പഠനലേഖനം 4
സ്മാരകാചരണത്തിനായി നമ്മൾ കൂടിവരുന്നതിന്റെ കാരണം
“എന്റെ ഓർമയ്ക്കുവേണ്ടി ഇതു തുടർന്നും ചെയ്യുക.”—ലൂക്കോ. 22:19.
ഗീതം 20 അങ്ങ് പ്രിയമകനെ നൽകി
ചുരുക്കം a
1-2. (എ) മരിച്ചുപോയ പ്രിയപ്പെട്ടവരെ നമ്മൾ കൂടുതലായി ഓർക്കുന്നത് എപ്പോഴാണ്? (ബി) തന്റെ മരണത്തിനു തൊട്ടുമുമ്പുള്ള രാത്രിയിൽ യേശു എന്ത് ഏർപ്പെടുത്തി?
നമ്മുടെ പ്രിയപ്പെട്ടവർ മരിച്ചിട്ട് എത്ര കാലമായാലും അവരെക്കുറിച്ചുള്ള ഓർമ ഇടയ്ക്കിടെ നമ്മുടെ മനസ്സിലേക്കു വരും, പ്രത്യേകിച്ച് ഓരോ വർഷവും അവർ മരിച്ച ആ ദിവസം എത്തുമ്പോൾ.
2 യേശുവിനെ നമ്മൾ ഒരുപാടു സ്നേഹിക്കുന്നു. അതുകൊണ്ട് ഓരോ വർഷവും ലോകമെങ്ങുമുള്ള ലക്ഷക്കണക്കിന് ആളുകളോടൊപ്പം യേശുവിന്റെ മരണത്തിന്റെ ഓർമ ആചരിക്കാനായി നമ്മൾ കൂടിവരാറുണ്ട്. (1 പത്രോ. 1:8) യേശു തന്റെ ജീവൻ ഒരു മോചനവിലയായി നൽകിയതുകൊണ്ടാണു പാപത്തിൽനിന്നും മരണത്തിൽനിന്നും നമുക്കു വിടുതൽ സാധ്യമായത്. (മത്താ. 20:28) ഇനി, തന്റെ അനുഗാമികൾ തന്റെ മരണം ഓർക്കണമെന്നുള്ളതു യേശുവിന്റെ ആഗ്രഹമായിരുന്നു. തന്റെ മരണത്തിനു തൊട്ടുമുമ്പുള്ള രാത്രിയിൽ യേശു ഒരു പ്രത്യേകാചരണം ഏർപ്പെടുത്തി. എന്നിട്ട്, “എന്റെ ഓർമയ്ക്കുവേണ്ടി ഇതു തുടർന്നും ചെയ്യുക” എന്നു കല്പിച്ചു.—ലൂക്കോ. 22:19.
3. ഈ ലേഖനത്തിൽ നമ്മൾ എന്താണു പഠിക്കുന്നത്?
3 യേശുവിന്റെ മരണത്തിന്റെ സ്മാരകം ആചരിക്കാനായി കൂടിവരുന്നവരിൽ കുറച്ച് പേർ സ്വർഗത്തിൽ പോകാൻ പ്രത്യാശയുള്ളവരാണ്. എന്നാൽ ഭൂമിയിൽ ജീവിക്കാൻ പ്രത്യാശയുള്ള ലക്ഷക്കണക്കിന് ആളുകളും ഈ ആചരണത്തിനായി അവരോടൊപ്പം ചേരുന്നു. ഓരോ വർഷവും സ്മാരകം ആചരിക്കാനായി ഈ രണ്ടു കൂട്ടരും കൂടിവരുന്നതിന്റെ കാരണത്തെക്കുറിച്ച് നമ്മൾ ഈ ലേഖനത്തിൽ പഠിക്കും. അതിലൂടെ നമുക്കു കിട്ടുന്ന പ്രയോജനങ്ങൾ എന്താണെന്നും നമ്മൾ കാണും. അഭിഷിക്തർ എന്തുകൊണ്ടാണു സ്മാരകത്തിനു കൂടിവരുന്നതെന്നു നമുക്ക് ആദ്യം നോക്കാം.
അഭിഷിക്തർ കൂടിവരുന്നതിന്റെ കാരണങ്ങൾ
4. അഭിഷിക്തർ സ്മാരകത്തിന് അപ്പവും വീഞ്ഞും കഴിക്കുന്നത് എന്തുകൊണ്ട്?
