വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പരസ്‌പരം കരുതൽ കാണിക്കുവിൻ, പ്രോത്സാഹിപ്പിക്കുവിൻ

പരസ്‌പരം കരുതൽ കാണിക്കുവിൻ, പ്രോത്സാഹിപ്പിക്കുവിൻ

“സ്‌നേഹത്തിനും സത്‌പ്രവൃത്തികൾക്കും ഉത്സാഹിപ്പിക്കാൻ തക്കവിധം നമുക്കു പരസ്‌പരം കരുതൽ കാണിക്കാം.” —എബ്രാ. 10:24.

1, 2. രണ്ടാം ലോകമഹായുദ്ധത്തിന്റെ അവസാനം, യഹോവയുടെ സാക്ഷികളിൽപ്പെട്ട 230 പേർക്ക്‌ ‘മരണപ്രയാണം’ അതിജീവിക്കാനായത്‌ എങ്ങനെ?

 രണ്ടാം ലോകമഹായുദ്ധത്തിന്റെ അവസാനനാളുകൾ. ആടിയുലഞ്ഞ നാസി ഭരണകൂടം അവരുടെ തടങ്കൽപ്പാളയങ്ങളിൽ ശേഷിച്ചിരുന്ന ആയിരങ്ങളെ ഇല്ലായ്‌മ ചെയ്യാനായി ഒരു ഉത്തരവ്‌ പുറപ്പെടുവിച്ചു. സാക്‌സെൻഹൗസെൻ തടങ്കൽപ്പാളയത്തിലെ അന്തേവാസികളെ തുറമുഖങ്ങളിൽ കാൽനടയായി എത്തിച്ച്‌ കപ്പലുകളിൽ കുത്തിനിറച്ച്‌ ആഴക്കടലിൽ താഴ്‌ത്താനായിരുന്നു പദ്ധതി. ‘മരണപ്രയാണം’ എന്ന്‌ പിന്നീട്‌ അറിയപ്പെട്ട ഒരു യുദ്ധതന്ത്രത്തിന്റെ ഭാഗമായിരുന്നു ഇത്‌.

2 സാക്‌സെൻഹൗസെൻ തടങ്കൽപ്പാളയത്തിലെ 33,000 തടവുകാർ 250 കിലോമീറ്റർ അകലെയുള്ള ജർമൻ തുറമുഖനഗരമായ ലൂബെക്കിലേക്ക്‌ പ്രയാണം ചെയ്യേണ്ടിയിരുന്നു. ഇക്കൂട്ടത്തിൽ, ആറു രാജ്യങ്ങളിൽനിന്നുള്ള യഹോവയുടെ സാക്ഷികളായ 230 പേർ ഉണ്ടായിരുന്നു. ഒരുമിച്ച്‌ പ്രയാണംചെയ്യാനാണ്‌ അവർക്കു നിർദേശം ലഭിച്ചത്‌. പട്ടിണിയും രോഗവും മൂലം അവരെല്ലാം അപ്പോൾത്തന്നെ അവശരായിരുന്നു. എന്നിട്ടും നമ്മുടെ സഹോദരങ്ങൾക്ക്‌ ഈ പ്രയാണം പൂർത്തിയാക്കാനായത്‌ എങ്ങനെയാണ്‌? അവരിൽ ഒരാൾ ഇങ്ങനെ പറഞ്ഞു: “തളരാതെ മുന്നോട്ടു നീങ്ങാൻ ഞങ്ങൾ കൂടെക്കൂടെ പരസ്‌പരം പ്രോത്സാഹിപ്പിച്ചുകൊണ്ടിരുന്നു.” ദൈവം നൽകിയ “അസാമാന്യശക്തി”യും അന്യോന്യമുള്ള ഉറ്റസ്‌നേഹവും ആണ്‌ ആ അഗ്നിപരീക്ഷ തരണംചെയ്യാൻ അവരെ സഹായിച്ചത്‌.—2 കൊരി. 4:7.

3. നാം പരസ്‌പരം പ്രോത്സാഹിപ്പിക്കേണ്ടത്‌ എന്തുകൊണ്ട്‌?

