വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ദൈവമഹത്ത്വത്തിനു ചേർച്ചയിൽ ജീവിച്ചുകൊണ്ട്‌ അവനെ ആദരിക്കുക

ദൈവമഹത്ത്വത്തിനു ചേർച്ചയിൽ ജീവിച്ചുകൊണ്ട്‌ അവനെ ആദരിക്കുക

ദൈവമഹത്ത്വത്തിനു ചേർച്ചയിൽ ജീവിച്ചുകൊണ്ട്‌ അവനെ ആദരിക്കുക

“അവന്റെ [യഹോവയുടെ] പ്രവൃത്തി മഹത്വവും തേജസ്സും ഉള്ളതു; അവന്റെ നീതി എന്നേക്കും നിലനില്‌ക്കുന്നു.”—സങ്കീ. 111:3.

1, 2. (എ) മഹത്ത്വം എന്ന പദത്തിന്‌ ഏതൊക്കെ അർഥങ്ങളുണ്ട്‌? (ബി) ഈ ലേഖനത്തിൽ ഏതെല്ലാം ചോദ്യങ്ങൾ പരിചിന്തിക്കും?

സങ്കീർത്തനക്കാരൻ നിശ്വസ്‌തതയിൽ ദൈവത്തെക്കുറിച്ച്‌ ഇങ്ങനെ പാടി: “എന്റെ ദൈവമായ യഹോവേ, നീ ഏറ്റവും വലിയവൻ; മഹത്വവും തേജസ്സും നീ ധരിച്ചിരിക്കുന്നു.” (സങ്കീ. 104:1) ബൈബിളിൽ മഹത്ത്വം എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന എബ്രായ പദത്തിന്‌ തേജസ്സ്‌, മാന്യത, അന്തസ്സ്‌, ആദരവ്‌, മഹിമ എന്നൊക്കെ അർഥമുണ്ട്‌. നന്നായി വസ്‌ത്രം ധരിക്കുന്നത്‌ അന്തസ്സിന്റെയും മാന്യതയുടെയുമൊക്കെ ലക്ഷണമായി ആളുകൾ പൊതുവെ കണക്കാക്കുന്നു. ഉദാഹരണത്തിന്‌ ക്രിസ്‌തീയസ്‌ത്രീകൾ, “യോഗ്യമായ വസ്‌ത്രം ധരിച്ചു ലജ്ജാശീലത്തോടും സുബോധത്തോടുംകൂടെ തങ്ങളെ അലങ്കരിക്കേണം” എന്ന്‌ പൗലൊസ്‌ ഉദ്‌ബോധിപ്പിച്ചു. (1 തിമൊ. 2:9) എന്നാൽ നന്നായി വസ്‌ത്രം ധരിക്കുന്നതുകൊണ്ടുമാത്രം നമുക്കു “മഹത്വവും തേജസ്സും” ധരിച്ചിരിക്കുന്ന യഹോവയെ മഹത്ത്വപ്പെടുത്താനാവില്ല.—സങ്കീ. 111:3.

2 പ്രപഞ്ചത്തിലെ ഏറ്റവും ആദരണീയനും മഹത്ത്വപൂർണനുമായ വ്യക്തിയാണ്‌ യഹോവ. അതുകൊണ്ടുതന്നെ അവന്റെ സമർപ്പിതദാസരായ നമ്മുടെ വാക്കും പ്രവൃത്തിയും അന്തസ്സുറ്റതായിരിക്കണം. എന്നാൽ മനുഷ്യർക്ക്‌ അന്തസ്സോടെ പ്രവർത്തിക്കാനാകുന്നത്‌ എന്തുകൊണ്ടാണ്‌? യഹോവയുടെ മഹത്ത്വത്തിന്റെയും തേജസ്സിന്റെയും തെളിവുകൾ എവിടെ കാണാനാകും? ഇതു നമ്മെ എങ്ങനെ ബാധിക്കണം? ആദരവു പ്രകടമാക്കുന്നതിൽ യേശുക്രിസ്‌തു എന്തു മാതൃക വെച്ചിരിക്കുന്നു? നമുക്ക്‌ ഈ ഗുണം എങ്ങനെ പ്രകടമാക്കാം?

നമുക്ക്‌ അന്തസ്സോടെ പ്രവർത്തിക്കാനാകുന്നത്‌ എന്തുകൊണ്ട്‌?

3, 4. (എ) നമ്മെ മാനിച്ച യഹോവയെ നാം എങ്ങനെ മഹത്ത്വീകരിക്കണം? (ബി) സങ്കീർത്തനം 8:5-9 ആരിലേക്കും വിരൽചൂണ്ടുന്നു? (അടിക്കുറിപ്പു കാണുക.) (സി) മുൻകാലങ്ങളിൽ യഹോവ ആരുടെയൊക്കെമേൽ മഹത്ത്വം ചൊരിഞ്ഞിട്ടുണ്ട്‌?