4 ഓരോ വർഷവും സ്മാരകം ആചരിക്കാനായി അഭിഷിക്തർ ആകാംക്ഷയോടെ കാത്തിരിക്കുന്നു. അങ്ങനെ കൂടിവരുമ്പോൾ അവർ സ്മാരകചിഹ്നങ്ങളായ അപ്പവും വീഞ്ഞും കഴിക്കുന്നു. എന്തുകൊണ്ടാണ് അവർ അങ്ങനെ ചെയ്യുന്നതെന്നു മനസ്സിലാക്കാൻ യേശുവിന്റെ അവസാനരാത്രിയിലെ സംഭവങ്ങൾ നമുക്കു നോക്കാം. പെസഹ കഴിച്ചശേഷം ‘കർത്താവിന്റെ അത്താഴം’ എന്നു പിന്നീട് അറിയപ്പെട്ട ഒരു ആചരണം യേശു ഏർപ്പെടുത്തി. യേശു അപ്പവും വീഞ്ഞും എടുത്ത് വിശ്വസ്തരായ തന്റെ 11 അപ്പോസ്തലന്മാർക്കു കൊടുത്തിട്ട് അതിൽനിന്ന് കഴിക്കാൻ പറഞ്ഞു. യേശു അപ്പോൾ അവരോടു രണ്ട് ഉടമ്പടികളെക്കുറിച്ച് പറഞ്ഞു—പുതിയ ഉടമ്പടിയും രാജ്യത്തിനായുള്ള ഉടമ്പടിയും. b (ലൂക്കോ. 22:19, 20, 28-30) ഈ ഉടമ്പടികൾ ആ അപ്പോസ്തലന്മാർക്കും മറ്റു കുറച്ച് പേർക്കും സ്വർഗത്തിൽ രാജാക്കന്മാരും പുരോഹിതന്മാരും ആയിരിക്കാനുള്ള അവസരം നൽകി. (വെളി. 5:10; 14:1) ആ രണ്ട് ഉടമ്പടികളുടെ ഭാഗമായ അഭിഷിക്തരിൽ ബാക്കിയുള്ളവർക്കു c മാത്രമേ സ്മാരകാചരണത്തിന്റെ സമയത്ത് അപ്പവും വീഞ്ഞും കഴിക്കാനാകുകയുള്ളൂ.
5. തങ്ങളുടെ പ്രത്യാശയെക്കുറിച്ച് അഭിഷിക്തർക്ക് എന്ത് അറിയാം?
5 അഭിഷിക്തർ സ്മാരകം ആചരിക്കാൻ ആഗ്രഹിക്കുന്നതിന്റെ മറ്റൊരു കാരണം ഇതാണ്: തങ്ങളുടെ പ്രത്യാശയെക്കുറിച്ച് ചിന്തിക്കാനുള്ള ഒരു അവസരം അവർക്ക് അപ്പോൾ കിട്ടുന്നു. യഹോവ അവർക്കു നൽകിയിരിക്കുന്നതു വളരെ മഹത്തായ ഒരു പ്രത്യാശതന്നെയാണ്. സ്വർഗത്തിൽ അവർക്ക് അമർത്യമായ ജീവനും ഒരിക്കലും നശിക്കാത്ത ശരീരവും കിട്ടും. രാജാവായ യേശുക്രിസ്തുവിന്റെയും 1,44,000-ത്തിൽപ്പെട്ട ബാക്കിയുള്ളവരുടെയും കൂടെ സേവിക്കാൻ അവർക്കാകും. ഇനി, ഏറ്റവും പ്രധാനമായി സ്വന്തം കണ്ണുകൊണ്ട് യഹോവയെ കാണാനുള്ള അവസരവും അവർക്കുണ്ടായിരിക്കും! (1 കൊരി. 15:51-53; 1 യോഹ. 3:2) ഇത്തരം വലിയ അനുഗ്രഹങ്ങളാണു സ്വർഗത്തിൽ തങ്ങൾക്കു ലഭിക്കാനിരിക്കുന്നതെന്ന് അഭിഷിക്തർക്ക് അറിയാം. എങ്കിലും അതു കിട്ടണമെങ്കിൽ മരണംവരെ അവർ വിശ്വസ്തരായിരിക്കണം. (2 തിമൊ. 4:7, 8) സ്വർഗത്തിൽ തങ്ങൾക്കു കിട്ടാനിരിക്കുന്ന പ്രതിഫലത്തെക്കുറിച്ച് ചിന്തിക്കുന്നത് അവർക്ക് ഒരുപാടു സന്തോഷം നൽകുന്നു. (തീത്തോ. 2:13) എന്നാൽ ‘വേറെ ആടുകൾ’ എന്തിനാണു സ്മാരകത്തിനു കൂടിവരുന്നത്? (യോഹ. 10:16) അതിന്റെ ചില കാരണങ്ങളെക്കുറിച്ച് നമുക്ക് ഇപ്പോൾ നോക്കാം.
വേറെ ആടുകൾ കൂടിവരുന്നതിന്റെ കാരണങ്ങൾ
6. വേറെ ആടുകളിൽപ്പെട്ടവർ സ്മാരകാചരണത്തിനു കൂടിവരുന്നത് എന്തുകൊണ്ട്?
