നിങ്ങൾ ആരെ അനുസരിക്കുന്നു—ദൈവത്തെയോ മനുഷ്യരെയോ?
നിങ്ങൾ ആരെ അനുസരിക്കുന്നു—ദൈവത്തെയോ മനുഷ്യരെയോ?
“മനുഷ്യരെക്കാൾ ദൈവത്തെ അനുസരിക്കേണ്ടതാകുന്നു.”—പ്രവൃത്തികൾ 5:29.
1. (എ) ഈ അധ്യയനത്തിന്റെ ആധാരവാക്യം ഏത്? (ബി) എന്തുകൊണ്ടാണ് അപ്പൊസ്‌തലന്മാരെ തടവിലാക്കിയിരുന്നത്?
യഹൂദ പരമോന്നത കോടതിയിലെ ന്യായാധിപന്മാർക്കു അടക്കാനാവാത്ത കോപം തോന്നിയിരിക്കണം. തടവിലിട്ടിരുന്നവർ രക്ഷപ്പെട്ടിരിക്കുന്നു. യേശുക്രിസ്‌തുവിന്റെ അപ്പൊസ്‌തലന്മാർ ആയിരുന്നു ആ തടവുകാർ. പരമോന്നത കോടതി ഏതാനും ആഴ്‌ചകൾക്കുമുമ്പാണ് യേശുവിനു വധശിക്ഷ വിധിച്ചത്. ഇപ്പോൾ അവന്റെ ഏറ്റവും അടുത്ത അനുഗാമികളെ വിചാരണ ചെയ്യാൻ കോടതി ഒരുങ്ങിക്കഴിഞ്ഞിരുന്നു. എന്നാൽ അവരെ കൊണ്ടുവരാൻ ചെന്ന ഭടന്മാർ ശൂന്യമായിക്കിടക്കുന്ന ജയിലറകളാണു കണ്ടത്. വാതിലുകൾ പക്ഷേ, ഭദ്രമായി പൂട്ടിത്തന്നെ കിടന്നിരുന്നു. യെരൂശലേമിലെ ആലയത്തിൽ അപ്പൊസ്‌തലന്മാർ നിർഭയം യേശുക്രിസ്‌തുവിനെക്കുറിച്ചു പഠിപ്പിച്ചുകൊണ്ടിരിക്കുകയാണെന്ന് പെട്ടെന്നുതന്നെ അവർക്ക് അറിവുകിട്ടുന്നു. വാസ്‌തവത്തിൽ, അവരെ അറസ്റ്റു ചെയ്‌തതും ആ പ്രവർത്തനത്തിന്റെ പേരിൽത്തന്നെയായിരുന്നു! ക്ഷണത്തിൽ ആലയത്തിലേക്കു കുതിച്ച ഭടന്മാർ അപ്പൊസ്‌തലന്മാരെ കസ്റ്റഡിയിലെടുത്തു കോടതിയിൽ ഹാജരാക്കി.—പ്രവൃത്തികൾ 5:17-27.
2. എന്തു ചെയ്യാനാണ് ദൂതൻ അപ്പൊസ്‌തലന്മാരോടു കൽപ്പിച്ചത്?
2 അപ്പൊസ്‌തലന്മാരെ ജയിലിൽനിന്നു സ്വതന്ത്രരാക്കിയത് ഒരു ദൂതനായിരുന്നു. കൂടുതലായ പീഡനത്തിൽനിന്ന് അവരെ സംരക്ഷിക്കുക എന്നതായിരുന്നോ അതിന്റെ ഉദ്ദേശ്യം? അല്ല. യെരൂശലേം നിവാസികൾ യേശുക്രിസ്‌തുവിനെക്കുറിച്ചുള്ള സുവിശേഷം കേൾക്കേണ്ടതുണ്ടായിരുന്നു. “ഈ ജീവന്റെ വചനം എല്ലാം ജനത്തോടു പ്രസ്‌താവിപ്പിൻ” എന്നാണ് ദൂതൻ അപ്പൊസ്‌തലന്മാരോടു നിർദേശിച്ചത്. (പ്രവൃത്തികൾ 5:19, 20) അപ്പൊസ്‌തലന്മാർ അനുസരണപൂർവം ആ കൽപ്പന നിറവേറ്റുന്നതാണ് ആലയത്തിലെത്തിയ ഭടന്മാർ കണ്ടത്.
3, 4. (എ) പ്രസംഗം നിറുത്താൻ കൽപ്പിച്ചപ്പോൾ പത്രൊസിന്റെയും യോഹന്നാന്റെയും പ്രതികരണം എന്തായിരുന്നു? (ബി) മറ്റ് അപ്പൊസ്‌തലന്മാർ എങ്ങനെ പ്രതികരിച്ചു?
