ദൈവരാജ്യം വരുമ്പോൾ എന്തെല്ലാം പൊയ്‌പോകും?
“ലോകവും അതിന്‍റെ മോഹങ്ങളും നീങ്ങിപ്പോകുന്നു. എന്നാൽ ദൈവത്തിന്‍റെ ഇഷ്ടം ചെയ്യുന്നയാൾ എന്നും ജീവിക്കും.”—1 യോഹ. 2:17.
ഗീതങ്ങൾ: 134, 24
1, 2. (എ) വധശിക്ഷയ്‌ക്കു വിധിച്ചിരിക്കുന്ന ഒരു കുറ്റവാളിയെപ്പോലെയാണ് ഈ വ്യവസ്ഥിതി എന്നു പറയാനാകുന്നത് എന്തുകൊണ്ട്? (ലേഖനാരംഭത്തിലെ ചിത്രം കാണുക.) (ബി) ഈ ദുഷ്ടവ്യവസ്ഥിതിയെ നശിപ്പിച്ചുകഴിയുമ്പോൾ ബുദ്ധിശക്തിയുള്ള സൃഷ്ടികൾക്ക് എന്തായിരിക്കും തോന്നുക?
കുപ്രസിദ്ധനായ ഒരു കുറ്റവാളിയെ പാറാവുകാർ ജയിലറയിൽനിന്ന് കൊണ്ടുപോകുകയാണ്! ഇടനാഴിയിലൂടെ അയാളെയും കൂട്ടിപ്പോകുമ്പോൾ ആ പാറാവുകാർ ഇങ്ങനെ വിളിച്ചുപറയുന്നുണ്ടായിരുന്നു: “ഇതാ, ചത്ത മനുഷ്യൻ പോകുന്നു!” പക്ഷേ ആ കുറ്റവാളിക്കു സാമാന്യം ആരോഗ്യമുണ്ട്; മാരകമായ രോഗങ്ങളൊന്നുമില്ല. പിന്നെ എന്തുകൊണ്ടാണു പാറാവുകാർ അങ്ങനെ പറഞ്ഞത്? അവർ അയാളെ വധിക്കാൻ കൊണ്ടുപോകുകയാണ്. വധശിക്ഷയ്‌ക്കു വിധിക്കപ്പെട്ട ആ കുറ്റവാളി മരിച്ചതിനു തുല്യമാണ്. *
2 ഒരർഥത്തിൽ, മരണത്തിനു വിധിക്കപ്പെട്ട ആ കുറ്റവാളിയെപ്പോലെയാണ് ഇന്നത്തെ ലോകം. ഈ ദുഷ്ടലോകത്തിന്‍റെ വിധി കാലങ്ങൾക്കു മുമ്പേ പ്രഖ്യാപിച്ചുകഴിഞ്ഞു. പെട്ടെന്നുതന്നെ അതു നടപ്പാകും. ‘ലോകം നീങ്ങിപ്പോകുന്നു’ എന്നാണു ബൈബിൾ പറയുന്നത്. (1 യോഹ. 2:17) ഇന്നത്തെ ലോകവ്യവസ്ഥിതി നശിക്കുമെന്ന് ഉറപ്പാണ്. എന്നാൽ ഈ ലോകത്തിന്‍റെ അവസാനവും ആ തടവുകാരന്‍റെ അവസ്ഥയും തമ്മിൽ ഒരു പ്രധാനവ്യത്യാസമുണ്ട്. തടവുകാരന്‍റെ കാര്യത്തിൽ, അയാളുടെ ശിക്ഷ ന്യായമാണോ എന്നു പലരും ചോദ്യം ചെയ്‌തേക്കാം, ചിലർ ആ വിധിക്കെതിരെ പ്രതിഷേധിച്ചേക്കാം. അവസാനനിമിഷം അയാളുടെ വധശിക്ഷ റദ്ദാക്കുമെന്നു പ്രതീക്ഷിക്കുന്നവരുമുണ്ടാകാം. എന്നാൽ ഈ ലോകത്തിന്‍റെ ശിക്ഷ പ്രഖ്യാപിച്ചിരിക്കുന്നതു നീതിയോടെ മാത്രം പ്രവർത്തിക്കുന്ന, പ്രപഞ്ചത്തിന്‍റെ പരമാധികാരിയായ ദൈവമാണ്. (ആവ. 32:4) ഈ ശിക്ഷ ഒരിക്കലും റദ്ദാക്കില്ല, വിധി ന്യായമാണെന്ന കാര്യത്തിൽ ആർക്കും സംശയവുമുണ്ടാകില്ല. ദൈവം ഈ ലോകത്തെ നശിപ്പിച്ചുകഴിയുമ്പോൾ, പ്രപഞ്ചത്തിലെ ബുദ്ധിശക്തിയുള്ള എല്ലാ സൃഷ്ടികളും നീതി നടപ്പായെന്നു പൂർണമനസ്സോടെ സമ്മതിക്കും. അത് അവർക്ക് എത്ര വലിയ ആശ്വാസമായിരിക്കും!
