പറുദീസ
നിർവ്വചനം: ബൈബിളിന്റെ ഗ്രീക്ക് സെപ്ററുവജിൻറ് ഭാഷാന്തരത്തിൽ അതിന്റെ വിവർത്തകർ ഏദൻതോട്ടത്തെ പരാമർശിക്കാൻ ഉചിതമായി “പറുദീസ” (പാരഡെയ്സോസ്) എന്ന പദം ഉപയോഗിച്ചു, എന്തുകൊണ്ടെന്നാൽ അത് പ്രത്യക്ഷത്തിൽ കെട്ടിയടച്ച ഒരു ഉദ്യാനമായിരുന്നു. ഉൽപത്തി പുസ്തകത്തിലെ വിവരണത്തിനുശേഷം പറുദീസയെപ്പററി പരാമർശിക്കുന്ന ബൈബിൾ വാക്യങ്ങൾ (1) ഏദൻതോട്ടത്തെ തന്നെ, അല്ലെങ്കിൽ (2) ഭാവിയിൽ പറുദീസാ അവസ്ഥകളിലാക്കപ്പെടുന്ന മുഴുഭൂമിയെയും, അല്ലെങ്കിൽ (3) ഭൂമിയിലെ ദൈവദാസൻമാർക്കിടയിലെ തഴച്ചുവളരുന്ന ആത്മീയാവസ്ഥകളെ, അല്ലെങ്കിൽ (4) ഏദനെപ്പററി ഒരുവനെ അനുസ്മരിപ്പിക്കുന്ന സ്വർഗ്ഗത്തിലെ കരുതലുകളെ അർത്ഥമാക്കുന്നു.
“പുതിയ നിയമം” ഒരു ഭാവി ഭൗമിക പറുദീസയെ പരാമർശിക്കുന്നുവോ അതോ അത് “പഴയ നിയമ”ത്തിൽ മാത്രമേ ഉളേളാ?
ബൈബിളിനെ രണ്ടു ഭാഗങ്ങളായി തിരിക്കുന്നതും ഒരു പ്രസ്താവന 2 തിമൊഥെയോസ് 3:16-ൽ നമ്മോട് ഇപ്രകാരം പറയപ്പെട്ടിരിക്കുന്നു: “എല്ലാ തിരുവെഴുത്തും ദൈവനിശ്വസ്തവും പ്രബോധനത്തിനും ശാസന നൽകുന്നതിനും കാര്യങ്ങൾ നേരെയാക്കുന്നതിനും പ്രയോജനകരവുമാകുന്നു.” “മുന്നെഴുതിയിരിക്കുന്നതെല്ലാം നമ്മുടെ പ്രബോധനത്തിനായി എഴുതപ്പെട്ടു” എന്ന് റോമർ 15:4 പറയുമ്പോൾ ക്രിസ്തീയ കാലത്തിനുമുമ്പുളള നിശ്വസ്ത എഴുത്തുകളെയാണ് അത് പരാമർശിക്കുന്നത്. അതുകൊണ്ട് ആ ചോദ്യത്തിനുളള ശരിയായ ഉത്തരം മുഴു ബൈബിളിനെയും കണക്കിലെടുക്കണം.