3 ദൃഢചിത്തരായ ആ സുവിശേഷകരിൽ രണ്ടു പേർ, അതായത് അപ്പൊസ്‌തലന്മാരായ പത്രൊസും യോഹന്നാനും, മുമ്പു കോടതിയിൽ ഹാജരായിട്ടുണ്ട്. മുഖ്യ ന്യായാധിപനായ യോസേഫ് കയ്യഫാവ് അക്കാര്യം ശക്തമായ ഭാഷയിൽ അവരെ ഓർമിപ്പിക്കുകയും ചെയ്‌തു. അവൻ പറഞ്ഞു: “ഈ [യേശുവിന്റെ] നാമത്തിൽ ഉപദേശിക്കരുതു എന്നു ഞങ്ങൾ നിങ്ങളോടു അമർച്ചയായി കല്‌പിച്ചുവല്ലോ; നിങ്ങളോ യെരൂശലേമിനെ നിങ്ങളുടെ ഉപദേശംകൊണ്ടു നിറെച്ചിരിക്കുന്നു.” (പ്രവൃത്തികൾ 5:28) എന്നാൽ പത്രൊസിനെയും യോഹന്നാനെയും വീണ്ടും കോടതിയിൽ കാണാനിടയായതിൽ കയ്യഫാവിന് അത്ഭുതം തോന്നേണ്ടതില്ലായിരുന്നു. മുമ്പ് പ്രസംഗം നിറുത്താൻ കൽപ്പിച്ചപ്പോൾ ആ രണ്ട് അപ്പൊസ്‌തലന്മാരുടെയും മറുപടി ഇപ്രകാരം ആയിരുന്നു: “ദൈവത്തെക്കാൾ അധികം നിങ്ങളെ അനുസരിക്കുന്നതു ദൈവത്തിന്റെ മുമ്പാകെ ന്യായമോ എന്നു വിധിപ്പിൻ. ഞങ്ങൾക്കോ ഞങ്ങൾ കണ്ടും കേട്ടുമിരിക്കുന്നതു പ്രസ്‌താവിക്കാതിരിപ്പാൻ കഴിയുന്നതല്ല.” പുരാതന കാലത്തെ യിരെമ്യാ പ്രവാചകനെപ്പോലെ, പ്രസംഗിക്കാനുള്ള നിയമനം നിറവേറ്റുന്നതിൽനിന്നു വിട്ടുനിൽക്കാൻ പത്രൊസിനും യോഹന്നാനും കഴിയുമായിരുന്നില്ല.—പ്രവൃത്തികൾ 4:18-20; യിരെമ്യാവു 20:9.
4 ഇപ്പോൾ പത്രൊസിനും യോഹന്നാനും മാത്രമല്ല, പുതുതായി തിരഞ്ഞെടുക്കപ്പെട്ടിരുന്ന മത്ഥിയാസ് ഉൾപ്പെടെയുള്ള എല്ലാ അപ്പൊസ്‌തലന്മാർക്കും കോടതിമുമ്പാകെ തങ്ങളുടെ നിലപാടു വ്യക്തമാക്കാൻ അവസരം ലഭിച്ചു. (പ്രവൃത്തികൾ 1:21-26) പ്രസംഗം നിറുത്താൻ ആജ്ഞാപിച്ചപ്പോൾ അവരും ധൈര്യപൂർവം ഇങ്ങനെ പ്രതിവചിച്ചു: “മനുഷ്യരെക്കാൾ ദൈവത്തെ അനുസരിക്കേണ്ടതാകുന്നു.”—പ്രവൃത്തികൾ 5:29.
അനുസരിക്കേണ്ടതു ദൈവത്തെയോ മനുഷ്യനെയോ?
5, 6. അപ്പൊസ്‌തലന്മാർ കോടതി ഉത്തരവ് അനുസരിക്കാതിരുന്നത് എന്തുകൊണ്ട്?
5 സാധാരണഗതിയിൽ, കോടതി ഉത്തരവുകൾ ലംഘിക്കാത്ത നിയമാനുസാരികളായ പുരുഷന്മാരായിരുന്നു അപ്പൊസ്‌തലന്മാർ. എന്നാൽ ഒരു മനുഷ്യനും, അയാൾ എത്ര ശക്തനായിരുന്നാലും, ദൈവത്തിന്റെ ഏതെങ്കിലുമൊരു കൽപ്പന ധിക്കരിക്കുന്നതിനു മറ്റൊരുവനോടു കൽപ്പിക്കാൻ അധികാരമില്ല. യഹോവയാണ് “സർവ്വഭൂമിക്കുംമീതെ അത്യുന്നതൻ.” (സങ്കീർത്തനം 83:18) കൂടാതെ, അവൻ “സർവ്വഭൂമിക്കും ന്യായാധിപതി”യും ഏറ്റവും വലിയ നിയമദാതാവും നിത്യതയുടെ രാജാവുമാണ്. ദൈവത്തിന്റെ ഏതെങ്കിലുമൊരു കൽപ്പനയെ മറികടന്നുകൊണ്ടുള്ള ഏതൊരു കോടതി ഉത്തരവും അവന്റെ വീക്ഷണത്തിൽ അസാധുവാണ്.—ഉല്‌പത്തി 18:25; യെശയ്യാവു 33:22.
6 പ്രഗത്ഭരായ നിയമജ്ഞരിൽ ചിലർ ഈ വസ്‌തുത തിരിച്ചറിഞ്ഞിട്ടുണ്ട്. ഉദാഹരണത്തിന്, ഒരു മനുഷ്യനിയമവും ബൈബിളിൽ കാണുന്ന “വെളിപ്പെടുത്തപ്പെട്ട നിയമ”ത്തിനു വിരുദ്ധമായിരിക്കാൻ അനുവദിക്കരുതെന്ന് 18-ാം നൂറ്റാണ്ടിലെ ആംഗലേയ നിയമജ്ഞനായ വില്യം ബ്ലാക്‌സ്റ്റോൺ എഴുതി. അങ്ങനെ, പ്രസംഗം നിറുത്താൻ അപ്പൊസ്‌തലന്മാരോടു കൽപ്പിച്ചപ്പോൾ സൻഹെദ്രിം അതിന്റെ യഥാർഥ അധികാര പരിധിക്ക് അപ്പുറം പോകുകയായിരുന്നു. ആ കൽപ്പന അനുസരിക്കാൻ അപ്പൊസ്‌തലന്മാർക്കു കഴിയുമായിരുന്നില്ല.
7. പ്രസംഗവേല മഹാപുരോഹിതന്മാരെ കുപിതരാക്കിയത് എന്തുകൊണ്ട്?
