പഠനലേഖനം 18
ആത്മീയലക്ഷ്യങ്ങൾ വെക്കുക, അതിൽ എത്തിച്ചേരുക
“ഇവയെക്കുറിച്ചെല്ലാം ധ്യാനിക്കുക. ഇവയിൽ മുഴുകിയിരിക്കുക. അങ്ങനെ നിന്റെ പുരോഗതി എല്ലാവരും വ്യക്തമായി കാണട്ടെ.”—1 തിമൊ. 4:15.
ഗീതം 84 സമഗ്രമായ് പ്രസംഗിക്കാം
ചുരുക്കം a
1. നമുക്ക് ഏതുതരത്തിലുള്ള ലക്ഷ്യങ്ങൾ വെക്കാവുന്നതാണ്?
സത്യക്രിസ്ത്യാനികളായ നമ്മൾ യഹോവയെ ഒരുപാടു സ്നേഹിക്കുന്നു. നമ്മുടെ ഏറ്റവും നല്ലത് യഹോവയ്ക്കു കൊടുക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്നു. അങ്ങനെ നമ്മൾ യഹോവയ്ക്കു നമ്മുടെ പരമാവധി കൊടുക്കണമെങ്കിൽ നല്ല ആത്മീയലക്ഷ്യങ്ങൾ വെക്കണം. b ക്രിസ്തീയഗുണങ്ങൾ വളർത്തിയെടുക്കുന്നതും പുതിയ വൈദഗ്ധ്യങ്ങൾ പഠിച്ചെടുക്കുന്നതും മറ്റുള്ളവരെ സേവിക്കാനുള്ള വഴികളെക്കുറിച്ച് ചിന്തിക്കുന്നതും ഒക്കെ ഈ ലക്ഷ്യങ്ങളിൽപ്പെടുന്നു.
2. നമ്മൾ ആത്മീയലക്ഷ്യങ്ങൾ വെക്കുകയും അതിൽ എത്താൻ നന്നായി ശ്രമിക്കുകയും ചെയ്യേണ്ടത് എന്തുകൊണ്ട്?
2 ആത്മീയപുരോഗതി വരുത്തുന്ന കാര്യത്തിൽ നമ്മൾ താത്പര്യം കാണിക്കേണ്ടത് എന്തുകൊണ്ടാണ്? പ്രധാനമായും സ്നേഹവാനായ നമ്മുടെ സ്വർഗീയപിതാവിനെ സന്തോഷിപ്പിക്കാൻ നമ്മൾ ആഗ്രഹിക്കുന്നു. നമ്മൾ ദൈവസേവനത്തിൽ പൂർണമായി നമ്മുടെ കഴിവുകൾ ഉപയോഗിക്കുന്നതു കാണുമ്പോൾ യഹോവയ്ക്കു സന്തോഷമാകും. ഇനി, മറ്റൊരു കാരണം ആത്മീയപുരോഗതി വരുത്തിക്കൊണ്ട് സഹോദരങ്ങളെ സഹായിക്കാൻ നമ്മൾ ആഗ്രഹിക്കുന്നു എന്നതാണ്. (1 തെസ്സ. 4:9, 10) നമ്മൾ സത്യത്തിൽ വന്നിട്ട് എത്ര കാലമായാലും നമുക്ക് എല്ലാവർക്കും ആത്മീയപുരോഗതി വരുത്താനാകും. നമുക്ക് എങ്ങനെ അതു ചെയ്യാമെന്നു നോക്കാം.
3. 1 തിമൊഥെയൊസ് 4:12-16-ൽ എന്തു ചെയ്യാനാണു പൗലോസ് അപ്പോസ്തലൻ തിമൊഥെയൊസിനെ പ്രോത്സാഹിപ്പിച്ചത്?
3 പൗലോസ് അപ്പോസ്തലന്റെ ആദ്യത്തെ കത്തു കിട്ടുന്ന സമയത്ത് തിമൊഥെയൊസ് ചെറുപ്പമായിരുന്നെങ്കിലും അനുഭവപരിചയമുള്ള ഒരു മൂപ്പനായിരുന്നു. എന്നിട്ടും ആത്മീയപുരോഗതി വരുത്തുന്നതിൽ തുടരാൻ പൗലോസ് ആ കത്തിൽ എഴുതി. (1 തിമൊഥെയൊസ് 4:12-16 വായിക്കുക.) പൗലോസിന്റെ വാക്കുകളിൽനിന്ന് തിമൊഥെയൊസ് രണ്ടു കാര്യങ്ങളിൽ പുരോഗതി വരുത്താനാണ് അദ്ദേഹം ആഗ്രഹിച്ചതെന്നു നമുക്കു മനസ്സിലാക്കാം. ഒന്ന്, സ്നേഹം, വിശ്വാസം, നിർമലത പോലുള്ള ക്രിസ്തീയഗുണങ്ങൾ വളർത്തിക്കൊണ്ടുവരുന്നതിലും രണ്ട്, പരസ്യമായി വായിക്കുന്നതിലും മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കുന്നതിലും പഠിപ്പിക്കുന്നതിലും മറ്റുമുള്ള കഴിവ് മെച്ചപ്പെടുത്തുന്നതിലും. ന്യായമായ ലക്ഷ്യങ്ങൾ വെച്ച് പ്രവർത്തിക്കുന്നതു ദൈവസേവനത്തിൽ നല്ല പുരോഗതി വരുത്താൻ നമ്മളെ എങ്ങനെ സഹായിക്കുമെന്നു തിമൊഥെയൊസിന്റെ മാതൃകയിൽനിന്ന് നമുക്കു നോക്കാം. കൂടാതെ, പ്രസംഗപ്രവർത്തനത്തിൽ കൂടുതൽ ചെയ്യാനുള്ള ചില വിധങ്ങളെക്കുറിച്ചും നമ്മൾ കാണും.
