അധ്യായം 14
എല്ലാ കാര്യങ്ങളിലും സത്യസന്ധരായിരിക്കുക
“എല്ലാത്തിലും സത്യസന്ധരായിരിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു.”—എബ്രായർ 13:18.
1, 2. സത്യസന്ധരായിരിക്കാനുള്ള നമ്മുടെ ശ്രമങ്ങൾ യഹോവയെ സന്തോഷിപ്പിക്കുന്നത് എന്തുകൊണ്ട്? ദൃഷ്ടാന്തീകരിക്കുക.
ഒരമ്മയും മകനും കടയിൽനിന്ന് ഇറങ്ങിവരുകയാണ്. അധികദൂരം ചെന്നില്ല, പെട്ടെന്നതാ കുട്ടി നടത്തം നിറുത്തി, അവൻ തെല്ലൊന്ന് അമ്പരന്ന മട്ടുണ്ട്. കാരണം മറ്റൊന്നുമല്ല, കടയിൽനിന്ന് എടുത്ത ഒരു കളിപ്പാട്ടം തിരിച്ച് വെക്കാൻ അവൻ മറന്നുപോയി. അതു വാങ്ങിത്തരുമോയെന്ന് അമ്മയോടു ചോദിച്ചതുമില്ല. പേടിച്ചരണ്ട അവൻ കരയാൻ തുടങ്ങി. മകനെ സമാധാനിപ്പിച്ചിട്ട് അമ്മ അവനെയുംകൂട്ടി കടയിലേക്കു തിരിച്ചുപോകുന്നു. കടക്കാരനോടു ക്ഷമ പറഞ്ഞുകൊണ്ട് അവൻ കളിപ്പാട്ടം തിരിച്ചുവെക്കുമ്പോൾ ആ അമ്മയുടെ മുഖത്തെ സന്തോഷവും അഭിമാനവും ഒന്നു കാണേണ്ടതുതന്നെയാണ്! എന്താണ് അതിനു കാരണം?
2 മാതാപിതാക്കൾക്ക് ഏറ്റവും സന്തോഷം പകരുന്ന കാര്യങ്ങളിൽപ്പെട്ട ഒന്നാണു മക്കൾ സത്യസന്ധതയുടെ പ്രാധാന്യം മനസ്സിലാക്കുന്നു എന്നത്. “സത്യത്തിന്റെ ദൈവമായ” നമ്മുടെ സ്വർഗീയപിതാവിന്റെ കാര്യവും അങ്ങനെതന്നെയാണ്. (സങ്കീർത്തനം 31:5) ആത്മീയപക്വതയിലേക്കു വളർന്നുവരുന്ന നമ്മൾ സത്യസന്ധരായിരിക്കാൻ ശ്രമിക്കുന്നതു കാണുമ്പോൾ യഹോവയ്ക്കും സന്തോഷം തോന്നുന്നു. യഹോവയെ പ്രസാദിപ്പിക്കാനും ദൈവസ്നേഹത്തിൽ നിലനിൽക്കാനും ആഗ്രഹിക്കുന്ന നമുക്ക് അപ്പോസ്തലനായ പൗലോസിന്റെ പിൻവരുന്ന വാക്കുകളിലെ അതേ വികാരങ്ങളാണുള്ളത്: “എല്ലാത്തിലും സത്യസന്ധരായിരിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു.” (എബ്രായർ 13:18) സത്യസന്ധരായിരിക്കാൻ ബുദ്ധിമുട്ടു തോന്നിയേക്കാവുന്ന നാലു പ്രധാനമേഖലകളെക്കുറിച്ച് നമുക്ക് ഇപ്പോൾ നോക്കാം. തുടർന്ന്, സത്യസന്ധതയുടെ ചില പ്രയോജനങ്ങളും നമ്മൾ കാണുന്നതായിരിക്കും.
നമ്മളോടുതന്നെ സത്യസന്ധരായിരിക്കുക
3-5. (എ) ആത്മവഞ്ചനയുടെ അപകടങ്ങളെക്കുറിച്ച് ദൈവവചനം നമുക്ക് എന്തു മുന്നറിയിപ്പു തരുന്നു? (ബി) നമ്മളോടുതന്നെ സത്യസന്ധരായിരിക്കാൻ എന്തു സഹായിക്കും?
3 നമ്മളോടുതന്നെ സത്യസന്ധരായിരിക്കാൻ പഠിക്കുക എന്നതാണ് ഒന്നാമത്തെ വെല്ലുവിളി. അപൂർണരായതുകൊണ്ട് ആത്മവഞ്ചനയിൽ കുടുങ്ങിപ്പോകുക വളരെ എളുപ്പമാണ്. ഉദാഹരണത്തിന്, ആത്മീയമായി ‘ദരിദ്രരും അന്ധരും നഗ്നരും’ ആയിരുന്നിട്ടും തങ്ങൾ ധനികരാണെന്നു ചിന്തിച്ചുകൊണ്ട് ലവൊദിക്യയിലെ ക്രിസ്ത്യാനികൾ തങ്ങളെത്തന്നെ വഞ്ചിക്കുകയായിരുന്നെന്നു യേശു അവരോടു പറയുകയുണ്ടായി. (വെളിപാട് 3:17) ആത്മവഞ്ചന അവരുടെ സാഹചര്യം ഒന്നുകൂടെ വഷളാക്കിയതേ ഉള്ളൂ.