“പുതിയ” നിയമത്തിലാണോ “പഴയ” നിയമത്തിലാണോ കാണപ്പെടുന്നത് എന്നതിന്റെ അടിസ്ഥാനത്തിൽ അതിനെ വിലയിരുത്തുന്നതും തിരുവെഴുത്തുപരമല്ല.ഉൽപത്തി 2:8 ഇപ്രകാരം പ്രസ്താവിക്കുന്നു: “യഹോവയായ ദൈവം കിഴക്ക് ഏദനിൽ ഒരു തോട്ടം [“പാർക്ക്” Mo; “പറുദീസ” Dy; പാരദെയ്സോൺ, LXX] നട്ടുണ്ടാക്കി താൻ നിർമ്മിച്ച മനുഷ്യനെ [ആദാം] അവിടെ ആക്കി.” ആകർഷകങ്ങളായ സസ്യജന്തുജീവന്റെ സമൃദ്ധി അവിടെ ഉണ്ടായിരുന്നു. യഹോവ ആദ്യ മാനുഷ ജോടിയെ അനുഗ്രഹിച്ച് അവരോട് ഇങ്ങനെ പറഞ്ഞു: “നിങ്ങൾ സന്താനപുഷ്ടിയുളളവരായി പെരുകി ഭൂമിയെ നിറച്ച് അതിനെ കീഴടക്കി സമുദ്രത്തിലെ മൽസ്യത്തിൻമേലും ആകാശത്തിലെ പറവജാതിയിൻമേലും ഭൂമിയിൽ ചരിക്കുന്ന എല്ലാ ജന്തുക്കളിൻമേലും ആധിപത്യം പുലർത്തുക.” (ഉൽപ. 1:28) മുഴുഭൂമിയും വിലമതിപ്പോടെ തന്റെ നിയമങ്ങൾ അനുസരിക്കുന്ന ആളുകളെക്കൊണ്ട് നിറഞ്ഞ ഒരു പറുദീസ ആയിത്തീരണമെന്നുളള ദൈവത്തിന്റെ ആദിമോദ്ദേശ്യം നിവർത്തിയേറാതെ പോകയില്ല. (യെശ. 45:18; 55:10, 11) അതുകൊണ്ടാണ് “സൗമ്യതയുളളവർ സന്തുഷ്ടരാകുന്നു, കാരണം അവർ ഭൂമിയെ അവകാശമാക്കും” എന്ന് യേശു പറഞ്ഞത്. “സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവെ നിന്റെ നാമം വിശുദ്ധീകരിക്കപ്പെടണമേ, നിന്റെ രാജ്യം വരണമേ, നിന്റെ ഇഷ്ടം സ്വർഗ്ഗത്തിലെപ്പോലെ ഭൂമിയിലും നടക്കേണമേ” എന്ന് പ്രാർത്ഥിക്കാൻ അവൻ തന്റെ ശിഷ്യൻമാരെ പഠിപ്പിച്ചതും അതുകൊണ്ടായിരുന്നു. (മത്താ. 5:5; 6:9, 10) അതിനോടുളള യോജിപ്പിൽ “സ്വർഗ്ഗത്തിലുളളവയും ഭൂമിയിലുളളവയും വീണ്ടും ക്രിസ്തുയേശുവിൽ ഒന്നായി ചേർക്കുക” എന്നുളള ദൈവോദ്ദേശ്യം എഫേസ്യർ 1:9-11 വിശദീകരിക്കുന്നു. എബ്രായർ 2:5 “വരാനിരിക്കുന്ന നിവസിത ഭൂമിയെ” പരാമർശിക്കുന്നു. ക്രിസ്തുവിന്റെ കൂട്ടവകാശികൾ എന്ന നിലയിൽ “ഭൂമിയുടെമേൽ രാജാക്കൻമാരായി ഭരിക്കാനുളളവരെപ്പററി” വെളിപ്പാട് 5:10 പറയുന്നു. വെളിപ്പാട് 21:1-5-ഉം 22:1, 2-ഉം “പുതിയ ഭൂമിയിൽ” ഉണ്ടായിരിക്കുന്ന അവസ്ഥകളെപ്പററിയുളള ആകർഷകങ്ങളായ വിവരണങ്ങൾ കൂട്ടിച്ചേർക്കുന്നു; അത് ജീവന്റെ വൃക്ഷം സഹിതമുളള ഏദനിലെ ആദിമ പറുദീസയെപ്പററി ഒരുവനെ അനുസ്മരിപ്പിക്കുന്നു.—ഉൽപ. 2:9.
കൂടാതെ, തന്റെ വശത്ത് വധസ്തംഭത്തിൽ തൂക്കപ്പെടുകയും വരാനിരിക്കുന്ന തന്റെ രാജ്യത്തിൽ വിശ്വാസം പ്രകടമാക്കുകയും ചെയ്ത ദുഷ്പ്രവൃത്തിക്കാരനോട് സംസാരിച്ചപ്പോൾ യേശു ഭാവി ഭൗമിക പറുദീസയെ (ഗ്രീക്കിൽ, പാരഡെയസോസ്) പരാമർശിച്ചു. “അവൻ അവനോട്: ‘സത്യമായും ഇന്ന് ഞാൻ നിന്നോട് പറയുന്നു, നീ എന്നോടുകൂടെ പറുദീസയിലുണ്ടായിരിക്കും.’”—ലൂക്കോ. 23:43.