6 വേറെ ആടുകളിൽപ്പെട്ടവർ സ്മാരകത്തിനായി കൂടിവരുമ്പോൾ അപ്പവും വീഞ്ഞും കഴിക്കില്ല, പകരം കാഴ്ചക്കാരായിട്ടാണ് അവർ അവിടെ വരുന്നത്. ആദ്യമായി 1938-ലാണ്, ഭൂമിയിൽ ജീവിക്കാൻ പ്രത്യാശയുള്ളവരെ സ്മാരകാചരണത്തിനു കൂടിവരാൻ പ്രത്യേകമായി ക്ഷണിച്ചത്. 1938 മാർച്ച് 1 ലക്കം വീക്ഷാഗോപുരം (ഇംഗ്ലീഷ്) ഇങ്ങനെ പറഞ്ഞു: “(വേറെ ആടുകളിൽപ്പെട്ടവർ) ഇങ്ങനെയൊരു യോഗത്തിനു വരുകയും അവിടെ നടക്കുന്നതു കാണുകയും ചെയ്യുന്നതു തികച്ചും ഉചിതമാണ്. . . . അത് അവർക്കും സന്തോഷിക്കാനുള്ള ഒരു സമയമാണ്, അങ്ങനെയായിരിക്കുകയും വേണം.” കാഴ്ചക്കാരായി വിവാഹച്ചടങ്ങിൽ സംബന്ധിക്കുമ്പോൾ അതിഥികൾ സന്തോഷിക്കുന്നതുപോലെ സ്മാരകാചരണത്തിനു കാഴ്ചക്കാരായി കൂടിവരാനാകുന്നതിൽ വേറെ ആടുകളും സന്തോഷിക്കുന്നു.
7. സ്മാരകപ്രസംഗം കേൾക്കാൻ വേറെ ആടുകൾ ആകാംക്ഷയോടെ കാത്തിരിക്കുന്നത് എന്തുകൊണ്ട്?
7 വേറെ ആടുകളും ആ സമയത്ത് തങ്ങളുടെ പ്രത്യാശയെക്കുറിച്ച് ചിന്തിക്കുന്നു. സ്മാരകപ്രസംഗം കേൾക്കാൻ അവർ ആകാംക്ഷയുള്ളവരാണ്. ആയിരം വർഷത്തെ ഭരണസമയത്ത് ക്രിസ്തുവും 1,44,000 സഹഭരണാധിപന്മാരും ചേർന്ന് വിശ്വസ്തരായ മനുഷ്യർക്കുവേണ്ടി ചെയ്യാൻപോകുന്ന കാര്യങ്ങളെക്കുറിച്ചാണ് അതിൽ പ്രധാനമായും വിശദീകരിക്കുന്നത്. രാജാവായ യേശുക്രിസ്തുവിന്റെ നേതൃത്വത്തിൻകീഴിൽ ആ സ്വർഗീയ ഭരണാധികാരികൾ ഭൂമിയെ ഒരു പറുദീസയാക്കി മാറ്റും. കൂടാതെ, അനുസരണമുള്ള മനുഷ്യരെ പൂർണരാകാൻ സഹായിക്കുകയും ചെയ്യും. യശയ്യ 35:5, 6; 65:21-23; പോലുള്ള വാക്യങ്ങളിലെ ബൈബിൾപ്രവചനങ്ങൾ അപ്പോൾ നിറവേറും. അതെല്ലാം ഭാവനയിൽ കാണുന്നതു സ്മാരകാചരണത്തിനു കൂടിവരുന്ന വേറെ ആടുകളിൽപ്പെട്ടവർക്ക് ഒരുപാടു സന്തോഷം നൽകുന്നു. തങ്ങളുടെ പ്രിയപ്പെട്ടവരോടൊപ്പം ആ പുതിയ ലോകത്തിൽ കഴിയുന്നതിനെക്കുറിച്ച് ചിന്തിക്കുന്നത് അവരുടെ പ്രത്യാശയും എന്നെന്നും യഹോവയെ സേവിക്കാനുള്ള ആഗ്രഹവും ശക്തമാക്കും.— വെളിപാട് 21:3, 4മത്താ. 24:13; ഗലാ. 6:9.
8. വേറെ ആടുകൾ സ്മാരകത്തിനു കൂടിവരുന്നതിന്റെ മറ്റൊരു കാരണം എന്താണ്?
