കുടുംബസന്തുഷ്ടിയുടെ രഹസ്യം
വിശ്വാസം വീണ്ടെടുക്കാൻ
സ്റ്റീഫൻ a: “ജൂഡി എന്നെ വഞ്ചിക്കുമെന്ന് സ്വപ്നത്തിൽപ്പോലും ഞാൻ ചിന്തിച്ചിരുന്നില്ല. അവളിലുള്ള വിശ്വാസം എനിക്കു പാടേ നഷ്ടമായി. അവളോട് ക്ഷമിക്കുന്ന കാര്യം എനിക്ക് ചിന്തിക്കാനേ പറ്റില്ലായിരുന്നു.”
ജൂഡി: “അദ്ദേഹത്തിന് എന്റെ മേലുള്ള വിശ്വാസം നഷ്ടമായത് എന്തുകൊണ്ടാണെന്ന് എനിക്കറിയാം. അനേകവർഷങ്ങളെടുത്തു ആ വിശ്വാസം വീണ്ടെടുക്കാൻ.”
ഇണ വ്യഭിചാരം ചെയ്താൽ ബന്ധം വേർപെടുത്തണോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം ബൈബിൾ നൽകുന്നുണ്ട്. b (മത്തായി 19:9) നാം തുടക്കത്തിൽ കണ്ട സ്റ്റീഫന്റെ തീരുമാനം ഭാര്യയെ ഉപേക്ഷിക്കേണ്ട എന്നായിരുന്നു. തങ്ങളുടെ വിവാഹജീവിതവുമായി മുന്നോട്ടുപോകാൻ ഇരുവരും തീരുമാനിച്ചു. എന്നിരുന്നാലും ഒന്നിച്ചു ജീവിക്കുന്നത് പഴയതുപോലെ അത്ര എളുപ്പമായിരിക്കില്ലെന്ന് വൈകാതെ ഇരുവരും മനസ്സിലാക്കി. കാരണം, ജൂഡിയുടെ അവിശ്വസ്തത അവർക്കിടയിലുള്ള പരസ്പര വിശ്വാസം തകർത്തിരുന്നു. പരസ്പര വിശ്വാസമാണ് സന്തുഷ്ടദാമ്പത്യത്തിന്റെ ഒരു അവശ്യഘടകം. അതുകൊണ്ട് നഷ്ടമായ ആ വിശ്വാസം വീണ്ടെടുക്കാൻ അവർ ഇരുവരും കഠിനശ്രമം ചെയ്യേണ്ടിയിരുന്നു.
വ്യഭിചാരംപോലെ ഗുരുതരമായ ഒരു പ്രശ്നത്തിനു ശേഷവും വിവാഹജീവിതവുമായി മുന്നോട്ടുപോകാൻ നിങ്ങളും ഇണയും ആഗ്രഹിക്കുന്നുണ്ടായിരിക്കാം. പക്ഷേ അത് അത്ര എളുപ്പമായിരിക്കില്ല; വിശേഷിച്ചും സംഭവം അറിഞ്ഞ് ആദ്യത്തെ കുറെ നാളുകളിൽ. പക്ഷേ നിങ്ങൾക്കു വിജയിക്കാനാകും! വിശ്വാസം വീണ്ടെടുക്കാൻ നിങ്ങൾക്ക് എങ്ങനെ കഴിയും? ബൈബിളിലെ ജ്ഞാനമൊഴികൾ നിങ്ങളെ അതിനു സഹായിക്കും. നാലുനിർദേശങ്ങൾ നോക്കുക.
1 സത്യസന്ധരായിരിക്കുക.
‘നിങ്ങളിപ്പോൾ വ്യാജം ഉപേക്ഷിച്ചിരിക്കെ സത്യം സംസാരിക്കണം’ എന്ന് അപ്പൊസ്തലനായ പൗലോസ് എഴുതി. (എഫെസ്യർ 4:25) നുണയും അർധസത്യങ്ങളും മിണ്ടാവ്രതവും ഒക്കെ വിശ്വാസം നശിപ്പിക്കും. അതുകൊണ്ട് നിങ്ങൾ ഇരുവരും സത്യസന്ധമായി കാര്യങ്ങൾ തുറന്നു സംസാരിക്കണം.
