ക്ഷമ—പ്രതിസന്ധികളിലും പ്രതീക്ഷ കൈവിടാതെ
“അവസാനകാലത്ത്” സമ്മർദങ്ങൾ ഏറിവരുകയാണ്. അതുകൊണ്ടുതന്നെ യഹോവയുടെ ജനത്തിനു മുമ്പെന്നത്തെക്കാളും ക്ഷമ ആവശ്യമാണ്. (2 തിമൊ. 3:1-5) സ്വസ്നേഹികളും ഒരു കാര്യത്തോടും യോജിക്കാത്തവരും ആത്മനിയന്ത്രണമില്ലാത്തവരും ആയ ആളുകളെക്കൊണ്ട് നമുക്കു ചുറ്റുമുള്ള ലോകം നിറഞ്ഞിരിക്കുകയാണ്. ഇങ്ങനെയുള്ള ആളുകൾ എളുപ്പം ക്ഷമ നശിക്കുന്നവരായിരിക്കും. അതുകൊണ്ട് ഓരോ ക്രിസ്ത്യാനിയും സ്വയം ഇങ്ങനെ ചോദിക്കണം: ‘ഈ ലോകത്തിന്റെ മുഖമുദ്രയായ അക്ഷമ എന്നിലേക്കും പടർന്നിട്ടുണ്ടോ? ക്ഷമയുള്ളവരായിരിക്കുക എന്നാൽ എന്താണ് അർഥം? ശ്രദ്ധേയമായ ഈ ക്രിസ്തീയഗുണം എന്റെ വ്യക്തിത്വത്തിന്റെ ഭാഗമാക്കാൻ എനിക്ക് എന്തു ചെയ്യാൻ കഴിയും?’
ക്ഷമയിൽ എന്താണ് ഉൾപ്പെടുന്നത്?
ബൈബിളിൽ “ക്ഷമ” എന്ന വാക്കുകൊണ്ട് എന്താണ് അർഥമാക്കുന്നത്? ഒരു പ്രയാസസാഹചര്യത്തിൽ പിടിച്ചുനിൽക്കുന്നതിനെക്കാൾ കൂടുതൽ അതിൽ ഉൾപ്പെടുന്നുണ്ട്. ദൈവികക്ഷമയുള്ള ഒരു വ്യക്തി സാഹചര്യങ്ങൾ മെച്ചപ്പെടുമെന്ന പ്രതീക്ഷയോടെ പ്രതിസന്ധികളിൽ സഹിച്ചുനിൽക്കും. തന്റെ ആവശ്യങ്ങളെക്കാൾ ഉപരിയായി, പ്രയാസകരമായ സാഹചര്യം സൃഷ്ടിച്ച വ്യക്തിയുടെ ക്ഷേമത്തിനുവേണ്ടി അദ്ദേഹം പ്രവർത്തിക്കും. ഇക്കാരണംകൊണ്ടാണു ക്ഷമയുള്ള ഒരു വ്യക്തി ആരെങ്കിലും തെറ്റു ചെയ്യുകയോ അദ്ദേഹത്തെ പ്രകോപിപ്പിക്കുകയോ ചെയ്താലും ഉലഞ്ഞുപോയ ബന്ധങ്ങൾ മെച്ചപ്പെടുമെന്ന പ്രത്യാശ കൈവിടാതിരിക്കുന്നത്. സ്നേഹത്തിൽനിന്ന് ഉദിക്കുന്ന അനേകം നല്ല ഗുണങ്ങളിൽ ഒന്നാമതായി ബൈബിൾ ‘ക്ഷമയെ’ പട്ടികപ്പെടുത്തിയിരിക്കുന്നതിൽ അതിശയിക്കാനില്ല. * (1 കൊരി. 13:4) ദൈവത്തിന്റെ വചനം ‘ദൈവാത്മാവിന്റെ ഫലത്തിന്റെ’ ഒരു ഘടകമായി ക്ഷമയെ ഉൾപ്പെടുത്തുന്നുണ്ട്. (ഗലാ. 5:22, 23) ക്ഷമയുള്ളവരായിരിക്കാൻ നമ്മൾ യഥാർഥത്തിൽ എന്താണു ചെയ്യേണ്ടത്?