ലൂക്കോസ് 23:43-ലെ ദുഷ്പ്രവൃത്തിക്കാരനോടുളള തന്റെ പ്രസ്താവനയിൽ പറുദീസ എന്നതിനാൽ യേശു എന്താണ് അർത്ഥമാക്കിയത് എന്ന് നമുക്ക് എങ്ങനെ ഉറപ്പുണ്ടായിരിക്കാൻ കഴിയും?
അത് ഹേഡീസിന്റെ ഒരു ഭാഗമായി ‘മരിച്ചുപോയ നീതിമാൻമാർക്ക്’ വേണ്ടിയുളള ഒരു താൽക്കാലിക വാസസ്ഥലമായിരുന്നോ?
ആ വീക്ഷണത്തിന്റെ ഉത്ഭവമെവിടെ നിന്നാണ്? ദി ന്യൂ ഇൻറർനാഷണൽ ഡിക്ഷ്നറി ഓഫ് ന്യൂ റെറസ്ററമെൻറ് തിയോളജി ഇപ്രകാരം പ്രസ്താവിക്കുന്നു: “ദേഹിയുടെ അമർത്ത്യത സംബന്ധിച്ച ഗ്രീക്ക് വിശ്വാസം കടന്നുവന്നതോടുകൂടി പറുദീസ നീതിമാൻമാരുടെ ഒരു താൽക്കാലിക വാസസ്ഥലമായിത്തീരുന്നു.” (ഗ്രാൻറ് റാപ്പിഡ സ്, മിച്ചിഗൻ, 1976, കോളിൻ ബ്രൗണിനാൽ എഡിററ് ചെയ്യപ്പെട്ടത്, വാല്യം 2, പേ. 761) തിരുവെഴുത്തു വിരുദ്ധമായ ആ വീക്ഷണം യേശു ഭൂമിയിലായിരുന്നപ്പോൾ യഹൂദൻമാർക്കിടയിൽ സാധാരണമായിരുന്നോ? ഇത് സംശയാസ്പദമാണെന്ന് ഹേസ്ററിംഗിന്റെ ഡിക്ഷ്ണറി ഓഫ് ദി ബൈബിൾ സൂചിപ്പിക്കുന്നു.—(എഡിൻബർഗ്, 1905), വാല്യം III, പേ. 669, 670.
ഒന്നാം നൂററാണ്ടിലെ യഹൂദൻമാർക്കിടയിൽ ആ വീക്ഷണം സാധാരണമായിരുന്നെങ്കിൽകൂടി അനുതാപം പ്രകടമാക്കിയ ദുഷ്പ്രവൃത്തിക്കാരനോടുളള വാഗ്ദാനത്തിലൂടെ യേശു അത് ശരിവയ്ക്കുമായിരുന്നോ? ദൈവത്തിന്റെ വചനത്തോട് ചേർച്ചയിലല്ലാത്ത പാരമ്പര്യങ്ങൾ പഠിപ്പിച്ചതിന് യേശു യഹൂദപരീശൻമാരെയും ശാസ്ത്രിമാരെയും കഠിനമായി കുററം വിധിച്ചിരുന്നു.—മത്താ. 15:3-9; “ദേഹി” എന്ന മുഖ്യ ശീർഷകവും കൂടെ കാണുക.
പ്രവൃത്തികൾ 2:30, 31-ൽ കാണിച്ചിരിക്കുന്നതുപോലെ മരിച്ചപ്പോൾ യേശു ഹേഡീസിലേക്ക് പോവുകതന്നെ ചെയ്തു. (അവിടെ അപ്പോസ്തലനായ പത്രോസ് സങ്കീർത്തനം 16:10-നെ പരാമർശിക്കുകയിൽ ഷീയോൾ എന്ന പദത്തിന് പകരം ഹേഡീസ് എന്ന പദം ഉപയോഗിച്ചതായി ഉദ്ധരിക്കപ്പെട്ടിരിക്കുന്നു. എന്നാൽ ഷീയോൾ⁄ഹേഡീസ് അല്ലെങ്കിൽ അതിന്റെ ഏതെങ്കിലും ഭാഗം ഒരു വ്യക്തിക്ക് ഉല്ലാസം കൈവരുത്തുന്ന പറുദീസാ ആയിരിക്കുന്നതായി ബൈബിളിൽ ഒരിടത്തും പറഞ്ഞിട്ടില്ല. മറിച്ച് സഭാപ്രസംഗി 9:5, 10 പറയുന്നത് അവിടെ ആയിരിക്കുന്നവർക്ക് “യാതൊന്നിനെക്കുറിച്ചും ബോധമില്ല” എന്നാണ്.