ആദ്യമൊക്കെ ഇതേക്കുറിച്ച് സംസാരിക്കുന്നത് നിങ്ങൾക്കും ഇണയ്ക്കും ബുദ്ധിമുട്ടായിരിക്കാം. എങ്കിലും
അധികം താമസിയാതെ സംഭവിച്ചതിനെക്കുറിച്ച് പരസ്പരം തുറന്ന് സംസാരിക്കണം. എല്ലാ വിശദാംശങ്ങളും ചർച്ച ചെയ്യേണ്ടെന്ന് നിങ്ങൾ തീരുമാനിച്ചേക്കാം; പക്ഷേ ആ വിഷയത്തെക്കുറിച്ചുതന്നെ സംസാരിക്കേണ്ട എന്നു തീരുമാനിക്കുന്നത് ബുദ്ധിയായിരിക്കില്ല. “തുടക്കത്തിൽ ആ സംഭവത്തെക്കുറിച്ച് എനിക്കു സംസാരിക്കാനേ കഴിഞ്ഞിരുന്നില്ല; അത് ഞാൻ വെറുത്തിരുന്നു,” മുകളിൽ പരാമർശിച്ച ജൂഡി പറയുന്നു. “ചെയ്തുപോയതിൽ എനിക്കു വളരെ മനസ്താപമുണ്ടായിരുന്നു. ആ അധ്യായം അടച്ചുവെച്ച് എല്ലാം മറന്നുകളയാനാണ് ഞാൻ ശ്രമിച്ചത്.” എന്നാൽ തുറന്നു സംസാരിക്കാതിരുന്നത് കാര്യങ്ങൾ വഷളാക്കിയതേയുള്ളൂ. സ്റ്റീഫൻ പറയുന്നു: “ജൂഡി ഇതേക്കുറിച്ചു സംസാരിക്കാതിരുന്നപ്പോൾ എന്റെ സംശയം വർധിച്ചു.” ജൂഡിതന്നെ ഖേദപൂർവം സമ്മതിക്കുന്നു: “അദ്ദേഹത്തോട് കാര്യങ്ങൾ തുറന്നു സംസാരിക്കാതിരുന്നതിനാൽ എല്ലാം കലങ്ങിത്തെളിയാൻ ഏറെ സമയം വേണ്ടിവന്നു.”വിശ്വാസവഞ്ചനയെക്കുറിച്ച് തുറന്നു ചർച്ചചെയ്യുന്നത് അത്ര എളുപ്പമല്ല എന്നത് ഒരു യാഥാർഥ്യംതന്നെയാണ്. പീറ്റർ തന്റെ സെക്രട്ടറിയുമായി അവിഹിതബന്ധത്തിൽ ഏർപ്പെട്ടതിനെക്കുറിച്ച് അറിഞ്ഞപ്പോൾ ഭാര്യ സൂസന് തോന്നിയത് ഇങ്ങനെയാണ്: “ഒരുപിടി ചോദ്യങ്ങളായിരുന്നു എന്റെ ഉള്ളിൽ. എങ്ങനെ ഇത് സംഭവിച്ചു? എന്തിനായിരുന്നു ഇത്? അവരുടെ സംഭാഷണം എങ്ങനെയാണ് വഴിമാറിയത്? ഇതേക്കുറിച്ചെല്ലാം ചിന്തിച്ച് എനിക്കാകെ ഭ്രാന്തുപിടിക്കുമായിരുന്നു. ദിവസങ്ങൾ കഴിയുന്തോറും എന്റെ മനസ്സിൽ ചോദ്യങ്ങൾ കൂടിയതേയുള്ളൂ.” പീറ്റർ പറയുന്നു: “സംഭാഷണത്തിനിടെ പലപ്പോഴും ഞങ്ങൾക്കിടയിൽ വാക്കുതർക്കങ്ങൾ ഉണ്ടായിട്ടുണ്ട്. പക്ഷേ പിന്നീട് ഞങ്ങൾ പരസ്പരം ക്ഷമ ചോദിക്കുമായിരുന്നു. അങ്ങനെ സത്യസന്ധമായി തുറന്നു സംസാരിച്ചതാണ് പരസ്പരം കൂടുതൽ അടുക്കാൻ ഞങ്ങളെ സഹായിച്ചത്.”