ക്ഷമ എങ്ങനെ വളർത്തിയെടുക്കാം?
ക്ഷമ എന്ന ഗുണം വളർത്തിയെടുക്കാൻ യഹോവയുടെ പരിശുദ്ധാത്മാവിന്റെ സഹായത്തിനായി നമ്മൾ പ്രാർഥിക്കണം. തന്നിൽ വിശ്വാസമർപ്പിക്കുകയും ആശ്രയംവെക്കുകയും ചെയ്യുന്നവർക്ക് യഹോവ പരിശുദ്ധാത്മാവിനെ നൽകും. (ലൂക്കോ. 11:13) ദൈവാത്മാവിനു ശക്തിയുണ്ടെങ്കിലും നമ്മൾ നമ്മുടെ പ്രാർഥനയ്ക്കു ചേർച്ചയിൽ പ്രവർത്തിക്കണം. (സങ്കീ. 86:10, 11) ഇതിന്റെ അർഥം മറ്റുള്ളവരോടുള്ള ഇടപെടലുകളിൽ എപ്പോഴും ക്ഷമയുള്ളവരായിരിക്കാൻ നമ്മൾ കഠിനശ്രമം ചെയ്യണം എന്നാണ്. അങ്ങനെയാകുമ്പോൾ ക്ഷമ എന്ന ഗുണം നമ്മുടെ ഹൃദയത്തിൽ വളർന്നുവരും. എന്നാൽ നമ്മുടെ വ്യക്തിത്വത്തിന്റെ അവിഭാജ്യഘടകമായി ക്ഷമ നിലനിൽക്കണമെങ്കിൽ നമ്മുടെ ഭാഗത്ത് കൂടുതൽ ശ്രമം ആവശ്യമാണ്. അതിനു നമ്മളെ എന്തു സഹായിക്കും?
യേശുവിന്റെ പൂർണതയുള്ള മാതൃക പഠിക്കുകയും അത് അനുകരിക്കുകയും ചെയ്തുകൊണ്ട് നമുക്കു ക്ഷമ വളർത്തിയെടുക്കാം. യേശുവിന്റെ ആ മാതൃകയ്ക്കു ചേർച്ചയിലുള്ളതാണു “പുതിയ വ്യക്തിത്വം.” അത് എന്താണെന്നു പൗലോസ് അപ്പോസ്തലൻ വർണിക്കുന്നു. ആ വ്യക്തിത്വത്തിന്റെ ഒരു പ്രത്യേകതയാണു “ക്ഷമ.” തുടർന്ന്, “ക്രിസ്തുവിന്റെ സമാധാനം (നമ്മുടെ) ഹൃദയങ്ങളെ ഭരിക്കട്ടെ” എന്നും പൗലോസ് എഴുതി. (കൊലോ. 3:10, 12, 15) ദൈവം തന്റേതായ സമയത്ത് കാര്യങ്ങളെല്ലാം നേരെയാക്കുമെന്നു യേശുവിന് ഉറച്ച വിശ്വാസമുണ്ടായിരുന്നു. സമാനമായി, നമ്മളെ ബാധിക്കുന്ന പ്രശ്നങ്ങൾ യഹോവ പരിഹരിക്കുമെന്ന ഉറച്ച വിശ്വാസം നമുക്കുണ്ടെങ്കിൽ “ക്രിസ്തുവിന്റെ സമാധാനം” നമ്മുടെ ഹൃദയങ്ങളെ ‘ഭരിക്കും.’ യേശുവിന്റെ മാതൃക പിൻപറ്റുകയാണെങ്കിൽ, നമുക്കു ചുറ്റും എന്തു പ്രകോപനമുണ്ടായാലും ഒരിക്കലും നമ്മുടെ ക്ഷമ നശിക്കില്ല.—യോഹ. 14:27; 16:33.