4 “താൻ ദൈവത്തെ ആരാധിക്കുന്നെന്നു കരുതുകയും എന്നാൽ നാവിനു കടിഞ്ഞാണിടാതിരിക്കുകയും ചെയ്യുന്നയാൾ സ്വന്തം ഹൃദയത്തെ വഞ്ചിക്കുകയാണ്; അയാളുടെ ആരാധനകൊണ്ട് ഒരു പ്രയോജനവുമില്ല” എന്ന ശിഷ്യനായ യാക്കോബിന്റെ വാക്കുകളും നിങ്ങൾ ഓർക്കുന്നുണ്ടാകും. (യാക്കോബ് 1:26) നാവിനെ ദുരുപയോഗം ചെയ്യുകയും അതേസമയം യഹോവയ്ക്കു സ്വീകാര്യമായ വിധത്തിൽ യഹോവയെ ആരാധിക്കാൻ കഴിയുമെന്നു ചിന്തിക്കുകയും ചെയ്യുന്നെങ്കിൽ നമ്മൾ നമ്മളെത്തന്നെ വഞ്ചിക്കുകയാണ്. അപ്പോൾ നമ്മുടെ ആരാധന വ്യർഥവും നിഷ്ഫലവും ആയിരിക്കും. അത്തരമൊരു ദുരന്തം നമുക്ക് എങ്ങനെ ഒഴിവാക്കാം?
5 അതേ അധ്യായത്തിൽ യാക്കോബ് ദൈവവചനത്തിലെ സത്യത്തെ ഒരു കണ്ണാടിയോട് ഉപമിക്കുന്നുണ്ട്. ദൈവത്തിന്റെ ‘തികവുറ്റ നിയമത്തിൽ സൂക്ഷിച്ചുനോക്കി’ ആവശ്യമായ മാറ്റങ്ങൾ വരുത്താൻ യാക്കോബ് നമ്മളെ ഉപദേശിക്കുന്നു. (യാക്കോബ് 1:23-25 വായിക്കുക.) നമ്മളോടുതന്നെ സത്യസന്ധരായിരിക്കാനും മാറ്റംവരുത്താൻ എന്തു ചെയ്യണമെന്നു തിരിച്ചറിയാനും ദൈവവചനം നമ്മളെ സഹായിക്കും. (വിലാപങ്ങൾ 3:40; ഹഗ്ഗായി 1:5) മാത്രവുമല്ല, നമ്മുടെ ഹൃദയത്തെ പരിശോധിക്കാനും ഗുരുതരമായ പിഴവുകൾ തിരിച്ചറിഞ്ഞ് തിരുത്താൻ നമ്മളെ സഹായിക്കാനും നമുക്ക് യഹോവയോടു പ്രാർഥിക്കാനാകും. (സങ്കീർത്തനം 139:23, 24) അപകടകരമായ ഒരു ബലഹീനതയാണു സത്യസന്ധതയില്ലായ്മ. അതിനെക്കുറിച്ച് നമ്മുടെ സ്വർഗീയപിതാവിന്റെ അതേ വീക്ഷണമായിരിക്കണം നമ്മുടേതും. “യഹോവ വഞ്ചകരെ വെറുക്കുന്നു, നേരുള്ളവരെയാണു ദൈവം ഉറ്റസുഹൃത്തുക്കളാക്കുന്നത്” എന്നു സുഭാഷിതങ്ങൾ 3:32 പറയുന്നു. അതേ വീക്ഷണമുണ്ടായിരിക്കാൻ യഹോവയ്ക്കു നമ്മളെ സഹായിക്കാനാകും. അങ്ങനെയാകുമ്പോൾ യഹോവ നമ്മളെ കാണുന്നതുപോലെ, നമുക്കു നമ്മളെത്തന്നെ കാണാനും വിലയിരുത്താനും സാധിക്കും. “സത്യസന്ധരായിരിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു” എന്ന പൗലോസിന്റെ വാക്കുകൾ ഓർക്കുക. ഇപ്പോൾ പൂർണരായിരിക്കാൻ നമുക്കു കഴിയില്ലെങ്കിലും നമ്മൾ സത്യസന്ധരായിരിക്കാൻ ആത്മാർഥമായി ആഗ്രഹിക്കുകയും അതിനായി യത്നിക്കുകയും ചെയ്യുന്നു.
സത്യസന്ധത—കുടുംബത്തിൽ
6. ദമ്പതികൾ പരസ്പരം സത്യസന്ധരായിരിക്കേണ്ടത് എന്തുകൊണ്ട്, അതുവഴി അവർ ഏത് അപകടങ്ങൾ ഒഴിവാക്കുന്നു?
6 ക്രിസ്തീയകുടുംബത്തിന്റെ മുഖമുദ്രയായിരിക്കണം സത്യസന്ധത. ആ സ്ഥിതിക്ക്, ഭാര്യയും ഭർത്താവും ഒന്നും മറച്ചുവെക്കാതെ എല്ലാ കാര്യങ്ങളിലും സത്യസന്ധരായിരിക്കണം. ഇണയല്ലാത്ത ഒരാളുമായി ശൃംഗരിക്കുക, ഇന്റർനെറ്റിലൂടെയോ മറ്റോ അവിഹിതമായ രഹസ്യബന്ധങ്ങൾ വളർത്തിയെടുക്കുക, അശ്ലീലം കാണുകയോ വായിക്കുകയോ ചെയ്യുക തുടങ്ങിയ ഹാനികരമായ അശുദ്ധനടപടികൾക്ക് ഒരു ക്രിസ്ത്യാനിയുടെ ദാമ്പത്യത്തിൽ സ്ഥാനമില്ല. വിവാഹിതരായ ചില ക്രിസ്ത്യാനികൾ സ്വന്തം ഇണ അറിയാതെ ഇത്തരം കാര്യങ്ങൾ ചെയ്തിരിക്കുന്നു. അങ്ങനെ ചെയ്യുന്നതു സത്യസന്ധതയില്ലായ്മയാണ്. വിശ്വസ്തനായ ദാവീദ് രാജാവിന്റെ വാക്കുകൾ ശ്രദ്ധിക്കുക: “വഞ്ചകരോടു ഞാൻ കൂട്ടു കൂടാറില്ല; തനിസ്വരൂപം മറച്ചുവെക്കുന്നവരെ ഞാൻ ഒഴിവാക്കുന്നു.” (സങ്കീർത്തനം 26:4) വിവാഹം കഴിച്ച ഒരാളാണു നിങ്ങൾ എങ്കിൽ, ഇണയിൽനിന്ന് മറച്ചുപിടിക്കേണ്ടിവരുന്ന യാതൊന്നും ചെയ്യരുത്.
