നിങ്ങളുടെ ശത്രുവിനെ മനസ്സിലാക്കുക
“നമ്മൾ സാത്താന്റെ തന്ത്രങ്ങൾ അറിയാത്തവരല്ല.”—2 കൊരി. 2:11.
1. ആദാമും ഹവ്വയും പാപം ചെയ്തതിനു ശേഷം യഹോവ നമ്മുടെ ശത്രുവിനെക്കുറിച്ച് എന്താണു വെളിപ്പെടുത്തിയത്?
പാമ്പുകൾക്കു സംസാരിക്കാനുള്ള പ്രാപ്തിയില്ലെന്ന് ആദാമിന് അറിയാമായിരുന്നു. അതുകൊണ്ട് പാമ്പിലൂടെ ഹവ്വയോടു സംസാരിച്ചത് ഒരു ആത്മവ്യക്തിയാണെന്ന് ആദാം നിഗമനം ചെയ്തുകാണും. (ഉൽപ. 3:1-6) ഈ ആത്മവ്യക്തിയെക്കുറിച്ച് ആദാമിനും ഹവ്വയ്ക്കും ഒന്നുംതന്നെ അറിയില്ലായിരുന്നു. എന്നിട്ടും സ്നേഹവാനായ സ്വർഗീയപിതാവിനു നേരെ പുറംതിരിയാനും യാതൊരു മുൻപരിചയവുമില്ലാതിരുന്ന ആ ആത്മവ്യക്തിയുടെകൂടെ ചേർന്ന് ദൈവേഷ്ടത്തിന് എതിരെ പ്രവർത്തിക്കാനും ആദാം മനഃപൂർവം തീരുമാനിച്ചു. (1 തിമൊ. 2:14) പെട്ടെന്നുതന്നെ, ആദാമിനെയും ഹവ്വയെയും വഴിതെറ്റിച്ച ശത്രുവിനെക്കുറിച്ചുള്ള വിവരങ്ങൾ യഹോവ വെളിപ്പെടുത്തിത്തുടങ്ങി. ദുഷ്ടനായ ആ ആത്മവ്യക്തിയെ ഭാവിയിൽ നശിപ്പിക്കുമെന്ന് യഹോവ ഉറപ്പു കൊടുത്തു. എങ്കിലും, ആ ആത്മവ്യക്തിക്കു ദൈവത്തെ സ്നേഹിക്കുന്ന ആളുകളെ കുറച്ച് കാലത്തേക്ക് എതിർക്കാനുള്ള അധികാരമുണ്ടായിരിക്കുമെന്ന മുന്നറിയിപ്പും യഹോവ കൊടുത്തു.—ഉൽപ. 3:15.
2, 3. മിശിഹയുടെ വരവിനു മുമ്പ് സാത്താനെക്കുറിച്ച് വളരെ കുറച്ച് മാത്രം വിവരങ്ങൾ നൽകിയതിന്റെ കാരണം എന്തായിരിക്കാം?
2 തന്നോടു ധിക്കാരം കാണിച്ച ദൂതന്റെ വ്യക്തിപരമായ പേര് യഹോവ നമുക്കു പറഞ്ഞുതന്നിട്ടില്ല. * ആ ശത്രു സ്വന്തമായി സമ്പാദിച്ച സാത്താൻ എന്ന സ്ഥാനപ്പേരുപോലും യഹോവ വെളിപ്പെടുത്തിയത് ഏദെൻ തോട്ടത്തിലെ ധിക്കാരത്തിനു ശേഷം 2,500 വർഷം കഴിഞ്ഞാണ്. (ഇയ്യോ. 1:6) വാസ്തവത്തിൽ, എബ്രായതിരുവെഴുത്തുകളിൽ 1 ദിനവൃത്താന്തം, ഇയ്യോബ്, സെഖര്യ എന്നീ മൂന്നു പുസ്തകങ്ങളിൽ മാത്രമേ സാത്താനെക്കുറിച്ച് പരാമർശമുള്ളൂ. “എതിരാളി” എന്നാണ് അതിന്റെ അർഥം. എന്തുകൊണ്ടാണു മിശിഹയുടെ വരവിനു മുമ്പുള്ള കാലത്ത് നമ്മുടെ ശത്രുവിനെക്കുറിച്ച് വളരെ കുറച്ച് മാത്രം പറഞ്ഞിരിക്കുന്നത്?