7 പ്രസംഗപ്രവർത്തനം തുടർന്നുകൊണ്ടുപോകാനുള്ള അപ്പൊസ്‌തലന്മാരുടെ ദൃഢനിശ്ചയം മഹാപുരോഹിതന്മാരെ കുപിതരാക്കി. കയ്യഫാവ് ഉൾപ്പെടെ പുരോഹിതഗണത്തിലെ ചില അംഗങ്ങൾ പുനരുത്ഥാനത്തിൽ വിശ്വസിക്കാതിരുന്ന സദൂക്യർ ആയിരുന്നു. (പ്രവൃത്തികൾ 4:1, 2; 5:17) എന്നാൽ, യേശു മരിച്ചവരിൽനിന്ന് ഉയിർപ്പിക്കപ്പെട്ടുവെന്ന് അപ്പൊസ്‌തലന്മാർ തുടർന്നും പ്രസംഗിച്ചുകൊണ്ടിരുന്നു. തന്നെയുമല്ല, റോമൻ അധികാരികളുടെ പ്രീതി സമ്പാദിക്കാൻ മഹാപുരോഹിതന്മാരിൽ ചിലർ വളരെ പണിപ്പെട്ടിരുന്നു. യേശുവിന്റെ വിചാരണവേളയിൽ, അവനെ രാജാവായി സ്വീകരിക്കാൻ അവസരം വെച്ചുനീട്ടിയപ്പോൾ മഹാപുരോഹിതന്മാർ ഇപ്രകാരം മുറവിളികൂട്ടുകപോലും ചെയ്‌തു: “ഞങ്ങൾക്കു കൈസരല്ലാതെ മറ്റൊരു രാജാവില്ല.” (യോഹന്നാൻ 19:15) * യേശു ഉയിർപ്പിക്കപ്പെട്ടുവെന്ന് ഉറപ്പിച്ചു പറഞ്ഞിരുന്നതിനുപുറമേ, അവന്റെ നാമമല്ലാതെ “നാം രക്ഷിക്കപ്പെടുവാൻ ആകാശത്തിൻ കീഴിൽ മനുഷ്യരുടെ ഇടയിൽ നല്‌കപ്പെട്ട വേറൊരു നാമവും ഇല്ല” എന്ന് അപ്പൊസ്‌തലന്മാർ പഠിപ്പിക്കുകയും ചെയ്‌തിരുന്നു. (പ്രവൃത്തികൾ 2:36; 4:12) പുനരുത്ഥാനം പ്രാപിച്ച യേശുവിനെ ജനം നേതാവായി വീക്ഷിക്കാൻ തുടങ്ങിയാൽ റോമാക്കാർ വന്ന് ദേശം കൈവശപ്പെടുത്തുമെന്നും യഹൂദ നേതാക്കന്മാർക്ക് അവരുടെ “സ്ഥലത്തെയും ജനത്തെയും” നഷ്ടമാകുമെന്നും പുരോഹിതന്മാർ ഭയപ്പെട്ടു.—യോഹന്നാൻ 11:48.
8. ഗമാലിയേൽ സൻഹെദ്രിമിനു ജ്ഞാനപൂർവകമായ എന്തു ബുദ്ധിയുപദേശം നൽകി?
8 യേശുക്രിസ്‌തുവിന്റെ അപ്പൊസ്‌തലന്മാരുടെ ഭാവി ഇരുളടഞ്ഞതായി കാണപ്പെട്ടു. സൻഹെദ്രിം അവരെ പ്രവൃത്തികൾ 5:33) എന്നാൽ കാര്യങ്ങൾക്ക് അപ്രതീക്ഷിതമായി മാറ്റം സംഭവിച്ചു. തിടുക്കത്തിൽ ഒരു നടപടി കൈക്കൊള്ളരുതെന്ന് നിയമോപദേഷ്ടാവായ ഗമാലിയേൽ സഹപ്രവർത്തകർക്കു താക്കീതു നൽകി. അവൻ ജ്ഞാനപൂർവം ഇങ്ങനെ പ്രസ്‌താവിച്ചു: “ഈ ആലോചനയോ പ്രവൃത്തിയോ മാനുഷം എന്നു വരികിൽ അതു നശിച്ചുപോകും; ദൈവികം എങ്കിലോ നിങ്ങൾക്കു അതു നശിപ്പിപ്പാൻ കഴികയില്ല.” തുടർന്ന്, ശ്രദ്ധാർഹമായ മറ്റൊരു സംഗതിയും അവൻ കൂട്ടിച്ചേർത്തു: “നിങ്ങൾ ദൈവത്തോടു പോരാടുന്നു എന്നു വരരുതല്ലോ.”—പ്രവൃത്തികൾ 5:34, 38, 39.
വധിക്കാൻ നിശ്ചയിച്ചുറച്ചിരുന്നു. (9. അപ്പൊസ്‌തലന്മാരുടെ വേല ദൈവത്തിൽനിന്നുള്ളതായിരുന്നെന്ന് എന്തു തെളിയിക്കുന്നു?