7, 8. സത്യസന്ധതയുടെ മൂല്യം മനസ്സിലാക്കാൻ കുട്ടികളെ സഹായിക്കുന്ന ബൈബിൾ ദൃഷ്ടാന്തങ്ങൾ ഏതെല്ലാം?
7 സത്യസന്ധതയുടെ മൂല്യം കുട്ടികളെ പഠിപ്പിക്കാൻ മാതാപിതാക്കൾ ബൈബിളിലെ ദൃഷ്ടാന്തങ്ങൾ ഉപയോഗിക്കുന്നതു നന്നായിരിക്കും. മോഷ്ടിച്ചിട്ട് അക്കാര്യം മറച്ചുവെക്കാൻ ശ്രമിച്ച ആഖാൻ, സാമ്പത്തികനേട്ടത്തിനായി നുണ പറഞ്ഞ ഗേഹസി, മോഷ്ടിക്കുകയും യേശുവിനെ ഒറ്റിക്കൊടുക്കുകയും ചെയ്ത യൂദാസ് എന്നിവർ സത്യസന്ധതയില്ലായ്മയുടെ ദൃഷ്ടാന്തങ്ങളാണ്.—യോശുവ 6:17-19; 7:11-25; 2 രാജാക്കന്മാർ 5:14-16, 20-27; മത്തായി 26:14, 15; യോഹന്നാൻ 12:6.
8 സത്യസന്ധതയുടെ നല്ല ദൃഷ്ടാന്തങ്ങളും ബൈബിളിൽ അടങ്ങിയിട്ടുണ്ട്. തന്റെ ആൺമക്കളുടെ ചാക്കിൽ ഉണ്ടായിരുന്ന പണം അബദ്ധവശാൽ വെച്ചതായിരിക്കുമെന്നു ചിന്തിച്ചുകൊണ്ട് അതു തിരികെക്കൊടുക്കാൻ അവരോട് ആവശ്യപ്പെട്ട യാക്കോബ്, യിഫ്താഹ്, വലിയ ത്യാഗം ചെയ്യേണ്ടിവന്നിട്ടും യിഫ്താഹിന്റെ പ്രതിജ്ഞയ്ക്കു ചേർച്ചയിൽ പ്രവർത്തിച്ച മകൾ, പ്രവചനം നിവർത്തിക്കാനും തന്റെ സ്നേഹിതന്മാരെ സംരക്ഷിക്കാനും വേണ്ടി കോപാക്രാന്തരായ ജനക്കൂട്ടത്തിന്റെ മുമ്പാകെ താൻ ആരാണെന്നു ധൈര്യസമേതം വെളിപ്പെടുത്തിയ യേശു എന്നിവർ ചില ഉദാഹരണങ്ങൾ മാത്രം. (ഉൽപത്തി 43:12; ന്യായാധിപന്മാർ 11:30-40; യോഹന്നാൻ 18:3-11) സത്യസന്ധരായിരിക്കാനും അതിന്റെ മൂല്യം തിരിച്ചറിയാനും മക്കളെ പഠിപ്പിക്കാൻ സഹായിക്കുന്ന എത്ര നല്ല വിവരങ്ങളാണു ബൈബിളിൽ അടങ്ങിയിരിക്കുന്നതെന്നു മനസ്സിലാക്കാൻ മേൽപ്പറഞ്ഞ ഏതാനും ഉദാഹരണങ്ങൾ മാതാപിതാക്കളെ സഹായിച്ചേക്കും.
9. കുട്ടികൾക്കായി സത്യസന്ധതയുടെ നല്ല മാതൃക വെക്കാൻ ആഗ്രഹിക്കുന്നെങ്കിൽ മാതാപിതാക്കൾ എന്ത് ഒഴിവാക്കണം, അത്തരമൊരു മാതൃക പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്?