3 ഇന്ന്‌ നാം അതുപോലൊരു മരണപ്രയാണത്തിൽ അല്ലെങ്കിലും നമുക്കും നിരവധി വെല്ലുവിളികൾ നേരിടേണ്ടിവരുന്നുണ്ട്‌. 1914-ൽ ദൈവരാജ്യം സ്ഥാപിതമായശേഷം സാത്താനെ സ്വർഗത്തിൽനിന്ന്‌ ബഹിഷ്‌കരിച്ചു. ഭൂമിയുടെ പരിസരത്തുമാത്രമായി ഒതുക്കപ്പെട്ട “പിശാച്‌ തനിക്ക്‌ അൽപ്പകാലമേയുള്ളൂ എന്നറിഞ്ഞ്‌ മഹാക്രോധത്തോടെ” ഇവിടെ ചുറ്റിത്തിരിയുകയാണ്‌. (വെളി. 12:7-9, 12) ഈ ലോകം അർമ്മഗെദ്ദോനോട്‌ അനുദിനം അടുത്തുകൊണ്ടിരിക്കെ നമ്മെ ആത്മീയമായി തളർത്തിക്കളയുന്നതിന്‌ പലവിധ പരിശോധനകളും സമ്മർദങ്ങളും സാത്താൻ ഉപയോഗിക്കുന്നു. അതിനുപുറമേ, ദൈനംദിന ജീവിതപ്രാരബ്ധങ്ങളും നമ്മെ ഭാരപ്പെടുത്തുന്നു. (ഇയ്യോ. 14:1; സഭാ. 2:23) നാലുപാടുനിന്നും ഒന്നിനൊന്ന്‌ സമ്മർദമേറുമ്പോൾ, വൈകാരികവും ആത്മീയവും ആയി നാം സ്വന്തംനിലയ്‌ക്ക്‌ എത്രതന്നെ ശക്തി സംഭരിച്ചാലും നിരുത്സാഹം മറികടക്കാൻ അതൊന്നും പോരാതെവന്നേക്കാം. ഒരു സഹോദരന്റെ അനുഭവം നോക്കുക: ദശകങ്ങളായി അനേകം പേരെ ആത്മീയമായി സഹായിച്ചിട്ടുണ്ട്‌ ഈ സഹോദരൻ. എന്നാൽ പ്രായമായപ്പോൾ അദ്ദേഹത്തിന്റെയും ഭാര്യയുടെയും ആരോഗ്യം മോശമായി. സഹോദരന്‌ വല്ലാത്ത നിരുത്സാഹം തോന്നി. ഈ സഹോദരനെപ്പോലെ നമുക്ക്‌ ഓരോരുത്തർക്കും യഹോവയിൽനിന്നുള്ള “അസാമാന്യശക്തി”യും പരസ്‌പരമുള്ള പ്രോത്സാഹനവും ആവശ്യമാണ്‌.

4. മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കാൻ കഴിയണമെങ്കിൽ അപ്പൊസ്‌തലനായ പൗലോസിന്റെ ഏത്‌ ഉദ്‌ബോധനം നാം മനസ്സിൽപ്പിടിക്കണം?

4 നാം മറ്റുള്ളവർക്ക്‌ പ്രോത്സാഹനത്തിന്റെ ഒരു ഉറവായിരിക്കണമെങ്കിൽ അപ്പൊസ്‌തലനായ പൗലോസ്‌ എബ്രായക്രിസ്‌ത്യാനികൾക്ക്‌ നൽകിയ പിൻവരുന്ന ആഹ്വാനം മനസ്സിൽപ്പിടിക്കേണ്ടതുണ്ട്‌. അവൻ പറഞ്ഞു: “സ്‌നേഹത്തിനും സത്‌പ്രവൃത്തികൾക്കും ഉത്സാഹിപ്പിക്കാൻ തക്കവിധം നമുക്കു പരസ്‌പരം കരുതൽ കാണിക്കാം. ചിലർ ശീലമാക്കിയിരിക്കുന്നതുപോലെ നാം സഭായോഗങ്ങൾ ഉപേക്ഷിക്കരുത്‌; പകരം, ഒരുമിച്ചുകൂടിവന്നുകൊണ്ട്‌ നമുക്ക്‌ അന്യോന്യം പ്രോത്സാഹിപ്പിക്കാം; നാൾ സമീപിക്കുന്നു എന്നു കാണുന്തോറും നാം ഇത്‌ അധികമധികം ചെയ്യേണ്ടതാകുന്നു.” (എബ്രാ. 10:24, 25) അർഥപൂർണമായ ഈ വാക്കുകളിൽ അടങ്ങിയിരിക്കുന്ന ഉദ്‌ബോധനം നമുക്ക്‌ എങ്ങനെ ബാധകമാക്കാം?

‘പരസ്‌പരം കരുതൽ കാണിക്കുക’

5. ‘പരസ്‌പരം കരുതൽ കാണിക്കുക’ എന്നതുകൊണ്ട്‌ എന്താണ്‌ അർഥമാക്കുന്നത്‌, അതിന്‌ നമ്മുടെ ഭാഗത്തുനിന്ന്‌ എന്തു ശ്രമം ആവശ്യമാണ്‌?