3 സാത്താനെയും അവന്റെ പ്രവർത്തനങ്ങളെയും കുറിച്ച് കൂടുതൽ വിശദാംശങ്ങൾ യഹോവ എബ്രായതിരുവെഴുത്തുകളിൽ ഉൾപ്പെടുത്തിയിട്ടില്ല. വാസ്തവത്തിൽ, മിശിഹയെ തിരിച്ചറിയിക്കുകയും മിശിഹയിലേക്കു ദൈവജനത്തെ നയിക്കുകയും ആയിരുന്നു എബ്രായതിരുവെഴുത്തുകളുടെ പ്രധാന ഉദ്ദേശ്യം. (ലൂക്കോ. 24:44; ഗലാ. 3:24) മിശിഹ വന്നതിനു ശേഷം, സാത്താനെക്കുറിച്ചും സാത്താന്റെ കൂടെച്ചേർന്ന ദൂതന്മാരെക്കുറിച്ചും കൂടുതൽ കാര്യങ്ങൾ യഹോവ വെളിപ്പെടുത്തി. നമുക്ക് ഇന്ന് അറിയാവുന്നതിൽ ഏറിയപങ്കും യഹോവ മിശിഹയെയും മിശിഹയുടെ ശിഷ്യന്മാരെയും ഉപയോഗിച്ചാണു വെളിപ്പെടുത്തിയത്. * അത് ഉചിതമാണ്. കാരണം, യഹോവ യേശുവിനെയും അഭിഷിക്തരായ സഹഭരണാധികാരികളെയും ഉപയോഗിച്ചാണു സാത്താനെയും അവന്റെ അനുഗാമികളെയും തകർക്കാൻപോകുന്നത്.—റോമ. 16:20; വെളി. 17:14; 20:10.
4. സാത്താനെക്കുറിച്ച് നമ്മൾ അമിതമായി ഉത്കണ്ഠപ്പെടേണ്ടതില്ലാത്തത് എന്തുകൊണ്ട്?
4 അപ്പോസ്തലനായ പത്രോസ് പിശാചായ സാത്താനെ ‘അലറുന്ന സിംഹം’ എന്നാണു വിളിച്ചിരിക്കുന്നത്. യോഹന്നാൻ അവനെ ‘ഭീകരസർപ്പമെന്നും’ ‘പാമ്പെന്നും’ വിളിച്ചിരിക്കുന്നു. (1 പത്രോ. 5:8; വെളി. 12:9) പക്ഷേ സാത്താനെക്കുറിച്ച് നമ്മൾ അമിതമായി ഉത്കണ്ഠപ്പെടേണ്ടതില്ല. അവനു പരിമിതികളുണ്ട്. (യാക്കോബ് 4:7 വായിക്കുക.) നമ്മളെ പിന്തുണയ്ക്കാൻ യഹോവയും യേശുവും വിശ്വസ്തരായ ദൂതന്മാരും ഉള്ളതുകൊണ്ട് ഈ ശത്രുവിനെ എതിർത്തുനിൽക്കാൻ നമുക്കു കഴിയും. എങ്കിലും, മൂന്നു പ്രധാനചോദ്യങ്ങൾക്കുള്ള ഉത്തരം നമ്മൾ അറിയണം: സാത്താന്റെ സ്വാധീനം എത്രത്തോളമുണ്ട്? സാത്താൻ വ്യക്തികളെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് എങ്ങനെയാണ്? അവന് എന്തൊക്കെ പരിമിതികളുണ്ട്? ഈ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങളും നമുക്കുള്ള പാഠങ്ങളും ചർച്ച ചെയ്യാം.
സാത്താന്റെ സ്വാധീനം എത്രത്തോളം
5, 6. മനുഷ്യവർഗത്തിന് ഏറ്റവും ആവശ്യമായ മാറ്റങ്ങൾ കൊണ്ടുവരാൻ ഗവൺമെന്റുകൾക്കു കഴിയില്ലാത്തത് എന്തുകൊണ്ട്?
5 കുറെയധികം ദൂതന്മാർ സാത്താന്റെ ധിക്കാരത്തിൽ അവന്റെ പക്ഷം ചേർന്നു. പ്രളയത്തിനു മുമ്പ് അവരിൽ ചിലരെ മനുഷ്യരുടെ പുത്രിമാരുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നതിനു സാത്താൻ പ്രലോഭിപ്പിച്ചു. ഭീകരസർപ്പം ആകാശത്തിലെ നക്ഷത്രങ്ങളിൽ മൂന്നിലൊന്നിനെ വാൽകൊണ്ട് വലിച്ചുകൂട്ടി എന്നു പറഞ്ഞുകൊണ്ട് സാത്താന്റെ കൂടെക്കൂടിയ ഈ ധിക്കാരികളായ ദൂതന്മാരെ ബൈബിൾ വർണിക്കുന്നു. (ഉൽപ. 6:1-4; യൂദ 6; വെളി. 12:3, 4) ഈ ദൂതന്മാർ യഹോവയുടെ കുടുംബത്തെ ഉപേക്ഷിച്ചുപോന്നപ്പോൾ അവർ സാത്താന്റെ അധികാരത്തിൻകീഴിലായി. എന്നാൽ ഈ ധിക്കാരികൾ ഒരു സംഘാടനവുമില്ലാത്ത കൂട്ടമല്ല. അങ്ങനെ പറയാവുന്നത് എന്തുകൊണ്ട്? സാത്താൻ ദൈവരാജ്യത്തെ അനുകരിച്ചുകൊണ്ട് അദൃശ്യമണ്ഡലത്തിൽ ഒരു രാജ്യം സ്ഥാപിച്ചിട്ടുണ്ട്. അതിന്റെ രാജാവായി തന്നെത്തന്നെ അവരോധിച്ചിരിക്കുന്നു. അവൻ ഈ ഭൂതങ്ങളെ സംഘടിപ്പിക്കുകയും അവർക്ക് അധികാരം കൊടുക്കുകയും അവരെ ലോകത്തിന്റെ ചക്രവർത്തിമാരാക്കുകയും ചെയ്തിരിക്കുന്നു.—എഫെ. 6:12.