9 ഈ രീതിയിൽ മക്കളെ പഠിപ്പിക്കുന്നതു മാതാപിതാക്കളുടെ മേൽ വലിയൊരു ഉത്തരവാദിത്വം വരുത്തിവെക്കുന്നു. പൗലോസ് അപ്പോസ്തലൻ ഇങ്ങനെ ചോദിക്കുകയുണ്ടായി: “എന്നാൽ, മറ്റുള്ളവരെ ഉപദേശിക്കുന്നവനേ, നീ നിന്നെത്തന്നെ ഉപദേശിക്കാത്തത് എന്താണ്? ‘മോഷ്ടിക്കരുത്’ എന്നു പ്രസംഗിച്ചിട്ട് നീതന്നെ മോഷ്ടിക്കുന്നോ?” (റോമർ 2:21) സത്യസന്ധതയെക്കുറിച്ച് പഠിപ്പിച്ചിട്ട് ചില മാതാപിതാക്കൾ സത്യസന്ധതയില്ലാതെ പെരുമാറുന്നതു കാണുമ്പോൾ കുട്ടികൾ ആകെ ആശയക്കുഴപ്പത്തിലാകുന്നു. “ഇതൊക്കെ എല്ലാവരും ചെയ്യുന്നതല്ലേ,” “ആർക്കും ദോഷമില്ലാത്ത ചെറിയൊരു നുണ പറഞ്ഞാലെന്താ” എന്നൊക്കെ പറഞ്ഞുകൊണ്ട് കൊച്ചുകൊച്ചു മോഷണങ്ങളെയും നുണകളെയും അവർ ന്യായീകരിച്ചേക്കാം. എന്നാൽ ഒരു നിസ്സാരവസ്തു മോഷ്ടിച്ചാലും മോഷണം മോഷണമാണ്. അതുപോലെ, ഏതു കാര്യത്തെക്കുറിച്ചാണെങ്കിലും, അതിൽ അസത്യം അൽപ്പമേ ഉള്ളൂ എങ്കിലും, നുണ നുണതന്നെയാണ്. a (ലൂക്കോസ് 16:10 വായിക്കുക.) കുട്ടികൾക്കു കാപട്യം എളുപ്പം മനസ്സിലാകും. അതു കണ്ട് വളരുന്ന അവർ സത്യസന്ധതയില്ലാത്തവരാകാനിടയുണ്ട്. (എഫെസ്യർ 6:4) എന്നാൽ ചെറുപ്പംമുതൽ മാതാപിതാക്കളുടെ സത്യസന്ധത കാണുന്ന കുട്ടികൾ, സത്യസന്ധതയില്ലാത്ത ഈ ലോകത്ത് യഹോവയ്ക്കു ബഹുമതി കരേറ്റുന്നവരായി വളർന്നുവരാൻ സാധ്യത കൂടുതലാണ്.—സുഭാഷിതങ്ങൾ 22:6.
സത്യസന്ധത—സഭയിൽ
10. സഹവിശ്വാസികളോടു സത്യസന്ധമായി സംസാരിക്കുമ്പോൾപ്പോലും നമ്മൾ ഏതു കാര്യങ്ങൾ മനസ്സിൽപ്പിടിക്കണം?
10 സഹക്രിസ്ത്യാനികളുമായി സഹവസിക്കുമ്പോൾ സത്യസന്ധത വളർത്തിയെടുക്കാൻ നമുക്കു ധാരാളം അവസരങ്ങൾ ലഭിക്കും. 12-ാം അധ്യായത്തിൽ കണ്ടതുപോലെ, സംസാരപ്രാപ്തി ഉപയോഗിക്കുന്ന കാര്യത്തിൽ നമ്മൾ ശ്രദ്ധയുള്ളവരായിരിക്കണം, സഹാരാധകരോടൊപ്പം ആയിരിക്കുമ്പോൾ പ്രത്യേകിച്ചും. ഒരു സാധാരണസംഭാഷണം, പരദൂഷണമായി മാറാൻ അധികം സമയം വേണ്ടാ! സത്യമാണെന്ന് ഉറപ്പില്ലാത്ത വിവരങ്ങൾ മറ്റുള്ളവരോടു പറഞ്ഞാൽ ഒരു നുണ പ്രചരിപ്പിക്കാൻ കൂട്ടുനിൽക്കുകയായിരിക്കാം നമ്മൾ. അതുകൊണ്ട് നാവിനെ നിയന്ത്രിക്കുന്നതല്ലേ ബുദ്ധി? (സുഭാഷിതങ്ങൾ 10:19) ഇനി, സത്യമാണെന്നു നമുക്ക് അറിയാവുന്ന ഒരു കാര്യമാണെങ്കിലോ? അപ്പോഴും നമ്മൾ അതു മറ്റുള്ളവരോടു പറയണമെന്നില്ല. ഉദാഹരണത്തിന്, അക്കാര്യം നമ്മളെ ബാധിക്കുന്നതല്ലായിരിക്കാം, അതു പറയേണ്ട ഉത്തരവാദിത്വവും നമുക്കില്ലായിരിക്കാം. അല്ലെങ്കിൽ ഒരുപക്ഷേ, അക്കാര്യം വെളിപ്പെടുത്തുന്നത് ഉൾപ്പെട്ടിരിക്കുന്ന വ്യക്തിയോടുള്ള ക്രൂരതയായിരുന്നേക്കാം. (1 തെസ്സലോനിക്യർ 4:11) ‘ഞാൻ സത്യമല്ലേ പറഞ്ഞുള്ളൂ’ എന്നു പറഞ്ഞുകൊണ്ട് ചിലർ ദയാരഹിതമായ അത്തരം സംസാരത്തെ ന്യായീകരിക്കാനിടയുണ്ട്. എന്നാൽ നമ്മുടെ സംസാരം എല്ലായ്പോഴും ഉപ്പു ചേർത്ത് രുചിവരുത്തിയതുപോലെ ഹൃദ്യമായിരിക്കണം.—കൊലോസ്യർ 4:6 വായിക്കുക.
11, 12. (എ) ഗുരുതരമായ പാപം ചെയ്തിരിക്കുന്ന ചിലർ പ്രശ്നം കൂടുതൽ വഷളാക്കിയിരിക്കുന്നത് എങ്ങനെ? (ബി) ഗുരുതരമായ പാപങ്ങളെക്കുറിച്ച് സാത്താൻ പ്രചരിപ്പിക്കുന്ന ചില നുണകൾ ഏതെല്ലാം, നമുക്ക് അവയെ എങ്ങനെ ചെറുത്തുനിൽക്കാം? (സി) യഹോവയുടെ സംഘടനയോടു നമുക്ക് എങ്ങനെ സത്യസന്ധത കാണിക്കാം?
