“എന്റെ രാജ്യം ഈ ലോകത്തിന്റെ ഭാഗമല്ല”
“സത്യത്തിനു സാക്ഷിയായി നിൽക്കാൻവേണ്ടിയാണു ഞാൻ ജനിച്ചത്. ഞാൻ ലോകത്തേക്കു വന്നിരിക്കുന്നതും അതിനായിട്ടാണ്.”—യോഹ. 18:37.
1, 2. (എ) ലോകം എങ്ങനെയാണ് ഇത്ര വിഭജിതമായിരിക്കുന്നത്? (ബി) ഈ ലേഖനത്തിൽ നമ്മൾ ഏതു ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തും?
“ചെറുപ്പംതൊട്ടേ അനീതി കണ്ടാണു ഞാൻ വളർന്നുവന്നത്. അതുകൊണ്ട് രാജ്യത്ത് നിലവിലിരുന്ന ഭരണരീതിയെ ഞാൻ വെറുത്തു. തീവ്രവാദമെന്നു മുദ്രകുത്തുന്ന ആശയങ്ങളെ ഞാൻ പിന്തുണച്ചു. നേരു പറഞ്ഞാൽ, വളരെക്കാലം ഞാൻ ഒരു തീവ്രവാദിയുടെ കാമുകിയായിരുന്നു.” തന്റെ പഴയകാലത്തെക്കുറിച്ച് ഓർമിച്ചുകൊണ്ട് ദക്ഷിണ യൂറോപ്പിൽനിന്നുള്ള ഒരു സഹോദരി പറഞ്ഞതാണ് ഇത്. ആഫ്രിക്കയുടെ തെക്കുഭാഗത്തുള്ള ഒരു സഹോദരനും മുമ്പ് അക്രമത്തെ ന്യായീകരിച്ചിരുന്നു. അദ്ദേഹം പറയുന്നു: “എന്റെ വംശമാണ് ഏറ്റവും മികച്ചതെന്നായിരുന്നു എന്റെ ചിന്ത. ഞാൻ ഒരു രാഷ്ട്രീയപ്പാർട്ടിയിൽ ചേരുകയും ചെയ്തു. കുന്തംകൊണ്ട് എതിരാളികളെ വകവരുത്താൻ ഞങ്ങളെ പഠിപ്പിച്ചിരുന്നു. മറ്റു രാഷ്ട്രീയപ്പാർട്ടികളെ പിന്തുണച്ചിരുന്ന ഞങ്ങളുടെ സ്വന്തം വംശക്കാരെപ്പോലും ഞങ്ങൾ ഇല്ലാതാക്കിയിരുന്നു.” മധ്യ യൂറോപ്പിലുള്ള ഒരു സഹോദരി തുറന്നുപറയുന്നു: “മറ്റു രാജ്യക്കാരോടും മറ്റു മതസ്ഥരോടും എനിക്കു കടുത്ത മുൻവിധിയായിരുന്നു, എനിക്ക് അവരെ വെറുപ്പായിരുന്നു.”
2 ആധുനികലോകത്ത് വളർന്നുവരുന്ന ഒരു പ്രവണതയാണ് ഈ മൂന്നു പേരുടെയും മനോഭാവങ്ങളിൽ പ്രതിഫലിച്ചുകാണുന്നത്. സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള അക്രമാസക്തമായ പോരാട്ടങ്ങൾ പെരുകുന്നു, രാഷ്ട്രീയകാര്യങ്ങളെ ചൊല്ലി ആളുകൾ പരസ്പരം പോരടിക്കുന്നു. ഇനി, പല രാജ്യങ്ങളിലും വിദേശികളോടുള്ള വിദ്വേഷം കൂടിക്കൂടി വരുകയാണ്. ബൈബിൾ മുൻകൂട്ടിപ്പറഞ്ഞ കാര്യം എത്ര സത്യമാണ്! ഈ അവസാനകാലത്ത് ആളുകൾ പൊതുവേ ‘ഒരു കാര്യത്തോടും യോജിക്കാത്തവരായിരിക്കും’ എന്ന് അതു പറയുന്നു. (2 തിമൊ. 3:1, 3) ലോകം ഇത്രയധികം വിഭജിതമായിരിക്കുമ്പോൾ ക്രിസ്ത്യാനികൾക്ക് എങ്ങനെ അവരുടെ ഐക്യം കാത്തുസൂക്ഷിക്കാൻ കഴിയും? യേശുവിന്റെ കാലത്ത് രാഷ്ട്രീയകാര്യങ്ങൾ ആകെ കുഴഞ്ഞുമറിഞ്ഞ അവസ്ഥയിലായിരുന്നു. ആ സമയത്ത് യേശു ഒരു പ്രത്യേകസാഹചര്യം കൈകാര്യം ചെയ്തത് എങ്ങനെയെന്നു നമുക്കു നോക്കാം, അതിൽനിന്ന് നമുക്കു പലതും പഠിക്കാൻ കഴിയും. ഇപ്പോൾ മൂന്നു പ്രധാനകാര്യങ്ങൾ പരിശോധിക്കാം: രാഷ്ട്രീയകാര്യങ്ങളിൽ യേശു ഒരുതരത്തിലും ഉൾപ്പെടാതിരുന്നത് എന്തുകൊണ്ട്? ദൈവത്തിന്റെ ദാസന്മാർ രാഷ്ട്രീയകാര്യങ്ങളിൽ പക്ഷംചേരരുതെന്നു യേശു കാണിച്ചുകൊടുത്തത് എങ്ങനെ? നമ്മൾ അക്രമത്തിന്റെ പാത സ്വീകരിക്കരുതെന്നു യേശു പഠിപ്പിച്ചത് എങ്ങനെ?