3 ദൈവത്തിന്റെ പ്രതിച്ഛായയിൽ സൃഷ്ടിക്കപ്പെട്ടിരിക്കുന്നതിനാൽ എല്ലാ മനുഷ്യർക്കും അന്തസ്സോടെ പെരുമാറാനാകും. ആദ്യമനുഷ്യനെ ഭൂമിയുടെ പരിപാലനം ഏൽപ്പിച്ചുകൊണ്ട്‌ ദൈവം അവനെ ആദരിച്ചു. (ഉല്‌പ. 1:26, 27) മനുഷ്യൻ അപൂർണനായിത്തീർന്നിട്ടും ദൈവം ആ ഉത്തരവാദിത്വം അവനിൽനിന്ന്‌ എടുത്തുമാറ്റിയില്ല. അങ്ങനെ ദൈവം മുഴുമനുഷ്യവർഗത്തെയും മഹത്ത്വം അണിയിച്ചിരിക്കുന്നു എന്നു പറയാം. (സങ്കീർത്തനം 8:5-9 വായിക്കുക.) * അതുകൊണ്ട്‌ യഹോവയുടെ മഹനീയ നാമത്തെ ഭക്ത്യാദരങ്ങളോടെ സ്‌തുതിക്കാൻ നാം കടപ്പെട്ടവരാണ്‌.

4 തനിക്കു വിശുദ്ധസേവനം അർപ്പിക്കുന്നവരെ യഹോവ വിശേഷാൽ ആദരിക്കുന്നു. ഹാബെലിന്റെ വഴിപാടു സ്വീകരിച്ചുകൊണ്ട്‌ യഹോവ അവനെ ആദരിച്ചു, എന്നാൽ കയീന്റെ വഴിപാട്‌ അവൻ തള്ളിക്കളഞ്ഞു. (ഉല്‌പ. 4:4, 5) മോശെയുടെ “മഹിമയിൽ ഒരംശം” അവന്റെ പിൻഗാമിയായി ഇസ്രായേൽ ജനതയെ നയിക്കേണ്ടിയിരുന്ന യോശുവയുടെമേൽ വെക്കണം എന്നു യഹോവ കൽപ്പിച്ചു. (സംഖ്യാ. 27:20) ദാവീദിന്റെ പുത്രനായ ശലോമോനെക്കുറിച്ചു ബൈബിൾ പറയുന്നു: “യിസ്രായേലൊക്കെയും കാൺകെ യഹോവ ശലോമോനെ അത്യന്തം മഹത്വപ്പെടുത്തി, യിസ്രായേലിൽ അവന്നു മുമ്പുണ്ടായിരുന്ന ഒരു രാജാവിന്നും ലഭിച്ചിട്ടില്ലാത്ത രാജമഹിമയും അവന്നു നല്‌കി.” (1 ദിന. 29:25) തന്റെ ‘രാജത്വത്തിൻ തേജസ്സുള്ള മഹത്വം’ വിശ്വസ്‌തതയോടെ ഘോഷിക്കുന്ന അഭിഷിക്ത ക്രിസ്‌ത്യാനികളെ അവരുടെ പുനരുത്ഥാനത്തിങ്കൽ അനുപമമായ ഒരു വിധത്തിൽ ദൈവം മഹത്ത്വീകരിക്കുന്നു. (സങ്കീ. 145:11-13) യഹോവയെ വാഴ്‌ത്തുന്നതിൽ യേശുവിന്റെ ‘വേറെ ആടുകൾക്കും’ ശ്രേഷ്‌ഠവും അനുഗൃഹീതവുമായ ഒരു പദവിയുണ്ട്‌.—യോഹ. 10:16.

യഹോവയുടെ മഹത്ത്വത്തിന്റെയും തേജസ്സിന്റെയും തെളിവുകൾ

5. യഹോവയുടെ മഹത്ത്വം എത്ര ശ്രേഷ്‌ഠമാണ്‌?

5 സങ്കീർത്തനക്കാരനായ ദാവീദ്‌ പാടി: “ഞങ്ങളുടെ കർത്താവായ യഹോവേ, നിന്റെ നാമം ഭൂമിയിലൊക്കെയും എത്ര ശ്രേഷ്‌ഠമായിരിക്കുന്നു! നീ ആകാശത്തിൽ നിന്റെ തേജസ്സു വെച്ചിരിക്കുന്നു.” (സങ്കീ. 8:1) ദൈവത്തിന്റെ മഹത്ത്വത്തിനു മുന്നിൽ മനുഷ്യൻ എത്ര നിസ്സാരൻ! അനാദിയായും ശാശ്വതമായും യഹോവയാണ്‌ പ്രപഞ്ചത്തിലെ ഏറ്റവും പ്രൗഢവും മഹത്ത്വവുമാർന്ന വ്യക്തിത്വത്തിന്‌ ഉടമ. അതേ, ആകാശത്തെയും ഭൂമിയെയും സൃഷ്ടിക്കുന്നതിനുമുമ്പും ഇപ്പോഴും ഭൂമിയെ ഒരു പറുദീസയാക്കുകയും മനുഷ്യവർഗത്തെ പൂർണതയിൽ എത്തിക്കുകയും ചെയ്യുക എന്ന തന്റെ മഹനീയ ഉദ്ദേശ്യം പൂർത്തീകരിച്ചതിനുശേഷവും അതിനു മാറ്റമില്ല.—ഉല്‌പ. 1:1; 1 കൊരി. 15:24-28; വെളി. 21:1-5.