ഇത്തരം ചർച്ചകൾക്കിടയിലെ പിരിമുറുക്കം കുറയ്ക്കാൻ നിങ്ങൾക്ക് എന്തു ചെയ്യാനാകും? ഇതു മനസ്സിൽപ്പിടിക്കുക: ഇണയെ ശിക്ഷിക്കുക എന്നതല്ല മറിച്ച് സംഭവിച്ച ദുരന്തത്തിൽനിന്ന് പാഠം ഉൾക്കൊണ്ട് ദാമ്പത്യം വീണ്ടും കരുത്തുറ്റതാക്കുക എന്നതാണ് നിങ്ങളുടെ ലക്ഷ്യം. ഉദാഹരണത്തിന്, മൈക്കലിന്റെയും ഭാര്യ സാറയുടെയും അനുഭവം നോക്കുക. മൈക്കൽ അവിശ്വസ്തത കാണിച്ചതിനെത്തുടർന്ന് തങ്ങളുടെ ദാമ്പത്യത്തിൽ ഉണ്ടായിരുന്ന പാളിച്ചകൾ എന്തായിരുന്നെന്ന് വിശകലനം ചെയ്യാൻ അവർ തീരുമാനിച്ചു. മൈക്കൽ പറയുന്നു: “എന്റെ ഇഷ്ടങ്ങൾക്കാണ് ഞാൻ എപ്പോഴും മുൻതൂക്കം നൽകിയിരുന്നത്. മറ്റുള്ളവരെ പ്രീതിപ്പെടുത്തുന്നതിലും അവരുടെ ഇഷ്ടങ്ങൾ സാധിച്ചുകൊടുക്കുന്നതിലും മാത്രമായിരുന്നു എന്റെ ശ്രദ്ധ മുഴുവൻ. അങ്ങനെയായപ്പോൾ ഭാര്യയോടൊപ്പം ചെലവഴിക്കാൻ എനിക്കു വളരെ കുറച്ചു സമയമേ ലഭിച്ചിരുന്നുള്ളൂ.” ഇതു തിരിച്ചറിഞ്ഞത് മൈക്കലിനെയും സാറയെയും വളരെയധികം സഹായിച്ചു. വേണ്ട മാറ്റങ്ങൾ വരുത്താനും ക്രമേണ അവരുടെ ദാമ്പത്യം ബലിഷ്ഠമാക്കാനും അവർക്കായി.
ഇതു ശ്രമിച്ചുനോക്കൂ: നിങ്ങളാണ് അവിശ്വസ്തത കാണിച്ചതെങ്കിൽ ന്യായീകരണങ്ങൾ നിരത്തുകയോ ഇണയുടെമേൽ കുറ്റം ആരോപിക്കുകയോ ചെയ്യരുത്. ചെയ്ത തെറ്റിന്റെയും ഉളവായ ഹൃദയവേദനയുടെയും ഉത്തരവാദിത്വം സ്വയം ഏൽക്കുക. ഇനി, ഇണയാണ് അവിശ്വസ്തത കാണിച്ചതെങ്കിൽ അവരുടെ നേരെ ആക്രോശിക്കുകയോ അസഭ്യം ചൊരിയുകയോ ചെയ്യരുത്. അത്തരം സംഭാഷണം ഒഴിവാക്കുന്നെങ്കിൽ കാര്യങ്ങൾ തുറന്നു പറയാൻ ഇണയ്ക്ക് എളുപ്പമായിരിക്കും.—എഫെസ്യർ 4:32.
2 ഒറ്റക്കെട്ടായി ശ്രമിക്കുക.
“ഒരുവനെക്കാൾ ഇരുവർ ഏറെ നല്ലത്,” ബൈബിൾ പറയുന്നു. കാരണം, “അവർക്കു തങ്ങളുടെ പ്രയത്നത്താൽ നല്ല പ്രതിഫലം കിട്ടുന്നു. വീണാൽ ഒരുവൻ മറ്റേവനെ എഴുന്നേല്പിക്കും.” (സഭാപ്രസംഗി 4:9, 10) വിശ്വാസം വീണ്ടെടുക്കാൻ കഠിനശ്രമം ചെയ്യുമ്പോൾ ഈ തത്ത്വം വിശേഷാൽ സത്യമാണ്.
