ജീവിതകഥ
എനിക്കുള്ളതെല്ലാം പിന്നിൽ ഉപേക്ഷിച്ച് യജമാനനെ അനുഗമിക്കുന്നു
“പ്രസംഗിക്കാൻ പോയിട്ട് പിന്നെ ഇങ്ങോട്ടു വന്നേക്കരുത്. വന്നാൽ നിന്റെ കാൽ ഞാൻ തല്ലിയൊടിക്കും.” അച്ഛന്റെ ഭീഷണിവാക്കുകൾ എന്റെ കാതുകളിൽ മുഴങ്ങുന്നുണ്ടായിരുന്നു. എങ്കിലും ഞാൻ വീടു വിട്ട് ഇറങ്ങാൻ തീരുമാനിച്ചു. ഇതായിരുന്നു യജമാനനെ അനുഗമിക്കാൻ കാര്യങ്ങൾ പിന്നിൽ ഉപേക്ഷിച്ചതിന്റെ തുടക്കം. അന്ന് എനിക്കു വയസ്സ് 16.
എന്തായിരുന്നു ആ സാഹചര്യത്തിലേക്കു നയിച്ചത്? ഞാൻ എന്റെ കുട്ടിക്കാലത്തെക്കുറിച്ച് പറഞ്ഞുതുടങ്ങട്ടെ. 1929 ജൂലൈ 29-നാണു ഞാൻ ജനിച്ചത്. ഫിലിപ്പീൻസിലെ ബുളാക്കാൻ പ്രദേശത്തെ ഒരു ഗ്രാമത്തിലാണു ഞാൻ വളർന്നുവന്നത്. സാമ്പത്തികമാന്ദ്യത്തിന്റെ സമയമായിരുന്നു അത്, ഉള്ളതുകൊണ്ട് ഒതുങ്ങിക്കൂടിയാണു ഞങ്ങൾ കഴിഞ്ഞിരുന്നത്. എന്റെ ചെറുപ്പകാലത്ത് യുദ്ധം പൊട്ടിപ്പുറപ്പെട്ടു. ജപ്പാൻ ഫിലിപ്പീൻസിനെ ആക്രമിച്ചു. എന്നാൽ ഞങ്ങളുടെ ഗ്രാമം കുറച്ച് ഉള്ളിലായിരുന്നതുകൊണ്ട് യുദ്ധം ഞങ്ങളെ നേരിട്ട് ബാധിച്ചില്ല. അവിടെ റേഡിയോയും ടിവിയും പത്രങ്ങളും ഒന്നും ഇല്ലായിരുന്നു. അതുകൊണ്ട് യുദ്ധത്തെക്കുറിച്ച് പറഞ്ഞുകേട്ട അറിവേ ഞങ്ങൾക്കുണ്ടായിരുന്നുള്ളൂ.
എട്ടു മക്കളിൽ രണ്ടാമത്തവനായിരുന്നു ഞാൻ. എനിക്ക് എട്ടു വയസ്സായപ്പോൾ മുത്തച്ഛനും മുത്തശ്ശിയും എന്നെ അവരുടെ വീട്ടിലേക്കു കൊണ്ടുപോയി. ഞങ്ങൾ കത്തോലിക്കരായിരുന്നെങ്കിലും മുത്തച്ഛൻ വിശാലമായി ചിന്തിക്കുന്നയാളായിരുന്നു. ചില സുഹൃത്തുക്കൾ കൊടുത്ത മതപരമായ പ്രസിദ്ധീകരണങ്ങൾ അദ്ദേഹം സ്വീകരിച്ചു. തഗലോഗ് ഭാഷയിലുള്ള സംരക്ഷണം, സുരക്ഷ, മറനീക്കപ്പെട്ടിരിക്കുന്നു a എന്നീ ചെറുപുസ്തകങ്ങളും ബൈബിളും അദ്ദേഹം എന്നെ കാണിച്ചതു ഞാൻ ഇന്നും ഓർക്കുന്നു. ബൈബിൾ വായിക്കുന്നത് എനിക്ക് ഇഷ്ടമായിരുന്നു, പ്രത്യേകിച്ചും സുവിശേഷഭാഗങ്ങൾ. ആ ഭാഗങ്ങൾ വായിച്ചപ്പോൾ യേശുവിനെ അനുഗമിക്കാനുള്ള ആഗ്രഹം എനിക്കുണ്ടായി.—യോഹ. 10:27.