സ്വാതന്ത്ര്യപ്രസ്ഥാനങ്ങൾ—യേശുവിന്റെ വീക്ഷണം
3, 4. (എ) യേശുവിന്റെ നാളിലെ മിക്ക ജൂതന്മാർക്കും എന്ത് ആഗ്രഹമാണുണ്ടായിരുന്നത്? (ബി) ഈ ചിന്തകൾ യേശുവിന്റെ ശിഷ്യന്മാരെ എങ്ങനെയാണു സ്വാധീനിച്ചത്?
3 യേശു പ്രസംഗിച്ച ജൂതന്മാരിൽ മിക്കവരും റോമൻഭരണത്തിൽനിന്ന് സ്വതന്ത്രരാകാൻ വളരെയധികം ആഗ്രഹമുള്ളവരായിരുന്നു. ആളുകളുടെ ഈ ദേശീയവികാരത്തെ ജൂതതീവ്രവാദികൾ കൂടുതൽ ജ്വലിപ്പിച്ചു. ഈ തീവ്രവാദികളിൽ മിക്കവരും ഗലീലക്കാരനായ യൂദാസിന്റെ ആശയങ്ങളാണു പിൻപറ്റിയിരുന്നത്. അനേകരെ വഴിതെറ്റിച്ച ഒന്നാം നൂറ്റാണ്ടിലെ ഒരു വ്യാജമിശിഹ ആയിരുന്നു യൂദാസ്. അയാൾ, “റോമിനു നികുതി കൊടുക്കാൻ തയ്യാറായ തന്റെ നാട്ടുകാരെ ഭീരുക്കളെന്നു വിളിക്കുകയും റോമിന് എതിരെ വിപ്ലവത്തിന് അവരെ പ്രേരിപ്പിക്കുകയും ചെയ്തു” എന്നു ജൂതചരിത്രകാരനായ ജോസീഫസ് പറയുന്നു. റോമാക്കാർ യൂദാസിനെ കൊന്നുകളഞ്ഞു. (പ്രവൃ. 5:37) തീവ്രവാദികളിൽ ചിലർ തങ്ങളുടെ ലക്ഷ്യം സാക്ഷാത്കരിക്കാൻ അക്രമത്തിന്റെ പാത തിരഞ്ഞെടുക്കുകപോലും ചെയ്തു.
4 ജൂതന്മാരിൽ ബഹുഭൂരിപക്ഷവും രാഷ്ട്രീയസ്വാതന്ത്ര്യം നേടിത്തരുന്ന ഒരു മിശിഹയ്ക്കുവേണ്ടി ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു. ആ മിശിഹ തങ്ങളുടെ രാജ്യത്തിനു മഹത്ത്വവും റോമിന്റെ ഭരണത്തിൽനിന്ന് സ്വാതന്ത്ര്യവും കൈവരുത്തുമെന്ന് അവർ പ്രതീക്ഷിച്ചു. (ലൂക്കോ. 2:38; 3:15) മിക്കവരും കരുതിയതു മിശിഹ ഈ ഭൂമിയിൽ, ഇസ്രായേലിൽ, ഒരു രാജ്യം സ്ഥാപിക്കുമെന്നാണ്. അപ്പോൾ അന്യനാടുകളിൽ ചിതറിപ്പാർക്കുന്ന ലക്ഷക്കണക്കിനു ജൂതന്മാർക്കു സ്വന്തനാട്ടിലേക്കു മടങ്ങിവരാൻ കഴിയുമെന്നും അവർ വിചാരിച്ചു. സ്നാപകയോഹന്നാൻ ഒരിക്കൽ യേശുവിനോടു ചോദിച്ചത് ഓർക്കുക: “വരാനിരിക്കുന്നയാൾ അങ്ങുതന്നെയാണോ, അതോ ഇനി മറ്റൊരാളെ ഞങ്ങൾ കാത്തിരിക്കണോ?” (മത്താ. 11:2, 3) മറ്റൊരാൾ വന്ന് ജൂതന്മാരുടെ എല്ലാ പ്രതീക്ഷകളും സഫലീകരിക്കുമോ എന്നായിരിക്കാം യോഹന്നാൻ ചോദിച്ചതിന്റെ അർഥം. പുനരുത്ഥാനം പ്രാപിച്ച യേശുവിനെ, എമ്മാവൂസിലേക്കുള്ള യാത്രയ്ക്കിടെ കണ്ടുമുട്ടിയ രണ്ടു ശിഷ്യന്മാരും യേശു ഇസ്രായേലിനെ മോചിപ്പിക്കുമെന്ന പ്രതീക്ഷയാണു വെച്ചുപുലർത്തിയിരുന്നത്. (ലൂക്കോസ് 24:21 വായിക്കുക.) പിന്നീട് യേശുവിന്റെ അപ്പോസ്തലന്മാരും യേശുവിനോടു ചോദിച്ചു: “കർത്താവേ, അങ്ങ് ഇസ്രായേലിനു രാജ്യം പുനഃസ്ഥാപിച്ചുകൊടുക്കുന്നത് ഇപ്പോഴാണോ?”—പ്രവൃ. 1:6.