ദൈവത്തിന്റെ പുതിയ ലോകം വരുന്നതു കാണാൻ ആകാംക്ഷയുള്ളവരാണെങ്കിലും നമ്മൾ മാറ്റം വരുത്താനായി യഹോവ ക്ഷമയോടെ കാത്തിരിക്കുന്നതിനെക്കുറിച്ച് 2 പത്രോ. 3:9) യഹോവ നമ്മളോടു കാണിക്കുന്ന ക്ഷമയെക്കുറിച്ച് ചിന്തിക്കുമ്പോൾ മറ്റുള്ളവരോടു ക്ഷമയോടെ ഇടപെടാൻ നമുക്കു പ്രചോദനം തോന്നുന്നില്ലേ? (റോമ. 2:4) അങ്ങനെയെങ്കിൽ ക്ഷമ ആവശ്യമായിരിക്കുന്ന ചില സാഹചര്യങ്ങളെക്കുറിച്ച് ചിന്തിക്കാം.
ധ്യാനിക്കുമ്പോൾ നമ്മൾ കൂടുതൽ ക്ഷമയുള്ളവരാകാൻ പഠിക്കും. തിരുവെഴുത്തുകൾ നമുക്ക് ഈ ഉറപ്പു തരുന്നു: “ചിലർ കരുതുന്നതുപോലെ യഹോവ തന്റെ വാഗ്ദാനം നിറവേറ്റാൻ താമസിക്കുന്നില്ല. ആരും നശിച്ചുപോകാതെ എല്ലാവരും മാനസാന്തരപ്പെടാൻ ആഗ്രഹിക്കുന്നതുകൊണ്ട് ദൈവം നിങ്ങളോടു ക്ഷമ കാണിക്കുകയാണ്.” (ക്ഷമ ആവശ്യമായിരിക്കുന്ന ചില സാഹചര്യങ്ങൾ
ഓരോ ദിവസവും ക്ഷമ പരിശോധിക്കപ്പെടുന്ന പല സാഹചര്യങ്ങൾ നമ്മൾ നേരിടാറുണ്ട്. ഉദാഹരണത്തിന്, നിങ്ങൾക്കു വളരെ പ്രധാനപ്പെട്ട ഒരു കാര്യം പറയാനുണ്ടെന്നിരിക്കട്ടെ, അപ്പോൾ മറ്റുള്ളവർ സംസാരിക്കുന്നതിന്റെ ഇടയ്ക്കു കയറി സംസാരിക്കാൻ നമ്മൾ തുനിഞ്ഞേക്കാം. അത് ഒഴിവാക്കുന്നതിനു ക്ഷമ ആവശ്യമാണ്. (യാക്കോ. 1:19) നിങ്ങളെ അസ്വസ്ഥരാക്കുന്ന രീതികളുള്ള ചില സഹവിശ്വാസികളുമായി ഇടപെടുമ്പോഴും ക്ഷമ കാണിക്കേണ്ടതുണ്ടായിരിക്കാം. അത്തരം സാഹചര്യങ്ങളിൽ അമിതമായി പ്രതികരിക്കുന്നതിനു പകരം നമ്മുടെ ബലഹീനതകളോട് യഹോവയും യേശുവും എങ്ങനെയാണു പ്രതികരിക്കുന്നതെന്നു ചിന്തിക്കുന്നതു ജ്ഞാനമായിരിക്കും. അവർ നമ്മുടെ ചെറിയചെറിയ പിഴവുകളിലേക്കു നോക്കിക്കൊണ്ടിരിക്കുകയല്ല. പകരം നമ്മുടെ നല്ല ഗുണങ്ങൾ കാണുകയും മെച്ചപ്പെടാൻ നമ്മൾ നടത്തുന്ന ശ്രമങ്ങൾ ക്ഷമയോടെ നിരീക്ഷിക്കുകയും ചെയ്യുന്നു.—1 തിമൊ. 1:16; 1 പത്രോ. 3:12.