5 ‘പരസ്‌പരം കരുതൽ കാണിക്കുക’ എന്നു പറഞ്ഞാൽ, “മറ്റുള്ളവരുടെ ആവശ്യങ്ങൾ കണക്കിലെടുക്കുക, അവരെക്കുറിച്ചു ചിന്തിക്കുക” എന്നൊക്കെയാണ്‌ അർഥം. സഹോദരങ്ങളുമായുള്ള സംസാരം രാജ്യഹാളിൽവെച്ചുള്ള ഒരു ‘നമസ്‌കാരത്തിലോ’ കേവലമൊരു കുശലപ്രശ്‌നത്തിലോ മാത്രം നാം പരിമിതപ്പെടുത്തുന്നെങ്കിൽ ‘മറ്റുള്ളവരുടെ ആവശ്യങ്ങൾ കണക്കിലെടുത്ത്‌’ കരുതൽ കാണിക്കാൻ നമുക്കു കഴിയുമോ? ഒരിക്കലുമില്ല. “അവനവന്റെ കാര്യം നോക്കി” ജീവിക്കുന്നവരും ‘പരകാര്യങ്ങളിൽ തലയിടാത്തവരും’ ആയിരിക്കാൻ നാം ശ്രദ്ധിക്കേണ്ടതുണ്ട്‌ എന്നതു ശരിതന്നെ. (1 തെസ്സ. 4:11; 1 തിമൊ. 5:13) എന്നിരുന്നാലും, സഹോദരങ്ങൾക്ക്‌ പ്രോത്സാഹനം പകരാൻ നമുക്ക്‌ കഴിയണമെങ്കിൽ നാം അവരെക്കുറിച്ച്‌ ശരിക്കും അറിയേണ്ടതുണ്ട്‌. അവരുടെ ജീവിതസാഹചര്യങ്ങൾ, ഗുണങ്ങൾ, ആത്മീയത, ശക്തി-ദൗർബല്യങ്ങൾ ഒക്കെ നാം മനസ്സിലാക്കണം. നമ്മെ സുഹൃത്തുക്കളായി അവർക്ക്‌ കാണാനാകണം, നമ്മുടെ സ്‌നേഹം അവർക്ക്‌ അനുഭവിച്ചറിയാനുമാകണം. ഇതിനെല്ലാം അവരോടൊത്ത്‌ സമയം ചെലവഴിക്കേണ്ടത്‌ വളരെ ആവശ്യമാണ്‌. അവർക്ക്‌ എന്തെങ്കിലും പ്രശ്‌നം ഉണ്ടാകുമ്പോഴും നിരുത്സാഹം തോന്നുമ്പോഴും മാത്രമല്ല, മറ്റു സന്ദർഭങ്ങളിലും.—റോമ. 12:13.

6. തന്റെ പരിപാലനയിലുള്ളവരോട്‌ “കരുതൽ” കാണിക്കാൻ ഒരു മൂപ്പന്‌ എന്തു ചെയ്യാൻ കഴിയും?

6 “നിങ്ങളുടെ പരിപാലനത്തിലുള്ള ദൈവത്തിന്റെ ആട്ടിൻകൂട്ടത്തെ മേയ്‌ക്കുവിൻ” എന്ന്‌ സഭയിലെ പ്രായമേറിയ പുരുഷന്മാരോട്‌ ആവശ്യപ്പെട്ടിരിക്കുന്നു. മനസ്സോടെയും താത്‌പര്യത്തോടെയും വേണം അവർ അതു ചെയ്യാൻ. (1 പത്രോ. 5:1-3) എന്നാൽ തങ്ങളുടെ പരിപാലനയിലുള്ള ആടുകളെ ശരിക്കും അറിയുന്നില്ലെങ്കിൽ അവർക്ക്‌ എങ്ങനെയാണ്‌ ഇടയവേല ഫലകരമായി നിർവഹിക്കാൻ കഴിയുക? (സദൃശവാക്യങ്ങൾ 27:23 വായിക്കുക.) സഹവിശ്വാസികളെ സഹായിക്കാൻ മൂപ്പന്മാർ സദാ സന്നദ്ധരായിരിക്കുകയും അവരോടൊത്തുള്ള സഹവാസം ആസ്വദിക്കുകയും ചെയ്യുന്നെങ്കിൽ സഹോദരീസഹോദരന്മാർ മൂപ്പന്മാരുടെ സഹായം തേടാനുള്ള സാധ്യത കൂടുതലാണ്‌. അവർ തങ്ങളുടെ വികാരങ്ങളും ആകുലതകളും തുറന്നുപറയാനും ചായ്‌വു കാണിച്ചേക്കാം. അങ്ങനെയാകുമ്പോൾ തങ്ങളുടെ പരിപാലനയിലുള്ളവരോട്‌ കൂടുതൽ “കരുതൽ” കാണിക്കാനും ആവശ്യമായ സഹായം നൽകാനും മൂപ്പന്മാർക്കും എളുപ്പമായിരിക്കും.

7. നിരുത്സാഹിതനായ ഒരു വ്യക്തിയുടെ ‘വിവേകശൂന്യമായ വാക്കുകൾ’ നാം എങ്ങനെയാണ്‌ കണക്കിലെടുക്കേണ്ടത്‌?