5. (എ) യേശു തങ്ങളുടെ രാജാവാകണമെന്നു ഗലീലയിലെ ആളുകൾ ആഗ്രഹിച്ചത് എന്തുകൊണ്ട്? (ബി) യേശു അവരുടെ ചിന്താഗതി തിരുത്തിയത് എങ്ങനെയാണ്?
5 മിശിഹയെക്കുറിച്ച് ഇത്തരം പ്രതീക്ഷകളുണ്ടായിരുന്നതുകൊണ്ട് യേശു തങ്ങളുടെ രാജാവാകണമെന്നു ഗലീലയിലെ ആളുകൾ ആഗ്രഹിച്ചു. ഒരു നല്ല നേതാവാകാൻ യേശുവിനു കഴിയുമെന്ന് അവർ ചിന്തിച്ചിട്ടുണ്ടാകും. കാരണം, യേശു ഒരു നല്ല പ്രസംഗകനായിരുന്നു, രോഗികളെ സൗഖ്യമാക്കാനുള്ള കഴിവുണ്ടായിരുന്നു, അത്ഭുതകരമായി ആഹാരം കൊടുക്കാനുള്ള പ്രാപ്തിയും ഉണ്ടായിരുന്നു. ഒരിക്കൽ ഏതാണ്ട് 5,000 പുരുഷന്മാരടങ്ങിയ ഒരു കൂട്ടത്തെ യേശു പോഷിപ്പിച്ചപ്പോൾ ആളുകൾ അതിശയിച്ചുപോയി. “അവർ വന്ന് തന്നെ പിടിച്ച് രാജാവാക്കാൻപോകുന്നെന്ന് അറിഞ്ഞ യേശു തനിച്ച് വീണ്ടും മലയിലേക്കു പോയി.” (യോഹ. 6:10-15) എന്നാൽ പിറ്റെ ദിവസം ഗലീലക്കടലിന്റെ മറുകരെവെച്ച് ആളുകളുടെ ഈ ഉത്സാഹമൊക്കെ ഏതാണ്ട് കെട്ടടങ്ങി. കാരണം, തന്റെ പ്രവർത്തനത്തിന്റെ ഉദ്ദേശ്യം യേശു അവിടെവെച്ച് ജനക്കൂട്ടത്തിനു വ്യക്തമാക്കിക്കൊടുത്തു. ആ ജനതയ്ക്കു ഭൗതികനേട്ടങ്ങൾ നൽകാനല്ല, ആത്മീയമായ അനുഗ്രഹങ്ങൾ നൽകാനാണു താൻ വന്നത് എന്ന് യേശു വിശദീകരിച്ചു. യേശു അവരോടു പറഞ്ഞു: “നശിച്ചുപോകുന്ന ആഹാരത്തിനുവേണ്ടിയല്ല, നിത്യജീവൻ നേടിത്തരുന്ന നശിക്കാത്ത ആഹാരത്തിനുവേണ്ടി പ്രയത്നിക്കുക.”—യോഹ. 6:25-27.
6. ഭൂമിയിൽ അധികാരസ്ഥാനങ്ങൾ ആഗ്രഹിക്കുന്നില്ലെന്നു യേശു വ്യക്തമാക്കിയത് എങ്ങനെ? (ലേഖനാരംഭത്തിലെ ചിത്രം കാണുക.)
6 താൻ യരുശലേം കേന്ദ്രമാക്കി ഒരു ഭൗമികരാജ്യം സ്ഥാപിക്കുമെന്നു യേശുവിന്റെ അനുഗാമികളിൽ ചിലർ വിശ്വസിക്കുന്നതായി മരണത്തിന് അൽപ്പകാലം മുമ്പ് യേശു മനസ്സിലാക്കി. മിനകളുടെ ദൃഷ്ടാന്തം പറഞ്ഞുകൊണ്ട് യേശു അവരുടെ ചിന്ത തിരുത്തി. ആ കഥയിലെ ‘കുലീനനായ മനുഷ്യൻ’ യേശുവിനെയാണു ചിത്രീകരിച്ചത്. താൻ കുറെ കാലത്തേക്ക് ഒരു “ദൂരദേശത്തേക്കു” പോകണമെന്നു യേശു ആ കഥയിലൂടെ സൂചിപ്പിച്ചു. (ലൂക്കോ. 19:11-13, 15) റോമൻ ഭരണാധികാരികളോടും യേശു തന്റെ നിഷ്പക്ഷനിലപാടു വിശദീകരിച്ചു. പൊന്തിയൊസ് പീലാത്തൊസ് യേശുവിനോടു ചോദിച്ചു: “നീ ജൂതന്മാരുടെ രാജാവാണോ?” (യോഹ. 18:33) യേശു ഒരു രാഷ്ട്രീയകലാപത്തിനു തിരികൊളുത്തിയേക്കുമോ എന്ന് അദ്ദേഹം ഭയപ്പെട്ടുകാണും. അദ്ദേഹത്തിന്റെ ഭരണകാലത്ത് ഉടനീളം ഇത്തരം കലാപങ്ങൾ ഒരു പ്രധാനപ്രശ്നമായിരുന്നു. യേശു ഇങ്ങനെ ഉത്തരം പറഞ്ഞു: “എന്റെ രാജ്യം ഈ ലോകത്തിന്റെ ഭാഗമല്ല.” (യോഹ. 18:36) അതെ, യേശുവിന്റെ രാജ്യം സ്വർഗീയമായ ഒന്നായിരുന്നു. അതുകൊണ്ടുതന്നെ യേശു രാഷ്ട്രീയകാര്യങ്ങളിൽ ഉൾപ്പെടുമായിരുന്നില്ല. ‘സത്യത്തിനു സാക്ഷിയായി നിൽക്കുക’ എന്നതാണു ഭൂമിയിലെ തന്റെ ദൗത്യമെന്നു യേശു പീലാത്തൊസിനോടു പറഞ്ഞു.—യോഹന്നാൻ 18:37 വായിക്കുക.
7. സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള പ്രസ്ഥാനങ്ങളെ മനസ്സുകൊണ്ടുപോലും പിന്തുണയ്ക്കാതിരിക്കുന്നതു ബുദ്ധിമുട്ടായേക്കാവുന്നത് എന്തുകൊണ്ട്?
7 യേശുവിനു തന്റെ ദൗത്യം എന്താണെന്നു വ്യക്തമായി അറിയാമായിരുന്നു. അതുപോലെ നമ്മുടെ നിയമനത്തെക്കുറിച്ച് നമുക്കും വ്യക്തമായി അറിയാമെങ്കിൽ മനസ്സുകൊണ്ടുപോലും ഒരു രാഷ്ട്രീയപ്രസ്ഥാനത്തെയും നമ്മൾ പിന്തുണയ്ക്കില്ല. എന്നാൽ ഇതു ബുദ്ധിമുട്ടായിരുന്നേക്കാം. ഒരു സഞ്ചാരമേൽവിചാരകൻ ഇങ്ങനെ എഴുതുന്നു: “ഞങ്ങളുടെ ഈ പ്രദേശത്ത് ആളുകൾ കൂടുതൽക്കൂടുതൽ തീവ്രചിന്താഗതിക്കാരായി മാറുകയാണ്. എല്ലായിടത്തും ദേശീയവികാരം അലയടിക്കുന്നു, രാഷ്ട്രീയസ്വാതന്ത്ര്യം തങ്ങളുടെ ജീവിതാവസ്ഥകൾ മെച്ചപ്പെടുത്തുമെന്നു മിക്കവരും കരുതുന്നു. സന്തോഷകരമെന്നു പറയട്ടെ, ദൈവരാജ്യത്തിന്റെ സന്തോഷവാർത്ത ഘോഷിക്കുന്നതിൽ മുഴുകിക്കൊണ്ട് നമ്മുടെ സഹോദരങ്ങൾ അവരുടെ ഐക്യം കാത്തുസൂക്ഷിക്കുന്നു. നമ്മൾ അനുഭവിക്കുന്ന അനീതി ഉൾപ്പെടെ എല്ലാ പ്രശ്നങ്ങളുടെയും പരിഹാരത്തിനായി സഹോദരങ്ങൾ ദൈവത്തിലേക്കാണു നോക്കുന്നത്.”
ഭിന്നതയുളവാക്കുന്ന രാഷ്ട്രീയപ്രശ്നങ്ങളെ യേശു നേരിട്ട വിധം
8. ഒന്നാം നൂറ്റാണ്ടിലെ ജൂതന്മാർ സഹിക്കേണ്ടിവന്ന കഷ്ടപ്പാടിന് ഒരു ഉദാഹരണം പറയുക.
8 അനീതി പലപ്പോഴും രാഷ്ട്രീയപ്രശ്നങ്ങളെ ആളിക്കത്തിക്കുന്നു. നികുതി കൊടുക്കുന്നതു യേശുവിന്റെ കാലത്ത് ചൂടുപിടിച്ച ഒരു രാഷ്ട്രീയപ്രശ്നമായിരുന്നു. നേരത്തേ സൂചിപ്പിച്ച ഗലീലക്കാരനായ യൂദാസ് നടത്തിയ വിപ്ലവത്തെക്കുറിച്ച് ഓർക്കുക. ആളുകൾ നികുതി നൽകുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ നടത്തിയ ഒരു കണക്കെടുപ്പായിരുന്നു ആ വിപ്ലവത്തിനു കാരണമായത്. യേശുവിന്റെ ശ്രോതാക്കൾ ഉൾപ്പെടെയുള്ള റോമൻപ്രജകൾ ചരക്കുനികുതി, ഭൂനികുതി, വീട്ടുകരം തുടങ്ങിയ പല തരം നികുതികൾ കൊടുക്കാൻ ബാധ്യസ്ഥരായിരുന്നു. നികുതിപിരിവുകാർ ലേലത്തിലൂടെയായിരിക്കും നികുതി പിരിക്കാനുള്ള അവകാശം ചിലപ്പോൾ നേടിയെടുക്കുന്നത്. എന്നിട്ട് ആ അധികാരം ഉപയോഗിച്ച് അവർ ധാരാളം പണമുണ്ടാക്കും. അവരുടെ അഴിമതി കാരണം നികുതി കൊടുക്കുന്നത് ആളുകൾക്ക് ഒരു വലിയ ഭാരമായി. ഉദാഹരണത്തിന്, യരീഹൊയിലെ മുഖ്യ നികുതിപിരിവുകാരനായ സക്കായി ആളുകളെ പിഴിഞ്ഞാണു സമ്പന്നനായത്. (ലൂക്കോ. 19:2, 8) നികുതിപിരിവുകാരിൽ പലരും ഇത്തരക്കാരായിരുന്നു.
