അമ്മമാർ അറിയാൻ
അമ്മമാർ അറിയാൻ
ജോലിക്കുപോകുന്ന സ്‌ത്രീകളുടെ എണ്ണം ഇന്നു ലോകമെങ്ങും വർധിച്ചുവരികയാണ്. വ്യാവസായിക രാജ്യങ്ങളിൽ പുരുഷന്മാരോളംതന്നെ സ്‌ത്രീകളും തൊഴിൽരംഗത്തേക്കു കടന്നുവന്നിരിക്കുന്നു. വികസ്വര രാജ്യങ്ങളിലാകട്ടെ കുടുംബത്തിനുവേണ്ടി കരുതാൻ മിക്കപ്പോഴും സ്‌ത്രീകൾ പകലന്തിയോളം വയലുകളിൽ വിയർപ്പൊഴുക്കുന്നു.
ഒരു വശത്ത് കുടുംബം പുലർത്താനാവശ്യമായ പണം സമ്പാദിക്കണം മറുവശത്ത് വീടുംകുടുംബവും നോക്കാനുള്ള ആഗ്രഹവും, ഇതിനിടയിൽപ്പെട്ട് ഉഴലുകയാണു മിക്ക സ്‌ത്രീകളും. ഇവർ, ആഹാരത്തിനും വസ്‌ത്രത്തിനും വീടിനുമുള്ള പണം കണ്ടെത്തിയാൽ മാത്രം പോരാ ആഹാരം പാകം ചെയ്യുകയും, വസ്‌ത്രം കഴുകുകയും, വീടു വൃത്തിയാക്കുകയും കൂടിവേണം.
ഇതിനൊക്കെ പുറമേ ക്രിസ്‌തീയ അമ്മമാർ മക്കളിൽ ആത്മീയമൂല്യങ്ങൾ ഉൾനടാൻ കഠിനശ്രമം ചെയ്യേണ്ടിയുമിരിക്കുന്നു. രണ്ടു കൊച്ചുകുട്ടികളുടെ അമ്മയായ ക്രിസ്റ്റിന അഭിപ്രായപ്പെടുന്നു: “തുറന്നു പറഞ്ഞാൽ, ജോലിയും കുടുംബ ഉത്തരവാദിത്വങ്ങളും ഒന്നിച്ചുകൊണ്ടുപോകുന്നതു ശരിക്കും ബുദ്ധിമുട്ടുള്ള കാര്യമാണ്, വിശേഷിച്ചു കൊച്ചുകുട്ടികളുണ്ടെങ്കിൽ. ഈ തിരക്കിനിടയിൽ പലപ്പോഴും കുട്ടികൾക്കു വേണ്ടത്ര ശ്രദ്ധ നൽകാനാകാതെ വരുന്നു.”
ജോലിക്കുപോകാൻ അമ്മമാരെ പ്രേരിപ്പിക്കുന്നത് എന്താണ്? അവർ അഭിമുഖീകരിക്കുന്ന വെല്ലുവിളികൾ എന്തൊക്കെയാണ്? ജീവിതസംതൃപ്‌തി കണ്ടെത്താൻ അമ്മമാർ ജോലിക്കുപോയേ മതിയാകൂ എന്നുണ്ടോ?
അമ്മമാർ ജോലിക്കുപോകുന്നത് എന്തുകൊണ്ട?
മിക്ക അമ്മമാരുടെയും കാര്യത്തിൽ സാഹചര്യങ്ങളാണു ജോലിക്കുപോകാൻ അവരെ നിർബന്ധിക്കുന്നത്. ചിലർക്കാണെങ്കിൽ, കുടുംബത്തിന്റെ സാമ്പത്തികഭാരം മുഴുവനും ഒറ്റയ്‌ക്കു ചുമക്കേണ്ടിവരുന്നു. ഇനി ചില ഭവനങ്ങളിൽ ഭർത്താവിന്റെ വരുമാനംകൊണ്ടു മാത്രം കുടുംബം പുലർത്താൻ സാധിക്കാത്ത അവസ്ഥയാണ്.