7 തെസ്സലോനിക്യയിലെ സഭയ്‌ക്ക്‌ എഴുതവെ “ബലഹീനരെ താങ്ങുവിൻ” എന്ന്‌ പൗലോസ്‌ പറയുകയുണ്ടായി. (1 തെസ്സലോനിക്യർ 5:14 വായിക്കുക.) ‘വിഷാദമഗ്നരും’ നിരുത്സാഹിതരും ഒരർഥത്തിൽ ബലഹീനരാണ്‌. ഇക്കാര്യം സൂചിപ്പിച്ചുകൊണ്ട്‌ സദൃശവാക്യങ്ങൾ 24:10 ഇങ്ങനെ പറയുന്നു: “കഷ്ടകാലത്തു നീ കുഴഞ്ഞുപോയാൽ നിന്റെ ബലം നഷ്ടം തന്നേ.” പാടേ നിരുത്സാഹിതനായ ഒരു വ്യക്തിയുടെ “വാക്കുകൾ വിവേകശൂന്യമായി”പ്പോയേക്കാം. (ഇയ്യോ. 6:2, 3, പി.ഒ.സി.) വികാരത്തിന്റെ പുറത്തുള്ള അവരുടെ വാക്കുകൾ കേട്ടിട്ട്‌ അതിന്റെ അടിസ്ഥാനത്തിൽമാത്രം അവരെ വിലയിരുത്തുന്നത്‌ ബുദ്ധിശൂന്യമായിരിക്കും. അവരുടെ യഥാർഥവ്യക്തിത്വം ആയിരിക്കില്ല വാക്കുകളിൽ പ്രതിഫലിക്കുന്നത്‌. അങ്ങനെയുള്ളവരോട്‌ കരുതൽ കാണിക്കുമ്പോൾ ഇക്കാര്യം മനസ്സിൽപ്പിടിക്കുന്നത്‌ നന്നായിരിക്കും. റേച്ചൽ ഇത്‌ സ്വന്തം അനുഭവത്തിൽനിന്ന്‌ മനസ്സിലാക്കി. അവളുടെ അമ്മ കടുത്ത വിഷാദത്തിന്‌ അടിപ്പെട്ടിരുന്നു. റേച്ചൽ പറയുന്നു: “അങ്ങേയറ്റം ദേഷ്യം പിടിപ്പിക്കുന്ന കാര്യങ്ങൾ അമ്മ പലപ്പോഴും പറയാറുണ്ട്‌. എന്നാൽ അമ്മ ശരിക്കും എങ്ങനെയുള്ള ആളാണെന്ന്‌ അത്തരം അവസരങ്ങളിൽ ഞാൻ എന്നെത്തന്നെ ഓർമിപ്പിക്കും. വാത്സല്യവും ദയയും നിറഞ്ഞ ഉദാരമതിയായ ഒരാളാണ്‌ എന്റെ അമ്മ. വിഷാദമഗ്നരായ ആളുകൾ പറയുന്ന പല കാര്യങ്ങളും അവർ അങ്ങനെ ഉദ്ദേശിച്ച്‌ പറയുന്നതല്ല എന്നു ഞാൻ മനസ്സിലാക്കി. വാക്കാലോ പ്രവൃത്തിയാലോ തിരിച്ചടിക്കുന്നത്‌ അവരോടു കാണിക്കുന്ന ക്രൂരതയാണെന്നുവേണം പറയാൻ.” സദൃശവാക്യങ്ങൾ 19:11 പറയുന്നു: “വിവേകബുദ്ധിയാൽ മനുഷ്യന്നു ദീർഘക്ഷമവരുന്നു; ലംഘനം ക്ഷമിക്കുന്നതു അവന്നു ഭൂഷണം.”

8. നാം സ്‌നേഹിക്കുന്നുണ്ടെന്ന്‌ വിശേഷാൽ ‘ഉറപ്പുകൊടുക്കേണ്ടത്‌’ ആർക്കാണ്‌, എന്തുകൊണ്ട്‌?

8 മുൻകാലത്ത്‌ പാപം ചെയ്‌ത ഒരു വ്യക്തി കാര്യങ്ങൾ നേരെയാക്കാൻ നടപടികൾ എടുത്തെങ്കിലും ഇപ്പോഴും ലജ്ജയും നിരാശയും അനുഭവിക്കുന്നുണ്ടാകാം. അത്തരത്തിൽ നിരുത്സാഹിതനായ ഒരാളോട്‌ നമുക്ക്‌ എങ്ങനെ “കരുതൽ” കാണിക്കാം? അനുതാപം പ്രകടമാക്കിയ ഇത്തരത്തിലുള്ള ഒരു ദുഷ്‌പ്രവൃത്തിക്കാരൻ കൊരിന്ത്‌ സഭയിലുണ്ടായിരുന്നു. അദ്ദേഹത്തെക്കുറിച്ച്‌ പൗലോസ്‌ അവിടെയുള്ള സഹോദരന്മാർക്ക്‌ ഇങ്ങനെ എഴുതി: “നിങ്ങൾ ദയാപുരസ്സരം അവനോടു ക്ഷമിക്കുകയും അവനെ ആശ്വസിപ്പിക്കുകയും വേണം; ഇല്ലെങ്കിൽ അവൻ അഗാധദുഃഖത്തിൽ ആണ്ടുപോകാൻ ഇടയാകും. ആകയാൽ അവനോടുള്ള നിങ്ങളുടെ സ്‌നേഹത്തിന്‌ ഉറപ്പുകൊടുക്കണമെന്നു ഞാൻ നിങ്ങളോട്‌ അഭ്യർഥിക്കുന്നു.” (2 കൊരി. 2:7, 8) ഒരു നിഘണ്ടു പറയുന്ന പ്രകാരം, ‘ഉറപ്പുകൊടുക്കുക’ എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന വാക്കിന്റെ അർഥം “സ്ഥിരീകരിക്കുക, പ്രമാണീകരിക്കുക, നിയമസാധുത നൽകുക” എന്നൊക്കെയാണ്‌. നമുക്ക്‌ അദ്ദേഹത്തോടുള്ള സ്‌നേഹവും താത്‌പര്യവും അദ്ദേഹം സ്വയം മനസ്സിലാക്കിക്കൊള്ളും എന്നു ധരിക്കരുത്‌. നമ്മുടെ മനോഭാവത്തിലും പ്രവൃത്തിയിലും അദ്ദേഹത്തിന്‌ അതു കാണാൻ കഴിയണം.

‘സ്‌നേഹത്തിനും സത്‌പ്രവൃത്തികൾക്കും ഉത്സാഹിപ്പിക്കുക’

9. ‘സ്‌നേഹത്തിനും സത്‌പ്രവൃത്തികൾക്കും ഉത്സാഹിപ്പിക്കുക’ എന്നതുകൊണ്ട്‌ എന്താണ്‌ അർഥമാക്കുന്നത്‌?