യജമാനനെ അനുഗമിക്കാൻ പഠിക്കുന്നു
1945-ൽ ജപ്പാന്റെ അധിനിവേശം അവസാനിച്ചു. ആ സമയത്ത് എന്റെ മാതാപിതാക്കൾ എന്നെ തിരികെ വീട്ടിലേക്കു വിളിച്ചു. മുത്തച്ഛന്റെ അനുവാദത്തോടെ ഞാൻ വീട്ടിലേക്കു പോയി.
കുറച്ച് നാൾ കഴിഞ്ഞ് 1945 ഡിസംബറിൽ ആൻഗറ്റ് പട്ടണത്തിലുള്ള യഹോവയുടെ സാക്ഷികളായ കുറെ പേർ ഞങ്ങളുടെ ഗ്രാമത്തിൽ പ്രസംഗപ്രവർത്തനത്തിനായി എത്തി. അക്കൂട്ടത്തിലെ പ്രായം ചെന്ന ഒരാൾ ഞങ്ങളുടെ വീട്ടിൽ വന്നു. ‘അവസാനകാലത്തെക്കുറിച്ച്’ ബൈബിൾ പറയുന്ന കാര്യങ്ങൾ അദ്ദേഹം വിശദീകരിച്ചു. (2 തിമൊ. 3:1-5) അടുത്തുള്ള ഗ്രാമത്തിൽ നടക്കുന്ന ഒരു ബൈബിൾപഠനത്തിൽ പങ്കെടുക്കാൻ അദ്ദേഹം ഞങ്ങളെ ക്ഷണിച്ചു. എന്റെ മാതാപിതാക്കൾ പോയില്ല, പക്ഷേ ഞാൻ പോയി. 20-ഓളം പേരാണ് അവിടെയുണ്ടായിരുന്നത്. ചിലർ ബൈബിൾവിഷയങ്ങളെക്കുറിച്ച് ചില ചോദ്യങ്ങൾ ചോദിച്ചു.
അവർ പറഞ്ഞ കാര്യങ്ങൾ എല്ലാമൊന്നും മനസ്സിലാകാഞ്ഞതിനാൽ അവിടെനിന്ന് പോരാൻ ഞാൻ തീരുമാനിച്ചു. അപ്പോഴാണ് അവർ ഒരു രാജ്യഗീതം പാടാൻ തുടങ്ങിയത്. പാട്ട് എനിക്കു വളരെ ഇഷ്ടപ്പെട്ടു. അതുകൊണ്ട് ഞാൻ അവിടെത്തന്നെ
ഇരുന്നു. പാട്ടും പ്രാർഥനയും കഴിഞ്ഞപ്പോൾ, പിറ്റെ ഞായറാഴ്ച ആൻഗറ്റിൽവെച്ച് നടക്കുന്ന യോഗത്തിൽ പങ്കെടുക്കാൻ എല്ലാവരെയും ക്ഷണിച്ചു.ഞങ്ങളിൽ പലരും എട്ടു കിലോമീറ്ററോളം നടന്ന് ആ യോഗത്തിനു പോയി. ക്രൂസ് കുടുംബത്തിന്റെ വീട്ടിൽ നടന്ന യോഗത്തിൽ 50 പേർ പങ്കെടുത്തു. കുട്ടികൾപോലും ആഴമേറിയ ബൈബിൾവിഷയങ്ങളെക്കുറിച്ച് അഭിപ്രായങ്ങൾ പറയുന്നതു കേട്ട് ഞാൻ അതിശയിച്ചു. പിന്നെയും ഞാൻ അവിടെ പല മീറ്റിങ്ങുകൾ കൂടി. ഒരു ദിവസം മുൻനിരസേവകനായ ഡാമിയൻ സാന്റോസ് സഹോദരൻ അദ്ദേഹത്തിന്റെ വീട്ടിൽ ഒരു രാത്രി തങ്ങാൻ എന്നെ ക്ഷണിച്ചു. പ്രായമുള്ള ആ സഹോദരൻ മുമ്പ് ഒരു മേയറായിരുന്നു. ബൈബിൾവിഷയങ്ങൾ ചർച്ച ചെയ്തുകൊണ്ട് ആ രാത്രിയുടെ അധികസമയവും ഞങ്ങൾ ചെലവഴിച്ചു.
