ഭാഗം 2
ജീവിതം സംതൃപ്തമാക്കാനുള്ള നിർദേശങ്ങൾ
ഒരു പ്രശ്നം ഉണ്ടാകുമ്പോൾ ബുദ്ധിയുപദേശത്തിനായി നിങ്ങൾ എങ്ങോട്ടു തിരിയും? ഒരുപക്ഷേ നിങ്ങൾ ഒരു വിശ്വസ്ത സുഹൃത്തിലേക്കോ അനുഭവസമ്പന്നനായ ഉപദേശകനിലേക്കോ തിരിഞ്ഞേക്കാം. അല്ലെങ്കിൽ പ്രസ്തുത വിഷയത്തെ കുറിച്ചു പ്രതിപാദിക്കുന്ന ചില പുസ്തകങ്ങൾ പരിശോധിച്ചേക്കാം. അതുമല്ലെങ്കിൽ, പ്രായമായവരുടെ അനുഭവസമ്പത്തിൽനിന്നു പഠിക്കാൻ നിങ്ങൾ ശ്രമിച്ചേക്കാം. ഏതു മാർഗത്തിലൂടെ ആയാലും ശരി, പ്രശ്നപരിഹാരത്തിന് ഉതകുന്ന മൂല്യവത്തായ നിർദേശങ്ങൾ അടങ്ങിയ ജ്ഞാനമൊഴികൾ പരിചിന്തിക്കുന്നതു നല്ലതാണ്. നിങ്ങൾക്കു സഹായകമായ ഏതാനും നല്ല ഉപദേശങ്ങൾ ഇതാ:
2 കുടുംബ ജീവിതം: മോശമായ സ്വാധീനങ്ങൾ നിറഞ്ഞ ഈ ലോകത്തിൽ മക്കളെ വളർത്തിക്കൊണ്ടു വരുന്ന കാര്യമോർത്ത് പല മാതാപിതാക്കളും ഉത്കണ്ഠപ്പെടുന്നു. പിൻവരുന്ന ബുദ്ധിയുപദേശം ബാധകമാക്കുന്നതു സഹായകമായേക്കും: “ബാലൻ നടക്കേണ്ടുന്ന വഴിയിൽ അവനെ അഭ്യസിപ്പിക്ക; അവൻ വൃദ്ധനായാലും അതു വിട്ടുമാറുകയില്ല.” 1 കുട്ടികൾ മുതിർന്നുവരുമ്പോൾ, നടക്കേണ്ടുന്ന “വഴി” അവർക്കു കാണിച്ചുകൊടുക്കേണ്ടതുണ്ട്, അതായത്, ആവശ്യമായ മാർഗനിർദേശങ്ങൾ അവർക്കു നൽകേണ്ടതുണ്ട്. കുട്ടികൾക്കു പ്രയോജനപ്രദമായ നിയമങ്ങൾ വെക്കേണ്ടതിന്റെ പ്രാധാന്യം ഇന്ന് പല വിദഗ്ധരും തിരിച്ചറിഞ്ഞിരിക്കുന്നു. മാതാപിതാക്കൾ വെക്കുന്ന ജ്ഞാനപൂർവകമായ അത്തരം നിബന്ധനകൾ കുട്ടികൾക്കു സുരക്ഷിതത്വബോധം പ്രദാനം ചെയ്യും. “വടിയും ശാസനയും ജ്ഞാനത്തെ നല്കുന്നു; തന്നിഷ്ടത്തിന്നു വിട്ടിരുന്ന ബാലനോ അമ്മെക്കു ലജ്ജ വരുത്തുന്നു” 2 എന്ന ബുദ്ധിയുപദേശവും മാതാപിതാക്കൾ മനസ്സിൽ പിടിക്കണം. കുട്ടികൾ വഴിതെറ്റിപ്പോകാതിരിക്കാൻ മാതാപിതാക്കൾ സ്നേഹപൂർവം പ്രയോഗിക്കേണ്ട അധികാരത്തെയാണ് ഇവിടെ “വടി” എന്നതിനാൽ അർഥമാക്കുന്നത്. അത്തരത്തിൽ തങ്ങളുടെ അധികാരം പ്രയോഗിക്കുമ്പോൾത്തന്നെ യാതൊരു പ്രകാരത്തിലും കുട്ടികളോടു മോശമായി പെരുമാറാതിരിക്കാൻ മാതാപിതാക്കൾ ശ്രദ്ധിക്കേണ്ടതുണ്ട്. മാതാപിതാക്കൾക്കുള്ള ബുദ്ധിയുപദേശം ഇതാണ്: “നിങ്ങളുടെ മക്കൾ അധൈര്യപ്പെടാതിരിക്കേണ്ടതിന്നു അവരെ കോപിപ്പിക്കരുതു.” 3