ക്രിസ്തീയഗുണങ്ങൾ വളർത്തിയെടുക്കുക
4. ഫിലിപ്പിയർ 2:19-22 പറയുന്നതനുസരിച്ച് യഹോവ തിമൊഥെയൊസിനെ തന്റെ സേവനത്തിനായി ഉപയോഗിച്ചത് എന്തുകൊണ്ടാണ്?
4 തിമൊഥെയൊസിനെ യഹോവ തന്റെ സേവനത്തിൽ ഉപയോഗിച്ചത് എന്തുകൊണ്ടാണ്? അദ്ദേഹത്തിനു നല്ല ദൈവികഗുണങ്ങൾ ഉണ്ടായിരുന്നതുകൊണ്ട്. (ഫിലിപ്പിയർ 2:19-22 വായിക്കുക.) തിമൊഥെയൊസിനെക്കുറിച്ചുള്ള പൗലോസിന്റെ വാക്കുകളിൽനിന്ന് തിമൊഥെയൊസ് താഴ്മയും വിശ്വസ്തതയും ഉള്ള, ഉത്സാഹത്തോടെ പ്രവർത്തിക്കുന്ന, ആശ്രയയോഗ്യനായ വ്യക്തിയായിരുന്നെന്നു മനസ്സിലാക്കാം. നല്ല സ്നേഹവും സഹോദരങ്ങളെക്കുറിച്ച് ചിന്തയും ഉള്ള വ്യക്തിയായിരുന്നു അദ്ദേഹം. അതുകൊണ്ടുതന്നെ പൗലോസിനു തിമൊഥെയൊസിനെ വളരെ ഇഷ്ടമായിരുന്നു. പല പ്രധാനപ്പെട്ട ഉത്തരവാദിത്വങ്ങളും തിമൊഥെയൊസിനെ ഏൽപ്പിക്കുകയും ചെയ്തു. (1 കൊരി. 4:17) അതുപോലെയുള്ള നല്ല ഗുണങ്ങൾ നമ്മളും വളർത്തിയെടുത്താൽ യഹോവയ്ക്കു നമ്മളെ ഒരുപാട് ഇഷ്ടമാകും, സഭയ്ക്ക് നമ്മളെക്കൊണ്ട് കൂടുതൽ പ്രയോജനമുണ്ടാകുകയും ചെയ്യും.—സങ്കീ. 25:9; 138:6.
5. (എ) ക്രിസ്തീയഗുണങ്ങൾ വളർത്തിയെടുക്കുന്നതിനോടുള്ള ബന്ധത്തിൽ എന്തു ലക്ഷ്യം വെക്കണമെന്നു നിങ്ങൾക്ക് എങ്ങനെ തീരുമാനിക്കാം? (ബി) ചിത്രത്തിൽ കാണുന്നതുപോലെ, സഹാനുഭൂതി കാണിക്കുന്നതിൽ മെച്ചപ്പെടാൻ യുവപ്രായത്തിലുള്ള ഒരു സഹോദരി ശ്രമിക്കുന്നത് എങ്ങനെയാണ്?
5 ലക്ഷ്യം വെക്കുക. നമ്മുടെ സ്വഭാവത്തിൽ എന്തു മാറ്റങ്ങളാണു വരുത്തേണ്ടത് എന്നതിനെക്കുറിച്ച് പ്രാർഥിക്കുകയും ചിന്തിക്കുകയും ചെയ്യുക. എന്നിട്ട് നിങ്ങൾ മെച്ചപ്പെടാൻ ആഗ്രഹിക്കുന്ന ഒരു ഗുണത്തിൽ ശ്രദ്ധിക്കുക. ഉദാഹരണത്തിന്, മറ്റുള്ളവരുടെ സ്ഥാനത്ത് നിന്ന് ചിന്തിച്ചുകൊണ്ട് അവരോട് സഹാനുഭൂതി കാണിക്കാനോ സഹോദരങ്ങളെ കൂടുതൽ സഹായിക്കുന്നതിനുള്ള ആഗ്രഹം വളർത്താനോ നിങ്ങൾക്കു ശ്രമിക്കാം. അല്ലെങ്കിൽ മറ്റുള്ളവരോടു സമാധാനത്തോടെ ഇടപെടുന്നതിലും ക്ഷമിക്കുന്നതിലും മെച്ചപ്പെടാൻ നിങ്ങൾക്കു ലക്ഷ്യം വെക്കാം. നമ്മൾ മാറ്റം വരുത്തേണ്ട വശം ഏതാണെന്ന് ഒരു അടുത്ത സുഹൃത്തിനോടു നിങ്ങൾക്കു ചോദിച്ച് മനസ്സിലാക്കാൻ കഴിഞ്ഞേക്കും.—സുഭാ. 27:6.
6. ഏതെങ്കിലും ഒരു ഗുണം വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തിൽ നിങ്ങൾക്ക് എങ്ങനെ എത്തിച്ചേരാം?
