നിങ്ങളുടെ അഭിവൃദ്ധി സകലരും കാണട്ടെ!
നിങ്ങളുടെ അഭിവൃദ്ധി സകലരും കാണട്ടെ!
“ഇവയെക്കുറിച്ചെല്ലാം ധ്യാനിക്കുക; ഇവയിൽ വ്യാപൃതനായിരിക്കുക. അങ്ങനെ, നിന്റെ അഭിവൃദ്ധി സകലരും കാണാൻ ഇടയാകട്ടെ.”—1 തിമൊ. 4:15.
1, 2. (എ) തിമൊഥെയൊസിന്റെ ബാല്യകാലത്തെക്കുറിച്ച് നമുക്ക് എന്തറിയാം? (ബി) ഏതാണ്ട് 20 വയസ്സുണ്ടായിരുന്നപ്പോൾ അവന്റെ ജീവിതത്തിൽ എന്തു മാറ്റമുണ്ടായി?
റോമൻ പ്രവിശ്യയായ ഗലാത്യയിലാണ് തിമൊഥെയൊസ് ബാല്യകാലം ചെലവഴിച്ചത്. യേശുവിന്റെ മരണത്തെത്തുടർന്നുള്ള പതിറ്റാണ്ടുകളിൽ ആ പ്രദേശത്ത് നിരവധി സഭകൾ രൂപീകൃതമായി. ആ കാലഘട്ടത്തിലാണ് ബാലനായ തിമൊഥെയൊസും അവന്റെ അമ്മയും വല്യമ്മയും ക്രിസ്‌ത്യാനിത്വം സ്വീകരിക്കുന്നത്. അവർ അവിടത്തെ സഭകളിലൊന്നിൽ തീക്ഷ്‌ണതയോടെ പ്രവർത്തിച്ചുപോന്നു. (2 തിമൊ. 1:5; 3:14, 15) താൻ വളർന്നുവന്ന ആ ചുറ്റുപാടിലെ ജീവിതവും അവിടത്തെ ക്രിസ്‌തീയ പ്രവർത്തനങ്ങളുമൊക്കെ തിമൊഥെയൊസ് ശരിക്കും ആസ്വദിച്ചിരിക്കണം. അങ്ങനെയിരിക്കെയാണ് ചില മാറ്റങ്ങൾ സംഭവിക്കുന്നത്.
2 അപ്പൊസ്‌തലനായ പൗലോസ് തന്റെ രണ്ടാം മിഷനറി യാത്രയുടെ ഭാഗമായി ആ പ്രദേശത്ത് എത്തുന്നു. തിമൊഥെയൊസ് അപ്പോൾ കൗമാരത്തിന്റെ ഒടുവിലോ 20-കളുടെ തുടക്കത്തിലോ ആയിരുന്നിരിക്കാം. നല്ല പക്വത പ്രകടിപ്പിച്ചിരുന്ന അവനെക്കുറിച്ച് പ്രാദേശിക സഭകളിലെ ‘സഹോദരന്മാർക്ക് വളരെ നല്ല അഭിപ്രായമാണുള്ളതെന്ന്’ അവിടെവെച്ച് (സാധ്യതയനുസരിച്ച് ലുസ്‌ത്ര) പൗലോസ് മനസ്സിലാക്കുന്നു. (പ്രവൃ. 16:2) പരിശുദ്ധാത്മാവിന്റെ പ്രേരണയാൽ പൗലോസും പ്രാദേശിക മൂപ്പന്മാരും തിമൊഥെയൊസിന്റെമേൽ ‘കൈവെപ്പു’ നടത്തുകയും സഭയോടുബന്ധപ്പെട്ട നിയോഗങ്ങൾക്കായി അവനെ നിയുക്തനാക്കുകയും ചെയ്‌തു.—1 തിമൊ. 4:14; 2 തിമൊ. 1:6.
3. തിമൊഥെയൊസിന് ഏത് സവിശേഷ സേവനപദവിയാണ് ലഭിച്ചത്?