3 ഒരു സന്തുഷ്ട കുടുംബജീവിതത്തിന്റെ അടിത്തറ ഭാര്യാഭർത്താക്കന്മാർ തമ്മിലുള്ള നല്ല ബന്ധമാണ്. അത്തരമൊരു ബന്ധം ഉണ്ടായിരിക്കാൻ എന്താണ് ആവശ്യമായിരിക്കുന്നത്? “ഭർത്താക്കൻമാർ ഭാര്യമാരെ സ്വന്തം ശരീരത്തെ എന്നപോലെ സ്നേഹിക്കണം. ഭാര്യയാകട്ടെ ഭർത്താവിനെ ബഹുമാനിക്കുകയും വേണം.” 4 ദാമ്പത്യജീവിതം സുഗമമായി മുന്നോട്ടു കൊണ്ടുപോകാൻ സഹായിക്കുന്ന രണ്ടു സുപ്രധാന ഘടകങ്ങളാണ് സ്നേഹവും ബഹുമാനവും. ഇവ പ്രകടിപ്പിക്കുന്നതിന് ആശയവിനിമയം അനിവാര്യമാണ്. കാരണം, “ഉള്ളു തുറന്ന സംഭാഷണം ഇല്ലെങ്കിൽ പദ്ധതികൾ വിഫലമാകുന്നു.” 5 ഉള്ളു തുറന്ന ആശയവിനിമയം സാധ്യമാകണമെങ്കിൽ ഇണയുടെ വികാരങ്ങൾ നന്നായി മനസ്സിലാക്കാൻ നമുക്കു കഴിയണം. ഇണയുടെ ഹൃദയത്തിന്റെ അടിത്തട്ടിൽ ഒളിഞ്ഞുകിടക്കുന്ന കാര്യങ്ങൾ ‘കോരിയെടുക്കാനുള്ള’ കഴിവ് നമുക്ക് ഉണ്ടായിരിക്കണം. “[ഒരു വ്യക്തിയുടെ] ഹൃദയത്തിലെ ആലോചന ആഴമുള്ള വെള്ളം; വിവേകമുള്ള പുരുഷനോ [അല്ലെങ്കിൽ സ്ത്രീയോ] അതു കോരി എടുക്കും” 6 എന്ന വസ്തുത ഓർത്തിരിക്കുന്നത് ബുദ്ധിയായിരിക്കും.
4 ഇന്ന് പ്രായമായ പല ആളുകളും ഏകാന്തത അനുഭവിക്കുന്നവരാണ്. മക്കളാൽ അവഗണിക്കപ്പെട്ട അവസ്ഥയിലാണ് അവർ കഴിയുന്നത്. ഒരുകാലത്ത് മാതാപിതാക്കളെ ആദരവോടെ വീക്ഷിച്ചിരുന്ന രാജ്യങ്ങളിലെപ്പോലും സ്ഥിതി ഇതാണ്. എന്നാൽ മക്കൾ പിൻവരുന്ന ജ്ഞാനമൊഴികൾ ഓർത്തിരിക്കുന്നതു നന്നായിരിക്കും: “അപ്പനെയും അമ്മയെയും ബഹുമാനിക്ക.” 7 “നിന്റെ അമ്മ വൃദ്ധയായിരിക്കുമ്പോൾ അവളെ നിന്ദിക്കരുതു.” 8 “പിതാവിനോട് അതിക്രമം കാണിക്കയും മാതാവിനെ ആട്ടിപ്പായിക്കയും ചെയ്യുന്ന പുത്രൻ, മാനഹാനിക്കും ശകാരത്തിന്നും പാത്രമാകും.” 9 അതേസമയം പ്രായമായ മാതാപിതാക്കൾ, ഉചിതമായ ഒരു മനോഭാവം വെച്ചുപുലർത്തുകയും മക്കളുമായി ഊഷ്മളമായ ബന്ധം ഉണ്ടായിരിക്കാൻ മുൻകൈ എടുത്തു പ്രവർത്തിക്കുകയും ചെയ്യേണ്ടതുണ്ട്. “കൂട്ടംവിട്ടു നടക്കുന്നവൻ സ്വേച്ഛയെ അന്വേഷിക്കുന്നു; സകലജ്ഞാനത്തോടും അവൻ കയർക്കുന്നു.” 10