6 ലക്ഷ്യത്തിൽ എത്താൻവേണ്ടി നല്ല ശ്രമം ചെയ്യുക. നമുക്ക് അത് എങ്ങനെ ചെയ്യാൻ കഴിയും? നിങ്ങൾ മെച്ചപ്പെടുത്താൻ ആഗ്രഹിക്കുന്ന ഗുണത്തെക്കുറിച്ച് നന്നായി പഠിക്കുക എന്നതാണ് ഒരു വിധം. ഉദാഹരണത്തിന്, മറ്റുള്ളവരോടു ക്ഷമിക്കുന്ന കാര്യത്തിൽ പുരോഗതി വരുത്താനാണു നിങ്ങൾ ആഗ്രഹിക്കുന്നതെന്നു വിചാരിക്കുക. അതിനുവേണ്ടി നിങ്ങൾക്ക് ആദ്യം മറ്റുള്ളവരോട് ഉദാരമായി ക്ഷമിച്ച ബൈബിൾ കഥാപാത്രങ്ങളെക്കുറിച്ചും അങ്ങനെ ചെയ്യാതിരുന്നവരെക്കുറിച്ചും വായിക്കുകയും കൂടുതലായി ചിന്തിക്കുകയും ചെയ്യാവുന്നതാണ്. മനസ്സോടെ ക്ഷമിക്കുന്ന കാര്യത്തിൽ യേശു നല്ലൊരു മാതൃകയായിരുന്നു. (ലൂക്കോ. 7:47, 48) മറ്റുള്ളവരുടെ കുറവുകളിൽ നോക്കാതെ ഭാവിയിൽ അവർക്കു ചെയ്യാൻ കഴിയുന്ന കാര്യങ്ങളിൽ യേശു ശ്രദ്ധിച്ചു. എന്നാൽ യേശുവിന്റെ നാളിലെ പരീശന്മാർ ആളുകളെ വളരെ ‘നിസ്സാരരായിട്ടാണു കണ്ടത്.’ (ലൂക്കോ. 18:9) ഈ മാതൃകകളെക്കുറിച്ച് ആഴത്തിൽ ചിന്തിച്ചതിനു ശേഷം നിങ്ങളോടുതന്നെ ഇങ്ങനെ ചോദിക്കുക: ‘മറ്റുള്ളവരിൽ ഞാൻ എന്താണു കാണുന്നത്, അവരുടെ നല്ല ഗുണങ്ങളാണോ മോശം ഗുണങ്ങളാണോ?’ നിങ്ങൾക്ക് ആരോടെങ്കിലും ക്ഷമിക്കാൻ ബുദ്ധിമുട്ടു തോന്നുന്നെങ്കിൽ ആ വ്യക്തിയുടെ എന്തൊക്കെ നല്ല ഗുണങ്ങൾ ഓർത്തെടുക്കാൻ കഴിയുന്നുണ്ടോ അതെല്ലാം എഴുതിവെക്കുക. എന്നിട്ട് നിങ്ങളോടുതന്നെ ചോദിക്കുക: ‘യേശു എങ്ങനെയായിരിക്കും ഈ വ്യക്തിയെ കാണുന്നത്? യേശു അദ്ദേഹത്തോടു ക്ഷമിക്കുമോ?’ ഈ വിധത്തിൽ പഠിക്കുന്നതു നമ്മുടെ ചിന്താരീതിക്കു മാറ്റം വരുത്താൻ സഹായിക്കും. നമ്മളെ വേദനിപ്പിച്ച ഒരാളോടു ക്ഷമിക്കുക എന്നത് ആദ്യമൊക്കെ അത്ര എളുപ്പമായിരിക്കില്ല. എന്നാൽ ഇക്കാര്യത്തിൽ നമ്മൾ മെച്ചപ്പെടാൻ ശ്രമിച്ചുകൊണ്ടേയിരിക്കുന്നെങ്കിൽ പതിയെപ്പതിയെ നമുക്ക് അതു കൂടുതൽ എളുപ്പമാകും.
കഴിവുകൾ മെച്ചപ്പെടുത്തുക
7. സുഭാഷിതങ്ങൾ 22:29-നു ചേർച്ചയിൽ വിദഗ്ധരായ ജോലിക്കാരെ യഹോവ ഇന്ന് ഏതെല്ലാം വിധങ്ങളിലാണ് ഉപയോഗിക്കുന്നത്?
7 കഴിവുകൾ മെച്ചപ്പെടുത്താനും പുതിയ വൈദഗ്ധ്യങ്ങൾ പഠിച്ചെടുക്കാനും നിങ്ങൾക്കു ലക്ഷ്യം വെക്കാവുന്നതാണ്. നമ്മുടെ ബഥേൽ കെട്ടിടങ്ങളും സമ്മേളനഹാളുകളും രാജ്യഹാളുകളും ഒക്കെ നിർമിക്കാനായി എത്രമാത്രം ആളുകളെ ആവശ്യമുണ്ടെന്നു ചിന്തിക്കുക. അനുഭവപരിചയമുള്ള സഹോദരങ്ങളുടെകൂടെ പ്രവർത്തിച്ചുകൊണ്ടാണു പലരും അതിനുവേണ്ട കഴിവുകൾ നേടിയെടുത്തത്. ചിത്രത്തിൽ കാണാൻ കഴിയുന്നതുപോലെ സമ്മേളനഹാളുകളും രാജ്യഹാളുകളും പരിപാലിക്കുന്നതിന് ആവശ്യമായ വൈദഗ്ധ്യങ്ങൾ സഹോദരന്മാരും സഹോദരിമാരും പഠിച്ചെടുക്കുന്നു. ‘നിത്യതയുടെ രാജാവായ’ യഹോവയും ‘രാജാക്കന്മാരുടെ രാജാവായ’ യേശുവും വിദഗ്ധരായ ഈ ജോലിക്കാരെ ഉപയോഗിച്ച് നിർമാണപ്രവർത്തനത്തിലും മറ്റു മേഖലകളിലും അത്ഭുതകരമായ പല കാര്യങ്ങളും ചെയ്യുന്നു. (1 തിമൊ. 1:17; 6:15; സുഭാഷിതങ്ങൾ 22:29 വായിക്കുക.) നമ്മുടെ കഴിവുകളും ഊർജവും സ്വന്തം പേരിനും പ്രശസ്തിക്കും വേണ്ടിയല്ല, യഹോവയെ മഹത്ത്വപ്പെടുത്തുന്നതിനുവേണ്ടി ഉപയോഗിക്കാനാണ് നമ്മൾ ആഗ്രഹിക്കുന്നത്.—യോഹ. 8:54.