3 അപ്പൊസ്‌തലനായ പൗലോസിന്റെകൂടെ സഞ്ചാരവേലയിൽ ആയിരിക്കാനുള്ള വിശേഷപ്പെട്ട ക്ഷണം തിമൊഥെയൊസിനു ലഭിക്കുന്നു. (പ്രവൃ. 16:3) അതറിഞ്ഞ തിമൊഥെയൊസിന്റെ സന്തോഷം ഒന്നോർത്തുനോക്കൂ! വരുംവർഷങ്ങളിൽ പൗലോസിനോടും മറ്റുള്ളവരോടുമൊപ്പം യാത്രചെയ്യാനും അപ്പൊസ്‌തലന്മാർക്കും മൂപ്പന്മാർക്കുംവേണ്ടി പല ദൗത്യങ്ങൾ നിർവഹിക്കാനുമുള്ള പദവിയാണ് അവനെ കാത്തിരുന്നത്. സഞ്ചാരവേലയിലൂടെ പൗലോസിനും തിമൊഥെയൊസിനും അനേകം സഹോദരങ്ങളെ ആത്മീയമായി ബലപ്പെടുത്താൻ കഴിഞ്ഞു. (പ്രവൃത്തികൾ 16:4, 5 വായിക്കുക.) തിമൊഥെയൊസിന്റെ ആത്മീയ അഭിവൃദ്ധി അങ്ങനെ മറ്റു ക്രിസ്‌ത്യാനികൾക്കും ദൃശ്യമാകാനിടയായി. ഏതാണ്ട് പത്തുവർഷം തിമൊഥെയൊസിന്റെ പ്രവർത്തനം നിരീക്ഷിച്ചശേഷം പൗലോസ് അവനെക്കുറിച്ച് ഫിലിപ്പിയർക്ക് എഴുതി: “നിങ്ങളുടെ കാര്യത്തിൽ ആത്മാർഥതാത്‌പര്യം കാണിക്കുമെന്ന് എനിക്ക് ഉറപ്പുള്ള മറ്റൊരാൾ ഇവിടെയില്ല . . . ഒരു മകൻ അപ്പനോടൊപ്പം എന്നപോലെ സുവിശേഷഘോഷണത്തിൽ (അവൻ) എന്നോടൊപ്പം അധ്വാനിച്ചുകൊണ്ട് തന്റെ യോഗ്യത തെളിയിച്ചതു നിങ്ങൾക്കറിയാമല്ലോ.”—ഫിലി. 2:20-22.
4. (എ) തിമൊഥെയൊസിന് ഭാരിച്ച ഏത് ഉത്തരവാദിത്വം ലഭിച്ചു? (ബി) 1 തിമൊഥെയൊസ് 4:15-നോടുള്ള ബന്ധത്തിൽ ഏതെല്ലാം ചോദ്യങ്ങൾ പ്രസക്തമാണ്?
4 ഏതാണ്ട്, ഫിലിപ്പിയർക്ക് ഇത് എഴുതുന്ന സമയത്താണ് പൗലോസ് തിമൊഥെയൊസിന് ഭാരിച്ച ചില ഉത്തരവാദിത്വങ്ങൾ ഏൽപ്പിച്ചുകൊടുക്കുന്നത്—മൂപ്പന്മാരെയും ശുശ്രൂഷാദാസന്മാരെയും നിയമിക്കാനുള്ള ചുമതല. (1 തിമൊ. 3:1; 5:22) അപ്പോഴേക്കും തിമൊഥെയൊസ് ആശ്രയയോഗ്യനും വിശ്വസ്‌തനുമായ ഒരു മേൽവിചാരകനായിത്തീർന്നിരുന്നു. എന്നാൽ അതേ ലേഖനത്തിൽത്തന്നെ, “നിന്റെ അഭിവൃദ്ധി സകലരും കാണാൻ ഇടയാകട്ടെ” എന്ന് പൗലോസ് അവനെ ഉദ്‌ബോധിപ്പിക്കുന്നു. (1 തിമൊ. 4:15) ഇതിനോടകംതന്നെ വളരെ ശ്രദ്ധേയമായ വിധത്തിൽ തിമൊഥെയൊസ് അഭിവൃദ്ധി കൈവരിച്ചിരുന്നില്ലേ? അങ്ങനെയെങ്കിൽ എന്തുകൊണ്ടാണ് പൗലോസ് അവന് ഇങ്ങനെയൊരു ഉദ്‌ബോധനം നൽകുന്നത്? അതിൽനിന്ന് നമുക്ക് എന്തു പഠിക്കാനുണ്ട്?
ആത്മീയ ഗുണങ്ങൾ ദൃശ്യമായിത്തീരട്ടെ
5, 6. എഫെസ്യ സഭയുടെ ശുദ്ധി അപകടത്തിലായിരുന്നത് എങ്ങനെ, തിമൊഥെയൊസിന് എങ്ങനെ സഭയെ സംരക്ഷിക്കാൻ കഴിയുമായിരുന്നു?