6. ‘യഹോവ മഹത്ത്വം ധരിച്ചിരിക്കുന്നു’ എന്ന്‌ സങ്കീർത്തനക്കാരൻ പാടിയത്‌ എന്തുകൊണ്ട്‌?

6 രത്‌നങ്ങൾ വാരിവിതറിയാലെന്നപോലുള്ള നക്ഷത്രനിബിഡമായ ആകാശം ദൈവഭക്തനായ സങ്കീർത്തനക്കാരന്റെ ഹൃദയത്തെ എത്ര സ്‌പർശിച്ചിട്ടുണ്ടാകണം! ദൈവം ‘തിരശ്ശീലപോലെ ആകാശത്തെ വിരിക്കുന്നത്‌’ എങ്ങനെയെന്ന്‌ അവൻ അത്ഭുതംകൂറി. യഹോവയുടെ അതിമഹത്തായ സൃഷ്ടികളെ നിരീക്ഷിച്ച അവന്‌ ദൈവം ‘മഹത്വവും തേജസ്സും ധരിച്ചിരിക്കുന്നു’ എന്നു പാടാതിരിക്കാനായില്ല. (സങ്കീർത്തനം 104:1, 2 വായിക്കുക.) അദൃശ്യനായ നമ്മുടെ ദൈവത്തിന്റെ മഹത്ത്വവും തേജസ്സും അവന്റെ സൃഷ്ടികളിൽ ദർശിക്കാനാകും.

7, 8. ആകാശവിതാനം യഹോവയുടെ മഹത്ത്വത്തിനും തേജസ്സിനും തെളിവു നൽകുന്നത്‌ എങ്ങനെ?

7 നമ്മുടെ ഭൂമി ഉൾപ്പെടുന്ന ക്ഷീരപഥ ഗാലക്‌സിയെക്കുറിച്ച്‌ ഒരു നിമിഷം ചിന്തിക്കുക. നോക്കെത്താദൂരത്തോളം പരന്നു കിടക്കുന്ന കടൽത്തീരത്തെ ഒരു മണൽത്തരിപോലെയാണ്‌ ഈ ഗാലക്‌സിയിൽ നമ്മുടെ ഭൂമി. ഈ ഒരൊറ്റ ഗാലക്‌സിയിൽത്തന്നെ 10,000 കോടിയിലധികം നക്ഷത്രങ്ങളുണ്ട്‌! ഒരു സെക്കൻഡിൽ ഒരു നക്ഷത്രം എന്ന കണക്കിൽ നിറുത്താതെ എണ്ണിയാൽപ്പോലും 3,000 വർഷമെടുക്കും ഇതൊന്ന്‌ എണ്ണിത്തീരാൻ.

8 ക്ഷീരപഥ ഗാലക്‌സിയിൽമാത്രം ഇത്രയധികം നക്ഷത്രങ്ങളുണ്ടെങ്കിൽ പ്രപഞ്ചത്തിലെ മൊത്തം നക്ഷത്രങ്ങളുടെ കാര്യമോ? പ്രപഞ്ചത്തിൽ 5,000 കോടിക്കും 12,500 കോടിക്കും ഇടയിൽ ഗാലക്‌സികളുണ്ടെന്നാണ്‌ ജ്യോതിശ്ശാസ്‌ത്രജ്ഞന്മാർ കണക്കാക്കുന്നത്‌. അപ്പോൾ ഇവയിലെല്ലാംകൂടിയുള്ള നക്ഷത്രങ്ങളുടെ എണ്ണമോ? നമ്മുടെ ചിന്താപ്രാപ്‌തിക്കതീതമാണ്‌ അത്‌. എന്നിരുന്നാലും യഹോവ “നക്ഷത്രങ്ങളുടെ എണ്ണം നോക്കുന്നു; അവെക്കു ഒക്കെയും പേർ വിളിക്കുന്നു” എന്ന്‌ സങ്കീർത്തനക്കാരൻ പറയുന്നു. (സങ്കീ. 147:4) ഇങ്ങനെ മഹത്ത്വവും തേജസ്സും ധരിച്ചിരിക്കുന്ന യഹോവയെക്കുറിച്ചു മനസ്സിലാക്കുമ്പോൾ അവന്റെ മഹനീയ നാമത്തെ പുകഴ്‌ത്താൻ നാം പ്രേരിതരാകുന്നില്ലേ?