എന്നാൽ എല്ലാ അമ്മമാരും ജോലിക്കു പോകുന്നത് സാമ്പത്തിക പരാധീനതകൾ മൂലമല്ല. സമൂഹത്തിൽ ആദരിക്കപ്പെടുന്നതിനു വേണ്ടിയാണ് ഒരു നല്ല പങ്ക് അങ്ങനെ ചെയ്യുന്നത്. ഒരളവിലുള്ള സാമ്പത്തിക സ്വാതന്ത്ര്യം ലഭിക്കുക, ആഡംബരത്തിനുള്ള പണം കണ്ടെത്തുക എന്നതൊക്കെയാണു മറ്റുചിലരുടെ ലക്ഷ്യം. പലരും തങ്ങളുടെ ജോലിയിൽ സമർഥരും അത് ഇഷ്ടപ്പെടുന്നവരുമാണ്.
മറ്റുള്ളവരിൽനിന്നുള്ള സമ്മർദമായിരിക്കാം മറ്റൊരു ഘടകം. ജോലിക്കുപോകുന്ന അമ്മമാർ ദിവസേനയെന്നോണം തളർച്ചയും പിരിമുറുക്കവുമൊക്കെ നേരിടുന്നുണ്ടെന്നു മിക്കവരും സമ്മതിക്കുമെങ്കിലും, ജോലി വേണ്ടെന്നു വെക്കുന്നവർ പലപ്പോഴും തെറ്റിദ്ധരിക്കപ്പെടുന്നു, എന്തിന് പരിഹാസപാത്രങ്ങളാവുകപോലും
ചെയ്യുന്നു. “ഒരു വീട്ടമ്മയാണ് എന്ന് പറയുമ്പോൾ ആളുകൾക്ക് അതങ്ങോട്ട് ഉൾക്കൊള്ളനാകുന്നില്ല. ജീവിതം വെറുതെ പാഴാക്കുന്നു എന്ന സൂചനയാണ് വാക്കുകൾകൊണ്ടും മുഖഭാവം കൊണ്ടുമൊക്കെ ചിലർ നൽകുന്നത്,” എന്ന് ഒരു വീട്ടമ്മ പറയുന്നു. രണ്ടുവയസ്സുള്ള ഒരു കുഞ്ഞിന്റെ അമ്മയായ റിബേക്ക പറയുന്നു: “കുട്ടികളെ നോക്കേണ്ടതു സ്‌ത്രീകളാണെന്നു പറയുമ്പോൾപോലും ജോലിക്കുപോകാത്ത സ്‌ത്രീകളെ സമൂഹം വിലകുറച്ചു കാണുന്നു.”സത്യവും മിഥ്യയും
ജോലിയിൽ തിളങ്ങുന്ന, ഉയർന്ന ശമ്പളമുള്ള, നന്നായി വസ്‌ത്രം ധരിച്ച, ആത്മവിശ്വാസം തുടിക്കുന്ന ഒരു സ്‌ത്രീ—ഒരു “ഉത്തമ സ്‌ത്രീയെ” മാധ്യമങ്ങൾ പലപ്പോഴും വരച്ചുകാട്ടുന്നത് ഇങ്ങനെയാണ്. വീട്ടിലെത്തുമ്പോഴും ക്ഷീണമെന്തന്നറിയാതെ അവർ കുട്ടികളുടെ പ്രശ്‌നങ്ങൾ പരിഹരിക്കുകയും ഭർത്താവിന്റെ തെറ്റുകൾ തിരുത്തുകയും വീട്ടുകാര്യങ്ങളൊക്കെ നോക്കിനടത്തുകയും ചെയ്യുന്നു. പക്ഷേ, ഈ “ഉത്തമ സ്‌ത്രീ” ആകാൻ വളരെ കുറച്ചുപേർക്കേ സാധിക്കൂ.