5 നമുക്ക് 1 തിമൊഥെയൊസ് 4:15-ന്റെ സന്ദർഭമൊന്നു നോക്കാം. (1 തിമൊഥെയൊസ് 4:11-16 വായിക്കുക.) മാസിഡോണിയയിൽവെച്ചാണ് പൗലോസ് തിമൊഥെയൊസിന് ഇത് എഴുതുന്നത്. എന്നാൽ അവൻ അവിടേക്കു പോകുമ്പോൾ തിമൊഥെയൊസിനോട് എഫെസൊസിൽത്തന്നെ തുടരാൻ ആവശ്യപ്പെട്ടിരുന്നു. എന്തുകൊണ്ട്? ആ സഭയിലെ ചിലർ വ്യാജോപദേശങ്ങൾ പഠിപ്പിച്ചുകൊണ്ട് സഭയിൽ വിഭാഗീയത സൃഷ്ടിക്കാൻ നോക്കുന്നുണ്ടായിരുന്നു. സഭയുടെ ആത്മീയ പരിശുദ്ധി കാത്തുസൂക്ഷിക്കാൻ ഇപ്പോൾ തിമൊഥെയൊസ് ചിലത് ചെയ്യേണ്ടതുണ്ട്. എന്നാൽ എങ്ങനെയാണ് അത് ചെയ്യാൻ കഴിയുക? മറ്റുള്ളവർക്ക് അനുകരണീയമായ ഒരു മാതൃക വെക്കുക എന്നതായിരുന്നു അതിനുള്ള ഒരു മാർഗം.
6 പൗലോസ് തിമൊഥെയൊസിന് എഴുതി: “സംസാരത്തിലും പെരുമാറ്റത്തിലും സ്‌നേഹത്തിലും വിശ്വാസത്തിലും നിർമലതയിലും വിശ്വസ്‌തർക്ക് ഒരു മാതൃകയായിരിക്കുക.” “ഇവയെക്കുറിച്ചെല്ലാം ധ്യാനിക്കുക; ഇവയിൽ വ്യാപൃതനായിരിക്കുക. അങ്ങനെ, നിന്റെ അഭിവൃദ്ധി സകലരും കാണാൻ ഇടയാകട്ടെ.” (1 തിമൊ. 4:12, 15) ഏതെങ്കിലും അധികാരപദവിയിൽ എത്തിച്ചേരുന്നതിനെയല്ല അഭിവൃദ്ധി എന്നതുകൊണ്ട് പൗലോസ് അർഥമാക്കിയത്, മറിച്ച് ആത്മീയഗുണങ്ങളോടുള്ള ബന്ധത്തിൽ ഈ അഭിവൃദ്ധി ദൃശ്യമാകണമെന്നാണ് അപ്പൊസ്‌തലൻ എഴുതിയത്. ഈ വിധത്തിൽ അഭിവൃദ്ധി കൈവരിക്കാനാണ് എല്ലാ ക്രിസ്‌ത്യാനികളും ശ്രമിക്കേണ്ടത്.
7. സഭയിലെ എല്ലാവരിൽനിന്നും എന്താണ് പ്രതീക്ഷിക്കുന്നത്?
7 തിമൊഥെയൊസിന്റെ കാലത്തുണ്ടായിരുന്നതുപോലെ ഇന്നും ക്രിസ്‌തീയ സഭയിൽ പല സേവനപദവികളുണ്ട്. ചിലർ മൂപ്പന്മാർ, ശുശ്രൂഷാദാസന്മാർ എന്നീ പദവികളിൽ സേവിക്കുന്നു. ചിലർ പയനിയർമാരായി സേവിക്കുന്നു. മറ്റുചിലർ സഞ്ചാരമേൽവിചാരകന്മാരായും ബെഥേൽ അംഗങ്ങളായും മിഷനറിമാരായും പ്രവർത്തിക്കുന്നു. മൂപ്പന്മാർക്ക് സമ്മേളനങ്ങളിലും കൺവെൻഷനുകളിലുമൊക്കെ പഠിപ്പിക്കാനുള്ള പദവിയുമുണ്ട്. എന്നിരുന്നാലും, ‘സകലർക്കും ദൃശ്യമാംവിധം’ ആത്മീയ അഭിവൃദ്ധി കൈവരിക്കാൻ പര്യാപ്‌തരാണ് എല്ലാ ക്രിസ്‌ത്യാനികളും—പുരുഷന്മാരും സ്‌ത്രീകളും കുട്ടികളുമുൾപ്പെടെ എല്ലാവരും. (മത്താ. 5:16) തിമൊഥെയൊസിനെപ്പോലെ പ്രത്യേക ഉത്തരവാദിത്വസ്ഥാനങ്ങളും പദവികളുമൊക്കെ ഉള്ളവർപോലും സകലർക്കും ദൃശ്യമാംവിധം ആത്മീയ അഭിവൃദ്ധി കൈവരിക്കാൻ പ്രതീക്ഷിക്കപ്പെടുന്നു.
മാതൃകായോഗ്യമായി സംസാരിക്കുക
8. നമ്മുടെ സംസാരം നമ്മുടെ ആരാധനയെ എങ്ങനെ ബാധിച്ചേക്കാം?