നമ്മൾ എന്തെങ്കിലും തെറ്റായി പറയുകയോ പ്രവർത്തിക്കുകയോ ചെയ്തെന്നു മറ്റുള്ളവർ അഭിപ്രായപ്പെടുമ്പോഴും ക്ഷമ പരിശോധിക്കപ്പെട്ടേക്കാം. അത്തരം സാഹചര്യങ്ങളിൽ നമുക്ക് എളുപ്പം നീരസം തോന്നുകയും നമ്മുടെ ഭാഗം ന്യായീകരിക്കാൻ ശ്രമിക്കുകയും ചെയ്തേക്കാം. എന്നാൽ മറ്റൊരു രീതിയിൽ ഈ പ്രശ്നം കൈകാര്യം ചെയ്യാനാണു ദൈവവചനം പറയുന്നത്. അതു പറയുന്നു: “അഹങ്കാരഭാവത്തെക്കാൾ ക്ഷമാശീലം നല്ലത്. പെട്ടെന്നു നീരസപ്പെടരുത്. നീരസം വിഡ്ഢികളുടെ ഹൃദയത്തിലല്ലേ ഇരിക്കുന്നത്?” (സഭാ. 7:8, 9) അതുകൊണ്ട് ആരോപണത്തിൽ അൽപ്പംപോലും സത്യമില്ലെങ്കിലും നമ്മൾ ക്ഷമയോടെ സൂക്ഷിച്ച് വേണം പ്രതികരിക്കാൻ. ആളുകൾ തനിക്കെതിരെ യാതൊരു അടിസ്ഥാനവുമില്ലാത്ത ആരോപണങ്ങൾ ഉന്നയിച്ചപ്പോൾ യേശു അതാണു ചെയ്തത്.—മത്താ. 11:19.
ചിലപ്പോൾ കുട്ടികൾ തെറ്റായ ചില മനോഭാവങ്ങളും ആഗ്രഹങ്ങളും ചായ്വുകളും കാണിച്ചേക്കാം. അത്തരം സാഹചര്യങ്ങൾ കൈകാര്യം ചെയ്യുമ്പോൾ മാതാപിതാക്കൾ ക്ഷമ കാണിക്കണം. ഇപ്പോൾ സ്കാൻഡിനേവിയ ബഥേലിലെ ഒരു അംഗമായ മെറ്റിയാസിന്റെ കാര്യമെടുക്കുക. കൗമാരപ്രായത്തിൽ മെറ്റിയാസിനു വിശ്വാസത്തിന്റെ പേരിൽ എന്നും സ്കൂളിൽവെച്ച് പരിഹാസവും നിന്ദയും സഹിക്കേണ്ടിവന്നിരുന്നു. ആദ്യമൊന്നും ഇക്കാര്യം മാതാപിതാക്കൾക്ക് അറിയില്ലായിരുന്നു. പക്ഷേ സഹികെട്ടപ്പോൾ, യഥാർഥത്തിൽ താൻ വിശ്വസിക്കുന്നതുതന്നെയാണോ സത്യം എന്നു മെറ്റിയാസ് ചിന്തിക്കാൻ തുടങ്ങി. മെറ്റിയാസിന്റെ പിതാവായ ഗില്ലിസ് പറയുന്നു: “നല്ല ക്ഷമ വേണ്ട സാഹചര്യമായിരുന്നു അത്.” മെറ്റിയാസ് പിതാവിനോട് ഇങ്ങനെയൊക്കെ ചോദിക്കുമായിരുന്നു: “ദൈവം ആരാണ്? ശരിക്കും ബൈബിൾ ദൈവത്തിന്റെ വചനംതന്നെയാണോ? നമ്മളോട് ‘ഇങ്ങനെ ചെയ്യാൻ’ അല്ലെങ്കിൽ ‘അങ്ങനെ ചെയ്യാൻ’ ആവശ്യപ്പെടുന്നതു ദൈവംതന്നെയാണോ? അതു നമുക്ക് എങ്ങനെ അറിയാം?” കൂടാതെ അവൻ പിതാവിനോട് ഇങ്ങനെയും ചോദിക്കുമായിരുന്നു: “ഡാഡിയെയും മമ്മിയെയും പോലെ ചിന്തിക്കുകയും വിശ്വസിക്കുകയും ചെയ്യാത്തതിന് എന്നെ എന്തിനാണു കുറ്റപ്പെടുത്തുന്നത്?”
