ആരാണ് സ്വർഗത്തിൽ പോകുന്നത്?
ബൈബിളിന്റെ ഉത്തരം
ഒരു നിശ്ചിത എണ്ണത്തിലുള്ള വിശ്വസ്തരായ ക്രിസ്ത്യാനികളെ ദൈവം തിരഞ്ഞെടുക്കുകയും അവരുടെ മരണശേഷം സ്വർഗത്തിൽ ജീവിക്കാനായി പുനരുത്ഥാനപ്പെടുത്തുകയും ചെയ്യുന്നു. (1 പത്രോസ് 1:3, 4) ഒരിക്കൽ അവരെ തിരഞ്ഞെടുത്തുകഴിഞ്ഞാൽ അവരുടെ സ്വർഗീയ അവകാശം നഷ്ടപ്പെടാതിരിക്കുന്നതിന്, അവർ ക്രിസ്തീയ വിശ്വാസം ശക്തമാക്കി നിലനിറുത്തുകയും ശുദ്ധമായ ജീവിതം നയിക്കുകയും ചെയ്യണം.—എഫെസ്യർ 5:5; ഫിലിപ്പിയർ 3:12-14.
സ്വർഗത്തിൽ പോകുന്നവർ അവിടെ എന്തായിരിക്കും ചെയ്യുന്നത്?
അവർ രാജാവും പുരോഹിതന്മാരും എന്ന നിലയിൽ യേശുവിനോടൊപ്പം 1,000 വർഷം ഭരിക്കും. (വെളിപാട് 5:9, 10; 20:6) അവർ ‘പുതിയ ഭൂമിയെ’ (ഭൂമിയിലെ മനുഷ്യസമൂഹത്തെ) ഭരിക്കുന്ന ‘പുതിയ ആകാശം’ (സ്വർഗീയ ഗവൺമെന്റ്) ആയിരിക്കും. ആ സ്വർഗീയ ഭരണാധികാരികൾ ദൈവം ആദ്യം ഉദ്ദേശിച്ചതുപോലെ നീതി വസിക്കുന്ന അവസ്ഥയിലേക്ക് മനുഷ്യകുടുംബത്തെ പുനഃസ്ഥിതീകരിക്കുന്നതിൽ ഒരു പങ്കു വഹിക്കും.—യശയ്യ 65:17; 2 പത്രോസ് 3:13.
എത്ര പേർ സ്വർഗത്തിൽ പോകും?
1,44,000 പേർക്ക് സ്വർഗീയപുനരുത്ഥാനം ലഭിക്കുമെന്ന് ബൈബിൾ പറയുന്നു. (വെളിപാട് 7:4) വെളിപാട് 14:1-3-ൽ രേഖപ്പെടുത്തിയിരിക്കുന്ന ദർശനത്തിൽ സീയോൻ മലയിൽ കുഞ്ഞാടിനോടൊപ്പം 1,44,000 പേർ നിൽക്കുന്നതായി അപ്പോസ്തലനായ യോഹന്നാൻ കണ്ടു. ഇതിലെ കുഞ്ഞാട് പുനരുത്ഥാനപ്പെട്ട യേശുവിനെയാണ് അർഥമാക്കുന്നത്. (യോഹന്നാൻ 1:29; 1 പത്രോസ് 1:19) ‘സീയോൻ പർവ്വതം’ യേശുവിന്റെയും ഒപ്പം ഭരിക്കുന്ന 1,44,000 പേരുടെയും ഉന്നതമായ സ്ഥാനത്തെ സൂചിപ്പിക്കുന്നു.—സങ്കീർത്തനം 2:6; എബ്രായർ 12:22.
ക്രിസ്തുവിനോടൊപ്പം ഭരിക്കുന്ന “വിളിക്കപ്പെട്ടവരും തിരഞ്ഞെടുക്കപ്പെട്ടവരും” ആയവരെ ‘ചെറിയ ആട്ടിൻകൂട്ടം’ എന്നാണ് വിളിച്ചിരിക്കുന്നത്. (വെളിപാട് 17:14; ലൂക്കോസ് 12:32) യേശുവിന്റെ മുഴുവൻ ആട്ടിൻകൂട്ടത്തോടുമുള്ള താരതമ്യത്തിൽ അവരുടെ എണ്ണം കുറവായിരിക്കുമെന്ന് ഇതു കാണിക്കുന്നു.—യോഹന്നാൻ 10:16.
സ്വർഗത്തിൽ പോകുന്നവരെക്കുറിച്ചുള്ള തെറ്റിദ്ധാരണകൾ
തെറ്റിദ്ധാരണ: എല്ലാ നല്ല ആളുകളും സ്വർഗത്തിൽ പോകും.