9 ‘സ്‌നേഹത്തിനും സത്‌പ്രവൃത്തികൾക്കും ഉത്സാഹിപ്പിക്കാം’ എന്ന്‌ പൗലോസ്‌ എഴുതി. സ്‌നേഹം പ്രകടിപ്പിക്കാനും സത്‌പ്രവൃത്തികളിൽ മുഴുകാനും സഹവിശ്വാസികളെ നാം പ്രചോദിപ്പിക്കേണ്ടയാവശ്യമുണ്ട്‌. അടുപ്പിലെ തീ കെടാൻ തുടങ്ങിയാൽ വിറക്‌ അൽപ്പം അനക്കി ഊതിക്കൊടുത്ത്‌ നാം അത്‌ ജ്വലിപ്പിച്ചെടുക്കാറുണ്ട്‌. (2 തിമൊ. 1:6) സമാനമായി, ദൈവത്തോടും അയൽക്കാരോടും ഉള്ള തങ്ങളുടെ സ്‌നേഹം പ്രകടിപ്പിക്കാൻ സഹോദരങ്ങളെ നമുക്ക്‌ സ്‌നേഹപുരസ്സരം പ്രചോദിപ്പിക്കാൻ കഴിയും. മറ്റുള്ളവരെ സത്‌പ്രവൃത്തികൾക്ക്‌ ഉത്സാഹിപ്പിക്കാൻ ഉചിതമായ അഭിനന്ദനവാക്കുകൾ കൂടിയേ തീരൂ.

മറ്റുള്ളവരോടൊത്ത്‌ വയൽശുശ്രൂഷയിൽ പങ്കെടുക്കുക

10, 11. (എ) നമ്മിൽ ആർക്കാണ്‌ അഭിനന്ദനം ആവശ്യമുള്ളത്‌? (ബി) തെറ്റു ചെയ്‌ത ഒരാളെ സഹായിക്കാൻ പ്രോത്സാഹനവാക്കുകൾക്ക്‌ കഴിയുന്നത്‌ എങ്ങനെയെന്ന്‌ ദൃഷ്ടാന്തീകരിക്കുക.

10 നിരുത്സാഹിതരാണെങ്കിലും അല്ലെങ്കിലും നമുക്കെല്ലാം അഭിനന്ദനം ആവശ്യമാണ്‌. ഒരു മൂപ്പൻ എഴുതുന്നു: “എന്റെ പിതാവ്‌ ഞാൻ ചെയ്‌ത ഒരു കാര്യം പോലും ഒരിക്കലും നല്ലതാണെന്ന്‌ പറഞ്ഞിട്ടില്ല. അതുകൊണ്ട്‌ ആത്മവിശ്വാസമില്ലാതെയാണ്‌ ഞാൻ വളർന്നുവന്നത്‌. . . . ഇപ്പോൾ എനിക്ക്‌ 50 വയസ്സായി. എന്നാൽപ്പോലും, ഒരു മൂപ്പനെന്ന നിലയിൽ ഞാൻ നന്നായി പ്രവർത്തിക്കുന്നുണ്ടെന്ന്‌ എന്റെ സുഹൃത്തുക്കൾ പറഞ്ഞുകേൾക്കുമ്പോൾ അത്‌ എനിക്ക്‌ എത്ര പ്രോത്സാഹനമാണെന്ന്‌ അറിയാമോ? . . . മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കേണ്ടത്‌ എത്ര പ്രധാനമാണെന്ന്‌ എന്റെ അനുഭവത്തിൽനിന്ന്‌ ഞാൻ പഠിച്ചു. അതുകൊണ്ട്‌ ആളുകളെ അഭിനന്ദിക്കാനുള്ള അവസരങ്ങൾ കണ്ടെത്താൻ ഞാൻ പ്രത്യേകശ്രമം ചെയ്യാറുണ്ട്‌.” പയനിയർമാരും പ്രായമായവരും നിരുത്സാഹിതരും ഉൾപ്പെടെ എല്ലാവർക്കും ഒരു പ്രചോദകശക്തിയായിരിക്കാൻ അഭിനന്ദനവാക്കുകൾക്ക്‌ കഴിയും.—റോമ. 12:10.