6 സാത്താൻ തന്റെ ഈ സംഘടനയിലൂടെ എല്ലാ മാനുഷഗവൺമെന്റുകളുടെയും മേൽ സ്വാധീനം ചെലുത്തുന്നുണ്ട്. “ഭൂമിയിലെ എല്ലാ രാജ്യങ്ങളും” യേശുവിനു കാണിച്ചുകൊടുത്തപ്പോൾ സാത്താൻ പറഞ്ഞ വാക്കുകൾ ഇതു തെളിയിക്കുന്നു. സാത്താൻ പറഞ്ഞു: “ഈ സകല അധികാരവും അവയുടെ പ്രതാപവും ഞാൻ നിനക്കു തരാം. കാരണം ഇതെല്ലാം എനിക്കു തന്നിരിക്കുന്നു. എനിക്ക് ഇഷ്ടമുള്ളവനു ഞാൻ അതു കൊടുക്കും.” (ലൂക്കോ. 4:5, 6) സാത്താന്റെ ദുഷ്ടസ്വാധീനമുണ്ടെങ്കിലും മിക്ക ഗവൺമെന്റുകളും തങ്ങളുടെ പൗരന്മാർക്കുവേണ്ടി പല നല്ല കാര്യങ്ങളും ചെയ്യുന്നു. നല്ല ഉദ്ദേശ്യത്തോടെ ഭരിക്കുന്ന ഭരണാധികാരികളുമുണ്ട്. എന്നാൽ മനുഷ്യവർഗത്തിന് ഏറ്റവും ആവശ്യമായ മാറ്റങ്ങൾ കൊണ്ടുവരാൻ ഒരു ഗവൺമെന്റിനും, ഒരു ഭരണാധികാരിക്കും കഴിയില്ല.—സങ്കീ. 146:3, 4; വെളി. 12:12.
7. സാത്താനും ഭൂതങ്ങളും ഗവൺമെന്റുകളെ മാത്രമല്ല, വ്യാജമതത്തെയും വാണിജ്യലോകത്തെയും എങ്ങനെയാണ് ഉപയോഗിക്കുന്നത്? (ലേഖനാരംഭത്തിലെ ചിത്രം കാണുക.)
7 “ഭൂലോകത്തെ മുഴുവൻ” വഴിതെറ്റിക്കാൻ വെളി. 12:9) വ്യാജമതത്തിലൂടെ സാത്താൻ യഹോവയെക്കുറിച്ചുള്ള നുണകൾ പ്രചരിപ്പിക്കുകയാണ്. ദൈവത്തിന്റെ പേര് കഴിയുന്നത്ര ആളുകളിൽനിന്ന് മറച്ചുപിടിക്കാൻ സാത്താൻ കഠിനശ്രമം ചെയ്യുന്നു. (യിരെ. 23:26, 27) അതിന്റെ ഫലമായി ആത്മാർഥതയുള്ള ആളുകൾപോലും വഞ്ചിക്കപ്പെട്ടിരിക്കുകയാണ്. ദൈവത്തെയാണ് ആരാധിക്കുന്നതെന്നു ചിന്തിക്കുന്ന അവർ വാസ്തവത്തിൽ ഭൂതങ്ങളെയാണ് ആരാധിക്കുന്നത്. (1 കൊരി. 10:20; 2 കൊരി. 11:13-15) വാണിജ്യലോകത്തിലൂടെയും സാത്താൻ നുണകൾ പ്രചരിപ്പിക്കുന്നു. അതിലൊന്നാണ്, പണവും വസ്തുവകകളും വാരിക്കൂട്ടിയാൽ യഥാർഥസന്തോഷം കിട്ടും എന്ന ആശയം. (സുഭാ. 18:11) ഈ നുണ വിശ്വസിക്കുന്ന ആളുകൾ ദൈവത്തെ സേവിക്കുന്നതിനു പകരം “ധനത്തെ” സേവിക്കുന്നതിനായി ജീവിതം ഉപയോഗിക്കുന്നു. (മത്താ. 6:24) അവർക്കു ദൈവത്തോട് എന്തെങ്കിലും സ്നേഹം ഉണ്ടെങ്കിൽത്തന്നെ വസ്തുവകകളോടുള്ള സ്നേഹം അവരുടെ ദൈവസ്നേഹത്തെ പതിയെപ്പതിയെ ഞെരുക്കിക്കളഞ്ഞേക്കാം.—മത്താ. 13:22; 1 യോഹ. 2:15, 16.
