നിങ്ങളുടെ സമ്മാനം നഷ്ടമാകാതെ കാത്തുസൂക്ഷിക്കുക
“ആരും നിങ്ങളുടെ സമ്മാനം തട്ടിത്തെറിപ്പിക്കാൻ സമ്മതിക്കരുത്.”—കൊലോ. 2:18.
1, 2. (എ) എന്തു സമ്മാനത്തിനുവേണ്ടിയാണു ദൈവത്തിന്റെ ദാസർ നോക്കിയിരിക്കുന്നത്? (ബി) സമ്മാനത്തിൽ കണ്ണ് ഉറപ്പിക്കാൻ നമ്മളെ എന്തു സഹായിക്കും? (ലേഖനാരംഭത്തിലെ ചിത്രം കാണുക.)
അഭിഷിക്തക്രിസ്ത്യാനികൾക്കു പൗലോസ് അപ്പോസ്തലനെപ്പോലെ ‘സ്വർഗീയവിളിയെന്ന സമ്മാനം’ ലഭിക്കാനുള്ള പ്രത്യാശയുണ്ട്. (ഫിലി. 3:14) സ്വർഗീയരാജ്യത്തിൽ യേശുക്രിസ്തുവിനോടൊത്ത് ഭരണം നടത്താനും മനുഷ്യകുടുംബത്തെ പൂർണതയിലേക്കു നയിക്കാനും അവർ ആകാംക്ഷയോടെ കാത്തിരിക്കുന്നു. (വെളി. 20:6) എത്ര മഹത്തായ പ്രത്യാശയാണു ദൈവം അവരുടെ മുന്നിൽ തുറന്നുകൊടുത്തിരിക്കുന്നത്! വേറെ ആടുകൾക്കു മറ്റൊരു പ്രത്യാശയാണുള്ളത്. ഭൂമിയിൽ നിത്യം ജീവിക്കാനുള്ള സമ്മാനം നേടാനാണ് അവർ നോക്കിയിരിക്കുന്നത്. അതും എത്ര സന്തോഷം നൽകുന്ന ഒരു പ്രത്യാശയാണ്!—2 പത്രോ. 3:13.
2 വിശ്വസ്തരായിരിക്കാനും സമ്മാനം നേടാനും അഭിഷിക്തരായ സഹക്രിസ്ത്യാനികളെ സഹായിക്കുന്നതിനു പൗലോസ് അവരെ ഇങ്ങനെ പ്രോത്സാഹിപ്പിച്ചു: “ഉന്നതങ്ങളിലുള്ളവയിൽ മനസ്സുറപ്പിക്കുക.” (കൊലോ. 3:2) സ്വർഗത്തിൽ അവർക്കായി കരുതിവെച്ചിരിക്കുന്ന അവകാശം അവർ മനസ്സിൽ സൂക്ഷിക്കണമായിരുന്നു. (കൊലോ. 1:4, 5) സ്വർഗീയപ്രത്യാശയാണെങ്കിലും ഭൗമികപ്രത്യാശയാണെങ്കിലും, ദൈവദാസർക്ക് യഹോവ വെച്ചുനീട്ടിയിരിക്കുന്ന അനുഗ്രഹങ്ങളെക്കുറിച്ച് ആഴമായി ചിന്തിക്കുന്നത്, സമ്മാനത്തിൽ കണ്ണ് ഉറപ്പിക്കാൻ അവരെ സഹായിക്കും.—1 കൊരി. 9:24.
3. എന്തൊക്കെ അപകടങ്ങളെക്കുറിച്ചാണു പൗലോസ് സഹവിശ്വാസികൾക്കു മുന്നറിയിപ്പു കൊടുത്തത്?