8 തിമൊഥെയൊസ് മാതൃകായോഗ്യമായി സംസാരിക്കണമായിരുന്നു. ഈ മേഖലയിൽ നമുക്കെങ്ങനെ നമ്മുടെ അഭിവൃദ്ധി ദൃശ്യമാക്കാൻ കഴിയും? നമ്മുടെ സംസാരത്തിന് നമ്മെക്കുറിച്ച് പലതും വെളിപ്പെടുത്താനാകും. “ഹൃദയത്തിന്റെ നിറവിൽനിന്നല്ലയോ വായ് സംസാരിക്കുന്നത്?” എന്ന് യേശു പറഞ്ഞത് അതുകൊണ്ടാണ്. (മത്താ. 12:34) നമ്മുടെ ഭാഷണത്തിന് നമ്മുടെ ആരാധനയെ ഫലശൂന്യമാക്കാനാകുമെന്ന് യേശുവിന്റെ സഹോദരനായ യാക്കോബ് മനസ്സിലാക്കിയിരുന്നു. അവൻ എഴുതി: “ഒരുവൻ ദൈവത്തെ ആരാധിക്കുന്നുവെന്ന് നിരൂപിക്കുകയും എന്നാൽ തന്റെ നാവിന് കടിഞ്ഞാണിടാതിരിക്കുകയും ചെയ്‌താൽ അവൻ സ്വന്തഹൃദയത്തെ വഞ്ചിക്കുകയാണ്; ഇങ്ങനെയുള്ളവന്റെ ആരാധന വ്യർഥമത്രേ.”—യാക്കോ. 1:26.
9. നമ്മുടെ സംസാരം ഏതുവിധങ്ങളിൽ മാതൃകായോഗ്യമായിരിക്കണം?
9 നാം ആത്മീയമായി എത്രത്തോളം പുരോഗമിച്ചിട്ടുണ്ടെന്ന് നമ്മുടെ സംസാരത്തിൽനിന്ന് സഹോദരങ്ങൾ നിർണയിക്കും. അതുകൊണ്ട്, പക്വതയുള്ള ക്രിസ്‌ത്യാനികൾ എന്തിനും ഏതിനും കുറ്റംകണ്ടുപിടിക്കുന്ന രീതിയിലോ അന്തസ്സുകെട്ടതും വ്രണപ്പെടുത്തുന്നതുമായ വിധത്തിലോ സംസാരിക്കുകയില്ല. മറിച്ച് മറ്റുള്ളവർക്ക് മനോബലവും ആശ്വാസവും പ്രോത്സാഹനവും പകരുന്നരീതിയിലായിരിക്കും അവരുടെ വാക്കുകളും സംസാരവും. (സദൃ. 12:18; എഫെ. 4:29; 1 തിമൊ. 6:3-5, 20) നമ്മുടെ ധാർമികനിഷ്‌ഠയെയും സദാചാരമൂല്യങ്ങളെയും കുറിച്ച് മറ്റുള്ളവരോട് തികഞ്ഞ ബോധ്യത്തോടെ സംസാരിക്കാൻ നാം തയ്യാറാണോ? ദൈവത്തിന്റെ ഉത്‌കൃഷ്ടനിലവാരങ്ങളനുസരിച്ചു ജീവിക്കാനുള്ള നമ്മുടെ ആഗ്രഹം നമ്മുടെ വാക്കുകളിൽ ശക്തമായി പ്രതിഫലിക്കാറുണ്ടോ? അങ്ങനെ ചെയ്യുന്നത് ദൈവത്തോടുള്ള നമ്മുടെ ഭക്തിയുടെ ആഴം വെളിവാക്കും. (റോമ. 1:15, 16) നീതിസ്‌നേഹികളായവർ അതു ശ്രദ്ധിക്കുകയും നമ്മുടെ നല്ല മാതൃക അനുകരിക്കുകയും ചെയ്‌തേക്കാം.—ഫിലി. 4:8, 9.
പെരുമാറ്റത്തിലും നിർമലതയിലും മാതൃകയായിരിക്കുക
10. ആത്മീയ പുരോഗതിക്ക് നിഷ്‌കപടമായ വിശ്വാസം പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്?