11 സഭയിൽ നേതൃത്വമെടുക്കുന്നവരോടുള്ള സത്യസന്ധത വളരെ പ്രധാനമാണ്. ഗുരുതരമായ പാപം ചെയ്യുന്ന ചിലർ, സഭാമൂപ്പന്മാർ അതിനെക്കുറിച്ച് ചോദിക്കുമ്പോൾ അതു മറച്ചുവെക്കുകയും അവരോടു നുണ പറയുകയും ചെയ്തുകൊണ്ട് പ്രശ്നം കൂടുതൽ വഷളാക്കുന്നു. പാപപൂർണമായ ഒരു ജീവിതം നയിക്കുമ്പോൾത്തന്നെ യഹോവയെ സേവിക്കുന്നതായി നടിച്ചുകൊണ്ട് അത്തരക്കാർ ഒരു കപടജീവിതം നയിക്കുകപോലും ചെയ്യുന്നു. അത്തരമൊരാളുടെ ജീവിതംതന്നെ ഒരു നാട്യമായിമാറുന്നു എന്നതാണു സത്യം. (സങ്കീർത്തനം 12:2) ഇനിയും മറ്റു ചിലർ, പ്രധാനപ്പെട്ട വസ്തുതകൾ മറച്ചുപിടിച്ചുകൊണ്ട് ചില കാര്യങ്ങൾ മാത്രം മൂപ്പന്മാരോടു പറയുന്നു. (പ്രവൃത്തികൾ 5:1-11) സാത്താൻ പ്രചരിപ്പിക്കുന്ന നുണകൾ വിശ്വസിക്കുന്നതാണു സത്യസന്ധതയില്ലാത്ത ഇത്തരം പ്രവൃത്തികൾക്കു മിക്കപ്പോഴും പ്രചോദനമാകുന്നത്.—“ ഗുരുതരമായ പാപങ്ങളെക്കുറിച്ച് സാത്താൻ പ്രചരിപ്പിക്കുന്ന ചില നുണകൾ” എന്ന ചതുരം കാണുക.
12 യഹോവയുടെ സംഘടനയോടുള്ള സത്യസന്ധതയാണു പ്രധാനമായിരിക്കുന്ന മറ്റൊരു സംഗതി. ഉദാഹരണത്തിന്, വയൽസേവനം റിപ്പോർട്ട് ചെയ്യുമ്പോൾ തെറ്റായ വിവരങ്ങൾ നൽകാതിരിക്കാൻ നമ്മൾ ശ്രദ്ധയുള്ളവരാണ്. അതുപോലെതന്നെ ഏതെങ്കിലും സേവനപദവിക്കായി ഒരു അപേക്ഷാഫാറം പൂരിപ്പിക്കുമ്പോൾ, നമ്മുടെ ആരോഗ്യസ്ഥിതിയെയോ വ്യക്തിപരമായ മറ്റു വിശദാംശങ്ങളെയോ കുറിച്ച് സത്യസന്ധമല്ലാത്ത വിവരങ്ങൾ നൽകരുത്.—സുഭാഷിതങ്ങൾ 6:16-19 വായിക്കുക.
13. തൊഴിലാളി-തൊഴിലുടമ ബന്ധത്തിൽ ക്രിസ്ത്യാനികൾക്ക് എങ്ങനെ സത്യസന്ധത കാണിക്കാം?
13 ബിസിനെസ്സ് കാര്യങ്ങളിലും നമ്മൾ സഹവിശ്വാസികളോടു സത്യസന്ധത കാണിക്കണം. ചിലപ്പോഴൊക്കെ ക്രിസ്തീയ സഹോദരീസഹോദരന്മാർ ഒരുമിച്ച് ബിസിനെസ്സ് ചെയ്യാറുണ്ട്. ഇത്തരം സംഗതികളെ, തങ്ങളുടെ ആരാധനയുമായി—സഭായോഗങ്ങളുമായും വയൽശുശ്രൂഷയുമായും—കൂട്ടിക്കുഴയ്ക്കാതിരിക്കാൻ അവർ പ്രത്യേകം ശ്രദ്ധിക്കണം. ചില ക്രിസ്ത്യാനികൾ തമ്മിൽ തൊഴിലാളി-തൊഴിലുടമ ബന്ധമായിരിക്കാം ഉള്ളത്. നമ്മുടെ കീഴിൽ സഹോദരീസഹോദരന്മാർ ജോലി ചെയ്യുന്നുണ്ടെങ്കിൽ, കരാറനുസരിച്ചുള്ള ശമ്പളവും നിയമാനുസൃതമായ ആനുകൂല്യങ്ങളും കൃത്യസമയത്ത് നൽകിക്കൊണ്ട് അവരോടു സത്യസന്ധതയോടെ ഇടപെടാൻ നമ്മൾ ശ്രദ്ധയുള്ളവരായിരിക്കും. (1 തിമൊഥെയൊസ് 5:18; യാക്കോബ് 5:1-4) അതേസമയം നമ്മൾ തൊഴിലാളികളാണെങ്കിൽ വെറുതേ ഇരുന്ന് ശമ്പളം വാങ്ങുന്നതിനു പകരം ആത്മാർഥമായി ജോലി ചെയ്യും. (2 തെസ്സലോനിക്യർ 3:10) ആത്മീയബന്ധത്തിന്റെ പേരിൽ, മറ്റു തൊഴിലാളികൾക്കില്ലാത്ത അവധിയോ ആനുകൂല്യങ്ങളോ നൽകിക്കൊണ്ട് തൊഴിലുടമ നമ്മളോടു പ്രത്യേകപരിഗണന കാണിക്കുമെന്നും നമ്മൾ പ്രതീക്ഷിക്കില്ല.—എഫെസ്യർ 6:5-8.