ആ കാലത്ത് അടിസ്ഥാന ബൈബിൾസത്യങ്ങൾ പഠിച്ച് കഴിയുമ്പോൾത്തന്നെ പലരും സത്യത്തിനുവേണ്ടി നിലപാടെടുക്കുമായിരുന്നു. കുറച്ച് നാൾ മീറ്റിങ്ങുകൾക്കു പോയശേഷം എന്നോടും മറ്റു ചിലരോടും സഹോദരങ്ങൾ ചോദിച്ചു: “നിങ്ങൾക്കു സ്നാനപ്പെടാൻ ആഗ്രഹമുണ്ടോ?” എന്റെ മറുപടി ഇതായിരുന്നു, “ഉണ്ട്, എനിക്ക് ആഗ്രഹമുണ്ട്.” “ക്രിസ്തു എന്ന യജമാനനുവേണ്ടി ഒരു അടിമയെപ്പോലെ” പണിയെടുക്കാനായിരുന്നു എന്റെ ആഗ്രഹം. (കൊലോ. 3:24) 1946 ഫെബ്രുവരി 15-ന് അടുത്തുള്ള ഒരു നദിയിൽവെച്ച് ഞങ്ങളിൽ രണ്ടു പേർ സ്നാനപ്പെട്ടു.
സ്നാനമേറ്റ ക്രിസ്ത്യാനികൾ യേശുവിനെ അനുകരിച്ചുകൊണ്ട് പ്രസംഗപ്രവർത്തനത്തിൽ ഏർപ്പെടണമെന്നു ഞങ്ങൾക്ക് അറിയാമായിരുന്നു. പക്ഷേ അത് എന്റെ അച്ഛന് ഇഷ്ടമല്ലായിരുന്നു. അദ്ദേഹം പറഞ്ഞു: “നിനക്കു പ്രസംഗിക്കാനുള്ള പ്രായമായിട്ടില്ല. അല്ലെങ്കിൽത്തന്നെ വെള്ളത്തിൽ ഒന്നു മുങ്ങിയെന്നുവെച്ച് നീ ഒരു സുവിശേഷകനാകുമോ?” ദൈവരാജ്യത്തിന്റെ സന്തോഷവാർത്ത പ്രസംഗിക്കുക എന്നതു ദൈവത്തിന്റെ ഇഷ്ടമാണെന്നു ഞാൻ വിശദീകരിച്ചു. (മത്താ. 24:14) “ദൈവത്തിനു കൊടുത്ത വാക്ക് എനിക്കു നിറവേറ്റണം,” ഞാൻ പറഞ്ഞു. അപ്പോൾ അച്ഛൻ എന്നെ ഭീഷണിപ്പെടുത്തി. അതെക്കുറിച്ചാണു ഞാൻ ആദ്യം പറഞ്ഞത്. എങ്ങനെയും എന്നെ പ്രസംഗവേലയിൽനിന്ന് തടയുകയായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. ആത്മീയലക്ഷ്യങ്ങൾക്കുവേണ്ടി എല്ലാം പിന്നിൽ ഉപേക്ഷിക്കുന്നതിന്റെ തുടക്കമായിരുന്നു അത്.
ക്രൂസ് കുടുംബം എന്നെ അവരോടൊപ്പം താമസിക്കാൻ ആൻഗറ്റിലേക്കു ക്ഷണിച്ചു. എന്നെയും അവരുടെ ഇളയ മകൾ നോറയെയും മുൻനിരസേവകരാകാൻ അവർ പ്രോത്സാഹിപ്പിച്ചു. 1947 നവംബർ 1-ാം തീയതി ഞങ്ങൾ രണ്ടു പേരും മുൻനിരസേവനം ആരംഭിച്ചു. ഞാൻ ആൻഗറ്റിൽത്തന്നെ പ്രസംഗപ്രവർത്തനം തുടർന്നു, നോറ മറ്റൊരു പട്ടണത്തിലും.