വസ്തുത: ഭൂരിപക്ഷം വരുന്ന എല്ലാ നല്ല ആളുകൾക്കും ഭൂമിയിൽ എന്നുമെന്നേക്കുമുള്ള ജീവിതമാണു ദൈവം വാഗ്ദാനം ചെയ്തിരിക്കുന്നത്.—സങ്കീർത്തനം 37:11, 29, 34.
‘ഒരു മനുഷ്യനും സ്വർഗത്തിൽ കയറിയിട്ടില്ല’ എന്ന് യേശു പറഞ്ഞു. (യോഹന്നാൻ 3:13) അതായത് അബ്രാഹാം, മോശ, ഇയ്യോബ്, ദാവീദ് തുടങ്ങി തനിക്കു മുമ്പേ മരിച്ചുപോയിട്ടുള്ള നല്ല ആളുകൾ സ്വർഗത്തിൽ പോയിട്ടില്ലെന്ന് യേശു അതിലൂടെ വ്യക്തമാക്കി. (പ്രവൃത്തികൾ 2:29, 34) പകരം ഭൂമിയിൽ വീണ്ടും ജീവിക്കാനുള്ള പ്രത്യാശയാണ് അവർക്കുള്ളത്.—ഇയ്യോബ് 14:13-15.
സ്വർഗീയജീവനിലേക്കുള്ള പുനരുത്ഥാനത്തെ ‘ഒന്നാമത്തെ പുനരുത്ഥാനം’ എന്നു വിളിച്ചിരിക്കുന്നു. (വെളിപാട് 20:6) ഇതു സൂചിപ്പിക്കുന്നത് മറ്റൊരു പുനരുത്ഥാനം ഉണ്ടാകുമെന്നാണ്, അതായത് ചില ആളുകൾ ഭൂമിയിലേക്കു പുനരുത്ഥാനം പ്രാപിച്ചുവരും.
ദൈവരാജ്യഭരണത്തിൻകീഴിൽ, “മരണം ഉണ്ടായിരിക്കില്ല” എന്ന് ബൈബിൾ പറയുന്നു. (വെളിപാട് 21:3, 4) സ്വർഗത്തിൽ മരണം ഇല്ലാത്തതിനാൽ ഈ പ്രവചനം ഭൂമിയിലെ ജീവിതത്തെക്കുറിച്ചുള്ളതാണെന്നു വ്യക്തം.
തെറ്റിദ്ധാരണ: സ്വർഗത്തിലാണോ ഭൂമിയിലാണോ ജീവിക്കേണ്ടതെന്ന് ഓരോ വ്യക്തിക്കും തിരഞ്ഞെടുക്കാം.
വസ്തുത: ‘സ്വർഗീയവിളിയെന്ന സമ്മാനം’ തന്റെ വിശ്വസ്തദാസന്മാരിൽ ആർക്കു കൊടുക്കണമെന്ന് ദൈവമാണ് തീരുമാനിക്കുന്നത്. (ഫിലിപ്പിയർ 3:14) മനുഷ്യരുടെ വ്യക്തിപരമായ ആഗ്രഹാഭിലാഷങ്ങളുടെ അടിസ്ഥാനത്തിലല്ല ദൈവം ആളുകളെ തിരഞ്ഞെടുക്കുന്നത്.—മത്തായി 20:20-23.
തെറ്റിദ്ധാരണ: സ്വർഗത്തിൽ ജീവിക്കാൻ അർഹരല്ലാത്തവരെയാണ് ഭൂമിയിൽ ജീവിക്കാൻ അനുവദിക്കുന്നത്. ആ അർഥത്തിൽ ഭൂമിയിലെ എന്നുമെന്നേക്കുമുള്ള ജീവിതം തരംതാഴ്ന്നതാണ്.
വസ്തുത: ഭൂമിയിൽ എന്നെന്നും ജീവിതം ആസ്വദിക്കാനിരിക്കുന്നവരെ ‘എന്റെ ജനം,’ ‘ഞാൻ തിരഞ്ഞെടുത്തവർ,’ ‘യഹോവ അനുഗ്രഹിച്ചവർ’ എന്നൊക്കെയാണ് ദൈവം വിളിച്ചിരിക്കുന്നത്. (യശയ്യ 65:21-23) മനുഷ്യവർഗം പറുദീസാഭൂമിയിൽ പൂർണതയോടെ എന്നുമെന്നേക്കും ജീവിക്കുക എന്നതാണ് ദൈവത്തിന്റെ ആദിമോദ്ദേശ്യം. അതു നിറവേറ്റാനുള്ള അനുപമ പദവിയായിരിക്കും അവർക്കുള്ളത്.—ഉൽപത്തി 1:28; സങ്കീർത്തനം 115:16; യശയ്യ 45:18.
