നെ സ്ത്രീകളും സാക്ഷ്യം നൽകാൻ യോഗ്യരാണെന്ന് ക്രിസ്തു തെളിയിച്ചു.—പ്രവൃത്തികൾ 1:8, 14.
യേശു പഠിപ്പിച്ച കാര്യങ്ങളുടെ പ്രയോജനം ഇന്ന്: യഹോവയുടെ സാക്ഷികളുടെ സഭകളിൽ ഉത്തരവാദിത്വ സ്ഥാനങ്ങളിലുള്ള പുരുഷന്മാർ സ്ത്രീകളുടെ അഭിപ്രായങ്ങൾ മാനിച്ചുകൊണ്ട് അവരോട് പരിഗണന കാണിക്കുന്നു. ഇനി, ക്രിസ്തീയ ഭർത്താക്കന്മാരാണെങ്കിൽ ഭാര്യമാർ പറയുന്നത് ശ്രദ്ധിച്ച് കേട്ടുകൊണ്ട് ‘അവരെ ആദരിക്കുന്നു.’—1 പത്രോസ് 3:7; ഉൽപത്തി 21:12.
ബൈബിൾ തത്ത്വങ്ങൾ സ്ത്രീകളുടെ സന്തോഷത്തിന് ഉപകരിക്കുന്നു
പുരുഷന്മാർ ക്രിസ്തുവിന്റെ മാതൃക പകർത്തുമ്പോൾ സ്ത്രീകൾക്ക് ആദരവും സ്വാതന്ത്ര്യവും കിട്ടും, ദൈവം ആദ്യം അവർക്കുവേണ്ടി ഉദ്ദേശിച്ചിരുന്നതുപോലെതന്നെ. (ഉൽപത്തി 1:27, 28) ഭർത്താവ് പുരുഷമേധാവിത്വം കാണിക്കാതെ ബൈബിൾ തത്ത്വങ്ങൾ അനുസരിക്കുമ്പോൾ അത് ഭാര്യയെ സന്തോഷിപ്പിക്കും.—എഫെസ്യർ 5:28, 29.
യെലേനയുടെ അനുഭവം നോക്കാം. ഭർത്താവിൽനിന്ന് ക്രൂരമായ ഉപദ്രവം സഹിച്ചുകഴിഞ്ഞിരുന്ന യെലേന ബൈബിൾ പഠിക്കാൻ തുടങ്ങി. അക്രമം നിറഞ്ഞ ഒരു സ്ഥലത്താണ് യെലേനയുടെ ഭർത്താവ് വളർന്നത്. വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്ന പെൺകുട്ടിയെ തട്ടിക്കൊണ്ടുപോകുന്നതും ഉപദ്രവിക്കുന്നതും ഒക്കെ അവിടെ സാധാരണ സംഭവമായിരുന്നു. യെലേന പറയുന്നു: “ബൈബിളിൽനിന്ന് പഠിച്ച കാര്യങ്ങൾ എന്നെ ശക്തിപ്പെടുത്തി. എന്നെ ഒരുപാട് സ്നേഹിക്കുന്ന, എനിക്കു വില കല്പിക്കുന്ന, എന്നെക്കുറിച്ച് കരുതലുള്ള ഒരാളുണ്ടെന്ന് എനിക്കു മനസ്സിലായി. എന്റെ ഭർത്താവ് ബൈബിൾ പഠിച്ചാൽ എന്നോടുള്ള അദ്ദേഹത്തിന്റെ പെരുമാറ്റത്തിനു മാറ്റം വരുമെന്നും എനിക്കു മനസ്സിലായി.” യെലേന ആഗ്രഹിച്ചതുപോലെ ഒടുവിൽ യെലേനയുടെ ഭർത്താവ് ബൈബിൾ പഠിച്ചു. യഹോവയുടെ സാക്ഷികളിൽ ഒരാളായി സ്നാനമേൽക്കുകയും ചെയ്തു. യെലേന തുടരുന്നു: “സ്വയം നിയന്ത്രിക്കുന്ന കാര്യത്തിൽ ഇപ്പോൾ അദ്ദേഹത്തെ കണ്ട് പഠിക്കണം. അത്രയ്ക്ക് വലിയ മാറ്റമാണ് വരുത്തിയത്. അങ്ങോട്ടും ഇങ്ങോട്ടും ഉദാരമായി ക്ഷമിക്കാൻ ഞങ്ങൾ പഠിച്ചു. വിവാഹജീവിതത്തിൽ ഒരു സുരക്ഷിതത്വവും ഞാൻ വേണ്ടപ്പെട്ടവളാണെന്ന തോന്നലും ഒക്കെ ഉണ്ടായത് ഞങ്ങൾ ബൈബിൾ പഠിക്കാൻ തുടങ്ങിയതിനു ശേഷമാണ്.”—കൊലോസ്യർ 3:13, 18, 19.
ഇത് യെലേനയുടെ മാത്രം അനുഭവമല്ല. ഭാര്യാഭർത്താക്കന്മാർ വിവാഹജീവിതത്തിൽ ബൈബിൾതത്ത്വങ്ങൾ അനുസരിക്കാൻ ഒരുപോലെ ശ്രമിക്കുന്നതുകൊണ്ട് ദശലക്ഷക്കണക്കിന് ക്രിസ്തീയസ്ത്രീകൾ സന്തോഷം ആസ്വദിക്കുന്നു. സഭയിലുള്ളവരും അവരോട് ആദരവോടെ, അവർക്ക് ആശ്വാസവും സ്വാതന്ത്ര്യവും തോന്നുന്ന വിധത്തിൽ ഇടപെടുന്നു.—യോഹന്നാൻ 13:34, 35.
ക്രിസ്തീയസ്ത്രീകളായാലും പുരുഷന്മാരായാലും ഒരുപോലെ തിരിച്ചറിയുന്ന ഒരു കാര്യമുണ്ട്. തങ്ങൾ പാപികളും അപൂർണരും ആയതുകൊണ്ട് ‘വ്യർഥമായൊരു ജീവിതത്തിന്റെ അടിമത്തത്തിലാണ്’ എന്നത്. എന്നാൽ സ്നേഹം നിറഞ്ഞ പിതാവും ദൈവവും ആയ യഹോവയോട് അടുക്കുന്നതിലൂടെ “ജീർണതയുടെ അടിമത്തത്തിൽനിന്ന് മോചനം നേടി ദൈവമക്കളുടെ മഹത്തായ സ്വാതന്ത്ര്യം” നേടാനാകുമെന്ന പ്രതീക്ഷ അവർക്കുണ്ട്. പുരുഷന്മാർക്കും സ്ത്രീകൾക്കും എത്ര മഹത്തായ ഒരു ഭാവിയാണ് ദൈവം കരുതിവെച്ചിരിക്കുന്നത്!—റോമർ 8:20, 21.