9 ആശ്ചര്യകരമെന്നു പറയട്ടെ, ഗമാലിയേലിന്റെ ബുദ്ധിയുപദേശം കോടതി സ്വീകരിച്ചു. സൻഹെദ്രിം “അപ്പൊസ്‌തലന്മാരെ വരുത്തി അടിപ്പിച്ചു, ഇനി യേശുവിന്റെ നാമത്തിൽ സംസാരിക്കരുതു എന്നു കല്‌പിച്ചു അവരെ വിട്ടയച്ചു.” എങ്കിലും അപ്പൊസ്‌തലന്മാർക്കു തെല്ലും ഭയം തോന്നിയില്ല. പ്രസംഗിക്കാനുള്ള ദൂതന്റെ കൽപ്പന അനുസരിക്കാൻ അവർ ദൃഢചിത്തരായിരുന്നു. മോചിതരായശേഷം അവർ “ദിനമ്പ്രതി ദൈവാലയത്തിലും വീടുതോറും വിടാതെ ഉപദേശിക്കയും യേശുവിനെ ക്രിസ്‌തു എന്നു സുവിശേഷിക്കയും ചെയ്‌തുകൊണ്ടിരുന്നു.” (പ്രവൃത്തികൾ 5:40, 42) യഹോവ അവരുടെ ശ്രമങ്ങളെ അനുഗ്രഹിച്ചു. എത്രത്തോളം? “ദൈവവചനം പരന്നു, യെരൂശലേമിൽ ശിഷ്യന്മാരുടെ എണ്ണം ഏറ്റവും പെരുകി.” എന്തിന്, “പുരോഹിതന്മാരിലും വലിയോരു കൂട്ടം വിശ്വാസത്തിന്നു അധീനരായിത്തീർന്നു.” (പ്രവൃത്തികൾ 6:7) അതു മഹാപുരോഹിതന്മാരെ എത്ര സ്‌തബ്ധരാക്കിയിരിക്കണം! അപ്പൊസ്‌തലന്മാരുടെ വേല നിശ്ചയമായും ദൈവത്തിൽനിന്നുള്ളതായിരുന്നു എന്നതിനു തെളിവുകൾ കുന്നുകൂടുകയായിരുന്നു!
ദൈവത്തോടു പോരാടുന്നവർക്കു വിജയിക്കാനാവില്ല
10. മാനുഷ കാഴ്‌ചപ്പാടനുസരിച്ച്, കയ്യഫാവിന് സ്വന്തം പദവിയിൽ സുരക്ഷിതത്വം തോന്നിയിരിക്കാവുന്നത് എന്തുകൊണ്ട്, എന്നാൽ അവന്റെ ആത്മവിശ്വാസം അസ്ഥാനത്തായിരുന്നത് എന്തുകൊണ്ട്?
10 ഒന്നാം നൂറ്റാണ്ടിൽ യഹൂദ മഹാപുരോഹിതന്മാരെ നിയമിച്ചിരുന്നത് റോമൻ അധികാരികളായിരുന്നു. ധനാഢ്യനായ യോസേഫ് കയ്യഫാവിനെ അധികാരത്തിലേറ്റിയത് വാലെർയുസ് ഗ്രാറ്റുസ് ആയിരുന്നു. മുമ്പുള്ള അനേകം മഹാപുരോഹിതന്മാരെക്കാൾ കൂടുതൽ കാലം അവൻ ആ പദവിയിൽ തുടരുകയും ചെയ്‌തു. ദൈവം അനുവദിച്ചതുകൊണ്ടാണ് തനിക്കതു സാധിച്ചതെന്നു കരുതുന്നതിനുപകരം, ഒരു നയതന്ത്രജ്ഞൻ എന്ന നിലയിലുള്ള വ്യക്തിപരമായ സാമർഥ്യവും പീലാത്തൊസുമായുള്ള സുഹൃദ്‌ബന്ധവുമാണ് അതിന്റെ പിന്നിലെന്നു കയ്യഫാവ് വിചാരിച്ചിരിക്കാം. എങ്ങനെ ആയിരുന്നാലും, മനുഷ്യരിലുള്ള അവന്റെ ആശ്രയം അസ്ഥാനത്തായിരുന്നു. അപ്പൊസ്‌തലന്മാർ
സൻഹെദ്രിംമുമ്പാകെ സന്നിഹിതരായി വെറും മൂന്നു വർഷത്തിനുശേഷം, റോമൻ അധികാരികളുടെ പ്രീതി നഷ്ടമായ കയ്യഫാവ് മഹാപുരോഹിതന്റെ സ്ഥാനത്തുനിന്നു നീക്കംചെയ്യപ്പെട്ടു.11. പൊന്തിയൊസ് പീലാത്തൊസിനും യഹൂദ വ്യവസ്ഥിതിക്കും അവസാനം എന്തു സംഭവിച്ചു, ഇതിൽനിന്നു നിങ്ങൾ എന്തു നിഗമനത്തിലെത്തുന്നു?
11 പീലാത്തൊസിന്റെ തൊട്ടടുത്ത മേലധികാരിയായ സിറിയൻ ഗവർണർ ലൂക്യുസ് വിറ്റെലിയുസാണ് കയ്യഫാവിനെ സ്ഥാനഭ്രഷ്ടനാക്കാനുള്ള ഉത്തരവു പുറപ്പെടുവിച്ചത്. കയ്യഫാവിന്റെ ഉറ്റ സുഹൃത്തായിരുന്ന പീലാത്തൊസിന് അതു തടയാനായില്ല. കയ്യഫാവ് സ്ഥാനഭ്രഷ്ടനാക്കപ്പെട്ട് വെറും ഒരു വർഷത്തിനുശേഷം, പീലാത്തൊസിനെയും സ്ഥാനത്തുനിന്നു നീക്കുകയും അദ്ദേഹത്തിനെതിരെയുള്ള ഗൗരവാവഹമായ കുറ്റാരോപണങ്ങൾക്കു മറുപടി നൽകാൻ റോമിലേക്കു വിളിപ്പിക്കുകയും ചെയ്‌തു. കൈസറിൽ ആശ്രയംവെച്ചിരുന്ന യഹൂദ നേതാക്കന്മാരെ സംബന്ധിച്ചാണെങ്കിൽ, റോമാക്കാരുടെ കയ്യാൽത്തന്നെ അവർക്ക് അവരുടെ “സ്ഥലത്തെയും ജനത്തെയും” നഷ്ടമായി. പൊതുയുഗം 70-ൽ റോമൻ പടയാളികൾ ആലയവും സൻഹെദ്രിം മന്ദിരവും ഉൾപ്പെടെ യെരൂശലേം നഗരത്തെ പൂർണമായി നശിപ്പിച്ചപ്പോൾ അതു സംഭവിച്ചു. ഇക്കാര്യത്തിൽ സങ്കീർത്തനക്കാരന്റെ പിൻവരുന്ന വാക്കുകൾ എത്ര സത്യമായിരുന്നു: “നിങ്ങൾ പ്രഭുക്കന്മാരിൽ ആശ്രയിക്കരുതു, സഹായിപ്പാൻ കഴിയാത്ത മനുഷ്യപുത്രനിലും അരുത്”!—യോഹന്നാൻ 11:48; സങ്കീർത്തനം 146:3.