3 സമ്മാനം കിട്ടുന്നതിൽനിന്ന് നമ്മളെ തടയാൻ സാധ്യതയുള്ള അപകടങ്ങളെക്കുറിച്ചും പൗലോസ് സഹക്രിസ്ത്യാനികളെ ഓർമിപ്പിച്ചു. ഉദാഹരണത്തിന്, ക്രിസ്തുവിലുള്ള വിശ്വാസത്തിനു പകരം മോശയുടെ നിയമം അനുസരിച്ചുകൊണ്ട് ദൈവത്തിന്റെ പ്രീതി നേടാൻ ആഗ്രഹിക്കുന്ന കള്ളക്രിസ്ത്യാനികളെക്കുറിച്ച് കൊലോസ്യയിലുള്ളവർക്കു പൗലോസ് എഴുതി. (കൊലോ. 2:16-18) സമ്മാനം കിട്ടുന്നതിനു തടസ്സമായേക്കാവുന്ന അപകടങ്ങളെക്കുറിച്ചും പൗലോസ് പറഞ്ഞു. തെറ്റായ ലൈംഗികാഗ്രഹങ്ങൾ എങ്ങനെ ചെറുക്കാമെന്നും സഹവിശ്വാസികളും കുടുംബാംഗങ്ങളും ആയുള്ള പ്രശ്നങ്ങൾ എങ്ങനെ പരിഹരിക്കാമെന്നും പൗലോസ് വിശദീകരിച്ചു. അദ്ദേഹം പറഞ്ഞ അപകടങ്ങൾ ഇന്നും നമുക്കു ചുറ്റുമുണ്ട്. അതുകൊണ്ട് ആ ഉപദേശങ്ങൾ നമുക്കു വിലപ്പെട്ടതാണ്. ഇപ്പോൾ പൗലോസ് കൊലോസ്യയിലുള്ളവർക്ക് എഴുതിയ കത്തിലെ ചില മുന്നറിയിപ്പുകൾ പരിശോധിക്കാം.
അധാർമികമോഹങ്ങളെ ‘കൊന്നുകളയുക’
4. അധാർമികമോഹങ്ങൾ നമ്മുടെ സമ്മാനം തട്ടിത്തെറിപ്പിച്ചേക്കാവുന്നത് എങ്ങനെ?
4 മഹത്തായ ഭാവിപ്രത്യാശയെക്കുറിച്ച് ഓർമിപ്പിച്ചശേഷം പൗലോസ് സഹോദരങ്ങൾക്ക് ഇങ്ങനെ എഴുതി: ‘അതുകൊണ്ട് ലൈംഗിക അധാർമികത, അശുദ്ധി, അനിയന്ത്രിതമായ കാമാവേശം, ദുഷിച്ച മോഹങ്ങൾ, അത്യാഗ്രഹം എന്നിങ്ങനെയുള്ള കാര്യങ്ങളിൽ നിങ്ങളുടെ ഭൗമികാവയവങ്ങളെ കൊന്നുകളയുക.’ (കൊലോ. 3:5) അധാർമികമോഹങ്ങൾക്കു വളരെയധികം ശക്തിയുണ്ട്. ആത്മീയനിധികൾ നമുക്കു ലഭിക്കുന്നതിന് അതൊരു തടസ്സമായേക്കാം. അധാർമികമോഹങ്ങളുടെ വലയിൽ അകപ്പെട്ടുപോയ ഒരു സഹോദരൻ സഭയിലേക്കു തിരിച്ചുവന്നശേഷം പറഞ്ഞു: “കുഴപ്പത്തിൽ ചെന്ന് ചാടുന്നതുവരെ അതിൽനിന്ന് പുറത്ത് കടക്കാൻ എനിക്കു പറ്റിയില്ല. അത്ര വലുതായിരുന്നു അതിന്റെ വശീകരണശക്തി.”
5. അപകടകരമായ സാഹചര്യങ്ങളിൽ നമ്മളെത്തന്നെ എങ്ങനെ സംരക്ഷിക്കാം?
5 യഹോവയുടെ ധാർമികനിലവാരങ്ങളിൽ വിട്ടുവീഴ്ച ചെയ്യാൻ പ്രലോഭനം തോന്നുന്ന സാഹചര്യങ്ങളിൽ വിശേഷാൽ ജാഗ്രതയുള്ളവരായിരിക്കണം. ഉദാഹരണത്തിന്, വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്ന ഇണകൾ വിവാഹത്തിനു മുമ്പ് ഇടപഴകുമ്പോൾ സ്പർശനം, ചുംബനം എന്നീ കാര്യങ്ങളിൽ എത്രത്തോളം പോകണമെന്നു നിശ്ചയിക്കുന്നതു ജ്ഞാനമായിരിക്കും. അതുപോലെ, രണ്ടുപേരും തനിച്ചായിരിക്കുന്ന കാര്യത്തിലും ശ്രദ്ധയുള്ളവരായിരിക്കണം. (സുഭാ. 