സാത്താനും ഭൂതങ്ങളും ഗവൺമെന്റുകളെ മാത്രമല്ല, വ്യാജമതത്തെയും വാണിജ്യലോകത്തെയും ഉപയോഗിക്കുന്നു. (8, 9. (എ) ആദാമിനെയും ഹവ്വയെയും ധിക്കാരികളായ ദൂതന്മാരെയും പറ്റിയുള്ള വിവരണങ്ങൾ നമ്മളെ ഏതു രണ്ടു പാഠങ്ങൾ പഠിപ്പിക്കുന്നു? (ബി) സാത്താന് എത്രത്തോളം സ്വാധീനമുണ്ടെന്നു മനസ്സിലാക്കുന്നതു നമുക്ക് എങ്ങനെ പ്രയോജനം ചെയ്യും?
8 ആദാമിന്റെയും ഹവ്വയുടെയും ധിക്കാരികളായ ദൂതന്മാരുടെയും ദൃഷ്ടാന്തങ്ങൾ നമ്മളെ പ്രധാനപ്പെട്ട രണ്ടു പാഠങ്ങൾ പഠിപ്പിക്കുന്നു. ഒന്നാമത്തേത്, നമ്മുടെ മുന്നിൽ രണ്ടു തിരഞ്ഞെടുപ്പുകളേ ഉള്ളൂ. ഒന്നുകിൽ യഹോവയോടു വിശ്വസ്തരായിരിക്കുക, അല്ലെങ്കിൽ സാത്താന്റെ പക്ഷത്തായിരിക്കുക. ഇതിൽ ഏതു വേണമെന്നു നമ്മൾ തിരഞ്ഞെടുക്കണം. (മത്താ. 7:13) രണ്ടാമത്തേത്, സാത്താന്റെ പക്ഷം ചേരുന്നവർക്കു തീരെ പരിമിതമായ പ്രയോജനങ്ങളേ ലഭിക്കുകയുള്ളൂ. ആദാമിനും ഹവ്വയ്ക്കും ശരിതെറ്റുകളെക്കുറിച്ച് സ്വന്തം നിലവാരങ്ങൾ വെക്കാൻ അവസരം കിട്ടി. അതുപോലെ, ഭൂതങ്ങൾക്കു മനുഷ്യഗവൺമെന്റുകളുടെ മേൽ ഒരളവുവരെ നിയന്ത്രണവും ലഭിച്ചു. (ഉൽപ. 3:22) പക്ഷേ, സാത്താന്റെ പക്ഷത്ത് നിൽക്കുന്നതിന്റെ അന്തിമഫലം എല്ലായ്പോഴും ദോഷമായിരിക്കും, യഥാർഥപ്രയോജനങ്ങളൊന്നും ആർക്കും ലഭിക്കുകയുമില്ല.—ഇയ്യോ. 21:7-17; ഗലാ. 6:7, 8.
9 സാത്താന് എത്രത്തോളം സ്വാധീനമുണ്ടെന്നു മനസ്സിലാക്കുന്നതു നമുക്ക് എങ്ങനെ പ്രയോജനം ചെയ്യും? ഗവൺമെന്റ് അധികാരികളെക്കുറിച്ച് ഒരു ശരിയായ വീക്ഷണമുണ്ടായിരിക്കാൻ അതു സഹായിക്കും, പ്രസംഗപ്രവർത്തനത്തിൽ കൂടുതൽ ഏർപ്പെടാൻ നമ്മളെ പ്രചോദിപ്പിക്കുകയും ചെയ്യും. നമ്മൾ ഗവൺമെന്റ് അധികാരികളെ ബഹുമാനിക്കാൻ യഹോവ ആഗ്രഹിക്കുന്നെന്നു നമുക്ക് അറിയാം. (1 പത്രോ. 2:17) ഗവൺമെന്റുകൾ വെക്കുന്ന നിയമങ്ങൾ തന്റെ നിലവാരങ്ങൾക്ക് എതിരല്ലാത്ത എല്ലാ സാഹചര്യങ്ങളിലും നമ്മൾ അവ അനുസരിക്കാൻ യഹോവ പ്രതീക്ഷിക്കുന്നു. (റോമ. 13:1-4) അതേസമയം നിഷ്പക്ഷത പാലിക്കണമെന്നും ഒരിക്കലും ഏതെങ്കിലും രാഷ്ട്രീയപാർട്ടിയുടെയോ മനുഷ്യനേതാവിന്റെയോ പക്ഷം പിടിക്കരുതെന്നും നമ്മൾ മനസ്സിലാക്കിയിട്ടുണ്ട്. (യോഹ. 17:15, 16; 18:36) യഹോവയുടെ പേര് മറച്ചുവെക്കാനും അതു കളങ്കപ്പെടുത്താനും സാത്താൻ ശ്രമിക്കുന്നതുകൊണ്ട് ദൈവത്തെക്കുറിച്ചുള്ള സത്യം ആളുകളെ പഠിപ്പിക്കാൻ കഴിയുന്നതെല്ലാം നമ്മൾ ചെയ്യുന്നു. യഹോവയുടെ പേരിൽ അറിയപ്പെടാനും ആ പേര് ഉപയോഗിക്കാനും കഴിയുന്നതിൽ നമ്മൾ അഭിമാനിക്കുന്നു. ദൈവത്തെ സ്നേഹിക്കുന്നതു പണത്തെയോ വസ്തുവകകളെയോ സ്നേഹിക്കുന്നതിനെക്കാൾ എത്രയോ മൂല്യവത്താണ്!—യശ. 43:10; 1 തിമൊ. 6:6-10.