8 വേറെ ആടുകൾ സ്മാരകത്തിനു കൂടിവരുന്നതിന്റെ മറ്റൊരു കാരണം ഇതാണ്: അഭിഷിക്ത ക്രിസ്ത്യാനികളെ തങ്ങൾ സ്നേഹിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്നെന്നു കാണിക്കാൻ അവർ ആഗ്രഹിക്കുന്നു. അഭിഷിക്തരും ഭൂമിയിൽ താമസിക്കാൻ പ്രത്യാശയുള്ളവരും തമ്മിൽ ഒരു അടുത്ത ബന്ധമുണ്ടായിരിക്കുമെന്നു ബൈബിൾ മുൻകൂട്ടിപ്പറഞ്ഞിട്ടുണ്ട്. അതിന്റെ ചില ഉദാഹരണങ്ങൾ നമുക്ക് ഇപ്പോൾ നോക്കാം.
9. സെഖര്യ 8:23-ലെ പ്രവചനത്തിൽനിന്നും വേറെ ആടുകളും അഭിഷിക്ത സഹോദരങ്ങളും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് നമുക്ക് എന്തു മനസ്സിലാക്കാം?
9 സെഖര്യ 8:23 വായിക്കുക. വേറെ ആടുകൾ അഭിഷിക്തരായ സഹോദരീസഹോദരന്മാരെ എങ്ങനെ കാണുന്നു എന്നതിന്റെ മനോഹരമായ ഒരു വർണനയാണ് ഈ പ്രവചനത്തിലുള്ളത്. അവിടെ ‘ഒരു ജൂതൻ’ എന്നും “നിങ്ങളുടെ” എന്നും പറഞ്ഞിരിക്കുന്നത് ഒരേ കൂട്ടത്തെക്കുറിച്ചുതന്നെയാണ്—അഭിഷിക്തരിൽ ബാക്കിയുള്ളവരെക്കുറിച്ച്. (റോമ. 2:28, 29) “എല്ലാ ഭാഷക്കാരിൽനിന്നുമുള്ള പത്തു പേർ” വേറെ ആടുകളെയാണു കുറിക്കുന്നത്. ശുദ്ധാരാധനയിൽ അഭിഷിക്തരുടെകൂടെ വിശ്വസ്തമായി ചേർന്നുനിന്നുകൊണ്ടാണ് അവർ ജൂതന്റെ വസ്ത്രത്തിൽ ‘മുറുകെ പിടിക്കുന്നത്.’ അതുകൊണ്ട് സ്മാരകം ആചരിക്കാനായി വേറെ ആടുകൾ അഭിഷിക്തരോടൊപ്പം കൂടിവരുമ്പോൾ അവരോടുള്ള അടുപ്പം തെളിയിക്കുകയാണ്.
10. യഹസ്കേൽ 37:15-19, 24, 25-ൽ പറഞ്ഞിരുന്നതുപോലെ യഹോവ ഇന്ന് എന്തു ചെയ്തിരിക്കുന്നു?
10 യഹസ്കേൽ 37:15-19, 24, 25 വായിക്കുക. ഈ പ്രവചനത്തിൽ മുൻകൂട്ടിപ്പറഞ്ഞ കാര്യങ്ങൾ യഹോവ ഇന്നു നിറവേറ്റിയിരിക്കുന്നു. ഇന്ന് അഭിഷിക്തരും വേറെ ആടുകളും ഐക്യത്തോടെ ഒരുമിച്ച് പ്രവർത്തിക്കുന്നതു നമുക്കു കാണാം. ആ പ്രവചനത്തിൽ രണ്ടു വടികളെക്കുറിച്ച് പറഞ്ഞിരുന്നു. സ്വർഗത്തിൽ ജീവിക്കാൻ പ്രത്യാശയുള്ളവരെ “യഹൂദയ്ക്ക്” എന്ന് എഴുതിയ വടി ചിത്രീകരിച്ചു. (ആ ഗോത്രത്തിൽനിന്നാണ് ഇസ്രായേൽരാജാക്കന്മാരെ തിരഞ്ഞെടുത്തിരുന്നത്.) “എഫ്രയീമിന്റെ വടി” അർഥമാക്കിയതു ഭൂമിയിൽ ജീവിക്കാൻ പ്രത്യാശയുള്ളവരെയാണ്. d അവ രണ്ടും “ഒറ്റ വടി” ആയിത്തീരേണ്ടതിന് യഹോവ ആ രണ്ടു കൂട്ടത്തെയും ഒന്നിപ്പിക്കുമായിരുന്നു. അതിന്റെ അർഥം ആ രണ്ടു കൂട്ടവും ഒറ്റ രാജാവിന്റെ കീഴിൽ, അതായത് യേശുക്രിസ്തുവിന്റെ കീഴിൽ, ഐക്യത്തോടെ യഹോവയെ സേവിക്കുമെന്നാണ്. ഓരോ വർഷവും അഭിഷിക്തരും വേറെ ആടുകളും രണ്ടു കൂട്ടമായിട്ടല്ല, ‘ഒരു ഇടയന്റെ’ കീഴിൽ ‘ഒറ്റ ആട്ടിൻകൂട്ടമായി’ സ്മാരകാചരണത്തിനു കൂടിവരുന്നു.—യോഹ. 10:16.