വാസ്‌തവത്തിൽ സ്‌ത്രീകൾക്കു ലഭിക്കുന്ന പല ജോലികളും യാന്ത്രികവും താരതമ്യേന കുറഞ്ഞ ശമ്പളം ലഭിക്കുന്നതുമാണ്. മാത്രവുമല്ല, തങ്ങളുടെ കഴിവുകൾ പൂർണമായി പ്രയോജനപ്പെടുത്താൻ പറ്റുന്ന ജോലികളല്ല അതെന്നും അവർ നിരാശയോടെ കണ്ടെത്തുന്നു. സോഷ്യൽ സൈക്കോളജി എന്ന പുസ്‌തകം പറയുന്നു: “സ്‌ത്രീപുരുഷ സമത്വത്തിന്റെ കാര്യത്തിൽ ലോകം ഏറെ മുന്നോട്ടു പോയിട്ടുണ്ടെങ്കിലും, നല്ല ശമ്പളവും അധികാരവുമുള്ള ജോലികൾ പുരുഷന്മാരുടെ കുത്തകയായി തുടരുന്നു. അതുകൊണ്ടുതന്നെ ജോലിയെ കേന്ദ്രീകരിച്ചു തങ്ങളുടെ വ്യക്തിത്വം കെട്ടിപ്പടുക്കാൻ ശ്രമിക്കുന്ന സ്‌ത്രീകൾക്കു നിരാശപ്പെടേണ്ടി വന്നേക്കാം.” എൽ പായിസ് എന്ന സ്‌പാനിഷ് പത്രം പ്രസ്‌താവിക്കുന്നു: “സമ്മർദത്തിന്റെ ഫലമായി ഉത്‌കണ്‌ഠ ഉണ്ടാകാനുള്ള സാധ്യത പുരുഷന്മാരെ അപേക്ഷിച്ച് സ്‌ത്രീകളിൽ മൂന്നു മടങ്ങാണ് എന്നു കണക്കാക്കുന്നു. കാരണം ഭൂരിപക്ഷം സ്‌ത്രീകൾക്കും രണ്ടു ഷിഫ്‌റ്റ് ജോലി ചെയ്യേണ്ടി വരുന്നു—ജോലിസ്ഥലത്തും വീട്ടിലും.”
ഭർത്താക്കന്മാർക്കു സഹായിക്കാനാകും
ഒരു ക്രിസ്‌തീയ വനിത ജോലിക്കു പോകണമോ വേണ്ടയോ എന്നത് അവരുടെ വ്യക്തിപരമായ തീരുമാനമാണ്. എന്നാൽ വിവാഹിതയാണെങ്കിൽ ഭർത്താവുമായി ആലോചിച്ച് എല്ലാ വശങ്ങളും വിലയിരുത്തിയശേഷം വേണം അവർ ഇരുവരുംചേർന്ന് ഒരു തീരുമാനത്തിലെത്താൻ.—സദൃശവാക്യങ്ങൾ 14:15.
സാമ്പത്തിക ഞെരുക്കംമൂലം രണ്ടുപേരും ജോലിക്കുപോകേണ്ടതുണ്ട് എന്ന് ദമ്പതികൾ തീരുമാനിക്കുന്നെങ്കിലോ? ഈ സാഹചര്യത്തിൽ ഒരു നല്ല ഭർത്താവ് പിൻവരുന്ന ബൈബിൾ ഉപദേശത്തിനു ചെവികൊടുക്കും: “അങ്ങനെ തന്നേ ഭർത്താക്കന്മാരേ, നിങ്ങളുടെ പ്രാർത്ഥനെക്കു മുടക്കം വരാതിരിക്കേണ്ടതിന്നു വിവേകത്തോടെ ഭാര്യമാരോടുകൂടെ വസിച്ചു, സ്‌ത്രീജനം ബലഹീനപാത്രം എന്നും അവർ ജീവന്റെ കൃപെക്കു കൂട്ടവകാശികൾ എന്നും ഓർത്തു അവർക്കു ബഹുമാനം കൊടുപ്പിൻ.” (1 പത്രൊസ് 3:7) ഭാര്യയുടെ ശാരീരികവും വൈകാരികവുമായ പരിമിതികൾ കണക്കിലെടുത്ത് പരിഗണന കാണിക്കുമ്പോൾ ഒരു ഭർത്താവ് ഭാര്യയെ ബഹുമാനിക്കുകയാണു ചെയ്യുന്നത്. സാധ്യമാകുമ്പോഴൊക്കെയും വീട്ടുജോലികളിൽ സഹായിക്കാൻ അദ്ദേഹത്തിനാകും. വീട്ടുജോലികൾ അന്തസ്സിനു ചേർന്നതല്ല എന്നു കരുതാതെ യേശുവിന്റെ മനോഭാവം പ്രകടമാക്കുക. (യോഹന്നാൻ 13:12-15) കഠിനാധ്വാനിയായ ഭാര്യയോടു സ്‌നേഹം കാണിക്കുന്നതിനുള്ള അവസരങ്ങളായി അവയെ വീക്ഷിക്കുക. ഇത്തരം സഹായങ്ങളെ അവൾ അങ്ങേയറ്റം വിലമതിക്കും.—എഫെസ്യർ 5:25, 28, 29.