5 ലഹരിപാനീയങ്ങളുടെ ഉപയോഗം: “വീഞ്ഞ് ജീവിതത്തിന് ആനന്ദം പകരുന്നു” 11 എന്നതും ലഹരിപാനീയങ്ങളുടെ ഉപയോഗം ഒരു വ്യക്തിയെ “തന്റെ അരിഷ്ടത ഓർക്കാതിരി”ക്കാൻ 12 സഹായിച്ചേക്കാം എന്നതും ശരിയാണ്. എന്നാൽ ഒരു സംഗതി മനസ്സിലാക്കുക: “വീഞ്ഞു പരിഹാസിയും മദ്യം കലഹക്കാരനും ആകുന്നു; അതിനാൽ ചാഞ്ചാടി നടക്കുന്ന ആരും ജ്ഞാനിയാകയില്ല.” 13 അമിത മദ്യപാനത്തിന്റെ ചില ദോഷഫലങ്ങൾ ശ്രദ്ധിക്കുക: “ഒടുക്കം അതു സർപ്പംപോലെ കടിക്കും; അണലിപോലെ കൊത്തും. നിന്റെ കണ്ണു പരസ്ത്രീകളെ നോക്കും; നിന്റെ ഹൃദയം വക്രത പറയും. . . . ഞാൻ എപ്പോൾ ഉണരും? ഞാൻ ഇനിയും അതു തന്നേ തേടും എന്നു നീ പറയും.” 14 ലഹരിപാനീയങ്ങൾ മിതമായ തോതിൽ ഉപയോഗിക്കുന്നത് ഗുണകരമായിരിക്കാം. എന്നാൽ ഒരുകാരണവശാലും അവ അമിതമായി ഉപയോഗിക്കാൻ പാടില്ല.
6 സാമ്പത്തിക കാര്യങ്ങൾ: പണം ജ്ഞാനപൂർവം കൈകാര്യം ചെയ്യുകവഴി ചില സാഹചര്യങ്ങളിൽ സാമ്പത്തിക പ്രശ്നങ്ങൾ ഉണ്ടാകുന്നതു തടയാവുന്നതാണ്. ഈ ബുദ്ധിയുപദേശം ശ്രദ്ധിക്കുക: “നീ വീഞ്ഞു കുടിക്കുന്നവരുടെ കൂട്ടത്തിലും മാംസഭോജനപ്രിയരുടെ ഇടയിലും ഇരിക്കരുതു. കുടിയനും അതിഭക്ഷകനും ദരിദ്രരായ്തീരും; നിദ്രാലുത്വം പഴന്തുണി ഉടുക്കുമാറാക്കും.” 15 മദ്യപാനം, മയക്കുമരുന്നിന്റെ ദുരുപയോഗം, ചൂതാട്ടം തുടങ്ങിയ ദുശ്ശീലങ്ങൾ ഒഴിവാക്കിക്കൊണ്ട് കയ്യിലുള്ള പണം കുടുംബകാര്യങ്ങൾ നന്നായി നോക്കി നടത്താനായി ഉപയോഗിക്കാൻ കഴിയും. എന്നാൽ, പല കുടുംബങ്ങളും തങ്ങളുടെ വരവിനൊത്തല്ല ചെലവിടുന്നത്. അധ്വാനിച്ചുണ്ടാക്കുന്ന പണമത്രയും കടം വീട്ടാനേ തികയുന്നുള്ളൂ എന്ന ഒരു സ്ഥിതിവിശേഷത്തിൽ ഇത് അവരെ കൊണ്ടെത്തിച്ചേക്കാം. ചിലരാണെങ്കിൽ ഉള്ള കടത്തിന്റെ പലിശ അടച്ചുതീർക്കാനായിത്തന്നെ മറ്റൊരു വായ്പ എടുക്കുന്നു. ഇതിനോടുള്ള ബന്ധത്തിൽ പിൻവരുന്ന ജ്ഞാനമൊഴി മനസ്സിൽ പിടിക്കുന്നതു സഹായകമായിരിക്കും: “വ്യർത്ഥകാര്യങ്ങളെ പിന്തുടരുന്നവനോ ദരിദ്രനായിത്തീരും.” 16 നമുക്ക് നമ്മോടുതന്നെ ഇങ്ങനെ ചോദിക്കാൻ കഴിയും: ‘ഞാൻ വാങ്ങാൻ ഉദ്ദേശിക്കുന്ന വസ്തുക്കൾ യഥാർഥത്തിൽ എനിക്ക് ആവശ്യമുള്ളവ തന്നെയാണോ? ഏതാനും പ്രാവശ്യത്തെ ഉപയോഗത്തിനു ശേഷം തട്ടിൻപുറത്തേക്കു തള്ളുന്ന സാധനങ്ങൾ എത്രയുണ്ട്?’ ഒരു പംക്തിയെഴുത്തുകാരൻ ഇങ്ങനെ എഴുതി: “മനുഷ്യന് ആവശ്യമായിരിക്കുന്ന സാധനങ്ങൾ ചുരുക്കമാണ്, എന്നാൽ അവന്റെ ആഗ്രഹങ്ങളാകട്ടെ അനന്തവും.” ഈ ജ്ഞാനമൊഴി ശ്രദ്ധിക്കുക: “ഇഹലോകത്തിലേക്കു നാം ഒന്നും കൊണ്ടുവന്നിട്ടില്ല; ഇവിടെനിന്നു യാതൊന്നും കൊണ്ടുപോകുവാൻ കഴിയുന്നതുമല്ല. ഉണ്മാനും ഉടുപ്പാനും ഉണ്ടെങ്കിൽ മതി എന്നു നാം വിചാരിക്ക. . . . ദ്രവ്യാഗ്രഹം സകലവിധ ദോഷത്തിന്നും മൂലമല്ലോ. ഇതു ചിലർ കാംക്ഷിച്ചിട്ടു . . . ബഹുദുഃഖങ്ങൾക്കു അധീനരായിത്തീർന്നിരിക്കുന്നു.” 17
7 അധ്വാനശീലമുണ്ടെങ്കിൽ പല സാമ്പത്തിക പ്രശ്നങ്ങളും പരിഹരിക്കാനാകും. ഈ ഉപദേശം ശ്രദ്ധിക്കുക: “മടിയാ, ഉറുമ്പിന്റെ അടുക്കൽ ചെല്ലുക; അതിന്റെ വഴികളെ നോക്കി ബുദ്ധിപഠിക്ക. . . . കുറേക്കൂടെ ഉറക്കം; കുറേക്കൂടെ നിദ്ര; കുറേക്കൂടെ കൈകെട്ടിക്കിടക്ക. അങ്ങനെ നിന്റെ ദാരിദ്ര്യം വഴിപോക്കനെപ്പോലെയും നിന്റെ ബുദ്ധിമുട്ടു ആയുധപാണിയെപ്പോലെയും വരും.” 18 ശ്രദ്ധാപൂർവമായ ആസൂത്രണവും പ്രായോഗികമായ ഒരു ബജറ്റും ഉണ്ടായിരിക്കുന്നതു സഹായകമായേക്കും: “നിങ്ങളിൽ ആരെങ്കിലും ഒരു ഗോപുരം പണിവാൻ ഇച്ഛിച്ചാൽ ആദ്യം ഇരുന്നു അതു തീർപ്പാൻ വക ഉണ്ടോ എന്നു കണക്കു നോക്കുന്നില്ലയോ?” 19
8 എന്നാൽ നമ്മുടേതല്ലാത്ത കുറ്റംകൊണ്ട് ദാരിദ്ര്യം അനുഭവിക്കേണ്ടി വരുന്നെങ്കിലോ? ഉദാഹരണത്തിന്, കഠിനാധ്വാനം ചെയ്യാൻ നാം ഒരുക്കമാണെങ്കിലും സാമ്പത്തികത്തകർച്ചയുടെ ഫലമായി നമുക്കു തൊഴിൽ നഷ്ടപ്പെട്ടേക്കാം. അല്ലെങ്കിൽ ഒരു ദരിദ്ര രാജ്യത്തായിരിക്കാം നാം ജീവിക്കുന്നത്. അങ്ങനെയൊരു സാഹചര്യത്തിൽ നമ്മെ സഹായിക്കാൻ എന്തിനു കഴിയും? “ധനം പരിരക്ഷ നല്കുന്നതുപോലെ ജ്ഞാനവും പരിരക്ഷ നൽകുന്നു. ജ്ഞാനിയുടെ ജീവൻ രക്ഷിക്കും എന്നതിലാണ്, ജ്ഞാനത്തിന്റെ വൈശിഷ്ട്യം.” 20 കൂടാതെ, ഈ ബുദ്ധിയുപദേശം പരിചിന്തിക്കുക: “ജോലിയിൽ വിദഗ്ധനായ ഒരുവനെ നോക്കൂ. അവനു രാജസന്നിധിയിൽ സ്ഥാനം ലഭിക്കും.” 21 ഒരു ജോലി കണ്ടെത്താൻ സഹായകമായ വൈദഗ്ധ്യങ്ങൾ പഠിച്ചെടുക്കാൻ നമുക്കു കഴിയുമോ?