11. മത്തായി 25:31-36, 40-ൽ പറഞ്ഞിരിക്കുന്ന ‘ചെമ്മരിയാടുകൾ’ ഇന്ന് ക്രിസ്തുവിന്റെ അഭിഷിക്ത സഹോദരന്മാരെ പ്രധാനമായും പിന്തുണയ്ക്കുന്നത് എങ്ങനെയാണ്?
11 മത്തായി 25:31-36, 40 വായിക്കുക. ഈ ഉപമയിൽ യേശു ‘ചെമ്മരിയാടുകളെക്കുറിച്ച്’ പറഞ്ഞു. ലോകാവസാനകാലത്ത് ഇവിടെയുണ്ടായിരിക്കുന്ന, ഭൂമിയിൽ ജീവിക്കാൻ പ്രത്യാശയുള്ള നീതിമാന്മാരായ ആളുകളാണ് അവർ, അതായത് ഇന്നു ജീവിച്ചിരിക്കുന്ന വേറെ ആടുകളിൽപ്പെട്ടവർ. അവർ ഇന്നു ക്രിസ്തുവിന്റെ അഭിഷിക്ത സഹോദരന്മാരിൽ ബാക്കിയുള്ളവരെ വിശ്വസ്തമായി പിന്തുണയ്ക്കുന്നു. ലോകമെങ്ങും സന്തോഷവാർത്ത അറിയിക്കാനും ആളുകളെ ശിഷ്യരാക്കാനും ഉള്ള ആ വലിയ ഉത്തരവാദിത്വം നിറവേറ്റാൻ ക്രിസ്തുവിന്റെ അഭിഷിക്തസഹോദരന്മാരെ സഹായിച്ചുകൊണ്ടാണ് അവർ പ്രധാനമായും അതു ചെയ്യുന്നത്.—മത്താ. 24:14; 28:19, 20.
12-13. വേറെ ആടുകൾ ക്രിസ്തുവിന്റെ സഹോദരന്മാരെ സഹായിക്കുന്ന മറ്റു ചില വിധങ്ങൾ ഏതൊക്കെയാണ്?
12 ഓരോ വർഷവും സ്മാരകത്തിനു മുമ്പുള്ള ആഴ്ചകളിൽ താത്പര്യക്കാരെ സ്മാരകത്തിനു ക്ഷണിക്കുന്ന ഒരു പ്രചാരണപരിപാടി ലോകമെങ്ങുമായി നടത്താറുണ്ട്. ഈ പരിപാടിയിൽ തങ്ങളുടെ പരമാവധി ഉൾപ്പെട്ടുകൊണ്ട് വേറെ ആടുകൾ ക്രിസ്തുവിന്റെ സഹോദരന്മാരെ പിന്തുണയ്ക്കുന്നു. (“ സ്മാരകകാലത്തെ പ്രവർത്തനങ്ങൾക്കായി നിങ്ങൾ ഒരുങ്ങിയോ?” എന്ന ചതുരം കാണുക.) ലോകത്തെ മിക്ക സഭകളിലും അഭിഷിക്ത സഹോദരന്മാർ ഇല്ലെങ്കിലും എല്ലാ സഭകളിലും സ്മാരകം ആചരിക്കാൻ വേണ്ട ക്രമീകരണങ്ങൾ ചെയ്തുകൊണ്ടും അവർ ക്രിസ്തുവിന്റെ സഹോദരന്മാരെ പിന്തുണയ്ക്കുന്നു. വളരെ സന്തോഷത്തോടെയാണ് അവർ ഈ വിധങ്ങളിലെല്ലാം അഭിഷിക്ത സഹോദരങ്ങളെ പിന്തുണയ്ക്കുന്നത്. കാരണം ക്രിസ്തുവിന്റെ സഹോദരന്മാരെ സഹായിക്കാനായി ചെയ്യുന്ന ഓരോ കാര്യവും തനിക്കുവേണ്ടി ചെയ്യുന്നതായി യേശു കണക്കാക്കുമെന്നു ചെമ്മരിയാടുകളിൽപ്പെട്ടവർക്ക് ഉറപ്പുണ്ട്.—മത്താ. 25:37-40.
13 നമ്മുടെ പ്രത്യാശ എന്തുതന്നെയായാലും നമ്മൾ എല്ലാവരും സ്മാരകം ആചരിക്കാൻ കൂടിവരുന്നതിനു വേറെയും കാരണങ്ങളുണ്ട്. അവ എന്താണെന്ന് ഇനി നോക്കാം.