ലൂക്കോസ് 23:43-ലെ പറുദീസ സ്വർഗ്ഗമോ സ്വർഗ്ഗത്തിന്റെ ഏതെങ്കിലും ഭാഗമോ ആയിരുന്നോ?
യേശു ദുഷ്പ്രവൃത്തിക്കാരനോട് സംസാരിച്ച അന്നുതന്നെ യേശുവും അയാളും സ്വർഗ്ഗത്തിലേക്ക് പോയി എന്ന വീക്ഷണത്തോട് ബൈബിൾ യോജിക്കുന്നില്ല. വധിക്കപ്പെട്ടശേഷം മൂന്നാം ദിവസംവരെ താൻ ഉയർപ്പിക്കപ്പെടുകയില്ല എന്ന് യേശു മുൻകൂട്ടിപ്പറഞ്ഞിരുന്നു. (ലൂക്കോ. 9:22) ആ മൂന്നുദിവസക്കാലം അവൻ സ്വർഗ്ഗത്തിലായിരുന്നില്ല, എന്തുകൊണ്ടെന്നാൽ തന്റെ പുനരുത്ഥാനത്തെ തുടർന്ന് അവൻ മഗ്ദലന മറിയയോട് പറഞ്ഞു: “ഞാൻ ഇതുവരെ പിതാവിന്റെ അടുക്കലേക്ക് കയറിപ്പോയിട്ടില്ല.” (യോഹ. 20:17) യേശുവിന്റെ പുനരുത്ഥാനശേഷം നാൽപതു ദിവസം കഴിഞ്ഞായിരുന്നു അവൻ സ്വർഗ്ഗാരോഹണം ചെയ്യാൻ തുടങ്ങുകയിൽ ഭൂമിയിൽ നിന്ന് ഉയർത്തപ്പെട്ടതായും അവരുടെ കാഴ്ചയിൽ നിന്ന് മറഞ്ഞതായും അവന്റെ ശിഷ്യൻമാർ കണ്ടത്.—പ്രവൃ. 1:3, 6-11.
പിന്നീട് പോലും ആ ദുഷ്പ്രവൃത്തിക്കാരൻ സ്വർഗ്ഗത്തിലേക്ക് പോകാനുളളവർക്ക് വേണ്ടിയുളള നിബന്ധനകളിൽ എത്തിച്ചേർന്നില്ല. ജലത്തിൽ സ്നാപനമേൽക്കുകയോ ദൈവാത്മാവിനാൽ ജനിപ്പിക്കപ്പെടുകയോ ചെയ്യാഞ്ഞതിനാൽ അവൻ “വീണ്ടും ജനി”ച്ചിരുന്നില്ല. ആ ദുഷ്പ്രവൃത്തിക്കാരൻ മരിച്ചശേഷം 50-ലധികം ദിവസങ്ങൾ കഴിഞ്ഞാണ് യേശുവിന്റെ ശിഷ്യൻമാരുടെമേൽ പരിശുദ്ധാത്മാവ് പകരപ്പെട്ടത്. (യോഹ. 3:3, 5; പ്രവൃ. 2:1-4) തന്റെ മരണദിവസം ‘തന്നോടൊപ്പം പരീക്ഷകളിൽ നിലനിന്നവരുമായി’ യേശു സ്വർഗ്ഗീയ രാജ്യത്തിനുവേണ്ടി ഒരു ഉടമ്പടി ചെയ്തിരുന്നു. ദുഷ്പ്രവൃത്തിക്കാരന് വിശ്വസ്തതയുടെ അത്തരം രേഖയൊന്നുമില്ലായിരുന്നു, അവൻ അതിൽ ഉൾപ്പെടുത്തപ്പെട്ടതുമില്ല.—ലൂക്കോ. 22:28-30.