12. ദൈവത്തെ അനുസരിക്കുന്നതാണു ജ്ഞാനഗതിയെന്ന് യേശുവിന്റെ ദൃഷ്ടാന്തം തെളിയിക്കുന്നതെങ്ങനെ?
12 എന്നാൽ, പുനരുത്ഥാനം പ്രാപിച്ച യേശുക്രിസ്‌തുവിനെ ദൈവം വലിയ ഒരു ആത്മീയ ആലയത്തിലെ മഹാപുരോഹിതനായി നിയമിച്ചു. ആ നിയമനം റദ്ദാക്കാൻ ഒരു മനുഷ്യനും സാധ്യമല്ല. യഥാർഥത്തിൽ, യേശുവിന്റേത് “മാറാത്ത പൌരോഹിത്യ”മാണ്. (എബ്രായർ 2:9; 7:17, 24; 9:11) ജീവിച്ചിരിക്കുന്നവരുടെയും മരിച്ചവരുടെയും ന്യായാധിപനായും ദൈവം യേശുവിനെ നിയമിച്ചിരിക്കുന്നു. (1 പത്രൊസ് 4:5) ആ പദവി വഹിക്കുന്നവനെന്ന നിലയിൽ യേശു, യോസേഫ് കയ്യഫാവിനും പൊന്തിയൊസ് പീലാത്തൊസിനും വീണ്ടും ജീവിക്കാൻ യോഗ്യതയുണ്ടോയെന്നു തീരുമാനിക്കുന്നതായിരിക്കും.—മത്തായി 23:33; പ്രവൃത്തികൾ 24:15.
നിർഭയരായ ആധുനികകാല രാജ്യഘോഷകർ
13. ആധുനികനാളിൽ ഏതു വേല മനുഷ്യരിൽനിന്നുള്ളതെന്നും ഏത് ദൈവത്തിൽനിന്നുള്ളതെന്നും തെളിഞ്ഞിരിക്കുന്നു? നിങ്ങൾക്ക് അത് എങ്ങനെ അറിയാം?
13 ഒന്നാം നൂറ്റാണ്ടിലെപ്പോലെ നമ്മുടെ കാലത്തും “ദൈവത്തോടു പോരാടുന്ന” നിരവധിപേർ ഉണ്ടായിരുന്നിട്ടുണ്ട്. (പ്രവൃത്തികൾ 5:39) ഉദാഹരണത്തിന് അഡോൾഫ് ഹിറ്റ്‌ലറെ, ഫ്യൂറർ അഥവാ നായകൻ ആയി പ്രകീർത്തിക്കാൻ ജർമനിയിലുള്ള യഹോവയുടെ സാക്ഷികൾ വിസമ്മതിച്ചപ്പോൾ അവരെ നിർമൂലമാക്കുമെന്ന് അദ്ദേഹം പ്രതിജ്ഞയെടുത്തു. (മത്തായി 23:10) അദ്ദേഹത്തിന്റെ സുസജ്ജമായ ‘ഹിംസാത്മക സംഘടന’യ്‌ക്ക് തീർച്ചയായും അതിനു കഴിയുമായിരുന്നതുപോലെ കാണപ്പെട്ടു. ആയിരക്കണക്കിനു സാക്ഷികളെ അറസ്റ്റു ചെയ്‌ത് തടങ്കൽപ്പാളയങ്ങളിലേക്ക് അയയ്‌ക്കുന്നതിൽ നാസി ഭരണകൂടം വിജയിച്ചു. ചില സാക്ഷികളെ കൊല്ലാനും അവർക്കു സാധിച്ചു. എന്നാൽ ദൈവത്തെ മാത്രമേ ആരാധിക്കൂ എന്ന സാക്ഷികളുടെ ദൃഢനിശ്ചയത്തെ തകർക്കാൻ നാസികൾക്കു കഴിഞ്ഞില്ല. ഒരു കൂട്ടമെന്ന നിലയിൽ ദൈവദാസരെ നിർമൂലമാക്കുന്നതിലും അവർ പരാജയപ്പെട്ടു. ആ ക്രിസ്‌ത്യാനികളുടെ പ്രസംഗവേല മനുഷ്യരിൽനിന്നല്ല, ദൈവത്തിൽനിന്നുള്ളതായിരുന്നു—ദൈവത്തിൽനിന്നുള്ള നിയോഗം തകർക്കുന്നതോ അസാധ്യമാണുതാനും. ഹിറ്റ്‌ലറിന്റെ തടങ്കൽപ്പാളയങ്ങളെ അതിജീവിച്ച വിശ്വസ്‌തരായവർ അറുപതു വർഷത്തിനുശേഷം ഇന്നും “പൂർണ്ണഹൃദയത്തോടും പൂർണ്ണാത്മാവോടും പൂർണ്ണമനസ്സോടുംകൂടെ” യഹോവയെ സേവിക്കുമ്പോൾ, ഹിറ്റ്‌ലറും അദ്ദേഹത്തിന്റെ നാസി പാർട്ടിയും ദുഷ്‌പേരു മാത്രം അവശേഷിപ്പിച്ചുകൊണ്ട് കഥാവശേഷമായിരിക്കുന്നു.—മത്തായി 22:37.