3. ദൈവരാജ്യം വരുമ്പോൾ ഇല്ലാതാകുന്ന ഏതു നാലു പ്രശ്‌നങ്ങളെക്കുറിച്ചാണു നമ്മൾ പഠിക്കാൻപോകുന്നത്?
3 ‘ലോകം നീങ്ങിപ്പോകുന്നു’ എന്നു പറയുമ്പോൾ അതിൽ എന്താണ് ഉൾപ്പെടുന്നത്? മനുഷ്യജീവിതത്തിന്‍റെ ഭാഗമാണെന്ന് ആളുകൾ ചിന്തിക്കുന്ന പലതും നീങ്ങിപ്പോകും. അതൊരു ദുഃഖവാർത്തയാണോ? അല്ലേ അല്ല! ‘ദൈവരാജ്യത്തിന്‍റെ സന്തോഷവാർത്തയുടെ’ പ്രധാനഭാഗമാണ് അത്. (മത്താ. 24:14) ദൈവരാജ്യം വരുമ്പോൾ ഈ ലോകത്തുനിന്ന് പ്രധാനമായും നാലു ഘടകങ്ങൾ നീങ്ങിപ്പോകും: ദുഷ്ടമനുഷ്യർ, ദുഷിച്ച സംഘടനകൾ, തെറ്റായ പ്രവർത്തനങ്ങൾ, മോശമായ അവസ്ഥകൾ. ഇവയെക്കുറിച്ച് നമുക്കു പഠിക്കാം. ഇവ ചർച്ച ചെയ്യുമ്പോൾ ഈ മൂന്നു ചോദ്യങ്ങൾക്കുള്ള ഉത്തരം നമുക്കു കിട്ടും: (1) ആ നാലു ഘടകങ്ങൾ നമ്മുടെ ജീവിതത്തെ ബുദ്ധിമുട്ടിക്കുന്നത് എങ്ങനെയാണ്? (2) യഹോവ അവ സംബന്ധിച്ച് എന്തു ചെയ്യും? (3) അതിന്‍റെ സ്ഥാനത്ത് എന്തു വരുമെന്ന് യഹോവ ഉറപ്പുവരുത്തും?
ദുഷ്ടമനുഷ്യർ
4. ദുഷ്ടമനുഷ്യർ നമ്മുടെ ജീവിതത്തെ ബുദ്ധിമുട്ടിക്കുന്നത് എങ്ങനെയാണ്?
4 ദുഷ്ടമനുഷ്യർ ഇന്നു നമ്മുടെ ജീവിതത്തെ ബുദ്ധിമുട്ടിക്കുന്നത് എങ്ങനെയാണ്? നമ്മൾ ജീവിക്കുന്ന ഇക്കാലത്ത് ‘ബുദ്ധിമുട്ടു നിറഞ്ഞ സമയങ്ങൾ ഉണ്ടാകും’ എന്നു മുൻകൂട്ടിപ്പറഞ്ഞതിനു ശേഷം, അപ്പോസ്‌തലനായ പൗലോസ് ഇങ്ങനെയും എഴുതി: “ദുഷ്ടമനുഷ്യരും തട്ടിപ്പുകാരും വഴിതെറ്റിച്ചും വഴിതെറ്റിക്കപ്പെട്ടും കൊണ്ട് അടിക്കടി അധഃപതിക്കും.” (2 തിമൊ. 3:1-5, 13) ഈ പ്രവചനത്തിലെ വാക്കുകൾ എത്ര സത്യമാണ്, അല്ലേ? അക്രമാസക്തരായ ഗുണ്ടകളുടെയും വിദ്വേഷംപൂണ്ട തീവ്രവാദികളുടെയും ക്രൂരരായ കുറ്റവാളികളുടെയും പ്രവർത്തനങ്ങൾക്കു നമ്മളിൽ ചിലർ ഇരയായിട്ടുണ്ട്. പരസ്യമായി ദുഷ്ടത പ്രവർത്തിക്കാൻ ചിലർക്ക് ഒരു മടിയുമില്ല. മറ്റു ചിലരാകട്ടെ, നന്മയുടെയും ആദർശത്തിന്‍റെയും മുഖംമൂടിയണിഞ്ഞ് ഒളിഞ്ഞും മറഞ്ഞും ഒക്കെയാണ് അതു ചെയ്യുന്നത്. ഇനി, നമ്മൾ നേരിട്ട് ഇത്തരം ദുഷ്ടതകൾക്കിരയായിട്ടില്ലെങ്കിലും അത്തരക്കാരുടെ പ്രവർത്തനങ്ങൾ നമ്മളെയെല്ലാം ബാധിക്കുന്നുണ്ട്. ദുഷ്ടന്മാരുടെ ഹീനകൃത്യങ്ങളെക്കുറിച്ച് കേൾക്കുമ്പോൾ നമുക്ക് അതിയായ ഹൃദയവേദന തോന്നും. കുട്ടികളോടും വൃദ്ധരോടും നിസ്സഹായരായ മറ്റുള്ളവരോടും ദുഷ്ടന്മാർ കാട്ടുന്ന ക്രൂരതകൾ നമ്മളെ ഭീതിയിലാഴ്‌ത്തുന്നു. മനുഷ്യത്വം തൊട്ടുതീണ്ടിയിട്ടില്ലാത്ത ഇവർ മൃഗീയവും പൈശാചികവും ആയ വിധത്തിലാണു പെരുമാറുന്നത്. (യാക്കോ. 3:15) എന്നാൽ ആശ്വാസകരമായ ഒരു വാർത്ത ബൈബിളിനു പറയാനുണ്ട്.