വ്യക്തികളെ സ്വാധീനിക്കാൻ ശ്രമിക്കുന്ന വിധം
10-12. (എ) തന്റെ സഹോദരന്മാരായ ദൂതന്മാരെ കെണിയിലാക്കുന്നതിനു സാത്താൻ എന്തൊക്കെ ഇരകളായിരിക്കാം ഇട്ടുകൊടുത്തത്? (ബി) ആ ദൂതന്മാരുടെ തെറ്റിൽനിന്ന് നമുക്ക് എന്തു പഠിക്കാം?
10 വ്യക്തികളെ സ്വാധീനിക്കുന്നതിനു സാത്താൻ ഫലപ്രദമായ രീതികൾ ഉപയോഗിക്കുന്നു. ഉദാഹരണത്തിന്, അവൻ ആളുകളെ തന്റെ വഴിയേ കൊണ്ടുവരാൻ അവർക്ക് പറ്റിയ ഇര ഇട്ടുകൊടുക്കുന്നു. ആളുകളെ വരുതിയിലാക്കാൻ ചിലപ്പോൾ അവരെ ഭീഷണിപ്പെടുത്തുകപോലും ചെയ്യുന്നു.
11 തന്റെ ദൂതസഹോദരന്മാരിൽ ഒരു നല്ല പങ്കിനെ ഇര ഇട്ടുകൊടുത്ത് കെണിയിലാക്കുന്നതിലുള്ള സാത്താന്റെ ശ്രമം എത്ര ഫലപ്രദമായിരുന്നെന്നു നോക്കൂ. അവരെ തന്റെ പക്ഷത്തേക്കു വശീകരിക്കുന്നതിനു മുമ്പ് അവൻ ധാരാളം സമയമെടുത്ത് അവരെ പഠിച്ചിട്ടുണ്ടായിരിക്കണം. അവരിൽ കുറെപ്പേരെങ്കിലും അധാർമികത എന്ന ഇരയിൽ കൊത്തുകയും സ്ത്രീകളുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടുകയും ചെയ്തു. അവർക്ക് ഉണ്ടായ ക്രൂരന്മാരായ സങ്കരസന്തതികൾ മനുഷ്യരുടെ മേൽ ആധിപത്യം നടത്തി. (ഉൽപ. 6:1-4) ഒരുപക്ഷേ തന്റെ പക്ഷത്ത് ചേരുന്ന ദൂതന്മാർക്ക് അധാർമികബന്ധങ്ങൾക്കുള്ള അവസരം കൊടുക്കാമെന്നു മാത്രമായിരിക്കില്ല, മനുഷ്യവർഗത്തിന്റെ മേൽ അധികാരം കൊടുക്കാമെന്നും സാത്താൻ വാക്കു കൊടുത്തിരിക്കാം. വാഗ്ദാനം ചെയ്ത ‘സ്തീയുടെ സന്തതിയുടെ’ വരവിനെ തടയുക എന്നതായിരുന്നിരിക്കാം അവന്റെ ലക്ഷ്യം. (ഉൽപ. 3:15) പക്ഷേ, അവൻ വിജയിച്ചില്ല. പ്രളയം വരുത്തിക്കൊണ്ട് യഹോവ സാത്താന്റെയും ഭൂതങ്ങളുടെയും ആ പദ്ധതികൾ തകർത്തുകളഞ്ഞു.
12 ഈ സംഭവത്തിൽനിന്ന് നമുക്ക് എന്തെല്ലാം പാഠങ്ങളാണു പഠിക്കാനുള്ളത്? അധാർമികതയുടെയും അഹങ്കാരത്തിന്റെയും അപകടത്തെ ഒരിക്കലും നമ്മൾ നിസ്സാരമായി കാണരുത്. സാത്താന്റെകൂടെ ചേർന്ന ദൂതന്മാർ യുഗങ്ങളോളം ദൈവത്തിന്റെ സന്നിധിയിൽ സേവിച്ചവരായിരുന്നു. അത്ര നല്ല ചുറ്റുപാടിലായിരുന്നിട്ടും ആ ദൂതന്മാർ തങ്ങളുടെ ഹൃദയത്തിൽ മോശമായ അഭിലാഷങ്ങൾ വേരുപിടിക്കാനും വളരാനും അനുവദിച്ചു. സമാനമായി നമ്മളും വർഷങ്ങളായി യഹോവയെ സേവിക്കുന്നവരായിരിക്കാം. ആത്മീയമായി ശുദ്ധമായ ഈ ചുറ്റുപാടിലും അശുദ്ധമായ അഭിലാഷങ്ങൾ നമ്മുടെ ഹൃദയത്തിൽ വേരുപിടിച്ചേക്കാമെന്ന കാര്യം മറക്കരുത്. (1 കൊരി. 10:12) അതുകൊണ്ട്, നമ്മുടെ ഹൃദയത്തെ ക്രമമായി പരിശോധിക്കേണ്ടതും അധാർമികചിന്തകളെ തള്ളിക്കളയേണ്ടതും അഹങ്കാരം ഒഴിവാക്കേണ്ടതും എത്ര പ്രധാനമാണ്!—ഗലാ. 5:26; കൊലോസ്യർ 3:5 വായിക്കുക.