ഗില്ലിസ് തുടർന്നുപറയുന്നു: “ചിലപ്പോൾ കോപത്തോടെയായിരിക്കും അവൻ ചോദ്യങ്ങൾ ചോദിക്കുന്നത്. എന്നോടോ അവന്റെ അമ്മയോടോ അല്ല, മറിച്ച് സത്യത്തോട്, അവന്റെ ജീവിതം ഇത്ര ദുസ്സഹമാക്കിയെന്നു കരുതുന്ന സത്യത്തോട്.” ഗില്ലിസ് എങ്ങനെയാണ് ഈ സാഹചര്യം കൈകാര്യം ചെയ്തത്? അദ്ദേഹം പറയുന്നു: “ഞാനും അവനും ചിലപ്പോൾ ഒറ്റയിരുപ്പിൽ മണിക്കൂറുകളോളം സംസാരിക്കും. അവൻ പറയുന്നതെല്ലാം ഞാൻ കേൾക്കും. അവന്റെ മനസ്സിലെ വിചാരങ്ങളും കാഴ്ചപ്പാടുകളും വ്യക്തമായി മനസ്സിലാക്കാൻ
ഞാൻ ഇടയ്ക്കിടെ ചോദ്യങ്ങൾ ചോദിക്കും. ചിലപ്പോൾ ഞാൻ അവനു ചിന്തിക്കാനായി ചില ആശയങ്ങൾ കൊടുക്കും. പിന്നെ പിറ്റെ ദിവസമോ മറ്റോ ഞങ്ങൾ ചർച്ച തുടരും. മറ്റു ചിലപ്പോൾ അവൻ പറഞ്ഞ ആശയം മനസ്സിലാക്കാനും അതെക്കുറിച്ച് ചിന്തിക്കാനും ആയി കുറെ ദിവസങ്ങൾതന്നെ എനിക്കു വേണ്ടിവരും. ഇങ്ങനെയുള്ള ക്രമമായ സംഭാഷണങ്ങളിലൂടെ മെറ്റിയാസ് ബൈബിൾപഠിപ്പിക്കലുകൾ മനസ്സിലാക്കുന്നതിൽ സാവധാനം പുരോഗമിച്ചു. മോചനവില, ദൈവത്തിന്റെ പരമാധികാരം, യഹോവയുടെ സ്നേഹം തുടങ്ങിയ പഠിപ്പിക്കലുകൾ അവൻ സ്വീകരിക്കാൻ തുടങ്ങി. ഇതിനെല്ലാം ഏറെ സമയമെടുത്തു. മിക്കപ്പോഴും വളരെ ബുദ്ധിമുട്ടായിരുന്നു, പക്ഷേ പതിയെപ്പതിയെ മെറ്റിയാസിന്റെ ഹൃദയത്തിൽ യഹോവയോടുള്ള സ്നേഹം വളരാൻ തുടങ്ങി. കൗമാരകാലങ്ങളിൽ മകന്റെ ഹൃദയത്തിൽ എത്തിച്ചേരാനുള്ള ഞങ്ങളുടെ ക്ഷമയോടെയുള്ള പരിശ്രമങ്ങൾ വിജയിച്ചതിൽ ഞാനും ഭാര്യയും വളരെ സന്തോഷിക്കുന്നു.”