5. (എ) ദുഷ്ടരായ ആളുകൾക്ക് ഇപ്പോഴും എന്തിനുള്ള അവസരമുണ്ട്? (ബി) മാറ്റം വരുത്താൻ ഒരുക്കമല്ലാത്ത ദുഷ്ടർക്ക് ഒടുവിൽ എന്തു സംഭവിക്കും?
5 യഹോവ ഇതു സംബന്ധിച്ച് എന്തു ചെയ്യും? ഇന്നു ദുഷ്ടമനുഷ്യർക്കു മാറ്റം വരുത്താനുള്ള അവസരം യഹോവ കൊടുത്തിരിക്കുകയാണ്. (യശ. 55:7) യഹോവ നാശത്തിനു വിധിച്ചിരിക്കുന്നത് ഈ വ്യവസ്ഥിതിയെയാണ്, ഇപ്പോൾ ദുഷ്ടത പ്രവർത്തിക്കുന്ന ഓരോരുത്തരെയുമല്ല. മഹാകഷ്ടതയ്‌ക്കു മുമ്പ് എപ്പോൾ വേണമെങ്കിലും അവർക്കു മാറ്റങ്ങൾ വരുത്താം. എന്നാൽ മാറ്റം വരുത്താൻ മനസ്സു കാണിക്കാതെ, ഈ വ്യവസ്ഥിതിയെ പിന്തുണച്ചുകൊണ്ടിരിക്കുന്നവർക്ക് എന്തു സംഭവിക്കും? ഈ ഭൂമിയിൽനിന്ന് ദുഷ്ടമനുഷ്യരെ എന്നേക്കുമായി ഇല്ലാതാക്കുമെന്ന് യഹോവ വാഗ്‌ദാനം ചെയ്‌തിട്ടുണ്ട്. (സങ്കീർത്തനം 37:10 വായിക്കുക.) അങ്ങനെയൊരു ശിക്ഷയൊന്നും വരില്ല എന്നായിരിക്കാം ദുഷ്ടമനുഷ്യർ ചിന്തിക്കുന്നത്. തങ്ങളുടെ ദുഷ്‌പ്രവൃത്തികൾ മൂടിവെക്കാൻ ചിലർക്ക് അറിയാം. അതുകൊണ്ട് പലപ്പോഴും അവർ പിടിക്കപ്പെടാറില്ല, ശിക്ഷിക്കപ്പെടാറുമില്ല. (ഇയ്യോ. 21:7, 9) എന്നാൽ ബൈബിൾ പറയുന്നു: “ദൈവത്തിന്‍റെ കണ്ണു മനുഷ്യന്‍റെ വഴികളെല്ലാം നിരീക്ഷിക്കുന്നു; ദൈവം അവന്‍റെ ഓരോ കാൽവെപ്പും കാണുന്നു. തെറ്റു ചെയ്യുന്നവർക്കു മറഞ്ഞിരിക്കാൻ കൂരിരുട്ടോ അന്ധകാരമോ ഒരിടത്തുമില്ല.” (ഇയ്യോ. 34:21, 22) യഹോവയുടെ കണ്ണുവെട്ടിക്കാൻ ആർക്കും കഴിയില്ല. ഒരു തട്ടിപ്പുകാരനും ദൈവത്തെ കബളിപ്പിക്കാനാകില്ല. ദൈവത്തിന്‍റെ കണ്ണുകൾക്ക് എത്തിപ്പെടാൻ കഴിയാത്ത ഒരു ഇരുട്ടുമില്ല, ആഴവുമില്ല. എല്ലാം യഹോവയ്‌ക്കു ഗ്രഹിക്കാനാകും. ആ സ്ഥിതിക്ക്, അർമഗെദോനു ശേഷം ദുഷ്ടരെ അവർ ഉണ്ടായിരുന്നിടത്ത് നോക്കിയാൽ കാണാനാകുമോ? ഇല്ല, അവർ എന്നെന്നേക്കുമായി ഇല്ലാതായിരിക്കും!—സങ്കീ. 37:12-15.
6. ദുഷ്ടന്മാരുടെ സ്ഥാനത്ത് ആരാണുണ്ടായിരിക്കുക, അതൊരു സന്തോഷവാർത്തയായിരിക്കുന്നത് എന്തുകൊണ്ട്?