22:3) കൂടാതെ, ജോലിയുടെ ആവശ്യത്തിനായി വീട്ടിൽനിന്ന് അകലെയായിരിക്കുമ്പോഴോ എതിർലിംഗത്തിൽപ്പെട്ട ഒരാളോടൊപ്പം ഒറ്റയ്ക്കു ജോലി ചെയ്യുമ്പോഴോ ഒക്കെ പ്രലോഭനമുണ്ടാകാൻ സാധ്യതയുണ്ട്. (സുഭാ. 2:10-12, 16) ഇത്തരം ഒരു സാഹചര്യത്തിലാകുന്ന പക്ഷം നിങ്ങൾ ഒരു യഹോവയുടെ സാക്ഷിയാണെന്ന കാര്യം വ്യക്തമാക്കുക, മാന്യമായി ഇടപെടുക. ശൃംഗരിക്കുന്നത് അപകടത്തിൽ കൊണ്ടെത്തിച്ചേക്കാമെന്ന് ഓർക്കുക. നമുക്ക് ഏകാന്തതയോ വിഷാദമോ തോന്നുന്ന സമയത്ത് പ്രലോഭനങ്ങൾക്കു വഴങ്ങാനുള്ള സാധ്യത കൂടുതലായിരിക്കും. കാരണം അത്തരം സാഹചര്യങ്ങളിൽ മറ്റൊരാളുടെ സഹായത്തിനോ സാന്ത്വനത്തിനോ വേണ്ടി നമ്മുടെ ഹൃദയം തുടിച്ചേക്കാം, വൈകാരികപിന്തുണ അതിയായി ആഗ്രഹിക്കുന്നതുകൊണ്ട് ആരെങ്കിലും നമ്മുടെ കാര്യത്തിൽ താത്പര്യമെടുത്താൽ നമ്മൾ പ്രലോഭനത്തിനു വശംവദരാകാൻ സാധ്യതയുണ്ട്. നിങ്ങൾ അങ്ങനെ ഒരു സാഹചര്യത്തിലൂടെ കടന്നുപോകുന്നെങ്കിൽ സഹായത്തിനായി യഹോവയിലേക്കും ദൈവജനത്തിലേക്കും തിരിയുക. സമ്മാനം കവർന്നെടുക്കാൻ യാതൊന്നിനെയും അനുവദിക്കരുത്.—സങ്കീർത്തനം 34:18; സുഭാഷിതങ്ങൾ 13:20 വായിക്കുക.
6. വിനോദങ്ങൾ തിരഞ്ഞെടുക്കുമ്പോൾ നമ്മൾ ഏതു കാര്യം മനസ്സിൽപ്പിടിക്കണം?
6 അധാർമികമോഹങ്ങൾ ‘കൊന്നുകളയാൻ’ അധാർമികവിനോദങ്ങൾ നമ്മൾ ഒഴിവാക്കണം. ഇന്നത്തെ മിക്ക വിനോദങ്ങളും പുരാതനകാലത്തെ സൊദോമിന്റെയും ഗൊമോറയുടെയും അവസ്ഥയാണു നമ്മുടെ ഓർമയിലേക്കു കൊണ്ടുവരുന്നത്. (യൂദ 7) ‘ലൈംഗിക അധാർമികതയ്ക്ക് ഒരു കുഴപ്പവുമില്ല, അത് ഒരു സാധാരണ സംഗതിയാണ്’ എന്നതുപോലുള്ള ആശയങ്ങളാണ് ഇന്നത്തെ വിനോദമാധ്യമങ്ങൾ പ്രചരിപ്പിക്കുന്നത്. ഈ വിനോദലോകം വെച്ചുനീട്ടുന്ന എന്തും ഇരുകൈയും നീട്ടി സ്വീകരിക്കുന്നെങ്കിൽ നമ്മുടെ ജാഗ്രത നഷ്ടപ്പെട്ടേക്കാം. അതുകൊണ്ട്, സമ്മാനത്തിൽനിന്ന് നമ്മുടെ ദൃഷ്ടി വ്യതിചലിപ്പിക്കാത്ത തരം വിനോദമായിരിക്കണം നമ്മൾ തിരഞ്ഞെടുക്കേണ്ടത്.—സുഭാ. 4:23.
സ്നേഹവും ദയയും “ധരിക്കുക”
7. ക്രിസ്തീയസഭയിൽ എന്തെല്ലാം പ്രശ്നങ്ങൾ നമ്മൾ നേരിട്ടേക്കാം?