പലതും പിന്നിൽ ഉപേക്ഷിക്കാനുള്ള മറ്റൊരു അവസരം
ഞാൻ മുൻനിരസേവനം തുടങ്ങി മൂന്നാം വർഷം ബ്രാഞ്ചോഫീസിൽനിന്നുള്ള ഏൾ സ്റ്റ്യൂവർട്ട് സഹോദരൻ ആൻഗറ്റ് പട്ടണത്തിലെ ഒരു പൊതുസ്ഥലത്തുവെച്ച് ഒരു പ്രസംഗം നടത്തി. 500-ലധികം പേർ അതു കേൾക്കാൻ കൂടിവന്നു. ഇംഗ്ലീഷിലായിരുന്നു പ്രസംഗം. ആ പ്രസംഗത്തിന്റെ രത്നചുരുക്കം ഞാൻ തഗലോഗ് ഭാഷയിൽ നടത്തി. ഏഴു വർഷത്തെ സ്കൂൾ വിദ്യാഭ്യാസമേ എനിക്കുണ്ടായിരുന്നുള്ളൂ. എങ്കിലും ഇംഗ്ലീഷ് എനിക്കു വശമായിരുന്നു. കാരണം, ഞങ്ങളുടെ അധ്യാപകർ മിക്കപ്പോഴും ഇംഗ്ലീഷാണ് ഉപയോഗിച്ചിരുന്നത്. അതുപോലെ നമ്മുടെ കുറച്ച് പ്രസിദ്ധീകരണങ്ങൾ മാത്രമേ തഗലോഗ് ഭാഷയിലുണ്ടായിരുന്നുള്ളൂ. അതുകൊണ്ട് ഇംഗ്ലീഷ് ഭാഷയിലുള്ള പ്രസിദ്ധീകരണങ്ങളാണു ഞാൻ അധികവും പഠിച്ചത്. അങ്ങനെയാണ് ആ പ്രസംഗവും മറ്റു പ്രസംഗങ്ങളും ഇംഗ്ലീഷിലേക്കു പരിഭാഷപ്പെടുത്താൻ എനിക്കു കഴിഞ്ഞത്.
ബഥേലിൽ സേവിക്കാൻ ഒന്നോ രണ്ടോ മുൻനിരസേവകരെ ആവശ്യമുണ്ടെന്ന്, പ്രസംഗം നടത്തിയ ദിവസം സ്റ്റ്യൂവർട്ട് സഹോദരൻ പ്രാദേശികസഭയെ അറിയിച്ചു. 1950-ൽ ഐക്യനാടുകളിലെ ന്യൂയോർക്കിൽവെച്ച് നടക്കുന്ന ദിവ്യാധിപത്യ വർധന സമ്മേളനത്തിൽ പങ്കെടുക്കാൻ മിഷനറിമാർ പോകുന്ന സമയത്ത് ബഥേലിൽ സേവിക്കാൻ ആളെ ആവശ്യമുണ്ടായിരുന്നു. ക്ഷണം കിട്ടിയവരിൽ ഒരാൾ ഞാനായിരുന്നു. വീണ്ടും പരിചിതമായ ചുറ്റുപാടുകൾ ഞാൻ ഉപേക്ഷിച്ചു, ബഥേൽസേവനത്തിനായി.
1950 ജൂൺ 19-നു ഞാൻ ബഥേലിൽ സേവിക്കാൻ തുടങ്ങി. വൻ മരങ്ങളാൽ ചുറ്റപ്പെട്ട രണ്ടര ഏക്കറിലെ വലിയൊരു പഴയ വീടായിരുന്നു ബഥേൽ. 12-ഓളം ഏകാകിളായ സഹോദരന്മാർ അവിടെ സേവിക്കുന്നുണ്ടായിരുന്നു. അതിരാവിലെ ഞാൻ അടുക്കളയിൽ സഹായിക്കും. പിന്നെ ഒൻപതു മണിമുതൽ വസ്ത്രങ്ങൾ തേക്കും. ഉച്ചകഴിഞ്ഞും ഈ ജോലികൾതന്നെയായിരുന്നു. അന്തർദേശീയ സമ്മേളനം കഴിഞ്ഞ് മിഷനറിമാർ തിരികെ വന്നതിനു ശേഷവും ഞാൻ ബഥേലിൽ തുടർന്നു. അയയ്ക്കാനുള്ള മാസികകൾ പൊതിയുക, വരിസംഖ്യകൾ കൈകാര്യം ചെയ്യുക, റിസപ്ഷനിൽ ഇരിക്കുക എന്നിങ്ങനെ എന്നെ ഏൽപ്പിച്ച ജോലിയെല്ലാം ഞാൻ ചെയ്തു.