9, 10. നമുക്ക്‌ ആഹാരം ലഭ്യമാക്കിയിരിക്കുന്നതിൽ സ്രഷ്ടാവിന്റെ ജ്ഞാനം പ്രകടമായിരിക്കുന്നത്‌ എങ്ങനെ?

9 ഇനി നമ്മൾ കഴിക്കുന്ന ആഹാരത്തിന്റെ കാര്യമെടുക്കാം. യഹോവ ആകാശത്തിന്റെയും ഭൂമിയുടെയും സ്രഷ്ടാവാണെന്നു മാത്രമല്ല, വിശപ്പുള്ളവർക്ക്‌ ആഹാരം നൽകുന്നവനുംകൂടിയാണ്‌. (സങ്കീ. 146:6, 7) ദൈവത്തിന്റെ മഹത്ത്വവും തേജസ്സും, നമുക്ക്‌ ആഹാരം നൽകുന്ന സസ്യങ്ങളുൾപ്പെടെയുള്ള അവന്റെ സൃഷ്ടികളിൽ ദർശിക്കാനാകും. (സങ്കീർത്തനം 111:1-5 വായിക്കുക.) “ഞങ്ങൾക്കു ആവശ്യമുള്ള ആഹാരം ഇന്നു തരേണമേ” എന്നു പ്രാർഥിക്കാൻ യേശു തന്റെ ശിഷ്യന്മാരെ പഠിപ്പിച്ചു. (മത്താ. 6:11) ഇസ്രായേല്യർ ഉൾപ്പെടെയുള്ള പുരാതനകാലത്തെ ആളുകളുടെ പ്രമുഖ ആഹാരം അപ്പമായിരുന്നു. വളരെ ലളിതമായ ഒരു ഭക്ഷണമാണെങ്കിലും, ധാന്യമാവും വെള്ളവും പോലുള്ള ഏതാനും ചില ഘടകങ്ങൾ സംയോജിച്ച്‌ ഒടുവിൽ അപ്പമായിത്തീരുന്ന പ്രക്രിയ ഒട്ടും ലളിതമല്ല.

10 ഗോതമ്പിന്റെയോ ബാർലിയുടെയോ പൊടി വെള്ളം ചേർത്തു കുഴച്ചാണ്‌ അവർ അപ്പം ഉണ്ടാക്കിയിരുന്നത്‌. ചിലപ്പോൾ അതിൽ യീസ്റ്റോ പുളിമാവോ ചേർത്തിരുന്നു. ലളിതമായ ഈ ഘടകങ്ങൾ സംയോജിച്ച്‌ എണ്ണമറ്റ രാസസംയുക്തങ്ങൾ ഉണ്ടാകുന്നു. ഈ സംയുക്തങ്ങൾ തമ്മിലുള്ള പ്രവർത്തനത്തിന്റെ യഥാർഥ ചിത്രം ഇപ്പോഴും വ്യക്തമല്ല. അപ്പം ദഹിച്ച്‌ ശരീരത്തിന്റെ ഭാഗമായിത്തീരുന്ന പ്രക്രിയയും അതിസങ്കീർണമാണ്‌. “യഹോവേ, നിന്റെ പ്രവൃത്തികൾ എത്ര പെരുകിയിരിക്കുന്നു! ജ്ഞാനത്തോടെ നീ അവയെ ഒക്കെയും ഉണ്ടാക്കിയിരിക്കുന്നു” എന്ന്‌ സങ്കീർത്തനക്കാരൻ പാടിയതിൽ തെല്ലും അതിശയമില്ല. (സങ്കീ. 104:24) സങ്കീർത്തനക്കാരനെപ്പോലെ യഹോവയെ സ്‌തുതിക്കാൻ നിങ്ങളും പ്രേരിതരാകുന്നില്ലേ?

ദൈവത്തിന്റെ മഹത്ത്വവും തേജസ്സും നിങ്ങളെ സ്വാധീനിക്കുന്നുവോ?

11, 12. ദൈവത്തിന്റെ സൃഷ്ടിക്രിയകളെക്കുറിച്ചു ധ്യാനിക്കുന്നതു നമുക്ക്‌ എങ്ങനെ പ്രയോജനം ചെയ്യും?

11 സൃഷ്ടിയിലെ ഇത്തരം അത്ഭുതങ്ങൾ നമ്മെ അത്യന്തം ആശ്ചര്യപ്പെടുത്തിയേക്കാം. എന്നാൽ സ്രഷ്ടാവിന്റെ മഹത്ത്വത്തിൽ മതിപ്പുതോന്നണമെങ്കിൽ അവന്റെ സൃഷ്ടികളെക്കുറിച്ചു നാം ധ്യാനിക്കേണ്ടതുണ്ട്‌. യഹോവയുടെ മറ്റു ചില പ്രവർത്തനങ്ങളെക്കുറിച്ചു ധ്യാനിക്കുന്നതും നമുക്കു പ്രയോജനം ചെയ്യും.