നമ്മളെല്ലാവരും കൂടിവരുന്നതിന്റെ കാരണങ്ങൾ
14. യഹോവയും യേശുവും നമ്മളോടു വലിയ സ്നേഹം കാണിച്ചത് എങ്ങനെ?
14 യഹോവയും യേശുവും കാണിച്ച സ്നേഹത്തിനു നമ്മൾ നന്ദിയുള്ളവരാണ്. യഹോവ പല വിധങ്ങളിൽ നമ്മളോടു സ്നേഹം കാണിച്ചിട്ടുണ്ട്. അതിൽ ഏറ്റവും വലുത്, നമുക്കുവേണ്ടി പ്രിയ മകനെ നൽകിയതാണ്. കഷ്ടപ്പാടുകൾ സഹിച്ച് മരിക്കാൻ തന്റെ മകനെ അയച്ചതിലൂടെ യഹോവ നമ്മളോടു നിസ്സ്വാർഥസ്നേഹം കാണിക്കുകയായിരുന്നു. (യോഹ. 3:16) ഇനി, സ്വന്തം ജീവൻ തരാൻ തയ്യാറായിക്കൊണ്ട് യേശുവും നമ്മളോടു വലിയ അളവിൽ സ്നേഹം കാണിച്ചു. (യോഹ. 15:13) യഹോവയും യേശുവും നമ്മളോടു കാണിച്ച സ്നേഹംവെച്ച് നോക്കുമ്പോൾ അവർക്കു പകരംകൊടുക്കാൻ നമുക്ക് ഒന്നും ഇല്ല. എങ്കിലും, ഓരോ ദിവസവും നമ്മൾ ചെയ്യുന്ന കാര്യങ്ങളിലൂടെ അവരോടുള്ള നന്ദി നമുക്കു കാണിക്കാനാകും. (കൊലോ. 3:15) സ്മാരകത്തിനു കൂടിവരുമ്പോൾ, യഹോവയും യേശുവും കാണിച്ച സ്നേഹത്തെക്കുറിച്ച് ഓർക്കാനും നമ്മൾ അവരെ സ്നേഹിക്കുന്നെന്നു കാണിക്കാനും നമുക്ക് അവസരം കിട്ടുന്നു.
15. അഭിഷിക്തരും വേറെ ആടുകളും മോചനവിലയെന്ന സമ്മാനത്തെ വളരെ മൂല്യമുള്ളതായി കാണുന്നത് എന്തുകൊണ്ട്?
15 മോചനവില എന്ന സമ്മാനത്തെ നമ്മൾ വളരെ മൂല്യമുള്ളതായി കാണുന്നു. (മത്താ. 20:28) തങ്ങളുടെ മഹത്തായ പ്രത്യാശയ്ക്കു വഴിതുറന്ന മോചനവിലയെ അഭിഷിക്ത ക്രിസ്ത്യാനികൾ വളരെ വിലമതിക്കുന്നു. ക്രിസ്തുവിന്റെ ബലിയിൽ വിശ്വാസമുള്ളതുകൊണ്ട് യഹോവ അവരെ നീതിമാന്മാരായി പ്രഖ്യാപിക്കുകയും തന്റെ പുത്രന്മാരായി ദത്തെടുക്കുകയും ചെയ്തിരിക്കുന്നു. (റോമ. 5:1; 8:15-17, 23) വേറെ ആടുകളും മോചനവിലയ്ക്കു നന്ദിയുള്ളവരാണ്. ക്രിസ്തുവിന്റെ ബലിയിൽ വിശ്വാസമുള്ളതുകൊണ്ട് അവർക്കു ശുദ്ധമനസ്സാക്ഷിയോടെ ദൈവമുമ്പാകെ നിൽക്കാനും വിശുദ്ധസേവനം അനുഷ്ഠിക്കാനും കഴിയുന്നു. കൂടാതെ, ‘മഹാകഷ്ടതയെ’ അതിജീവിക്കുമെന്ന പ്രത്യാശയും അവർക്കുണ്ട്. (വെളി. 7:13-15) ഓരോ വർഷവും സ്മാരകാചരണത്തിനു കൂടിവരുന്നതിലൂടെ അഭിഷിക്തരും വേറെ ആടുകളും മോചനവിലയോടു നന്ദിയുള്ളവരാണെന്നു കാണിക്കുന്നു.
16. നമ്മൾ സ്മാരകാചരണത്തിനു കൂടിവരുന്നതിന്റെ മറ്റൊരു കാരണം എന്താണ്?