രണ്ടുപേരും ജോലിക്കുപോകുന്നുണ്ടെങ്കിൽ പരസ്‌പര സഹായവും സഹകരണവും അനിവാര്യമാണ് എന്ന കാര്യത്തിൽ തർക്കമില്ല. സ്‌പെയിനിലെ എബിസി പത്രത്തിൽവന്ന റിപ്പോർട്ട് ഈ വസ്‌തുതയ്‌ക്ക് അടിവരയിടുന്നു. ഇൻസ്റ്റിറ്റ്യുട്ട് ഓഫ് ഫാമിലി മാറ്റേർസ് നടത്തിയ ഒരു പഠനത്തെ അധികരിച്ച് പത്രം പറയുന്നു, സ്‌പെയിനിലെ ഉയർന്ന വിവാഹമോചന നിരക്കിന് “മത-ധാർമിക നിലവാരങ്ങളുടെ തകർച്ച” മാത്രമല്ല കാരണം. മറ്റു രണ്ടു കാരണങ്ങൾ കൂടിയുണ്ട്, “സ്‌ത്രീകൾ തൊഴിൽ രംഗത്തേക്കു കടന്നുവന്നതും പുരുഷന്മാർ വീട്ടുജോലികളിൽ സ്‌ത്രീകളെ സഹായിക്കാൻ വിസമ്മതിക്കുന്നതും.”
ഒരു ക്രിസ്‌തീയ മാതാവിന്റെ ധർമ്മം
കുട്ടികളെ പരിശീലിപ്പിക്കാനുള്ള പ്രാഥമിക ഉത്തരവാദിത്വം യഹോവ പിതാക്കന്മാർക്കാണു നൽകിയിരിക്കുന്നത്. എന്നിരുന്നാലും, ക്രിസ്‌തീയ അമ്മമാരും അതിൽ ചെറുതല്ലാത്ത ഒരു പങ്കുവഹിക്കുന്നു, വിശേഷിച്ചും കുട്ടികളുടെ ശൈശവത്തിൽ. (സദൃശവാക്യങ്ങൾ 1:8; എഫെസ്യർ 6:4) തന്റെ നിയമം മക്കൾക്ക് ഉപദേശിച്ചുകൊടുക്കണമെന്ന് ‘ഇസ്രായേല്യരെ’ അഭിസംബോധന ചെയ്‌തുകൊണ്ട് യഹോവ പറഞ്ഞു. ഇസ്രായേലിലെ ഒരോ മാതാവിനും പിതാവിനും ഇക്കാര്യത്തിൽ ഉത്തരവാദിത്വമുണ്ടായിരുന്നു. ഇതിന് സമയവും ക്ഷമയും ആവശ്യമാണെന്ന്—വിശേഷിച്ചു കുട്ടിയുടെ സ്വഭാവരൂപീകരണ വർഷങ്ങളിൽ—അവന് അറിയാമായിരുന്നു. ഇക്കാരണത്താൽ വീട്ടിൽ ഇരിക്കുമ്പോഴും വഴി നടക്കുമ്പോഴും കിടക്കുമ്പോഴും എഴുന്നേൽക്കുമ്പോഴും കുട്ടികളെ പരിശീലിപ്പിക്കണമെന്ന് ദൈവം അവരോടു കൽപ്പിച്ചു.—ആവർത്തനപുസ്‌തകം 6:4-7.