7 ക്രിസ്തീയസഭയുടെ ഭാഗമായിരിക്കുന്നത് ഒരു അനുഗ്രഹമാണെന്നതിൽ സംശയമില്ല. മീറ്റിങ്ങുകളിൽ ദൈവവചനം പഠിക്കുകയും സഹോദരങ്ങൾ സ്നേഹത്തോടെയും ദയയോടെയും പരസ്പരം പിന്തുണയ്ക്കുകയും ചെയ്യുന്നത്, സമ്മാനത്തിൽ കണ്ണ് ഉറപ്പിക്കാൻ നമ്മളെ സഹായിക്കും. എങ്കിലും ചിലപ്പോൾ, തെറ്റിദ്ധാരണകൾ കാരണം സഹോദരങ്ങൾ തമ്മിലുള്ള ബന്ധത്തിനു വിള്ളൽ വീണേക്കാം. അത്തരം പ്രശ്നങ്ങൾ പരിഹരിച്ചില്ലെങ്കിൽ അതു സഹോദരങ്ങളുടെ മനസ്സിൽ നീരസവും വിദ്വേഷവും ഒക്കെ നിറച്ചേക്കും.—1 പത്രോസ് 3:8, 9 വായിക്കുക.
8, 9. (എ) ഏതെല്ലാം ഗുണങ്ങളുണ്ടായിരിക്കുന്നതു സമ്മാനം കരസ്ഥമാക്കാൻ നമ്മളെ സഹായിക്കും? (ബി) ഒരു സഹക്രിസ്ത്യാനി നമ്മളെ അസ്വസ്ഥരാക്കുന്നെങ്കിൽ സമാധാനം കാത്തുസൂക്ഷിക്കാൻ എങ്ങനെ സാധിക്കും?
8 നീരസംമൂലം നമ്മുടെ സമ്മാനം നഷ്ടപ്പെടാതിരിക്കാൻ എന്തു ചെയ്യാനാകും? പൗലോസ് കൊലോസ്യയിലുള്ളവരെ ഇങ്ങനെ പ്രോത്സാഹിപ്പിച്ചു: “നിങ്ങൾ ദൈവം തിരഞ്ഞെടുത്ത വിശുദ്ധരും പ്രിയരും ആയതുകൊണ്ട് ആർദ്രപ്രിയം, അനുകമ്പ, ദയ, താഴ്മ, സൗമ്യത, ക്ഷമ എന്നിവ ധരിക്കുക. ഒരാൾക്കു മറ്റൊരാൾക്കെതിരെ എന്തെങ്കിലും പരാതിക്കു കാരണമുണ്ടായാൽത്തന്നെ അതു സഹിക്കുകയും അന്യോന്യം ഉദാരമായി ക്ഷമിക്കുകയും ചെയ്യുക. യഹോവ നിങ്ങളോട് ഉദാരമായി ക്ഷമിച്ചതുപോലെ നിങ്ങളും ക്ഷമിക്കുക. ഇതിനെല്ലാം പുറമേ ആളുകളെ ഒറ്റക്കെട്ടായി നിറുത്താൻ കഴിവുള്ള സ്നേഹം ധരിക്കുക.”—കൊലോ. 3:12-14.
9 സ്നേഹവും ദയയും പരസ്പരം ക്ഷമിക്കാൻ നമ്മളെ സഹായിക്കും. ഒരു സഹക്രിസ്ത്യാനിയുടെ വാക്കുകളോ പ്രവൃത്തികളോ നമ്മളെ മുറിപ്പെടുത്തിയെങ്കിൽ, നമ്മൾ ദയയില്ലാതെ മറ്റുള്ളവരോടു പെരുമാറുകയോ സംസാരിക്കുകയോ ചെയ്ത സാഹചര്യങ്ങളെക്കുറിച്ച് ചിന്തിക്കുക. അത്തരം സന്ദർഭങ്ങളിൽ അവർ നമ്മുടെ തെറ്റുകൾ ക്ഷമിച്ചില്ലേ? അവർ കാണിച്ച ദയയും സ്നേഹവും നമ്മൾ വിലമതിക്കുന്നില്ലേ? (സഭാപ്രസംഗകൻ 7:21, 22 വായിക്കുക.) സത്യാരാധകരെ ഐക്യത്തിൽ കൂട്ടിച്ചേർത്തുകൊണ്ട് ക്രിസ്തു ദയ കാണിച്ചിരിക്കുന്നതിൽ നമ്മൾ നന്ദിയുള്ളവരാണ്. (കൊലോ. 3:15) നമ്മളെല്ലാം സേവിക്കുന്നത് ഒരേ ദൈവത്തെയാണ്, പ്രസംഗിക്കുന്നത് ഒരേ സന്ദേശമാണ്, നേരിടുന്ന മിക്ക പ്രശ്നങ്ങളും സമാനമാണ്. ദയയോടെയും സ്നേഹത്തോടെയും പരസ്പരം ക്ഷമിക്കുമ്പോൾ നാം ആ ക്രിസ്തീയ ഐക്യത്തിനു മാറ്റു കൂട്ടുകയാണ്. അതെ, ജീവനാകുന്ന സമ്മാനത്തിൽ നമ്മൾ ദൃഷ്ടി പതിപ്പിക്കുകയാണ്.