6 ദുഷ്ടന്മാർക്കു പകരം ആരായിരിക്കും ഇവിടെയുണ്ടായിരിക്കുക? യഹോവ ഇങ്ങനെ വാഗ്‌ദാനം ചെയ്യുന്നു: “സൗമ്യതയുള്ളവർ ഭൂമി കൈവശമാക്കും; സമാധാനസമൃദ്ധിയിൽ അവർ അത്യധികം ആനന്ദിക്കും.” ആ സങ്കീർത്തനം ഇങ്ങനെയും പറയുന്നു: “നീതിമാന്മാർ ഭൂമി കൈവശമാക്കും; അവർ അവിടെ എന്നുമെന്നേക്കും ജീവിക്കും.” (സങ്കീ. 37:11, 29) “സൗമ്യതയുള്ളവർ,” “നീതിമാന്മാർ” എന്നെല്ലാം പറയുന്നത് ആരെക്കുറിച്ചാണ്? യഹോവ പഠിപ്പിക്കുകയും വഴി കാണിക്കുകയും ചെയ്യുമ്പോൾ താഴ്‌മയോടെ അതു സ്വീകരിക്കുന്നവരാണു “സൗമ്യതയുള്ളവർ.” യഹോവ ശരിയെന്നു പറയുന്ന കാര്യങ്ങൾ ചെയ്യാൻ ഇഷ്ടപ്പെടുന്നവരാണു “നീതിമാന്മാർ.” ഇന്നത്തെ ലോകത്ത്, ദുഷ്ടരെ അപേക്ഷിച്ച് നീതിമാന്മാരുടെ എണ്ണം വളരെ കുറവാണ്. എന്നാൽ വരാനിരിക്കുന്ന പുതിയ ലോകത്തിൽ സൗമ്യതയുള്ള നീതിമാന്മാർ ന്യൂനപക്ഷമായിരിക്കില്ല. അങ്ങനെയുള്ളവർ മാത്രമേ ഈ ഭൂമിയിലുണ്ടായിരിക്കൂ. അവർ ഭൂമിയെ ഒരു പറുദീസയാക്കും.
ദുഷിച്ച സംഘടനകൾ
7. ദുഷിച്ച സംഘടനകളും സ്ഥാപനങ്ങളും എങ്ങനെയാണു നമ്മുടെ ജീവിതം ദുരിതപൂർണമാക്കുന്നത്?
7 ദുഷിച്ച സംഘടനകൾ നമ്മുടെ ജീവിതത്തെ ബുദ്ധിമുട്ടിക്കുന്നത് എങ്ങനെയാണ്? ലോകത്ത് ഇന്നു നടമാടുന്ന ദുഷ്ടതകളുടെ അധികപങ്കും ചെയ്‌തുകൂട്ടുന്നതു കേവലം വ്യക്തികളല്ല, സംഘടനകളാണ്. മതസംഘടനകളുടെ കാര്യമെടുക്കുക. ദൈവത്തെക്കുറിച്ചും ബൈബിളിന്‍റെ വിശ്വാസ്യതയെക്കുറിച്ചും ഭൂമിയുടെയും മനുഷ്യരുടെയും ഭാവിയെക്കുറിച്ചും മറ്റ് അനേകം വിഷയങ്ങളെക്കുറിച്ചും നുണകൾ പ്രചരിപ്പിച്ചുകൊണ്ട് അവർ ദശലക്ഷങ്ങളെ വഞ്ചിക്കുകയാണ്. ഇനി, യുദ്ധങ്ങൾക്കും വംശീയഹത്യകൾക്കും തിരികൊളുത്തുന്ന, പാവപ്പെട്ടവരെയും നിസ്സഹായരെയും അടിച്ചമർത്തുന്ന, പക്ഷപാതവും കൈക്കൂലിയും മുഖമുദ്രയാക്കിയ ഗവൺമെന്‍റുകളുടെ കാര്യമോ? വ്യവസായസ്ഥാപനങ്ങളെ സംബന്ധിച്ച് എന്ത്? പരിസ്ഥിതിയെ മലിനമാക്കുന്ന, പ്രകൃതിവിഭവങ്ങൾ കൊള്ളയടിക്കുന്ന, ഉപഭോക്താക്കളെ ചൂഷണം ചെയ്യുന്ന, അത്യാഗ്രഹം നിറഞ്ഞ സംഘടനകളാണ് ഈ സ്ഥാപനങ്ങൾ. ദശലക്ഷങ്ങൾ ഒരു നേരത്തെ ആഹാരത്തിനുവേണ്ടി വലയുമ്പോൾ മുതലാളിമാരായ ഏതാനും പേരിൽ സമ്പത്ത് ഒതുക്കിനിറുത്തുന്നതിൽ വലിയ പങ്കുണ്ട് അവയ്‌ക്ക്. ഇത്തരം ദുഷിച്ച സംഘടനകളാണ് ഈ ലോകത്തെ മിക്ക ദുരിതങ്ങൾക്കും കാരണക്കാർ.
8. ഒരിക്കലും നശിച്ചുപോകില്ലെന്ന് ആളുകൾ കരുതുന്ന സംഘടനകൾക്ക് എന്തു സംഭവിക്കുമെന്നാണു ബൈബിൾ പറയുന്നത്?