8. ഏതു കാര്യത്തിൽ വൈദഗ്ധ്യം നേടണമെന്നു നിങ്ങൾക്ക് എങ്ങനെ തീരുമാനിക്കാം?
8 ലക്ഷ്യം വെക്കുക. ഏതു കാര്യത്തിൽ വൈദഗ്ധ്യം നേടാൻ നിങ്ങൾക്കു ലക്ഷ്യം വെക്കാം? അതെക്കുറിച്ച് സഭയിലെ മൂപ്പന്മാരോടും ഒരുപക്ഷേ സർക്കിട്ട് മേൽവിചാരകനോടും നിങ്ങൾക്കു ചോദിക്കാവുന്നതാണ്. നിങ്ങളുടെ പ്രസംഗ-പഠിപ്പിക്കൽ പ്രാപ്തി മെച്ചപ്പെടുത്തുന്നതിനെക്കുറിച്ച് അവർ പറഞ്ഞേക്കാം. അങ്ങനെയെങ്കിൽ ഏതു പ്രത്യേക പ്രസംഗഗുണമാണു നിങ്ങൾ വളർത്തിയെടുക്കേണ്ടതെന്ന് അവരോടു ചോദിക്കുക. എന്നിട്ട് ആ കാര്യത്തിൽ മെച്ചപ്പെടാൻ വേണ്ടതു ചെയ്യുക. അതിൽ എന്താണ് ഉൾപ്പെട്ടിരിക്കുന്നത്?
9. ഏതെങ്കിലും ഒരു വൈദഗ്ധ്യം നേടാനുള്ള ലക്ഷ്യത്തിൽ എത്തിച്ചേരാൻ നിങ്ങൾക്ക് എന്തു ചെയ്യാം?
9 ലക്ഷ്യത്തിലെത്താൻവേണ്ടി നല്ല ശ്രമം ചെയ്യുക. പഠിപ്പിക്കാനുള്ള കഴിവ് മെച്ചപ്പെടുത്താനാണു നിങ്ങൾ ആഗ്രഹിക്കുന്നതെന്നു വിചാരിക്കുക. എങ്കിൽ വായിക്കുന്നതിലും പഠിപ്പിക്കുന്നതിലും അർപ്പിതരായിരിക്കുക എന്ന ലഘുപത്രിക നിങ്ങൾക്കു നന്നായി പഠിക്കാൻ കഴിയും. ഇടദിവസത്തെ മീറ്റിങ്ങിൽ നിങ്ങൾക്ക് ഒരു പരിപാടി കിട്ടുന്നെങ്കിൽ അനുഭവപരിചയമുള്ള ഒരു സഹോദരനു മുമ്പിൽ അതു നടത്തിക്കാണിച്ചിട്ട് ഏതൊക്കെ കാര്യങ്ങളിൽ മെച്ചപ്പെടണമെന്ന് അദ്ദേഹത്തോടു ചോദിക്കാവുന്നതാണ്. നിങ്ങളുടെ പരിപാടി നന്നായി അവതരിപ്പിക്കാൻ നേരത്തേതന്നെ തയ്യാറാകുകയാണെങ്കിൽ നിങ്ങൾ ഉത്സാഹമുള്ളവരും ആശ്രയയോഗ്യരും ആണെന്നു മറ്റുള്ളവർക്കു മനസ്സിലാകും.—സുഭാ. 21:5; 2 കൊരി. 8:22.
10. ഏതെങ്കിലും ഒരു വൈദഗ്ധ്യം നേടാൻ നമുക്ക് എന്തു ചെയ്യാം എന്നതിന് ഒരു ഉദാഹരണം പറയുക.
10 ഏതെങ്കിലും ഒരു വൈദഗ്ധ്യം നേടിയെടുക്കാൻ നിങ്ങൾക്ക് അൽപ്പം ബുദ്ധിമുട്ടാണെങ്കിലോ? ശ്രമം ഉപേക്ഷിക്കരുത്. ഗ്യാരി സഹോദരന്റെ അനുഭവം നമുക്കു നോക്കാം. അദ്ദേഹത്തിനു വായന അൽപ്പം ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു. മീറ്റിങ്ങിന് ഉറക്കെ വായിക്കുന്നതു തനിക്ക് ഒട്ടും എളുപ്പമായിരുന്നില്ലെന്ന് അദ്ദേഹം ഓർക്കുന്നു. എങ്കിലും മെച്ചപ്പെടാൻ അദ്ദേഹം തുടർന്നും ശ്രമിച്ചുകൊണ്ടേയിരുന്നു. അനുഭവപരിചയമുള്ള സഹോദരങ്ങളിൽനിന്ന് ലഭിച്ച പരിശീലനവും പ്രസിദ്ധീകരണങ്ങളിൽ വന്ന നിർദേശങ്ങളും തന്നെ ഒരുപാടു സഹായിച്ചെന്നും അതുകൊണ്ട് തനിക്ക് ഇപ്പോൾ രാജ്യഹാളിലും സമ്മേളനങ്ങളിലും കൺവെൻഷനുകളിലും പ്രസംഗങ്ങൾ നടത്താൻ കഴിയുന്നുണ്ടെന്നും അദ്ദേഹം പറയുന്നു.