10, 11. (എ) അസൂയയുടെ അപകടം എന്താണ്? (ബി) അസൂയ കാരണം സമ്മാനം നഷ്ടമാകാതിരിക്കാൻ നമുക്ക് എന്തു ചെയ്യാനാകും?
10 സമ്മാനം തട്ടിത്തെറിപ്പിച്ചേക്കാവുന്ന മറ്റൊരു സംഗതിയാണ് അസൂയ. അതിന്റെ അപകടം വ്യക്തമാക്കുന്ന പല ദൃഷ്ടാന്തങ്ങളും ബൈബിളിലുണ്ട്. ഉദാഹരണത്തിന്, കയീൻ തന്റെ സഹോദരനായ ഹാബേലിനോട് അസൂയ പൂണ്ട് അദ്ദേഹത്തെ കൊന്നു. കോരഹും ദാഥാനും അബീരാമും മോശയോട് അസൂയപ്പെട്ട് അദ്ദേഹത്തിന് എതിരെ മത്സരിച്ചു. ഇനി, ശൗൽ രാജാവ് ദാവീദിന്റെ വിജയത്തിൽ അസൂയ മൂത്ത് അദ്ദേഹത്തെ കൊല്ലാൻ ശ്രമിച്ചു. “അസൂയയും വഴക്ക് ഉണ്ടാക്കാനുള്ള പ്രവണതയും ഉള്ളിടത്ത് എല്ലാം കുഴഞ്ഞുമറിഞ്ഞ അവസ്ഥയിലായിരിക്കും; അവിടെ എല്ലാ തരം തിന്മകളുമുണ്ട്” എന്നു ദൈവവചനം പറഞ്ഞിരിക്കുന്നതിൽ അതിശയിക്കാനില്ല.—യാക്കോ. 3:16.
11 നമ്മുടെ ഹൃദയത്തിൽ സ്നേഹവും ദയയും വളർത്തിയെടുക്കുന്നെങ്കിൽ നമ്മൾ പെട്ടെന്ന് അസൂയപ്പെടില്ല. ദൈവവചനം പറയുന്നു: “സ്നേഹം ക്ഷമയും ദയയും ഉള്ളതാണ്. സ്നേഹം അസൂയപ്പെടുന്നില്ല.” (1 കൊരി. 13:4) ഹൃദയത്തിൽ അസൂയ വേരു പിടിക്കാതിരിക്കാൻ, ദൈവം കാണുന്നതുപോലെ നമ്മൾ കാര്യങ്ങൾ വീക്ഷിക്കാൻ ശ്രമിക്കണം, നമ്മുടെ സഹോദരങ്ങളെ ഒരേ ശരീരത്തിലെ അവയവങ്ങളായി കാണണം. അപ്പോൾ, “ഒരു അവയവത്തിനു ബഹുമാനം കിട്ടുമ്പോൾ മറ്റുള്ളവയെല്ലാം അതിനോടൊപ്പം സന്തോഷിക്കുന്നു” എന്ന വാക്യത്തിനു ചേർച്ചയിൽ പ്രവർത്തിച്ചുകൊണ്ട് നമുക്കു സഹാനുഭൂതി കാണിക്കാൻ കഴിയും. (1 കൊരി. 12:16-18, 26) മറ്റുള്ളവർക്ക് അനുഗ്രഹങ്ങൾ കിട്ടുമ്പോൾ അസൂയ തോന്നുന്നതിനു പകരം നമ്മൾ സന്തോഷിക്കും. ശൗൽ രാജാവിന്റെ മകനായ യോനാഥാനെക്കുറിച്ച് ചിന്തിക്കുക. ദാവീദിനെ കിരീടാവകാശിയായി തിരഞ്ഞെടുത്തപ്പോൾ അസൂയപ്പെടുന്നതിനു പകരം അദ്ദേഹം ദാവീദിനെ ബലപ്പെടുത്തുകയാണു ചെയ്തത്. (1 ശമു. 23:16-18) യോനാഥാന് ഉണ്ടായിരുന്നത്ര ദയയും സ്നേഹവും നമുക്കുണ്ടോ?