13. നമ്മളെ കെണിയിലാക്കാൻ സാത്താൻ ഉപയോഗിക്കുന്ന മറ്റൊരു ഇര ഏതാണ്, നമുക്ക് ഇത് എങ്ങനെ ഒഴിവാക്കാം?
13 സാത്താൻ ഉപയോഗിക്കുന്ന ഫലപ്രദമായ മറ്റൊരു ഇര ഭൂതലോകത്തെക്കുറിച്ചുള്ള ജിജ്ഞാസയാണ്. ഇക്കാലത്ത്, ആളുകൾക്കു ഭൂതങ്ങളിൽ താത്പര്യമുണ്ടാകാൻ സാത്താൻ വ്യാജമതത്തെയും വിനോദവ്യവസായത്തെയും ഉപയോഗിക്കുന്നു. ചലച്ചിത്രങ്ങളും ഇലക്ട്രോണിക് ഗെയിമുകളും മറ്റു പലതരം വിനോദങ്ങളും ഭൂതവിദ്യയെ ആകർഷമാക്കി അവതരിപ്പിക്കുന്നു. ഈ കെണിയിൽ വീഴാതിരിക്കാൻ നമുക്ക് എന്തു ചെയ്യാം? ദൈവത്തിന്റെ സംഘടന നല്ല വിനോദങ്ങളുടെയും മോശമായ വിനോദങ്ങളുടെയും വിശദമായ ഒരു പട്ടിക തരുമെന്നു പ്രതീക്ഷിക്കരുത്. ദൈവത്തിന്റെ നിലവാരങ്ങൾക്കു ചേർച്ചയിൽ സ്വന്തം മനസ്സാക്ഷിയെ പരിശീലിപ്പിക്കാൻ നമ്മൾ ഓരോരുത്തരും ശ്രമിക്കണം. (എബ്രാ. 5:14) ദൈവത്തോടുള്ള സ്നേഹം “കാപട്യമില്ലാത്തതായിരിക്കട്ടെ” എന്ന പൗലോസ് അപ്പോസ്തലന്റെ വാക്കുകൾ ബാധകമാക്കുന്നെങ്കിൽ നമുക്കു ജ്ഞാനപൂർവമായ തിരഞ്ഞെടുപ്പുകൾ നടത്താൻ കഴിയും. (റോമ. 12:9) കാപട്യമുള്ള ഒരു വ്യക്തി, പറയുന്നത് ഒരു വിധത്തിലും പ്രവർത്തിക്കുന്നതു വേറൊരു വിധത്തിലും ആയിരിക്കും. അതുകൊണ്ട് വിനോദങ്ങൾ തിരഞ്ഞെടുക്കുമ്പോൾ നമുക്കു സ്വയം ഇങ്ങനെ ചോദിക്കാം: ‘മറ്റുള്ളവരോടു പിൻപറ്റാൻ ആവശ്യപ്പെടുന്ന അതേ തത്ത്വങ്ങളാണോ ഞാൻ പിൻപറ്റുന്നത്? ഞാൻ ഏർപ്പെടുന്ന വിനോദത്തെക്കുറിച്ച് എന്റെ ബൈബിൾവിദ്യാർഥികളും ഞാൻ മടക്കസന്ദർശനം നടത്തുന്നവരും അറിഞ്ഞാൽ അവർക്ക് എന്തു തോന്നും?’ നമ്മുടെ സംസാരവും പ്രവൃത്തികളും തമ്മിൽ എത്രമാത്രം ചേർച്ചയുണ്ടോ അത്രമാത്രം നമ്മൾ സാത്താന്റെ കെണിയിൽ വീഴാനുള്ള സാധ്യത കുറവായിരിക്കും.—1 യോഹ. 3:18.
14. സാത്താൻ നമ്മളെ ഭയപ്പെടുത്തിയേക്കാവുന്നത് എങ്ങനെ, നമുക്ക് എങ്ങനെ ഉറച്ചുനിൽക്കാം?