മകനെ സഹായിക്കാൻ ക്ഷമയോടെ പരിശ്രമിച്ചുകൊണ്ടിരുന്ന സമയങ്ങളിൽ ഗില്ലിസും ഭാര്യയും യഹോവയുടെ പിന്തുണയിൽ പൂർണമായി ആശ്രയിച്ചു. പിന്തിരിഞ്ഞുനോക്കിക്കൊണ്ട് ഗില്ലിസ് പറയുന്നു: “ഞങ്ങൾ അവനെ ആഴമായി സ്നേഹിക്കുന്നുണ്ടെന്നും കാര്യങ്ങൾ മനസ്സിലാക്കാൻ അവനെ സഹായിക്കണേ എന്നു ഞങ്ങൾ യഹോവയോട് ഉള്ളുരുകി പ്രാർഥിക്കുന്നുണ്ടെന്നും ഞാൻ പലപ്പോഴും മെറ്റിയാസിനോടു പറയുമായിരുന്നു.” ക്ഷമ എന്ന വിശിഷ്ടഗുണം കാണിക്കുന്നത് എത്ര പ്രധാനമാണെന്ന് ആ മാതാപിതാക്കൾ തിരിച്ചറിഞ്ഞു.
ആത്മീയസഹായം കൊടുക്കുന്നതിനു പുറമേ, ദീർഘനാളായി രോഗികളായിരിക്കുന്ന കുടുംബാംഗങ്ങളെയോ സുഹൃത്തുക്കളെയോ ശുശ്രൂഷിക്കുമ്പോഴും സത്യക്രിസ്ത്യാനികൾ സ്നേഹവും ക്ഷമയും വളർത്തിയെടുക്കേണ്ടത് പ്രധാനമാണ്. സ്കാൻഡിനേവിയയിൽത്തന്നെയുള്ള എലെയ്ന്റെ * ഉദാഹരണം നോക്കാം.
ഏതാണ്ട് എട്ടു വർഷം മുമ്പ് എലെയ്ന്റെ ഭർത്താവിനു രണ്ടു പ്രാവശ്യം പക്ഷാഘാതമുണ്ടായി. ഇതു തലച്ചോറിന്റെ പ്രവർത്തനത്തെ കാര്യമായി ബാധിച്ചു. അദ്ദേഹത്തിന് അനുകമ്പ, സന്തോഷം, ദുഃഖം ഇങ്ങനെയുള്ള വികാരങ്ങളൊന്നും അറിയാൻ കഴിയാതായി. എലെയ്നു കാര്യങ്ങൾ അങ്ങേയറ്റം ബുദ്ധിമുട്ടായിത്തീർന്നു. എലെയ്ൻ പറയുന്നു: “എനിക്കു വളരെയധികം ക്ഷമ ആവശ്യമായിരുന്നു, ഒരുപാടു പ്രാർഥിച്ചു.” എലെയ്ൻ തുടർന്നുപറയുന്നു: “എനിക്ക് ആശ്വാസം പകരുന്ന തിരുവെഴുത്ത് ഫിലിപ്പിയർ 4:13 ആണ്. അവിടെ ഇങ്ങനെ പറയുന്നു: ‘എല്ലാം ചെയ്യാനുള്ള ശക്തി, എന്നെ ശക്തനാക്കുന്ന ദൈവത്തിൽനിന്ന് എനിക്കു കിട്ടുന്നു.’” യഹോവ പിന്തുണയ്ക്കുമെന്ന ഉറച്ച ബോധ്യത്തോടെ, ക്ഷമയോടെ സഹിച്ചുനിൽക്കാൻ ദൈവത്തിന്റെ ശക്തി എലെയ്നെ സഹായിക്കുന്നു.—സങ്കീ. 62:5, 6.