9 ഇനി, വൈരുദ്ധ്യമെന്നു തോന്നുന്നതെങ്കിലും ഫലപ്രദമെന്നു തെളിഞ്ഞിട്ടുള്ള ഒരു ബുദ്ധിയുപദേശം പരിചിന്തിക്കുക. “കൊടുപ്പിൻ; എന്നാൽ നിങ്ങൾക്കു കിട്ടും; . . . , നിങ്ങൾ അളക്കുന്ന അളവിനാൽ നിങ്ങൾക്കും അളന്നുകിട്ടും.” 22 തിരിച്ച് എന്തെങ്കിലും ലഭിക്കുമെന്ന പ്രതീക്ഷയോടെ മറ്റുള്ളവർക്ക് കൊടുക്കുക എന്നല്ല അതിനർഥം. പിന്നെയോ, ഉദാരമനസ്കത നട്ടുവളർത്താനുള്ള ബുദ്ധിയുപദേശമാണ് നമുക്ക് അതിലൂടെ ലഭിക്കുന്നത്: “ഔദാര്യമാനസൻ പുഷ്ടി പ്രാപിക്കും; തണുപ്പിക്കുന്നവന്നു തണുപ്പു കിട്ടും.” 23 ആളുകളെ അവരുടെ ആവശ്യത്തിൽ സഹായിക്കുമ്പോൾ നാം കൊടുക്കലിന്റേതായ മനോഭാവത്തെ പ്രോത്സാഹിപ്പിക്കുന്നു. അത് ഒടുവിൽ നമുക്കുതന്നെ പ്രയോജനം ചെയ്തേക്കാം.
10 മാനുഷ ബന്ധങ്ങൾ: ജ്ഞാനിയായ ഒരു രാജാവ് ഇങ്ങനെ അഭിപ്രായപ്പെടുകയുണ്ടായി: “ഒരു മനുഷ്യന്റെ എല്ലാ പ്രയത്നവും, പ്രവർത്തനസാമർഥ്യമൊക്കെയും അയല്ക്കാരനോടുള്ള അയാളുടെ അസൂയയിൽനിന്ന് [“മത്സരത്തിൽനിന്ന്,” NW] ഉണ്ടാകുന്നു എന്ന് അപ്പോൾ ഞാൻ കണ്ടു. ഇതും വ്യർഥം; കാറ്റിനെ പിടിക്കാനുള്ള ശ്രമം.” 24 ബുദ്ധിശൂന്യമായ വിധത്തിൽ പ്രവർത്തിക്കാൻ മത്സരം പലരെയും പ്രേരിപ്പിച്ചിട്ടുണ്ട്. തൊട്ടടുത്ത വീട്ടിലെ വ്യക്തി 32 ഇഞ്ചിന്റെ ടെലിവിഷൻ സെറ്റ് വാങ്ങിയതായി കണ്ടാൽ, തങ്ങളുടെ 27 ഇഞ്ചിന്റെ സെറ്റിന് യാതൊരു കുഴപ്പവുമില്ലെങ്കിലും പിറ്റേ ദിവസംതന്നെ പോയി 36 ഇഞ്ചിന്റെ ഒരെണ്ണം വാങ്ങിക്കൊണ്ടുവരുന്ന കൂട്ടരുണ്ട്. അത്തരത്തിലുള്ള മത്സരം വ്യർഥമാണ്. കാറ്റിനെ പിടിക്കാനുള്ള ശ്രമം പോലെയാണത്—കാര്യമില്ലാത്ത കാര്യങ്ങൾക്കു വേണ്ടിയുള്ള ഒരുതരം പരക്കംപാച്ചിൽ. നിങ്ങൾ ഇതിനോടു യോജിക്കുകയില്ലേ?
