പഠനലേഖനം 11
സ്നാനമേറ്റതിനു ശേഷവും “പുതിയ വ്യക്തിത്വം” ധരിക്കുന്നതിൽ തുടരുക
“പുതിയ വ്യക്തിത്വം ധരിക്കുക.”—കൊലോ. 3:10.
ഗീതം 49 യഹോവയുടെ ഹൃദയം സന്തോഷിപ്പിക്കാം
ചുരുക്കം a
1. നമ്മുടെ വ്യക്തിത്വത്തെ പ്രധാനമായും സ്വാധീനിക്കുന്നത് എന്താണ്?
നമ്മൾ സ്നാനമേറ്റത് ഒരുപക്ഷേ അടുത്ത കാലത്തായിരിക്കാം. അല്ലെങ്കിൽ വർഷങ്ങൾക്കു മുമ്പായിരിക്കാം. എന്തുതന്നെയായാലും യഹോവ ഇഷ്ടപ്പെടുന്ന രീതിയിലുള്ള ഒരു വ്യക്തിത്വമുണ്ടായിരിക്കാൻ നമ്മളെല്ലാം ആഗ്രഹിക്കുന്നുണ്ട്. അങ്ങനെയുള്ള ഒരു വ്യക്തിയായിരിക്കാൻ നമ്മൾ നമ്മുടെ ചിന്തയെ നിയന്ത്രിക്കേണ്ടതുണ്ട്. കാരണം നമ്മൾ എന്തു ചിന്തിക്കുന്നു എന്നത് നമ്മുടെ വ്യക്തിത്വത്തെ ആഴത്തിൽ സ്വാധീനിക്കുന്നുണ്ട്. സ്വന്തം ആഗ്രഹങ്ങൾ തൃപ്തിപ്പെടുത്തുന്നതിനെക്കുറിച്ചാണ് എപ്പോഴും ചിന്തിക്കുന്നതെങ്കിൽ നമ്മൾ പറയുകയോ പ്രവർത്തിക്കുകയോ ചെയ്യുന്നതു തെറ്റായ കാര്യങ്ങളായിരിക്കും. (എഫെ. 4:17-19) അതേസമയം നല്ല ചിന്തകൾകൊണ്ട് മനസ്സു നിറയ്ക്കുന്നെങ്കിൽ സാധ്യതയനുസരിച്ച് നമ്മുടെ സംസാരവും പ്രവൃത്തിയും യഹോവയ്ക്ക് ഇഷ്ടമുള്ള രീതിയിലായിരിക്കും.—ഗലാ. 5:16.
2. ഈ ലേഖനത്തിൽ നമ്മൾ എന്താണു പഠിക്കുന്നത്?
2 കഴിഞ്ഞ ലേഖനത്തിൽ പഠിച്ചതുപോലെ തെറ്റായ ചിന്തകൾ മനസ്സിലേക്കു വരുന്നതു പൂർണമായും തടയാൻ നമുക്ക് ആർക്കും കഴിയില്ല. എന്നാൽ ആ ചിന്തകൾക്കനുസരിച്ച് പ്രവർത്തിക്കേണ്ടാ എന്നു നമുക്കു തീരുമാനിക്കാനാകും. സ്നാനമേൽക്കുന്നതിനു മുമ്പുതന്നെ യഹോവയ്ക്ക് ഇഷ്ടമില്ലാത്ത സംസാരരീതിയും പ്രവർത്തനങ്ങളും നമ്മൾ ഒഴിവാക്കേണ്ടതുണ്ട്. പഴയ വ്യക്തിത്വം ഉരിഞ്ഞുകളയുന്നതിനുവേണ്ടി ആദ്യം ചെയ്യേണ്ടത് അതാണ്. അതു വളരെ പ്രധാനവുമാണ്. എന്നാൽ യഹോവയെ പൂർണമായി സന്തോഷിപ്പിക്കണമെങ്കിൽ “പുതിയ വ്യക്തിത്വം ധരിക്കുക” എന്ന കല്പനയും നമ്മൾ അനുസരിക്കണം. (കൊലോ. 3:10) ഈ ലേഖനത്തിൽ “പുതിയ വ്യക്തിത്വം” എന്താണെന്നും എങ്ങനെ നമുക്ക് അതു ധരിക്കാമെന്നും നമുക്ക് എങ്ങനെ പുതിയ വ്യക്തിത്വം ധരിക്കുന്നതിൽ തുടരാമെന്നും കാണും.
എന്താണു “പുതിയ വ്യക്തിത്വം?”?