14 ഇരയെ ഇട്ടുതന്ന് പ്രലോഭിപ്പിക്കുന്നതു കൂടാതെ നമ്മളെ ഭയപ്പെടുത്തി യഹോവയോടുള്ള വിശ്വസ്തതയിൽ വിട്ടുവീഴ്ച ചെയ്യിക്കാൻ സാത്താൻ ശ്രമിച്ചേക്കാം. ഉദാഹരണത്തിന്, നമ്മുടെ പ്രസംഗപ്രവർത്തനത്തെ നിരോധിക്കാൻ അവനു ഗവൺമെന്റുകളെ സ്വാധീനിക്കാൻ കഴിയും. അല്ലെങ്കിൽ ബൈബിൾനിലവാരങ്ങൾക്കനുസരിച്ച് നമ്മൾ ജീവിക്കുന്നതിനെ പരിഹസിക്കാൻ സഹജോലിക്കാരെയോ സഹപാഠികളെയോ അവൻ സ്വാധീനിച്ചേക്കാം. (1 പത്രോ. 4:4) മീറ്റിങ്ങുകളിൽ ഹാജരാകുന്നതിൽനിന്ന് നമ്മളെ നിരുത്സാഹപ്പെടുത്താൻ കുടുംബാംഗങ്ങളെ ഉപയോഗിച്ചേക്കാം. ഒരുപക്ഷേ നല്ല ഉദ്ദേശ്യത്തോടെയായിരിക്കാം ആ കുടുംബാംഗങ്ങൾ നമ്മളെ തടയുന്നത്. (മത്താ. 10:36) ഇത്തരം സാഹചര്യങ്ങളെ നമുക്ക് എങ്ങനെ കൈകാര്യം ചെയ്യാം? ഒന്ന്, നേരിട്ടുള്ള ഇത്തരം ആക്രമണങ്ങൾ നമ്മൾ പ്രതീക്ഷിക്കണം. കാരണം സാത്താൻ നമ്മളുമായി യുദ്ധത്തിലാണ്. (വെളി. 2:10; 12:17) അതുപോലെ, ഇത്തരം സംഭവങ്ങളുടെ പിന്നിലെ പ്രധാനപ്പെട്ട വിവാദവിഷയം നമ്മൾ മനസ്സിൽപ്പിടിക്കണം. സാഹചര്യങ്ങൾ അനുകൂലമായാലേ നമ്മൾ യഹോവയെ സേവിക്കൂ എന്നാണു സാത്താന്റെ അവകാശവാദം. സമ്മർദമുണ്ടായാൽ നമ്മൾ ദൈവത്തിനു നേരെ പുറംതിരിയുമെന്ന് അവൻ പറയുന്നു. (ഇയ്യോ. 1:9-11; 2:4, 5) അവസാനമായി, ആവശ്യമായ ശക്തിക്കുവേണ്ടി യഹോവയിൽ ആശ്രയിക്കുക. യഹോവ നമ്മളെ ഒരിക്കലും ഉപേക്ഷിക്കില്ല.—എബ്രാ. 13:5.
സാത്താന്റെ ശക്തിക്കുള്ള പരിധികൾ എന്തൊക്കെ?
15. നമ്മുടെ ഇഷ്ടത്തിന് എതിരായി പ്രവർത്തിക്കാൻ സാത്താനു നമ്മളെ നിർബന്ധിക്കാനാകുമോ? വിശദീകരിക്കുക.
15 ആളുകൾ ചെയ്യാൻ ഇഷ്ടപ്പെടാത്ത കാര്യങ്ങൾ അവരെക്കൊണ്ട് ചെയ്യിക്കാൻ സാത്താനു കഴിയില്ല. (യാക്കോ. 1:14) മിക്കവരും സാത്താന്റെ ഉദ്ദേശ്യങ്ങൾക്കു ചേർച്ചയിൽ പ്രവർത്തിക്കുന്നതു അറിവില്ലായ്മകൊണ്ടാണ്. പക്ഷേ ബൈബിൾസത്യം മനസ്സിലാക്കിക്കഴിയുമ്പോൾ ആരെയാണു സേവിക്കേണ്ടതെന്നു ഓരോ വ്യക്തിയും തീരുമാനിക്കണം. (പ്രവൃ. 3:17; 17:30) ദൈവത്തിന്റെ ഇഷ്ടം ചെയ്യാൻ നമ്മൾ ഉറച്ച തീരുമാനമെടുക്കുന്നെങ്കിൽ നമ്മുടെ വിശ്വസ്തത തകർക്കാൻ സാത്താനു കഴിയില്ല.—ഇയ്യോ. 2:3; 27:5.
16, 17. (എ) സാത്താനും അവന്റെ ഭൂതങ്ങൾക്കും മറ്റ് എന്തെല്ലാം പരിമിതികളുണ്ട്? (ബി) യഹോവയോട് ഉറക്കെ പ്രാർഥിക്കാൻ നമ്മൾ ഭയക്കേണ്ടതില്ലാത്തത് എന്തുകൊണ്ട്?