ഗിലെയാദ് സ്കൂളിനുവേണ്ടി ഫിലിപ്പീൻസ് ‘ഉപേക്ഷിക്കുന്നു’
1952-ൽ ഗിലെയാദ് സ്കൂളിന്റെ 20-ാമത്തെ ക്ലാസിൽ പങ്കെടുക്കാൻ ഫിലിപ്പീൻസിൽനിന്നുള്ള ആറു പേരോടൊപ്പം എനിക്കും ക്ഷണം ലഭിച്ചപ്പോൾ ഞാൻ ആവേശഭരിതനായി. ഐക്യനാടുകളിൽ കണ്ടതും അനുഭവിച്ചതും ആയ പലതും, ഞങ്ങൾക്കു പുതിയതും അപരിചിതവും ആയിരുന്നു. ഞങ്ങളുടെ കൊച്ചുഗ്രാമത്തിൽ ഞാൻ കണ്ടുപരിചയിച്ച കാര്യങ്ങളിൽനിന്നും തികച്ചും വ്യത്യസ്തം.
ഉദാഹരണത്തിന്, അവിടത്തെ പല ഉപകരണങ്ങളും എങ്ങനെ ഉപയോഗിക്കണമെന്നു ഞങ്ങൾ പഠിക്കണമായിരുന്നു. കാലാവസ്ഥയും വളരെ വ്യത്യസ്തമായിരുന്നു. ഒരു ദിവസം രാവിലെ പുറത്തേക്ക് ഇറങ്ങിയ എന്റെ മുന്നിൽ അതാ, വെള്ളയണിഞ്ഞ മനോഹരമായ ഒരു ലോകം! അന്ന് ആദ്യമായിട്ടായിരുന്നു ഞാൻ മഞ്ഞു കാണുന്നത്. ശരിക്കും തണുപ്പ് എന്താണെന്ന് അന്ന് ഞാൻ മനസ്സിലാക്കി!
എന്നാൽ, ഗിലെയാദിലെ മികച്ച പരിശീലനത്തിൽ മുഴുകിയ ഞങ്ങൾക്ക് ഈ മാറ്റങ്ങൾ ഒന്നുമല്ലായിരുന്നു. എങ്ങനെ നന്നായി ഗവേഷണം ചെയ്യണമെന്നും പഠിക്കണമെന്നും ഞങ്ങൾക്കു മനസ്സിലായി. ഫലപ്രദമായ പഠിപ്പിക്കൽരീതികളായിരുന്നു അധ്യാപകർ ഉപയോഗിച്ചത്. ആത്മീയമായി പുരോഗമിക്കാൻ ഗിലെയാദിലെ പരിശീലനം എന്നെ ശരിക്കും സഹായിച്ചു.
ബിരുദം കിട്ടിയശേഷം എന്നെ താത്കാലികമായി, ന്യൂയോർക്ക് സിറ്റിയിലെ ബ്രോൻക്സിൽ പ്രത്യേക മുൻനിരസേവകനായി നിയമിച്ചു. 1953 ജൂലൈയിൽ ആ പ്രദേശത്ത് നടന്ന പുതിയ ലോക സമുദായം സമ്മേളനത്തിൽ പങ്കെടുക്കാൻ എനിക്കു കഴിഞ്ഞു. സമ്മേളനത്തിനു ശേഷം ഫിലിപ്പീൻസിൽ നിയമനം കിട്ടിയ ഞാൻ അവിടേക്കു തിരിച്ചുപോയി.