3. (എ) “പുതിയ വ്യക്തിത്വം” ധരിക്കുക എന്നതിന്റെ അർഥം എന്താണ്? (ബി) ഒരാൾക്ക് എങ്ങനെ പുതിയ വ്യക്തിത്വം ധരിക്കാനാകും? (ഗലാത്യർ 5:22, 23)
3 “പുതിയ വ്യക്തിത്വം” ധരിക്കുന്ന ഒരു വ്യക്തി യഹോവയെ അനുകരിച്ചുകൊണ്ടായിരിക്കും ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നത്. അങ്ങനെയുള്ള ഒരാളുടെ ചിന്തകളിലും വികാരങ്ങളിലും പ്രവർത്തനങ്ങളിലും ദൈവാത്മാവിന്റെ ഫലം കാണാനാകും. (ഗലാത്യർ 5:22, 23 വായിക്കുക.) ഉദാഹരണത്തിന് ആ വ്യക്തിക്ക് യഹോവയോടും ദൈവജനത്തോടും സ്നേഹമുണ്ടായിരിക്കും. (മത്താ. 22:36-39) ബുദ്ധിമുട്ടുകളൊക്കെ സഹിക്കുമ്പോഴും അദ്ദേഹം സന്തോഷമുള്ളവനായിരിക്കും. (യാക്കോ. 1:2-4) കൂടാതെ സമാധാനം ഉണ്ടാക്കാനും അദ്ദേഹം ശ്രമിക്കും. (മത്താ. 5:9) മറ്റുള്ളവരുമായി ഇടപെടുമ്പോൾ അദ്ദേഹം ക്ഷമയും ദയയും കാണിക്കും. (കൊലോ. 3:12, 13) നന്മയെ ഇഷ്ടപ്പെടുന്ന, നന്മ ചെയ്യാൻ ആഗ്രഹിക്കുന്ന ആളായിരിക്കും അദ്ദേഹം. (ലൂക്കോ. 6:35) തന്റെ സ്വർഗീയപിതാവിൽ ശക്തമായ വിശ്വാസമുണ്ടെന്ന് അദ്ദേഹം പ്രവൃത്തിയിലൂടെ തെളിയിക്കും. (യാക്കോ. 2:18) ദേഷ്യംവരാവുന്ന രീതിയിൽ മറ്റുള്ളവർ പെരുമാറുമ്പോഴും അദ്ദേഹം സൗമ്യത കാണിക്കും. ഇനി, പ്രലോഭനങ്ങളുണ്ടാകുമ്പോൾ ആത്മനിയന്ത്രണം പാലിക്കും.—1 കൊരി. 9:25, 27; തീത്തോ. 3:2.
4. പുതിയ വ്യക്തിത്വം ധരിക്കാൻ ഗലാത്യർ 5:22, 23-ൽ പറഞ്ഞിരിക്കുന്ന ഏതെങ്കിലും ഒരു ഗുണം മാത്രം ഒരു സമയത്ത് കാണിച്ചാൽ മതിയോ? വിശദീകരിക്കുക.
4 പുതിയ വ്യക്തിത്വം ധരിക്കാൻ ഗലാത്യർ 5:22, 23-ലും അതുപോലെ ബൈബിളിന്റെ മറ്റു ഭാഗങ്ങളിലും പറഞ്ഞിരിക്കുന്ന എല്ലാ ഗുണങ്ങളും നമ്മൾ വളർത്തിയെടുക്കേണ്ടതുണ്ട്. b മാറിമാറി ഇടുന്ന വസ്ത്രങ്ങൾ പോലെയല്ല ഈ ഗുണങ്ങൾ. വാസ്തവത്തിൽ ഓരോ ഗുണത്തിനും മറ്റു ഗുണങ്ങളുമായി ബന്ധമുണ്ട്. നിങ്ങൾക്ക് ഒരാളോടു ശരിക്കും സ്നേഹമുണ്ടെങ്കിൽ നിങ്ങൾ അയാളോടു ദയയും ക്ഷമയും ഒക്കെ കാണിക്കും. ഇനി, ഒരു നല്ല വ്യക്തി അഥവാ നന്മയെ ഇഷ്ടപ്പെടുന്ന ഒരാൾ സൗമ്യതയും ആത്മനിയന്ത്രണവും കാണിക്കും.
നമുക്ക് എങ്ങനെ പുതിയ വ്യക്തിത്വം ധരിക്കാനാകും?
5. ‘ക്രിസ്തുവിന്റെ മനസ്സുണ്ടായിരിക്കുക’ എന്നു പറയുന്നതിന്റെ അർഥം എന്താണ്, യേശുവിന്റെ ജീവിതത്തെക്കുറിച്ച് നമ്മൾ നന്നായി പഠിക്കേണ്ടത് എന്തുകൊണ്ട്? (1 കൊരിന്ത്യർ 2:16)
5 1 കൊരിന്ത്യർ 2:16 വായിക്കുക. പുതിയ വ്യക്തിത്വം ധരിക്കാൻ നമുക്കു ‘ക്രിസ്തുവിന്റെ മനസ്സുണ്ടായിരിക്കണം.’ യേശു എങ്ങനെ ചിന്തിക്കുന്നെന്നു പഠിക്കുകയും യേശുവിനെ അനുകരിക്കുകയും വേണം. ദൈവാത്മാവിന്റെ ഫലം യേശു തന്റെ ജീവിതത്തിൽ അങ്ങനെതന്നെ കാണിച്ചു. യേശുവിന്റെ ചിന്തയും പ്രവർത്തനങ്ങളും ശരിക്കും യഹോവയുടേതുപോലെയായിരുന്നു. (എബ്രാ. 1:3) നമ്മൾ എത്രയധികമായി യേശുവിനെക്കുറിച്ച് ചിന്തിക്കുന്നോ അത്രയധികമായി നമുക്കു യേശുവിനെപ്പോലെ പ്രവർത്തിക്കാനാകും. യേശുവിന്റെ വ്യക്തിത്വം നമ്മുടെ ജീവിതത്തിൽ പ്രതിഫലിപ്പിക്കുന്നതിൽ നമ്മൾ വിജയിക്കുകയും ചെയ്യും.—ഫിലി. 2:5.