‘അമ്മയുടെ ഉപദേശം ഉപേക്ഷിക്കരുത്’ എന്നു ദൈവവചനം കുട്ടികളോടു പറയുമ്പോൾ അത് അമ്മമാരുടെ സുപ്രധാനവും ആദരണീയവുമായ സ്ഥാനം എടുത്തുകാണിക്കുകയാണ്. (സദൃശവാക്യങ്ങൾ 6:20) കുട്ടികൾക്കുവേണ്ടി നിയമങ്ങൾ ഉണ്ടാക്കുമ്പോൾ വിവാഹിതയായ ഒരു സ്‌ത്രീ തന്റെ ഭർത്താവുമായി ആലോചിക്കേണ്ടതുണ്ട്. എന്നാലും ആ വാക്യം സൂചിപ്പിക്കുന്നതുപോലെ നിയമങ്ങളുണ്ടാക്കാനുള്ള അവകാശം അമ്മമാർക്കുണ്ട്. ദൈവഭക്തയായ ഒരു മാതാവ് പഠിപ്പിക്കുന്ന ആത്മീയവും ധാർമികവുമായ നിയമങ്ങൾ അനുസരിക്കുന്നതു കുട്ടികൾക്കു നന്മയേ കൈവരുത്തൂ. (സദൃശവാക്യങ്ങൾ 6:21, 22) താൻ ജോലി വേണ്ടെന്നുവെക്കുന്നതിന്റെ കാരണം രണ്ട് ആൺകുട്ടികളുടെ മാതാവായ തെരേസ പറയുന്നു: “ദൈവത്തെ സേവിക്കുന്നവരായി മക്കളെ വളർത്തിക്കൊണ്ടുവരുന്നതാണ് എന്റെ ഏറ്റവും പ്രധാനപ്പെട്ട ‘ജോലി.’ ഈ ജോലി ഏറ്റവും നന്നായി ചെയ്യണം, അതാണ് എന്റെ ആഗ്രഹം.”
പ്രഭാവം ചെലുത്തിയ അമ്മമാർ
അമ്മയുടെ ഉപദേശത്തിൽനിന്നു പ്രയോജനം നേടിയ ഒരാളാണ് ഇസ്രായേൽ രാജാവായ ലെമുവേൽ. അവർ ‘ഉപദേശിച്ചുകൊടുത്ത അരുളപ്പാടുകൾ’ നമുക്കിന്നു ദൈവനിശ്വസ്‌ത വചനത്തിൽ കാണാനാകും. (സദൃശവാക്യങ്ങൾ 31:1; 2 തിമൊഥെയൊസ് 3:16) സാമർഥ്യമുള്ള ഭാര്യയെക്കുറിച്ചുള്ള ഈ അമ്മയുടെ വിവരണം ജ്ഞാനപൂർവം വിവാഹ ഇണയെ തിരഞ്ഞെടുക്കാൻ ഇന്നും ആൺമക്കൾക്കു സഹായകമാണ്. അതുപോലെ, അധാർമ്മികതയ്‌ക്കും അമിത മദ്യപാനത്തിനും എതിരെ അവർ നൽകിയ മുന്നറിയിപ്പുകൾ അന്നത്തെപോലെ ഇന്നും പ്രസക്തമാണ്.—സദൃശവാക്യങ്ങൾ 31:3-5, 10-31.
ഒന്നാം നൂറ്റാണ്ടിൽ, തിമൊഥെയൊസിനു നൽകിയ നല്ല പരിശീലനത്തെപ്രതി അവന്റെ അമ്മ യൂനിക്കയെ അപ്പൊസ്‌തലനായ പൗലൊസ് പ്രശംസിച്ചു. അവിശ്വാസിയായ അവളുടെ ഭർത്താവ് ഗ്രീക്ക് ദേവന്മാരെ ആരാധിച്ചിരുന്നിരിക്കാം, അതുകൊണ്ടു “തിരുവെഴുത്തുകളിൽ” വിശ്വാസം അർപ്പിക്കേണ്ടത് എന്തുകൊണ്ടാണെന്ന് കാര്യകാരണസഹിതം അവനെ ബോധ്യപ്പെടുത്തേണ്ടതുണ്ടായിരുന്നു. എപ്പോൾ മുതലാണു യൂനിക്ക തിമൊഥെയൊസിനെ തിരുവെഴുത്തുകൾ പഠിപ്പിച്ചു തുടങ്ങിയത്? “ബാല്യംമുതൽ,” എന്നാണു നിശ്വസ്‌ത വചനം പറയുന്നത്. (2 തിമൊഥെയൊസ് 1:5; 3:14, 15) അവളുടെ വിശ്വാസവും മാതൃകയും പഠിപ്പിക്കലും അവനിൽ നല്ല സ്വാധീനം ചെലുത്തി, പിന്നീട് അവൻ ഒരു മിഷനറി ആയിത്തീർന്നു.—ഫിലിപ്പിയർ 2:19-22.