തെറ്റിദ്ധാരണ: വെളിപാടിൽ പറഞ്ഞിട്ടുള്ള 1,44,000 എന്ന സംഖ്യ ആലങ്കാരികമാണ്, അക്ഷരാർഥമല്ല.
വസ്തുത: വെളിപാടിൽ, ആലങ്കാരികാർഥത്തിൽ ചില സംഖ്യകളെക്കുറിച്ച് പറഞ്ഞിട്ടുണ്ടെങ്കിലും, എല്ലാം അങ്ങനെയല്ല. ഉദാഹരണത്തിന്, ‘കുഞ്ഞാടിന്റെ 12 അപ്പൊസ്തലന്മാരുടെ 12 പേരുകളെക്കുറിച്ച്’ പറഞ്ഞിരിക്കുന്നു. (വെളിപാട് 21:14) ഇതനുസരിച്ച് 1,44,000 എന്ന സംഖ്യയും അക്ഷരാർഥത്തിലുള്ളതാണെന്ന് ന്യായമായും നിഗമനം ചെയ്യാവുന്നതാണ്.
വെളിപാട് 7:4-ൽ “മുദ്ര ലഭിച്ചവർ (സ്വർഗീയജീവൻ ഉറപ്പായവർ) ആകെ 1,44,000” പേരാണെന്ന് രേഖപ്പെടുത്തിയിരിക്കുന്നു. അവരെ അടുത്ത വാക്യത്തിൽ, “ആർക്കും എണ്ണിത്തിട്ടപ്പെടുത്താൻ കഴിയാത്ത ഒരു മഹാപുരുഷാരം” എന്ന രണ്ടാമതൊരു ഗണത്തോടാണു താരതമ്യം ചെയ്തിരിക്കുന്നത്. അവിടെ പറഞ്ഞിട്ടുള്ള ‘മഹാപുരുഷാരവും’ ദൈവത്തിൽനിന്നുള്ള രക്ഷ നേടുന്നവരാണ്. (വെളിപാട് 7:9, 10) 1,44,000 എന്ന സംഖ്യ ആലങ്കാരികമായ അർഥത്തിലുള്ളതാണെങ്കിൽ, അതിനെ എണ്ണം തിട്ടപ്പെടുത്താൻ കഴിയാത്ത ഒരു കൂട്ടവുമായി താരതമ്യം ചെയ്യാനാകില്ല. അങ്ങനെ ചെയ്താൽ അവ തമ്മിലുള്ള താരതമ്യത്തിന് അർഥമില്ലാതാകും. a
കൂടാതെ 1,44,000 വരുന്ന അംഗങ്ങളെ ‘ആദ്യഫലമായി മനുഷ്യവർഗത്തിൽനിന്ന് വിലയ്ക്കു വാങ്ങിയവർ’ എന്ന് വർണിച്ചിരിക്കുന്നു. (വെളിപാട് 14:4) ഇതിൽ ‘ആദ്യഫലം’ എന്ന പദപ്രയോഗം, തിരഞ്ഞെടുത്ത ചെറിയ ഒരു പ്രതിനിധിസംഘത്തെയാണ് കുറിക്കുന്നത്. അതു ഭൂമിയിലെ എണ്ണമറ്റ പ്രജകളുടെ മേൽ ക്രിസ്തുവിനോടൊപ്പം ഭരിക്കാനിരിക്കുന്ന വ്യക്തികളെ വ്യക്തമായി തിരിച്ചറിയിക്കുന്നു.—വെളിപാട് 5:10.
a സമാനമായി വെളിപാട് 7:4-ൽ പറഞ്ഞിരിക്കുന്ന 1,44,000 എന്ന സംഖ്യയെക്കുറിച്ച് പ്രൊഫസർ റോബർട്ട് എൽ. തോമസ് ഇങ്ങനെ എഴുതി: “ഇവിടെ പറഞ്ഞിരിക്കുന്ന നിശ്ചിത സംഖ്യ വെളിപാട് 7:9-ൽ പറഞ്ഞിരിക്കുന്ന എണ്ണം തിട്ടപ്പെടുത്താൻ കഴിയാത്ത ഒരു സംഖ്യയോട് താരതമ്യം ചെയ്തിരിക്കുന്നു. ആ എണ്ണവും ആലങ്കാരികാർഥത്തിലാണ് എടുക്കേണ്ടതെങ്കിൽ ഈ പുസ്തകത്തിൽ പറഞ്ഞിരിക്കുന്ന ഒരു അക്കവും അക്ഷരാർഥത്തിൽ എടുക്കാൻ കഴിയില്ല.”—വെളിപാട് 1–7, ഒരു സ്പഷ്ടമായ വ്യാഖ്യാനം (ഇംഗ്ലീഷ്) പേജ് 474.