6. പുതിയ വ്യക്തിത്വം ധരിക്കാൻ ശ്രമിക്കുമ്പോൾ നമ്മൾ ഏതെല്ലാം കാര്യങ്ങൾ മനസ്സിൽപ്പിടിക്കണം?
6 യേശുവിന്റെ മാതൃക നമുക്കു ശരിക്കും അനുകരിക്കാനാകുമോ? നമ്മൾ ചിലപ്പോൾ ഇങ്ങനെ ചിന്തിച്ചേക്കാം: ‘യേശു പൂർണനായിരുന്നല്ലോ. എനിക്ക് എങ്ങനെ യേശുവിനെപ്പോലെയായിരിക്കാനാകും?’ നിങ്ങൾക്ക് അങ്ങനെ തോന്നുന്നെങ്കിൽ ഈ മൂന്നു കാര്യങ്ങൾ മനസ്സിൽപ്പിടിക്കുക: ഒന്നാമതായി, നമ്മളെ സൃഷ്ടിച്ചിരിക്കുന്നത് യഹോവയുടെയും യേശുവിന്റെയും ഛായയിലാണ്. അതുകൊണ്ട് ശ്രമിക്കുകയാണെങ്കിൽ ഒരു പരിധിവരെ അവരുടെ നല്ല ഗുണങ്ങൾ നമുക്കു ജീവിതത്തിൽ പകർത്താനാകും. (ഉൽപ. 1:26) രണ്ടാമതായി, പ്രപഞ്ചത്തിലെ ഏറ്റവും വലിയ ശക്തി ദൈവത്തിന്റെ പരിശുദ്ധാത്മാവാണ്. ആ ആത്മാവിന്റെ സഹായത്താൽ സ്വന്തം ശക്തികൊണ്ട് ഒരിക്കലും ചെയ്യാനാകാത്ത പലതും നിങ്ങൾക്കു ചെയ്യാനാകും. മൂന്നാമതായി, ദൈവാത്മാവിന്റെ ഫലം നമുക്ക് ഇന്നു നമ്മുടെ ജീവിതത്തിൽ പൂർണമായി കാണിക്കാനാകില്ലെന്ന് യഹോവയ്ക്ക് അറിയാം. വാസ്തവത്തിൽ ഭൂമിയിൽ ജീവിക്കാൻ പ്രത്യാശയുള്ള ആളുകൾക്കു പൂർണതയിൽ എത്തുന്നതിന് യഹോവ 1,000 വർഷമാണ് അനുവദിച്ചിരിക്കുന്നത്. (വെളി. 20:1-3) അതുകൊണ്ട് ഇക്കാര്യത്തിൽ നമ്മൾ നമ്മുടെ കഴിവിന്റെ പരമാവധി ശ്രമിക്കാനും സഹായത്തിനായി യഹോവയിൽ ആശ്രയിക്കാനും മാത്രമേ യഹോവ ഇന്നു നമ്മളോട് ആവശ്യപ്പെടുന്നുള്ളൂ.
7. അടുത്തതായി നമ്മൾ എന്താണു ചർച്ച ചെയ്യാൻപോകുന്നത്?
7 നമുക്ക് എങ്ങനെ യേശുവിനെ അനുകരിക്കാനാകും? ദൈവാത്മാവിന്റെ ഫലത്തിലെ നാലു ഗുണങ്ങളെക്കുറിച്ചും യേശു എങ്ങനെ തന്റെ ജീവിതത്തിൽ ആ ഗുണങ്ങൾ പകർത്തി എന്നതിനെക്കുറിച്ചും നമുക്കു നോക്കാം. ഒപ്പം പുതിയ വ്യക്തിത്വം ധരിക്കുന്നതിൽ നമുക്ക് എങ്ങനെ മെച്ചപ്പെടാമെന്നു മനസ്സിലാക്കാൻ സഹായിക്കുന്ന ചില ചോദ്യങ്ങളും നമ്മൾ ചർച്ച ചെയ്യും.
8. യേശു എങ്ങനെയാണു സ്നേഹം കാണിച്ചത്?