11. ദൈവസേവനത്തിൽ കൂടുതലായി പലതും ചെയ്യുന്നതിനുവേണ്ടി തിമൊഥെയൊസിനെപ്പോലെ നമുക്കും എന്തു ചെയ്യാം?
11 തിമൊഥെയൊസ് ഒരു മികച്ച അധ്യാപകനോ പ്രസംഗകനോ ആയിത്തീർന്നോ? ബൈബിൾ അതെക്കുറിച്ച് ഒന്നും പറയുന്നില്ല. എന്നാൽ പൗലോസിന്റെ നിർദേശം അനുസരിച്ചതുകൊണ്ട് അദ്ദേഹത്തിനു തന്റെ നിയമനം കുറെക്കൂടെ നന്നായി ചെയ്യാൻ കഴിഞ്ഞു എന്നതിനു സംശയമില്ല. (2 തിമൊ. 3:10, 11) അതുപോലെ നമ്മളും കഴിവുകൾ മെച്ചപ്പെടുത്തുകയാണെങ്കിൽ ദൈവസേവനത്തിൽ കൂടുതലായി പലതും ചെയ്യാൻ നമുക്കാകും.
മറ്റുള്ളവരെ സേവിക്കാനുള്ള വഴികളെക്കുറിച്ച് ചിന്തിക്കുക
12. മറ്റുള്ളവരുടെ സഹായം സ്വീകരിച്ച ഏതൊക്കെ സന്ദർഭങ്ങൾ നിങ്ങൾക്ക് ഓർക്കാനാകുന്നുണ്ട്?
12 മറ്റുള്ളവരിൽനിന്ന് സഹായം ലഭിക്കുമ്പോൾ നമുക്ക് എല്ലാവർക്കും സന്തോഷം തോന്നാറുണ്ട്. നമ്മൾ ആശുപത്രിയിലായിരിക്കുമ്പോൾ ആശുപത്രി ഏകോപനസമിതിയിലെയോ രോഗീസന്ദർശന കൂട്ടത്തിലെയോ മൂപ്പന്മാർ നമ്മളെ കാണാൻ വരുന്നതു നമുക്ക് എത്രമാത്രം ആശ്വാസമാണ്, അല്ലേ? നമ്മൾ വിഷമിച്ചിരിക്കുന്ന സമയത്ത് നമ്മൾ പറയുന്നതു കേൾക്കാനും നമ്മളെ ആശ്വസിപ്പിക്കാനും സ്നേഹമുള്ള ഒരു മൂപ്പൻ തയ്യാറാകുമ്പോൾ നമുക്ക് അദ്ദേഹത്തോടു നന്ദി തോന്നാറില്ലേ? ഇനി, ബൈബിൾപഠനം നടത്താൻ ബുദ്ധിമുട്ടു തോന്നുന്ന അവസരത്തിൽ അനുഭവപരിചയമുള്ള ഒരു മുൻനിരസേവകനോ സേവികയോ നമ്മുടെകൂടെ ബൈബിൾപഠനത്തിനു വന്ന് വേണ്ട സഹായം ചെയ്തുതരുമ്പോൾ നമുക്കു സന്തോഷം തോന്നാറില്ലേ? ഇത്തരത്തിൽ നമ്മളെ സഹായിക്കാൻ അവരെല്ലാം സന്തോഷമുള്ളവരാണ്. ഇതുപോലെ മറ്റുള്ളവരെ സഹായിക്കാൻ നമ്മളും മുന്നോട്ടുവരുകയാണെങ്കിൽ നമുക്കും സന്തോഷം കിട്ടും. “വാങ്ങുന്നതിനെക്കാൾ സന്തോഷം കൊടുക്കുന്നതിലാണ്” എന്നു യേശു പറഞ്ഞു. (പ്രവൃ. 20:35) ഇതുപോലെയോ മറ്റ് ഏതെങ്കിലും വിധങ്ങളിലോ മറ്റുള്ളവരെ സേവിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നെങ്കിൽ ആ ലക്ഷ്യങ്ങളിൽ നിങ്ങൾക്ക് എങ്ങനെ എത്തിച്ചേരാൻ കഴിയും?
13. ലക്ഷ്യം വെക്കുമ്പോൾ ഏതു കാര്യം പ്രത്യേകം ശ്രദ്ധിക്കണം?
13 നമ്മൾ കൃത്യമായ ഒരു ലക്ഷ്യം വെച്ച് പ്രവർത്തിക്കണം. അങ്ങനെ ചെയ്തില്ലെങ്കിൽ ഒരു കുഴപ്പമുണ്ട്. ഉദാഹരണത്തിന്, ‘സഭയിൽ കൂടുതലായി എന്തെങ്കിലുമൊക്കെ ചെയ്യണം’ എന്നൊരു ലക്ഷ്യം നിങ്ങൾ വെച്ചിട്ടുണ്ടായിരിക്കാം. എന്നാൽ നിങ്ങൾ അങ്ങനെ പൊതുവായ ഒരു ലക്ഷ്യമാണു വെക്കുന്നതെങ്കിൽ എങ്ങനെ ആ ലക്ഷ്യത്തിൽ എത്തിച്ചേരാമെന്നു കണ്ടെത്താനും ഇനി അതിൽ എത്തിച്ചേർന്നാൽ അതു തിരിച്ചറിയാനും കഴിയാതെപോയേക്കും. അതുകൊണ്ട് വ്യക്തമായ ഒരു ലക്ഷ്യം വെക്കുക. നിങ്ങളുടെ ലക്ഷ്യവും അതിൽ എങ്ങനെ എത്തിച്ചേരാമെന്നതും നിങ്ങൾക്ക് എഴുതിവെക്കുകപോലും ചെയ്യാം.