യഹോവയുടെ ക്ഷമ അനുകരിക്കുക
ക്ഷമ കാണിക്കുന്ന കാര്യത്തിൽ യഹോവയാണു നമുക്ക് അനുകരിക്കാൻ കഴിയുന്ന ഏറ്റവും നല്ല മാതൃക. (2 പത്രോ. 3:15) യഹോവ അങ്ങേയറ്റം ക്ഷമ കാണിച്ച പല സന്ദർഭങ്ങൾ നമുക്കു ബൈബിളിൽ കാണാം. (നെഹ. 9:30; യശ. 30:18) ഉദാഹരണത്തിന്, സൊദോം നശിപ്പിക്കാനുള്ള ദൈവത്തിന്റെ തീരുമാനത്തെ അബ്രാഹാം ചോദ്യം ചെയ്തപ്പോൾ യഹോവ എങ്ങനെയാണു പ്രതികരിച്ചത്? ഒന്നാമത്, അബ്രാഹാം സംസാരിച്ചപ്പോൾ യഹോവ ഇടയ്ക്കു കയറിയില്ല. പകരം അബ്രാഹാമിന്റെ ഓരോ ചോദ്യത്തിനും അദ്ദേഹത്തിന്റെ ഉത്കണ്ഠകൾക്കും യഹോവ ക്ഷമയോടെ ചെവി കൊടുത്തു. പിന്നെ, അബ്രാഹാം തന്റെ ഉത്കണ്ഠകൾ ആവർത്തിച്ചപ്പോൾ യഹോവ അതെല്ലാം ശ്രദ്ധയോടെ കേട്ടു. പത്തു നീതിമാന്മാരെങ്കിലും സൊദോമിലുണ്ടെങ്കിൽ ആ നഗരം നശിപ്പിക്കില്ലെന്ന് അബ്രാഹാമിന് യഹോവ ഉറപ്പു കൊടുക്കുകയും ചെയ്തു. (ഉൽപ. 18:22-33) അമിതമായി പ്രതികരിക്കാതെ ക്ഷമയോടെ ശ്രദ്ധിക്കുന്നതിന്റെ എത്ര നല്ല മാതൃക!
പുതിയ വ്യക്തിത്വത്തിന്റെ ഭാഗമായി എല്ലാ ക്രിസ്ത്യാനികളും ധരിക്കേണ്ട പ്രധാനപ്പെട്ട ഒരു ഗുണമാണു ദൈവികക്ഷമ. വിലയേറിയ ഈ ഗുണം നമ്മുടെ വ്യക്തിത്വത്തിന്റെ ഭാഗമാക്കാൻ നമ്മൾ ശ്രമിക്കുമ്പോൾ ക്ഷമയോടെ നമ്മളെ പരിപാലിക്കുന്ന സ്വർഗീയപിതാവിനെ നമ്മൾ ആദരിക്കുകയാണ്. കൂടാതെ ‘വിശ്വാസത്തിലൂടെയും ക്ഷമയിലൂടെയും വാഗ്ദാനങ്ങൾ അവകാശമാക്കുന്നവരുടെ’ കൂട്ടത്തിലായിരിക്കാൻ നമുക്കു കഴിയുകയും ചെയ്യും.—എബ്രാ. 6:10-12.
^ ഖ. 4 ദൈവാത്മാവിന്റെ ഫലത്തെക്കുറിച്ചുള്ള ഒൻപതു ഭാഗങ്ങളുള്ള ഈ പരമ്പരയുടെ ആദ്യത്തെ ലേഖനത്തിൽ സ്നേഹം എന്ന ഗുണം ചർച്ച ചെയ്തിരുന്നു.
^ ഖ. 15 ഇത് യഥാർഥപേരല്ല.