14. (എ) ദൈവദാസരെ അപകീർത്തിപ്പെടുത്താൻ എതിരാളികൾ എന്തു ശ്രമം ചെയ്‌തിരിക്കുന്നു, അതിന്റെ ഫലം എന്തായിരുന്നിട്ടുണ്ട്? (ബി) ഇത്തരം ഉദ്യമങ്ങൾ ഏതെങ്കിലും വിധത്തിൽ ദൈവജനത്തിനു ശാശ്വതമായ ദോഷം വരുത്തിവെക്കുമോ? (എബ്രായർ 13:5, 6)
14 നാസികളുടെ പരാക്രമങ്ങൾക്കുശേഷമുള്ള വർഷങ്ങളിൽ യഹോവയോടും അവന്റെ ജനത്തോടും പോരാടുകയെന്ന പാഴ്‌ശ്രമത്തിൽ മറ്റുള്ളവരും പങ്കുചേർന്നിരിക്കുന്നു. യൂറോപ്പിലെ അനേകം രാജ്യങ്ങളിൽ, കുടിലബുദ്ധികളായ മത-രാഷ്‌ട്രീയ ഘടകങ്ങൾ യഹോവയുടെ സാക്ഷികളെ ‘അപകടകരമായ ഒരു മതഭേദം’ എന്നു മുദ്രകുത്താൻ ശ്രമിച്ചിട്ടുണ്ട്. ഒന്നാം നൂറ്റാണ്ടിലെ ക്രിസ്‌ത്യാനികൾക്കെതിരെ ഉന്നയിച്ചതും പ്രവൃത്തികൾ 28:22) എന്നാൽ യൂറോപ്യൻ മനുഷ്യാവകാശ കോടതി യഹോവയുടെ സാക്ഷികളെ ഒരു മതഭേദമായിട്ടല്ല, ഒരു മതമായിട്ടാണ് അംഗീകരിച്ചിട്ടുള്ളത് എന്നതാണു വസ്‌തുത. എതിരാളികൾക്ക് ഇക്കാര്യം അറിയാം. എന്നിട്ടും അവർ സാക്ഷികളെക്കുറിച്ച് അപവാദം പരത്തുന്നു. ഇത്തരം കുപ്രചാരണങ്ങളുടെ ഫലമായി ഈ ക്രിസ്‌ത്യാനികളിൽ ചിലരെ തൊഴിലുടമകൾ പിരിച്ചുവിട്ടിരിക്കുന്നു. സാക്ഷികളായ കുട്ടികൾ സ്‌കൂളുകളിൽ ദ്രോഹിക്കപ്പെട്ടിരിക്കുന്നു. ഭീരുക്കളായ കെട്ടിട ഉടമകൾ, സാക്ഷികൾ ദീർഘനാളായി യോഗങ്ങൾ നടത്തിക്കൊണ്ടിരുന്ന കെട്ടിടങ്ങൾക്കുള്ള കരാറുകൾ റദ്ദുചെയ്‌തിരിക്കുന്നു. ചിലയിടങ്ങളിൽ ഗവൺമെന്റ് ഏജൻസികൾ, യഹോവയുടെ സാക്ഷികളാണെന്ന ഒറ്റ കാരണത്താൽ വ്യക്തികൾക്കു പൗരത്വംപോലും നിഷേധിച്ചിരിക്കുന്നു! എങ്കിലും സാക്ഷികൾ അചഞ്ചലരായി നിലകൊള്ളുന്നു.
ഇതേ കുറ്റമായിരുന്നു. (15, 16. ഫ്രാൻസിലെ യഹോവയുടെ സാക്ഷികൾ ക്രിസ്‌തീയവേലയ്‌ക്കുള്ള എതിർപ്പിനോട് എങ്ങനെ പ്രതികരിച്ചിരിക്കുന്നു, അവർ തുടർന്നും പ്രസംഗിക്കുന്നത് എന്തുകൊണ്ട്?
15 ഉദാഹരണത്തിന് ഫ്രാൻസിലെ കാര്യമെടുക്കുക. അവിടത്തുകാർ പൊതുവേ ന്യായയുക്തരും സന്മനസ്സുള്ളവരുമാണ്. എന്നിരുന്നാലും, രാജ്യവേലയ്‌ക്കു കൂച്ചുവിലങ്ങിടാൻ ചില എതിരാളികൾ നിയമത്തിൽ ഭേദഗതി വരുത്തിയിരിക്കുന്നു. അവിടെയുള്ള യഹോവയുടെ സാക്ഷികൾ എങ്ങനെയാണ് അതിനോടു പ്രതികരിച്ചിരിക്കുന്നത്? മുമ്പെന്നത്തേതിലും തീക്ഷ്‌ണതയോടെ അവർ പ്രസംഗപ്രവർത്തനത്തിൽ ഏർപ്പെടുകയും ആവേശജനകമായ ഫലങ്ങൾ കൊയ്യുകയും ചെയ്‌തിരിക്കുന്നു. (യാക്കോബ് 4:7) എന്തിന്, വെറും ആറു മാസത്തിനുള്ളിൽ ആ രാജ്യത്തെ ഭവന ബൈബിളധ്യയനങ്ങളുടെ എണ്ണത്തിൽ 33 ശതമാനത്തിന്റെ അത്ഭുതകരമായ വർധനയുണ്ടായി! ഫ്രാൻസിലെ ആത്മാർഥഹൃദയരായ ആളുകൾ സുവാർത്തയോട് അനുകൂലമായി പ്രതികരിക്കുന്നതു കാണുന്നതിൽ പിശാചിന് അടങ്ങാത്ത കോപം തോന്നുന്നുണ്ടാകണം. (വെളിപ്പാടു 12:17) യെശയ്യാ പ്രവാചകന്റെ പിൻവരുന്ന വാക്കുകൾ തങ്ങളുടെ കാര്യത്തിൽ സത്യമായി ഭവിക്കുമെന്ന് ഫ്രാൻസിലുള്ള നമ്മുടെ സഹക്രിസ്‌ത്യാനികൾക്കു ബോധ്യമുണ്ട്: “നിനക്കു വിരോധമായി ഉണ്ടാക്കുന്ന യാതൊരു ആയുധവും ഫലിക്കയില്ല; ന്യായവിസ്‌താരത്തിൽ നിനക്കു വിരോധമായി എഴുന്നേല്‌ക്കുന്ന എല്ലാനാവിനെയും നീ കുറ്റം വിധിക്കും.”—യെശയ്യാവു 54:17.