14. ചിലപ്പോൾ ലക്ഷ്യങ്ങളിൽ മാറ്റം വരുത്താൻ തയ്യാറാകേണ്ടത് എന്തുകൊണ്ട്?
14 എന്നാൽ എല്ലാ സാഹചര്യങ്ങളും എപ്പോഴും നമ്മുടെ നിയന്ത്രണത്തിലായിരിക്കണമെന്നില്ല. അതുകൊണ്ട് നമ്മുടെ ലക്ഷ്യങ്ങളിൽ വേണ്ട മാറ്റങ്ങൾ വരുത്താൻ നമ്മൾ തയ്യാറാകണം. അതിന് ഒരു ഉദാഹരണമാണ് അപ്പോസ്തലനായ പൗലോസിന്റെ ജീവിതത്തിലുണ്ടായ ഒരു സാഹചര്യം. അദ്ദേഹത്തിന്റെ സഹായത്തോടെ തെസ്സലോനിക്യയിൽ പുതിയൊരു സഭ സ്ഥാപിതമായ സമയം. കുറച്ച് കാലംകൂടെ അവിടെത്തന്നെ തുടരാനും ആ പുതിയ ക്രിസ്ത്യാനികളെ സഹായിക്കാനും പൗലോസ് ലക്ഷ്യം വെച്ചിട്ടുണ്ടാകുമെന്നതിനു സംശയമില്ല. എന്നാൽ എതിരാളികൾ കാരണം പൗലോസിന് അവിടെനിന്ന് പോകേണ്ടിവന്നു. (പ്രവൃ. 17:1-5, 10) പൗലോസ് അവിടെ നിന്നിരുന്നെങ്കിൽ അതു മറ്റു സഹോദരങ്ങളെ അപകടത്തിലാക്കിയേനേ. എന്നാൽ അവിടെയുള്ള സഹോദരങ്ങളെ സഹായിക്കാനുള്ള ശ്രമം പൗലോസ് ഉപേക്ഷിച്ചില്ല. സാഹചര്യങ്ങൾ മാറിയതനുസരിച്ച് പൗലോസും വേണ്ട മാറ്റങ്ങൾ വരുത്തി. തെസ്സലോനിക്യയിലുള്ള ആ പുതിയ വിശ്വാസികളെ ആത്മീയമായി ബലപ്പെടുത്തുന്നതിനു പൗലോസ് തിമൊഥെയൊസിനെ അവിടേക്ക് അയച്ചു. (1 തെസ്സ. 3:1-3) ആവശ്യമുള്ള സമയത്ത് തങ്ങളെ സഹായിക്കാൻ തിമൊഥെയൊസ് വന്നതു കണ്ടപ്പോൾ തെസ്സലോനിക്യയിലുള്ളവർക്ക് എത്ര സന്തോഷമായിക്കാണും!
15. സാഹചര്യങ്ങൾക്കു മാറ്റം വരുമ്പോൾ നമ്മുടെ ലക്ഷ്യങ്ങൾക്ക് എന്തു സംഭവിച്ചേക്കാം? ഒരു ഉദാഹരണം പറയുക.
15 നമ്മുടെ നിയന്ത്രണത്തിലല്ലാത്ത ചില സാഹചര്യങ്ങൾ കാരണം നമുക്കും ചില ലക്ഷ്യങ്ങളിൽ എത്തിച്ചേരാൻ കഴിയാതെവന്നേക്കാം. (സഭാ. 9:11) അങ്ങനെയൊരു സാഹചര്യത്തിൽ പൗലോസിനെപ്പോലെ ലക്ഷ്യങ്ങളിൽ മാറ്റം വരുത്തുകയോ നമുക്ക് എത്തിപ്പിടിക്കാൻ കഴിയുന്ന മറ്റൊരു ലക്ഷ്യം വെക്കുകയോ ചെയ്യാം. റ്റെഡ്-ഹേഡി ദമ്പതികൾ അതാണു ചെയ്തത്. അവരിൽ ഒരാൾക്ക് ഒരു ആരോഗ്യപ്രശ്നമുണ്ടായപ്പോൾ ബഥേൽ വിട്ട് പോരേണ്ടിവന്നു. യഹോവയോടുള്ള സ്നേഹം കാരണം ശുശ്രൂഷയുടെ മറ്റു വശങ്ങളിൽ പ്രവർത്തിക്കാൻ കഴിയുമോ എന്നതിനെക്കുറിച്ച് അവർ ചിന്തിച്ചു. അങ്ങനെ അവർ സാധാരണ മുൻനിരസേവനം തുടങ്ങി. പിന്നീട് അവരെ പ്രത്യേക മുൻനിരസേവകരായി നിയമിച്ചു. റ്റെഡ് സഹോദരന്, പകരം സർക്കിട്ട് മേൽവിചാരകനായി സേവിക്കാനുള്ള പരിശീലനവും ലഭിച്ചു. അങ്ങനെയിരിക്കുമ്പോഴാണു സർക്കിട്ട് മേൽവിചാരകന്മാരായി സേവിക്കുന്നവർക്കുള്ള പ്രായപരിധിക്ക് ഒരു മാറ്റം വന്നത്. തങ്ങൾക്ക് ഇനി ഈ നിയമനത്തിൽ തുടരാൻ കഴിയില്ലെന്ന് അതോടെ അവർക്കു മനസ്സിലായി. അവർക്കു വിഷമം തോന്നിയെങ്കിലും മറ്റു വിധങ്ങളിൽ യഹോവയെ സേവിക്കാനാകുമെന്ന് അവർ മനസ്സിലാക്കി. റ്റെഡ് സഹോദരൻ പറയുന്നു: “ഏതെങ്കിലും ഒരു പ്രത്യേകവിധത്തിലേ ദൈവത്തെ സേവിക്കൂ എന്നു ചിന്തിക്കാതെ മറ്റു വിധങ്ങളിലും ദൈവത്തെ സേവിക്കാൻ തയ്യാറാകണമെന്നു ഞങ്ങൾ തിരിച്ചറിഞ്ഞു.”