ഈ പറുദീസ ഭൗമികമാണെന്ന് എന്തു ചൂണ്ടിക്കാണിക്കുന്നു?
എബ്രായ തിരുവെഴുത്തുകൾ വിശ്വസ്തരായ യഹൂദൻമാരെ ഒരു സ്വർഗ്ഗീയ പ്രതിഫലം പ്രതീക്ഷിക്കുന്നതിലേക്ക് ഒരിക്കലും നയിച്ചില്ല. ആ തിരുവെഴുത്തുകൾ ഇവിടെ ഭൂമിയിൽ പറുദീസ പുന:സ്ഥാപിക്കപ്പെടുന്നതിലേക്കാണ് വിരൽ ചൂണ്ടിയത്. “ആധിപത്യവും പ്രതാപവും രാജ്യവും” മശിഹായ്ക്ക് നൽകപ്പെട്ടു കഴിയുമ്പോൾ “ജനപദങ്ങളും ദേശീയ സംഘങ്ങളും ഭാഷക്കാരും അവനെ സേവിക്കും” എന്ന് ദാനിയേൽ 7:13, 14 മുൻകൂട്ടി പറഞ്ഞു. രാജ്യത്തിന്റെ ആ പ്രജകൾ ഇവിടെ ഭൂമിയിലായിരിക്കും. ആ സമയം വരുമ്പോൾ യേശു തന്നെ ഓർക്കുമെന്നുളള പ്രതീക്ഷയാണ് പ്രത്യക്ഷത്തിൽ ദുഷ്പ്രവൃത്തിക്കാരൻ യേശുവിനോടുളള തന്റെ വാക്കുകളിൽ പ്രകടമാക്കിയത്.
അപ്പോൾ യേശു എങ്ങനെയാണ് ആ ദുഷ്പ്രവൃത്തിക്കാരന്റെ കൂടെയായിരിക്കുന്നത്? അവനെ മരിച്ചവരുടെ ഇടയിൽനിന്ന് ഉയർപ്പിക്കുന്നതിനാലും അവന്റെ ഭൗതികാവശ്യങ്ങൾക്കുവേണ്ടി കരുതൽ ചെയ്യുന്നതിനാലും നിത്യജീവനുവേണ്ടിയുളള യഹോവയുടെ നിബന്ധനകൾ പഠിക്കുന്നതിനും അവയോട് പൊരുത്തപ്പെടുന്നതിനുമുളള അവസരം അവന് നീട്ടിക്കൊടുക്കുന്നതിനാലും തന്നെ. (യോഹ. 5:28, 29) ഭൗമിക ജീവനിലേക്കും പറുദീസയിൽ എന്നേക്കും ജീവിക്കുന്നതിനുളള യോഗ്യത തെളിയിക്കുന്നതിനുളള അവസരത്തിലേക്കും പുനരുത്ഥാനത്തിൽ വരുത്തപ്പെടുന്ന ദശലക്ഷക്കണക്കിനാളുകളിൽ അവനെയും കൂടെ ഉൾപ്പെടുത്തുന്നതിനുളള അടിസ്ഥാനം ആ ദുഷ്പ്രവൃത്തിക്കാരന്റെ അനുതാപത്തിലും ആദരപൂർവ്വകമായ മനോഭാവത്തിലും യേശു കണ്ടു.
ആ ദുഷ്പ്രവൃത്തിക്കാരൻ എന്നായിരിക്കും പറുദീസായിൽ ഉണ്ടായിരിക്കുക?