8 യഹോവ ഇതു സംബന്ധിച്ച് എന്തു ചെയ്യും? ബാബിലോൺ എന്ന മഹതി എന്ന് അറിയപ്പെടുന്ന ഒരു വേശ്യയായിട്ടാണു വ്യാജമതസംഘടനകളെ ബൈബിൾ ചിത്രീകരിക്കുന്നത്. ആ വേശ്യയെ രാഷ്‌ട്രീയശക്തികൾ ആക്രമിക്കുമ്പോഴാണു മഹാകഷ്ടത തുടങ്ങുന്നത്. (വെളി. 17:1, 2, 16; 18:1-4) അങ്ങനെ വ്യാജമതസംഘടനകൾ പൂർണമായും ഇല്ലാതാകും. എന്നാൽ ദുഷിച്ച മറ്റു സംഘടനകളുടെ കാര്യമോ? ബൈബിൾ അത്തരം സംഘടനകളെയും സ്ഥാപനങ്ങളെയും മലകളോടും ദ്വീപുകളോടും ആണ് ഉപമിച്ചിരിക്കുന്നത്. അവ അത്ര ശക്തിയും ഉറപ്പും ഉള്ളതാണെന്ന് ആളുകൾക്കു തോന്നിയേക്കാം. (വെളിപാട് 6:14 വായിക്കുക.) എന്നാൽ ഗവൺമെന്‍റുകളെയും അവയെ ആശ്രയിച്ചുനിൽക്കുന്ന മറ്റു സംഘടനകളെയും അവയുടെ സ്ഥാനത്തുനിന്ന് നീക്കിക്കളയുമെന്നു ദൈവവചനം പറയുന്നു. ഈ പഴയ വ്യവസ്ഥിതിയിലെ എല്ലാ ഗവൺമെന്‍റുകളെയും അതിന്‍റെ പക്ഷം ചേർന്ന് ദൈവരാജ്യത്തെ എതിർക്കുന്നവരെയും നശിപ്പിക്കുന്നതോടെ മഹാകഷ്ടത അവസാനിക്കും. (യിരെ. 25:31-33) ദുഷിച്ച ഒരു സംഘടനയും പിന്നെ ഈ ഭൂമുഖത്തുണ്ടാകില്ല.
9. പുതിയ ഭൂമി അടുക്കും ചിട്ടയും ഉള്ളതായിരിക്കുമെന്നു പറയാനാകുന്നത് എന്തുകൊണ്ട്?
9 ദുഷിച്ച സംഘടനകൾക്കു പകരം എന്തായിരിക്കും ഇവിടെയുണ്ടായിരിക്കുക? അർമഗെദോനു ശേഷം ഭൂമിയിൽ ഒരൊറ്റ സംഘടനപോലുമുണ്ടായിരിക്കില്ലേ? ബൈബിൾ പറയുന്നു: “ദൈവത്തിന്‍റെ വാഗ്‌ദാനത്തിനു ചേർച്ചയിൽ പുതിയ ആകാശത്തിനും പുതിയ ഭൂമിക്കും വേണ്ടി കാത്തിരിക്കുകയാണു നമ്മൾ; അവിടെ നീതി കളിയാടും.” (2 പത്രോ. 3:13) പഴയ ആകാശവും ഭൂമിയും, അതായത് ദുഷിച്ച ഗവൺമെന്‍റുകളും അവയുടെ നിയന്ത്രണത്തിലുള്ള മനുഷ്യസമൂഹവും, എന്നേക്കുമായി ഇല്ലാതാകും. പകരം എന്തായിരിക്കും ഇവിടെയുണ്ടായിരിക്കുക? ‘പുതിയ ആകാശവും പുതിയ ഭൂമിയും,’ അതായത് ഒരു പുതിയ ഗവൺമെന്‍റും അതിന്‍റെ നിയന്ത്രണത്തിലുള്ള ഒരു പുതിയ മനുഷ്യസമൂഹവും! യഹോവയെപ്പോലെ, യേശുക്രിസ്‌തുവും ക്രിസ്‌തുവിന്‍റെ കീഴിലെ ദൈവരാജ്യഗവൺമെന്‍റും ചിട്ടയോടെയായിരിക്കും പ്രവർത്തിക്കുന്നത്. (1 കൊരി. 14:33) അതുകൊണ്ടുതന്നെ, “പുതിയ ഭൂമി” അടുക്കും ചിട്ടയും ഉള്ള ഒന്നായിരിക്കും. കാര്യങ്ങൾക്കു മേൽനോട്ടം വഹിക്കാൻ നല്ലയാളുകളുണ്ടായിരിക്കും. (സങ്കീ. 45:16) ക്രിസ്‌തുവും സഹഭരണാധികാരികളായ 1,44,000 പേരും ആയിരിക്കും ആ വ്യക്തികളെ നയിക്കുന്നത്. ഇന്നത്തെ ദുഷിച്ച സംഘടനകളുടെ സ്ഥാനത്ത് യാതൊരു ദുഷിപ്പും കലരാത്ത, ഐക്യത്തോടെ പ്രവർത്തിക്കുന്ന, ഒരൊറ്റ സംഘടന മാത്രമുള്ള ആ സമയം ഒന്നു ഭാവനയിൽ കണ്ടുനോക്കൂ.
തെറ്റായ പ്രവർത്തനങ്ങൾ
10. നിങ്ങളുടെ ചുറ്റുവട്ടത്ത് വ്യാപകമായ തെറ്റായ പ്രവർത്തനങ്ങൾ എന്തൊക്കെയാണ്, അതു നിങ്ങളെയും കുടുംബത്തെയും എങ്ങനെയാണു ബാധിക്കുന്നത്?