8 യേശു യഹോവയെ ഒരുപാടു സ്നേഹിച്ചു. അതുകൊണ്ട് യഹോവയ്ക്കുവേണ്ടിയും മറ്റുള്ളവർക്കുവേണ്ടിയും ത്യാഗങ്ങൾ ചെയ്യാൻ യേശു തയ്യാറായി. (യോഹ. 14:31; 15:13) ആളുകളെ താൻ എത്രമാത്രം സ്നേഹിക്കുന്നുണ്ടെന്നു ഭൂമിയിലായിരുന്നപ്പോൾ യേശു തന്റെ ജീവിതരീതിയിലൂടെ തെളിയിച്ചു. ഓരോ ദിവസവും യേശു ആളുകളോടു സ്നേഹത്തോടെ സംസാരിക്കുകയും അനുകമ്പ കാണിക്കുകയും ചെയ്തു. തന്നെ എതിർത്തവരോടുപോലും യേശു അങ്ങനെ ചെയ്തു. ഇനി, യേശു ദൈവരാജ്യത്തെക്കുറിച്ച് ആളുകളെ പഠിപ്പിച്ചു. അവരോടു സ്നേഹം കാണിച്ച ഒരു പ്രധാനവിധമായിരുന്നു അത്. (ലൂക്കോ. 4:43, 44) കൂടാതെ പാപികളുടെ കൈയാൽ കഷ്ടതകൾ സഹിച്ച് മരിക്കാൻ തയ്യാറായിക്കൊണ്ടും യേശു ദൈവത്തോടും ആളുകളോടും ഉള്ള ആത്മത്യാഗസ്നേഹം തെളിയിച്ചു. അതിലൂടെ നമുക്ക് എല്ലാവർക്കും നിത്യജീവൻ നേടാനുള്ള വഴി യേശു തുറന്നുതന്നു.
9. സ്നേഹം കാണിക്കുന്നതിൽ നമുക്ക് എങ്ങനെ യേശുവിനെ അനുകരിക്കാം?
9 യഹോവയോടു സ്നേഹമുള്ളതുകൊണ്ടാണു നമ്മൾ നമ്മളെത്തന്നെ ദൈവത്തിനു സമർപ്പിക്കുകയും സ്നാനമേൽക്കുകയും ചെയ്തത്. എന്നാൽ ദൈവത്തോടുള്ള സ്നേഹം തെളിയിക്കാൻ അതു മാത്രം പോരാ. നമ്മൾ ആളുകളോട് എങ്ങനെ ഇടപെടുന്നു എന്നതും പ്രധാനമാണ്. യേശുവിന്റെ ജീവിതം നമ്മളെ പഠിപ്പിക്കുന്നതും അതാണ്. അപ്പോസ്തലനായ യോഹന്നാൻ എഴുതി: “കാണുന്ന സഹോദരനെ സ്നേഹിക്കാത്തയാൾ കാണാത്ത ദൈവത്തെ എങ്ങനെ സ്നേഹിക്കും?” (1 യോഹ. 4:20) അതുകൊണ്ട് നമുക്കു നമ്മളോടുതന്നെ ഇങ്ങനെ ചോദിക്കാം: ‘എനിക്ക് ആളുകളോട് എത്രമാത്രം സ്നേഹമുണ്ട്? ആളുകൾ എന്നോടു മോശമായി പെരുമാറുമ്പോഴും ഞാൻ അവരോട് അനുകമ്പയോടെയാണോ ഇടപെടുന്നത്? യഹോവയെക്കുറിച്ച് ആളുകളെ പഠിപ്പിക്കാൻവേണ്ടി എന്റെ സമയവും വസ്തുവകകളും നൽകാൻ ഞാൻ തയ്യാറാകുന്നുണ്ടോ? മിക്കവരും എന്റെ ശ്രമത്തെ വിലമതിക്കാതിരിക്കുകയോ എന്നെ എതിർക്കുകയോ ചെയ്യുമ്പോൾപ്പോലും അങ്ങനെ ചെയ്യാൻ സ്നേഹം എന്നെ പ്രേരിപ്പിക്കുന്നുണ്ടോ? ശിഷ്യരാക്കൽവേലയിൽ കഴിയുന്നത്ര സമയം ചെലവഴിക്കാൻ ഞാൻ ശ്രമിക്കാറുണ്ടോ?’—എഫെ. 5:15, 16.
10. യേശു സമാധാനം ഉണ്ടാക്കുന്ന ആളായിരുന്നത് എങ്ങനെ?
10 യേശു സമാധാനം ഉണ്ടാക്കുന്ന ആളായിരുന്നു. ആളുകൾ മോശമായി പെരുമാറിയപ്പോഴും യേശു തിന്മയ്ക്കു പകരം തിന്മ ചെയ്തില്ല. എന്നാൽ അതു മാത്രമല്ല, മറ്റുള്ളവർക്കിടയിൽ പ്രശ്നങ്ങളുണ്ടായപ്പോൾ സമാധാനം ഉണ്ടാക്കാനായി യേശു മുൻകൈയെടുത്ത് പ്രവർത്തിച്ചു. ഉദാഹരണത്തിന്, തങ്ങളിൽ ആരാണു വലിയവൻ എന്നതിനെപ്പറ്റി അപ്പോസ്തലന്മാർക്കിടയിൽ തർക്കം ഉണ്ടായപ്പോൾ അതു പരിഹരിക്കാൻ യേശു അവരെ പല തവണ സഹായിച്ചു. (ലൂക്കോ. 9:46-48; 22:24-27) ഇനി, ആരെങ്കിലുമായി ഒരു പ്രശ്നമുണ്ടായാൽ അതു പരിഹരിക്കാൻ ആളുകളെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. യഹോവ തങ്ങളുടെ ആരാധന സ്വീകരിക്കണമെങ്കിൽ അവർ മറ്റുള്ളവരുമായി സമാധാനത്തിലായിരിക്കണമെന്നു യേശു പഠിപ്പിച്ചു.—മത്താ. 5:9, 23, 24.