14. ഒരുമിച്ച് ബിസിനെസ്സ് ചെയ്യുന്ന ക്രിസ്ത്യാനികൾ ബുദ്ധിപൂർവം ഏതു മുൻകരുതൽ സ്വീകരിക്കുന്നു, എന്തുകൊണ്ട്?
14 വലിയ മുതൽമുടക്കോ വായ്പയോ ഉൾപ്പെടുന്ന ഒരു കൂട്ടുബിസിനെസ്സാണു നമ്മുടേതെങ്കിലോ? പ്രധാനപ്പെട്ടതും പ്രയോജനപ്രദവും ആയ ഒരു തത്ത്വം ബൈബിൾ നൽകുന്നുണ്ട്: എല്ലാ കാര്യങ്ങൾക്കും രേഖ ഉണ്ടാക്കുക! ഉദാഹരണത്തിന്, ഒരു നിലം വാങ്ങിയപ്പോൾ യിരെമ്യ അതിന്റെ ആധാരവും പകർപ്പും ഉണ്ടാക്കി. ആധാരം സാക്ഷികളെക്കൊണ്ട് ഒപ്പ് ഇടുവിച്ച് പിന്നീടുള്ള ഉപയോഗത്തിനായി ഭദ്രമായി സൂക്ഷിച്ചുവെച്ചു. (യിരെമ്യ 32:9-12; ഉൽപത്തി 23:16-20-ഉം കാണുക.) സഹാരാധകരുടെകൂടെ ബിസിനെസ്സ് ചെയ്യുമ്പോൾ, എല്ലാ വിശദാംശങ്ങളും സഹിതം ഒരു രേഖ ഉണ്ടാക്കി ഒപ്പിട്ട് സാക്ഷികളെ വെക്കുന്നത് അവരെ വിശ്വാസമില്ലാത്തതുകൊണ്ടാണെന്ന് അർഥമാക്കുന്നില്ല. നാളെയൊരിക്കൽ തെറ്റിദ്ധാരണ, നിരാശ, തമ്മിൽ പിരിഞ്ഞുപോകാൻ ഇടയാകുംവിധമുള്ള വിയോജിപ്പ് എന്നിവ ഉണ്ടാകാതിരിക്കാൻ അതു സഹായിക്കും. സഭയുടെ ഐക്യവും സമാധാനവും അപകടപ്പെടുത്തിക്കൊണ്ട് ചെയ്യാൻമാത്രം മൂല്യമുള്ള യാതൊരു ബിസിനെസ്സ് സംരംഭവുമില്ല എന്ന കാര്യം ഒരുമിച്ച് ബിസിനെസ്സ് ചെയ്യുന്ന ക്രിസ്ത്യാനികൾ മനസ്സിൽപ്പിടിക്കണം. b—1 കൊരിന്ത്യർ 6:1-8.
സത്യസന്ധത—സഭയ്ക്കു വെളിയിലുള്ളവരോട്
15. സത്യസന്ധമല്ലാത്ത ബിസിനെസ്സ് നടപടികളെ യഹോവ എങ്ങനെയാണു കാണുന്നത്, സർവസാധാരണമായ അത്തരം രീതികളോടുള്ള ബന്ധത്തിൽ ക്രിസ്ത്യാനികൾ ഏതു നിലപാടു സ്വീകരിക്കുന്നു?
15 ക്രിസ്ത്യാനികളുടെ സത്യസന്ധത സഭയിൽ മാത്രമായി ഒതുങ്ങിനിൽക്കുന്നില്ല. “എല്ലാത്തിലും സത്യസന്ധരായിരിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു” എന്നു പൗലോസ് പറയുകയുണ്ടായി. (എബ്രായർ 13:18) സഭയ്ക്കു വെളിയിലുള്ളവരുമായുള്ള ബിസിനെസ്സിന്റെ കാര്യത്തിലും നമ്മുടെ സ്രഷ്ടാവ് സത്യസന്ധതയ്ക്കു വലിയ പ്രാധാന്യം കൊടുക്കുന്നുണ്ട്. സുഭാഷിതങ്ങൾ എന്ന പുസ്തകത്തിൽത്തന്നെ, അളവുതൂക്കങ്ങളിൽ കൃത്യത പാലിക്കേണ്ടതിന്റെ പ്രാധാന്യം എടുത്തുകാണിക്കുന്ന പല പരാമർശങ്ങളുണ്ട്. (സുഭാഷിതങ്ങൾ 11:1; 20:10, 23) പുരാതനകാലത്ത് വ്യാപാരസാധനങ്ങളും അതു വാങ്ങാനുള്ള പണവും തൂക്കുന്നതിനായി കട്ടിയും ത്രാസ്സും ഉപയോഗിക്കുക പതിവായിരുന്നു. സത്യസന്ധരല്ലാത്ത വ്യാപാരികൾ ഉപഭോക്താക്കളെ വഞ്ചിക്കുന്നതിനായി രണ്ടു തരം കട്ടികളും കള്ളത്തുലാസും ഉപയോഗിച്ചിരുന്നു. c അത്തരം നടപടികൾ യഹോവയ്ക്കു വെറുപ്പാണ്! യഹോവയുടെ സ്നേഹത്തിൽ നിലനിൽക്കണമെങ്കിൽ, സത്യസന്ധമല്ലാത്ത അത്തരം നടപടികളെല്ലാം നമ്മൾ നിശ്ചയമായും ഒഴിവാക്കണം.