16 പീഡിപ്പിക്കപ്പെടുന്നതിൽ യഹോവയുടെ സാക്ഷികൾ സന്തോഷിക്കുന്നില്ല. എന്നിരുന്നാലും, തങ്ങൾ മനസ്സിലാക്കിയിരിക്കുന്ന കാര്യങ്ങളെക്കുറിച്ചു സംസാരിക്കുന്നതു നിറുത്താൻ അവർക്കു കഴിയില്ല, തുടർന്നും അവർ അതു പ്രസിദ്ധമാക്കും. എന്തുകൊണ്ടെന്നാൽ, എല്ലാ ക്രിസ്‌ത്യാനികൾക്കുമുള്ള ഒരു ദൈവകൽപ്പനയാണ് അത്. നല്ല പൗരന്മാർ ആയിരിക്കാൻ അവർ ആത്മാർഥമായി ശ്രമിക്കുന്നു. എന്നിരുന്നാലും, ദൈവനിയമവും മാനുഷനിയമവും പരസ്‌പരം വിരുദ്ധമായിരിക്കുമ്പോൾ അവർ ദൈവത്തെ അനുസരിക്കണം.
അവരെ ഭയപ്പെടരുത്
17. (എ) നമ്മുടെ ശത്രുക്കളെ നാം ഭയപ്പെടേണ്ടതില്ലാത്തത് എന്തുകൊണ്ട്? (ബി) പീഡകരോടുള്ള നമ്മുടെ മനോഭാവം എന്തായിരിക്കണം?
17 നമ്മുടെ ശത്രുക്കൾ അപകടകരമായ ഒരു നിലയിലാണ്. അവർ ദൈവത്തോടാണു പോരാടിക്കൊണ്ടിരിക്കുന്നത്. അതുകൊണ്ട് നമ്മെ പീഡിപ്പിക്കുന്നവരെ ഭയപ്പെടുന്നതിനു പകരം യേശുവിന്റെ വാക്കുകൾക്കു ചേർച്ചയിൽ അവർക്കായി നാം പ്രാർഥിക്കുന്നു. (മത്തായി 5:44) തർസൊസുകാരനായ ശൗലിനെപ്പോലെ അജ്ഞത നിമിത്തം ആരെങ്കിലും ദൈവത്തെ എതിർക്കുന്നുണ്ടെങ്കിൽ സത്യം തിരിച്ചറിയുന്നതിന് അവരുടെ കണ്ണുകൾ തുറക്കാൻ ദയയുണ്ടാകണമേയെന്നു നാം യഹോവയോടു പ്രാർഥിക്കുന്നു. (2 കൊരിന്ത്യർ 4:4) ശൗൽ പിന്നീട് പൗലൊസ് എന്ന ക്രിസ്‌തീയ അപ്പൊസ്‌തലനായിത്തീരുകയും അവന്റെ നാളിലെ അധികാരികാരികളിൽനിന്നു വളരെ കഷ്ടം സഹിക്കുകയും ചെയ്‌തു. എന്നിട്ടും “വാഴ്‌ചകൾക്കും അധികാരങ്ങൾക്കും കീഴടങ്ങി അനുസരിപ്പാനും സകലസൽപ്രവൃത്തിക്കും ഒരുങ്ങിയിരിപ്പാനും ആരെക്കൊണ്ടും [തങ്ങളെ നിർദയം പീഡിപ്പിക്കുന്നവരെക്കൊണ്ടുപോലും] ദൂഷണം പറയാതെയും കലഹിക്കാതെയും ശാന്തന്മാരായി സകലമനുഷ്യരോടും പൂർണ്ണസൌമ്യത കാണിപ്പാനും” സഹവിശ്വാസികളെ അവൻ ഓർമിപ്പിച്ചുകൊണ്ടിരുന്നു. (തീത്തൊസ് 3:1, 2) ഈ ബുദ്ധിയുപദേശത്തിനു ചേർച്ചയിൽ പ്രവർത്തിക്കാൻ ഫ്രാൻസിലും മറ്റിടങ്ങളിലുമുള്ള യഹോവയുടെ സാക്ഷികൾ യത്‌നിക്കുന്നു.
18. (എ) യഹോവ തന്റെ ജനത്തിന് ഏതു വിധങ്ങളിൽ വിടുതൽ നൽകിയേക്കാം? (ബി) അന്തിമഫലം എന്തായിരിക്കും?