ലൂക്കോസ് 23:43 സംബന്ധിച്ച ഒരുവന്റെ ഗ്രാഹ്യം വിവർത്തകൻ ഉപയോഗിച്ച ചിഹ്നനങ്ങളാൽ സ്വാധീനിക്കപ്പെടുന്നു. മൂലഗ്രീക്ക് ബൈബിൾ കൈയെഴുത്തു പ്രതികളിൽ ചിഹ്നനങ്ങളൊന്നുമില്ലായിരുന്നു. ദി എൻസൈക്ലോപ്പീഡിയ അമേരിക്കാനാ (1956, വാല്യം XXIII, പേ. 16) ഇപ്രകാരം പ്രസ്താവിക്കുന്നു: “ഗ്രീക്കുകാരുടെ ആദിമ കൈയെഴുത്തുപ്രതികളിലും മററ് ലിഖിതങ്ങളിലും ചിഹ്നനങ്ങളുപയോഗിക്കാനുളള യാതൊരു ശ്രമവും ഉളളതായി കാണുന്നില്ല.” പൊ. യു. 9-ാം നൂററാണ്ടുവരെ അത്തരം ചിഹ്നനങ്ങളുടെ ഉപയോഗം നിലവിൽ വന്നില്ല. “സത്യമായും ഞാൻ നിന്നോടു പറയുന്നു, ഇന്ന് നീ എന്നോടുകൂടെ പറുദീസായിലായിരിക്കും” എന്നാണോ ലൂക്കോസ് 23:43 വായിക്കപ്പെടേണ്ടത്? (RS) അതോ അത് ‘സത്യമായും ഇന്നു ഞാൻ നിന്നോടു പറയുന്നു, നീ എന്നോടു കൂടെ പറുദീസയിലുണ്ടായിരിക്കും’ എന്നായിരിക്കണമോ? ഇതു തീരുമാനിക്കുന്നതിനുളള അടിസ്ഥാനം യേശു അത് പറഞ്ഞ് നൂററാണ്ടുകൾക്കുശേഷം കൂട്ടിച്ചേർക്കപ്പെട്ട ഒരു കോമാ അല്ല മറിച്ച് യേശുവിന്റെ പഠിപ്പിക്കലുകളും ശേഷം ബൈബിൾ ഭാഗങ്ങളുമായിരിക്കണം.
ജെ. ബി. റോഥർഹാം വിവർത്തനം ചെയ്ത ദി എംഫസൈസ്ഡ് ബൈബിൾ പുതിയലോകഭാഷാന്തരത്തിന്റെ ചിഹ്നന ഉപയോഗത്തോട് യോജിക്കുന്നു. ജർമ്മൻ ബൈബിൾ വിവർത്തകനായ എൽ. റെയിൻഹാർട്ട് ലൂക്കോസ് 23:43-ന്റെ ഒരു അടിക്കുറിപ്പിൽ ഇപ്രകാരം പറയുന്നു: “ഈ വാക്യത്തിൽ ഇന്ന് [മിക്ക ഭാഷാന്തരക്കാരും] ചിഹ്നനം ഉപയോഗിക്കുന്ന രീതി തെററും ക്രിസ്തുവിന്റെയും ദുഷ്പ്രവൃത്തിക്കാരന്റെയും മുഴു ചിന്താഗതിക്കും വിപരീതവുമാണ് എന്നുളളതിന് സംശയമില്ല. . . . [ക്രിസ്തു] തീർച്ചയായും പറുദീസായെ മരിച്ചവരുടെ മണ്ഡലത്തിന്റെ ഒരു ഭാഗമായി മനസ്സിലാക്കിയില്ല, മറിച്ച് അത് ഭൂമിയിലെ പുനഃസ്ഥാപിക്കപ്പെട്ട പറുദീസയായിതന്നെ മനസ്സിലാക്കി.”
യേശു തന്റെ ‘രാജ്യത്തിൽ പ്രവേശിക്കുകയും’ ഭൂമി ഒരു പറുദീസയാക്കാനുളള തന്റെ പിതാവിന്റെ ഇഷ്ടം നിവർത്തിക്കുകയും ചെയ്യുന്നത് എപ്പോഴായിരിക്കും? ലൂക്കോസ് 23:42, 43-ൽ രേഖപ്പെടുത്തിയിരിക്കുന്ന പ്രസ്താവനകൾ ചെയ്ത് ഏതാണ്ട് 63 വർഷങ്ങൾക്കുശേഷം എഴുതപ്പെട്ട വെളിപ്പാട് പുസ്തകം ഈ സംഭവങ്ങൾ അപ്പോഴും ഭാവിയിൽ സംഭവിക്കാനുളളതായിരുന്നു എന്ന് സൂചിപ്പിക്കുന്നു. (“തീയതികൾ” എന്നതിൻ കീഴിൽ 95-98 പേജുകളും “അന്ത്യനാളുകൾ” എന്ന മുഖ്യ ശീർഷകവും കാണുക.)