11. നമുക്ക് എങ്ങനെ സമാധാനം ഉണ്ടാക്കുന്ന ഒരാളായിരിക്കാം?
11 സമാധാനം ഉണ്ടാക്കുന്ന ആളായിരിക്കാൻ നമ്മൾ വഴക്ക് ഉണ്ടാക്കാതിരുന്നാൽ മാത്രം പോരാ, മറ്റുള്ളവരുമായി സമാധാനത്തിലാകാൻ നമ്മൾ മുൻകൈയെടുത്ത് പ്രവർത്തിക്കണം. ഇനി, സഹോദരങ്ങൾക്കിടയിൽ എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ അതു പരിഹരിക്കാൻ അവരെ പ്രോത്സാഹിപ്പിക്കുകയും വേണം. (ഫിലി. 4:2, 3; യാക്കോ. 3:17, 18) നമുക്കു നമ്മളോടുതന്നെ ഇങ്ങനെ ചോദിക്കാം: ‘മറ്റുള്ളവരുമായി സമാധാനത്തിലാകാൻവേണ്ടി ഞാൻ എത്രത്തോളം ത്യാഗം ചെയ്യാൻ തയ്യാറാണ്? ഒരു സഹോദരനോ സഹോദരിയോ എന്നെ വേദനിപ്പിക്കുമ്പോൾ ഞാൻ നീരസം വെച്ചുകൊണ്ടിരിക്കാറുണ്ടോ? സമാധാനം സ്ഥാപിക്കുന്നതിനു മറ്റേയാൾ മുൻകൈയെടുക്കാൻവേണ്ടി ഞാൻ കാത്തിരിക്കുമോ? അതോ മറ്റേയാളാണു പ്രശ്നത്തിന്റെ കാരണക്കാരൻ എന്നു തോന്നിയാൽപ്പോലും ആ വ്യക്തിയുമായി സമാധാനത്തിലാകാൻ ഞാൻ ശ്രമിക്കുമോ? സഹോദരങ്ങൾക്കിടയിൽ എന്തെങ്കിലും പ്രശ്നം ഉണ്ടായതായി അറിഞ്ഞാൽ ഞാൻ എന്താണു ചെയ്യാറുള്ളത്? ഞാൻ അതെക്കുറിച്ച് അവരോടു സംസാരിക്കുന്നത് ഉചിതമാണെങ്കിൽ ആ പ്രശ്നം പരിഹരിക്കാനും വീണ്ടും സമാധാനത്തിലാകാനും ഞാൻ അവരെ പ്രോത്സാഹിപ്പിക്കാറുണ്ടോ?’
12. യേശു എങ്ങനെയാണു ദയ കാണിച്ചത്?
12 യേശു ദയയുള്ള ആളായിരുന്നു. (മത്താ. 11:28-30) ബുദ്ധിമുട്ടു നിറഞ്ഞ സാഹചര്യങ്ങളിൽപ്പോലും പരിഗണനയും വഴക്കവും ഉള്ളവനായിരുന്നുകൊണ്ട് യേശു ദയ കാണിച്ചു. ഉദാഹരണത്തിന്, ഒരു ഫൊയ്നിക്യക്കാരി യേശുവിനോടു തന്റെ മകളെ സുഖപ്പെടുത്തണേ എന്ന് അപേക്ഷിച്ചപ്പോൾ അവർ ആവശ്യപ്പെട്ട കാര്യം ചെയ്യാൻ ആദ്യം യേശു തയ്യാറായില്ലെങ്കിലും അവരുടെ ശക്തമായ വിശ്വാസം കണ്ടപ്പോൾ ദയയോടെ അവരുടെ മകളെ സുഖപ്പെടുത്തി. (മത്താ. 15:22-28) യേശു ദയയുള്ള ആളായിരുന്നെങ്കിലും ഉപദേശം നൽകേണ്ടപ്പോൾ അതു നൽകാതിരുന്നുമില്ല. ചില സന്ദർഭങ്ങളിൽ താൻ സ്നേഹിക്കുന്നവർക്കു വേണ്ട തിരുത്തൽ കൊടുത്തുകൊണ്ടാണ് യേശു ദയ കാണിച്ചത്. ഉദാഹരണത്തിന്, ഒരിക്കൽ യഹോവയുടെ ഇഷ്ടം ചെയ്യുന്നതിൽനിന്ന് യേശുവിനെ പിന്തിരിപ്പിക്കാൻ പത്രോസ് ശ്രമിച്ചു. യേശു അപ്പോൾ മറ്റു ശിഷ്യന്മാരുടെയെല്ലാം മുന്നിൽവെച്ച് പത്രോസിനെ ശാസിച്ചു. (മർക്കോ. 8:32, 33) യേശു അങ്ങനെ ചെയ്തത് പത്രോസിനെ നാണംകെടുത്താനായിരുന്നില്ല. പകരം അദ്ദേഹത്തെ പരിശീലിപ്പിക്കാനും എളിമയുള്ളവരായിരിക്കാൻ മറ്റു ശിഷ്യന്മാരെക്കൂടി പഠിപ്പിക്കാനും ആയിരുന്നു. യേശു അങ്ങനെ പറഞ്ഞപ്പോൾ പത്രോസിനു വിഷമം തോന്നി എന്നുള്ളതു ശരിയാണ്. എങ്കിലും ആ ഉപദേശത്തിൽനിന്ന് അദ്ദേഹം പ്രയോജനം നേടി.