9, 10. (എ) ഒരു രാഷ്ട്രീയപ്രശ്നത്തിൽ ഉൾപ്പെടുത്തി യേശുവിനെ ശത്രുക്കൾ കുടുക്കാൻ ശ്രമിച്ചത് എങ്ങനെ? (ബി) യേശുവിന്റെ മറുപടിയിൽനിന്ന് നമുക്ക് എന്ത് പഠിക്കാം? (ലേഖനാരംഭത്തിലെ ചിത്രം കാണുക.)
9 നികുതി കൊടുക്കുന്ന വിഷയത്തിൽ യേശു ഏതു പക്ഷത്താണെന്നു ചോദിച്ചുകൊണ്ട് ഒരിക്കൽ ശത്രുക്കൾ യേശുവിനെ കുടുക്കാൻ ശ്രമിച്ചു. റോമിന്റെ അധീനതയിലുണ്ടായിരുന്നവർ ആളോഹരി ഒരു ദിനാറെ വീതം “തലക്കരം” കൊടുക്കണമായിരുന്നു. (മത്തായി 22:16-18 വായിക്കുക.) ജൂതന്മാർക്ക് ഇതിനോടു കടുത്ത വിരോധമായിരുന്നു. കാരണം തലക്കരം കൊടുക്കുന്നതു റോമൻ ഭരണത്തോടുള്ള വിധേയത്വം സൂചിപ്പിച്ചു. നികുതി കൊടുക്കേണ്ട എന്നു യേശു പറയുകയാണെങ്കിൽ, യേശുവിന് എതിരെ രാജ്യദ്രോഹക്കുറ്റം ചുമത്താമെന്ന് ഈ ചോദ്യം ഉയർത്തിക്കൊണ്ടുവന്ന ‘ഹെരോദിന്റെ അനുയായികൾ’ കരുതി. അതേസമയം, നികുതി കൊടുക്കണമെന്നു പറഞ്ഞാൽ യേശുവിനു സ്വന്തം അനുഗാമികളുടെ പിന്തുണ നഷ്ടപ്പെടാനുള്ള സാധ്യതയുണ്ടായിരുന്നു.
10 ഈ വിഷയത്തിൽ നിഷ്പക്ഷനായിരിക്കാൻ യേശു ശ്രദ്ധിച്ചു. യേശു ഇങ്ങനെ പറഞ്ഞു: “സീസർക്കുള്ളതു സീസർക്കും ദൈവത്തിനുള്ളതു ദൈവത്തിനും കൊടുക്കുക.” (മത്താ. 22:21) നികുതിപിരിവുകാർ അഴിമതിക്കാരാണെന്നു യേശുവിന് അറിയാമായിരുന്നു. എന്നാൽ മനുഷ്യന്റെ എല്ലാ പ്രശ്നങ്ങൾക്കുമുള്ള യഥാർഥപരിഹാരം ദൈവരാജ്യമാണെന്നും യേശുവിന് അറിയാമായിരുന്നു. ആ മുഖ്യവിഷയത്തിൽനിന്ന് ശ്രദ്ധ മാറാൻ യേശു ആഗ്രഹിച്ചില്ല. അങ്ങനെ യേശു തന്റെ എല്ലാ അനുഗാമികൾക്കുംവേണ്ടി മാതൃകവെച്ചു. അതുകൊണ്ട് യേശുവിന്റെ അനുഗാമികളായ നമ്മൾ ഇത്തരം പ്രശ്നങ്ങളിൽ ആരുടെയും പക്ഷം പിടിക്കരുത്. ഒരു കാര്യം എത്ര ശരിയാണെന്നും എത്ര ന്യായമാണെന്നും തോന്നിയാലും നമ്മൾ അതിലൊന്നും ഉൾപ്പെടുകയില്ല. പകരം, ക്രിസ്ത്യാനികൾ ദൈവത്തിന്റെ രാജ്യവും ദൈവത്തിന്റെ നീതിയും അന്വേഷിക്കുന്നു. അതുകൊണ്ട് അനീതി നടമാടുന്ന കാര്യങ്ങളിൽ അവർ രോഷംകൊള്ളുകയോ ശക്തമായ അഭിപ്രായപ്രകടനങ്ങൾ നടത്തുകയോ ചെയ്യുന്നില്ല.—മത്താ. 6:33.
11. അനീതിക്കെതിരെ പോരാടാനുള്ള ഏറ്റവും നല്ല മാർഗം ഏതാണ്?