11 ‘തെറ്റു ചെയ്‌ത ഒരാളെ യഥാസ്ഥാനപ്പെടുത്താൻ നോക്കുമ്പോൾ’ ‘ആത്മീയരായ വ്യക്തികൾ’ നൽകുന്ന സ്‌നേഹത്തോടെയുള്ള ബുദ്ധിയുപദേശവും അനുയോജ്യമായ അഭിനന്ദനവാക്കുകളും സത്‌പ്രവൃത്തികളുടെ പാതയിലേക്ക്‌ മടങ്ങിവരാൻ അയാളെ പ്രചോദിപ്പിച്ചേക്കാം. (ഗലാ. 6:1) മിര്യാം എന്ന സഹോദരിയുടെ കാര്യത്തിൽ ഇതു സത്യമാണെന്നു തെളിഞ്ഞു. അവൾ എഴുതുന്നു: “എന്റെ ഉറ്റസുഹൃത്തുക്കളിൽ ചിലർ സത്യം വിട്ടുപോയി. ഡാഡി മസ്‌തിഷ്‌കാഘാതം വന്ന്‌ കിടപ്പിലുമായി. ജീവിതത്തിലെ ഏറ്റവും കലുഷിതമായ ഒരു കാലഘട്ടമായിരുന്നു അത്‌. മാനസികമായി ഞാൻ ആകെ തളർന്നു. നിരാശയിൽനിന്നു പുറത്തുകടക്കാൻ ഞാൻ ലോകക്കാരനായ ഒരു സുഹൃത്തുമായി കറങ്ങിനടക്കാൻ തുടങ്ങി.” ആ പ്രവൃത്തി നിമിത്തം യഹോവയുടെ സ്‌നേഹത്തിന്‌ താൻ അയോഗ്യയാണെന്ന്‌ അവൾക്കു തോന്നിത്തുടങ്ങി. സത്യം വിട്ടുപോകുന്നതിനെക്കുറിച്ചു പോലും അവൾ ചിന്തിച്ചു. എന്നാൽ, മുൻകാലത്തെ അവളുടെ വിശ്വസ്‌തസേവനത്തെക്കുറിച്ച്‌ ഒരു മൂപ്പൻ ഓർമിപ്പിച്ചപ്പോൾ അത്‌ അവളുടെ ഉള്ളിൽത്തട്ടി. യഹോവ ഇപ്പോഴും തന്നെ സ്‌നേഹിക്കുന്നെന്ന്‌ മൂപ്പന്മാരുടെ സംസാരത്തിലൂടെ അവൾക്ക്‌ ഉറപ്പായി. യഹോവയോടുള്ള അവളുടെ സ്‌നേഹം പുനർജ്വലിച്ചു. അങ്ങനെ അവൾ അവിശ്വാസിയുമായുള്ള ബന്ധം അവസാനിപ്പിക്കുകയും യഹോവയെ സേവിക്കുന്നതിൽ തുടരുകയും ചെയ്‌തു.

സ്‌നേഹത്തിനും സത്‌പ്രവൃത്തികൾക്കും ഉത്സാഹിപ്പിക്കുക

12. മറ്റുള്ളവരെ ലജ്ജിപ്പിച്ചോ വിമർശിച്ചോ അവരിൽ കുറ്റബോധം ജനിപ്പിച്ചോ ഉത്സാഹിപ്പിക്കാൻ ശ്രമിക്കുന്നതിനെക്കുറിച്ച്‌ എന്തു പറയാം?

12 എന്നിരുന്നാലും, സഹോദരങ്ങളെ ഉത്സാഹിപ്പിക്കുന്ന വിധം സംബന്ധിച്ച്‌ നാം ജാഗ്രത പുലർത്തണം. ഒരു വ്യക്തിയെ മറ്റുള്ളവരുമായി അനുചിതതാരതമ്യങ്ങൾ നടത്തി ലജ്ജിപ്പിക്കുകയോ കർക്കശമായ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ വിമർശിക്കുകയോ കൂടുതൽ ചെയ്യാത്തതിന്റെ പേരിൽ അയാളിൽ കുറ്റബോധം ജനിപ്പിക്കുകയോ ചെയ്യുന്നത്‌ ഒരുപക്ഷേ പെട്ടെന്നൊരു ചുറുചുറുക്ക്‌ കാട്ടാൻ അയാളെ പ്രേരിപ്പിച്ചേക്കാം. പക്ഷേ, അത്‌ നിലനിൽക്കില്ലെന്നു മാത്രം. പകരം, നിങ്ങളുടെ സഹവിശ്വാസിയെ അഭിനന്ദിക്കുക, ദൈവസ്‌നേഹമാണ്‌ കൂടുതൽ ചെയ്യാൻ നമ്മെ പ്രേരിപ്പിക്കുന്നതെന്നു തിരിച്ചറിയാൻ അദ്ദേഹത്തെ സഹായിക്കുക. അത്‌ നീണ്ടുനിൽക്കുന്ന ഫലം ഉളവാക്കും.ഫിലിപ്പിയർ 2:1-4 വായിക്കുക.

‘അന്യോന്യം പ്രോത്സാഹിപ്പിക്കുക’

13. മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കുന്നതിൽ എന്താണ്‌ ഉൾപ്പെട്ടിരിക്കുന്നത്‌? (ലേഖനാരംഭത്തിലെ ചിത്രം കാണുക.)