കുടുംബം ഒരുമിച്ച് സമ്മാനം നേടുക
12. ഏതു തിരുവെഴുത്തുബുദ്ധിയുപദേശം അനുസരിക്കുന്നതു കുടുംബം ഒരുമിച്ച് സമ്മാനം നേടാൻ നമ്മളെ സഹായിക്കും?
12 ബൈബിൾതത്ത്വങ്ങൾ പ്രാവർത്തികമാക്കുകവഴി ഒരു കുടുംബത്തിനു സമാധാനവും സന്തോഷവും കണ്ടെത്താനും സമ്മാനം നേടാനും കഴിയും. കൊലോസ്യർക്കുള്ള കത്തിൽ കുടുംബങ്ങൾക്കുവേണ്ട എന്തു ബുദ്ധിയുപദേശമാണു പൗലോസ് കൊടുത്തത്? “ഭാര്യമാരേ, നിങ്ങളുടെ ഭർത്താക്കന്മാർക്കു കീഴ്പെട്ടിരിക്കുക. അതാണല്ലോ ഒരു ക്രിസ്ത്യാനിക്കു ചേർന്നത്. ഭർത്താക്കന്മാരേ, നിങ്ങളുടെ ഭാര്യമാരെ സ്നേഹിക്കുക. അവരോടു വല്ലാതെ ദേഷ്യപ്പെടരുത്. മക്കളേ, എല്ലാ കാര്യങ്ങളിലും നിങ്ങളുടെ മാതാപിതാക്കളെ അനുസരിക്കുക. കാരണം ഇതു കർത്താവിനു വലിയ ഇഷ്ടമുള്ള കാര്യമാണ്. പിതാക്കന്മാരേ, നിങ്ങളുടെ മക്കളെ വെറുതേ ദേഷ്യം പിടിപ്പിക്കരുത്, അവരുടെ മനസ്സിടിഞ്ഞുപോകും.” (കൊലോ. 3:18-21) ദൈവപ്രചോദിതമായി പൗലോസ് എഴുതിയ ഈ ബുദ്ധിയുപദേശം ഭർത്താക്കന്മാർക്കും ഭാര്യമാർക്കും കുട്ടികൾക്കും ഇന്നും പ്രയോജനം ചെയ്യുമെന്നതിനു രണ്ടു പക്ഷമില്ല.
13. അവിശ്വാസിയായ ഭർത്താവിനെ സത്യത്തിലേക്ക് ആകർഷിക്കാൻ ഒരു സഹോദരിക്ക് എന്തു ചെയ്യാൻ കഴിയും?
13 അവിശ്വാസിയായ ഭർത്താവ് നിങ്ങളോടു നന്നായിട്ടല്ല പെരുമാറുന്നതെന്നു കരുതുക. അതെക്കുറിച്ച് പറഞ്ഞ് നിങ്ങൾ ദേഷ്യപ്പെടുകയും വഴക്കുണ്ടാക്കുകയും ചെയ്യുന്നെങ്കിൽ സാഹചര്യം മെച്ചപ്പെടുമോ? അദ്ദേഹം ഒരുപക്ഷേ നിങ്ങൾ ആഗ്രഹിക്കുന്ന വിധത്തിൽ ഇടപെട്ടേക്കാം. പക്ഷേ അദ്ദേഹം സത്യത്തിലേക്കു വരാൻ സാധ്യതയുണ്ടോ? ഇല്ല. എന്നാൽ, നിങ്ങൾ ഭർത്താവിന്റെ ശിരഃസ്ഥാനത്തെ ആദരിക്കുന്നെങ്കിൽ അതു കുടുംബത്തിൽ സമാധാനം വരുത്തും, യഹോവയ്ക്കു സ്തുതി കരേറ്റും, ഒരുപക്ഷേ ഭർത്താവ് സത്യാരാധനയിലേക്കു വരാനും ഇടയാകും. അങ്ങനെ നിങ്ങൾക്കു രണ്ടു പേർക്കും സമ്മാനം നേടാൻ കഴിയും.—1 പത്രോസ് 3:1, 2 വായിക്കുക.
14. അവിശ്വാസിയായ ഭാര്യ ബഹുമാനിക്കുന്നില്ലെങ്കിൽ ഒരു ഭർത്താവ് എന്തു ചെയ്യണം?