നഗരജീവിതത്തിന്റെ സുഖങ്ങൾ ഉപേക്ഷിക്കുന്നു
“ഇനി സഹോദരൻ സർക്കിട്ട് വേലയിലായിരിക്കും,” ബ്രാഞ്ചോഫീസിലെ സഹോദരങ്ങൾ എന്നോടു പറഞ്ഞു. യഹോവയുടെ ആടുകളെ സഹായിക്കുന്നതിനു വിദൂരത്തുള്ള പട്ടണങ്ങളിലേക്കും നഗരങ്ങളിലേക്കും യാത്ര ചെയ്ത യജമാനന്റെ കാൽച്ചുവടുകൾ ഒരു അക്ഷരീയ അർഥത്തിൽ പിന്തുടരാൻ അതുവഴി എനിക്കു കഴിഞ്ഞു. (1 പത്രോ. 2:21) ഫിലിപ്പീൻസിലെ ഏറ്റവും വലിയ ദ്വീപായ ലുസോണിന്റെ മധ്യഭാഗത്തുള്ള വിസ്തൃതമായ ഒരു സർക്കിട്ടിലേക്കാണ് എന്നെ നിയമിച്ചത്. ബുളാക്കാൻ, ന്വാവാ ആസേഹ, ടാർലാക്ക്, സാംബാലാസ് എന്നീ പ്രദേശങ്ങൾ ആ സർക്കിട്ടിൽ ഉൾപ്പെട്ടിരുന്നു. ചില സ്ഥലങ്ങളിൽ എത്തിച്ചേരുന്നതിന് ദുർഘടമായ സിയറാ മാദ്രെ പർവതനിരകളിലൂടെ യാത്ര ചെയ്യണമായിരുന്നു. അവിടേക്കു പൊതുവാഹനങ്ങളൊന്നും ഉണ്ടായിരുന്നില്ല. അങ്ങോട്ടു പോകുന്ന ട്രക്ക് ഡ്രൈവർമാരോടു ട്രക്കുകളിൽ കയറ്റിയിരിക്കുന്ന തടിയുടെ പുറത്തിരുന്ന് യാത്ര ചെയ്യാൻ അനുവാദം ചോദിക്കുമായിരുന്നു. മിക്കപ്പോഴും അവർ സമ്മതിക്കും, പക്ഷേ അത് അത്ര സുഖമുള്ള യാത്രയല്ലായിരുന്നു.
മിക്ക സഭകളും താരതമ്യേന ചെറുതും പുതിയതും ആയിരുന്നു. അതുകൊണ്ടുതന്നെ മീറ്റിങ്ങുകളും വയൽസേവനവും നല്ല രീതിയിൽ സംഘടിപ്പിക്കാൻ ഞാൻ ചെയ്ത സഹായം അവർ വളരെയധികം വിലമതിച്ചു.
ബീക്കോൾ പ്രദേശം മുഴുവൻ ഉൾപ്പെടുന്ന ഒരു സർക്കിട്ടിലേക്കാണ് എന്നെ അടുത്തതായി നിയമിച്ചത്. ആ സർക്കിട്ടിൽ അധികവും ഒറ്റപ്പെട്ട ഗ്രൂപ്പുകളായിരുന്നു. പ്രവർത്തിച്ചിട്ടില്ലാത്ത പ്രദേശങ്ങളിൽ പ്രത്യേക മുൻനിരസേവകർ തുടങ്ങിവെച്ചവയായിരുന്നു അവ. അവിടെ അടിസ്ഥാനസൗകര്യങ്ങളൊക്കെ വളരെ കുറവായിരുന്നു. ഉദാഹരണത്തിന്, ഒരു കക്കൂസ് എന്നു പറഞ്ഞാൽ, ഒരു കുഴി, അതിനു കുറുകെ രണ്ടു തടി. ഒരു പ്രാവശ്യം ഞാൻ ആ തടിയിലേക്കു കാലു വെച്ചതും ദാ കിടക്കുന്നു താഴെ, ആ തടിക്കഷണങ്ങളും ഞാനും! പിന്നെ അവിടെനിന്ന് കയറിവന്ന് ശരിക്കും കുളിച്ച് വൃത്തിയായി പ്രഭാതഭക്ഷണത്തിന് വരാൻ കുറച്ച് സമയമെടുത്തു.