13. നമുക്ക് എങ്ങനെ ഒരാളോടു ദയ കാണിക്കാം?
13 നമ്മൾ സ്നേഹിക്കുന്ന ഒരാളോടു ശരിക്കും ദയ കാണിക്കുന്നതിനു ചിലപ്പോൾ നമ്മൾ ആ വ്യക്തിക്കു ചില ഉപദേശങ്ങൾ കൊടുക്കേണ്ടിവന്നേക്കാം. അങ്ങനെ ചെയ്യുമ്പോൾ യേശുവിനെ അനുകരിക്കുക. നിങ്ങൾ നൽകുന്ന ഉപദേശം ദൈവവചനത്തെ അടിസ്ഥാനമാക്കിയുള്ളതാണെന്ന് ഉറപ്പുവരുത്തുക. സ്നേഹത്തോടെ അവരോടു സംസാരിക്കുക. അവർ നല്ലതു ചെയ്യാൻ ആഗ്രഹിക്കുന്നെന്നും യഹോവയെയും നമ്മളെയും സ്നേഹിക്കുന്നതുകൊണ്ട് നമ്മൾ ദയയോടെ നൽകുന്ന ഉപദേശം അവർ സ്വീകരിക്കുമെന്നും വിശ്വസിക്കുക. നിങ്ങളോടുതന്നെ ഈ ചോദ്യങ്ങൾ ചോദിക്കുക: ‘ഞാൻ സ്നേഹിക്കുന്ന ഒരാൾ തെറ്റായ ഒരു കാര്യം ചെയ്യുന്നതായി കാണുമ്പോൾ അതെക്കുറിച്ച് ആ വ്യക്തിയോടു തുറന്നു സംസാരിക്കാനുള്ള ധൈര്യം എനിക്കുണ്ടോ? ഇനി, ഒരു ഉപദേശം നൽകേണ്ടതുണ്ടെങ്കിൽ ഞാൻ എങ്ങനെയാണ് അതു പറയുന്നത്, ദയയോടെയാണോ അതോ ദേഷ്യത്തോടെയാണോ? ഉപദേശം കൊടുക്കാൻ എന്നെ പ്രേരിപ്പിക്കുന്നത് എന്താണ്? ഞാൻ അതു നൽകുന്നത് ആ വ്യക്തിയോടു ദേഷ്യം തോന്നിയിട്ടാണോ അതോ അദ്ദേഹത്തെ സഹായിക്കാനുള്ള ആഗ്രഹംകൊണ്ടാണോ?’
14. യേശു എങ്ങനെയാണു നന്മ ചെയ്യുന്നത്?
14 യേശുവിനു നന്മ എന്താണെന്ന് അറിയാമെന്നു മാത്രമല്ല, യേശു അതനുസരിച്ച് പ്രവർത്തിക്കുകയും ചെയ്യുന്നുണ്ട്. യേശു തന്റെ പിതാവിനെ സ്നേഹിക്കുന്നു, അതുകൊണ്ട് എപ്പോഴും മറ്റുള്ളവർക്കു നന്മ ചെയ്യുന്നു. അതു ചെയ്യുന്നതു നല്ല ഉദ്ദേശ്യത്തോടെയുമാണ്. ഒരു നല്ല മനുഷ്യൻ മറ്റുള്ളവരെ എങ്ങനെ സഹായിക്കാം, അവർക്ക് എങ്ങനെ നന്മ ചെയ്യാം എന്നൊക്കെ എപ്പോഴും ചിന്തിച്ചുകൊണ്ടിരിക്കും. ചെയ്യേണ്ട ശരിയായ കാര്യം എന്താണെന്ന് അറിഞ്ഞാൽ മാത്രം പോരാ. നമ്മൾ അതനുസരിച്ച് പ്രവർത്തിക്കുകയും വേണം. ഇനി, അതു ചെയ്യുന്നതു ശരിയായ ഉദ്ദേശ്യത്തോടെയുമായിരിക്കണം. എന്നാൽ തെറ്റായ ഉദ്ദേശ്യത്തോടെ ആർക്കെങ്കിലും നല്ല കാര്യങ്ങൾ ചെയ്യാൻ പറ്റുമോ എന്നു ചിലർ ചിന്തിച്ചേക്കാം. പറ്റുമെന്നാണു യേശുവിന്റെ വാക്കുകൾ സൂചിപ്പിക്കുന്നത്. ഉദാഹരണത്തിന് പാവപ്പെട്ടവർക്കു ദാനം ചെയ്യുന്നവരെ സംബന്ധിച്ച് യേശു പറഞ്ഞു. മറ്റുള്ളവരെ കാണിക്കാൻവേണ്ടിയായിരുന്നു അവർ അതു ചെയ്തിരുന്നത്. അവർ ചെയ്യുന്നതു നല്ല കാര്യമായിരുന്നെങ്കിലും അത് യഹോവയെ സന്തോഷിപ്പിക്കുമായിരുന്നില്ല.—മത്താ. 6:1-4.