10 ഒരു ക്രിസ്‌ത്യാനി മാതൃകായോഗ്യനായിരിക്കണമെങ്കിൽ 1 തിമൊ. 1:5; 4:1, 2) എന്നാൽ തിമൊഥെയൊസ് ഒരിക്കലും അവരെപ്പോലെയായിരുന്നില്ല. അവനുള്ള തന്റെ രണ്ടാമത്തെ ലേഖനത്തിൽ പൗലോസ് എഴുതി: “നിന്റെ നിഷ്‌കപടമായ വിശ്വാസത്തെപ്പറ്റിയും ഞാൻ ഓർക്കുന്നു.” (2 തിമൊ. 1:5) എന്നിരുന്നാലും ക്രിസ്‌ത്യാനിയെന്ന നിലയിലുള്ള അവന്റെ പരമാർഥത മറ്റുള്ളവർക്ക് കാണാൻ കഴിയണമായിരുന്നു. സത്‌പെരുമാറ്റത്തിന്റെ കാര്യത്തിൽ അവൻ ഒരു അനുകരണീയമാതൃക വെക്കേണ്ടതുണ്ടായിരുന്നു.
സംസാരംമാത്രം ശ്രദ്ധിച്ചാൽപോരാ. നല്ല കാര്യങ്ങൾ സംസാരിച്ചിട്ട് അവ പ്രവൃത്തിയിൽ പ്രതിഫലിക്കുന്നില്ലെങ്കിൽ അത് കാപട്യമായിരിക്കും. പരീശന്മാരുടെ കാപട്യത്തെക്കുറിച്ചും അതിന്റെ ദൂഷ്യഫലങ്ങളെക്കുറിച്ചും പൗലോസിന് നന്നായി അറിയാമായിരുന്നു. അത്തരം കാപട്യത്തിനെതിരെ ഒന്നിലേറെ തവണ അവൻ തിമൊഥെയൊസിന് മുന്നറിയിപ്പുനൽകുന്നുണ്ട്. (11. ധനമോഹം സംബന്ധിച്ച് പൗലോസ് തിമൊഥെയൊസിന് എന്ത് എഴുതി?
11 തിമൊഥെയൊസിനുള്ള രണ്ടുലേഖനങ്ങളിലും പൗലോസ് മാതൃകവെക്കേണ്ട പല മേഖലകളെക്കുറിച്ചും എഴുതുകയുണ്ടായി. ഉദാഹരണത്തിന്, അവൻ ധനമോഹം ഒഴിവാക്കേണ്ടിയിരുന്നു. അപ്പൊസ്‌തലൻ അവനോട് ഇങ്ങനെ പറഞ്ഞു: “പണസ്‌നേഹം സകലവിധ ദോഷങ്ങൾക്കും മൂലമല്ലോ. ഈ സ്‌നേഹം ഏറിയിട്ട് ചിലർ വിശ്വാസം വിട്ടകന്ന് പലവിധ വ്യഥകളാൽ തങ്ങളെ ആസകലം കുത്തിമുറിപ്പെടുത്താൻ ഇടയായിരിക്കുന്നു.” (1 തിമൊ. 6:10) അതെ, ആത്മീയശോഷണത്തിന്റെ ഒരു സൂചനയാണ് പണസ്‌നേഹം. നേരെമറിച്ച്, ഒരു ലളിതജീവിതത്തിൽ സംതൃപ്‌തരായി, “ഉണ്ണാനും ഉടുക്കാനും” ഉണ്ടെങ്കിൽ അതുമതി എന്നുവിചാരിക്കുന്ന ക്രിസ്‌ത്യാനികൾ തങ്ങളുടെ ആത്മീയ അഭിവൃദ്ധിയാണ് പ്രകടമാക്കുന്നത്.—1 തിമൊ. 6:6-8; ഫിലി. 4:11-13.
12. സ്വകാര്യജീവിതത്തിൽ നമ്മുടെ ആത്മീയവളർച്ച എങ്ങനെ പ്രതിഫലിപ്പിക്കാം?
12 ക്രിസ്‌തീയ സ്‌ത്രീകൾ ‘വിനയത്തോടും സുബോധത്തോടുംകൂടെ, യോഗ്യമായ വസ്‌ത്രധാരണത്താൽ തങ്ങളെത്തന്നെ അലങ്കരിക്കേണ്ടതിന്റെ’ പ്രാധാന്യത്തെക്കുറിച്ചും പൗലോസ് തിമൊഥെയൊസിന് എഴുതി. (1 തിമൊ. 2:9) വസ്‌ത്രധാരണത്തിലും ചമയത്തിലും വ്യക്തിപരമായ മറ്റുകാര്യങ്ങളിലും വിനയവും സുബോധവും കാണിക്കുന്ന സ്‌ത്രീകൾ പ്രശംസാർഹരാണ്. (1 തിമൊ. 3:11) ഈ തത്ത്വം ക്രിസ്‌തീയ പുരുഷന്മാർക്കും ബാധകമാണ്. ഒരു മേൽവിചാരകൻ “മിതശീലനും സുബോധമുള്ളവനും അച്ചടക്കത്തോടെ ജീവിക്കുന്നവനും” ആയിരിക്കണമെന്ന് പൗലോസ് ഉദ്‌ബോധിപ്പിച്ചു. (1 തിമൊ. 3:2) ഈ ഗുണങ്ങൾ നമ്മൾ ജീവിതത്തിൽ അനുശീലിക്കുമ്പോൾ നമ്മുടെ ആത്മീയ അഭ്യുന്നതി സകലർക്കും ദൃശ്യമായിത്തീരും.