16 സാത്താനും ഭൂതങ്ങൾക്കും വേറെയും പരിമിതികളുണ്ട്. ഉദാഹരണത്തിന്, അവർക്കു നമ്മുടെ മനസ്സും ഹൃദയവും വായിക്കാൻ കഴിയുമെന്നു തിരുവെഴുത്തുകളിൽ ഒരു സൂചനയുമില്ല. ആ കഴിവ് യഹോവയ്ക്കും യേശുവിനും മാത്രമേ ഉള്ളൂ. (1 ശമു. 16:7; മർക്കോ. 2:8) അങ്ങനെയെങ്കിൽ നമ്മൾ സംസാരിക്കുകയും ഉച്ചത്തിൽ പ്രാർഥിക്കുകയും ചെയ്യുമ്പോഴോ? സാത്താനും ഭൂതങ്ങളും നമ്മൾ പ്രാർഥനയിൽ പറഞ്ഞ കാര്യങ്ങൾ കേട്ടിട്ട് നമുക്കെതിരെ പ്രവർത്തിക്കുമെന്നു ഭയപ്പെടേണ്ടതുണ്ടോ? ഇല്ല എന്നാണ് ഉത്തരം. എന്തുകൊണ്ട്? ഒന്നു ചിന്തിക്കുക: പിശാച് കാണുമെന്നു ഭയന്ന് നമ്മൾ യഹോവയ്ക്കുവേണ്ടി പ്രവർത്തിക്കാതിരിക്കില്ല. അങ്ങനെയെങ്കിൽ സാത്താൻ കേൾക്കുമെന്നു വിചാരിച്ച് ഉറക്കെ പ്രാർഥിക്കാൻ നമുക്കു ഭയം തോന്നേണ്ടതുണ്ടോ? വാസ്തവത്തിൽ ഉറക്കെ പ്രാർഥിച്ച ധാരാളം ദൈവദാസന്മാരെക്കുറിച്ച് ബൈബിൾ പറയുന്നുണ്ട്. തങ്ങൾ പറയുന്നതു സാത്താൻ കേൾക്കുമെന്ന് അവർ ഭയപ്പെട്ടതായി യാതൊരു സൂചനയുമില്ല. (1 രാജാ. 8:22, 23; യോഹ. 11:41, 42; പ്രവൃ. 4:23, 24) ദൈവേഷ്ടത്തിനു ചേർച്ചയിൽ സംസാരിക്കാനും പ്രവർത്തിക്കാനും നമ്മൾ കഠിനശ്രമം ചെയ്യുമ്പോൾ നമുക്കു ശാശ്വതമായ ഹാനി വരുത്തുന്ന ഒന്നും ചെയ്യാൻ സാത്താനെ യഹോവ അനുവദിക്കില്ല. ആ കാര്യത്തിൽ നമുക്ക് ഉറപ്പുണ്ടായിരിക്കാം.—സങ്കീർത്തനം 34:7 വായിക്കുക.
17 നമ്മൾ നമ്മുടെ ശത്രുവിനെ അറിയണം, പക്ഷേ അവനെ ഭയക്കേണ്ടതില്ല. യഹോവയുടെ സഹായത്തോടെ അപൂർണമനുഷ്യർക്കുപോലും സാത്താനെ കീഴടക്കാൻ കഴിയും. (1 യോഹ. 2:14) നമ്മൾ അവനെ എതിർത്തുനിൽക്കുന്നെങ്കിൽ അവൻ നമ്മളെ വിട്ട് ഓടിപ്പോകും. (യാക്കോ. 4:7; 1 പത്രോ. 5:9) സാത്താൻ പ്രത്യേകം ലക്ഷ്യംവെച്ചിരിക്കുന്ന ഒരു കൂട്ടമാണു യുവജനങ്ങളെന്നു പറയാം. സാത്താന് എതിരെ ശക്തമായി നിലകൊള്ളാൻ അവർക്ക് എന്തു ചെയ്യാൻ കഴിയും? അടുത്ത ലേഖനം അതു ചർച്ച ചെയ്യും.
^ ഖ. 2 ചില ദൂതന്മാരുടെ പേരുകൾ ബൈബിൾ വെളിപ്പെടുത്തുന്നുണ്ട്. (ന്യായാ. 13:18; ദാനി. 8:16; ലൂക്കോ. 1:19; വെളി. 12:7) യഹോവ ഓരോ നക്ഷത്രത്തെയും പേരെടുത്ത് വിളിക്കുന്നെന്നും ബൈബിൾ പറയുന്നു. (സങ്കീ. 147:4) ആ സ്ഥിതിക്ക് സാത്താനായിത്തീർന്ന ദൂതൻ ഉൾപ്പെടെ സ്വർഗത്തിലുള്ള എല്ലാ സൃഷ്ടികൾക്കും വ്യക്തിപരമായ പേരുകൾ കാണുമെന്നു നമുക്കു ന്യായമായും നിഗമനം ചെയ്യാം.
^ ഖ. 3 സാത്താനെ ആ പേരിൽ എബ്രായതിരുവെഴുത്തുകളിൽ 18 പ്രാവശ്യവും ഗ്രീക്കുതിരുവെഴുത്തുകളിൽ 30-ലേറെ പ്രാവശ്യവും പരാമർശിച്ചിട്ടുണ്ട്.