നിങ്ങൾ ഇരുവരും ഒറ്റക്കെട്ടായി ശ്രമിക്കുന്നെങ്കിൽ നഷ്ടമായ ആ വിശ്വാസം വീണ്ടെടുക്കാനാകും. ദാമ്പത്യം സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം ഇരുവർക്കും ഉണ്ട് എന്ന കാര്യം മറക്കരുത്. നിങ്ങൾ തനിയെ ശ്രമിക്കുകയാണെങ്കിൽ കൂടുതൽ പ്രശ്നങ്ങൾക്ക് അത് ഇടയാക്കിയേക്കാം. ഇരുവരും ഇണയെ ഒരു പങ്കാളിയായി കണക്കാക്കണം.
സ്റ്റീഫനും ജൂഡിയും അതു ശരിവെക്കുന്നു. “സമയമെടുത്തെങ്കിലും ഞങ്ങളുടെ ബന്ധം വിളക്കിച്ചേർക്കാൻ ഞാനും അദ്ദേഹവും ഒറ്റക്കെട്ടായി ശ്രമിച്ചു. വീണ്ടുമൊരിക്കലും അദ്ദേഹത്തെ വേദനിപ്പിക്കില്ലെന്ന് ഞാൻ നിശ്ചയിച്ചുറച്ചു. എന്റെ പ്രവൃത്തി അദ്ദേഹത്തെ വളരെ മുറിപ്പെടുത്തിയെങ്കിലും വിവാഹബന്ധം ശിഥിലമാകാൻ അദ്ദേഹം അനുവദിച്ചില്ല. ഓരോ ദിവസവും അദ്ദേഹത്തോടുള്ള വിശ്വസ്തത കാണിക്കാൻ ഞാൻ ശ്രമിച്ചു; അദ്ദേഹമാകട്ടെ എന്നോടുള്ള സ്നേഹത്തിൽ ഒരു കുറവും വരുത്തിയില്ല. അതേപ്രതി എനിക്ക് അദ്ദേഹത്തോട് തീർത്താൽ തീരാത്ത നന്ദിയുണ്ട്,” ജൂഡി പറയുന്നു.
ഇതു ശ്രമിച്ചുനോക്കൂ: വിവാഹബന്ധത്തിലെ നഷ്ടമായ വിശ്വാസം വീണ്ടെടുക്കാൻ ഇരുവരും ഒറ്റക്കെട്ടായി പ്രവർത്തിക്കുക.
3 പഴയശീലങ്ങൾ മാറ്റുക.
വ്യഭിചാരത്തെക്കുറിച്ച് ശ്രോതാക്കൾക്ക് മുന്നറിയിപ്പു നൽകിയതിനു ശേഷം യേശു ഇങ്ങനെ ഉപദേശിച്ചു: “നിന്റെ വലത്തുകണ്ണ് നിനക്ക് മത്തായി 5:27-29) നിങ്ങളാണ് വിശ്വാസവഞ്ചന കാണിച്ചതെങ്കിൽ ദാമ്പത്യം കാത്തുസൂക്ഷിക്കുന്നതിനുവേണ്ടി ഏതെങ്കിലും പ്രവൃത്തിയോ മനോഭാവമോ ‘ചൂഴ്ന്നെടുത്ത് എറിഞ്ഞുകളയേണ്ടതുണ്ടോ’ എന്നു ചിന്തിക്കുക.