ആ നിയമനത്തിലായിരുന്നപ്പോഴാണു പണ്ടു ബുളാക്കാനിൽവെച്ച് മുൻനിരസേവനം തുടങ്ങിയ നോറയെപ്പറ്റി ഞാൻ ആലോചിച്ചുതുടങ്ങിയത്. ആ സമയത്ത് നോറ ഡുമാഗ്വെറ്റേ നഗരത്തിൽ പ്രത്യേക മുൻനിരസേവനം ചെയ്യുകയായിരുന്നു. ഞാൻ അവളെ കാണാൻ അവിടേക്കു പോയി. അതിനു ശേഷം കുറച്ച് നാൾ ഞങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും കത്തുകൾ അയച്ചു. അങ്ങനെ 1956-ൽ ഞങ്ങൾ വിവാഹിതരായി. വിവാഹം കഴിഞ്ഞ് തൊട്ടടുത്ത ആഴ്ച ഞങ്ങൾ സന്ദർശിച്ചതു റാപു റാപു ദ്വീപിലെ ഒരു സഭയായിരുന്നു. മലനിരകൾ നിറഞ്ഞ ആ സ്ഥലത്തുകൂടെ ഞങ്ങൾക്കു കുറെ നടക്കാനുണ്ടായിരുന്നു. പക്ഷേ,
ഭാര്യയോടൊപ്പം ഒറ്റപ്പെട്ട ആ പ്രദേശങ്ങളിലെ സഹോദരങ്ങളെ സഹായിക്കാനായതു ഞങ്ങളെ എത്രയധികം സന്തോഷിപ്പിച്ചെന്നോ!വീണ്ടും ബഥേലിൽ
ഏകദേശം നാലു വർഷത്തെ സഞ്ചാരവേലയ്ക്കു ശേഷം ഞങ്ങളെ വീണ്ടും ബ്രാഞ്ചോഫീസിലേക്കു ക്ഷണിച്ചു. അങ്ങനെ 1960 ജനുവരിയിൽ ഞങ്ങൾ സുദീർഘമായ ബഥേൽജീവിതത്തിനു തുടക്കമിട്ടു. ഭാരിച്ച ഉത്തരവാദിത്വങ്ങൾ കൈകാര്യം ചെയ്തിരുന്ന സഹോദരങ്ങളോടൊപ്പം വർഷങ്ങളോളം സേവിച്ചതിലൂടെ എനിക്കു ധാരാളം കാര്യങ്ങൾ പഠിക്കാൻ കഴിഞ്ഞു. നോറയ്ക്ക് ഇവിടെ വ്യത്യസ്തനിയമനങ്ങൾ ലഭിച്ചു.
ബഥേലിലായിരുന്നപ്പോൾ ഫിലിപ്പീൻസിലെ ശ്രദ്ധേയമായ വളർച്ച കാണാനുള്ള അനുഗ്രഹം എനിക്കു ലഭിച്ചു. വിവാഹത്തിനു മുമ്പ് ഞാൻ ബഥേലിൽ വന്ന സമയത്ത് 10,000 പ്രചാരകരേ ഈ രാജ്യത്തുണ്ടായിരുന്നുള്ളൂ. എന്നാൽ ഇപ്പോൾ 2,00,000-ത്തിലധികം പ്രചാരകരുണ്ട്. പ്രസംഗവേലയെ പിന്തുണച്ചുകൊണ്ട് നൂറുകണക്കിനു സഹോദരങ്ങളാണു ബഥേലിൽ സേവിക്കുന്നത്.
പ്രസംഗപ്രവർത്തനം പുരോഗമിക്കുന്നതനുസരിച്ച് ബഥേൽസൗകര്യങ്ങൾ പോരാതെവന്നു. വർധിച്ചുവന്ന ആവശ്യങ്ങൾ കണക്കിലെടുത്ത്, പുതിയൊരു ബഥേൽ പണിയുന്നതിനുള്ള സ്ഥലം അന്വേഷിക്കാൻ ഭരണസംഘം ഞങ്ങളോട് ആവശ്യപ്പെട്ടു. ബ്രാഞ്ചോഫീസിന് അടുത്ത് ധാരാളം ചൈനാക്കാർ താമസിച്ചിരുന്നു. ആരെങ്കിലും സ്ഥലം വിൽക്കുന്നുണ്ടോ എന്നറിയാൻ ഞാനും അച്ചടിവിഭാഗത്തിന്റെ മേൽവിചാരകനും അടുത്തുള്ള വീടുകളിൽ കയറിയിറങ്ങി. പക്ഷേ ഒന്നും ശരിയായില്ല. എന്നു മാത്രമല്ല, ഒരു വീട്ടുകാരൻ ഇങ്ങനെ പറഞ്ഞു: “ചൈനാക്കാർ വിൽക്കാറില്ല. വാങ്ങാറേ ഉള്ളൂ.”