10 ആളുകളുടെ തെറ്റായ പ്രവർത്തനങ്ങൾ നമ്മുടെ ജീവിതത്തെ ബുദ്ധിമുട്ടിക്കുന്നത് എങ്ങനെയാണ്? ഇക്കാലത്തെ ആളുകൾക്കു തെറ്റായ കാര്യങ്ങൾ ചെയ്യാൻ ഒരു മടിയുമില്ല. അധാർമികവും ക്രൂരവും വഞ്ചകവും ആയ പ്രവർത്തനങ്ങൾകൊണ്ട് ഈ ലോകം നിറഞ്ഞിരിക്കുകയാണ്. ഇത്തരം കാര്യങ്ങളിൽനിന്ന് കുട്ടികളെ സംരക്ഷിക്കാൻ ശ്രമിക്കുന്ന മാതാപിതാക്കൾക്ക് അറിയാം ഇക്കാര്യം എത്ര സത്യമാണെന്ന്. എല്ലാത്തരം തെറ്റായ കാര്യങ്ങളെയും ആകർഷകമാക്കി അവതരിപ്പിക്കാനാണ് ഇന്നത്തെ വിനോദമേഖല ശ്രമിക്കുന്നത്. ശരിയും തെറ്റും സംബന്ധിച്ചുള്ള യഹോവയുടെ നിലവാരങ്ങളോട് അവർക്കു പുച്ഛമാണ്. (യശ. 5:20) എന്നാൽ ലോകത്തിന്‍റെ ഈ ചിന്താഗതി തങ്ങളെ ബാധിക്കാതിരിക്കാൻ ക്രിസ്‌ത്യാനികൾ ശ്രമിക്കുന്നു. യഹോവയുടെ നിലവാരങ്ങളോടു യാതൊരു ആദരവുമില്ലാത്ത ഈ ലോകത്തിൽ യഹോവയുമായുള്ള ബന്ധം കാത്തുസൂക്ഷിക്കാൻ ക്രിസ്‌ത്യാനികൾക്കു കഠിനപോരാട്ടം നടത്തേണ്ടിവരുന്നു.
11. യഹോവ സൊദോമിനെയും ഗൊമോറയെയും നശിപ്പിച്ചതിൽനിന്ന് നമുക്ക് എന്തു പഠിക്കാനുണ്ട്?
11 യഹോവ ഇതു സംബന്ധിച്ച് എന്തു ചെയ്യും? സൊദോമിലും ഗൊമോറയിലും അധാർമികപ്രവർത്തനങ്ങൾ വ്യാപകമായപ്പോൾ യഹോവ എന്തു ചെയ്‌തെന്നു നമുക്കു നോക്കാം. (2 പത്രോസ് 2:6-8 വായിക്കുക.) തനിക്കു ചുറ്റും നടന്നുകൊണ്ടിരുന്ന തെറ്റായ കാര്യങ്ങൾ നീതിമാനായ ലോത്തിനെ അങ്ങേയറ്റം വേദനിപ്പിച്ചു. ആ പ്രദേശങ്ങളെ നശിപ്പിച്ചുകൊണ്ട് യഹോവ അവിടത്തെ തെറ്റായ പ്രവർത്തനങ്ങൾ അവസാനിപ്പിച്ചു. അതിലൂടെ “ഭാവിയിൽ, ഭക്തിയില്ലാതെ ജീവിക്കുന്നവർക്ക് എന്തു സംഭവിക്കുമെന്നു” കാണിച്ചുകൊടുക്കുകയും ചെയ്‌തു. അന്നുണ്ടായിരുന്ന അധാർമികപ്രവർത്തനങ്ങൾക്ക് അറുതിവരുത്തിയതുപോലെ, ഈ വ്യവസ്ഥിതിയെ നശിപ്പിക്കുമ്പോൾ ഇന്നുള്ള തെറ്റായ പ്രവർത്തനങ്ങളും യഹോവ ഇല്ലാതാക്കും.
12. പറുദീസാഭൂമിയിൽ എന്തൊക്കെ ചെയ്യാനാണു നിങ്ങൾ ആഗ്രഹിക്കുന്നത്?
12 തെറ്റായ പ്രവർത്തനങ്ങൾക്കു പകരം എന്തായിരിക്കും ഇവിടെയുണ്ടായിരിക്കുക? സന്തോഷം തരുന്ന എത്രയെത്ര കാര്യങ്ങളാണു പറുദീസാഭൂമിയിൽ നമുക്കു ചെയ്യാനുണ്ടാകുക! ഈ ഭൂഗ്രഹത്തെ ഒരു പറുദീസയാക്കുന്നതും നമുക്കും നമ്മുടെ പ്രിയപ്പെട്ടവർക്കും വീടുകൾ പണിയുന്നതും ഒക്കെ അതിൽ ഉൾപ്പെടും. ഇനി, മരിച്ചുപോയ കോടിക്കണക്കിന് ആളുകൾ ജീവനിലേക്കു വരുമ്പോൾ അവരെ സ്വീകരിക്കുന്നതിനെക്കുറിച്ച് ഒന്ന് ആലോചിച്ചുനോക്കൂ. യഹോവയുടെ വഴികളും ചരിത്രത്തിൽ ഉടനീളം യഹോവ മനുഷ്യരുമായി ഇടപെട്ട വിധവും അവരെ പഠിപ്പിക്കണം. (യശ. 65:21, 22; പ്രവൃ. 24:15) നമുക്കു സന്തോഷം തരുന്നതും യഹോവയെ മഹത്ത്വപ്പെടുത്തുന്നതും ആയ ധാരാളം കാര്യങ്ങൾ അന്ന് അവിടെ ചെയ്യാനുണ്ടായിരിക്കുമെന്നു തീർച്ചയാണ്.