ദൈവത്തിന്റെ വിശ്വസ്‌ത ദാസർക്ക് ആതിഥ്യമരുളിയ അമ്മമാരെക്കുറിച്ചും ബൈബിൾ പരാമർശിക്കുന്നു. അതുവഴി, മാതൃകായോഗ്യരായ വ്യക്തികളുമായി ഇടപഴകാനും അവരിൽനിന്നു പ്രയോജനം നേടാനും അവരുടെ മക്കൾക്ക് അവസരമൊരുങ്ങി. ബൈബിളെഴുത്തുകാരനായ മർക്കൊസിന്റെ അമ്മ മറിയ ഒരു ഉദാഹരണമാണ്. ക്രിസ്‌തുശിഷ്യന്മാർക്കു കൂടിവരുന്നതിനായി യെരൂശലേമിലെ തന്റെ വീട് അവർ തുറന്നുകൊടുത്തിരുന്നു എന്ന് ന്യായമായും അനുമാനിക്കാം. (പ്രവൃത്തികൾ 12:12) അപ്പൊസ്‌തലന്മാരുടെയും മറ്റു ക്രിസ്‌ത്യാനികളുടെയും നിരന്തര സഹവാസത്തിൽനിന്നു മർക്കൊസ് പ്രയോജനം നേടി എന്നതിനു സംശയമില്ല. പ്രവാചകനായ എലീശക്കു കൂടെക്കൂടെ ആതിഥ്യം നീട്ടിക്കൊടുത്ത ശൂനേമ്യ സ്‌ത്രീയുടേതാണ് അടുത്ത ഉദാഹരണം. അവരുടെ മകൻ മരിച്ചപ്പോൾ എലീശ അവനെ ഉയിർപ്പിച്ചു.—2 രാജാക്കന്മാർ 4:8-10, 32-37.
തന്റെ തത്ത്വങ്ങൾ കുട്ടികളിൽ ഉൾനടാൻ കഠിനശ്രമം ചെയ്യുന്ന വിശ്വസ്‌ത സ്‌ത്രീകളോട് യഹോവയ്‌ക്കു നല്ല മതിപ്പാണ്. കുടുംബത്തിൽ ആത്മീയ അന്തരീക്ഷം സൃഷ്ടിക്കാൻ ഇവർ നടത്തുന്ന ശ്രമങ്ങളെപ്രതി യഹോവ അവരെ സ്‌നേഹിക്കുന്നു.—2 ശമൂവേൽ 22:26; സദൃശവാക്യങ്ങൾ 14:1.
ഏറ്റവും സംതൃപ്‌തിദായകമായ തീരുമാനം
മേൽപ്രസ്‌താവിച്ച ഉദാഹരണങ്ങൾ കാണിക്കുന്നതുപോലെ, കുടുംബത്തിന്റെ ശാരീരികവും, ആത്മീയവും, വൈകാരികവുമായ ആവശ്യങ്ങൾ നിറപടിയായി നിറവേറ്റുന്നത് അതുല്യമായ അനുഗ്രഹങ്ങൾക്ക് ഇടയാക്കും. എന്നാൽ അത് അത്ര എളുപ്പമുള്ള കാര്യമല്ല. മിക്കപ്പോഴും ഒരമ്മയുടെ ഉത്തരവാദിത്വങ്ങൾ നിർവഹിക്കുക എന്നത് ഒരു കമ്പനിയിലെ ഉയർന്ന ഉദ്യോഗം വഹിക്കുന്നതിനെക്കാളും വെല്ലുവിളികൾ നിറഞ്ഞതായിട്ടാണു കാണുന്നത്.