11 നമുക്കു നീരസം തോന്നിയേക്കാവുന്ന വിധത്തിൽ മറ്റുള്ളവർ സംസാരിക്കുകയോ പ്രവർത്തിക്കുകയോ ചെയ്യുന്നെങ്കിലോ? ഈ ഉപദേശം ഓർക്കുക: “നിന്റെ മനസ്സിൽ അത്ര വേഗം നീരസം ഉണ്ടാകരുതു; മൂഢന്മാരുടെ മാർവ്വിൽ അല്ലോ നീരസം വസിക്കുന്നതു.” 25 കോപം പ്രകടിപ്പിക്കുന്നത് നീതീകരിക്കാൻ കഴിയുന്ന സാഹചര്യങ്ങൾ ഉണ്ടായിരുന്നേക്കാമെങ്കിലും ഒരു പുരാതന എഴുത്തുകാരന്റെ ഈ വാക്കുകൾ മനസ്സിൽ പിടിക്കുന്നതു നന്നായിരിക്കും: “കോപിക്കാം; എന്നാൽ, പാപം ചെയ്യരുത്. നിങ്ങളുടെ കോപം സൂര്യൻ അസ്തമിക്കുന്നതു വരെ നീണ്ടുപോകാതിരിക്കട്ടെ.” 26 അങ്ങനെയെങ്കിൽ കടുത്ത ദേഷ്യം വരുന്ന ഒരു സാഹചര്യത്തിൽ എന്തു ചെയ്യും? “വിവേകബുദ്ധിയാൽ [“ഉൾക്കാഴ്ചയാൽ,” NW] മനുഷ്യന്നു ദീർഘക്ഷമ വരുന്നു; ലംഘനം ക്ഷമിക്കുന്നതു അവന്നു ഭൂഷണം.” 27 അതേ, ഉൾക്കാഴ്ച ഉണ്ടായിരിക്കേണ്ടത് ആവശ്യമാണ്. നമുക്ക് നമ്മോടുതന്നെ ഇങ്ങനെ ചോദിക്കാം: ‘എന്തുകൊണ്ടായിരിക്കാം അയാൾ അങ്ങനെ ചെയ്തത്? മറ്റേതെങ്കിലും ഘടകങ്ങൾ ആയിരിക്കുമോ അപ്രകാരം പ്രവർത്തിക്കാൻ അയാളെ പ്രേരിപ്പിച്ചത്?’ ഉൾക്കാഴ്ചയ്ക്കു പുറമേ, കോപത്തെ കൈകാര്യം ചെയ്യാൻ സഹായിക്കുന്ന മറ്റു ചില ഗുണങ്ങളുമുണ്ട്. “മനസ്സലിവു, ദയ, താഴ്മ, സൌമ്യത, ദീർഘക്ഷമ എന്നിവ ധരിച്ചുകൊണ്ടു അന്യോന്യം പൊറുക്കയും ഒരുവനോടു ഒരുവന്നു വഴക്കുണ്ടായാൽ [“പരാതിക്കു കാരണമുണ്ടായാൽ, NW] തമ്മിൽ ക്ഷമിക്കയും ചെയ്വിൻ; . . . എല്ലാറ്റിന്നും മീതെ സമ്പൂർണ്ണതയുടെ ബന്ധമായ സ്നേഹം ധരിപ്പിൻ.” 28 അതേ, സ്നേഹം മാനുഷബന്ധങ്ങളിലെ പല ചുളിവുകളും നിവർക്കും.
12 സമാധാനപൂർണമായ ബന്ധങ്ങൾ നിലനിറുത്തുന്നതിന് വിലങ്ങുതടിയായേക്കാവുന്ന ഒരു “ചെറിയ അവയവം” ഉണ്ട്—നാവ്. ഈ വാക്കുകൾ എത്ര സത്യമാണ്: “നാവിനെയോ മനുഷ്യർക്കാർക്കും മരുക്കാവതല്ല; അതു അടങ്ങാത്ത ദോഷം; മരണകരമായ വിഷം നിറഞ്ഞതു.” 29 പിൻവരുന്ന ബുദ്ധിയുപദേശം തീർച്ചയായും ശ്രദ്ധേയമാണ്: “ഏതു മനുഷ്യനും കേൾപ്പാൻ വേഗതയും പറവാൻ താമസവും കോപത്തിന്നു താമസവുമുള്ളവൻ ആയിരിക്കട്ടെ.” 30 എന്നിരുന്നാലും, താത്കാലിക സമാധാനം സൃഷ്ടിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ചെറിയ നുണകൾ പറയുന്നതിന് നാം നാവിനെ ഉപയോഗിക്കരുത്. “നിങ്ങളുടെ വാക്കു ഉവ്വു, ഉവ്വു എന്നും ഇല്ല, ഇല്ല എന്നും ആയിരിക്കട്ടെ; ഇതിൽ അധികമായതു ദുഷ്ടനിൽനിന്നു വരുന്നു.” 31