16, 17. സത്യസന്ധതയില്ലായ്മയുടെ ഏതെല്ലാം രൂപങ്ങൾ ഇന്നു സാധാരണമാണ്, സത്യക്രിസ്ത്യാനികൾ എന്തു ചെയ്യാൻ ദൃഢനിശ്ചയം ചെയ്തിരിക്കുന്നു?
16 സാത്താൻ ഭരിക്കുന്ന ഒരു ലോകത്തിൽ സത്യസന്ധതയില്ലായ്മ സർവസാധാരണമായിരിക്കുന്നതു നമ്മളെ ആശ്ചര്യപ്പെടുത്തുന്നില്ല. സത്യസന്ധമല്ലാത്ത വിധത്തിൽ പ്രവർത്തിക്കാനുള്ള പ്രലോഭനം അനുദിനം നമുക്ക് ഉണ്ടായേക്കാം. ജോലിക്ക് അപേക്ഷിക്കുമ്പോൾ യോഗ്യതകൾ പെരുപ്പിച്ചുകാണിക്കുന്നതും അനുഭവപരിചയത്തെപ്പറ്റി തെറ്റായ വിവരങ്ങൾ കൊടുക്കുന്നതും ഇക്കാലത്ത് വളരെ സാധാരണമാണ്. വിദേശരാജ്യങ്ങളിലേക്കു മാറിത്താമസിക്കൽ, നികുതി, ഇൻഷ്വറൻസ് തുടങ്ങിയ കാര്യങ്ങൾക്കായി ഫാറങ്ങൾ പൂരിപ്പിക്കുമ്പോൾ, കാര്യസാധ്യത്തിനായി സത്യസന്ധമല്ലാത്ത വിവരങ്ങൾ നൽകുന്നവരുടെ എണ്ണവും ഒട്ടും കുറവല്ല. ഇനി, വിദ്യാർഥികളുടെ കാര്യമെടുത്താലോ? പരീക്ഷയ്ക്കു കോപ്പിയടിക്കുകയും റിപ്പോർട്ടുകളും മറ്റും തയ്യാറാക്കേണ്ടിവരുമ്പോൾ ഇന്റർനെറ്റിലെ വിവരങ്ങൾ ശേഖരിച്ച് ‘സ്വന്തം കൃതി’ എന്ന മട്ടിൽ അവതരിപ്പിക്കുകയും ചെയ്യുന്നവരാണു പലരും. അഴിമതിക്കാരായ ഉദ്യോഗസ്ഥർക്കു കൈക്കൂലി കൊടുത്ത് കാര്യം കാണുന്ന ആളുകളുമുണ്ട്. “സ്വസ്നേഹികളും പണക്കൊതിയന്മാരും . . . നന്മ ഇഷ്ടപ്പെടാത്തവരും” തഴച്ചുവളരുന്ന ഒരു ലോകത്ത് ഇത്തരം സംഗതികൾ കണ്ടില്ലെങ്കിലേ അത്ഭുതപ്പെടാനുള്ളൂ!—2 തിമൊഥെയൊസ് 3:1-5.
17 ഇത്തരം കാര്യങ്ങൾ പാടേ ഒഴിവാക്കാൻ ദൃഢചിത്തരാണു സത്യക്രിസ്ത്യാനികൾ. എന്നാൽ സത്യസന്ധമല്ലാത്ത മാർഗങ്ങളിലൂടെ പോകുന്നവർ പലപ്പോഴും ഉന്നതങ്ങളിലെത്തുന്നതായി കാണുമ്പോൾ സത്യസന്ധത പാലിക്കുന്നതു ചിലപ്പോഴൊക്കെ ബുദ്ധിമുട്ടായി തോന്നിയേക്കാം. (സങ്കീർത്തനം 73:1-8) “എല്ലാത്തിലും” സത്യസന്ധരായിരിക്കാൻ ആഗ്രഹിക്കുന്നതുകൊണ്ട് ക്രിസ്ത്യാനികൾക്കു സാമ്പത്തികനഷ്ടങ്ങൾ നേരിടേണ്ടിവന്നേക്കാം. എന്തു നഷ്ടം സഹിച്ചും സത്യസന്ധത പാലിക്കുന്നതുകൊണ്ട് കാര്യമുണ്ടോ? തീർച്ചയായും! എന്തുകൊണ്ടാണ് അങ്ങനെ പറയുന്നത്? സത്യസന്ധതകൊണ്ട് ഏതെല്ലാം പ്രയോജനങ്ങളുണ്ട്?
സത്യസന്ധതയുടെ പ്രയോജനങ്ങൾ
18. സത്യസന്ധൻ എന്ന പേരുണ്ടായിരിക്കുന്നതുകൊണ്ടുള്ള പ്രയോജനം എന്താണ്?