11 ഒരിക്കൽ വെച്ചുപുലർത്തിയിരുന്ന ശക്തമായ രാഷ്ട്രീയകാഴ്ചപ്പാടുകൾ വിട്ടുകളയുന്നതിൽ മിക്ക യഹോവയുടെ സാക്ഷികളും വിജയിച്ചിരിക്കുന്നു. ഗ്രേറ്റ് ബ്രിട്ടനിലെ ഒരു സഹോദരി പറയുന്നു: “സർവകലാശാലയിലെ സാമൂഹ്യശാസ്ത്ര പഠന ക്ലാസുകൾ പൂർത്തിയാക്കിയ ഞാൻ തീവ്രചിന്താഗതിക്കാരിയായി മാറി. കറുത്ത വർഗക്കാരുടെ അവകാശങ്ങൾക്കുവേണ്ടി പോരാടാൻ ഞാൻ ആഗ്രഹിച്ചു. കാരണം, ഞങ്ങൾ അത്രയേറെ അനീതിയാണ് അനുഭവിച്ചിരുന്നത്. അനീതിയെക്കുറിച്ചുള്ള വാദപ്രതിവാദങ്ങളിലൊക്കെ ഞാൻ ജയിച്ചിരുന്നെങ്കിലും അവസാനം നിരാശ മാത്രമായിരുന്നു ബാക്കി. വർഗവിവേചനത്തിന്റെ കാരണങ്ങൾ ആളുകളുടെ ഹൃദയങ്ങളിൽനിന്നാണു പിഴുതെറിയേണ്ടതെന്ന് എനിക്ക് അറിഞ്ഞുകൂടായിരുന്നു. ബൈബിൾ പഠിക്കാൻ തുടങ്ങിയപ്പോൾ എന്റെ ഹൃദയത്തിൽ മാറ്റങ്ങൾ വരുത്തേണ്ടതിന്റെ ആവശ്യം ഞാൻ മനസ്സിലാക്കി. ഇതിന് എന്നെ ക്ഷമയോടെ സഹായിച്ചതു വെള്ളക്കാരിയായ ഒരു സഹോദരിയായിരുന്നു. ഇപ്പോൾ ഞാൻ ഒരു ആംഗ്യഭാഷാസഭയിൽ സാധാരണ മുൻനിരസേവികയായി പ്രവർത്തിക്കുകയാണ്. വേർതിരിവൊന്നുമില്ലാതെ എല്ലാ തരം ആളുകളെയും സഹായിക്കാൻ ഞാൻ പഠിച്ചുകൊണ്ടിരിക്കുന്നു.”
“വാൾ ഉറയിൽ ഇടുക”
12. തന്റെ ശിഷ്യന്മാരോട് ഏതു തരം ‘പുളിച്ച മാവ്’ ഒഴിവാക്കാനാണു യേശു ആവശ്യപ്പെട്ടത്?
12 യേശുവിന്റെ നാളിൽ മതവും രാഷ്ട്രീയവും മിക്കപ്പോഴും കൂടിക്കുഴഞ്ഞ് കിടക്കുകയായിരുന്നു. യേശുവിന്റെ കാലത്തെ പലസ്തീനിലെ അനുദിനജീവിതം എന്ന പുസ്തകം ഇങ്ങനെ പറയുന്നു: “നമ്മൾ ഇന്നു രാഷ്ട്രീയപ്പാർട്ടികൾ എന്നു വിളിക്കുന്നതിനോട് ഏതാണ്ട് സമമായിരുന്നു അന്നത്തെ ജൂതന്മാർക്കിടയിലുണ്ടായിരുന്ന മതപരമായ കക്ഷിപിരിവുകൾ.” അതുകൊണ്ട് യേശു ശിഷ്യന്മാർക്ക് ഈ മുന്നറിയിപ്പു നൽകി: “സൂക്ഷിച്ചുകൊള്ളുക! പരീശന്മാരുടെയും ഹെരോദിന്റെയും പുളിച്ച മാവിനെക്കുറിച്ച് ജാഗ്രത വേണം.” (മർക്കോ. 8:15) ഹെരോദിനെക്കുറിച്ചുള്ള പരാമർശം സാധ്യതയനുസരിച്ച് ഹെരോദിന്റെ അനുയായികളെയായിരിക്കണം സൂചിപ്പിക്കുന്നത്. പരീശന്മാരെക്കുറിച്ച് പറഞ്ഞാൽ, റോമൻഭരണത്തിൽനിന്നുള്ള ജൂതന്മാരുടെ സ്വാതന്ത്ര്യത്തെ പിന്തുണച്ചിരുന്നവരായിരുന്നു അവർ. മത്തായിയുടെ വിവരണത്തിൽനിന്നും യേശു ഈ സംഭാഷണസമയത്ത് സദൂക്യരെക്കുറിച്ചും പറയുന്നതായി കാണാം. റോമിന്റെ ആധിപത്യത്തിൽ തുടരണമെന്നായിരുന്നു അവരുടെ നിലപാട്. അവരിൽ പലർക്കും റോമൻ ഭരണത്തിന്റെ കീഴിൽ നല്ല അധികാരസ്ഥാനങ്ങൾ ഉണ്ടായിരുന്നു. ഈ മൂന്നു കൂട്ടരുടെയും പഠിപ്പിക്കലുകളിൽനിന്ന് അകന്നുനിന്നുകൊള്ളാനാണു യേശു തന്റെ ശിഷ്യരെ ശക്തമായി ഉദ്ബോധിപ്പിച്ചത്. (മത്താ. 16:6, 12) രസകരമെന്നു പറയട്ടെ, ആളുകൾ യേശുവിനെ രാജാവാക്കാൻ ശ്രമിച്ച് അധികം നാൾ പിന്നിടുന്നതിനു മുമ്പാണ് ഈ സംഭാഷണം നടന്നത്.
13, 14. (എ) രാഷ്ട്രീയവും മതപരവും ആയ പ്രശ്നങ്ങൾ എങ്ങനെയാണ് അക്രമത്തിലേക്കും അനീതിയിലേക്കും നയിച്ചത്? (ബി) നമ്മളോട് അനീതി കാണിച്ചാലും നമ്മൾ ഒരിക്കലും അക്രമത്തിന്റെ പാത സ്വീകരിക്കരുതാത്തത് എന്തുകൊണ്ട്? (ലേഖനാരംഭത്തിലെ ചിത്രം കാണുക.)