16. ഗലാത്യർ 6:4-ൽനിന്ന് നമുക്ക് എന്തു പാഠം പഠിക്കാം?
16 നമ്മുടെ ജീവിതത്തിൽ നടക്കുന്ന എല്ലാ കാര്യങ്ങളും നിയന്ത്രിക്കാനൊന്നും നമുക്കു കഴിയില്ല. അതുകൊണ്ട് ഏതെങ്കിലും പ്രത്യേക നിയമനങ്ങളുള്ളതുകൊണ്ടാണ് യഹോവയുടെ മുമ്പാകെ നമുക്കു വിലയുള്ളതെന്നു ചിന്തിക്കരുത്. അതുപോലെ നമ്മുടെ നിയമനത്തെ മറ്റുള്ളവരുടെ നിയമനവുമായി താരതമ്യം ചെയ്യുകയുമരുത്. ഹേഡി സഹോദരി പറയുന്നു: “നിങ്ങളുടെ ജീവിതം മറ്റൊരാളുടെ ജീവിതവുമായി താരതമ്യം ചെയ്യാൻതുടങ്ങിയാൽ നിങ്ങളുടെ സമാധാനം നശിക്കും.” (ഗലാത്യർ 6:4 വായിക്കുക.) അതുകൊണ്ട് യഹോവയെ സേവിക്കാനും സഹോദരങ്ങളെ സഹായിക്കാനും നമുക്ക് എന്തു ചെയ്യാനാകുമെന്നതിനെക്കുറിച്ച് ചിന്തിക്കുന്നതാണ് ഏറ്റവും നല്ലത്. c
17. ദൈവസേവനത്തിൽ കൂടുതൽ ചെയ്യാനുള്ള യോഗ്യതയിൽ എത്തിച്ചേരാൻ നമുക്ക് എന്തു ചെയ്യാം?
17 ജീവിതം ലളിതമാക്കി നിറുത്തുകയും അനാവശ്യമായ കടബാധ്യതകൾ ഒഴിവാക്കുകയും ചെയ്താൽ യഹോവയുടെ സേവനത്തിൽ കൂടുതലായി പലതും നമുക്കു ചെയ്യാനാകും. വലിയ ലക്ഷ്യങ്ങളിൽ എത്തിച്ചേരാൻ അതിനു സഹായിക്കുന്ന ചെറിയചെറിയ ലക്ഷ്യങ്ങൾ വെക്കുക. ഉദാഹരണത്തിന്, നിങ്ങൾ ഒരു സാധാരണ മുൻനിരസേവകനായി പ്രവർത്തിക്കാനാണു ലക്ഷ്യം വെച്ചിരിക്കുന്നത് എന്നിരിക്കട്ടെ. അങ്ങനെയെങ്കിൽ ഇപ്പോൾത്തന്നെ നിങ്ങൾക്കു തുടർച്ചയായി സഹായ മുൻനിരസേവനം ചെയ്യാൻ കഴിയുമോ? ഇനി, ഒരു ശുശ്രൂഷാദാസനാകാനാണു നിങ്ങൾ ലക്ഷ്യം വെച്ചിരിക്കുന്നതെങ്കിലോ? പ്രസംഗപ്രവർത്തനത്തിൽ കൂടുതൽ ചെയ്യാനും സഭയിലെ രോഗികളെയും പ്രായമായവരെയും സന്ദർശിക്കാനും നിങ്ങൾക്കു സമയം കണ്ടെത്താനാകുമോ? ഇപ്പോൾ നിങ്ങൾ നേടിയെടുക്കുന്ന അനുഭവപരിചയം ഭാവിയിൽ കൂടുതൽ സേവനങ്ങൾക്കുള്ള അവസരം തുറന്നുതന്നേക്കാം. അതുകൊണ്ട് നിങ്ങൾക്കു കിട്ടുന്ന ഏതൊരു നിയമനവും ഏറ്റവും നന്നായി ചെയ്യാൻ ഉറച്ച തീരുമാനമെടുക്കുക.—റോമ. 12:11.
18. ചിത്രത്തിൽ കാണിച്ചിരിക്കുന്നതുപോലെ ബിവർലി സഹോദരിയുടെ അനുഭവത്തിൽനിന്ന് നമുക്ക് എന്തു പഠിക്കാം?
18 ആത്മീയലക്ഷ്യങ്ങൾ വെച്ച് അതിൽ എത്തിച്ചേരുന്നതിനു പ്രായം ഒരു തടസ്സമല്ല. 75 വയസ്സുള്ള ബിവർലി സഹോദരിയുടെ അനുഭവം നോക്കാം. സഹോദരിക്കു ഗുരുതരമായ ഒരു ആരോഗ്യപ്രശ്നം ഉണ്ടായിരുന്നതുകൊണ്ട് നടക്കാൻ വളരെ ബുദ്ധിമുട്ടായിരുന്നു. എങ്കിലും സ്മാരക പ്രചാരണപരിപാടിയിൽ കൂടുതൽ ചെയ്യാൻ സഹോദരി ഒരുപാട് ആഗ്രഹിച്ചു. അതിനുവേണ്ടി സഹോദരി പ്രത്യേകം ലക്ഷ്യങ്ങൾ വെച്ച് പ്രവർത്തിച്ചു. ആ ലക്ഷ്യങ്ങളിലൊക്കെ എത്തിച്ചേർന്നപ്പോൾ സഹോദരിക്ക് ഒത്തിരി സന്തോഷം തോന്നി. സഹോദരിയുടെ പ്രവർത്തനം കണ്ടപ്പോൾ മറ്റുള്ളവർക്കും കൂടുതൽ ചെയ്യാൻ ഉത്സാഹമായി. തങ്ങളുടെ സാഹചര്യങ്ങൾ കാരണം അധികമൊന്നും ചെയ്യാൻ പ്രായമായ സഹോദരീസഹോദരന്മാർക്കു കഴിയുന്നില്ലെങ്കിലും അവർ ചെയ്യുന്ന കാര്യങ്ങളെ യഹോവ വളരെയധികം മൂല്യമുള്ളതായി കാണുന്നു.—സങ്കീ. 71:17, 18.