18 സത്യസന്ധനും വിശ്വസിക്കാൻ കൊള്ളാവുന്നവനും എന്ന പേരുണ്ടായിരിക്കുന്നതു വലിയൊരു കാര്യമാണ്. (“ ഞാൻ എത്രത്തോളം സത്യസന്ധനാണ്?” എന്ന ചതുരം കാണുക.) ഒന്ന് ആലോചിച്ചുനോക്കൂ—അത്തരമൊരു സത്പേര് ആർക്കും നേടിയെടുക്കാം! അതു നിങ്ങളുടെ കഴിവുകൾ, പണം, സൗന്ദര്യം, സാമൂഹികപശ്ചാത്തലം എന്നിവയെയോ നിങ്ങളുടെ നിയന്ത്രണത്തിലല്ലാത്ത മറ്റ് ഏതെങ്കിലും ഘടകത്തെയോ ആശ്രയിച്ചിരിക്കുന്ന ഒരു കാര്യമല്ല. എന്നിട്ടും, സത്പേര് നേടിയെടുക്കാൻ പലരും പരാജയപ്പെടുന്നു. അതെ, സത്യസന്ധത ഇന്നു വിരളമാണ്. (മീഖ 7:2) സത്യസന്ധത കാണിക്കുമ്പോൾ ചിലർ നിങ്ങളെ പരിഹസിച്ചേക്കാം. എന്നാൽ മറ്റു ചിലർ അതു വിലമതിക്കുമെന്നു മാത്രമല്ല നിങ്ങളിൽ വിശ്വാസമർപ്പിക്കുകയും നിങ്ങളെ ആദരിക്കുകയും ചെയ്യും. സത്യസന്ധത കാരണം സാമ്പത്തികമായിപ്പോലും തങ്ങൾക്കു പ്രയോജനങ്ങൾ കിട്ടിയിട്ടുണ്ടെന്ന് യഹോവയുടെ സാക്ഷികളായ പലരും പറയുന്നു. സത്യസന്ധരല്ലാത്ത തൊഴിലാളികളെ പിരിച്ചുവിട്ടപ്പോൾ, സാക്ഷികളായ ചിലർക്കു ജോലിയിൽ തുടരാൻ കഴിഞ്ഞിരിക്കുന്നു. ഇനി, സത്യസന്ധരായ ജോലിക്കാരെ ആവശ്യമായിവന്നപ്പോൾ അവർക്കു ജോലി ലഭിച്ചിട്ടുമുണ്ട്.
19. സത്യസന്ധമായ ജീവിതം നമ്മുടെ മനസ്സാക്ഷിയെയും യഹോവയുമായുള്ള ബന്ധത്തെയും ബാധിക്കുന്നത് എങ്ങനെ?
19 നിങ്ങൾക്ക് ഇങ്ങനെയുള്ള അനുഭവങ്ങൾ ഉണ്ടായാലും ഇല്ലെങ്കിലും ഒരു കാര്യം ഓർക്കുക: സത്യസന്ധതയ്ക്ക് ഇതിലും മഹത്തായ പ്രയോജനങ്ങളുണ്ട്. നിങ്ങൾക്കു ശുദ്ധമായൊരു മനസ്സാക്ഷിയുണ്ടായിരിക്കുമെന്നതാണ് അതിലൊന്ന്. “ഞങ്ങളുടേത് ഒരു ശുദ്ധമനസ്സാക്ഷിയാണ് എന്നു ഞങ്ങൾക്ക് ഉറപ്പുണ്ട്” എന്നു പൗലോസ് എഴുതുകയുണ്ടായി. (എബ്രായർ 13:18) അതു മാത്രമല്ല, നിങ്ങളുടെ സത്പേര് സ്നേഹനിധിയായ നമ്മുടെ സ്വർഗീയപിതാവിന്റെ ശ്രദ്ധയിൽപ്പെടാതെ പോകില്ല. സത്യസന്ധരെയാണു ദൈവം സ്നേഹിക്കുന്നത്. (സങ്കീർത്തനം 15:1, 2; സുഭാഷിതങ്ങൾ 22:1 വായിക്കുക.) അതെ, ദൈവസ്നേഹത്തിൽ നിലനിൽക്കാൻ സത്യസന്ധത നമ്മളെ സഹായിക്കും, അതിൽപ്പരം നമുക്ക് എന്തു വേണം? സത്യസന്ധതയുമായി ബന്ധപ്പെട്ട മറ്റൊരു വിഷയമാണു നമ്മൾ അടുത്തതായി കാണാൻപോകുന്നത്: ജോലിയെക്കുറിച്ചുള്ള യഹോവയുടെ വീക്ഷണം.
a സഭയിൽ, മറ്റുള്ളവരെ ദ്രോഹിക്കുകയെന്ന ലക്ഷ്യത്തിൽ കടുത്ത നുണ പറയുന്നതു ശീലമാക്കുന്നവർക്കെതിരെ മൂപ്പന്മാർ നീതിന്യായനടപടികൾ സ്വീകരിച്ചേക്കാം.
b ബിസിനെസ്സിൽ അസ്വാരസ്യങ്ങളുണ്ടായാൽ എന്തു ചെയ്യണമെന്ന് അറിയാൻ അനുബന്ധത്തിൽ “ബിസിനെസ്സിനോടു ബന്ധപ്പെട്ട തർക്കങ്ങൾ പരിഹരിക്കൽ” എന്ന ഭാഗം കാണുക.
c വാങ്ങാനും വിൽക്കാനും അവർക്കു പ്രത്യേകംപ്രത്യേകം കട്ടികളുണ്ടായിരുന്നു, എങ്ങനെയായാലും ലാഭം തങ്ങൾക്കു കിട്ടുന്ന വിധത്തിലായിരുന്നു അവർ സാധനങ്ങൾ തൂക്കിയിരുന്നത്. ഉപഭോക്താവിനെ വഞ്ചിക്കാനായി ഒരു വശത്തെ തണ്ടിനു നീളക്കൂടുതലോ ഭാരക്കൂടുതലോ ഉള്ള ത്രാസ്സുകളും അവർ ഉപയോഗിച്ചിരുന്നിരിക്കാം.