പക്ഷേ പെട്ടെന്ന് ഒരു ദിവസം ഒരു സ്ഥലത്തിന്റെ ഉടമ, താൻ അമേരിക്കയ്ക്കു പോകുകയാണെന്നും സ്ഥലം മേടിക്കാൻ താത്പര്യമുണ്ടോയെന്നും ചോദിച്ചു. പിന്നെ നടന്നത് അവിശ്വസനീയമായ സംഭവങ്ങളായിരുന്നു. മറ്റൊരു അയൽവാസിയും സ്ഥലം വിൽക്കാൻ തീരുമാനിച്ചു. അടുത്തുള്ള മറ്റുള്ളവരെ അങ്ങനെ ചെയ്യാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. “ചൈനാക്കാർ വിൽക്കാറില്ല” എന്നു പറഞ്ഞയാളുടെ സ്ഥലംപോലും ഞങ്ങൾക്കു കിട്ടി. കുറച്ച് നാളുകൾകൊണ്ട് ബഥേലിന്റെ സ്ഥലം മൂന്നിരട്ടിയിൽ അധികമായി. യഹോവയുടെ ഹിതപ്രകാരമാണ് ഇതെല്ലാം സംഭവിച്ചതെന്ന് എനിക്ക് ഉറപ്പുണ്ട്.
1950-ൽ ബഥേലിൽ വന്നപ്പോൾ ഞാനായിരുന്നു അവിടത്തെ ഏറ്റവും പ്രായം കുറഞ്ഞയാൾ. ഇപ്പോൾ ഞാനും ഭാര്യയും ആണ് ഏറ്റവും പ്രായം കൂടിയ അംഗങ്ങൾ. യജമാനൻ നയിച്ച വഴിയിലൂടെ പോയതിൽ എനിക്ക് ഒരു ഖേദവുമില്ല. എന്റെ മാതാപിതാക്കൾ എന്നെ വീട്ടിൽനിന്ന് ഇറക്കിവിട്ടെങ്കിലും സഹവിശ്വാസികളുടെ വലിയൊരു കുടുംബത്തെ യഹോവ എനിക്കു തന്നു. ലഭിക്കുന്ന നിയമനം എന്തായാലും നമുക്ക് ആവശ്യമായ സഹായം യഹോവ തരുമെന്ന കാര്യത്തിൽ എനിക്ക് ഒരു സംശയവുമില്ല. യഹോവ ദയയോടെ തന്ന എല്ലാ കാര്യങ്ങൾക്കും ഞാനും നോറയും യഹോവയോട് അങ്ങേയറ്റം നന്ദിയുള്ളവരാണ്. യഹോവയെ പരീക്ഷിക്കാനാണു മറ്റുള്ളവരെയും ഞങ്ങൾ പ്രോത്സാഹിപ്പിക്കുന്നത്.—മലാ. 3:10.
ഒരിക്കൽ മത്തായി എന്നു പേരുള്ള ഒരു നികുതിപിരിവുകാരനോടു യേശു ഇങ്ങനെ പറഞ്ഞു: “എന്നെ അനുഗമിക്കുക.” മത്തായി അപ്പോൾ എന്തു ചെയ്തു? “അയാൾ എഴുന്നേറ്റ് എല്ലാം ഉപേക്ഷിച്ച് യേശുവിനെ അനുഗമിച്ചു.” (ലൂക്കോ. 5:27, 28) എല്ലാം ഉപേക്ഷിക്കാൻ എനിക്കും അവസരങ്ങൾ ലഭിച്ചു. അങ്ങനെ ചെയ്യാനും അതിന്റെ അനുഗ്രഹങ്ങൾ കൊയ്യാനും ഞാൻ എല്ലാവരെയും ഹൃദയംഗമമായി പ്രോത്സാഹിപ്പിക്കുന്നു.
a യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ചത്, ഇപ്പോൾ അച്ചടിക്കുന്നില്ല.