15. മറ്റുള്ളവർക്കുവേണ്ടി നന്മ ചെയ്യുന്നതിൽ എന്താണ് ഉൾപ്പെടുന്നത്?
15 മറ്റുള്ളവർക്കുവേണ്ടി നന്മ ചെയ്യുക എന്നതിന്റെ അർഥം സ്വാർഥമായ ഉദ്ദേശ്യങ്ങളൊന്നും ഇല്ലാതെ അവർക്കുവേണ്ടി നല്ല കാര്യങ്ങൾ ചെയ്യുക എന്നാണ്. അതുകൊണ്ട് നമുക്കു നമ്മളോടുതന്നെ ഇങ്ങനെ ചോദിക്കാം: ‘ചെയ്യേണ്ട ശരിയായ കാര്യങ്ങൾ എന്താണെന്ന് എനിക്ക് അറിയാമെന്നേ ഉള്ളോ, അതോ അതു ചെയ്യാൻ ഞാൻ തയ്യാറാകുന്നുണ്ടോ? എന്ത് ഉദ്ദേശ്യത്തോടെയാണു ഞാൻ നല്ല കാര്യങ്ങൾ ചെയ്യുന്നത്?’
നമുക്ക് എങ്ങനെ നമ്മുടെ പുതിയ വ്യക്തിത്വം നല്ല നിലയിൽ സൂക്ഷിക്കാം?
16. നമ്മൾ ഓരോ ദിവസവും എന്തു ചെയ്യണം, എന്തുകൊണ്ട്?
16 ‘സ്നാനപ്പെട്ടപ്പോൾ പുതിയ വ്യക്തിത്വം ധരിച്ചുകഴിഞ്ഞു, ഇനി അക്കാര്യത്തിൽ ഒന്നും ചെയ്യേണ്ടതില്ല’ എന്ന് ഒരിക്കലും ചിന്തിക്കരുത്. പുതിയ വ്യക്തിത്വം മനോഹരമായ ഒരു ‘പുതിയ വസ്ത്രംപോലെയാണ്.’ നമ്മൾ അതു നല്ല നിലയിൽ സൂക്ഷിക്കേണ്ടതുണ്ട്. നമുക്ക് അതു ചെയ്യാനാകുന്ന ഒരു വിധം ഓരോ ദിവസവും ദൈവാത്മാവിന്റെ ഫലം നമ്മുടെ ജീവിതത്തിൽ പകർത്തുക എന്നതാണ്. കാരണം യഹോവ എപ്പോഴും പ്രവർത്തിക്കുന്ന ദൈവമാണ്. ഇനി, ദൈവത്തിന്റെ ആത്മാവും പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ശക്തിയാണ്. (ഉൽപ. 1:2) അതിന്റെ അർഥം ദൈവാത്മാവിന്റെ ഫലത്തിലെ ഓരോ ഗുണവും നമ്മുടെ പ്രവൃത്തിയിൽ കാണണം എന്നാണ്. ഉദാഹരണത്തിന് ശിഷ്യനായ യാക്കോബ് എഴുതി: ‘പ്രവൃത്തിയില്ലാത്ത വിശ്വാസം ചത്തതാണ്.’ (യാക്കോ. 2:26) വിശ്വാസത്തിന്റെ കാര്യത്തിൽ മാത്രമല്ല ദൈവാത്മാവിന്റെ ഫലത്തിലെ മറ്റു ഗുണങ്ങളുടെ കാര്യത്തിലും അതു ശരിയാണ്. ഓരോ തവണ ഈ ഗുണങ്ങൾ ജീവിതത്തിൽ പകർത്തുമ്പോഴും യഹോവയുടെ ആത്മാവ് നമ്മളിൽ പ്രവർത്തിക്കുന്നു എന്നു തെളിയിക്കുകയായിരിക്കും.
17. ദൈവാത്മാവിന്റെ ഫലത്തിലെ ഗുണങ്ങൾ ജീവിതത്തിൽ പകർത്താൻ പരാജയപ്പെട്ടാൽ നമ്മൾ എന്തു ചെയ്യണം?