13. തിമൊഥെയൊസിനെപ്പോലെ നിർമലതയുടെ മാതൃകകളായിരിക്കാൻ നമുക്ക് എങ്ങനെ കഴിയും?
13 നിർമലതയിലും തിമൊഥെയൊസ് മാതൃകയാകേണ്ടിയിരുന്നു. നിർമലത എന്ന് പൗലോസ് ഉദ്ദേശിച്ചത് നമ്മുടെ പെരുമാറ്റത്തിന്റെ ഒരു പ്രത്യേക വശത്തെയാണ്, അതായത് ധാർമികശുദ്ധിയെ. സ്‌ത്രീകളോട് ഇടപെടുമ്പോൾ അവന്റെ പെരുമാറ്റം ഒരുതരത്തിലും കുറ്റംപറയാനിടവരാത്ത വിധത്തിലുള്ളത് ആയിരിക്കണമായിരുന്നു. “പ്രായംചെന്ന സ്‌ത്രീകളെ അമ്മമാരെപ്പോലെയും ഇളയസ്‌ത്രീകളെ പൂർണനിർമലതയോടെ സഹോദരിമാരെപ്പോലെയും” കാണണമെന്ന് പൗലോസ് അവന് എഴുതി. (1 തിമൊ. 4:12; 5:2) സദാചാരഹീനമായ പ്രവൃത്തികൾ രഹസ്യമായിരുന്നേക്കാമെങ്കിലും ദൈവം അതുകാണുന്നുണ്ട്, കാലാന്തരത്തിൽ അത് സഹമനുഷ്യരുടെ മുമ്പാകെ വെളിപ്പെട്ടുവരുകയും ചെയ്യും. അതുപോലെതന്നെ ഒരു ക്രിസ്‌ത്യാനിയുടെ സൽപ്രവൃത്തികളും വെളിപ്പെട്ടുവരും. (1 തിമൊ. 5:24, 25) പെരുമാറ്റത്തിന്റെയും ധാർമികശുദ്ധിയുടെയും കാര്യത്തിലുള്ള ആത്മീയപുരോഗതി തെളിയിക്കാൻ സഭയിലുള്ള എല്ലാവർക്കുമുണ്ട് അവസരം.
സ്‌നേഹവും വിശ്വാസവും അനിവാര്യം
14. നാം പരസ്‌പരം സ്‌നേഹിക്കേണ്ടതുണ്ടെന്ന് തിരുവെഴുത്തുകൾ ഊന്നിപ്പറയുന്നത് എങ്ങനെ?
14 ക്രിസ്‌ത്യാനിത്വത്തിന്റെ ഒരു പ്രമുഖ സവിശേഷതയാണ് സ്‌നേഹം. “നിങ്ങൾക്കു പരസ്‌പരം സ്‌നേഹം ഉണ്ടെങ്കിൽ, നിങ്ങൾ എന്റെ ശിഷ്യന്മാരാകുന്നുവെന്ന് എല്ലാവരും അറിയും” എന്ന് യേശു ശിഷ്യന്മാരോട് പറഞ്ഞു. (യോഹ. 13:35) അത്തരം സ്‌നേഹം നമുക്ക് എങ്ങനെ കാണിക്കാം? ‘സ്‌നേഹപൂർവം അന്യോന്യം ക്ഷമിക്കാനും’ ‘തമ്മിൽ ദയയും ആർദ്രാനുകമ്പയും ഉള്ളവരായിരിക്കാനും’ അതിഥിപ്രിയം കാണിക്കാനും ദൈവവചനം നമ്മോടു പറയുന്നു. (എഫെ. 4:2, 32; എബ്രാ. 13:1, 2) “സഹോദരസ്‌നേഹത്തിൽ അന്യോന്യം ആർദ്രതയുള്ളവരായിരിക്കുവിൻ” എന്ന് പൗലോസ് എഴുതി.—റോമ. 12:10.
15. എല്ലാവരും, വിശേഷിച്ച് ക്രിസ്‌തീയ മേൽവിചാരകന്മാർ സ്‌നേഹം കാണിക്കേണ്ടത് എന്തുകൊണ്ട്?