13 മറ്റുള്ളവരുമായി നല്ല ബന്ധങ്ങൾ നിലനിറുത്താൻ നമുക്ക് എങ്ങനെ സാധിക്കും? ഈ തത്ത്വം ശ്രദ്ധിക്കുക: “ഓരോരുത്തൻ സ്വന്തഗുണമല്ല മററുള്ളവന്റെ ഗുണവും കൂടെ നോക്കേണം.” 32 അപ്രകാരം ചെയ്യുന്നപക്ഷം നാം, സുവർണനിയമം എന്നു പലരും വിളിക്കുന്ന ഈ വാക്യത്തിനു ചേർച്ചയിൽ പ്രവർത്തിക്കുകയായിരിക്കും ചെയ്യുന്നത്: “മനുഷ്യർ നിങ്ങൾക്കു ചെയ്യേണം എന്നു നിങ്ങൾ ഇച്ഛിക്കുന്നതു ഒക്കെയും നിങ്ങൾ അവർക്കും ചെയ്വിൻ.” 33
14 സമ്മർദം: സമ്മർദപൂരിതമായ ഈ ലോകത്തിൽ വൈകാരിക സമനില പാലിക്കാൻ നമുക്ക് എങ്ങനെ സാധിക്കും? “സന്തുഷ്ടമായ ഹൃദയം മുഖത്തെ പ്രസന്നമാക്കുന്നു; ഹൃദയവ്യഥ ഉന്മേഷം കെടുത്തിക്കളയുന്നു.” 34 നമുക്കു ശരിയെന്നു തോന്നുന്ന കാര്യങ്ങൾ മറ്റുള്ളവർ ചെയ്യാതെ വരുമ്പോൾ നമ്മുടെ ‘ഹൃദയസന്തോഷം’ എളുപ്പത്തിൽ നഷ്ടമായേക്കാം. എന്നാൽ, ഈ വാക്കുകൾ മനസ്സിൽ പിടിക്കുന്നതു പ്രയോജനപ്രദമായിരിക്കും: “അതിനീതിമാനായിരിക്കരുതു; അതിജ്ഞാനിയായിരിക്കയും അരുതു; നിന്നെ നീ എന്തിന്നു നശിപ്പിക്കുന്നു?” 35 ഇനിയും, ജീവിത ഉത്കണ്ഠകൾ നമ്മെ നിരന്തരം ഭാരപ്പെടുത്തിയേക്കാം. അങ്ങനെ വരുമ്പോൾ എന്തു ചെയ്യും? നമുക്ക് ഈ വാക്കുകൾ ഓർത്തിരിക്കാം: “മനോവ്യസനം [“ഉത്കണ്ഠ,” NW] ഹേതുവായി മനുഷ്യന്റെ മനസ്സിടിയുന്നു; ഒരു നല്ല വാക്കോ അതിനെ സന്തോഷിപ്പിക്കുന്നു.” 36 ‘നല്ല വാക്ക്’ അഥവാ നമ്മെ പ്രോത്സാഹിപ്പിക്കുന്ന ആശ്വാസദായകമായ സംഗതികൾ ചിന്തിച്ചുകൊണ്ടിരിക്കാൻ നമുക്കു സാധിക്കും. വ്യസനം ഉളവാക്കുന്ന സാഹചര്യങ്ങളിൽപ്പോലും ക്രിയാത്മകമായ ഒരു മനോഭാവത്തിന് നമ്മുടെമേൽ നല്ല ഫലം ഉളവാക്കാൻ കഴിയും: “സന്തുഷ്ടഹൃദയം നല്ലോരു ഔഷധമാകുന്നു.” 37 മറ്റുള്ളവർ നമ്മെ കുറിച്ചു കരുതുന്നില്ലെന്ന ചിന്തയാൽ വിഷാദം അനുഭവിക്കുമ്പോൾ നമുക്ക് ഈ സൂത്രവാക്യം പ്രയോഗിക്കാൻ സാധിക്കും: “സ്വീകരിക്കുന്നതിൽ ഉള്ളതിനെക്കാൾ സന്തോഷം കൊടുക്കുന്നതിലുണ്ട്.” 38 ക്രിയാത്മകമായ മനോഭാവം ഉണ്ടെങ്കിൽ ഓരോ ദിവസവും നാം അഭിമുഖീകരിക്കുന്ന സമ്മർദങ്ങളെ തരണം ചെയ്യാൻ നമുക്കു സാധിക്കും.