17 സ്നാനമേറ്റ് വർഷങ്ങളായാൽപ്പോലും ദൈവികഗുണങ്ങൾ ജീവിതത്തിൽ പകർത്തുന്ന കാര്യത്തിൽ നമ്മൾ ചിലപ്പോൾ പരാജയപ്പെട്ടേക്കാം. അങ്ങനെ സംഭവിച്ചാലും നമ്മൾ ശ്രമം തുടരണം, അതാണു പ്രധാനം. അതു മനസ്സിലാക്കാൻ നമുക്ക് ഒരു ദൃഷ്ടാന്തം നോക്കാം. നിങ്ങൾക്കു വളരെ ഇഷ്ടപ്പെട്ട ഒരു വസ്ത്രം അൽപ്പം കീറിയെന്നു വിചാരിക്കുക. നിങ്ങൾ എന്തു ചെയ്യും? ഉടനെ അത് ഉപേക്ഷിച്ചുകളയുമോ? ഇല്ല അല്ലേ? സാധ്യതയനുസരിച്ച് ആ കീറിയ ഭാഗം എങ്ങനെയും തയ്ച്ച് ശരിയാക്കാൻ നോക്കും. പിന്നീട് അങ്ങോട്ട് വളരെ സൂക്ഷിച്ചായിരിക്കും നിങ്ങൾ അത് ഉപയോഗിക്കുന്നത്. അതുപോലെ എപ്പോഴെങ്കിലും മറ്റുള്ളവരോടു ദയയോ ക്ഷമയോ സ്നേഹമോ കാണിക്കാൻ കഴിഞ്ഞില്ലെങ്കിലും നിരുത്സാഹിതരാകരുത്. ആത്മാർഥമായി ഒന്നു ക്ഷമ ചോദിച്ചാൽ മതിയാകും വീണ്ടും ആ പഴയബന്ധത്തിലേക്കു തിരിച്ചുവരാൻ. ഒപ്പം, വീണ്ടും ആ തെറ്റ് ആവർത്തിക്കാതിരിക്കാൻ ശ്രമിക്കുകയും ചെയ്യുക.
18. ഏതു കാര്യത്തിൽ നമുക്ക് ഉറപ്പുണ്ടായിരിക്കാം?
18 യേശു നമുക്കായി നല്ലൊരു മാതൃകവെച്ചതിൽ നമുക്ക് എത്ര നന്ദിയുള്ളവരായിരിക്കാം! യേശു ചിന്തിച്ചതുപോലെ ചിന്തിക്കാൻ നമ്മൾ ശ്രമിക്കുന്നെങ്കിൽ യേശു പ്രവർത്തിച്ചതുപോലെ പ്രവർത്തിക്കാനും നമുക്ക് എളുപ്പമായിരിക്കും. എത്രയധികമായി അങ്ങനെ ചെയ്യുന്നോ അത്രയധികമായി നമ്മുടെ പുതിയ വ്യക്തിത്വം മെച്ചപ്പെടുത്താനാകും. ദൈവാത്മാവിന്റെ ഫലത്തിലെ നാലു ഗുണങ്ങളെക്കുറിച്ച് മാത്രമേ ഈ ലേഖനത്തിൽ നമ്മൾ ചർച്ച ചെയ്തുള്ളൂ. ബാക്കി ഗുണങ്ങളെക്കുറിച്ചുകൂടി പഠിക്കാനും നമ്മൾ ആ ഗുണങ്ങൾ ജീവിതത്തിൽ എങ്ങനെ പകർത്തുന്നെന്നു ചിന്തിക്കാനും അൽപ്പം സമയം മാറ്റിവെക്കാനാകുമോ? ഈ വിഷയത്തെക്കുറിച്ചുള്ള കൂടുതൽ ലേഖനങ്ങൾക്കായി യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായിയിലെ “ക്രിസ്തീയജീവിതം” എന്ന തലക്കെട്ടിനു കീഴിലുള്ള “ആത്മാവിന്റെ ഫലം” എന്ന ഭാഗത്ത് നോക്കുക. പുതിയ വ്യക്തിത്വം ധരിക്കാനും അതു നിലനിറുത്താനും നിങ്ങൾ ശ്രമിക്കുന്നെങ്കിൽ യഹോവ ഉറപ്പായും നിങ്ങളെ സഹായിക്കും.
ഗീതം 127 ഞാൻ എങ്ങനെയുള്ള ആളായിരിക്കണം
a നമ്മുടെ പശ്ചാത്തലം എന്തുതന്നെയായാലും നമുക്കു ‘പുതിയ വ്യക്തിത്വം ധരിക്കാനാകും.’ അതിനുവേണ്ടി നമ്മൾ തുടർന്നും ചിന്താരീതിയിൽ മാറ്റങ്ങൾ വരുത്തിക്കൊണ്ടിരിക്കണം. യേശുവിനെപ്പോലെയായിരിക്കാൻ നമ്മൾ ശ്രമിക്കണം. യേശു എങ്ങനെയൊക്കെയാണു ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്തത് എന്നതിന്റെ ചില ഉദാഹരണങ്ങൾ ഈ ലേഖനത്തിൽ നമ്മൾ പഠിക്കും. സ്നാനമേറ്റതിനു ശേഷവും നമുക്ക് എങ്ങനെ യേശുവിനെ അനുകരിക്കുന്നതിൽ തുടരാമെന്നും നമ്മൾ കാണും.
b ദൈവാത്മാവിന്റെ സഹായത്താൽ നമുക്കു വളർത്തിയെടുക്കാൻ കഴിയുന്ന എല്ലാ ഗുണങ്ങളെക്കുറിച്ചും ഗലാത്യർ 5:22, 23-ൽ പറഞ്ഞിട്ടില്ല. ഇതെക്കുറിച്ച് കൂടുതൽ അറിയാൻ 2020 ജൂൺ ലക്കം വീക്ഷാഗോപുരത്തിലെ “വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ” കാണുക.