12 തന്റെ ജനത്തിനായി യഹോവ ചെയ്‌ത വൻകാര്യങ്ങളെക്കുറിച്ച്‌ ദാവീദ്‌ ഇങ്ങനെ പാടി: “നിന്റെ പ്രതാപത്തിന്റെ തേജസ്സുള്ള മഹത്വത്തെയും നിന്റെ അത്ഭുതകാര്യങ്ങളെയും ഞാൻ ധ്യാനിക്കും.” (സങ്കീ. 145:5) ബൈബിൾ പഠിക്കുകയും അതേക്കുറിച്ചു ധ്യാനിക്കുകയും ചെയ്‌തുകൊണ്ട്‌ നമുക്കും യഹോവയുടെ പ്രവൃത്തികളോടു താത്‌പര്യം പ്രകടമാക്കാൻ സാധിക്കും. അതുകൊണ്ടുള്ള പ്രയോജനം എന്താണ്‌? ദൈവത്തിന്റെ മഹത്ത്വത്തെയും തേജസ്സിനെയും കുറിച്ചുള്ള നമ്മുടെ വിലമതിപ്പു വർധിക്കും. “ഞാൻ നിന്റെ മഹിമയെ വർണ്ണിക്കും” എന്നു പറഞ്ഞ ദാവീദിന്റെ മനോഭാവമായിരിക്കും നമുക്കും. (സങ്കീ. 145:6) യഹോവയുടെ അത്ഭുതപ്രവൃത്തികളെക്കുറിച്ചു ധ്യാനിക്കുന്നത്‌ അവനുമായുള്ള നമ്മുടെ ബന്ധം ശക്തിപ്പെടുത്തും. ഉത്സാഹത്തോടും നിശ്ചയദാർഢ്യത്തോടുംകൂടെ അവനെക്കുറിച്ചു മറ്റുള്ളവരോടു പറയാൻ അതു നമ്മെ പ്രേരിപ്പിക്കുകയും ചെയ്യും. നിങ്ങൾ തീക്ഷ്‌ണതയോടെ സുവാർത്ത പ്രസംഗിക്കുകയും അങ്ങനെ യഹോവയാം ദൈവത്തിന്റെ മഹത്ത്വവും തേജസ്സും വിലമതിക്കാൻ മറ്റുള്ളവരെ സഹായിക്കുകയും ചെയ്യുന്നുണ്ടോ?

യേശു ദൈവമഹത്ത്വം പൂർണമായി പ്രതിഫലിപ്പിക്കുന്നു

13. (എ) ദാനീയേൽ 7:13, 14 അനുസരിച്ച്‌ യഹോവ യേശുവിനെ എന്തു ഭരമേൽപ്പിച്ചിരിക്കുന്നു? (ബി) രാജാവെന്ന നിലയിൽ യേശു തന്റെ പ്രജകളോട്‌ എങ്ങനെ ഇടപെടുന്നു?

13 ദൈവപുത്രനായ യേശുക്രിസ്‌തു തീക്ഷ്‌ണതയോടെ സുവാർത്ത പ്രസംഗിക്കുകയും അങ്ങനെ മഹിമയും തേജസ്സും ധരിച്ചിരിക്കുന്ന തന്റെ സ്വർഗീയ പിതാവിനെ മഹത്ത്വപ്പെടുത്തുകയും ചെയ്‌തു. ‘ആധിപത്യവും രാജത്വവും’ നൽകിക്കൊണ്ട്‌ യഹോവ തന്റെ ഏകജാത പുത്രനെ മഹത്ത്വീകരിച്ചു. (ദാനീയേൽ 7:13, 14 വായിക്കുക.) എന്നിരുന്നാലും യേശു അഹങ്കാരിയോ ആർക്കും അടുത്തുകൂടാത്തവനോ അല്ല; മറിച്ച്‌, തന്റെ പ്രജകളെ ആദരിക്കുന്ന, അവരുടെ പരിമിതികൾ മനസ്സിലാക്കുന്ന, അനുകമ്പയുള്ള ഭരണാധികാരിയാണ്‌. നിയുക്തരാജാവായിരുന്ന അവൻ താൻ കണ്ടുമുട്ടിയ ആളുകളോട്‌, വിശേഷിച്ചും നിരാലംബരോടും വെറുക്കപ്പട്ടവരോടും എങ്ങനെ ഇടപെട്ടുവെന്നു നമുക്കു നോക്കാം.

14. പുരാതന ഇസ്രായേലിൽ കുഷ്‌ഠരോഗികളെ വീക്ഷിച്ചിരുന്നത്‌ എങ്ങനെ?