14 അവിശ്വാസിയായ ഭാര്യ തന്നെ ബഹുമാനിക്കുന്നില്ലെന്നു കരുതുന്ന ഒരു ഭർത്താവാണോ നിങ്ങൾ? തന്റെ അധികാരം കാണിച്ചുകൊടുക്കാൻവേണ്ടി ഭാര്യയെ ശകാരിക്കുന്ന ഒരു ഭർത്താവിനു ഭാര്യയുടെ ആദരവ് ലഭിക്കുമോ? ഒരിക്കലുമില്ല! നിങ്ങൾ യേശുവിനെ അനുകരിച്ചുകൊണ്ട് സ്നേഹത്തോടെ ശിരസ്ഥാനം പ്രയോഗിക്കാനാണു ദൈവം ആഗ്രഹിക്കുന്നത്. (എഫെ. 5:23) സ്നേഹത്തോടെയും ക്ഷമയോടെയും ആണ് യേശു സഭയുടെ മേൽ അധികാരം പ്രയോഗിക്കുന്നത്. (ലൂക്കോ. 9:46-48) യേശുവിനെ അനുകരിക്കുന്നെങ്കിൽ ഒരുപക്ഷേ ഭർത്താവിനു ഭാര്യയെ സത്യാരാധനയിലേക്കു കൊണ്ടുവരാൻ കഴിഞ്ഞേക്കും.
15. എങ്ങനെ ഒരു ക്രിസ്ത്യാനിക്കു ഭാര്യയോടുള്ള സ്നേഹം കാണിക്കാൻ കഴിയും?
15 ഭർത്താക്കന്മാരോട് ഇങ്ങനെ പറഞ്ഞിരിക്കുന്നു: “ഭർത്താക്കന്മാരേ, നിങ്ങളുടെ ഭാര്യമാരെ സ്നേഹിക്കുക. അവരോടു വല്ലാതെ ദേഷ്യപ്പെടരുത്.” (കൊലോ. 3:19) ഭാര്യയുടെ അഭിപ്രായങ്ങൾ ശ്രദ്ധിച്ചുകൊണ്ടും ഭാര്യ പറയുന്നതിനു താൻ വില കല്പിക്കുന്നെന്ന് ഉറപ്പു കൊടുത്തുകൊണ്ടും സ്നേഹമുള്ള ഒരു ഭർത്താവ് ഭാര്യയെ ആദരിക്കുന്നു. (1 പത്രോ. 3:7) ഭാര്യയുടെ ഇഷ്ടപ്രകാരം എല്ലാ കാര്യങ്ങളും ചെയ്യാൻ കഴിയില്ലെങ്കിലും ഭാര്യയുടെ അഭിപ്രായംകൂടെ കണക്കിലെടുത്തതിനു ശേഷമായിരിക്കും ഭർത്താവ് ഒരു തീരുമാനത്തിലെത്തുന്നത്. (സുഭാ. 15:22) സ്നേഹമുള്ള ഒരു ഭർത്താവ് ഭാര്യയുടെ ബഹുമാനം പിടിച്ചുവാങ്ങാൻ ശ്രമിക്കില്ല, മറിച്ച് അതു നേടിയെടുക്കും. ഭാര്യയെയും മക്കളെയും സ്നേഹിക്കുന്ന ഒരു ഭർത്താവ് യഹോവയെ സന്തോഷത്തോടെ സേവിക്കുന്ന ഒരു കുടുംബം പണിതുയർത്തും. അവർ ഭാവിയിൽ ഒരുമിച്ച് ജീവന്റെ സമ്മാനം നേടുകയും ചെയ്യും.
ചെറുപ്പക്കാരേ, യാതൊന്നും നിങ്ങളുടെ സമ്മാനം തട്ടിത്തെറിപ്പിക്കാതിരിക്കട്ടെ!
16, 17. മാതാപിതാക്കളുടെ ശിക്ഷണത്തോടു നീരസം കാണിക്കാതിരിക്കാൻ ചെറുപ്പക്കാർക്ക് എങ്ങനെ കഴിയും?
16 ചെറുപ്പക്കാരേ, മാതാപിതാക്കൾ നിങ്ങളെ മനസ്സിലാക്കുന്നില്ലെന്നും നിങ്ങൾക്ക് ആവശ്യത്തിനു സ്വാതന്ത്ര്യം തരുന്നില്ലെന്നും നിങ്ങൾക്കു തോന്നുന്നുണ്ടോ? അതെപ്രതി നിങ്ങൾക്ക് അസ്വസ്ഥത തോന്നിയാൽ യഹോവയെ സേവിക്കണോ എന്നുപോലും നിങ്ങൾ ചിന്തിച്ചുപോയേക്കാം. അങ്ങനെ നിങ്ങൾ യഹോവയെ സേവിക്കുന്നതു നിറുത്തിയാൽ ഒരു കാര്യം നിങ്ങൾ തിരിച്ചറിയേണ്ടിവരും: ദൈവഭയമുള്ള മാതാപിതാക്കളെയും സഹോദരങ്ങളെയും പോലെ നിങ്ങളുടെ കാര്യത്തിൽ താത്പര്യമുള്ള മറ്റാരുമില്ല എന്ന സത്യം.