13 മതം രാഷ്ട്രീയകാര്യങ്ങളിൽ ഉൾപ്പെടുമ്പോൾ അക്രമം പൊട്ടിപ്പുറപ്പെടാനുള്ള സാധ്യത വളരെ കൂടുതലാണ്. അത്തരം സാഹചര്യങ്ങളിൽ തന്റെ ശിഷ്യന്മാർ നിഷ്പക്ഷരായി നിൽക്കണമെന്നു യേശു പഠിപ്പിച്ചു. മുഖ്യപുരോഹിതന്മാരും പരീശന്മാരും യേശുവിനെ കൊല്ലാൻ ആഗ്രഹിച്ചതിന്റെ ഒരു കാരണം അതാണ്. തങ്ങളുടെ സ്ഥാനമാനങ്ങൾക്കു ഭീഷണി ഉയർത്തുന്ന ഒരു രാഷ്ട്രീയ-മത ശത്രുവായിട്ടാണ് അവർ യേശുവിനെ കണ്ടത്. അവർ പറഞ്ഞു: “ഇവനെ ഇങ്ങനെ വിട്ടാൽ എല്ലാവരും അവനിൽ വിശ്വസിക്കും. റോമാക്കാർ വന്ന് നമ്മുടെ സ്ഥലം കൈയടക്കും, നമ്മുടെ ജനതയെയും പിടിച്ചടക്കും.” (യോഹ. 11:48) അങ്ങനെ മഹാപുരോഹിതനായ കയ്യഫയുടെ നേതൃത്വത്തിൽ യേശുവിനെ കൊല്ലാനുള്ള പദ്ധതികൾ ആസൂത്രണം ചെയ്യാൻ തുടങ്ങി.—യോഹ. 11:49-53; 18:14.
14 രാത്രിയിൽ, ഇരുട്ടിന്റെ മറവിൽ യേശുവിനെ അറസ്റ്റ് ചെയ്യാൻ കയ്യഫ പടയാളികളെ അയച്ചു. അങ്ങേയറ്റം ലജ്ജാകരമായ ഈ പദ്ധതിയെക്കുറിച്ച് യേശുവിന് അറിയാമായിരുന്നു. ആ സാഹചര്യത്തിൽ അപ്പോസ്തലന്മാരെ ഒരു പ്രധാനപ്പെട്ട പാഠം പഠിപ്പിക്കുന്നതിനുവേണ്ടി വാളുകൾ കൈയിൽ കരുതാൻ യേശു അവസാനത്തെ ഭക്ഷണത്തിന്റെ സമയത്ത് അവരോടു പറഞ്ഞു. അതിന് അവിടെയുണ്ടായിരുന്ന രണ്ടു വാളുകൾ ധാരാളമായിരുന്നു. (ലൂക്കോ. 22:36-38) ആ രാത്രി കുറെക്കഴിഞ്ഞ് യേശുവിനെ അറസ്റ്റ് ചെയ്യാൻ വന്ന ജനക്കൂട്ടത്തിലെ ഒരാളെ പത്രോസ് വാളുകൊണ്ട് ആക്രമിച്ചു. യേശുവിനെ രാത്രിയിൽ അറസ്റ്റ് ചെയ്യാൻ വന്നത് അനീതിയാണെന്ന് അറിയാമായിരുന്ന പത്രോസിന് അങ്ങേയറ്റം അമർഷം തോന്നിയെന്നതിൽ ഒരു സംശയവുമില്ല. (യോഹ. 18:10) പക്ഷേ യേശു പത്രോസിനോടു പറഞ്ഞു: “വാൾ ഉറയിൽ ഇടുക; വാൾ എടുക്കുന്നവരെല്ലാം വാളിന് ഇരയാകും.” (മത്താ. 26:52, 53) അതേ രാത്രി ഏതാനും മണിക്കൂറുകൾക്കു മുമ്പ് നടത്തിയ പ്രാർഥനയിൽ, തന്റെ ശിഷ്യന്മാർ ഈ ലോകത്തിന്റെ ഭാഗമല്ല എന്നു യേശു പറഞ്ഞിരുന്നു. യേശു ഇപ്പോൾ അവരെ പഠിപ്പിച്ച പ്രധാനപ്പെട്ട ഈ പാഠം ആ വാക്കുകളോടു ചേർച്ചയിലായിരുന്നു. (യോഹന്നാൻ 17:16 വായിക്കുക.) അനീതിക്കെതിരെ പോരാടുന്നത് യഹോവയ്ക്കു വിട്ടുകൊടുക്കേണ്ട ഒരു കാര്യമാണ്.
15, 16. (എ) സംഘർഷങ്ങൾ ഒഴിവാക്കാൻ ദൈവവചനം ക്രിസ്ത്യാനികളെ സഹായിച്ചിരിക്കുന്നത് എങ്ങനെ? (ബി) ഇന്നത്തെ ലോകത്തെ നോക്കുമ്പോൾ യഹോവ വ്യത്യസ്തമായ എന്താണു കാണുന്നത്?