14 യാതന നിറഞ്ഞതായിരുന്നു പുരാതനനാളിലെ കുഷ്‌ഠരോഗികളുടെ ജീവിതം. ശരീരഭാഗങ്ങളെ കാർന്നുതിന്നുന്ന ഈ രോഗം ഭേദമാക്കുക ഏതാണ്ട്‌ അസാധ്യമാണെന്നുതന്നെ കരുതിയിരുന്നു. (സംഖ്യാ. 12:12; 2 രാജാ. 5:7, 14) അശുദ്ധരെന്നു മുദ്രകുത്തപ്പെട്ട അവരെ സമൂഹം വെറുക്കുകയും ഒറ്റപ്പെടുത്തുകയും ചെയ്‌തു. ആളുകളെ സമീപിക്കുമ്പോൾ അവർ, “അശുദ്ധൻ അശുദ്ധൻ” എന്നു വിളിച്ചുപറയേണ്ടിയിരുന്നു. (ലേവ്യ. 13:43-46) മരിച്ചതിനു തുല്യമായിരുന്നു അവരുടെ ജീവിതം. കുഷ്‌ഠരോഗി ആളുകളിൽനിന്ന്‌ ആറടിയെങ്കിലും അകലം പാലിക്കണമെന്ന്‌ റബ്ബിമാരുടെ നിയമം അനുശാസിച്ചിരുന്നു. ഒരു കുഷ്‌ഠരോഗിയെ ദൂരെ കണ്ടമാത്രയിൽ കല്ലുപെറുക്കിയെറിഞ്ഞ ഒരു മതനേതാവിനെക്കുറിച്ചുള്ള രേഖയും ചരിത്രത്തിലുണ്ട്‌.

15. യേശു ഒരു കുഷ്‌ഠരോഗിയോട്‌ ഇടപെട്ടത്‌ എങ്ങനെ?

15 സുഖപ്പെടുത്തണമെന്ന അപേക്ഷയുമായി തന്നെ സമീപിച്ച ഒരു കുഷ്‌ഠരോഗിയോട്‌ യേശു ഇടപെട്ടവിധം നമ്മുടെ ശ്രദ്ധയർഹിക്കുന്നു. (മർക്കൊസ്‌ 1:40-42 വായിക്കുക.) ആട്ടിയോടിക്കുന്നതിനുപകരം അനുകമ്പയോടെ ഇടപെട്ടുകൊണ്ട്‌ യേശു അവനു മാന്യത കൽപ്പിച്ചു. ആശ്വാസം ആവശ്യമുള്ള, ദയ അർഹിക്കുന്ന ഒരു മനുഷ്യനെയാണ്‌ യേശു അവനിൽ കണ്ടത്‌. യേശുവിന്റെ മനസ്സലിഞ്ഞു, അവനെ സൗഖ്യമാക്കാൻ തീരുമാനിച്ചു. യേശു കൈനീട്ടി അവനെ തൊട്ടു, അവൻ ശുദ്ധനായി.

16. മറ്റുള്ളവരോട്‌ യേശു ഇടപെട്ട വിധത്തിൽനിന്നു നിങ്ങൾ എന്തു പഠിച്ചു?

16 തന്റെ പിതാവിന്റെ മഹത്ത്വം പ്രതിഫലിപ്പിച്ച യേശുവിന്റെ മാതൃക നമുക്ക്‌ എങ്ങനെ അനുകരിക്കാം? ആരോഗ്യസ്ഥിതിയുടെയോ സമൂഹത്തിലെ സ്ഥാനത്തിന്റെയോ പ്രായത്തിന്റെയോ അടിസ്ഥാനത്തിൽ വേർതിരിവു കാണിക്കാതെ എല്ലാവർക്കും അർഹമായ ആദരവും ബഹുമാനവും നൽകുക എന്നതാണ്‌ ഒരു വഴി. (1 പത്രൊ. 2:17) ഭർത്താക്കന്മാർ, മാതാപിതാക്കൾ, ക്രിസ്‌തീയ മൂപ്പന്മാർ എന്നിങ്ങനെ ഉത്തരവാദിത്വസ്ഥാനങ്ങളിലുള്ളവർ തങ്ങളുടെ സംരക്ഷണയിലുള്ളവരെ ആദരിക്കുകയും ആത്മാഭിമാനം നിലനിറുത്താൻ അവരെ സഹായിക്കുകയും വേണം. ഇതൊരു ക്രിസ്‌തീയ നിബന്ധനയാണെന്ന വസ്‌തുതയ്‌ക്ക്‌ ഊന്നൽ നൽകിക്കൊണ്ട്‌ ബൈബിൾ പറയുന്നു: “സഹോദരപ്രീതിയിൽ തമ്മിൽ സ്ഥായിപൂണ്ടു ബഹുമാനിക്കുന്നതിൽ അന്യോന്യം മുന്നിട്ടുകൊൾവിൻ.”—റോമ. 12:10.