16 യേശുവിനെ അനുസരിക്കാൻ ആഗ്രഹിക്കുന്നു എന്നതാണു നമ്മളെല്ലാവരും സ്മാരകത്തിനു കൂടിവരുന്നതിന്റെ മറ്റൊരു കാരണം. നമ്മുടെ പ്രത്യാശ എന്തുതന്നെയായാലും സ്മാരകാചരണം ഏർപ്പെടുത്തിയ രാത്രിയിൽ യേശു നൽകിയ കല്പന അനുസരിക്കാൻ നമ്മൾ ഓരോരുത്തരും ആഗ്രഹിക്കുന്നു. അന്നു യേശു പറഞ്ഞു: “എന്റെ ഓർമയ്ക്കുവേണ്ടി ഇതു തുടർന്നും ചെയ്യുക.”—1 കൊരി. 11:23, 24.
കൂടിവരുന്നതിന്റെ പ്രയോജനങ്ങൾ
17. യഹോവയോടു കൂടുതൽ അടുക്കാൻ സ്മാരകാചരണം നമ്മളെ എങ്ങനെ സഹായിക്കും?
17 യഹോവയോടു കൂടുതൽ അടുക്കാനാകും. (യാക്കോ. 4:8) നമ്മൾ കണ്ടതുപോലെ സ്മാരകത്തിനു കൂടിവരുമ്പോൾ യഹോവ നമുക്കു നൽകിയിരിക്കുന്ന പ്രത്യാശയെക്കുറിച്ചും യഹോവ നമ്മളോടു കാണിച്ചിരിക്കുന്ന വലിയ സ്നേഹത്തെക്കുറിച്ചും കൂടുതൽ ചിന്തിക്കാനുള്ള അവസരം നമുക്കു കിട്ടുന്നു. (യിരെ. 29:11; 1 യോഹ. 4:8-10) അങ്ങനെ ചെയ്യുമ്പോൾ യഹോവയോടുള്ള നമ്മുടെ സ്നേഹം വർധിക്കും, യഹോവയുമായുള്ള നമ്മുടെ ബന്ധം കൂടുതൽ ശക്തമാകും.—റോമ. 8:38, 39.
18. യേശുവിന്റെ മാതൃകയെക്കുറിച്ച് ചിന്തിക്കുന്നതു നമ്മളെ എന്തിനു പ്രേരിപ്പിക്കും?
18 യേശുവിന്റെ മാതൃക അനുകരിക്കാൻ അതു നമ്മളെ പ്രേരിപ്പിക്കും. (1 പത്രോ. 2:21) സ്മാരകത്തിനു മുമ്പുള്ള ദിവസങ്ങളിൽ നമ്മൾ, യേശു ഭൂമിയിൽ ജീവിച്ചിരുന്ന അവസാനയാഴ്ചയിലെ സംഭവങ്ങളെക്കുറിച്ചും യേശുവിന്റെ മരണം, പുനരുത്ഥാനം എന്നിവയെക്കുറിച്ചും ഉള്ള വിവരണങ്ങൾ ബൈബിളിൽനിന്ന് വായിക്കുകയും അതെക്കുറിച്ച് ചിന്തിക്കുകയും ഒക്കെ ചെയ്യാറുണ്ട്. ഇനി, സ്മാരകാചരണത്തിന്റെ സമയത്ത് നടത്തുന്ന പ്രസംഗവും യേശു നമ്മളോടു കാണിച്ച സ്നേഹത്തെക്കുറിച്ച് ഓർക്കാൻ സഹായിക്കുന്നു. (എഫെ. 5:2; 1 യോഹ. 3:16) യേശു കാണിച്ച ആത്മത്യാഗത്തിന്റെ ആ മാതൃകയെക്കുറിച്ച് വായിക്കുകയും ചിന്തിക്കുകയും ഒക്കെ ചെയ്യുമ്പോൾ “യേശു നടന്നതുപോലെതന്നെ നടക്കാൻ” നമുക്കും തോന്നും.—1 യോഹ. 2:6.
19. നമുക്ക് എങ്ങനെ ദൈവസ്നേഹത്തിൽ നിലനിൽക്കാം?
19 ദൈവസ്നേഹത്തിൽ നിലനിൽക്കാനുള്ള നമ്മുടെ തീരുമാനം കൂടുതൽ ശക്തമാകും. (യൂദ 20, 21) ദൈവത്തെ അനുസരിക്കാനും ദൈവത്തിന്റെ പേര് വിശുദ്ധീകരിക്കാനും ദൈവത്തിന്റെ ഹൃദയത്തെ സന്തോഷിപ്പിക്കാനും നമ്മളാലാകുന്നതെല്ലാം ചെയ്യുന്നെങ്കിൽ യഹോവയുടെ സ്നേഹിതരായി തുടരാൻ നമുക്കാകും. (സുഭാ. 27:11; മത്താ. 6:9; 1 യോഹ. 5:3) എന്നെന്നും ദൈവസ്നേഹത്തിൽ നിലനിൽക്കാൻ ആഗ്രഹിക്കുന്നെന്നു നമുക്ക് ഓരോ ദിവസത്തെയും ജീവിതരീതിയിലൂടെ തെളിയിക്കാം. സ്മാരകാചരണം അങ്ങനെ ചെയ്യാനുള്ള നമ്മുടെ തീരുമാനം ശക്തമാക്കും.