15 തിമൊഥെയൊസ് പരുഷമായും മര്യാദയില്ലാതെയും സഹക്രിസ്‌ത്യാനികളോട് ഇടപെട്ടിരുന്നെങ്കിൽ ഒരു മേൽവിചാരകനും ഉപദേഷ്ടാവും എന്നനിലയിൽ അവൻ ചെയ്‌തതൊക്കെയും വൃഥാവിലാകുമായിരുന്നു. (1 കൊരിന്ത്യർ 13:1-3 വായിക്കുക.) അതുകൊണ്ട്, തിമൊഥെയൊസിനുള്ള തന്റെ ലേഖനത്തിൽ അവൻ സ്‌നേഹത്തിന്റെ മാതൃകയായിരിക്കണമെന്ന് പൗലോസ് എടുത്തുപറഞ്ഞത് തികച്ചും യുക്തമാണ്. സഹോദരങ്ങളോടുള്ള അവന്റെ കറയറ്റ സ്‌നേഹവും അവർക്കുവേണ്ടി അവൻ ചെയ്‌ത കാര്യങ്ങളും ആതിഥ്യവുമെല്ലാം അവന്റെ ആത്മീയ വളർച്ച വിളിച്ചോതുന്നതായിരുന്നു.
16. തിമൊഥെയൊസ് ശക്തമായ വിശ്വാസം കാണിക്കേണ്ടിയിരുന്നത് എന്തുകൊണ്ട്?
16 തിമൊഥെയൊസ് എഫെസൊസിൽ താമസിച്ചിരുന്ന സമയത്ത് അവന്റെ വിശ്വാസം പരിശോധിക്കപ്പെട്ട സാഹചര്യം ഉടലെടുത്തു. അവിടെ ചിലർ ക്രിസ്‌തീയ വിശ്വാസത്തിനു നിരക്കാത്ത ചില ഉപദേശങ്ങൾ പ്രചരിപ്പിക്കുന്നുണ്ടായിരുന്നു. മറ്റുചിലർ, സഭയുടെ ആത്മീയ ഉത്‌കർഷത്തിന് യാതൊരുഗുണവും ചെയ്യാത്ത ‘കെട്ടുകഥകളും’ സ്വന്തമായി കണ്ടെത്തിയ ആശയങ്ങളും സഭയിൽ വ്യാപിപ്പിച്ചിരുന്നു. (1 തിമൊഥെയൊസ് 1:3, 4 വായിക്കുക.) അത്തരക്കാരെ ‘അഹങ്കാരത്താൽ ചീർത്തിരിക്കുന്നവരെന്നും തിരിച്ചറിവില്ലാത്തവരും വാഗ്വാദങ്ങളുടെയും വാക്കുകളെക്കുറിച്ചുള്ള കുതർക്കങ്ങളുടെയും ഭ്രാന്തുപിടിച്ചവരെന്നും’ പൗലോസ് വിളിക്കുന്നു. (1 തിമൊ. 6:3, 4) സഭയിലേക്ക് അരിച്ചിറങ്ങിക്കൊണ്ടിരുന്ന ആ ദ്രോഹകരമായ ചിന്താഗതികൾക്ക് വെറുതെയാണെങ്കിൽപ്പോലും ശ്രദ്ധകൊടുക്കാൻ തിമൊഥെയൊസ് മുതിർന്നില്ല. കാരണം “വിശ്വാസത്തിന്റെ നല്ല പോർ പൊരുതുക” എന്നും “വിശുദ്ധമായതിനെ തുച്ഛീകരിക്കുന്ന വ്യർഥഭാഷണങ്ങളിൽനിന്നും ‘ജ്ഞാനം’ എന്നു കളവായി പറയപ്പെടുന്നതിന്റെ ആശയവൈരുദ്ധ്യങ്ങളിൽനിന്നും ഒഴിഞ്ഞുനിൽക്കുക” എന്നും പൗലോസ് അവനെ ഉപദേശിച്ചിരുന്നു. (1 തിമൊ. 6:12, 20, 21) പൗലോസ് നൽകിയ ഉപദേശം തിമൊഥെയൊസ് അനുസരിച്ചുവെന്നതിൽ ഒരു സംശയവുമില്ല.—1 കൊരി. 10:12.
17. ഇന്ന് നമ്മുടെ വിശ്വാസം പരിശോധിക്കപ്പെട്ടേക്കാവുന്നത് എങ്ങനെ?