15 മേൽപ്പറഞ്ഞ ജ്ഞാനമൊഴികളുടെ ഉറവിടം ഒരു പുരാതന ഗ്രന്ഥമായ ബൈബിൾ ആണ്. അതൊരു പുരാതന ഗ്രന്ഥമായതിനാൽ അതിലെ ബുദ്ധിയുപദേശങ്ങൾ 21-ാം നൂറ്റാണ്ടിൽ ജീവിക്കുന്ന നിങ്ങൾക്കു പ്രയോജനം ചെയ്യുമോയെന്ന് നിങ്ങൾ സംശയിച്ചേക്കാം. എന്നാൽ ജ്ഞാനത്തിന്റെ മറ്റ് ഉറവുകളെ ആശ്രയിക്കുന്നതിനു പകരം നാം ബൈബിളിനെത്തന്നെ ആശ്രയിക്കേണ്ടത് എന്തുകൊണ്ടാണ്? അതിനു പല കാരണങ്ങളുണ്ട്. അതിൽ ഒന്ന്, ബൈബിൾ തത്ത്വങ്ങൾ മൂല്യവത്താണ് എന്ന വസ്തുത കാലം തെളിയിച്ചിരിക്കുന്നു എന്നതാണ്. ഉദാഹരണത്തിന്, യാസുഹിറോയുടെയും കായോക്കോയുടെയും അനുഭവംതന്നെയെടുക്കുക. ഇരുവരും ഒരു വനിതാ വിമോചന പ്രസ്ഥാനത്തിന്റെ പ്രവർത്തകരായിരുന്നു. യാസുഹിറോയിൽനിന്ന് കായോക്കോ ഗർഭം ധരിച്ചുവെന്ന ഒറ്റ കാരണത്താലാണ് അവർ വിവാഹിതരായത്. സാമ്പത്തിക പ്രശ്നങ്ങളും ഒന്നിച്ചുപോകാനാവില്ലെന്ന ചിന്തയും താമസിയാതെതന്നെ അവരെ വിവാഹമോചനത്തിൽ കൊണ്ടെത്തിച്ചു. പിന്നീട് പരസ്പരം അറിയാതെയാണെങ്കിലും ഇരുവരും യഹോവയുടെ സാക്ഷികളോടൊത്തു ബൈബിൾ പഠിക്കാൻ ആരംഭിച്ചു. രണ്ടുപേരും ജീവിതത്തിൽ ശ്രദ്ധേയമായ മാറ്റങ്ങൾ വരുത്തിയിരിക്കുന്നതായി അവർക്കു നിരീക്ഷിക്കാൻ കഴിഞ്ഞു. യാസുഹിറോയും കായോക്കോയും പുനർവിവാഹം ചെയ്യാൻ തീരുമാനിച്ചു. ഇപ്പോൾ ബൈബിൾ തത്ത്വങ്ങൾക്കു ചേർച്ചയിൽ ജീവിക്കുന്നതിനാൽ പരസ്പരം വിട്ടുവീഴ്ച കാണിക്കാൻ അവർ ഒരുക്കമുള്ളവരാണ്. പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ അവ പരിഹരിച്ച് ദാമ്പത്യ ജീവിതം മുമ്പോട്ടുകൊണ്ടുപോകാൻ അത് അവരെ സഹായിക്കുന്നു. ബൈബിൾ തത്ത്വങ്ങൾ ജീവിതത്തിൽ ബാധകമാക്കുന്നതിന്റെ നല്ല ഫലങ്ങൾ യഹോവയുടെ സാക്ഷികൾക്കിടയിൽ നിങ്ങൾക്കു കാണാനാകും. ബൈബിൾ അനുസരിച്ചു ജീവിക്കാൻ ശ്രമിക്കുന്ന അവരെ നേരിൽ കണ്ടു പരിചയപ്പെടാൻ തക്കവണ്ണം നിങ്ങൾക്ക് അവരുടെ യോഗത്തിൽ സംബന്ധിക്കാൻ കഴിയുമോ?
16 പ്രായോഗിക ജ്ഞാനത്തിന്റെ അക്ഷയ ഖനിയാകുന്ന ബൈബിളിൽനിന്ന് എടുത്തിരിക്കുന്ന രത്നതുല്യമായ ഏതാനും നിർദേശങ്ങൾ മാത്രമാണ് നാമിപ്പോൾ പരിചിന്തിച്ചത്. യഹോവയുടെ സാക്ഷികൾ ബൈബിൾ തത്ത്വങ്ങൾ ജീവിതത്തിൽ സ്വമനസ്സാലെ ബാധകമാക്കാൻ ശ്രമിക്കുന്നതിന് അനേകം കാരണങ്ങൾ ഉണ്ട്. ആ കാരണങ്ങൾ മനസ്സിലാക്കാനും ബൈബിളിനെ കുറിച്ചുള്ള ചില അടിസ്ഥാന വസ്തുതകൾ പഠിക്കാനും അടുത്ത അധ്യായം നിങ്ങളെ സഹായിക്കും.