ആരാധനയിൽ മാന്യത പുലർത്തുക

17. ആരാധനയ്‌ക്കായി ദൈവമുമ്പാകെ ചെല്ലുമ്പോൾ മാന്യത പുലർത്തുന്നതു സംബന്ധിച്ച്‌ തിരുവെഴുത്തുകൾ നമ്മെ എന്തു പഠിപ്പിക്കുന്നു?

17 ആരാധനയ്‌ക്കായി ദൈവമുമ്പാകെ ചെല്ലുമ്പോൾ മാന്യത പുലർത്തുന്നതിൽ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്‌. “ദൈവാലയത്തിലേക്കു പോകുമ്പോൾ കാൽ സൂക്ഷിക്ക” എന്ന്‌ സഭാപ്രസംഗി 5:1 പറയുന്നു. വിശുദ്ധഭൂമിയിൽവെച്ച്‌ കാലിലെ ചെരിപ്പ്‌ അഴിച്ചുമാറ്റാൻ മോശെക്കും യോശുവയ്‌ക്കും നിർദേശം ലഭിച്ചു. (പുറ. 3:5; യോശു. 5:15) ഭക്ത്യാദരവിന്റെ ഒരു പ്രകടനമെന്ന നിലയിലായിരുന്നു അവർ അതു ചെയ്യേണ്ടിയിരുന്നത്‌. ഇസ്രായേലിലെ പുരോഹിതന്മാർ “നഗ്നത മറെപ്പാൻ” ചണനൂൽകൊണ്ടുള്ള കാൽച്ചട്ട ധരിക്കണമായിരുന്നു. (പുറ. 28:42, 43) യാഗപീഠത്തിങ്കൽ സേവിക്കുമ്പോൾ അവരുടെ നഗ്നത അനാവൃതമാകാതിരിക്കാനാണ്‌ ഇങ്ങനെയൊരു വ്യവസ്ഥ വെച്ചിരുന്നത്‌. പുരോഹിതന്മാരുടെ കുടുംബത്തിലെ ഓരോ അംഗവും മാന്യത സംബന്ധിച്ച ദൈവികനിലവാരം മുറുകെപ്പിടിക്കേണ്ടിയിരുന്നു.

18. ആരാധനയിൽ അന്തസ്സ്‌ ഉയർത്തിപ്പിടിക്കാൻ എങ്ങനെ കഴിയും?

18 ആരാധനയിൽ മാന്യത പുലർത്തുന്നതിൽ ആദരവും ബഹുമാനവും കാണിക്കുന്നത്‌ ഉൾപ്പെട്ടിരിക്കുന്നു. നാം ആദരവോടെ പെരുമാറിയാലേ മറ്റുള്ളവർ നമ്മെയും ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യൂ. നാം കാണിക്കുന്ന മാന്യത വെറുമൊരു നാട്യമായിരിക്കരുത്‌, അതു ഹൃദയത്തിൽനിന്നു വരണം. അപ്പോഴേ അതു ദൈവത്തിനു സ്വീകാര്യമാകൂ. (1 ശമൂ. 16:7; സദൃ. 21:2) അന്തസ്സും മാന്യതയും നമ്മുടെ ജീവിതത്തിന്റെ ഭാഗമായിരിക്കണം; നമ്മുടെ പെരുമാറ്റം, മനോഭാവം, മറ്റുള്ളവരുമായുള്ള ഇടപെടലുകൾ, നാം നമ്മെത്തന്നെ എങ്ങനെ വീക്ഷിക്കുന്നു എന്നതിനെയൊക്കെ അത്‌ സ്വാധീനിക്കണം. നാം പറയുന്ന ഓരോ വാക്കും നമ്മുടെ ഓരോ ചെയ്‌തിയും അന്തസ്സു പ്രതിഫലിപ്പിക്കുന്നതായിരിക്കണം. നമ്മുടെ പെരുമാറ്റം, മറ്റുള്ളവരുമായുള്ള ഇടപെടൽ, വസ്‌ത്രധാരണം, ചമയം എന്നീ കാര്യങ്ങളിലെല്ലാം അപ്പൊസ്‌തലനായ പൗലൊസിന്റെ പിൻവരുന്ന വാക്കുകൾ നാം മനസ്സിൽപ്പിടിക്കണം: “ശുശ്രൂഷെക്കു ആക്ഷേപം വരാതിരിക്കേണ്ടതിന്നു ഞങ്ങൾ ഒന്നിലും ഇടർച്ചെക്കു ഹേതു കൊടുക്കാതെ സകലത്തിലും ഞങ്ങളെത്തന്നേ ദൈവത്തിന്റെ ശുശ്രൂഷകന്മാരായി കാണിക്കുന്നു.” (2 കൊരി. 6:3, 4) നാം ‘നമ്മുടെ രക്ഷിതാവായ ദൈവത്തിന്റെ ഉപദേശത്തെ സകലത്തിലും അലങ്കരിക്കേണ്ടതുണ്ട്‌.’—തീത്തൊ. 2:9, 10.