ജോലിക്കുപോകേണ്ടതില്ല എന്ന് തന്റെ ഭർത്താവിന്റെ സമ്മതത്തോടെ ഒരു ഭാര്യ തീരുമാനിച്ചാൽ, കുടുംബം ചിലപ്പോൾ ചെലവുചുരുക്കി ജീവിക്കേണ്ടതായി വന്നേക്കാം. മാത്രവുമല്ല ആ തീരുമാനത്തോടു യോജിക്കാത്തവർ അവളെ പരിഹസിച്ചെന്നും വരാം. എന്നാൽ ലഭിക്കുന്ന അനുഗ്രഹങ്ങൾ ഈ ചെയ്യുന്ന
ത്യാഗത്തെ നിഷ്‌പ്രഭമാക്കുന്നതായിരിക്കും. പാർട്ട്-ടൈം ജീവനക്കാരിയാണു മൂന്നു കുട്ടികളുടെ അമ്മയായ പാക്കി. അവൾ പറയുന്നു: “കുട്ടികൾ സ്‌കൂൾ വിട്ടുവരുമ്പോൾ അവരുടെ കഥകളൊക്കെ കേൾക്കാൻ വീട്ടിലുണ്ടായിരിക്കണമെന്നു ഞാൻ ആഗ്രഹിക്കുന്നു.” ഇത് അവളുടെ കുട്ടികൾക്ക് എങ്ങനെ പ്രയോജനം ചെയ്യുന്നു? “ഗൃഹപാഠം ചെയ്യാൻ ഞാൻ അവരെ സഹായിക്കും, പിന്നെ എന്തെങ്കിലും പ്രശ്‌നങ്ങൾ തലപൊക്കിയാൽ അപ്പപ്പോൾ അവ പരിഹരിക്കാനും എനിക്കാകുന്നു. ദിവസവും ഞങ്ങൾ ഒരുമിച്ചു സമയം ചെലവഴിക്കുന്നതിനാൽ തടസ്സങ്ങളേതുമില്ലാതെ ആശയവിനിമയം ചെയ്യാൻ ഞങ്ങൾക്കു സാധിക്കുന്നു. കുട്ടികളുമൊത്തു ചെലവഴിക്കുന്ന ഈ സമയത്തെ മൂല്യവത്തായി കരുതുന്നതിനാൽ, മുഴുസമയ ജോലി ഞാൻ വേണ്ടെന്നു വെച്ചിരിക്കുകയാണ്.”ലൗകികതൊഴിലിൽ ഏർപ്പെടുന്ന സമയം കുറച്ചാൽ മുഴുകുടുംബത്തിനും അതിന്റെ പ്രയോജനമുണ്ടാകുമെന്ന് പല ക്രിസ്‌തീയ അമ്മമാരും കണ്ടെത്തിയിരിക്കുന്നു. “ജോലിക്കു പോകുന്നതു നിറുത്തിയപ്പോൾ കുടുംബത്തിലെ കാര്യങ്ങളൊക്കെ കുറെക്കൂടി സുഗമമായി പോകാൻ തുടങ്ങി,” എന്ന് മുമ്പു പരാമർശിച്ച ക്രിസ്റ്റിന പറയുന്നു. “കുട്ടികളോടു സംസാരിക്കാനും ഭർത്താവിനെ സഹായിക്കാനും എനിക്കിപ്പോൾ സമയമുണ്ട്. എന്റെ കുട്ടികളെ പഠിപ്പിക്കുന്നതിന്റെയും അവർ പുരോഗമിക്കുന്നതു കാണുന്നതിന്റെയും സന്തോഷം ഞാൻ അനുഭവിക്കുന്നു.” ഒരു സംഭവം ഇപ്പോഴും ക്രിസ്റ്റിനയുടെ മനസ്സിൽ മായാതെ നിൽക്കുന്നു. “എന്റെ മൂത്ത കുട്ടി അവളുടെ ആദ്യ ചുവടുകൾ വെച്ചത് ‘ഡേ-കെയർ സെന്ററിൽ’ ആണ്. എന്നാൽ രണ്ടാമത്തെ കുട്ടി നടക്കാൻ പഠിച്ചത് വീട്ടിൽവെച്ചാണ്, അതും എന്റെ കൈ പിടിച്ച്. അവൾ ആദ്യ ചുവടുകൾ വെച്ചതും എന്റെ കൈകളിലേക്കു വീണതും ഒന്നിച്ചായിരുന്നു. ആ നിമിഷം എത്ര ധന്യമായിരുന്നെന്നോ!”
ജോലി വേണ്ടെന്നു വെക്കുമ്പോൾ ഉണ്ടാകുന്ന സാമ്പത്തിക നഷ്ടം ഒരുപക്ഷേ നിങ്ങൾ പ്രതീക്ഷിക്കുന്നതിലും കുറവായിരിക്കും എന്നതാണ് പരിഗണിക്കേണ്ട മറ്റൊരു കാര്യം. എന്റെ ശമ്പളത്തിന്റെ നല്ലൊരു പങ്കും ചെലവായത് ‘ഡേ-കെയറിൽ’ കൊടുക്കാനും യാത്രയ്‌ക്കും വേണ്ടിയാണ്. കാര്യങ്ങളൊക്കെ വിലയിരുത്തിയപ്പോൾ എന്റെ ജോലികൊണ്ട് സാമ്പത്തികമായി വലിയ മെച്ചമൊന്നും ഇല്ലെന്ന് ഞങ്ങൾക്കു ബോധ്യമായി” എന്ന് ക്രിസ്റ്റിന.