18 യിരെമ്യാ പ്രവാചകനോട് ദൈവം ഇങ്ങനെ പറഞ്ഞു: “നിന്നെ വിടുവിക്കേണ്ടതിന്നു ഞാൻ നിന്നോടുകൂടെ” ഉണ്ട്. (യിരെമ്യാവു 1:8) ഇന്ന് യഹോവ പീഡനത്തിൽനിന്നു നമ്മെ എങ്ങനെ രക്ഷിച്ചേക്കാം? ഗമാലിയേലിനെപ്പോലെ, സന്മനസ്സുള്ള ന്യായാധിപന്മാരെ അതിനായി അവൻ ഉപയോഗിച്ചേക്കാം. അല്ലെങ്കിൽ, തത്ത്വദീക്ഷയില്ലാത്തവനും നമ്മോടു ശത്രുതാ മനോഭാവം പുലർത്തുന്നവനുമായ ഒരു അധികാരിക്കു പകരം ന്യായബോധമുള്ള മറ്റൊരാൾ അപ്രതീക്ഷിതമായി അധികാരമേൽക്കാൻ അവൻ ഇടയാക്കിയേക്കാം. എന്നിരുന്നാലും ചിലപ്പോൾ തന്റെ ജനത്തിനു നേരിടുന്ന പീഡനം പൂർത്തിയാകാൻ യഹോവ അനുവദിച്ചേക്കാം. (2 തിമൊഥെയൊസ് 3:12) പീഡനത്തിനു വിധേയരാകാൻ ദൈവം നമ്മെ അനുവദിക്കുന്നപക്ഷം അതു സഹിച്ചുനിൽക്കാനുള്ള ശക്തിയും അവൻ നമുക്കു നൽകും. (1 കൊരിന്ത്യർ 10:13) കൂടാതെ, എന്തുതന്നെ സംഭവിക്കാൻ ദൈവം അനുവദിച്ചാലും അതിന്റെയെല്ലാം അന്തിമഫലം എന്തായിരിക്കുമെന്ന കാര്യത്തിൽ നമുക്കു യാതൊരു സംശയവുമില്ല: ദൈവജനത്തോടു പോരാടുന്നവർ ദൈവത്തോടാണു പോരാടുന്നത്, ദൈവത്തോടു പോരാടുന്നവർ വിജയിക്കുകയുമില്ല.
19. ഏതാണ് 2006-ലേക്കുള്ള വാർഷികവാക്യം, അത് സമയോചിതമായിരിക്കുന്നത് എന്തുകൊണ്ട്?
19 പീഡനം പ്രതീക്ഷിക്കണമെന്ന് യേശു തന്റെ ശിഷ്യന്മാരോടു പറഞ്ഞു. (യോഹന്നാൻ 16:33) ഇതിന്റെ വീക്ഷണത്തിൽ, “മനുഷ്യരെക്കാൾ ദൈവത്തെ അനുസരിക്കേണ്ടതാകുന്നു” എന്ന പ്രവൃത്തികൾ 5:29-ലെ വാക്കുകൾ മുമ്പെന്നത്തെക്കാളും സമയോചിതമാണ്. അക്കാരണത്താൽ, പുളകപ്രദമായ ഈ വാക്കുകൾ യഹോവയുടെ സാക്ഷികളുടെ 2006-ലേക്കുള്ള വാർഷികവാക്യമായി തിരഞ്ഞെടുത്തിരിക്കുന്നു. അടുത്ത വർഷത്തിലും നിത്യതയിലുടനീളവും എന്തു വിലകൊടുത്തും ദൈവത്തെ അനുസരിക്കുക എന്നതായിരിക്കട്ടെ നമ്മുടെ ദൃഢനിശ്ചയം!
[അടിക്കുറിപ്പ്]
^ ഖ. 7 പ്രസ്‌തുത സന്ദർഭത്തിൽ മഹാപുരോഹിതന്മാർ പരസ്യമായി പിന്തുണ പ്രഖ്യാപിച്ച “കൈസർ” ഒരു കപടനാട്യക്കാരനും കൊലപാതകിയും ആയിരുന്നു—നിന്ദ്യനായ റോമൻ ചക്രവർത്തി തീബെര്യൊസ്. അയാളുടെ അധമമായ ലൈംഗിക നടപടികളും കുപ്രസിദ്ധമായിരുന്നു.—ദാനീയേൽ 11:15, 21.
നിങ്ങൾക്ക് ഉത്തരം പറയാമോ?
• എതിർപ്പിനെ അഭിമുഖീകരിച്ച വിധത്താൽ അപ്പൊസ്‌തലന്മാർ നമുക്കു പ്രോത്സാഹജനകമായ എന്തു ദൃഷ്ടാന്തംവെച്ചു?
• നാം എല്ലായ്‌പോഴും മനുഷ്യരെക്കാൾ ദൈവത്തെ അനുസരിക്കേണ്ടത് എന്തുകൊണ്ട്?
• നമ്മുടെ എതിരാളികൾ യഥാർഥത്തിൽ ആർക്കെതിരെയാണു പോരാടുന്നത്?
• പീഡനം സഹിച്ചുനിൽക്കുന്നവർ എന്ത് അന്തിമഫലം കാണും?
[അധ്യയന ചോദ്യങ്ങൾ]
[23-ാം പേജിലെ ആകർഷകവാക്യം]
2006-ലേക്കുള്ള വാർഷികവാക്യം: “മനുഷ്യരെക്കാൾ ദൈവത്തെ അനുസരിക്കേണ്ടതാകുന്നു.” —പ്രവൃത്തികൾ 5:29
[19-ാം പേജിലെ ചിത്രം]
“മനുഷ്യരെക്കാൾ ദൈവത്തെ അനുസരിക്കേണ്ടതാകുന്നു”
[21-ാം പേജിലെ ചിത്രം]
കയ്യഫാവ് ദൈവത്തിൽ ആശ്രയിക്കുന്നതിനു പകരം മനുഷ്യരിൽ ആശ്രയിച്ചു