ദൈവമഹത്ത്വം പ്രതിഫലിപ്പിക്കുക

19, 20. (എ) മറ്റുള്ളവരെ ബഹുമാനിക്കാനുള്ള ഏറ്റവും നല്ല മാർഗം ഏതാണ്‌? (ബി) എന്താണു നിങ്ങളുടെ ദൃഢനിശ്ചയം?

19 ‘ക്രിസ്‌തുവിന്റെ സ്ഥാനപതികളായ’ അഭിഷിക്ത ക്രിസ്‌ത്യാനികൾ അന്തസ്സും മാന്യതയും പ്രകടിപ്പിക്കുന്നു. (2 കൊരി. 5:20) അവരെ വിശ്വസ്‌തതയോടെ പിന്തുണയ്‌ക്കുന്ന ‘വേറെ ആടുകൾ’ ദൈവരാജ്യത്തിന്റെ അന്തസ്സുറ്റ വക്താക്കളാണ്‌. ഒരു സ്ഥാനപതി അല്ലെങ്കിൽ വക്താവ്‌ താൻ പ്രതിനിധാനം ചെയ്യുന്ന ഗവൺമെന്റിനുവേണ്ടി അന്തസ്സോടെ, നിർഭയം സംസാരിക്കും. അതുപോലെ നാമും ദൈവരാജ്യത്തിനുവേണ്ടി അഥവാ ദൈവിക ഗവൺമെന്റിനുവേണ്ടി അന്തസ്സോടെയും നിർഭയമായും സംസാരിക്കണം. (എഫെ. 6:19, 20) എല്ലാ ആളുകളോടും നന്മ സുവിശേഷിക്കുകവഴി നാം അവരെ ബഹുമാനിക്കുകയല്ലേ ചെയ്യുന്നത്‌?—യെശ. 52:7.

20 ദൈവത്തിന്റെ മഹത്ത്വത്തിനു ചേർച്ചയിൽ ജീവിച്ചുകൊണ്ട്‌ അവനെ മഹത്ത്വപ്പെടുത്തുക എന്നതായിരിക്കട്ടെ നമ്മുടെ ദൃഢനിശ്ചയം. (1 പത്രൊ. 2:12) നമുക്ക്‌ എല്ലായ്‌പോഴും ദൈവത്തോടും സത്യാരാധനയോടും സഹവിശ്വാസികളോടും ആഴമായ ആദരവ്‌ ഉള്ളവരായിരിക്കാം. മഹത്ത്വവും തേജസ്സും ധരിച്ചിരിക്കുന്ന യഹോവയെ അവന്റെ മാഹാത്മ്യത്തിനു ചേർച്ചയിൽ നമുക്ക്‌ ആരാധിക്കാം. അതിനായുള്ള നമ്മുടെ ശ്രമങ്ങളെ അവൻ അനുഗ്രഹിക്കുമാറാകട്ടെ.

[അടിക്കുറിപ്പ്‌]

^ ഖ. 3 8-ാം സങ്കീർത്തനത്തിലെ ദാവീദിന്റെ വാക്കുകൾ പൂർണമനുഷ്യനായ യേശുക്രിസ്‌തുവിലേക്കും വിരൽചൂണ്ടുന്നു.—എബ്രാ. 2:5-9.

ഉത്തരം പറയാമോ?

• യഹോവയുടെ മഹത്ത്വവും തേജസ്സും നമ്മെ എങ്ങനെ സ്വാധീനിക്കണം?

• യേശു ഒരു കുഷ്‌ഠരോഗിയോട്‌ ഇടപെട്ട വിധത്തിൽനിന്ന്‌ നമുക്ക്‌ എന്തു പഠിക്കാൻ കഴിയും?

• ഏതെല്ലാം വിധങ്ങളിൽ നമുക്കു യഹോവയെ മഹത്ത്വപ്പെടുത്താനാകും?

[അധ്യയന ചോദ്യങ്ങൾ]

[12-ാം പേജിലെ ചിത്രം]

യഹോവ ഹാബെലിനെ ആദരിച്ചു

[14-ാം പേജിലെ ചിത്രം]

ഒരു അപ്പംപോലും യഹോവയുടെ മഹത്ത്വം വിളിച്ചോതുന്നു

[15-ാം പേജിലെ ചിത്രം]

യേശു ഒരു കുഷ്‌ഠരോഗിയോട്‌ ഇടപെട്ട വിധത്തിൽനിന്ന്‌ നിങ്ങൾ എന്തു പഠിച്ചു?

[16-ാം പേജിലെ ചിത്രം]

ആദരപൂർവം ആരാധിച്ചുകൊണ്ട്‌ ദൈവത്തിനു മഹത്ത്വം കരേറ്റുക