20. സ്മാരകത്തിനു കൂടിവരാൻ നമുക്ക് എന്തെല്ലാം കാരണങ്ങളുണ്ട്?
20 നമ്മുടെ പ്രത്യാശ, എന്നെന്നും സ്വർഗത്തിൽ ജീവിക്കാനോ ഭൂമിയിൽ ജീവിക്കാനോ ആയാലും, സ്മാരകത്തിനു കൂടിവരാൻ നമുക്കെല്ലാം ശക്തമായ കാരണങ്ങളുണ്ട്. ഓരോ വർഷവും സ്മാരകത്തിനു കൂടിവരുമ്പോൾ നമ്മളെല്ലാവരും ഒരുപാടു സ്നേഹിക്കുന്ന യേശുക്രിസ്തുവിനെക്കുറിച്ചും യേശു നമുക്കുവേണ്ടി സ്വന്തം ജീവൻ നൽകിയതിനെക്കുറിച്ചും ഒക്കെ ഓർക്കും. ഇനി, അതിലും പ്രധാനമായി യഹോവ നമ്മളോടു കാണിച്ച ആ വലിയ സ്നേഹത്തെക്കുറിച്ചും നമ്മൾ ഓർക്കും. കാരണം, സ്വന്തം മകനെയാണ് യഹോവ നമുക്കുവേണ്ടി മോചനവിലയായി നൽകിയത്. ഈ വർഷത്തെ സ്മാരകാചരണം 2022 ഏപ്രിൽ 15, വെള്ളിയാഴ്ച വൈകുന്നേരമാണ്. യഹോവയെയും യഹോവയുടെ പ്രിയ മകനെയും നമ്മൾ സ്നേഹിക്കുന്നു. അതുകൊണ്ട് യേശുവിന്റെ മരണത്തിന്റെ ഓർമ ആചരിക്കുന്ന ആ ദിവസം നമുക്ക് അതിനായി കൂടിവരാം. അതിലും പ്രധാനമായി മറ്റെന്താണു നമുക്കുള്ളത്?
ഗീതം 16 അഭിഷിക്തനാം മകനെപ്രതി യാഹിനെ സ്തുതിപ്പിൻ!
a നമ്മുടെ പ്രത്യാശ സ്വർഗത്തിൽ ജീവിക്കാനോ ഭൂമിയിലെ പറുദീസയിൽ ജീവിക്കാനോ ആയാലും, എല്ലാ വർഷവും സ്മാരകാചരണത്തിനായി കൂടിവരാൻ നമ്മളെല്ലാം കാത്തിരിക്കാറുണ്ട്. നമ്മൾ അങ്ങനെ കൂടിവരേണ്ടതിന്റെ കാരണത്തെക്കുറിച്ച് ബൈബിൾ എന്താണു പറയുന്നതെന്നും അതിലൂടെ നമുക്കു കിട്ടുന്ന പ്രയോജനം എന്താണെന്നും ഈ ലേഖനത്തിൽ നമ്മൾ കാണും.
b പുതിയ ഉടമ്പടിയെക്കുറിച്ചും രാജ്യത്തിനായുള്ള ഉടമ്പടിയെക്കുറിച്ചും കൂടുതൽ അറിയാൻ 2014 ഒക്ടോബർ 15 ലക്കം വീക്ഷാഗോപുരത്തിലെ “നിങ്ങൾ ‘ഒരു പുരോഹിതരാജത്വം ആകും’” എന്ന ലേഖനത്തിന്റെ പേ. 15-17 കാണുക.
c പദപ്രയോഗത്തിന്റെ വിശദീകരണം: അഭിഷിക്തരിൽ ബാക്കിയുള്ളവർ എന്നു പറഞ്ഞിരിക്കുന്നത് ഇപ്പോഴും ഭൂമിയിൽ ജീവിച്ചിരിക്കുന്ന അഭിഷിക്ത ക്രിസ്ത്യാനികളെ ഉദ്ദേശിച്ചാണ്.
d യഹസ്കേൽ 37-ാം അധ്യായത്തിലെ രണ്ടു വടിയെ സംബന്ധിച്ച പ്രവചനത്തെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാൻ യഹോവ ശുദ്ധാരാധന പുനഃസ്ഥാപിക്കുന്നു! പുസ്തകത്തിന്റെ പേ. 130-135, ഖ. 3-17 കാണുക.