13 ‘നാൾ സമീപിക്കുന്നു എന്നു കാണുന്തോറും നാം അന്യോന്യം അധികമധികം പ്രോത്സാഹിപ്പിക്കേണ്ടയാവശ്യമുണ്ട്‌.’ മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കുന്നതിൽ എന്താണ്‌ ഉൾപ്പെടുന്നത്‌? ദൈവസേവനത്തിൽ മുന്നോട്ടു ചരിക്കുന്നതിൽ തുടരാനുള്ള പ്രചോദനം പകരുന്നതാണ്‌ അതിൽ ഉൾപ്പെടുന്നത്‌. ‘സ്‌നേഹത്തിനും സത്‌പ്രവൃത്തികൾക്കും ഉത്സാഹിപ്പിക്കുന്നത്‌’ തീ കെടാൻ പോകുമ്പോൾ അടുപ്പിലെ വിറക്‌ ഒന്ന്‌ അനക്കിക്കൊടുത്ത്‌ അത്‌ ഊതിക്കത്തിക്കുന്നതുപോലെയാണെന്ന്‌ നാം കണ്ടു. എന്നാൽ ‘പ്രോത്സാഹിപ്പിക്കുന്നത്‌’ ജ്വാല നിലനിറുത്താനും ചൂട്‌ കൂട്ടാനും വേണ്ടി അടുപ്പിലേക്ക്‌ പിന്നെയും വിറകുവെച്ചു കൊടുക്കുന്നതുപോലെയാണെന്ന്‌ പറയാം. സഹവിശ്വാസികളെ പ്രോത്സാഹിപ്പിക്കുന്നതിൽ, മനസ്സിടിഞ്ഞിരിക്കുന്നവരെ ബലപ്പെടുത്തുകയും ആശ്വസിപ്പിക്കുകയും ചെയ്യുന്നത്‌ ഉൾപ്പെടുന്നു. അങ്ങനെയൊരാളെ പ്രോത്സാഹിപ്പിക്കുമ്പോൾ സൗമ്യതയോടെ സുഖപ്രദമായി നാം സംസാരിക്കേണ്ടതുണ്ട്‌. (സദൃ. 12:18) കൂടാതെ നാം “കേൾക്കാൻ തിടുക്കവും സംസാരിക്കാൻ സാവകാശവും” ഉള്ളവരായിരിക്കണം. (യാക്കോ. 1:19) നാം അനുകമ്പയോടെ ശ്രദ്ധിക്കുന്നെങ്കിൽ സഹക്രിസ്‌ത്യാനിയെ നിരുത്സാഹപ്പെടുത്തിയത്‌ എന്താണെന്ന്‌ തിരിച്ചറിയാനും അത്‌ തരണം ചെയ്യാൻ അദ്ദേഹത്തെ സഹായിക്കുന്ന എന്തെങ്കിലും പറയാനും നമുക്കു കഴിഞ്ഞേക്കും.

നല്ല സഹവാസം ആസ്വദിക്കുക

14. നിരുത്സാഹിതനായ ഒരു സഹോദരന്‌ സഹായം ലഭിച്ചത്‌ എങ്ങനെ?

14 സഹാനുഭൂതിയുള്ള ഒരു മൂപ്പൻ കുറെ വർഷങ്ങളായി നിഷ്‌ക്രിയനായിരുന്ന ഒരു സഹോദരനെ സഹായിച്ചത്‌ എങ്ങനെയാണെന്നു നോക്കുക. ആ സഹോദരനു പറയാനുള്ളത്‌ ശ്രദ്ധിച്ചു കേട്ടപ്പോൾ യഹോവയോട്‌ അദ്ദേഹത്തിന്‌ ഇപ്പോഴും ആഴമായ സ്‌നേഹമുണ്ടെന്ന്‌ മൂപ്പനു വ്യക്തമായി. അദ്ദേഹം വീക്ഷാഗോപുരത്തിന്റെ എല്ലാ ലക്കങ്ങളും ഉത്സാഹത്തോടെ പഠിക്കുകയും യോഗങ്ങൾക്ക്‌ ക്രമമായി ഹാജരാകാൻ ശ്രമിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. എന്നിരുന്നാലും, സഭയിലെ ചില വ്യക്തികളുടെ ചെയ്‌തികളാണ്‌ അദ്ദേഹത്തെ നിരാശപ്പെടുത്തുകയും അസ്വസ്ഥനാക്കുകയും ചെയ്‌തത്‌. മൂപ്പൻ അനുകമ്പയോടെ, യാതൊരു മുൻവിധിയും കൂടാതെ, ആ സഹോദരന്‌ പറയാനുള്ളതെല്ലാം കേൾക്കുകയും അദ്ദേഹത്തിന്റെയും കുടുംബാംഗങ്ങളുടെയും ക്ഷേമത്തിൽ സഹോദരങ്ങൾക്കുള്ള സ്‌നേഹവും താത്‌പര്യവും അദ്ദേഹത്തെ അറിയിക്കുകയും ചെയ്‌തു. താൻ സ്‌നേഹിക്കുന്ന ദൈവത്തെ സേവിക്കുന്നതിൽനിന്ന്‌ തന്നെ തടയാൻ തിക്തമായ ഭൂതകാലാനുഭവങ്ങളെ താൻ അനുവദിക്കുകയായിരുന്നെന്ന്‌ ക്രമേണ ആ സഹോദരന്‌ മനസ്സിലായി. തന്നോടൊപ്പം വയൽശുശ്രൂഷയിൽ പങ്കെടുക്കാൻ മൂപ്പൻ ആ സഹോദരനെ ക്ഷണിച്ചു. മൂപ്പന്റെ സഹായത്തോടെ ആ സഹോദരൻ ശുശ്രൂഷ പുനരാരംഭിക്കുകയും കാലാന്തരത്തിൽ ഒരു മൂപ്പനായി വീണ്ടും സേവിക്കാനുള്ള യോഗ്യത പ്രാപിക്കുകയും ചെയ്‌തു.

പ്രോത്സാഹനം ആവശ്യമായ വ്യക്തി പറയുന്നത്‌ ക്ഷമയോടെ കേൾക്കുക (14, 15 ഖണ്ഡികകൾ കാണുക)

15. നിരാശിതരെ പ്രോത്സാഹിപ്പിക്കുന്ന കാര്യത്തിൽ യഹോവയിൽനിന്ന്‌ നമുക്ക്‌ എന്തു പഠിക്കാനുണ്ട്‌?