ഇടർച്ച വരുത്തുന്നെങ്കിൽ അത് ചൂഴ്ന്നെടുത്ത് എറിഞ്ഞുകളയുക.” (വ്യഭിചാരത്തിൽ ഉൾപ്പെട്ട മറ്റേവ്യക്തിയുമായുള്ള സകലബന്ധവും നിങ്ങൾ വിച്ഛേദിക്കേണ്ടതുണ്ട്. c (സദൃശവാക്യങ്ങൾ 6:32; 1 കൊരിന്ത്യർ 15:33) നേരത്തെ പരിചയപ്പെട്ട പീറ്റർ മറ്റേ സ്ത്രീയുമായി വീണ്ടും ബന്ധപ്പെടുന്നതിനുള്ള സാഹചര്യം ഒഴിവാക്കാൻ തന്റെ ജോലി സമയവും മൊബൈൽ നമ്പറും മാറ്റി. എന്നാൽ അതുകൊണ്ടൊന്നും എല്ലാ ബന്ധങ്ങളും അവസാനിപ്പിക്കാൻ കഴിഞ്ഞില്ല. ഭാര്യയുടെ വിശ്വാസം വീണ്ടെടുക്കാൻ പീറ്റർ അത്രകണ്ട് ഉറച്ചിരുന്നതിനാൽ അദ്ദേഹം തന്റെ ജോലി ഉപേക്ഷിച്ചു. തന്റെ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിനു പകരം അദ്ദേഹം ഭാര്യയുടെ ഫോൺ ഉപയോഗിക്കാൻ തുടങ്ങി. ഈ ത്യാഗങ്ങൾക്കൊക്കെ ഫലമുണ്ടായോ? അദ്ദേഹത്തിന്റെ ഭാര്യ സൂസൻ പറയുന്നു: “ആറുവർഷം കഴിഞ്ഞെങ്കിലും ആ സ്ത്രീ ഇപ്പോഴും ഭർത്താവുമായി ബന്ധപ്പെടാൻ ശ്രമിക്കുന്നുണ്ടാകും എന്ന ആശങ്ക എനിക്ക് ഇപ്പോഴുമുണ്ട്. പക്ഷേ അദ്ദേഹത്തെ എനിക്കു വിശ്വാസമാണ്; ഒരു പ്രലോഭനത്തിലും അദ്ദേഹം വീഴില്ല.”
നിങ്ങളാണ് തെറ്റു ചെയ്തതെങ്കിൽ നിങ്ങളുടെ വ്യക്തിത്വത്തിലും മാറ്റം വരുത്തേണ്ടതുണ്ടായിരിക്കാം. ഉദാഹരണത്തിന്, ചിലപ്പോൾ ശൃംഗരിക്കുന്ന സ്വഭാവം നിങ്ങൾക്ക് ഉണ്ടായിരിക്കാം. മറ്റുള്ളവരുമായി പ്രേമബന്ധങ്ങളിൽ ഏർപ്പെടുന്നതിനെക്കുറിച്ച് നിങ്ങൾ കിനാവ് കാണാറുണ്ടായിരിക്കാം. അങ്ങനെയാണെങ്കിൽ ‘പഴയ വ്യക്തിത്വം അതിന്റെ പ്രവൃത്തികളോടുകൂടെ ഉരിഞ്ഞുകളയുക.’ പഴയ ശീലങ്ങൾ ഉപേക്ഷിച്ച് പുതിയ ശീലങ്ങൾ വളർത്തിയെടുക്കുമ്പോൾ ഇണയ്ക്ക് നിങ്ങളിലുള്ള വിശ്വാസം വർധിക്കാൻ ഇടയാകും. (കൊലോസ്യർ 3:9, 10) സ്നേഹം തുറന്നു പ്രകടിപ്പിക്കുന്ന ഒരു ശീലം ചെറുപ്പം മുതലേ നിങ്ങൾക്ക് ഇല്ലെങ്കിലോ? ആദ്യമൊക്കെ അൽപ്പം ബുദ്ധിമുട്ടായിരിക്കുമെങ്കിലും ഭാര്യയോട് സ്നേഹം കാണിക്കുന്നതിൽ പിശുക്കു കാണിക്കരുത്. സ്റ്റീഫൻ പറയുന്നു: “വാക്കിലൂടെയും മൃദുവായ സ്പർശനത്തിലൂടെയും ഒക്കെ ജൂഡി കൂടെക്കൂടെ തന്റെ സ്നേഹം കാണിക്കുമായിരുന്നു.”