മോശമായ അവസ്ഥകൾ
13. സാത്താന്‍റെയും ആദാമിന്‍റെയും ഹവ്വയുടെയും ധിക്കാരം എന്തെല്ലാം മോശമായ അവസ്ഥകൾക്കു കാരണമായി?
13 മോശമായ അവസ്ഥകൾ നമ്മുടെ ജീവിതത്തെ ബുദ്ധിമുട്ടിക്കുന്നത് എങ്ങനെയാണ്? ദുഷ്ടരായ മനുഷ്യരും ദുഷിച്ച സംഘടനകളും തെറ്റായ പ്രവർത്തനങ്ങളും കാരണം ഇന്നു ഭൂമിയിലെ അവസ്ഥകൾ വളരെ മോശമാണ്. ഉദാഹരണത്തിന്, യുദ്ധത്തിന്‍റെയോ വംശീയതയുടെയോ അല്ലെങ്കിൽ ദാരിദ്ര്യത്തിന്‍റെയോ കെടുതികൾ അനുഭവിക്കാത്ത ആരാണുള്ളത്? അതുപോലെ, രോഗവും മരണവും എല്ലാവരെയും പിടികൂടുന്നു. സാത്താനും ആദാമും ഹവ്വയും യഹോവയെ ധിക്കരിച്ചതാണ് ഈ കുഴപ്പങ്ങളുടെയെല്ലാം മൂലകാരണം. അവയിൽനിന്ന് ഒളിച്ചോടാൻ നമുക്ക് ആർക്കും കഴിയില്ല.
14. മോശമായ അവസ്ഥകൾ സംബന്ധിച്ച് യഹോവ എന്തു ചെയ്യും? ഒരു ഉദാഹരണം പറയുക.
14 യഹോവ ഇതു സംബന്ധിച്ച് എന്തു ചെയ്യും? യുദ്ധങ്ങളുടെ കാര്യമെടുക്കുക. എന്നേക്കുമായി സങ്കീർത്തനം 46:8, 9 വായിക്കുക.) രോഗങ്ങളുടെ കാര്യമോ? യഹോവ അതു തുടച്ചുനീക്കും. (യശ. 33:24) മരണമുണ്ടായിരിക്കുമോ? അത് എന്നേക്കുമായി ഇല്ലാതാകും. (യശ. 25:8) മേലാൽ ദാരിദ്ര്യവുമുണ്ടായിരിക്കില്ല. (സങ്കീ. 72:12-16) ഇന്നു മനുഷ്യജീവിതം ദുസ്സഹമാക്കുന്ന മോശമായ മറ്റ് അവസ്ഥകളെല്ലാം യഹോവ നീക്കിക്കളയും. ഭൂമിയിൽ എങ്ങും വ്യാപകമായിരിക്കുന്ന, സാത്താന്‍റെയും ഭൂതങ്ങളുടെയും സ്വാധീനം എന്നേക്കുമായി ദൈവം ഇല്ലാതാക്കും. അങ്ങനെ, ഈ ലോകത്തിന്‍റെ ദുഷിച്ച “വായു” പൊയ്‌പോകും.—എഫെ. 2:2.
യുദ്ധങ്ങൾ ഇല്ലാതാക്കുമെന്ന് യഹോവ വാക്കു തന്നിരിക്കുന്നു. (15. അർമഗെദോനു ശേഷം എന്തെല്ലാം പൊയ്‌പോകും?
15 യുദ്ധവും രോഗവും മരണവും ഇല്ലാത്ത ആ കാലം നിങ്ങൾക്കു ഭാവനയിൽ കാണാൻ കഴിയുന്നുണ്ടോ? ഒന്നു ചിന്തിക്കുക: യുദ്ധായുധങ്ങളോ യുദ്ധസ്‌മാരകങ്ങളോ അന്നുണ്ടായിരിക്കില്ല. കരസേനയോ നാവികസേനയോ വ്യോമസേനയോ ആവശ്യമില്ലാത്ത ഒരു കാലം! ആശുപത്രികളോ ഡോക്‌ടർമാരോ ആരോഗ്യ ഇൻഷുറൻസുകളോ വേണ്ടാ! മോർച്ചറികളില്ല, സെമിത്തേരികളില്ല! കുറ്റകൃത്യങ്ങളില്ലാത്ത ആ ലോകത്ത് സുരക്ഷാസംവിധാനങ്ങളുടെയോ പോലീസിന്‍റെയോ ഒരുപക്ഷേ പൂട്ടുകളുടെയോ താഴുകളുടെയോ പോലും ആവശ്യമുണ്ടാകില്ല. ഉത്‌കണ്‌ഠയ്‌ക്കു കാരണമാകുന്ന, നമ്മുടെ മനസ്സിനെയും ഹൃദയത്തെയും വിഷമിപ്പിക്കുന്ന, യാതൊന്നും അന്നുണ്ടായിരിക്കില്ല.