കുടുംബകാര്യങ്ങൾ ശ്രദ്ധിക്കുന്നതിനു ഭാര്യ ജോലി വേണ്ടെന്നുവെക്കുന്നതിന്റെ നേട്ടങ്ങൾ അനവധിയാണെന്നും അത് ഏതൊരു വരുമാനനഷ്ടത്തെയും നിസ്സാരമാക്കുന്നതാണെന്നും സാഹചര്യങ്ങൾ വിലയിരുത്തിയ ശേഷം ചില ദമ്പതികൾ സമ്മതിക്കുന്നു. ക്രിസ്റ്റിനയുടെ ഭർത്താവ് പോൾ പറയുന്നു: “വീട്ടിലിരുന്നു കുട്ടികളെ പരിപാലിക്കാൻ എന്റെ ഭാര്യക്കാകുന്നതിൽ ഞാൻ തികച്ചും സന്തുഷ്ടനാണ്. എന്റെ ഭാര്യ ജോലിക്കു പൊയ്‌ക്കൊണ്ടിരുന്നപ്പോൾ ഞങ്ങൾ ഇരുവരും വളരെ സമ്മർദത്തിലായിരുന്നു.” ഈ തീരുമാനം അവരുടെ കുട്ടികളെ എങ്ങനെ ബാധിച്ചു? പോൾ പറയുന്നു: “തങ്ങൾ സുരക്ഷിതരാണെന്ന തോന്നൽ അവർക്കുണ്ട്, മാത്രമല്ല വലിയൊരളവുവരെ ചീത്ത സ്വാധീനങ്ങളിൽനിന്ന് അവർ സംരക്ഷിക്കപ്പെടുകയും ചെയ്യുന്നു.” സാധിക്കുന്നത്ര സമയം കുട്ടികളോടൊപ്പം ചെലവഴിക്കുന്നതു പ്രധാനമാണെന്ന് ഈ ദമ്പതികൾ ചിന്തിച്ചത് എന്തുകൊണ്ട്? പോളിന്റെ മറുപടി ഇതാണ്: “മക്കളുടെ മനസ്സുകളെ സ്വാധീനിക്കാൻ മാതാപിതാക്കൾക്കായില്ലെങ്കിൽ മറ്റാരെങ്കിലും അതു ചെയ്യും എന്ന് എനിക്ക് ബോധ്യമുണ്ട്.”
ഒരോ ദമ്പതികളും അവരവരുടെ സാഹചര്യങ്ങൾ വിലയിരുത്തുക, വേറെയാരും അവരുടെ തീരുമാനങ്ങളെ വിമർശിക്കേണ്ടതുമില്ല. (റോമർ 14:4; 1 തെസ്സലൊനീക്യർ 4:11, 12) എന്നിരുന്നാലും, അമ്മ ജോലി വേണ്ടെന്നു വെക്കുന്നതിൽനിന്നു കുടുംബത്തിനു ലഭിക്കുന്ന നിരവധി പ്രയോജനങ്ങൾ പരിഗണിക്കത്തക്കതാണ്. മുമ്പു പരാമർശിച്ച തെരേസ തന്റെ അനുഭവത്തിൽനിന്നു പറയുന്നു: “മക്കളെ പരിപാലിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നതിന് കഴിയുന്നത്ര സമയം ചെലവഴിക്കുമ്പോൾ ലഭിക്കുന്ന ആ നിർവൃതിക്കു തുല്യമാകാൻ മറ്റൊന്നിനുമാകില്ല.”—സങ്കീർത്തനം 127:3.
[21-ാം പേജിലെ ചിത്രം]
മക്കളെ പരിശീലിപ്പിക്കുന്നതിൽ ക്രിസ്‌തീയ അമ്മമാർ ഒരു സുപ്രധാന പങ്കുവഹിക്കുന്നു