കുറച്ചു കാലത്തേക്കെങ്കിലും നിങ്ങളുടെ മുഴുദിനചര്യയെക്കുറിച്ചും ഇണയോട് പറയുന്നത് നന്നായിരിക്കും. നേരത്തെ കണ്ട സാറ പറയുന്നു: “ഒരോ ദിവസവും നടന്ന എല്ലാകാര്യങ്ങളും മൈക്കൽ എന്നോടു പറയുമായിരുന്നു, എന്തിന് നിസ്സാര കാര്യങ്ങൾ പോലും. എന്നിൽനിന്ന് അദ്ദേഹത്തിന് ഒന്നും ഒളിക്കാനില്ല എന്ന് അതിൽനിന്ന് വ്യക്തമായിരുന്നു.”
ഇതു ശ്രമിച്ചുനോക്കൂ: വിശ്വാസം വീണ്ടെടുക്കാൻ എന്താണ് ചെയ്യേണ്ടതെന്ന് പരസ്പരം ചോദിക്കുക. അതു മനസ്സിലാക്കി അതിനു ചേർച്ചയിൽ പ്രവർത്തിക്കുക. ഇരുവരും ഒരുമിച്ചു ചെയ്യാൻ ഇഷ്ടപ്പെടുന്ന ചില കാര്യങ്ങൾ ദിനചര്യയിൽ ഉൾപ്പെടുത്താവുന്നതാണ്.
4 തിടുക്കംകൂട്ടാതിരിക്കുക.
എല്ലാം ശരിയായി എന്നു ചിന്തിച്ച് പഴയതുപോലെ ജീവിക്കാൻ തിടുക്കംകൂട്ടരുത്. “ബദ്ധപ്പാടുകാരൊക്കെയും ബുദ്ധിമുട്ടിലേക്കത്രേ ബദ്ധപ്പെടുന്നത്” എന്ന് സദൃശവാക്യങ്ങൾ 21:5 മുന്നറിയിപ്പു തരുന്നു. നഷ്ടമായ വിശ്വാസം വീണ്ടെടുക്കാൻ സമയം എടുത്തേക്കാം, ഒരുപക്ഷേ വർഷങ്ങൾ പോലും.
നിങ്ങളാണ് വഞ്ചിക്കപ്പെട്ടതെങ്കിൽ, എല്ലാം മറക്കാനും പൊറുക്കാനും വേണ്ടത്ര സമയം എടുക്കുക. സാറ ഓർക്കുന്നു: “വിശ്വാസവഞ്ചന കാണിച്ച ഭർത്താവിനോട് ഭാര്യ ക്ഷമിക്കുന്നത് സാധാരണ കാര്യമായിട്ടാണ് ഞാൻ കരുതിയിരുന്നത്. എന്തിനാണ് അവർ ഇത്രയേറെക്കാലം കോപം വെച്ചുകൊണ്ടിരിക്കുന്നതെന്ന് എനിക്ക് മനസ്സിലായിരുന്നില്ല. എന്നാൽ എന്റെ ഭർത്താവ് എന്നെ വഞ്ചിച്ചപ്പോഴാണ് ക്ഷമിക്കുന്നത് അത്ര എളുപ്പമല്ലെന്ന് ഞാൻ മനസ്സിലാക്കിയത്.” ക്ഷമിക്കാനും വിശ്വാസം നേടിയെടുക്കാനും സമയം ആവശ്യമാണ്.
എന്നിരുന്നാലും “സൌഖ്യമാക്കുവാൻ ഒരു കാലം” ഉണ്ടെന്ന് സഭാപ്രസംഗി 3:1-3 പറയുന്നു. ഇണയോട് മനസ്സുതുറക്കാതെ എല്ലാം ഉള്ളിലൊതുക്കുന്നതാണ് നല്ലതെന്ന് ആദ്യമൊക്കെ നിങ്ങൾക്ക് തോന്നിയേക്കാം. എന്നാൽ അങ്ങനെ ചെയ്താൽ നിങ്ങളുടെ വിശ്വാസം നേടിയെടുക്കാൻ ഇണയ്ക്ക് സാധിക്കുകയില്ല. അറ്റുപോയ ബന്ധം വിളക്കിച്ചേർക്കുന്നതിന് ഇണയോട് ക്ഷമിക്കുകയും നിങ്ങളുടെ വികാരവിചാരങ്ങൾ അവരുമായി പങ്കുവെച്ചുകൊണ്ട് ആ ക്ഷമ പ്രകടിപ്പിക്കുകയും ചെയ്യുക. സങ്കടങ്ങളും സന്തോഷങ്ങളും തുറന്നു പറയാൻ ഇണയെയും പ്രോത്സാഹിപ്പിക്കുക.