16, 17. (എ) അർമഗെദോനെ അതിജീവിക്കുന്നവർ അനുഭവിക്കാൻപോകുന്ന ആശ്വാസം ഉദാഹരണത്തിലൂടെ വ്യക്തമാക്കുക. (ബി) ഈ പഴയ ലോകം പൊയ്‌പോകുമ്പോൾ നമ്മൾ ജീവിച്ചിരിക്കണമെങ്കിൽ എന്തു ചെയ്യണം?
16 മോശമായ അവസ്ഥകൾ ഇല്ലാതായശേഷം ഭൂമിയിലെ ജീവിതം എങ്ങനെയുള്ളതായിരിക്കും? അതു നമ്മുടെ ചിന്തകൾക്കും ഭാവനകൾക്കും അപ്പുറമായിരിക്കും. ഈ ദുഷ്ടലോകത്തിൽ ജീവിക്കാൻ തുടങ്ങിയിട്ട് നാളുകൾ ഏറെയായതുകൊണ്ട് ഇവിടത്തെ അവസ്ഥകൾ നമ്മളെ എത്രമാത്രം ബാധിക്കുന്നുണ്ടെന്നു നമ്മൾ അറിയുന്നുണ്ടാകില്ല. തിരക്കുള്ള ഒരു റെയിൽവേ സ്റ്റേഷന്‍റെ അടുത്ത് താമസിക്കുന്നവർക്കു കുറെക്കാലം കഴിയുമ്പോൾ ആ ശബ്ദകോലാഹലങ്ങൾ ഒരു പ്രശ്‌നമല്ലാതായിത്തീരുന്നതുപോലെ, മാലിന്യക്കൂമ്പാരത്തിന് അടുത്ത് താമസിക്കുന്നവർക്ക് അതിന്‍റെ ദുർഗന്ധം പതിയെപ്പതിയെ ഒരു വിഷയമല്ലാതായിത്തീരുന്നതുപോലെ, ഭൂമിയിലെ മോശമായ കാര്യങ്ങൾ നമ്മളിലുണ്ടാക്കുന്ന സമ്മർദം നമ്മൾ ഇപ്പോൾ തിരിച്ചറിയുന്നുണ്ടാകില്ല. എന്നാൽ ഭൂമിയിൽനിന്ന് യഹോവ അവയൊക്കെ നീക്കിക്കളയുമ്പോഴോ? അത് എത്ര ആശ്വാസമായിരിക്കും!
17 നമ്മൾ ഇന്ന് അനുഭവിക്കുന്ന സമ്മർദങ്ങൾ പോയിക്കഴിയുമ്പോൾ ഈ ലോകം എങ്ങനെയുള്ളതായിരിക്കും? സങ്കീർത്തനം 37:11 പറയുന്നു: “സമാധാനസമൃദ്ധിയിൽ അവർ അത്യധികം ആനന്ദിക്കും.” എത്ര ഹൃദയഹാരിയായ വാക്കുകൾ! യഹോവ നിങ്ങൾക്കായി കരുതിവെച്ചിരിക്കുന്നത് അതാണ്. അതുകൊണ്ട് സമ്മർദം നിറഞ്ഞ ഈ അവസാനനാളുകളിൽ, ദൈവമായ യഹോവയോടും ദൈവത്തിന്‍റെ സംഘടനയോടും പറ്റിച്ചേർന്നുനിൽക്കാൻ കഴിവിന്‍റെ പരമാവധി ശ്രമിക്കുക! നിങ്ങളുടെ പ്രത്യാശ നെഞ്ചോടു ചേർത്തുവെക്കുക. അതെക്കുറിച്ച് ചിന്തിക്കുക, അതു സംഭവിക്കുമെന്ന് ഉറപ്പുള്ളവരായിരിക്കുക, കണ്ടുമുട്ടുന്ന എല്ലാവരുമായി ആ പ്രത്യാശ പങ്കുവെക്കുക. (1 തിമൊ. 4:15, 16; 1 പത്രോ. 3:15) അങ്ങനെ ചെയ്യുന്നെങ്കിൽ, ഈ ദുഷ്ടവ്യവസ്ഥിതി പൊയ്‌പോകുമ്പോൾ നിങ്ങൾ ഇല്ലാതാകില്ല. ഊർജസ്വലതയോടെ, സന്തോഷത്തോടെ നിങ്ങൾ എന്നുമെന്നേക്കും ഈ ഭൂമിയിലുണ്ടാകും!
^ ഖ. 1 ഐക്യനാടുകളിലെ ചില ജയിലുകളിൽ പണ്ടുണ്ടായിരുന്ന ഒരു സമ്പ്രദായമാണ് ഈ ഖണ്ഡികയിൽ വിവരിച്ചിരിക്കുന്നത്.