15 ഈ ലേഖനത്തിന്റെ തുടക്കത്തിൽ പറഞ്ഞ ദക്ഷിണ യൂറോപ്പിലെ സഹോദരി ഇതേ പാഠം പഠിച്ചു. സഹോദരി പറയുന്നു: “അക്രമത്തിലൂടെ ഒരിക്കലും നീതി സ്ഥാപിക്കാനാകില്ലെന്ന് എനിക്ക് ഇപ്പോൾ അറിയാം. അക്രമത്തിന്റെ പാത തിരഞ്ഞെടുക്കുന്നവരെ കാത്തിരിക്കുന്നതു മിക്കപ്പോഴും മരണമായിരിക്കും. ഇനി, മറ്റു പലരും പകയും വിദ്വേഷവും ഉള്ളവരായിത്തീർന്നിരിക്കുന്നു. ദൈവത്തിനു മാത്രമേ ഭൂമിയിൽ യഥാർഥനീതി സ്ഥാപിക്കാൻ കഴിയൂ എന്നു ബൈബിളിൽനിന്ന് മനസ്സിലാക്കാൻ കഴിഞ്ഞതിൽ എനിക്കു വളരെയധികം സന്തോഷമുണ്ട്. കഴിഞ്ഞ 25 വർഷമായി ഈ സന്ദേശം ഞാൻ മറ്റുള്ളവരോടു പ്രസംഗിക്കുകയാണ്.” കുന്തംകൊണ്ട് മറ്റുള്ളവരെ വകവരുത്താൻ പരിശീലനം കിട്ടിയ തെക്കൻ ആഫ്രിക്കയിലെ ആ സഹോദരന്റെ കാര്യമോ? കുന്തം ഉപേക്ഷിച്ച അദ്ദേഹം ‘ദൈവാത്മാവിന്റെ വാളായ’ ദൈവവചനം കൈയിൽ എടുത്തു. വംശം ഏതെന്നു നോക്കാതെ അതിലെ സമാധാനത്തിന്റെ സന്ദേശം അദ്ദേഹം എല്ലാ അയൽക്കാരോടും ഘോഷിക്കുന്നു. (എഫെ. 6:17) യഹോവയുടെ സാക്ഷിയായതിനു ശേഷം മധ്യ യൂറോപ്പിലെ ആ സഹോദരി താൻ മുമ്പ് വെറുത്തിരുന്ന വംശത്തിലെ ഒരു സഹോദരനെ വിവാഹം കഴിച്ചു. ക്രിസ്തുവിനെപ്പോലെയാകാൻ ആഗ്രഹിച്ചതുകൊണ്ടാണ് ഈ മൂന്നു പേരും മാറ്റങ്ങൾ വരുത്തിയത്.
16 ഇതുപോലെ മാറ്റങ്ങൾ വരുത്തുന്നത് എത്ര പ്രധാനമാണ്! ബൈബിൾ മനുഷ്യസമുദായത്തെ ഇളകിമറിയുന്ന, പ്രക്ഷുബ്ധമായ കടലിനോടാണ് ഉപമിക്കുന്നത്. (യശ. 17:12; 57:20, 21; വെളി. 13:1) രാഷ്ട്രീയപ്രശ്നങ്ങൾ ആളുകളെ ഇളക്കുകയും ഭിന്നിപ്പിക്കുകയും കണ്ണിൽച്ചോരയില്ലാതെ അക്രമത്തിൽ ഏർപ്പെടാൻ അവരെ പ്രേരിപ്പിക്കുകയും ചെയ്യുന്നു. എന്നാൽ നമ്മൾ നമ്മുടെ ഇടയിലെ ഐക്യവും സമാധാനവും കാത്തുപരിപാലിക്കുന്നു. ലോകം ഭിന്നിച്ചുനിൽക്കുമ്പോൾ, തന്റെ ജനം ഐക്യത്തോടെ ഒരുമിച്ച് നിൽക്കുന്നതു കാണുന്നത് യഹോവയുടെ ഹൃദയത്തെ എത്രയധികം സന്തോഷിപ്പിക്കും!—സെഫന്യ 3:17 വായിക്കുക.
17. (എ) നമുക്കിടയിലെ ഐക്യം വർധിപ്പിക്കാൻ ചെയ്യാനാകുന്ന മൂന്നു കാര്യങ്ങൾ എന്തൊക്കെ? (ബി) അടുത്ത ലേഖനത്തിൽ നമ്മൾ എന്തു പഠിക്കും?
17 നമുക്കിടയിലെ ഐക്യം വർധിപ്പിക്കാൻ മൂന്നു കാര്യങ്ങൾ ചെയ്യാനാകും എന്നു നമ്മൾ പഠിച്ചു: (1) അനീതിക്ക് അറുതിവരുത്തുന്നതിനു ദൈവത്തിന്റെ സ്വർഗീയരാജ്യത്തിൽ നമ്മൾ പ്രത്യാശ അർപ്പിക്കുന്നു. (2) രാഷ്ട്രീയപ്രശ്നങ്ങളിൽ പക്ഷം പിടിക്കുന്നതു നമ്മൾ ഒഴിവാക്കുന്നു. (3) നമ്മൾ അക്രമത്തിന്റെ പാത തിരഞ്ഞെടുക്കുന്നില്ല. ചിലപ്പോൾ മുൻവിധി നമ്മുടെ ഐക്യത്തിനു ഭീഷണി ഉയർത്തിയേക്കാം. ഒന്നാം നൂറ്റാണ്ടിലെ ക്രിസ്ത്യാനികളെപ്പോലെ നമുക്കും ഈ പ്രശ്നം എങ്ങനെ വിജയകരമായി കൈകാര്യം ചെയ്യാമെന്ന് അടുത്ത ലേഖനത്തിൽ പഠിക്കും.