മനസ്സിൽ നീരസം വെച്ചുകൊണ്ടിരിക്കരുത്; എത്ര ശ്രമം ചെയ്താണെങ്കിലും അതു മനസ്സിൽനിന്നു കളയുക. (എഫെസ്യർ 4:32) ദൈവം ചെയ്തതിനെക്കുറിച്ച് ധ്യാനിക്കുന്നത് നിങ്ങൾക്ക് പ്രയോജനം ചെയ്തേക്കാം. പുരാതന ഇസ്രായേലിലെ ആരാധകർ ദൈവത്തെ ഉപേക്ഷിച്ചപ്പോൾ അത് അവനെ വളരെ ദുഃഖിപ്പിച്ചു. വഞ്ചിക്കപ്പെട്ട ഒരു ഇണയോടാണ് യഹോവ തന്നെ താരതമ്യപ്പെടുത്തിയത്. (യിരെമ്യാവു 3:8, 9; 9:2) പക്ഷേ അവൻ അവരോട് “എന്നേക്കും കോപം” വെച്ചുകൊണ്ടിരുന്നില്ല. (യിരെമ്യാവു 3:12) യഥാർഥ മനസ്താപത്തോടെ അവർ മടങ്ങിവന്നപ്പോൾ അവൻ അവരോട് ക്ഷമിച്ചു.
നിങ്ങൾ ഇരുവരും ദാമ്പത്യബന്ധം സുദൃഢമാക്കുന്നതിന് ഗലാത്യർ 6:9.
ആവശ്യമായ മാറ്റങ്ങൾ വരുത്തിക്കഴിയുമ്പോൾ കാലക്രമേണ നിങ്ങൾക്ക് സുരക്ഷിതത്വം അനുഭവപ്പെടും. ഇനിയിപ്പോൾ, നിങ്ങളുടെ വിവാഹബന്ധം സംരക്ഷിക്കുന്നതിൽ മാത്രം ശ്രദ്ധിക്കാതെ മറ്റുചില ലക്ഷ്യങ്ങൾ കൈവരിക്കാനും നിങ്ങൾക്ക് ഒരുമിച്ച് ശ്രമിക്കാവുന്നതാണ്. അപ്പോൾപ്പോലും നിങ്ങളുടെ പുരോഗതി ക്രമമായി പരിശോധിക്കുന്നത് നല്ലതായിരിക്കും. ഇക്കാര്യത്തിൽ ഉദാസീനഭാവം കാണിക്കരുത്. ചെറിയ പിഴവുകൾപോലും പരിഹരിച്ചുകൊണ്ട് പരസ്പരമുള്ള പ്രതിബദ്ധത കാത്തുസൂക്ഷിക്കുക.—ഇതു ശ്രമിച്ചുനോക്കൂ: നിങ്ങളുടെ ദാമ്പത്യജീവിതം പഴയരീതിയിലേക്കു കൊണ്ടുവരാൻ ശ്രമിക്കുന്നതിനു പകരം നിങ്ങൾ ഇരുവരും പുതിയ ഒരു ബന്ധമാണ് കെട്ടിപ്പടുക്കേണ്ടത്, കൂടുതൽ ദൃഢമായ ഒന്ന്.
നിങ്ങൾക്ക് വിജയിക്കാനാകും
വിജയിക്കാനാവില്ലെന്ന ആശങ്കയുണ്ടെങ്കിൽ ഇക്കാര്യം ഓർക്കുക: ദൈവമാണ് വിവാഹക്രമീകരണം ഏർപ്പെടുത്തിയിരിക്കുന്നത്. (മത്തായി 19:4-6) അതുകൊണ്ട് അവന്റെ സഹായമുണ്ടെങ്കിൽ നിങ്ങളുടെ വിവാഹജീവിതം വിജയിപ്പിക്കാനാകും. മുകളിൽ പരിചയപ്പെട്ട ദമ്പതികളെല്ലാം ബൈബിളിലെ ജ്ഞാനമൊഴികൾക്ക് ചെവികൊടുത്തു; ദാമ്പത്യം തകർന്നുപോകാതെ പരിരക്ഷിക്കാൻ അത് അവരെ സഹായിച്ചു.