17 “ഭാവികാലത്ത് ചിലർ കപടാത്മാക്കളുടെ വഞ്ചകമൊഴികൾക്കും ഭൂതോപദേശങ്ങൾക്കും ചെവികൊടുത്ത് വിശ്വാസത്തിൽനിന്നു വീണുപോകുമെന്ന്” പൗലോസ് തിമൊഥെയൊസിന് മുന്നറിയിപ്പുനൽകിയിരുന്നു. (1 തിമൊ. 4:1) സഭയിൽ ഉത്തരവാദിത്വസ്ഥാനത്തുള്ളവരും മറ്റുള്ളവരും ഒരുപോലെ, ഇളക്കംതട്ടാത്ത ശക്തമായ വിശ്വാസം പ്രകടമാക്കേണ്ടതുണ്ട്—തിമൊഥെയൊസിനെപ്പോലെ. വിശ്വാസത്യാഗം ഒട്ടും വെച്ചുപൊറുപ്പിക്കാതെ അതിനെതിരെ ശക്തവും നിർണായകവുമായ നടപടികൾ സ്വീകരിച്ചുകൊണ്ട് നമുക്ക് ഓരോരുത്തർക്കും നമ്മുടെ ആത്മീയ പുരോഗതി തെളിയിക്കുകയും വിശ്വാസത്തിന് മാതൃകകളായിരിക്കുകയും ചെയ്യാം.
നിങ്ങളുടെ അഭ്യുന്നതി ദൃശ്യമായിത്തീരട്ടെ!
18, 19. (എ) നിങ്ങളുടെ അഭിവൃദ്ധി സകലർക്കും ദൃശ്യമാകാൻ നിങ്ങൾക്ക് എന്തുചെയ്യാനാകും? (ബി) അടുത്തലേഖനത്തിൽ നാം എന്തു പഠിക്കും?
18 സത്യക്രിസ്‌ത്യാനികളുടെ ആത്മീയ അഭിവൃദ്ധി അവരുടെ ആകാരത്തെയോ നൈസർഗിക പ്രാപ്‌തികളെയോ പ്രാമുഖ്യതയെയോ അല്ല ആശ്രയിച്ചിരിക്കുന്നതെന്ന് നാം കണ്ടു. സഭയുമായുള്ള നമ്മുടെ ദീർഘകാലസഹവാസവും അതിന് ആധാരമായിരിക്കുന്നില്ല. മറിച്ച്, യഥാർഥ ആത്മീയ പുരോഗതി യഹോവയോടുള്ള അനുസരണത്തെ ആശ്രയിച്ചാണിരിക്കുന്നത്—നമ്മുടെ ചിന്ത, സംസാരം, പെരുമാറ്റം എന്നീ മണ്ഡലങ്ങളിലെ അനുസരണത്തെ. (റോമ. 16:19) അന്യോന്യം സ്‌നേഹിക്കാനും ശക്തമായ വിശ്വാസം വളർത്തിയെടുക്കാനുമുള്ള കൽപ്പനയ്‌ക്ക് നാം ചെവികൊടുക്കണം. അതുകൊണ്ട് നമുക്ക് പൗലോസിന്റെ വാക്കുകളെക്കുറിച്ച് ധ്യാനിക്കുകയും അവയിൽ വ്യാപൃതരായിരിക്കുകയും ചെയ്യാം. അങ്ങനെ, നമ്മുടെ അഭിവൃദ്ധി സകലരും കാണാൻ ഇടയാകട്ടെ.
19 ആത്മീയ പുരോഗതിയുടെയും ക്രിസ്‌തീയ പക്വതയുടെയും തെളിവായിരിക്കുന്ന മറ്റൊരു ഗുണംകൂടിയുണ്ട്. ആത്മാവിന്റെ ഫലത്തിന്റെ ഭാഗമായ സന്തോഷം. (ഗലാ. 5:22, 23) ക്ലേശങ്ങൾക്കുമധ്യേയും സന്തോഷിക്കാനും ആ സന്തോഷം നിലനിറുത്താനും എങ്ങനെ കഴിയുമെന്ന് അടുത്തലേഖനത്തിൽ നാം കാണും.
എന്താണ് നിങ്ങളുടെ ഉത്തരം?
• നമ്മുടെ സംസാരത്തിൽനിന്ന് നമ്മെക്കുറിച്ച് മറ്റുള്ളവർക്ക് എന്തു മനസ്സിലാക്കാം?
• പെരുമാറ്റത്തിലും നിർമലതയിലും നമ്മുടെ ആത്മീയ പുരോഗതി ദൃശ്യമാകുന്നതെങ്ങനെ?
• ക്രിസ്‌ത്യാനികൾ സ്‌നേഹത്തിന്റെയും വിശ്വാസത്തിന്റെയും മാതൃകകളായിരിക്കേണ്ടത് എന്തുകൊണ്ട്?
[അധ്യയന ചോദ്യങ്ങൾ]
[11-ാം പേജിലെ ചിത്രം]
തിമൊഥെയൊസ് പ്രായത്തിൽ കവിഞ്ഞ പക്വത കാണിച്ചു
[13-ാം പേജിലെ ചിത്രങ്ങൾ]
നിങ്ങളുടെ പുരോഗതി മറ്റുള്ളവർക്കു ദൃശ്യമാണോ?