17 മാതാപിതാക്കൾ നിങ്ങളെ ഒരിക്കലും തിരുത്തിയിട്ടില്ലെങ്കിൽ അവർക്ക് യഥാർഥത്തിൽ നിങ്ങളോടു സ്നേഹമുണ്ടെന്നു പറയാൻ കഴിയുമോ? (എബ്രാ. 12:8) ഒരുപക്ഷേ മാതാപിതാക്കൾ ശിക്ഷണം തരുന്ന രീതിയായിരിക്കാം നിങ്ങൾക്ക് ഇഷ്ടപ്പെടാത്തത്. ശിക്ഷണം തരുന്ന വിധത്തെക്കുറിച്ച് ഓർത്ത് വിഷമിക്കുന്നതിനു പകരം എന്തുകൊണ്ടാണ് അവർ ശിക്ഷണം തന്നതെന്നു ചിന്തിക്കുക. അതുകൊണ്ട്, മാതാപിതാക്കൾ കുറ്റപ്പെടുത്തുമ്പോൾ പ്രകോപിതരാകുന്നതിനു പകരം ശാന്തരായിരിക്കുക. ദൈവവചനം പറയുന്നു: “അറിവുള്ളവൻ വാക്കുകൾ നിയന്ത്രിക്കുന്നു; വകതിരിവുള്ളവൻ ശാന്തത പാലിക്കും.” (സുഭാ. 17:27) ഏതു രീതിയിലാണ് ഉപദേശം തന്നതെന്ന് ഓർത്ത് വിഷമിക്കുന്നതിനു പകരം ആ ബുദ്ധിയുപദേശത്തിൽനിന്ന് പ്രയോജനം നേടുക. ശാന്തതയോടെ ശിക്ഷണം സ്വീകരിക്കാൻ കഴിയുന്ന പക്വതയുള്ള ഒരാളായിത്തീരുക എന്നതായിരിക്കട്ടെ നിങ്ങളുടെ ലക്ഷ്യം. (സുഭാ. 1:8) യഹോവയെ യഥാർഥത്തിൽ സ്നേഹിക്കുന്ന മാതാപിതാക്കളുണ്ടായിരിക്കുന്നത് ഒരു അനുഗ്രഹമാണ്. ജീവന്റെ സമ്മാനം നേടാൻ അവർ നിങ്ങളെ തീർച്ചയായും സഹായിക്കും.
18. സമ്മാനത്തിൽ കണ്ണ് ഉറപ്പിക്കാൻ നിങ്ങൾ തീരുമാനിച്ചിരിക്കുന്നത് എന്തുകൊണ്ട്?
18 നമ്മുടെ സമ്മാനം സ്വർഗത്തിലെ അമർത്യജീവനായാലും പറുദീസാഭൂമിയിലെ നിത്യജീവനായാലും, അതെപ്പറ്റി വിഭാവന ചെയ്യുന്നതു നമ്മളെ വിസ്മയിപ്പിക്കും. അത് ഉറപ്പുള്ള ഒരു പ്രത്യാശയാണ്, അതിന്റെ അടിസ്ഥാനം സ്രഷ്ടാവിന്റെ വാഗ്ദാനമാണ്. പറുദീസാഭൂമിയെക്കുറിച്ച് ദൈവം പറയുന്നു: “ഭൂമി മുഴുവൻ യഹോവയുടെ പരിജ്ഞാനം നിറഞ്ഞിരിക്കും.” (യശ. 11:9) അന്നു ഭൂമിയിൽ ജീവിച്ചിരിക്കുന്ന എല്ലാവരും ദൈവത്താൽ പഠിപ്പിക്കപ്പെട്ടവരായിരിക്കും. ആ സമ്മാനത്തിനു നിങ്ങൾ എത്ര ശ്രമിച്ചാലും അതൊരു നഷ്ടമേ അല്ല. അതുകൊണ്ട് യഹോവ വാഗ്ദാനം ചെയ്തിരിക്കുന്ന കാര്യങ്ങളിൽ മനസ്സു പതിപ്പിക്കുക, യാതൊന്നും നിങ്ങളുടെ സമ്മാനം തട്ടിത്തെറിപ്പിക്കാതിരിക്കട്ടെ!