സ്റ്റീഫന്റെയും ജൂഡിയുടെയും ബന്ധത്തെ തകർത്തെറിയാൻപോന്ന ആ കൊടുങ്കാറ്റ് വീശിയിട്ട് ഇപ്പോൾ 20 വർഷത്തിലേറെയായിരിക്കുന്നു. അതിന്റെ കെടുതിയിൽനിന്ന് കരകയറാൻ ചെയ്ത ശ്രമങ്ങളെക്കുറിച്ച് സ്റ്റീഫൻ ഇങ്ങനെ പറയുന്നു: “യഹോവയുടെ സാക്ഷികളോടൊപ്പം ബൈബിൾ പഠിക്കാൻ തുടങ്ങിയതിനു ശേഷമാണ് ഞങ്ങൾ ജീവിതത്തിൽ പ്രകടമായ മാറ്റങ്ങൾ വരുത്തിയത്. അത് ഞങ്ങളെ സഹായിച്ചത് എങ്ങനെയെന്ന് വാക്കുകളിലൂടെ പറയാനാകില്ല. ദുഷ്കരമായ ആ സാഹചര്യത്തെ അതിജീവിക്കാൻ ഞങ്ങൾക്കു സാധിച്ചത് അതുകൊണ്ടു മാത്രമാണ്.” ജൂഡി പറയുന്നു: “ആ പ്രയാസഘട്ടങ്ങളിൽനിന്ന് കരകയറാനായത് ഏറ്റവും വലിയ അനുഗ്രഹമായി എനിക്കു തോന്നുന്നു. ഒരുമിച്ചുള്ള ബൈബിൾ പഠനവും ചെയ്ത കഠിനശ്രമവും നിമിത്തം ഞങ്ങൾക്ക് ഇപ്പോൾ ഒരു സന്തുഷ്ടദാമ്പത്യമുണ്ട്.”
a പേരുകൾ മാറ്റിയിരിക്കുന്നു.
b ഈ വിഷയത്തിൽ ഒരു തീരുമാനമെടുക്കാനുള്ള സഹായത്തിനായി 1999 ഏപ്രിൽ 22 ലക്കം ഉണരുക!-യുടെ പേജ് 6, 1995 ആഗസ്റ്റ് 8 ലക്കം ഉണരുക!-യുടെ പേജ് 10, 11 കാണുക.
c (ജോലിയുമായി ബന്ധപ്പെട്ടോ മറ്റോ) കുറച്ചുകാലത്തേക്ക് മറ്റേ വ്യക്തിയുമായുള്ള ബന്ധം തീർത്തും ഒഴിവാക്കാനാവില്ലെങ്കിൽ അത് പരമാവധി കുറയ്ക്കുക. ഇണയുടെ പൂർണ അറിവോടെയും മറ്റാരുടെയെങ്കിലും സാന്നിധ്യത്തിലും മാത്രം മറ്റേ വ്യക്തിയുമായി ഇടപെടുക.
സ്വയം ചോദിക്കുക
-
ഇണ വിശ്വാസവഞ്ചന കാണിച്ചെങ്കിലും വേർപിരിയാതിരിക്കാൻ എന്നെ പ്രേരിപ്പിച്ചത് എന്തെല്ലാമാണ്?
-
എന്തെല്ലാം നല്ല ഗുണങ്ങളാണ് പങ്കാളിയിൽ ഇപ്പോഴുള്ളത്?
-
ആദ്യനാളുകളിൽ ചെറിയ വിധങ്ങളിൽപ്പോലും ഞാൻ ഇണയോടു സ്നേഹം പ്രകടിപ്പിച്ചിരുന്നത് എങ്ങനെയാണ്, അത് എനിക്ക് ഇപ്പോൾ എങ്ങനെ ചെയ്യാനാകും?