19. നമുക്കു വെക്കാനാകുന്ന ചില ആത്മീയലക്ഷ്യങ്ങൾ എന്തൊക്കെയാണ്?
19 നിങ്ങൾക്ക് എത്തിപ്പിടിക്കാൻ കഴിയുന്ന ലക്ഷ്യങ്ങൾവെക്കുക. യഹോവയെ സന്തോഷിപ്പിക്കുന്ന ഗുണങ്ങൾ വളർത്തിയെടുക്കുക. യഹോവയ്ക്കും സംഘടനയ്ക്കും നമ്മളെ മെച്ചമായി ഉപയോഗിക്കാൻ കഴിയുന്ന വിധത്തിലുള്ള വൈദഗ്ധ്യങ്ങൾ പഠിച്ചെടുക്കുക. സഹോദരങ്ങളെ കൂടുതലായി സഹായിക്കാനുള്ള അവസരങ്ങൾ കണ്ടെത്തുക. d അങ്ങനെ തിമൊഥെയൊസിന്റെ കാര്യത്തിലെന്നപോലെ യഹോവയുടെ അനുഗ്രഹത്താൽ ‘നിങ്ങളുടെ പുരോഗതിയും എല്ലാവരും വ്യക്തമായി കാണാൻ ഇടയാകട്ടെ.’—1 തിമൊ. 4:15.
ഗീതം 38 ദൈവം നിന്നെ ബലപ്പെടുത്തും
a സന്തോഷവാർത്ത അറിയിക്കുന്നതിൽ വളരെ വിദഗ്ധനായിരുന്നു തിമൊഥെയൊസ്. എന്നിട്ടും ആത്മീയപുരോഗതി വരുത്തുന്നതിൽ തുടരാൻ അപ്പോസ്തലനായ പൗലോസ് അദ്ദേഹത്തെ പ്രോത്സാഹിപ്പിച്ചു. പൗലോസിന്റെ ഉപദേശം അനുസരിച്ചതുകൊണ്ട് യഹോവ അദ്ദേഹത്തെ കൂടുതലായി ഉപയോഗിച്ചു. അങ്ങനെ തിമൊഥെയൊസിനു സഹോദരങ്ങളെ കൂടുതൽ സഹായിക്കാനുമായി. തിമൊഥെയൊസിനെപ്പോലെ നിങ്ങൾക്കും യഹോവയെയും സഹോദരങ്ങളെയും കൂടുതലായി സേവിക്കാൻ ആഗ്രഹമില്ലേ? തീർച്ചയായുമുണ്ടാകും. അതിനുവേണ്ടി നിങ്ങൾക്ക് എന്തൊക്കെ ലക്ഷ്യങ്ങൾ വെക്കാനാകും? അത്തരം ലക്ഷ്യങ്ങൾ വെക്കാനും അതിൽ എത്തിച്ചേരാനും നിങ്ങൾ എന്താണു ചെയ്യേണ്ടത്?
b പദപ്രയോഗത്തിന്റെ വിശദീകരണം: യഹോവയെ കൂടുതൽ നന്നായി സേവിക്കാനും യഹോവയെ സന്തോഷിപ്പിക്കാനും നമ്മൾ വെക്കുന്ന എല്ലാ ലക്ഷ്യങ്ങളെയും ആത്മീയലക്ഷ്യങ്ങൾ എന്നു വിളിക്കാം.
c യഹോവയുടെ ഇഷ്ടം ചെയ്യാൻ സംഘടിതർ എന്ന പുസ്തകത്തിന്റെ 10-ാം അധ്യായത്തിലെ “ആവശ്യം അധികമുള്ളിടത്ത് സേവിക്കാം” എന്ന ഉപതലക്കെട്ടിനു കീഴിലുള്ള 6-9 വരെയുള്ള ഖണ്ഡികകൾ കാണുക.
d ജീവിതം ആസ്വദിക്കാം പുസ്തകത്തിലെ “ഇനിയും പുരോഗതി വരുത്തുക” എന്ന 60-ാം പാഠം കാണുക.
e ചിത്രത്തിന്റെ വിവരണം: ഒരു സഹോദരൻ അറ്റകുറ്റപ്പണികൾ ചെയ്യാൻ രണ്ടു സഹോദരിമാരെ പരിശീലിപ്പിക്കുന്നു. തങ്ങൾ പഠിച്ചെടുത്ത ആ പുതിയ വൈദഗ്ധ്യം അവർ നന്നായി ഉപയോഗിക്കുന്നു.
f ചിത്രത്തിന്റെ വിവരണം: വീട്ടിൽത്തന്നെ കഴിയുന്ന ഒരു സഹോദരി ടെലിഫോൺ ഉപയോഗിച്ച് സ്മാരകത്തിന് ആളുകളെ ക്ഷണിക്കുന്നു.