15 നിരുത്സാഹിതനായ ഒരു വ്യക്തി നമ്മൾ നൽകുന്ന സഹായത്തോട്‌ ഉടനടി പ്രതികരിച്ചെന്നുവരില്ല. അയാൾക്ക്‌ പെട്ടെന്ന്‌ ആശ്വാസം തോന്നണമെന്നുമില്ല. അയാളെ നാം തുടർന്നും സഹായിച്ചുകൊണ്ടിരിക്കണം. പൗലോസ്‌ ഇങ്ങനെ പറഞ്ഞു: “ബലഹീനരെ താങ്ങുവിൻ; എല്ലാവരോടും ദീർഘക്ഷമ കാണിക്കുവിൻ.” (1 തെസ്സ. 5:14) കുറച്ചൊക്കെ സഹായിച്ചിട്ട്‌ നിറുത്തിക്കളയുന്നതിനു പകരം, ആവശ്യമായിരിക്കുന്നിടത്തോളം കാലം നാം അത്‌ നൽകിക്കൊണ്ടിരിക്കണം. മുൻകാലങ്ങളിൽ തന്റെ ദാസന്മാരിൽ ചിലർ ഇടയ്‌ക്കൊക്കെ നിരുത്സാഹിതരായപ്പോൾ യഹോവ ക്ഷമയോടെ അവരോട്‌ ഇടപെടുകയുണ്ടായി. ഉദാഹരണത്തിന്‌, ഏലിയാവിന്റെ വികാരങ്ങൾ കണക്കിലെടുത്ത്‌ ദൈവം കരുണയോടെ അവനോട്‌ ഇടപെട്ടു. ദൈവസേവനം തുടരാൻ ആവശ്യമായതെന്തോ അത്‌ യഹോവ അവനു നൽകി. (1 രാജാ. 19:1-18) ദാവീദിന്‌ യഥാർഥ മാനസാന്തരമുണ്ടായിരുന്നതിനാൽ യഹോവ കരുണാപൂർവം അവനോടു ക്ഷമിച്ചു. (സങ്കീ. 51:7, 17) അതുപോലെ, ദൈവസേവനം ഉപേക്ഷിക്കുന്ന ഘട്ടത്തോളം എത്തിയ ഒരു സങ്കീർത്തനക്കാരനെയും ദൈവം സഹായിച്ചു. (സങ്കീ. 73:13, 16, 17) യഹോവ നമ്മോട്‌ കരുണയും ദയയും കാണിക്കുന്നു, വിശേഷിച്ചും നാം മനസ്സിടിഞ്ഞവരും നിരുത്സാഹിതരും ആയിരിക്കുമ്പോൾ. (പുറ. 34:6) അവന്റെ കരുണ ‘രാവിലെതോറും പുതിയതും തീർന്നു പോകാത്തതും’ ആണ്‌. (വിലാ. 3:22, 23) അവന്റെ മാതൃക അനുകരിച്ചുകൊണ്ട്‌ വിഷാദമഗ്നരോട്‌ നാം ആർദ്രതയോടെ ഇടപെടാൻ യഹോവ പ്രതീക്ഷിക്കുന്നു.

ജീവന്റെ പാതയിൽ നിലകൊള്ളാൻ പരസ്‌പരം പ്രോത്സാഹിപ്പിക്കുക

16, 17. ഈ വ്യവസ്ഥിതിയുടെ അന്ത്യം അടുത്തുവരവെ എന്തു ചെയ്യാനായിരിക്കണം നമ്മുടെ തീരുമാനം, എന്തുകൊണ്ട്‌?

16 സാക്‌സെൻഹൗസെൻ തടങ്കൽപ്പാളയത്തിൽനിന്നു പുറപ്പെട്ട 33,000 തടവുകാരിൽ ആയിരങ്ങൾ മാർഗമധ്യേ മരണമടഞ്ഞു. എന്നാൽ യഹോവയുടെ സാക്ഷികളായ 230 പേരും ആ ദുരിതപർവം പൂർത്തിയാക്കി. അവർ അന്യോന്യം പകർന്നു നൽകിയ പ്രോത്സാഹനവും പിന്തുണയും ആണ്‌ ആ മരണപ്രയാണത്തെ അതിജീവിക്കാൻ അവരെ പ്രധാനമായും സഹായിച്ചത്‌.

17 ഇന്ന്‌, നാം “ജീവനിലേക്കുള്ള” പാതയിലൂടെ മുന്നോട്ടു നീങ്ങുകയാണ്‌. (മത്താ. 7:14) പെട്ടെന്നുതന്നെ, യഹോവയുടെ ജനം ഒറ്റക്കെട്ടായി നീതിയുള്ള പുതിയ ലോകത്തിലേക്ക്‌ നടന്നുകയറും. (2 പത്രോ. 3:13) നിത്യജീവനിലേക്കുള്ള പാതയിലൂടെ പ്രയാണം തുടരവെ പരസ്‌പരം സഹായിച്ചും പിന്തുണച്ചും മുന്നോട്ടു പോകാൻ നമുക്ക്‌ ദൃഢനിശ്ചയം ചെയ്യാം.